പാമ്പ്
എഴുത്ത്:- ഷെർബിൻ ആന്റണി
എഴുന്നേറ്റതും കട്ടിലിൽ കിടന്നു കൊണ്ട് തന്നെ മുബൈലെടുത്ത് സമയം നോക്കി. ആറാകുന്നതേയുള്ളൂ, കുറച്ച് നേരം കൂടി കിടക്കാം വെളിയിൽ കോരിച്ചൊരിയുന്ന മഴയും.
പുതപ്പ് വലിച്ചിടുന്നതിനിടയിൽ കട്ടിലിൻ്റെ നേരേ മുകളിലുള്ള എയർ ഹോളിൽ ഒരു അനക്കം കണ്ണിലുടക്കി.
ഇനി വല്ല പാമ്പുമായിരിക്കുമോ…? ടെറസ്സിൽ നിന്ന് താഴേക്ക് ഇറങ്ങാനുള്ള ശ്രമത്തിലാണോ…?
ആലോചിച്ച് തീരുന്നതിന് മുന്നേ അത് പൊത്തോന്ന് താഴേക്ക് വീണു.അതും എൻ്റെ നെഞ്ചത്തേക്ക് തന്നെ.
താഴേ വീണ ഞെട്ടലിൽ പാമ്പ് തലയുയർത്തി എൻ്റെ മുഖത്തേക്ക് നോക്കി.
ഞാനും പാമ്പും ഫേസ് ടു ഫേസ്…
അല്പനേരത്തിന് ശേഷം ശവമായി തീരേണ്ട ഞാൻ ഇപ്പഴേ ശവാസനത്തിൽ അനങ്ങാതെ കിടന്നു.ഇനി ഇതിൻ്റെ പേരാണോ അഡ്വാൻസ് ടെക്നോളജി…?
മരണം തൊട്ട് മുന്നിൽ കാണുന്ന അവസ്ഥ. ഒന്നനങ്ങിയാൽ കടി ഉറപ്പ്.ഇമ ചിമ്മാതെ ശ്വാസം പോലും വിടാനാവതെ ഞാൻ കിടന്നു. ഒന്നനങ്ങിയാൽ അതിൻ്റെ കടി എൻ്റെ മുഖത്ത് അല്ലെങ്കിൽ നെറ്റിക്ക് തന്നെ…!
പാമ്പ് കൊത്തിയാൽ തൊട്ട് മുകളിൽ കെട്ടിയാൽ വിഷം മുകളിലോട്ട് കേറില്ലെന്ന് കേട്ടിട്ടുണ്ട്. തലക്കിട്ടാണ് കൊത്തുന്നതെങ്കിൽ കെട്ടാൻ മുടി പോലും ഇല്ലാത്ത ഹതഭാഗ്യവാനണല്ലോ ഈശ്വരാ ഞാൻ.
ഇന്നലെയും കൂടി അവൾ പറഞ്ഞതാണ് ടെറെസ്റ്റൊക്കെ ചപ്പ് ചവറ് വീണ് വൃത്തി കേടായിരിക്കേണ്, നിങ്ങള് ഫോണില് തോണ്ടി കൊണ്ടിരിക്കാതെ അതൊക്കെ ഒന്ന് ക്ലീൻ ചെയ്യാൻ. കേട്ട ഭാവം പോലും നടിച്ചില്ല ഞാൻ.
സാധാരണ ഈ നേരത്ത് ചായയും കൊണ്ട് ഭാര്യ വരുന്നതാണല്ലോ അവളെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ, ഓർത്ത് തീരും മുന്നേ രക്ഷകയുടെ രൂപത്തിൽ അവളെത്തി.
എൻ്റെ നെഞ്ചത്ത് കിടക്കുന്ന പാമ്പിനെ കണ്ടതും, അവൾ പുറത്തേക്കോടി.തിരിച്ച് വന്നത് കൈയ്യിലൊരു മുട്ടൻ വടിയുമായിട്ടായിരുന്നു.
ഒറ്റ അടിയായിരുന്നു, കറക്ടായിട്ടു കൊണ്ട് എൻ്റെ നെഞ്ചത്ത് തന്നെ…!
അയ്യോ….അമ്മേ… ഉറക്കേ നിലവിളിച്ച് കൊണ്ട് ഞാൻ കട്ടിലിൽ നിന്ന് താഴേക്ക് വീണു.
എന്താ മനുഷ്യാ പറ്റിയത്…?ഉറക്കമുണർന്ന അവൾ ചോദിച്ചു.
ങേ…. സ്വപ്നമായിരുന്നോ ഞാൻ കണ്ടത്. തെല്ലൊരാശ്വാസത്തോടേ ഞാനോർത്തു.ഇവളോട് പറഞ്ഞാൽ നേരം വെളുക്കും മുന്നേ ഇവളെന്നെ നാറ്റിക്കും. ഒന്നും മിണ്ടാതെ താഴേന്ന് എണീറ്റു ഞാൻ വീണ്ടും കട്ടിലിൽ കിടന്നു.
നേരം വെളുത്തിട്ട് വേണം ടെറസ്സ് ക്ലീനാക്കാൻ. സ്വപ്നത്തിലായത് കൊണ്ട് വടിക്കാണ് തiല്ലിയത്. ശരിക്കും സംഭവിച്ചിരുന്നേൽ അവൾ വല്ല ഉiലക്കയ്ക്കും അiടിച്ചേനേ….!

