അപ്പോഴേക്കും പുതിയ ഒരാൾ എനിക്ക് മുന്നിലൂടെ അകത്തു കേറാൻ റെഡി ആയി നിൽപ്പുണ്ട്…

Story written by:-Sruthi Kishan Kuruvi

വൈകിട്ട് കൊച്ചിന് ഡയപ്പർ വാങ്ങാൻ സ്ഥിരം പോകുന്ന മാർജിൻ ഫ്രീ ഷോപ്പിലേക്ക് ചെന്നപ്പോ അകത്തോട്ടു കേറാൻ ക്യു നിൽക്കുന്ന ആൾക്കാരെയാണ് കണ്ടത്.

ഡയപ്പറും ഒരു പാക്കറ്റ് തേയിലയും മതി. അതും വാങ്ങി വീടെത്താൻ ഇനി കാത്തുകെട്ടി നിൽക്കണോല്ലോ എന്നോർത്തു വേവലാതിപ്പെട്ട് ഞാൻ ആ ക്യു വിൽ ഇടം പിടിച്ചു..

മാറിക്കെ, മാറിക്കെ… മെഡിക്കൽ കോളേജ് casuality യിൽ രോഗിയെ കൊണ്ടു പോകുന്ന വെപ്രാളത്തോടെ അവിടെ സെയിൽസ് നു നിൽക്കുന്ന പയ്യൻ ഒരു ബോക്സ്‌ നിറയെ കാഴ്ചയിൽ 3 കിലോ വീതം വരുന്ന മൈദാ മാവിന്റെ പാക്കുകളുമായി അകത്തോട്ടു പോകുന്നതാണ്. മൈദാ മാവെന്നു പറയുന്നതിലും നല്ലത് ഈ സാഹചര്യത്തിൽ പൊറോട്ട മാവെന്നു പറയുന്നതാകും.

ചേട്ടാ, ബിരിയാണി കിറ്റുണ്ടോ, രണ്ടു കിറ്റ് വേണം എന്നും പറഞ്ഞു വരി തെറ്റിച്ചു ഒരാൾ അകത്തേയ്ക്ക്.

“എനിക്ക് വീട്ടിൽ പോണം മാമ, എനിക്ക് ശേഷം വന്നോരും അകത്തു കേറി”. ഞാൻ കലിപ് mode on ആക്കി അവിടെ പണ്ടേ കമ്പനി ആയ സെയിൽസ്നു നിൽക്കുന്ന മാമനോട് പറഞ്ഞു.

രണ്ടുപേര് ഇറങ്ങീട്ട് എന്നെ അകത്തേയ്ക്ക് വിടാം എന്ന് മാമൻ.

അപ്പോഴേക്കും പുതിയ ഒരാൾ എനിക്ക് മുന്നിലൂടെ അകത്തു കേറാൻ റെഡി ആയി നിൽപ്പുണ്ട്. ഞാനും വിട്ടുകൊടുത്തില്ല. കാരണം വരുന്നോര് എല്ലാം ഒന്നര മണിക്കൂർ എങ്കിലും അകത്തു അടയിരിക്കുന്നുണ്ട്.

എന്റെ ഊഴം എത്തി. 33 രൂപയുടെ 2 പാക്കറ്റ് റിപ്പിൾ ടീ പൌഡർ ഉള്ളിൽ രണ്ടെണ്ണം മാത്രമുള്ള ഒരു കവർ പാമ്പഴ്‌സ് ഇത്രേം ശടപടെ പൊക്കിയെടുത്തു ബില്ലടിക്കാൻ ക്യു നിന്നു.

ഇങ്ങുതാ. ബില്ലിട്ട് തരാം. ഈ 2 ഐറ്റത്തിനാണോ അവിടെ നിന്ന് ബഹളം വെച്ചതെന്ന് മാമൻ എന്നോട് ചോദിച്ചിട്ട് വലിയ വായിൽ ചിരിക്കുന്നുണ്ട്.

“നാളെ ലോകാവസാനം അല്ലല്ലോ മാമാ ഇങ്ങനെ വാരിക്കെട്ടി വീട്ടിൽ കൊണ്ടുപോകാൻ” എന്ന് ഞാനും പറഞ്ഞു.

കാരണം അത്രയ്ക്കും ഉണ്ട് പലരുടെയും സഞ്ചികളിലെ സാധനങ്ങളുടെ വീർപ്പുമുട്ടൽ.

പത്തു കിലോ അരിയും സവോളയും അഞ്ചു കിലോ പഞ്ചസാരയും രണ്ട് ലിറ്റർ വെളിച്ചെണ്ണയും ഒരു ലിറ്റർ സൺഫ്ലവർ ഓയിലും പയറും പരിപ്പുമൊക്കെയായി ഓരോരുത്തരും വാങ്ങി കൂട്ടുന്നുണ്ട്.

നാളെ അത്യാവശ്യത്തിന് എന്തേലും അന്വേക്ഷിച്ചു വന്നാൽ ഇവിടെ വല്ലോം മിച്ചം ഉണ്ടാവോ മാമാ??

“ഇന്ന് തിന്ന് നാളെ ചാകും മോളെ ഇവറ്റകൾ” എന്ന് മാമന്റെ മാസ് ഡയലോഗിൽ ഞാനും പരിസരം മറന്ന് ചിരിച്ചുപോയി

Related Posts

Leave a Reply

Your email address will not be published. Required fields are marked *