അവൾ തിരിഞ്ഞു എണീറ്റു മേശയിൽ നിന്നും ഒരു ഡയറിയെടുത്തു അവനു നേരെ നീട്ടി. എന്നിട്ടു പറഞ്ഞു അതിലെ പെൻ കുത്തി വെച്ചു മാർക്ക്‌ ചെയ്ത പേജ്…….

ധ്വനി

Story written by Rivin Lal

ജോലി കഴിഞ്ഞ് അനയ് രാത്രി വീട്ടിലെത്തി കോളിങ് ബെൽ അടിച്ചപ്പോൾ മുഖം വീർപ്പിച്ചാണ് ഭാര്യ ആത്രേയ വാതിൽ തുറന്നത്. അവളുടെ മുഖം കണ്ടപ്പോളേ അനയിന് എന്തോ പന്തികേടു തോന്നി. അവളെയൊന്നു അമ്പരന്നു നോക്കി അവൻ ബാഗുമായി അകത്തേക്ക് കയറി. ബെഡ്‌റൂമിൽ ചെന്ന് ഓഫിസ് ഡ്രസ്സ്‌ മാറുമ്പോൾ കൂടെ ആത്രേയയും റൂമിലേക്ക് വന്നു വാതിൽക്കൽ നിന്നു. അവളെ കണ്ടപ്പോൾ അനയ് ചോദിച്ചു

“എന്ത് പറ്റി മോളെ.. നിന്റെ മുഖത്തൊരു പതിവില്ലാത്ത വാട്ടം.?”

“ഒന്നുമില്ല”. ആത്രേയ ദേഷ്യത്തോടെ അതും പറഞ്ഞു കിച്ചനിലേക്ക് പോയി.

ഒന്നും മനസിലാവാത്ത മട്ടിൽ അനയ് ബാത്ത് ടവലുമെടുത്തു വാഷ് റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് ഫ്രഷായി വന്ന് അനയ് ടിവി ഓൺ ചെയ്തു വാർത്തകൾ കണ്ടിരുന്നു. അപ്പോൾ അടുക്കളയിൽ നിന്നും സ്റ്റീൽ പാത്രങ്ങൾ കഴുകുമ്പോൾ തട്ടി മറയുന്ന ശബ്ദം ഉറക്കെ കേട്ടു.

“ആത്രേ.. നീ പാത്രങ്ങൾ എറിഞ്ഞുടയ്ക്കുകയാണോ അവിടെ.?” അനയ് കിച്ചണിലേക്ക് നോക്കി കൊണ്ട് വിളിച്ചു പറഞ്ഞു.

അപ്പോൾ ഒരു പാത്രം കുറച്ചൂടി ഉച്ചത്തിൽ വലിച്ചെറിയുന്ന ശബ്ദം അടുക്കളയിൽ നിന്നും കേട്ടു.

എന്താണാവോ പറ്റിയത്. ശ്രീമതി പതിവില്ലാതെ കലിപ്പിൽ ആണല്ലോ. കുറച്ചൂടി നോക്കാം. എവിടെ വരെ പോകും എന്നറിയണമല്ലോ. അനയ് വിചാരിച്ചു.

കുറച്ചു കഴിഞ്ഞു ആത്രേയ അത്താഴം ടേബിളിൽ കൊണ്ട് വെച്ചു. അനയ് കഴിക്കാനായി വന്നിരുന്ന് പ്ലേറ്റ് എടുത്തു.

“നീ കഴിക്കുന്നില്ലേ.?” അനയ് ചോദിച്ചു.

“എനിക്ക് വേണ്ട. വയറു എപ്പോളേ നിറഞ്ഞു”. അതും പറഞ്ഞു ആത്രേയ മുഖം വീർപ്പിച്ചു കൊണ്ട് അടുത്ത് വന്ന് അവനു ഒരുപാട് ചോറും കറിയും വിളമ്പി കൊടുത്തു.

“ഇതെങ്ങോട്ടാ നീ വിളമ്പുന്നെ..? ഞാൻ ഇത്രയൊന്നും രാത്രി കഴിക്കില്ല എന്ന് നിനക്ക് അറിയില്ലേ.? ” അനയ് ചോദിച്ചു.

അവളപ്പോൾ ദേഷ്യത്തോടെ അവനെയൊന്നു തുറിച്ചു നോക്കി കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് റൂമിലേക്ക്‌ ഓടി പോയി.

ഒരൽപം ചോറ് കഴിച്ചേ ഉള്ളൂ, പിന്നെ അനയിന് ഇറങ്ങീല. അവൻ പ്ലേറ്റിൽ കൈ കുടഞ്ഞു കഴുകി റൂമിലേക്ക്‌ വന്നപ്പോൾ ആത്രേയ ബെഡിൽ കിടന്നു കരയുന്നതാണ് കണ്ടത്. അവനടുത്ത് ചെന്നിരുന്ന് അവളുടെ തോളിൽ കൈ വെച്ചു ചോദിച്ചു “ആത്രേ.. എന്താ നിനക്ക് പറ്റിയത്.? എന്താ ഇവിടുത്തെ പ്രശ്നം ഇപ്പോൾ.?”

അവളവന്റെ കൈ ദേഷ്യത്തിൽ തട്ടി മാറ്റി.

“ആത്രേ.. നിന്നോടാ ചോദിച്ചേ.? എന്താ പറ്റിയത് എന്ന്.?” അനയ് വീണ്ടും ചോദിച്ചു.

അവൾ തിരിഞ്ഞു എണീറ്റു മേശയിൽ നിന്നും ഒരു ഡയറിയെടുത്തു അവനു നേരെ നീട്ടി. എന്നിട്ടു പറഞ്ഞു “അതിലെ പെൻ കുത്തി വെച്ചു മാർക്ക്‌ ചെയ്ത പേജ് മുതൽ വായിച്ചു നോക്കൂ. അപ്പോൾ നിങ്ങൾക്കു മനസിലാവും കാര്യം.” അതു പറഞ്ഞു അവൾ ഹാളിൽ സോഫയിൽ പോയി ഇരുന്നു.

അനയ് ആ ഡയറി വാങ്ങി ബാൽക്കണിയിലേക്ക് നടന്നു. അത് അനയിന്റെ ഡയറി തന്നെ ആയിരുന്നു. മാർക്ക്‌ ചെയ്ത പേജ് മുതൽ അവൻ വായിച്ചു തുടങ്ങി.

“വർഷം 2015-ഏപ്രിൽ-06. അന്നും ഞാൻ പതിവ് പോലെ ഓഫീസിൽ പോയി. രാവിലത്തെ ബ്ലോക്ക്‌ ഒഴിവാക്കാൻ ബൈപാസ് വഴിയാണ് അന്ന് പോയത്. പോകുന്ന വഴിക്കു ഹൈവേയിൽ സിഗ്നലിന്റെ അടുത്തുള്ള ഒരു തട്ടുകട കണ്ടപ്പോൾ ബൈക്ക് നിർത്തി ഒരു ചൂട് ചായ എടുക്കാൻ പറഞ്ഞു.

ഒരു ചെറുപ്പക്കാരിയായ ചേച്ചിയാണ് ആ തട്ടുകട നടത്തുന്നത്. അവിടുത്തെ ചായക്ക് ഒരു പ്രത്യേക രുചിയാണെന്ന് കൂട്ടുകാരൻ നീരവ് പലപ്പോഴും പറയാറുണ്ട്. അങ്ങിനെ കുടിക്കാൻ കേറിയതു കൂടിയാണ്. അവിടെ വെച്ചാണ് ഞാൻ ധ്വനിയെ ആദ്യമായി കാണുന്നത്.

“ധ്വനീ. ഇതാ കുട്ടീ.. ചായ കുടിക്കൂ” എന്നാ ചേച്ചി പറഞ്ഞപ്പോളാ എനിക്കവളുടെ പേര് മനസിലായത്. അവൾ ചായ വാങ്ങി അവിടെയൊരു ബെഞ്ചിലിരുന്നു കുടിച്ചു തുടങ്ങി. അവളുടെ മേൽചുണ്ടിലെ വലതു വശത്തെ കറുത്ത പുള്ളിയാണ് എന്നെ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചത്. പിന്നെ നുണ കുഴിയുള്ള ചിരിയും. പക്ഷെ അവൾ എന്നെ ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ല. ചായ കുടിച്ചു പൈസയും കൊടുത്തു ഞാൻ അവിടുന്ന് ഓഫിസിലേക്ക് പോയി. എന്ത് കൊണ്ടോ അന്നൊരു നല്ല ദിവസമായിരുന്നു.”

അനയ് അടുത്ത പേജ് മറിച്ചു. “ഏപ്രിൽ-07” അടുത്ത ദിവസവും ഞാൻ അവളെ കണ്ടു. അന്നും അവളും അതേ സമയത്ത് എന്റെ കൂടെ കാലി ചായ കുടിച്ചു. അന്നും അവൾ എന്നെ ശ്രദ്ധിച്ചില്ല.

അനയ് അടുത്ത പേജുകൾ ഓരോന്നായി മറിച്ചു. “എന്നും ഞാനവളെ കണ്ടു. അവളെ എനിക്ക് ഭയങ്കര ഇഷ്ടമായി. അവളെ കാണുന്ന ദിവസങ്ങൾ എല്ലാം എനിക്ക് നല്ലതായി തോന്നി. ഒരു മൂന്നു ആഴ്ച്ചക്ക് ശേഷം ഞാൻ കണ്ടപ്പോൾ അവൾ ആദ്യമായി എന്നോട് ചിരിച്ചു”.

അടുത്ത ദിവസം അവൾ ചോദിച്ചു. “ചേട്ടന്റെ വീട്ടിൽ ആരും ചായ ഉണ്ടാക്കി തരാറില്ലേ.?”

ഒരു പൊട്ടിച്ചിരിയായിരുന്നു അനയിന്റെ മറുപടി.

“സമയമില്ല കുട്ടീ. അമ്മയ്ക്കു വയ്യ. അതോണ്ട് രാവിലെ തന്നെ എണീപ്പിച്ചു ബുദ്ധി മുട്ടിക്കേണ്ട എന്ന് വിചാരിച്ചാണ്. പിന്നെ ഇവിടുത്തെ ചായക്ക് വമ്പൻ ഡിമാൻല്ലേ. അത് കൊണ്ട് എന്നും കുടിച്ചു പോകുന്നു”

അവന്റെ ആ മറുപടി തൽക്കാലം അവളെ സമാദാനിപ്പിച്ചു.

അങ്ങിനെ അടുത്ത കുറച്ചു ദിവസങ്ങൾ കൊണ്ട് ധ്വനിയും അനയും നല്ല കൂട്ടായി. എന്നും രണ്ടാളും നന്നായി സംസാരിക്കും.

ഒരു ദിവസം ചേച്ചി ചായകട തുറന്നില്ലായിരുന്നു. അത് കൊണ്ട് ധ്വനിയെയും അവിടെ കണ്ടില്ല. മൂന്നാം നാൾ അനയ് നോക്കിയപ്പോൾ ചേച്ചി കട തുറന്നിരുന്നു. പക്ഷെ അവരുടെ മുഖത്തു അടി കൊണ്ട് നീര് വെച്ച പാടുകൾ കണ്ടു. അത് കണ്ടു അനയ് ചോദിച്ചു. “മുഖത്തു എന്ത് പറ്റിയതാ ചേച്ചി..??”

“അതൊന്നും പറയണ്ട മോനെ. പണ്ട് പ്രേമം മൂത്തു ഒരു തമിഴന്റെ കൂടെ ഒളിച്ചോടിയതായിരുന്നു. കുറേ കാലം തമിഴ് നാട്ടിൽ ആയിരുന്നു. പിന്നെയവിടെ ജീവിക്കാൻ പറ്റാതായപ്പോൾ ആളും ഇങ്ങോട്ടു പണിക്കു വന്നു. സ്ഥിരം കഥകളൊക്കെ തന്നെ മോനെ. വല്ലപ്പോഴുമേ കൂലി പണിക്കു പോകൂ. ആ പൈസക്ക് രാത്രി കള്ള് കുടിച്ചു വന്നു എന്നെ വേണ്ടുവോളം തല്ലും. ഇപ്പോൾ ഒരു പുതിയ തമിഴത്തി പെണ്ണുമായി ബന്ധമുണ്ട്. അത് കൊണ്ട് എന്നെ ഇല്ലാതാക്കാൻ കളിക്കുകയാണ്. വരുന്ന വഴിക്കുള്ള റെയിൽവേ ട്രാക്കിൽ എന്നെ കൊന്നു തള്ളുമെന്നാ പറയാറ്.

ഇന്നലത്തെ അയാളുടെ ദേഷ്യമാ എന്റെ മുഖത്തെ ഈ പാടുകൾ. മേലാസകലം അടി കൊണ്ട വേദന കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങൾ കട തുറക്കാതിരുന്നത്.

“ഒന്നുകിൽ അയാൾ എന്നെ കൊല്ലും. അല്ലേൽ…..!!!!” ബാക്കി വാക്കുകൾ അവർ മുഴുമിപ്പിച്ചില്ല. കണ്ണിൽ നിറഞ്ഞു വന്ന കണ്ണുനീർ അവർ തുടച്ചു. “മോന് എന്നും ഈ കാലിചായ മാത്രം മതിയോ.? കൂടെ കടിക്കാൻ ഒന്നും വേണ്ടേ.?” അവർ സങ്കടം മറച്ചു വെച്ചു കൊണ്ട് ചോദിച്ചു.

“ഹേയ്. ഇത് മതി ചേച്ചി.” അതു പറഞ്ഞു അനയ് പൈസ കൊടുത്തു. പക്ഷെ അതെല്ലാം കേട്ടു കൊണ്ട് ധ്വനി അവിടെ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളൊന്നും അവനോടു സംസാരിച്ചില്ല. അന്ന് ഓഫിസിൽ എത്തിയിട്ടും അനയിന്റെ മനസ്സിൽ മുഴുവൻ അവർ പറഞ്ഞ കഥകൾ ആയിരുന്ന. അന്ന് ആദ്യമായി തന്റെ ആരുമല്ലാത്ത ഒരു സ്ത്രീയെക്കുറിച്ചോർത്തു അവന്റെ മനസ്സ് വിഷമിച്ചു.

അനയ് ഡയറിയുടെ അടുത്ത പേജ് മറിച്ചു. അടുത്ത പേജിൽ ഒന്നും എഴുതിട്ടില്ലായിരുന്നു. പിന്നീട് അതിനടുത്ത ദിവസങ്ങളിളെല്ലാം ശൂന്യമായ പേജുകൾ.

അനയ് ഡയറി മടക്കി ആത്രേയയുടെ അടുത്ത് കട്ടിലിൽ വന്നിരുന്നു. അപ്പോളേക്കും അവൾ കരഞ്ഞു കരഞ്ഞു ഉറങ്ങിയിരുന്നു. അവൻ താഴെക്ക് കിടന്നിരുന്ന പുതപ്പെടുത്തു അവളുടെ കഴുത്തു വരെ പുതപ്പിച്ചു കൊടുത്ത് അവളുടെ തലമുടിയിൽ മെല്ലെ തലോടി കിടന്നു.

അടുത്ത ദിവസം ഓഫിസിൽ പോകാൻ അനയ് ഒരുങ്ങുമ്പോൾ ആത്രേയ ചോദിച്ചു “അതേയ്. ഒന്ന് നിന്നേ. ഇന്നലെ നിങ്ങളെ ഡയറി മുഴുവൻ ഒന്നൂടി വായിച്ചു കാണുമല്ലോ. ആരാണ് ഈ ധ്വനി.? നിങ്ങൾക്കു അവളുമായുള്ള ബന്ധം എന്താ.? ജീവിതത്തിൽ ഒരു പെണ്ണുമായും നിങ്ങൾക്കൊരു ബന്ധവുമില്ലെന്നാണ് കഴിഞ്ഞ രണ്ടു വർഷമായി നിങ്ങൾ എന്നോട് പറഞ്ഞത്. എല്ലാം കള്ളമാണ് എന്നെനിക്ക് മനസിലായി.

ആ ധ്വനി എന്ന പെണ്ണുമായി പിന്നെ എന്താ ഉണ്ടായത്.? അവളെ പ്രേമിച്ചു വഞ്ചിച്ചോ.? ഇനി അവളുടെ ശാപം കൂടി ഞാൻ അനുഭവിക്കേണ്ടി വരുമോ.? എനിക്ക് പോസസ്സീവ്നെസ്സ് കൂടുതൽ ആണെന്നല്ലേ നിങ്ങൾക്കു എപ്പോളുമുള്ള പരാതി. അതു കൊണ്ട് എന്തായി.? ഇതൊക്കെ ഇപ്പോൾ എങ്കിലും അറിയാൻ കഴിഞ്ഞല്ലോ. ഇതിനൊക്കെയുള്ള ഉത്തരം തന്നിട്ടു പോയാൽ മതി”. രാവിലെ തന്നെ ആത്രേയ വീണ്ടും കലിപ്പിൽ ആയിരുന്നു.

“നിന്റെ എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവും ആ ഡയറിയുടെ അവസാന പേജിൽ വെച്ചിട്ടുണ്ട്. ഹാളിലെ ടേബിളിൽ പോയി നോക്ക്..!” അത്രയും പറഞ്ഞു അനയ് മെയിൻ ഡോർ വലിച്ചടച്ചു വീട്ടിൽ നിന്നും ഓഫിസിലേക്ക് ഇറങ്ങി.

ആത്രേയ ഹാളിലേക്ക് ഓടിവന്നു ഡയറി കണ്ടു പിടിച്ചു അവസാന പേജിലേക്ക് തിടുക്കം മറിച്ചു. അവസാന പേജിൽ ഒരു പഴയ ന്യൂസ്‌ പേപ്പറിന്റെ പേജ് മടക്കി വെച്ചിരുന്നു. ആത്രേയ ആ മടക്കുകൾ തുറന്നു. ആ പേപ്പർ നിവർത്തി മുഴുവൻ കണ്ണോടിച്ചു വായിച്ചു. അതിൽ വലതു വശത്തു താഴത്തെ ന്യൂസിൽ കണ്ടു.

“ഭർത്താവിനെയും കാമുകിയെയും വെട്ടി കൊലപ്പെടുത്തി യുവതി പോലീസിൽ കീഴടങ്ങി. കാമുകിയോടൊത്തു ജീവിക്കാൻ സ്വന്തം മകളെ ഭർത്താവും കാമുകിയും കൂടി കഴുത്തു ഞെരിച്ചു കൊന്നു. ഇത് കണ്ടു വന്ന ഇയാളുടെ ഭാര്യ രണ്ടു പേരെയും അവിടെ വെച്ചു തന്നെ വെട്ടി കൊന്നു പോലീസിന് കീഴടങ്ങി. ഹൈവേയിൽ ചായ കട നടത്തിയിരുന്ന ഹേമ എന്ന യുവതിയാണ് കുറ്റം സമ്മതിച്ചത്. ഇവരുടെ പത്തു വയസായ മകൾ ധ്വനിയെയാണ് ഭർത്താവ് കാമുകിയുമൊത്തു കൊലപ്പെടുത്തിയത്”

ആ വാർത്ത കണ്ട ആത്രേയയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി.
“അപ്പോൾ ധ്വനി… കൊച്ചു കുട്ടി ആയിരുന്നോ…!!” ആ സത്യം മനസിലാക്കിയപ്പോൾ ഒരു തെറ്റും ചെയ്യാത്ത അനയിനെ സംശയിച്ചതിൽ അവൾക്കൊരുപാട് കുറ്റ ബോധം തോന്നി. അവളോടിച്ചെന്നു ഫോൺ എടുത്തു അനയിനെ വിളിച്ചു. അനയ് ഓഫീസിലെ തിരക്ക് കാരണം ഫോൺ എടുത്തില്ല.

തിരക്ക് കഴിഞ്ഞ് അനയ് ഫോൺ നോക്കിയപ്പോൾ കണ്ടു, “44 മെസേജസ്..24 മിസ്കോൾസ് ..!”.മെസേജ് തുറന്നപ്പോൾ കണ്ടു.”സോറി.. സോറി….. ഒരായിരം സോറി ഏട്ടാ.. ഇനി ഒരിക്കലും ഇങ്ങിനെ ഉണ്ടാവില്ല. എന്റെ സ്നേഹ കൂടുതൽ കൊണ്ടല്ലേ കാര്യം അറിയാതെ ആണേലും ഞാൻ പോസസ്സീവ് ആയി പോയത്. ക്ഷമിച്ചേക്കണേ ഏട്ടാ.. അല്ലേൽ എനിക്കിനി ഒരു സമാദാനവും ഉണ്ടാവൂലാ…..!!”

മെസ്സേജ് കണ്ടപ്പോൾ അനയിന്റെ മുഖത്തൊരു ചിരി അറിയാതെ വന്നു. ശരിയാണ്. കാരണം അവളൊരു പാവം സ്നേഹസമ്പന്നയായ പൊട്ടി പെണ്ണ് തന്നെയാണെന്ന സത്യം അനയിന് മാത്രമേ അറിയുകയുള്ളൂ…!!

Leave a Reply

Your email address will not be published. Required fields are marked *