എനിക്ക് അമ്മച്ചിയേയും ഈ മോനെയും ഒരുപാടിഷ്ടമാ” പിന്നെഎനിക്ക് ഇതുവരെ ഈ പ്രണയിക്കാനുള്ള അവസരമൊന്നും കിട്ടിയില്ല, പക്ഷെ പറഞ്ഞിട്ടെന്താ ഇനിയാണെങ്കിൽ അതിനോട്ട് സമയവുമില്ല……….

Story written by Retheesh Narayanan

ഹോസ്പിറ്റലിൽ ഡോക്ടറിന്റെ വിസിറ്റിങ് റൂമിന് പുറത്തു ഞാൻ കാത്തിരിക്കുകയായിരുന്നു.കീമോതൊറാപ്പിയുടെ ഫലമായി മുടിയെല്ലാം കൊഴിഞ്ഞുപോയിരുന്നു ശരീരം വല്ലാതെ ശോഷിച്ചു അടുത്ത പരിചയക്കാർക്കു പോലും ഒറ്റനോട്ടത്തിൽ എന്നെ തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു. നടന്നു പോകുന്ന പലരും എന്നെ സഹതാപത്തോടെ നോക്കുന്നുണ്ട്, വല്ലാത്തൊരു വിഷമം എങ്ങനെകിലും അവിടെനിന്നും പോയാൽ മതിയെന്നായെനിക്ക്. അപ്പോഴാണ് ഒരു പെൺകുട്ടി അതിലെ കടന്നുപോയത്,പെട്ടെന്നവൾ തിരിഞ്ഞുനിന്നു ചിരിച്ചുകൊണ്ടെൻറെ അടുത്തുവന്നു.ഹാലോ ഐ ആം നീന ” അവൾ എൻറെ നേരെ കൈനീട്ടി, കുറേ കാലമായി ആരെങ്കിലും എന്നെ നോക്കിചിരിച്ചിട്ട് ഇതാ ഇപ്പൊ ഒരു സുന്ദരിയായൊരു പെൺകുട്ടി ഞാൻ ഒന്നുമടിച്ചു.

” എന്താ മാഷെ ഇങ്ങനെ ദുഃഖിച്ചിരിക്കുന്നെ എല്ലാം ശരിയാകുമെന്നെ,കൈ തന്നില്ലെങ്കിൽ വേണ്ട ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തൂടെ ” അവളുടെ ചോദ്യം കേട്ട് ഞാനൊന്ന് ചിരിച്ചെന്നുവരുത്തി.

” ഉപദേശിക്കാൻ എല്ലാവർക്കും കഴിയും,പക്ഷെ ഈ അവസ്ഥഒന്നനുഭവിക്കണം അപ്പോഴറിയാം ചിരിവരുമോയെന്ന്” ഞാൻ പിറുപിറുത്തു ഞാൻ പറഞ്ഞതവൾ കേട്ടോഎന്തോ പോകാൻതുടങ്ങിയ അവൾ വീണ്ടും തിരിഞ്ഞെന്നെനോക്കി വീണ്ടും ചിരിച്ചു.

ഡോക്ടറെ കണ്ടശേഷം ഞാൻ മുറിയിലേക്ക് പോയി,അത്യാവശ്യത്തിനല്ലാതെ ഞാൻ മുറിക്കുപുറത്തിറങ്ങാറില്ല ആളുകളുടെ തുറിച്ചുനോട്ടവും സഹതാപവും സഹിക്കാൻ വയ്യ.അമ്മച്ചി എന്നെ മുറിയിലാക്കി വീടുവരെ പോയതാണ് പാവം എന്നെയുംകൊണ്ടു നടന്ന് മടുത്തുകാണും നാലാണ്മക്കളിൽ ഏറ്റവും ഇളയതാ ണ്ഞാൻ, ആദ്യമൊക്കെ അച്ചായന്മാരൊക്കെ വരുമായിരുന്നു ഇപ്പൊ അവരെല്ലാം മടുത്തു അമ്മച്ചിമാത്രമുണ്ട് എപ്പോഴും കൂടെ.

ഞാനൊരു പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി നീന മുറിയിലേക്ക് കയറിവന്നത്,ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചതും അവളെന്നെ തടഞ്ഞു.

” ഞാൻ ചുമ്മാ വന്നതാണ് എന്തോ ഇയാളെ ഒരിക്കൽക്കൂടി ഒന്നു കാണണമെന്നുതോന്നി, പോകാൻനേരം എന്താ പറഞ്ഞത് ഈ അവസ്ഥ ഒന്നനുഭവിക്കണം അപ്പോൾ അറിയാം ചിരിവരുമോയെന്ന് അല്ലേ. മാഷേ ഞാനും ഒരുപാടാനുഭവിച്ചതാ ഈ അവസ്ഥയിലൂടെയെല്ലാം കടന്നുപോയതുമാ , ഒടുവിൽ എല്ലാം ഓക്കെ ആയി എന്നുകരുതിയിരുന്നപ്പോൾ ഒരിക്കലും പിരിയില്ലെന്ന വാശിയോടെ വീണ്ടും പിടിമുറുക്കിയിരിക്കുന്നു എന്തായാലും ഇനിയൊരു പരീക്ഷണത്തിന് എൻറെ ശരീരം വിട്ടുകൊടുക്കാനില്ല എന്ന് ഞാനുമങ്ങു തീരുമാനിച്ചു. “

ഒരുനിമിഷം അവളുടെ മുഖമൊന്നുവാടി, പെട്ടെന്നുതന്നെ പഴയചിരിയവൾ വീണ്ടെടുത്തു, ഞാൻ അത്ഭുതത്തോടെ അവളെനോക്കി, എനിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല.”വിശ്വസമായില്ല അല്ലെ,അതങ്ങനാടോ രക്ഷപെടാൻ കഴിയില്ലെന്നുറപ്പായാൽ പിന്നെ ആ അവസ്ഥ അങ്ങ് ആസ്വദിക്കുക അത്രതന്നെ പിന്നെ ഈ ഹോസ്പിറ്റൽ സന്ദർശനം അത് പപ്പയെ ബോധ്യപ്പെടുത്താൻ ഒരുപ്രഹസനം മാത്രം. ഞാനൊരുപാട് സംസാരിച്ചു ബോറടിപ്പിച്ചു അല്ലേ ..അതിനിടയിൽ പേരുപോലും ചോദിക്കാൻ വിട്ടുപോയി”

സംസാരിച്ചുതുടങ്ങിയാൽ ആളൊരു നോണ്സ്റ്റോപ്പാണെന്നിനിക്ക് മനസ്സിലായി.

“ഈ മാഷുവിളി ഇനി എന്തായാലും വേണ്ട എൻറെ പേര് പ്രിൻസ് ,കിരീടവും ചെങ്കോലും ഇല്ലന്നേഉള്ളു”,ഇത്തവണ ഞാൻ ശരിക്കും ചിരിച്ചു.

“ആ ഹാ കോമഡിപറയാനും അറിയാമല്ലേ, ദാ ഈ ചിരിയുണ്ടല്ലോ അതെപ്പോഴും മുഖത്തുവേണം പിന്നെ ഇതുപോലെ ശല്യം ചെയ്യാൻ ഞാനിടക്കിടക്ക് വരും കേട്ടോ”

അവൾ പോയിക്കഴിഞ്ഞപ്പോൾ മുറിക്കുള്ളിൽ വല്ലാത്തൊരു ശൂന്യതപോലെ ,എന്തോ അവളിൽ ഒരു പോസിറ്റീവ് എനർജിയുണ്ട്.

നീന ഇടക്കിടെ റൂമിൽ വരുമായിരുന്നു അമ്മച്ചിയുമായി അവൾ പെട്ടെന്നടുപ്പത്തിലായി , രണ്ടും നല്ല ടീമാണ് സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ല, നീനയുടെ അമ്മച്ചി മരിച്ചു പോയി. പപ്പ റിട്ടയേർഡ് കേണലാണ്. പക്ഷെ ഒരിക്കൽപോലും അയാൾ അവളുടെ കൂടെ വന്നു കണ്ടില്ല.അമ്മച്ചി അത് ചോദിക്കുകയും ചെയ്തു.

” ഓ എനിക്കതിനുള്ള ഭാഗ്യമൊന്നുമില്ലമ്മച്ചീ,ഞാൻ പപ്പയുടെ കൂടെ പുറത്തിറങ്ങിയിട്ടുള്ളതുതന്നെ ചുരുക്കമാ എന്നോട് സ്നേഹമൊക്കെയുണ്ട് പക്ഷെ പുറത്തുകാണിക്കില്ല.ഞാൻ അധികം വീട്ടിൽ നിന്നിട്ടില്ല പഠിച്ചത് കോൺവെന്റ് സ്കൂളിലായിരുന്നു,താമസ്സവും അവിടത്തന്നെ.” അവളുടെ മറുപടി കേട്ടപ്പോൾ ഞങ്ങൾക്കും വിഷമം തോണി.

“പോട്ടെ മോളെ എല്ലാം കർത്താവിന്റെ ഓരോ പരീക്ഷണങ്ങൾ അനുഭവിച്ചല്ലേ പറ്റൂ” അമ്മച്ചി അവളെ ആശ്വസിപ്പിച്ചു.

“പാവം വെറുമൊരു പൊട്ടി കൊച്ചാ അത്” അമ്മച്ചി നെടുവീർപ്പിട്ടു അമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

” എന്നതാ അന്നാമോ ഇത്ര വലിയ ആലോചന ” സ്നേഹം കൂടുമ്പോൾ ഞാനമ്മച്ചിയെ ചിലപ്പോ അങ്ങനെയാവിളിക്കാറ് അമ്മച്ചിക്കും അതിഷ്ടമാ അപ്പച്ചൻ അങ്ങനെയാണ് അമ്മച്ചിയെ വിളിച്ചിരുന്നത്.

” അല്ല ഞാനാലോചിക്കുകയായിരുന്നു എൻറെ കുഞ്ഞിനീ സൂക്കേട് വന്നില്ലായിരുന്നെങ്കിൽ ഞാനതിനെ വേറെ ആർക്കും കൊടുക്കില്ലായിരുന്നു” അതിനെനിക്ക് മാത്രമല്ലലോ അവളും സുഖമില്ലാത്ത കുട്ടിയല്ലേ അമ്മച്ചി അമ്മച്ചി ഒന്നു മൂളുകമാത്രം ചെയ്തു,കുറച്ചുസമയത്തേക്ക് ഞങ്ങളൊന്നും മിണ്ടിയില്ല.

ഒരു ദിവസ്സം നീനവന്നപ്പോൾ അമ്മച്ചി പറഞ്ഞകാര്യം ഞാൻ നീനയോടുപറഞ്ഞു.

“അത് കൊള്ളാമല്ലോ എനിക്കാണെകിൽ പ്രിൻസിന്റെ അമ്മച്ചിയെ വിട്ടു പിരിയാനേ തോന്നുന്നില്ല, അപ്പോഎങ്ങനെയാ കാര്യങ്ങൾ നമുക്കൊന്നാ ലോചിച്ചാലോ “

” അപ്പൊ അമ്മച്ചിയെ പിരിയാൻ മാത്രമേ വിഷമമുള്ളു അല്ലെ,അമ്മച്ചിയോട് മാത്രമേ ഇഷ്ടമുള്ളൂ”

“അയ്യോ അങ്ങനല്ല “പെണ്ണിൻറെ മുഖത്ത് പതിവില്ലാത്തൊരു നാണം,
” പിന്നെങ്ങനാ ” ഞാൻ വീണ്ടും ചോദിച്ചു.

“എനിക്ക് അമ്മച്ചിയേയും ഈ മോനെയും ഒരുപാടിഷ്ടമാ” പിന്നെഎനിക്ക് ഇതുവരെ ഈ പ്രണയിക്കാനുള്ള അവസരമൊന്നും കിട്ടിയില്ല, പക്ഷെ പറഞ്ഞിട്ടെന്താ ഇനിയാണെങ്കിൽ അതിനോട്ട് സമയവുമില്ല .”

അപ്പോഴേക്കും അമ്മച്ചി കയറിവന്നു അതോടെ ഞങ്ങളുടെ ആ സംസാരം അവിടെവച്ചുനിന്നു. പോകാന്നേരം എൻറെ നേരെ നോക്കിയ അവളുടെ വല്ലാത്തൊരു തിളക്കം ഞാൻ കണ്ടു.

ഞങ്ങൾ ശരിക്കും പ്രണയിക്കുകയായിരുന്നോ എന്നറിയില്ല , പക്ഷേ കുറച്ചുദിവസംകൊണ്ടുതന്നെ ഞങ്ങൾ പരസ്പരം പിരിയാൻ കഴിയാത്തവണ്ണം അടുത്തു ..ഭാവിയെക്കുറിച്ചൊന്നും സ്വപ്നം കാണാനില്ലാത്തതിനാലാകാം ഇന്നലെകളും,നാളേകളും ഞങ്ങൾക്കിടയിൽ വിഷയമാവാറില്ല.അവളുടെ സാമിപ്യം എന്നിൽ വരുത്തിയ മാറ്റം വളരെ അധികമായിരുന്നു,ദുഖിച്ചു കളയാൻ സമയമില്ലെന്നെനിക്കും തോന്നിത്തുടങ്ങിയിരുന്നു ഒരു മാസംകൊണ്ട് എൻറെ കൊഴിഞ്ഞുപോയ മുടിയെല്ലാം വന്നു. നഷ്ട്ടപ്പെട്ട ആരോഗ്യം ഞാൻ വീണ്ടെടുത്തു. ഹോസ്പിറ്റലിൽനിന്നും എന്നെ ഡിസ്ചാർജ് ചെയ്തു. ഞങ്ങൾ പോകുന്നകാര്യം പറഞ്ഞപ്പോൾ കൂടുതൽ സങ്കടമായത് നീനക്കായിരുന്നു.

“അമ്മച്ചീ എൻറെ പാപ്പയോടൊന്നു സംസാരിക്കാമോ പ്ലീസ് ..എനിക്കും നിങ്ങളുടെ കൂടെ പോരണം,നീന കരച്ചിലായി പ്രിൻസല്ലേ പറഞ്ഞത് പോകുമ്പോൾ എന്നേ ക്കൂടി കൊണ്ടുപോകാമെന്ന് എന്നിട്ടിപ്പോൾ എന്താ ഒന്നും മിണ്ടാത്തത് ” ഞാൻ ഒന്നും മിണ്ടിയില്ല .

” മോളെ അതെങ്ങനാ ശരിയാകുന്നത്,മോളുടെ പപ്പ സമ്മതിച്ചാൽ തന്നെ, നിങ്ങൾ രണ്ടുപേരും സുഖമില്ലാത്ത കുട്ടികൾ വേണ്ടമോളെ അതൊന്നും ശരിയാകില്ല”” പ്രിൻസിനെന്നെ ഒരുപാടിഷ്ട്ടമല്ലേ, അമ്മച്ചിയോടൊന്നുപറ എന്നെയും കൂടുകൂട്ടാൻ കുറച്ചുദിവസം കഴിയുമ്പോൾ ഞാൻ തിരിച്ചുപോന്നോളം “

അവളുടെ ചോദ്യവും കരച്ചിലും കേട്ട് ഞാനമ്മച്ചിയെ ദയനീയമായി നോക്കി എന്തുചെയ്യണമെന്നെനിക്കറിയില്ലായിരുന്നു.

ഒടുവിൽ അവളുടെ നിർബന്ധത്തിനു അമ്മച്ചിക്ക് വഴങ്ങേണ്ടിവന്നു ,അമ്മച്ചി അവളുടെ പപ്പയുമായി സംസാരിച്ചു , പക്ഷെ അയാൾ ഒരുവിധത്തിലും സമ്മതിച്ചില്ല.എപ്പോഴും ചിരിച്ചുമാത്രം കണ്ടിരുന്ന നീന വളരെയധികം ദുഃഖിതയായാണ് അന്ന് തിരിച്ചുപോയത്,

വിലപിടിച്ചതെന്തോ നഷ്ട്ടമായപോലായിരുന്നു എനിക്കും, അമ്മച്ചിക്കും നല്ല വിഷമമുണ്ടെന്നെനിക്ക് മനസ്സിലായി.

“എൻറെ കുഞ്ഞുവിഷമിക്കേണ്ട നമുക്കതിനുള്ള ഭാഗ്യം തമ്പുരാൻ തന്നില്ല എന്നങ്ങു കൂട്ടിയാൽമതി “

എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോളും അമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു .

ഹോസ്പിറ്റലിൽനിന്നും ഞാൻ ഡിസ്ചാർജ് ആയി,നീന പോയിട്ട് ഒരിക്കൽപോലും വിളിച്ചതുപോലുമില്ല,കുറച്ചുസമയം ഞങ്ങൾ അവൾ വരുമോയെന്ന് കാത്തിരുന്നു ,പലപ്രാവശ്യം ഞാനവളെ വിളിക്കാൻ തുടങ്ങിയതാണ് പക്ഷെ ഒരിക്കൽക്കൂടി അവളെ വേദനിപ്പിക്കേണ്ടെന് കരുതി വേണ്ടെന്നുവച്ചു.

എന്നാൽ റിസപ്ഷൻറെ സൈഡിലുള്ള കസേരയിൽ അവളെക്കണ്ട് ഞങ്ങൾ ശരിക്കും അമ്പരന്നു,അവളെൻറെ നേരെ ദേഷ്യത്തിൽ ഒന്നുനോക്കി

” ഒന്നുവിളിച്ചുപറയുകപോലും ചെയ്യാതെ പോകാൻ തുടങ്ങുകയായിരുന്നുവല്ലേ രണ്ടുപേരും ,അമ്മച്ചിയെങ്കിലും വിളിക്കുമെന്ന് ഞാനൊരുപാട് പ്രതീക്ഷിച്ചു.. പിന്നെ തോന്നി വാശിപിടിച്ചിരുന്നാൽ നഷ്ട്ടം എനിക്കുമാത്രമാണെന്ന് അതാ ഞാൻ …” സങ്കടംകൊണ്ടവൾക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.

” പക്ഷെ മോളുടെ പപ്പാ സമ്മതിക്കാതെ എങ്ങനാ ഞങ്ങൾ ” അമ്മച്ചിയുടെ ചോദ്യത്തിന് മറുപടിയെന്നോണം അവൾ പുറത്തേക്ക് വിരൽചൂണ്ടി, അവിടെ പുറത്തുകാറിൽ അവളുടെ പാപ്പയുണ്ടായിരുന്നു . ഞങ്ങൾ മടിച്ചുമടിച്ചാണ് അങ്ങോട്ട് ചെന്നത് എന്തുപറയണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.അദ്ദേഹം എൻറെ അടുത്തേക്കുവന്നു എൻറെ ചുമലിൽ ബലമായൊന്നു പിടിച്ചു. സർവ്വസങ്കടവും ഉള്ളിലൊളിപ്പിച്ച അദ്ദേഹത്തിന്റെ വിഷമം ഒന്നും പറയാതെ ത്തന്നെ എനിക്ക് മനസ്സിലായി . വീട്ടിലേക്കുള്ള യാത്രയിൽ നീന എന്നെ ശ്രദ്ധിച്ചതേയില്ല, ഞാൻ ചിരിച്ചപ്പോൾ അവൾ മുഖം തിരിച്ചു കളഞ്ഞു, അമ്മച്ചിയോടാവൾ കലാപിലാ സംസാരിക്കുന്നുണ്ടായിരുന്നു. വീട്ടിൽ അച്ചായന്മാരെല്ലാമുണ്ടായിരുന്നു, നീന വണ്ടിയിൽനിന് ഇറങ്ങുന്നതു കണ്ടപ്പോൾ അവരുടെ ചിരി പെട്ടെന്നുമാഞ്ഞത് ഞാൻ ശ്രദ്ധിച്ചു , അതുകണ്ടിട്ടാകാം അമ്മച്ചിയും എന്നെയൊന്നുനോക്കി.

” അതേ വലതുകാൽവച്ചു കയറിക്കോളൂട്ടോ ” വീട്ടിലേക്ക് കയറാൻനേരം ഞാനവളുടെ ചെവിയിൽപ്പറഞ്ഞു,നല്ലൊരുനുള്ളായിരുന്നു അതിനുള്ള മറുപടി.അമ്മച്ചിയവളെ അപ്പച്ചന്റെ ഫോട്ടോയുടെ അടുത്തേക്ക് കൊണ്ടു പോയി.വീട്ടിലെത്തിയിട്ട് പെണ്ണിനെ തനിച്ചൊന്ന് കാണാൻപോലും കഴിഞ്ഞില്ല, അവളെപ്പോഴും അമ്മച്ചിയുടെ പുറകെതന്നേ, ഞാൻ ഒന്നു രണ്ടു പ്രാവശ്യം അടുക്കളയിലൂടൊന്നു കറങ്ങി അമ്മച്ചിയെന്നെ കയ്യോടെ പിടികൂടി.

” അതേ നിൻറെ ഇളക്കമൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്, ഈ പെങ്കൊച്ചിനെ കൊണ്ടുവന്നപോലെതന്നെ അവളുടെ പപ്പക്ക്എനിക്കു തിരിച്ചുകൊടുക്കണം അതുകൊണ്ട് മോൻ ചെല്ല് മാമുണ്ണാറാകുമ്പോൾ അമ്മച്ചിവിളിക്കാം കേട്ടോ “

ഞാൻ ഒരു വളിച്ച ചിരിയോടെ അവിടെനിന്നും പോകാൻനേരം അവൾ അമ്മച്ചികാണാതെ എന്നെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാനെൻറെ അസുഖത്തെക്കുറിച്ചുപോലും മറന്നു,അമ്മച്ചിക്കും പറഞ്ഞറിയിക്കാൻ കഴിയാതൊരുസന്തോഷമായിരുന്നു. ഒരു ദിവസം അമ്മച്ചിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടു ഞാൻ ചെല്ലുമ്പോൾ അച്ചായൻമാരെല്ലാം അവിടുണ്ടായിരുന്നു. നീനയാണ് സംസാരവിഷയം എന്നെനിക്കുമനസ്സിലായി.

” അമ്മച്ചി എന്തുകണ്ടിട്ടാ ഇവരുടെ താളത്തിനൊപ്പിച്ചു തുള്ളുന്നത്,ഇപ്പോൾ തന്നെ നാട്ടുകാരൊരൊന്നും ചോദിച്ചുതുടങ്ങി, ഞങ്ങളെന്നാ മറുപടിപറയും.” മൂത്ത അച്ചായനാണ്

” നിങ്ങളൊന്നും പറയേണ്ട അതേ ഞങ്ങൾ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ആകെ ഒരാശ്വാസം ഈ പെങ്കൊച്ചായിരുന്നു അപ്പൊ ഈ മാന്യന്മാരായ അച്ചായൻമാരെയൊന്നും അങ്ങോട്ടുകണ്ടില്ലല്ലോ. കുറച്ചുദിവസം ആ കുഞ്ഞിനിവിടെ നിൽക്കണം എന്നുപറഞ്ഞപ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല , അതിനു ഏതു നാട്ടുകാർക്കാണ് ബുദ്ധെമുട്ടെന്നുവച്ചാൽ ഞാൻ മറുപടി പറഞ്ഞോളം അവരോട്”

” അമ്മച്ചി എന്തുപറഞ്ഞാലും ഈ കുട്ടിയെ ഇനി ഇവിടെ നിർത്താൻ പറ്റില്ല “അച്ചായന്മാർ തീർത്തുപറഞ്ഞു.

കുറച്ചുസമയം എന്തോ ആലോചിച്ചുനിന്നശേഷം അമ്മച്ചി പെട്ടെന്നകത്തേക്കു പോയി,തിരിച്ചുവന്ന് അപ്പച്ചന്റെ ഫോട്ടോയുടെ മുൻപിൽ കുറച്ചുസമയം നിന്നു,അമ്മച്ചി എന്നേയും നീനയേയും അരികിലേക്ക് വിളിച്ചു. അമ്മച്ചി ഒരു മലയെടുതെന്റെ നേരെ നീട്ടി.

” നീ ഈ മാല അവളുടെ കഴുത്തിൽ അണിയിക്ക് ” ഞാൻ ഒന്നും മനസ്സിലാകാതെ അമ്മച്ചിയെ നോക്കി, എന്താടാ നോക്കിനിൽക്കുന്നത് അമ്മച്ചിയുടെ ശബ്ദം ഉയർന്നു .ഞാൻ നീതുവിന്റെ കഴുത്തിൽ മിന്നുചാർത്തി.

” ഇനി നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ ” അമ്മച്ചി അച്ചായന്മാരുടെ നേരെതിരിഞ്ഞു, ആരുമൊന്നുംമിണ്ടിയില്ല. എനിക്കും നീനക്കും അപ്പോഴും അമ്പരപ്പ് മാറിയിട്ടുണ്ടായിരുന്നില്ല.

” എടികൊച്ചേ മിഴിച്ചുനിൽക്കാതെ നീ നിൻറെ പപ്പയെ വിളിച്ചുകാര്യം പറ, എന്നിട്ട് രണ്ടുപേരും പോകാൻ റെഡിയായിക്കോ, ഒന്നും മനസ്സിലാകാതെ ഞാനും നീനയും പരസപരം നോക്കി.

” നിൻറെ പേരിലുള്ള കാഞ്ഞിരപ്പിള്ളിയിലുള്ള വീട്ടിലേക്ക് നമ്മളുപോകുന്നു .ഇനി ഇതു കാരണം നിൻറെ അച്ചായന്മാരുടെ അഭിമാനം ഇടിഞ്ഞു വീഴേണ്ട ” അമ്മച്ചിയതും പറഞ്ഞകത്തേക്കുപോയി.ഞാൻ മുറിയിലേക്കുനടന്നു, മുറിയിലെത്തിയതും രണ്ടുകൈകളെന്നെ അകത്തേക്ക് വലിച്ചു,ഞാൻ മുറിയിൽ കയറിയതും നീന എന്നെ ഇറുക്കെ കെട്ടിപിടിച്ചു,അവളുടെ കണ്ണുനീരിൻറെ രുചി ഞാനറിയുന്നുണ്ടായിരുന്നു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *