എന്നാണെങ്കിലും തമ്മിൽ പരിചയപ്പെടണമല്ലോ നീ നാളെ വീട്ടിൽ വാ. അച്ഛനും അമ്മയും ഒരു കല്യാണത്തിന് പോകും.. അവനുണ്ടാകും.. വാ പരിചയപ്പെടുത്താം……..

ഒരു കുഞ്ഞി പ്രണയകഥ

Story written by Ammu Santhosh

നമ്മളീ ആണുങ്ങൾക്ക് ഏറ്റവും ദേഷ്യം വരുന്നതെപ്പോഴാണെന്നറിയുമോ?

അത് വെള്ളമടിക്കുമ്പോൾ ടച്ചിങ്‌സ് തീർന്നു പോകുമ്പോളല്ല.

സിഗരറ്റിന്റെ ലാസ്റ്റ് puff ആഞ്ഞു വലിക്കാൻ തുടങ്ങുമ്പോൾ പ്ലീസ് ഡാ എന്ന് ചങ്ക് കെഞ്ചുമ്പോൾ അല്ല

ആർത്തി മൂത്തു ബിരിയാണി തിന്നുമ്പോൾ ലെഗ് പീസ് പെങ്ങൾ എടുത്തു കൊണ്ടോടുമ്പോൾ അല്ല

ലുഡോ കളിച്ച് ഇച്ചിരി ഇല്ലാത്ത ചേട്ടന്റ മക്കളോട് തോൽക്കുമ്പോൾ അല്ല

വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ റേഷൻ കടയിൽ പോയിട്ട് വാടാ എന്ന് പറഞ്ഞു സഞ്ചി നീട്ടി നിൽക്കുന്ന അമ്മയോടല്ല

എനിക്കൊരു ബൈക്ക്.. എന്ന് തല ചൊറിയുമ്പോൾ നിന്റെ ഒക്കെ പ്രായത്തിൽ ഞാൻ അത് കണ്ടിട്ടും കൂടിയില്ല എന്ന് പറയുന്ന അച്ഛനോടല്ല

നിയൊക്കെ എന്തിനാടാ പഠിക്കാൻ വരുന്നേ പോയി വല്ല വാഴേം വെച്ചൂടെ എന്ന് ചോദിക്കുന്ന സാറിനോടും അല്ല

പിന്നെ ആരോടാണെന്നു അറിയുവോ?

കാമുകിയോട്…

എപ്പോ എന്നറിയുമോ..?

അവൾ അവളുടെ ബെസ്റ്റ് ഫ്രണ്ടിനെ കുറിച്ച് ഇരുപത്തിനാലു മണിക്കൂറും പുകഴ്ത്തി പറയുമ്പോൾ.. ആ ഫ്രണ്ട് മറ്റൊരു ആണാണെങ്കിൽ മാത്രം.. അവനെ കൊന്ന് തിന്നാനുള്ള കലി വരും..

എനിക്കും വന്നു.. എന്റെ പെണ്ണ് ഇരുപത്തിനാലു മണിക്കൂറും അവളുടെ കൂട്ടുകാരൻ ആദിയെ കുറിച്ച് പറഞ്ഞപ്പോൾ

ആദി എന്ത് പാവമെന്നറിയുമോ?

(ഉവ്വാ?)ഫീലിംഗ് പുച്ഛം

ആദി ഭയങ്കര caring ആണ്..

(ഉവ്വുവ്വേ )

നിന്നേ പോലല്ല..

(അതെങ്ങനെ വരാൻ.. അവന്റെ തന്ത അല്ല എന്റെ തന്ത )

ആദിക്ക് ആദ്യം നമ്മൾ പ്രേമിക്കുന്നത് അത്ര ഇഷ്ടം അല്ലാരുന്നു ട്ടോ..

(@$%&&)

പിന്നെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു

(പിന്നേ ആദിയല്ലെ ഇവളുടെ അപ്പൻ.. ഒന്ന് പോടീ.)

(ബ്രാക്കെറ്റിൽ ഇട്ടത് മുഴുവൻ ആത്മഗതം ആയിരുന്നു )

ആദി… ആദി.. ആദി…

അവനെ അങ്ങ് കൊന്നാലോ? ഹോ ദൈവമേ !

ഓ പിന്നെ എന്നിട്ട് ഞാൻ ജയിലിൽ പോയി കിടക്കണം വേറെ പണിയില്ലേ?

കൂടോത്രം.. കൈവിഷം ഇത്യാദി വല്ലോം നോക്കിയാലോ..

ഇവളെ കളഞ്ഞേക്കാമെന്നു വെച്ചാൽ പറ്റുന്നുമില്ല.. നക്ഷത്രം പോലത്തെ ഒരു പെണ്ണ്..

ഇതിപ്പോ കല്യാണം കഴിഞ്ഞാലും ഈ മന്ത്രോച്ചാരണം കാരണം സ്വൈര്യം പോകുമല്ലോ ദൈവമേ..

ഈ ആദി എന്നാണോ മുഴുവൻ പേര്? ഒരു ദിവസം ഞാൻ ചോദിച്ചു

“അല്ല ആദിത്യ വർമ “നിനക്ക് പരിചയപ്പെടണോ? “

“ഹേയ്.. വേണ്ട വെറുതെ ചോദിച്ചതാ “

“എന്നാണെങ്കിലും തമ്മിൽ പരിചയപ്പെടണമല്ലോ നീ നാളെ വീട്ടിൽ വാ. അച്ഛനും അമ്മയും ഒരു കല്യാണത്തിന് പോകും.. അവനുണ്ടാകും.. വാ പരിചയപ്പെടുത്താം “

പോകണോ വേണ്ടയോ എന്ന് ഞാൻ ഒത്തിരി ആലോചിച്ചു. പോയില്ലെങ്കിൽ അവൾ ഒറ്റയ്ക്ക് ഉള്ളപ്പോൾ അവൻ വരും..

യ ര ല വ ശ ഷ സ ഹ

വേണ്ട.. പോകാം

ചെന്നു.. ഒരു ചായ കിട്ടി ബോധിച്ചു

അവൻ എവിടെ?

വിളിക്കാമെ

ആഹാ എന്നേക്കാൾ മുന്നേ വന്നു അല്ലെ (ആത്മഗതം )

ആദി….. എന്തോരം പഞ്ചാര കുറുക്കിയ വിളി !

ഞാൻ ഒറ്റ ചാട്ടത്തിനു സെറ്റിയുടെ മുകളിൽ.. എന്റെ അത്രേ വലിപ്പം ഉള്ള ഒരു പട്ടി.

അയ്യോ പട്ടി !!

“പേടിക്കണ്ട അവൻ പാവാ.. അല്ലേടാ നോക്ക് ഇതാണെന്റെ ആള് കൊള്ളാമോ?”

പട്ടിയോട് അവൾ

അവനു എന്നെ അത്ര ഇഷ്ടം ഒന്നുമായില്ല.. പക്ഷെ എനിക്ക് അവനെ ഇഷ്ടം ആയി.. ഹോ പട്ടി ആരുന്നു. വെറുതെ എത്ര ഉറക്കം കളഞ്ഞു.

എന്നാലും ഒരു സംശയം ഞാൻ ചോദിച്ചു

“അല്ലടി ഈ പട്ടിക്ക് ഒക്കെ ആരെങ്കിലും ആദിത്യ വർമ എന്നൊക്കെ പേരിടുമോ? “

“അതെന്നെ ആദ്യം തേച്ചിട്ട് പോയവന്റെ പേരാ.. നീ അർജുൻ റെഡ്ഢി കണ്ടിട്ടില്ലേ സിനിമ? അതിൽ അവൻ കാമുകിയുടെ പേരാ പട്ടിക്കിടുന്നെ… “

“അപ്പൊ സപ്പോസ് ഞാൻ നിന്നേ തേച്ചാൽ..? “

“ഞാൻ ഒരു പട്ടിയെ കൂടെ വാങ്ങും.. എന്നിട്ട് പേരിടും.. മോനെ അഖിലേ.. അഖിൽ നായർ നല്ല പേരല്ലേ? “

“എടി ദുഷ്ടേ… “

എന്തായാലും ഞാൻ അവളെ കെട്ടാൻ തീരുമാനിച്ചു. വേറെ ഒന്നുമല്ല.. അവൾ ഒരു പൊട്ടി പെണ്ണാണ്. ഇനി ഞാനും തേച്ച് വേറെ വല്ലോരും തേച്ച് ആ വീടൊരു പട്ടി വളർത്തൽ കേന്ദ്രമാകേണ്ട..

Leave a Reply

Your email address will not be published. Required fields are marked *