ചിലപ്പോഴൊക്കെ ആരോടെങ്കിലും മനസ്സ് തുറന്ന് സമാധാനമായി ഒന്ന് സംസാരിക്കണമെന്ന് തോന്നും. പക്ഷെ ഒന്നിനും സാധിക്കാതെ ഒന്നും മിണ്ടാൻ…..

Story written by Lis Lona

ചിലപ്പോഴൊക്കെ ആരോടെങ്കിലും മനസ്സ് തുറന്ന് സമാധാനമായി ഒന്ന് സംസാരിക്കണമെന്ന് തോന്നും..

അല്ല..അങ്ങനെ അല്ല കളവാണത്!!

ആർത്തലച്ചു കൊണ്ട് ചുറ്റുമുള്ളവരോട് ആക്രോശിച്ചു പൊട്ടിത്തെറിക്കാനാണ് മനസ്സ് ശരിക്കും പറയാറ്..

പക്ഷെ ഒന്നിനും സാധിക്കാതെ ഒന്നും മിണ്ടാൻ കഴിയാതെ ആർക്ക് മുൻപിലും നിസ്സഹായയായി പുഞ്ചിരിയോടെ എനിക്കൊന്നുമില്ല ഞാൻ ഓക്കേയാണ് എന്ന് പറഞ്ഞാണ് ശീലം..

മറ്റുള്ളവരിൽ നിന്നും എത്രയോക്കെ ഒളിപ്പിക്കാൻ ശ്രമിച്ചാലും നോവുകൾ വിളിച്ച് പറയുന്ന കളവറിയാത്ത കണ്ണുകൾ നമ്മളെ പറ്റിച്ചുകൊണ്ട് എല്ലാം വിളിച്ച് പറയുന്നുണ്ടാകും.

വിശപ്പില്ലാതെ… ഉറക്കം നഷ്ടപ്പെട്ട്… മനസ്സും ശരീരവും തളർന്ന്.. ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ.. ഒരു കാര്യവുമില്ലാതെ അസ്വസ്ഥമായ മനസ്സോടെ അതുവരെ സന്തോഷം നൽകിയിരുന്ന കാര്യങ്ങളെല്ലാം കാരണമില്ലാതെ വെറുത്ത്…

എഴുത്തും വായനയും മടക്കിച്ചുരുട്ടി കുട്ടയിലിട്ട്.. എല്ലാവരോടും വെറുപ്പും ദേഷ്യവും നിറഞ്ഞ്.. കുഞ്ഞുങ്ങളോട് പോലും ഈർഷ്യ തോന്നി..

എന്തു കൊണ്ടാണ് എനിക്കിങ്ങനെ എന്നൊന്നും മനസിലാകാതെ തുറന്നിട്ട ഷവറിന് കീഴെ കുറെ നേരം പൊട്ടിക്കരഞ്ഞിട്ടുണ്ട്. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലെന്ന തോന്നലിൽ നീറി നീറി ഉരുകിയിരുന്നിട്ടുണ്ട്.

എന്തിനാണീ സങ്കടമെന്നും ആരോടാണീ ദേഷ്യമെന്നും മനസിലാകാതെ അവസാനം കുറ്റമെന്റേത് മാത്രമെന്ന് ഉറപ്പിച്ച് ഒറ്റക്കിരിക്കാൻ തോന്നുന്ന ദിവസങ്ങൾ….ഉന്മേഷവും ഉത്സാഹവും നഷ്ടപ്പെട്ട് , മനസ്സും ശരീരവും മരിച്ചിട്ടും ജീവിച്ചിരിക്കുന്ന ദിവസങ്ങൾ..

ആർക്കും എന്നെ ഇഷ്ടമല്ലെന്നും എല്ലാവർക്കും ഞാനൊരു കോമാളിയാണെന്നും ഭാരമാണെന്നും മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കും ഒടുവിലത്‌ ‘എന്തിനാണ് ഞാനിനി ജീവിച്ചിരിക്കുന്നത് അവസാനിപ്പിച്ചേക്കാം’ എന്ന ചിന്തയിലെത്തും വരെ കാടുകയറുന്ന ചിന്തകൾ.

പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ട് നിസ്സഹായാവസ്ഥയിൽ നെഞ്ചിൻകൂട്ടിലെ ശ്വാസമെല്ലാം തിങ്ങി ഇരുട്ട് നിറഞ്ഞ മുറികളും ഇടനാഴികളും മാത്രമുള്ളൊരിടത്ത് സങ്കടത്തോടെ തനിച്ചാകുന്ന ഒരവസ്ഥ.. എത്രെ ദിവസമെന്ന് പോലും നിശ്ചയമില്ലാത്ത ഒരൊറ്റപ്പെടൽ.

മനസ്സ് തുറന്നു പറഞ്ഞില്ലെങ്കിലും എന്നെയൊന്ന് മനസിലാക്കി നമുക്ക് ചുറ്റുമുള്ള ലോകമൊന്നും കാതിലും കണ്ണിലും പെടാതെ എല്ലാം മറന്ന് സ്നേഹിക്കുന്നവരുടെ നെഞ്ചിൽ പറ്റിച്ചേർന്ന് ആ സാന്ത്വനത്തിൽ അലിഞ്ഞ് ഒരു നിമിഷം കിടക്കാൻ തോന്നും..

ആരുമെന്നെ മനസിലാക്കുന്നില്ലല്ലോ എന്ന സങ്കടത്തോടെ ഒഴിവായിപ്പോയേക്കാം അല്ലെങ്കിൽ അവസാനിപ്പിച്ചേക്കാം എന്ന് വീണ്ടും വീണ്ടും ഒരു മൂളിവണ്ട് പേരറിയാനോവിന്റെ രൂപത്തിൽ ഇങ്ങനെ മൂളിക്കൊണ്ടിരിക്കും..

അതേ ഇതൊരു യുദ്ധമാണ് ഒന്നുകിൽ ഞങ്ങൾ ജയിച്ചേക്കാം അല്ലെങ്കിൽ മരിച്ചേക്കാം.. ഈ യുദ്ധത്തിൽ എന്നെപോലെ പലരുമുണ്ട് … ഇനിയും കാരണമെന്തെന്ന് മനസിലാകാതെ നിഴലിനോട് യുദ്ധം ചെയ്യുന്നവരുമുണ്ട്ഞ ങ്ങൾ ക്കാവശ്യം ഈ മെന്റൽ ഹെൽത്ത് ഡേയിൽ മാത്രം വരുന്ന ചേർത്തുനിർത്തലല്ല.

മുകളിൽ പറഞ്ഞ കാരണങ്ങളോടെ നിങ്ങളുടെ അമ്മയാവട്ടെ മകളാവട്ടെ ഭാര്യയോ കാമുകിയോ സുഹൃത്തോ ആരുമാവട്ടെ ചേർത്തുനിർത്തി ഒപ്പമുണ്ടെന്ന് പറയുക..തളരാതെ പൊരുതാൻ കൂടെ നിൽക്കുക.

ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്പ്പാലത്തിൽ നിന്നും കൈകോർത്തു പിടിച്ചുകൊണ്ട് നീ ഒറ്റക്കല്ലെന്ന് നിനക്കൊപ്പം ഞങ്ങളുമുണ്ടെന്ന ആത്മവിശ്വാസം കൊടുത്ത് മടക്കി കൊണ്ടുവരിക.

ഡിപ്രെഷൻ എന്റെ അനുഭവം വച്ചെഴുതിയതാ പലർക്കും പല അനുഭവങ്ങൾ ആകാം ആണിനും പെണ്ണിനും ഉണ്ടാകാം…മറ്റുള്ളവരുടെ മുൻപിൽ ഞാൻ ഭാഗ്യവതിയായ അമ്മയും ആവോളം സ്നേഹം കിട്ടുന്ന ഭാര്യയും എല്ലാ സുഖസൗകര്യങ്ങളിലും ജീവിക്കുന്നവളും ആണല്ലോ.ഇങ്ങനെയും ഒരു അവസ്ഥയുണ്ടെന്ന് അറിയുന്നവർ ചേർത്തുനിർത്തുന്ന സുരക്ഷിതത്തിൽ ഇപ്പോഴെങ്കിലും എഴുതണമെന്നു തോന്നി..വൈകിയെങ്കിലും ഓക്കേ ആയികൊണ്ടിരിക്കുന്നു ..

കാരണം കണ്ടെത്തി സമയത്തിന് ചികിത്സയും മരുന്നും എടുത്ത് സന്തോഷമുള്ള കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചും മനസ്സ് ഡൈവേർട്ട് ആക്കി കുറച്ച് താമസിച്ചാലും നമ്മൾ ഓക്കേ ആകും എന്നുറപ്പാണ് വേണ്ടത് കൂടെയുള്ളവരുടെ സ്നേഹവും കരുതലും ആണ്. ….

ഒന്നേ പറയാനുള്ളു നിങ്ങൾക്ക് ചുറ്റും ആരെങ്കിലുമുണ്ടെങ്കിൽ ഒറ്റപെടുത്തരുത് അറിഞ്ഞിട്ടോ അറിയാതെയോ അവഗണിക്കരുത് … നിസ്സാരമായി ഇതൊന്നും സാരമില്ലെന്ന് പറഞ്ഞ് തട്ടിക്കളയരുത് .. “BE THERE “.

Related Posts

Leave a Reply

Your email address will not be published. Required fields are marked *