നാൽപ്പത്തഞ്ചാം വയസ്സിൽ പച്ച മാങ്ങ വേണമെന്നമ്മ അച്ഛനോട് വാശി പിടിച്ചു പറയുന്നതു കേട്ടപ്പോൾ ഇടനെഞ്ചിൽ ഇടിത്തീ വീണ പോലെ ഞാൻ നിന്നു…..

കുഞ്ഞനിയൻ

Story written by Adarsh Mohanan

നാൽപ്പത്തഞ്ചാം വയസ്സിൽ പച്ച മാങ്ങ വേണമെന്നമ്മ അച്ഛനോട് വാശി പിടിച്ചു പറയുന്നതു കേട്ടപ്പോൾ ഇടനെഞ്ചിൽ ഇടിത്തീ വീണ പോലെ ഞാൻ നിന്നു. ജീവിതത്തിലാദ്യമായ് അച്ഛന്റെ മുഖം നാണം കൊണ്ടു ചുവന്നു തുടിക്കുന്നത് കണ്ടപ്പോൾ ഉളളിൽ അടക്കാനാകാത്ത ദേഷ്യമാണുണ്ടായത്.

വയസ്സാം കാലത്ത് ഈ കാർന്നോർക്ക് എന്തിന്റെ കേടാണെന്ന രീതിയിലച്ഛനെ കടുപ്പിച്ചൊന്നു നോക്കി, എനിക്ക് മുഖം തരാതെ കോലായിൽ ചെന്നിരുന്ന് ആനന്ദം കൊള്ളുയായിരുന്നു അച്ഛൻ. അതു കണ്ടപ്പോൾ എന്റെയുള്ളിലെ ദേഷ്യം ഇരട്ടിയായി, എന്റെ പല്ലുകൾ കൂട്ടിക്കടിക്കണ ശബ്ദം കേട്ട് കുഞ്ഞനിയത്തി മേൽക്കൂരയിലേക്ക് നോക്കി സ്വയം ചോദിച്ചു.

“ഇതെന്താ കല്ലു മഴ പെയ്യുകയാണോ?”

അവൾക്കു മുഖം കൊടുക്കാതെ പിന്നാമ്പുറത്തെ തൊഴുത്തിലുണ്ടായിരുന്ന ചെന പിടിച്ച പൂവാലിപ്പശുവിനേ കണക്കിന് ശകാരിച്ചാണ് ഞാനരിശം തീർത്തത്.

ആറ്റു നോറ്റു ആയിരം വീടുകയറിട്ടാണ് ഒരു കല്യാണ ആലോചന ഒത്തു വന്നത് ഇനിയവരുടെ മുഖത്തെങ്ങനെ നോക്കുമെന്നാലോചിച്ചപ്പോൾ കൈകളിലെ ഞെരമ്പുകൾ വലിഞ്ഞുമുറുകി, കുലച്ചു നിന്ന കണ്ണൻ വാഴയുടെ നടുപ്പിണ്ടിയിൽ ആഞ്ഞു മർദ്ദിച്ചപ്പോളാണിത്തിരി സമാധാനം കിട്ടിയത്

മസാല ദോശ കഴിക്കണമെന്ന അമ്മയുടെ ആഗ്രഹം സഫലീകരിക്കാൻ ചായ ക്കടയിൽ ചെന്നപ്പോൾ അച്ഛന്റെ സുഹൃത്തായ കണാരേട്ടൻ വിശേഷങ്ങൾ ളോരോന്ന് കുത്തികുത്തിച്ചോദിച്ചു . ഈ വിഷയം നാടാകെപ്പരന്നു എന്ന് അപ്പോളാണെനിക്ക് മനസ്സിലായത്. ദേഷ്യം അടക്കിപ്പിടിച്ച് തിരിച്ചു വീട്ടിലേക്കു നടക്കുന്നേരം എന്നേ നോക്കിപ്പുഞ്ചിരിക്കുന്ന ഓരോ മുഖങ്ങളിലും പരിഹാസമാണെനിക്ക് കണ്ടെത്താനായത്. വീടിനു പുറത്തേക്കിനി ഇറങ്ങില്ലെന്ന ഉറച്ച തീരുമാനവുമായി ഉള്ളിൽക്കയറിയപ്പോഴും. വാടിക്കൊഴിഞ്ഞ എന്റെ മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്തില്ല അമ്മ.

നിശ്ചയിച്ചുറപ്പിച്ച വിവാഹം മനസ്സിൽ ഞാൻ ഭയന്ന പോലെത്തന്നെ മുടങ്ങി. മുടക്കം പറഞ്ഞത് വീട്ടുകാരായിരുന്നില്ല പെൺകുട്ടി ആയിരുന്നെന്നറിഞ്ഞപ്പോഴാണ് എനിക്ക് കൂടുതൽ സങ്കടമായത്, എന്റെ അമ്മയ്ക്കു പിറക്കാൻ പോകുന്ന കുഞ്ഞ് ഭാവിയിൽ അവൾക്കൊരു ബാധ്യതയാണത്രേ. അന്നു കരഞ്ഞു തീർത്ത കണ്ണീരിന്റെ അളവ് കുതിർന്നു കനംവെച്ച പഞ്ഞിത്തലയിണയ്ക്കു മാത്രമേ അറിയൂ.

പതിവായെന്നും രാത്രി അമ്മയുടെ കയ്യിൽ നിന്നും ഉരുളവാങ്ങിക്കഴിക്കാറുള്ള ഞാൻ പിന്നീടാ അടുക്കള വഴിയിലേക്ക് ചെന്നിട്ടേയില്ല. അതിന്റെ ഒരു വിഷാദം അമ്മയുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ഉള്ളിൽ അണയാത്ത ദേഷ്യത്തിന്റെ തീക്കനലെരിഞ്ഞമരുന്നുണ്ടായിരുന്നു പിന്നീടൊക്കെ ഞാനാ നിറവയറിലേക്ക് പുച്ഛത്തോടെ മാത്രമേ നോക്കിയിട്ടുള്ളൂ

എന്നും ഉച്ചത്തിലോരോന്നു കൽപ്പിക്കാറുള്ള എന്റെയച്ഛൻ പിന്നീടെന്നെ കാണുമ്പോൾ തിരിഞ്ഞു നടന്നു തുടങ്ങി. എന്തിനും ഏതിനും എന്നെ കളിയാക്കാറുള്ള കാന്താരിപ്പെങ്ങൾക്കു പോലും എന്നോടൊന്നു മിണ്ടാൻ ഭയമായിരുന്നു. എന്റെ മനോനിലയിലുണ്ടായ മാറ്റം തന്നെയായിരുന്നു അതിനു കാരണവും

തലേദിവസം മേശപ്പുറത്ത് അമ്മ കൊണ്ടു വെച്ച നാടൻ പശുവിൻ പാല് ഞാൻ കുടിക്കാതെ പാട കെട്ടിക്കിടക്കുന്നതു കണ്ടപ്പോൾ അമ്മയുടെ കണ്ണു നിറഞ്ഞു തുളുമ്പിയിരുന്നു. എങ്കിലും അതൊന്നും എന്നേ ബാധിക്കാത്ത മട്ടിൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

മകരമാസിൽ കാവിലെ വേല കാണാൻ പോയപ്പോഴാണ് എന്റെ മനോനില ശരിക്കും തെറ്റിയത് ഉത്സവപ്പറമ്പിൽ അവളും എത്തിയിരുന്നു എന്റെ ഭാവി വധു വാകേണ്ടിയിരുന്നവൾ . എന്നെ കണ്ടപ്പോൾ തന്നെ അവളുടെ മുഖത്തൊരു പരിഹാസച്ചിരി വിടർന്നു. എന്നേ കൂട്ടുകാരികൾക്ക് ചൂണ്ടിക്കാണിച്ചു കൊണ്ടവൾ പൊട്ടിച്ചിരിക്കുന്നതു കണ്ടപ്പോൾ ദേഷ്യത്തേക്കാളേറെ സങ്കടമാണുള്ളിൽ തോന്നിയത്.

ജീവിതത്തിലാദ്യമായാണ് ഞാൻ മദ്യപിച്ച് വീട്ടിൽച്ചെന്നത്. പിന്നാമ്പുറത്തെ തൊഴുത്തിലെ പൂവാലിപ്പശുവിന്റെ അപ്പുറത്തു നിന്ന കൂറ്റൻ മൂരിയെ വള്ളിച്ചൂരലുകൊണ്ടു കണക്കിനു മർദ്ധിച്ചു കൊണ്ട് ഞാനാ ദേഷ്യം തീർക്കു മ്പോഴും കണ്ണീരോടെയാ കട്ടിളപ്പടിയിൽ മൗനം പാലിച്ചു ചാരി നിൽക്കുന്നുണ്ടായിരുന്നു അച്ഛൻ, വിഷാദ മൂകമായ ആ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്തില്ല ഞാൻ

ദിനംപ്രതി അമ്മയുടെ നിറവയറിനു വികാസം കൂടും തോറും എന്റെ ഉള്ളിലെ ദേഷ്യം വർദ്ധിക്കയാണുണ്ടായത് കല്യാണം മുടക്കിയായ എന്റെ ശത്രുവാണ് ആ വയറ്റിൽ വളരുന്നതെന്നുള്ള ബോധമായിരുന്നു അതിനു കാരണം.

എങ്കിലും പ്രസവ വാർഡിനു മുൻപിൽ വല്ലാതെയുള്ള സമ്മർദ്ദത്തോടെയാണ് അച്ഛനൊപ്പം നിന്നത് തല പുകഞ്ഞങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴും ഉള്ളിൽ എല്ലാം ശുഭമായിത്തീരണേ എന്നുള്ള പ്രാർത്ഥന മാത്രമേ ഉണ്ടായുള്ളൂ.

വെള്ളക്കുപ്പായമണിഞ്ഞ ആ മാലാഘയുടെ കയ്യിൽ നിന്നും ചോ രക്കുഞ്ഞിനെ യച്ഛൻ ഏറ്റു വാങ്ങുമ്പോളും മുഖം തിരിച്ചു നടക്കുകയാണ് ഞാൻ ചെയ്തത്. ആൺ കുഞ്ഞാണെന്നും പറഞ്ഞെന്റെയടുത്ത് ആഹ്ലാദത്തോടെ ഓടിയടുത്ത എന്റെ കാന്താരിപ്പെങ്ങളുടെ മുഖത്തേക്ക് ഒരു ലോഡ് പുച്ഛം വാരി വിതറി ക്കൊണ്ടാണ് മടങ്ങിയതും.

എങ്കിലും അവന്റെ കിളിക്കൊഞ്ചലും കരച്ചിലും എന്നെ വല്ലാതെ മത്തു പിടിപ്പിച്ചിരുന്നു. ഒന്നു ലാളിക്കുവാൻ, ഒന്നു തലോടുവാൻ, ഒന്നു താരാട്ടുവാൻ എന്റെയുള്ളം വല്ലാതെ തുടിച്ചു കൊണ്ടിരുന്നു. അപ്പോഴുമെന്റെ ആത്മാഭിമാനം വിലങ്ങുതടിയായി നിലകൊണ്ടിരുന്നു.എന്റെ പൊന്നനിയനെ ഒരു നോക്കു കാണുവാൻ വേണ്ടി ഒളിഞ്ഞും പാത്തും ഞാനാമുറിയിലേക്ക് എത്തി നോക്കാറുണ്ട്.

തൊണ്ണൂറിനു അവന്റെ പേരു വിളി കർമ്മത്തിന്റേ അന്നാണു ഞാനവനെ ശരിക്കു കാണുന്നതു തന്നെ. പെങ്ങളൂട്ടി പറഞ്ഞത് ശരിയാ അവന് ശരിക്കും എന്റെ മുഖച്ഛായ ആയിരുന്നു. അച്ഛന്റെ മടിയിലിരുന്ന് കൈകാലുകളിട്ടടിച്ചു കളിക്കുന്ന അവനെ കണ്ടപ്പോൾ എന്റെ മിഴികൾ അറിയാതെ നിറഞ്ഞൊഴുകുകയായിരുന്നു.

ചടങ്ങിൽ ഏതു പേരാ ഉണ്ണിക്ക് ഇടേണ്ടതെന്ന് അമ്മാവൻ ചോദിച്ചപ്പോൾ അറിയാതെ എന്റെ വായിൽ നിന്നും വീണുപോയ് ആ പേര്. “ആദി കൃഷ്ണ ” എനിക്കൊരു മകനുണ്ടാകുമ്പോൾ ഞാൻ അവനിടാൻ വേണ്ടി കരുതി വെച്ച പേര്

അതു കേട്ടപ്പോൾ അമ്മയുടെ കവിളിൽ ആനന്ദാശ്രു കുത്തി പ്പെയ്തിറങ്ങിയിരുന്നു. ഗൗരവം പൂണ്ടിരുന്ന അച്ഛന്റെ മുഖത്തിന് പൂർണ്ണ ചന്ദ്രനേക്കാൾ തിളക്കമുണ്ടെന്നെനിക്ക് തോന്നി. കേട്ടു നിന്ന എന്റെ വഴക്കാളി പ്പെങ്ങൾ ഓടി വന്നെന്റെ കവിളിൽ മുത്തി.

അച്ഛന്റെ കയ്യിൽ നിന്നും ആദ്യമായ് ഞാനവനെ ഏറ്റുവാങ്ങുമ്പോഴും അവന്റെ മുഖം പരിഭവത്താൽ പൂണ്ടുനിന്നിരുന്നു. കണ്ണുകൾ ചിമ്മിയടച്ചു കൊണ്ട് അവന്റെ ചോ രച്ചുണ്ടുകൾ വിഷാദമായിടറിക്കൊണ്ടിരുന്നു.

അവന്റെ മുഖത്തു നിന്നും ഞാനാ ചോദ്യം വായിച്ചെടുത്തു. “എന്നോടിപ്പോഴും ദേഷ്യമാണോ ഏട്ടാ ” എന്നായിരുന്നു അത്. ഞാനവന്റെ ചുവന്ന നെറ്റിത്തടത്തി ലുമ്മവെച്ചു കൊണ്ട് അവന്റെ കാതിൽ മെല്ലെ മറുപടിയോതി.

” നിന്നെ വെറുക്കാനെനിക്കാവുമോ കണ്ണാ നീയെന്റെ കുഞ്ഞനിയനല്ലേ ” എന്നും പറഞ്ഞ് ഞാനവന്റെ പൂങ്കവിളിൽ ചുoബിച്ചപ്പോൾ അവന്റെ തളിർചുണ്ടിൽ പുഞ്ചിരിയുടെ പ്രകാശം വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *