ഹോസ്പിറ്റലിൽ എത്തിച്ചതും,ഡോക്ടർ കുഞ്ഞിനെ പരിശോധിച്ചു. വീട്ടിൽ ആർക്കെങ്കിലും പനിയോ മറ്റോ ഉണ്ടായിരുന്നോ?
ഇല്ല.
കുഞ്ഞ് പാലൊക്കെ കുടിക്കുന്നുണ്ടോ?
ഗൗരി തല കുനിച്ചു, ഇത് അനിയന്റെ കുഞ്ഞാണ്, അവർ വിദേശത്താണ്.
ഓഹോ അങ്ങനെയാണോ
ഡോക്ടർ കുഞ്ഞിന്റെ നെഞ്ചിലും പുറത്തുമൊക്കെ പരിശോധിച്ചു നോക്കി.
വേറെ കുഴപ്പമൊന്നും ഇല്ല, മരുന്ന് കൊടുത്താൽ മതി. പിഞ്ചു കുഞ്ഞല്ലേ അഡ്മിറ്റ് ചെയ്യുന്നില്ല.വീട്ടിൽ പൊയ്ക്കോളൂ.. മരുന്ന് കഴിച്ചിട്ട് കുറവൊന്നും ഇല്ല, കുഞ്ഞിന് വല്ലാത്ത ക്ഷീണമാണ് എന്നൊക്കെ തോന്നിയാൽ കുഞ്ഞിനെ ഉടനെ കൊണ്ടുവരണം.
അവർ മരുന്നും വാങ്ങി ഇറങ്ങി.
കുഞ്ഞിനെ ഗൗരി നന്നായി പൊതിഞ്ഞു പിടിച്ചു.വീട്ടിലെത്തിയിട്ടും കുഞ്ഞിനെ കട്ടിലിൽ കിടത്താൻ അവൾ കൂട്ടാക്കിയില്ല..കുഞ്ഞിനെ നെഞ്ചോരം ചേർത്ത് പിടിച്ച് ഗൗരി ഇരുന്നു.
നീ മോളെ കട്ടിലിൽ കിടത്തു ഗൗരി.
വേണ്ട, ശരത്തേട്ട കിടത്തുമ്പോൾ കുഞ്ഞ് കരയും.
ശരത്ത് പിന്നെയവളെ നിർബന്ധിച്ചില്ല. അയാൾക്കറിയാം എത്ര പറഞ്ഞാലും അവൾ കുഞ്ഞിനെ കിടത്തില്ലെന്ന്.
നേരം വെളുക്കാൻ ഇനി അധിക സമയം ഒന്നുമില്ല.അയാൾ എഴുന്നേറ്റിരുന്നു. കുഞ്ഞിനെ ഇങ്ങ് താ ഞാൻ എടുക്കാം.
അവൾ കുഞ്ഞിനെ അയാളുടെ കൈയിലേക്ക് കൊടുത്തു. അയാൾ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..കുഞ്ഞ് നല്ല ഉറക്കമാണ്. അയാൾ അവളുടെ കുഞ്ഞുനെറ്റിയിൽ പതിയെ ഒരുമ്മ കൊടുത്തു.
ശരത്തേട്ട, മോളുണർന്നാൽ വിളിക്കണേ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ. ജോലി പെട്ടന്ന് ഒതുക്കിയിട്ട് വരാം.
ശരി നീ ചെല്ല്,മോളെ ഞാൻ നോക്കിക്കോളാം.
തിരക്കിട്ട ജോലിക്കിടയിലും അവൾ ഇടയ്ക്കിടെ മുറിയിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.
ഇടക്കു വന്നു നോക്കിയപ്പോൾ മോൾ ഉണർന്നിട്ടുണ്ട്. ശരത്തേട്ടൻ അവളെ കളിപ്പിക്കുകയാണ്.
മോൾടെ പനിയൊക്കെ മാറി കേട്ടോ, ദേ കണ്ടില്ലേ കളിക്കാൻ തുടങ്ങി പൊന്നി.
ആഹാ… പൊന്നിയോ നല്ല പേരാണല്ലോ. അവൾ പറഞ്ഞു.
ഉവ്വോ എന്നാൽ നമുക്ക് മോളെ അങ്ങനെ വിളിക്കാം..
ദിവസങ്ങൾ പോകെപ്പോകെ പൊന്നി അവരുടെ ജീവനും ജീവിതവുമായി.
ഗൗരിയുടെ ഡാൻസ് സ്കൂൾ വീടിനോട് ചേർന്നായതു കൊണ്ട് പൊന്നിയേയുംഅവിടെ കൊണ്ടു കിടത്തും.
ഡാൻസ് പഠിക്കാൻ വരുന്ന കുട്ടികളൊക്കെ പൊന്നിയെ എടുക്കും കൊഞ്ചിക്കും
ആറാം മാസത്തിൽ അവൾ കമിഴ്ന്നു വീണു.
ശരത്തേട്ടാ…അച്ഛാ… ഇങ്ങ് വന്നേ ഒരു കാഴ്ച്ച കാണാം.
എന്താ… അവർ ഓടിവന്നു.
അയ്യോടീ പൊന്നി നീ കമിഴ്ന്നു വീണോ.. അച്ഛൻ ചോദിച്ചുകൊണ്ട് പൊന്നിയുടെ അടുത്തേക്കു ചെന്നു.
തല പൊക്കാൻ പ്രയാസപ്പെട്ട് അവൾ അച്ഛനെ നോക്കുന്നത് കണ്ട് അവർക്കു ചിരി വന്നു. ഇത്തിരി നേരം അവൾ അങ്ങനെ തന്നെ കിടന്നു.
യ്യോ… എന്റെ പൊന്നി മടുത്തോടാ? ഗൗരി അവളെ വാരി എടുത്തു.
മ്മേ… അവൾ ശബ്ദം ഉണ്ടാക്കി.
അമ്മേ എന്നല്ലേ പൊന്നി വിളിച്ചത് ശരത്തേട്ട? മോളെ ഒന്നൂടെ വിളിച്ചേ….. ഗൗരി നിറകണ്ണുകളോടെ പറഞ്ഞു.
പൊന്നി പക്ഷെ വേറെന്തോ ശബ്ദങ്ങൾ ഒക്കെ ഉണ്ടാക്കി കളിക്കാൻ തുടങ്ങി.
നീന വീഡിയോ കാൾ വിളിക്കുമ്പോൾ, മോളെ കണ്ട് അത്ഭുതപ്പെടാറുണ്ട്.
എത്ര പെട്ടന്നാണ് മോൾ വളരുന്നത്.അവൾക്ക് അപ്പോൾ മോളെ എടുക്കാൻ വല്ലാത്ത കൊതി തോന്നും.
പൊന്നിയെ കാണാൻ ഇടയ്ക്കിടെ നീനയുടെ അമ്മയും, നവനീതും വരും.പൊന്നിക്ക് നവനീതിനെ വലിയ കാര്യമാണ്. അവൻ കൈനീട്ടുമ്പോഴേക്കും അവൾ ചാടി ചെല്ലും.
♡♡♡♡♡♡♡♡♡♡♡♡♡
നീനക്ക് അന്ന് വലിയ സന്തോഷമുള്ള ദിവസമായിരുന്നു.വീടിന്റെ ആധാരം തിരിച്ചെടുത്തു എന്ന് അമ്മ വിളിച്ചു പറഞ്ഞപ്പോൾ വലിയൊരു സങ്കടം ഒഴിഞ്ഞു പോയത് പോലെ അവൾക്കു തോന്നി.
ഇനി ആരും ഇറക്കി വിടില്ല എന്ന ധൈര്യത്തിൽ കിടന്നുറങ്ങാമല്ലോ.
ഒരു വലിയ കടം വീട്ടി. കുറച്ച് പണം അമ്മയുടെ പേരിൽ ബാങ്കിൽ ഇടാൻ കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഒരു സന്തോഷം ഒക്കെ തോന്നുന്നുണ്ട്.
കാശി… നാളെ നമുക്ക് പുറത്തു പോയാലോ?
പിന്നെന്താ പോകാം.
ഒരുപാട് നാളുകൾക്കു ശേഷം മനസ്സ് നിറച്ചും സന്തോഷവുമായി അവൾ അവനോടൊപ്പം സമയം ചിലവഴിച്ചു.
നീന…ഞാൻ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറാൻ തീരുമാനിച്ചു.കാശി പറഞ്ഞു
അതെന്താ… ഇപ്പോൾ അങ്ങനെ ഒരു തീരുമാനം.
സാലറി കുറച്ചൂടെ കൂടുതൽ കിട്ടും. അത് തന്നെ കാരണം.
ഇപ്പോൾ അത്യാവശ്യം നല്ല സാലറി ഉണ്ടല്ലോ നമുക്ക്.
ഇതാണ് നീന നിന്റെ കുഴപ്പം. ഒരിടത്തു തന്നെ നിന്ന് മുന്നേറാൻ കഴിയില്ല. നമ്മുടെ കാലുകൾ മുന്നോട്ട് വയ്ക്കണം.കൂടുതൽ മെച്ചമായതു തിരഞ്ഞെടുക്കാൻ നീയിനി എന്ന് പഠിക്കും?
എനിക്ക് ഒന്നും പഠിക്കണ്ടായേ… ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാൻ എനിക്കറിയാം. അത് മതി.
മതിയെങ്കിൽ മതി. അയാൾ ചിരിച്ചു.
അടുത്ത മാസത്തോടെ ഇവിടം മതിയാക്കും.
അപ്പോൾ നേരത്തെ പ്ലാൻ തുടങ്ങിയാരുന്നോ?
പിന്നല്ലാതെ കഴിഞ്ഞ രണ്ടുമൂന്നു മാസമായി ശ്രമം തുടങ്ങിയിട്ട്.കുറച്ച് ദൂരക്കൂടുതൽ ഉണ്ട് എങ്കിലും സാരമില്ല.
അപ്പോൾ പോയി വരവ് ഒരു ബുദ്ധിമുട്ടാവില്ലേ
അതൊന്നും കുഴപ്പമില്ല
അതേ ഇങ്ങനെ ഇരുന്നാൽ മതിയോ, വീട്ടിൽ ചെന്ന് ഒരാഘോഷം ഒക്കെ വേണ്ടേ? കാശി ചോദിച്ചു.
എന്താഘോഷം??
നല്ല ചോരത്തിളപ്പുള്ള ഒരു സുന്ദരനും അവന്റെ സുന്ദരിയും കൂടെയുള്ള ഒരു ആഘോഷം. അയാൾ അവളുടെ ചുണ്ടുകളിൽ ചുംiബിച്ചു.
അയ്യേ… പോ ചെറുക്കാ…
അവർക്കിടയിൽ സന്തോഷത്തിന്റെയും, പ്രണയത്തിന്റെയും മോഹത്തിന്റെയും ദിനങ്ങൾ പീലി വിടർത്തി.നീ ലരiതിയുടെ
ചെപ്പുകൾ അവനായി തുറക്കുവാൻ അവൾക്കൊരു മടിയുമില്ലായിരുന്നു.
♡♡♡♡♡♡♡♡♡♡♡♡
പൊന്നിക്ക് രണ്ട് കുഞ്ഞരിപ്പല്ലുകൾ മുളച്ചു. എടുക്കുന്നവരുടെ മൂക്കും കവിളും ഒക്കെ കടിക്കുന്നതാണ് പൊന്നിയുടെ ഇപ്പോഴത്തെ ഹോബി. അവളുടെ കളിചിരികളിലേക്കാണ് ആ വീട് ഉണരുന്നത്.
പൊന്നി ഇപ്പോൾ ഗൗരിയെ മ്മേ.. എന്ന് ഉച്ചത്തിൽ വിളിക്കും. ആരും പറഞ്ഞുകൊടുക്കാതെ അവൾ അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ ഗൗരിയുടെ ഉള്ളം നിറയും.
വലിഞ്ഞു നീന്തി മുറി മുഴുവൻ അവൾ അമ്മയെ തിരക്കും. ആ വിളി വീണ്ടും വീണ്ടും കേൾക്കാൻ വേണ്ടി ഗൗരി പൊന്നിയെ കാണാതെ മറഞ്ഞിരിക്കും.
ശരത്ത് വരുമ്പോൾ ഗൗരി പറയും, ദേ… പൊന്നിയുടെ അച്ഛൻ വന്നല്ലോ…
അയാളെ പൊന്നി അച്ഛാ എന്നൊന്ന് വിളിക്കുന്നത് കേൾക്കാൻ ഗൗരിക്ക് അതിയായ ആശയുണ്ടായിരുന്നു. അതുകൊണ്ട് കുഞ്ഞിനെ അവൾ അച്ഛാ എന്ന് വിളിക്കാൻ ശീലിപ്പിക്കുന്നുണ്ടായിരുന്നു.
ശരത്തിന്റെ വണ്ടിയുടെ ഒച്ച കേൾക്കുമ്പോൾ പൊന്നിക്ക് അറിയാം.
പൊന്നി നീന്തി നീന്തി വാതിലിനരുകിൽ എത്തും.അയാൾ വന്നാൽ ഉടനെ പൊന്നിയെ എടുത്തോളണം. ഇല്ലെങ്കിൽ വായ നിറച്ചും എന്തൊക്കെയോ പറഞ്ഞവൾ ഒച്ചയിടും.
ഒരു ദിവസം ശരത്ത് വന്നപ്പോൾ പൊന്നി ഗൗരിയുടെ ഒക്കത്ത് ഇരിക്കുകയായിരുന്നു. അതുകൊണ്ട് അവളെ എടുക്കാൻ നിൽക്കാതെ ശരത്ത് അകത്തേക്ക് പോകാൻ തുനിഞ്ഞതും പൊന്നി അച്ചേ… ന്ന് നീട്ടി വിളിച്ചു.
അയാൾ അത് കേട്ടതും ഒന്ന് നിന്നു. പിന്നെ പൊടുന്നനെ അകത്തേക്ക് പോയി.
ഇതെന്ത് പറ്റി ശരത്തേട്ടന്? മോള് വിളിക്കുന്നത് കേട്ടില്ലേ??
അവൾ അകത്തേക്ക് ചെന്നു.
ശരത്ത് വാതിലിന് മറഞ്ഞു നിൽക്കുകയാണ്. അയാളുടെ കണ്ണുകൾ പൊട്ടിയൊഴുക്കുന്നുണ്ട്, ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് ഉയർത്തി അയാൾ കണ്ണുകൾ തുടക്കുകയാണ്.
എന്താ… എന്താ.. ശരത്തേട്ടാ? എന്ത് പറ്റി?
നീ കേട്ടില്ലേ ഗൗരി,മോൾ വിളിച്ചത്, അച്ഛാ എന്ന്….ഈ ജന്മം അങ്ങനൊരു വിളി കേൾക്കാൻ കഴിയുമെന്ന് നമ്മൾ കരുതിയതാണോ?
ഗൗരിയുടെ ഹൃദയം ആർദ്രമായി
ഇങ്ങ് വന്നേടീ കാന്താരീ… അയാൾ പൊന്നിയെ എടുത്തു.
മുഖത്ത് തെരുതെരെ ഉമ്മ വച്ചു.
മീശ കൊണ്ടിട്ടാവണം അവൾ മുഖം മാറ്റിക്കൊണ്ട് അച്ചേ…. അച്ചേ.. എന്ന് വിളിച്ചുകൊണ്ട്, കീരിപ്പല്ലുകൾകൊണ്ട് അയാളുടെ കവിളിൽ കടിച്ചു.
അയ്യോ… ദേ… ഈ പെണ്ണ് എന്നെ കടിക്കുന്നു.
ഗൗരി അത് കണ്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.
♡♡♡♡♡♡♡♡♡♡♡♡♡
അമ്മേ നമുക്ക് നാളെ വാവയെ കാണാൻ പോയാലോ? നവനീത് ചോദിച്ചു.
പോകാം. ഞാനും ഓർക്കുകയായിരുന്നു ഒന്ന് പോയാലോ എന്ന്.
പോകുമ്പോൾ എന്തെങ്കിലും വാങ്ങിക്കൊണ്ട് പോകണം. സ്വർണ്ണമായിട്ട് എന്തെങ്കിലും. നീന അയച്ച പണം ബാങ്കിൽ നിന്നും എടുക്കാം.
അത് അമ്മക്ക് ചേച്ചി ഇട്ടുതന്നതല്ലേ, ചേച്ചി അറിഞ്ഞാൽ വഴക്ക് പറയും.
അതൊന്നും സാരമില്ല. നമ്മൾ എന്തേലും കൊടുക്കണം.നീനയും, കാശിയും ഇവിടില്ലാത്തത് കൊണ്ട് കുഞ്ഞിന്റെ നൂല് കെട്ട് ആരോടും പറഞ്ഞില്ലല്ലോ. ഞാനും നീയും, അവിടുത്തെ അച്ഛനും ശരത്തും ഗൗരിയും മാത്രമല്ലേ ആ ചടങ്ങിൽ ഉണ്ടായിരുന്നുള്ളൂ… അന്ന് നമ്മൾ കുഞ്ഞിന് ഒന്നും കൊടുത്തില്ല..ഇനിയെങ്കിലും കുഞ്ഞിന് എന്തെങ്കിലും വാങ്ങി കൊടുക്കണം.
എന്നാൽപ്പിന്നെ മാല വാങ്ങി കൊടുക്കാം അമ്മേ.
ഉം.. അതെ, അതാ നല്ലത്.
അടുത്ത ദിവസം തന്നെ അവർ മാലയും വാങ്ങി കുഞ്ഞിനെ കാണാൻ പുറപ്പെട്ടു.
നവനീതും അമ്മയും ചെല്ലുമ്പോൾ അച്ഛൻ സിറ്റൗട്ടിൽ ഇരുന്നു ഫോൺ നോക്കുകയാണ്.
ആഹാ… ഇതാരൊക്കെയാ..കയറി വരൂ. അയാൾ അവരെ അകത്തേക്ക് ക്ഷണിച്ചു.
ഇന്ന് പറമ്പിൽ പണിയൊന്നും ഇല്ലായിരുന്നോ?.അമ്മ ചോദിച്ചു.
പറമ്പിൽ പണിയൊക്കെയുണ്ട് ഗീതേ, രണ്ടു ദിവസമായി ചെറിയ കാലുവേദന. അതുകൊണ്ട് അൽപ്പം റസ്റ്റ് എടുത്തേക്കാം എന്ന് കരുതി
ഗൗരിയും ശരത്തും എവിടെ?
അവന് രാവിലെ ഓട്ടമുണ്ട്. ഗൗരി അപ്പുറത്തുണ്ട്. കയറി ചെല്ല്.
നവനീതും അമ്മയും അകത്തേക്ക് ചെന്നു.
അകത്തെങ്ങും അവർ ഇല്ല. പെട്ടന്നാണ് കുഞ്ഞിന്റെ ചിരി അവർ കേട്ടത്.
പിന്നാമ്പുറത്തെ വർക്ക് ഏരിയയുടെ പടിയിൽ നിർത്തി ഗൗരി കുഞ്ഞിനെ കുളിപ്പിക്കുകയാണ്.
കുഞ്ഞിന്റെ ദേഹത്തേക്കു വെള്ളം ഒഴിക്കുമ്പോൾ അവൾ കുടുകുടെ ചിരിക്കുകയാണ്..
ആഹാ…. കുളിയാണോ ഇവിടെ..
ആ….അമ്മ എത്തിയോ, ഞാൻ ഇന്നലേം കൂടെ ഓർത്തതേ ഉള്ളൂ അമ്മയും നവനീതും ഇങ്ങോട്ട് വന്നിട്ട് കുറച്ചായല്ലോ എന്ന്.
അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ ഒക്കെയായിരുന്നു ഗൗരിയേടത്തീ.. അതാ വരാഞ്ഞത്. നവനീത് പറഞ്ഞു.
അയ്യോ അമ്മക്ക് എന്ത് പറ്റി? ഗൗരി ചോദിച്ചു.
പ്രത്യേകിച്ച് ഒന്നും പറ്റിയിട്ടില്ല ഗൗരി. ആ ശ്വാസം മുട്ടലിന്റെയും മറ്റും പ്രശ്നങ്ങൾക്ക്, നല്ലൊരു ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങണം എന്നും പറഞ്ഞു നീന കുറച്ച് പണം അയച്ചു തന്നിരുന്നു.എന്നാൽ പിന്നെ കണ്ടേക്കാം എന്ന് കരുതി.
ഉവ്വോ?
ഉം… ചികിത്സയും തുടങ്ങി.അതാ ഇങ്ങോട്ട് വരാൻ വൈകിയത്
പൊന്നി,വന്നവരെ മാറി മാറി നോക്കി..
എന്താ വാവേ ഞങ്ങളെ മറന്നു പോയോ. ഇങ്ങ് വന്നേ അമ്മമ്മ ഒന്ന് എടുക്കട്ടെ..
അമ്മ കുഞ്ഞിന് നേരെ കൈ നീട്ടി.
കുഞ്ഞ് ഗൗരിയുടെ മാiറിലേക്ക് മുഖം ഒളിപ്പിച്ചു. എന്നിട്ട് ഇടയ്ക്കിടെ അവൾ അവരെ ഒളിച്ചു നോക്കി…
അവരും അതേപോലെ നോക്കുമ്പോൾ അവൾ വായ തുറന്ന് ചിരിച്ചു.
അമ്പടീ… നിനക്ക് വേറേം പല്ല് വന്നോ, നവനീത്കു ഞ്ഞിന്റെ കവിളിൽ പിടിച്ച് കൊഞ്ചിച്ചു..
അവർ ഓരോന്നും സംസാരിച്ചു കൊണ്ട് ചായ കുടിച്ചു കൊണ്ടിരു ന്നപ്പോഴാണ് ശരത്ത് കയറി വന്നത്.
ആഹാ… ഇതെപ്പോൾ വന്നു?
കുറച്ച് നേരം ആയതേ ഉള്ളൂ…
അച്ചേ…. കുഞ്ഞ് അയാൾക്ക് നേരെ കുതിച്ചു ചാടി. അമ്പടീ കാന്താരീ… അയാൾ കുഞ്ഞിന്റെ മൂക്കിൽ മൂക്ക് ഉരസി…
ഇന്നലെ ഇവൾ ഒന്ന് രണ്ടടി നടന്നു കേട്ടോ… ഗൗരി സന്തോഷത്തോടെ പറഞ്ഞു.
ഉവ്വോ… നീനയുടെ അമ്മ അതിശയം പൂണ്ടു.
അതും ശരത്തേട്ടനെ മാത്രേ പൊന്നിക്ക് വിശ്വാസം ഉള്ളൂ… ശരത്തേട്ടൻ കൈ നീട്ടിയാൽ അവൾ ശരത്തേട്ടന്റെ നേരെ നടക്കാൻ ശ്രമിക്കും.
ശരത്തിന് ഇന്ന് ഇനി തിരക്കുണ്ടോ? നീനയുടെ അമ്മ ചോദിച്ചു.
തിരക്കൊന്നും ഇല്ല. എന്തേ..?
അല്ല കുഞ്ഞിന്റെ കാത് കുത്തിയില്ലല്ലോ. ഇന്നാണെങ്കിൽ ഞങ്ങളും കൂടെ വരാമായിരുന്നു.
ഇപ്പോഴേ കാത് കുത്താണോ? പൊന്നിക്ക് നോവില്ലേ? ഗൗരി ചോദിച്ചു.
ഇപ്പോഴാണ് നല്ലത്. പെൺകുഞ്ഞുങ്ങളുടെ കാത് കുiത്തി കമ്മലിടുമ്പോഴാണ് ഭംഗി.
ഗൗരി പിന്നെ ഒന്നും പറഞ്ഞില്ല.
എന്നാൽ ഗൗരി പോയി റെഡിയാക്. മോളെ ഞാൻ ഉടുപ്പ് ഇടീച്ചോളാം നീനയുടെ അമ്മ പറഞ്ഞു.
അമ്മ കുഞ്ഞിനെ എടുത്തതും, അവൾ ഉറക്കെ കരഞ്ഞു കൊണ്ട് ശരത്തിന് നേരെ കൈ നീട്ടി.
എന്റെ പൊന്നി കരയണ്ടാട്ടോ, അച്ഛ ഇടീക്കാലോ ഉടുപ്പ്.അയാൾ കുഞ്ഞിനെ എടുത്തതും അവളുടെ കരച്ചിൽ നിന്നു.
ശരത്ത് തന്നെ അവളെ കുഞ്ഞുടുപ്പ് ധരിപ്പിച്ചു. കണ്മഷി എടുത്ത് പൊട്ടും, കവിളിൽ ഒരു മറുകും കുത്തി കൊടുത്തു. മോളുടെ മുടി നീണ്ട് നെറ്റിയി ലേക്ക് വീണുകിടന്നത് അയാൾ കൈകൊണ്ട് ഒതുക്കി വച്ചു.
അച്ഛന്റെ പെണ്ണ് ചുന്ദരി ആയല്ലോ, അയാൾ കുഞ്ഞിന്റെ കവിളിൽ ഉമ്മ വച്ചു.
നീനയുടെ അമ്മക്ക് അൽപ്പം ഈർഷ്യ തോന്നി. കുഞ്ഞിന്റെ അച്ഛൻ ഒന്നുമല്ലല്ലോ ഇത്രയും സ്വാതന്ത്രം എടുക്കാൻ.എങ്കിലും അവർ ഒന്നും പറഞ്ഞില്ല.
ഗൗരി റെഡിയായി ഇറങ്ങി വന്നു.
പോകാം..
ദേ.. ഇത് കൂടെ ഇട്ടോ, നീനയുടെ അമ്മ ഒന്നര പവനോളം വരുന്ന ഒരു മാല എടുത്ത് കുഞ്ഞിന്റെ കഴുത്തിൽ ഇടീച്ചു.
ഇതൊക്കെ എന്തിനാ അമ്മേ ഇപ്പോൾ വാങ്ങിയത്. അമ്മയുടെ ചികിത്സയും മറ്റും നടക്കുവല്ലേ? ഗൗരി പറഞ്ഞു.
എന്റെ മകളുടെ കുഞ്ഞല്ലേ… ഞാൻ വാങ്ങി കൊടുക്കണ്ടേ..
പെട്ടന്ന് ഗൗരി വല്ലാതെയായി. ശരിയാണ് അവരുടെ മകളുടെ കുഞ്ഞാണ്.
എന്നാൽ പോയാലോ? ശരത്ത് ചോദിച്ചു.
എല്ലാവരും കൂടെ ശരത്തിന്റെ വണ്ടിയിൽ കയറി. വണ്ടിയിൽ കയറുന്നതും, യാത്ര ചെയ്യുന്നതും പൊന്നിക്ക് ഒരുപാട് ഇഷ്ട്ടമാണ്.
ഗൗരി… നമ്മൾ മോൾക്ക് ഇതുവരെ ഒരു പേര് ഇട്ടില്ലല്ലോ. നീനയുടെ അമ്മ പറഞ്ഞു.
പൊന്നി എന്നാ ഞങ്ങൾ വിളിക്കുന്നത്.
അത് പോരല്ലോ, നല്ലൊരു പേര് ഇടണം.
സത്യം പറഞ്ഞാൽ ഞങ്ങളത് ഇത് വരേയും ആലോചിച്ചില്ല.ഗൗരി പറഞ്ഞു.
കുഞ്ഞിന്റെ നൂല് കെട്ട് ആരോടും പറഞ്ഞില്ലല്ലോ, അടുത്തമാസം കുഞ്ഞിന്റെ പിറന്നാൾ അല്ലേ നമുക്കത് ആഘോഷമാക്കണം. എല്ലാവരെയും വിളിക്കണം. അന്ന് പേരും ഇടാം.
നൂല് കെട്ടിന്റെ അന്ന് പേര് ഇട്ടതല്ലേ അമ്മേ നവനീത് സംശയത്തോടെ ചോദിച്ചു.
എടാ.. അന്ന് കുഞ്ഞിന്റെ അച്ഛന്റെ അമ്മയുടെ പേരല്ലേ കാതിൽ വിളിക്കുന്നത്. കാശിയും നീനയും ഇല്ലാത്തത് കൊണ്ട് നമ്മൾ അന്ന് കുഞ്ഞിനെ വേറെ പേരൊന്നും ഇട്ടില്ലല്ലോ.
കാശിയുടെയും നീനയുടെയും അക്ഷരങ്ങൾ ചേർത്ത് കനിഹ എന്ന് ഇട്ടാലോ നല്ല പേരല്ലേ. അമ്മ ചോദിച്ചു.
എന്റെ അമ്മേ അങ്ങനത്തെ പേരൊന്നും വേണ്ട.നവനീത് പറഞ്ഞു
നീയൊന്നു മിണ്ടാതിരിയെടാ ചെറുക്കാ..
ഈ അമ്മയുടെ ഒരു കാര്യം.
അപ്പോഴാണ് നവനീതിന്റെ ഫോണിലേക്ക് നീനയുടെ വീഡിയോ കാൾ വന്നത്.
ദേ… ചേച്ചി വിളിക്കുന്നു.അവൻ കാൾ എടുത്തു.
ചേച്ചി നല്ല സമയത്താ വിളിക്കുന്നത്.
അതെന്താടാ…
വാവക്ക് എന്ത് പേരിടും എന്നാണ് ഇവിടെ ചർച്ച.
ഒരു വയസ്സ് ആകാറായില്ലേ, ഇനി പേര് ഇടണം. അമ്മ പറയുവാ കനിഹ എന്ന്.
കനിഹയോ?
കണിക ആകാത്തത് ഭാഗ്യം അല്ലേ ചേച്ചീ… അവൻ ഉറക്കെ ചിരിച്ചു.
ഞങ്ങള് മോളുടെ കാത് കുത്താൻ പൊയ്ക്കൊണ്ടിരിക്കുവാ ചേച്ചീ..
ഉവ്വോ…
ഞങ്ങൾ ഇവളുടെ പിറന്നാൾ വലിയ രീതിയിൽ അങ്ങ് ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുവാ ചേച്ചി.
അവൻ ഫോൺ എല്ലാവരുടെയും മുഖത്തിനു നേരെ പിടിച്ച് കാണിച്ചു
അമ്മേടെ പൊന്നേ… അവൾ കുഞ്ഞിനെ വിളിച്ചു.
കുഞ്ഞ് അവളെ ഒന്ന് നോക്കിയിട്ട്, വഴിയിലൂടെ പോകുന്ന വാഹന ങ്ങളിൽ നോക്കി ഇരുന്നു.
അമ്മേ… പുതിയ ചികിത്സയൊക്കെ എങ്ങനുണ്ട്? നീന അമ്മയോട് ചോദിച്ചു.
അയ്യോ… ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്. കിതപ്പോ, ശ്വാസം മുട്ടലോ ഒന്നുമില്ല. ഇന്നലെ നമ്മുടെ പറമ്പിലെ കുറച്ച് പണിയൊക്കെ ചെയ്തു. ഒരു കുഴപ്പവുമില്ലായിരുന്നു.
പിന്നേ മോളെ, ഞാൻ അയൽക്കൂട്ടത്തിലെ പൈസയൊക്കെ പലിശയടക്കം അടച്ചു. പെണ്ണുങ്ങൾ പറയുവാ ഗീതച്ചേച്ചി രക്ഷപ്പെട്ടല്ലോ, ചേച്ചിയുടെ മോൾ വിദേശത്ത് പണം കൊയ്യുവല്ലേ എന്ന്.അതുങ്ങക്ക് കണ്ണുകടിയാ മോളെ.. ഇന്നലെ തെക്കേലെ രാധ എന്നോട് ചോദിക്കുവാ, അസുഖമൊക്കെ മാറിയില്ലേ ഇനി തൊഴിലുറപ്പിനു വരുന്നുണ്ടോ എന്ന്. അവക്ക് നാണമുണ്ടോ എന്നോട് അങ്ങനെ ചോദിക്കാൻ. ഞാൻ പണിക്കൊക്ക പോകുന്നത് മോൾക്ക് ഇനി നാണക്കേടല്ലേ..
അമ്മ ജോലിക്കൊന്നും പോകണ്ട, ആദ്യം അസുഖമൊക്കെ നന്നായി മാറട്ടെ. ഗൗരി പറഞ്ഞു.
മോളെ… നിനക്കവിടെ സുഖമാണോ? ഗൗരി ചോദിച്ചു.
ഉവ്വ് ഏട്ടത്തി.
എന്താ കുറേ ദിവസമായിട്ടു വിളിക്കാതെ ഇരുന്നത്?
ഇവിടെ ഭയങ്കര തിരക്കായിരുന്നു.അതാ.
ഏട്ടത്തി മോൾക്ക് എന്തെങ്കിലും പേര് കണ്ടെത്തിയിട്ടുണ്ടോ? അവൾ ചോദിച്ചു.
ഇവൾ നമുക്ക് കിട്ടിയ നിധിയല്ലേ, അതുകൊണ്ട് നമുക്കിവളെ നിധി എന്ന് വിളിച്ചാലോ. ഗൗരി ചോദിച്ചു.
നിധി… ഉം നല്ല പേരാണ്. അത് മതി.നീന പറഞ്ഞു.
ഞാൻ വയ്ക്കുവാ ഏട്ടത്തി. പിന്നെ വിളിക്കാം കാത് കുത്തി കമ്മലിട്ട ഫോട്ടോ എനിക്കയച്ചു തരണേ ഏട്ടത്തി.
അയച്ചു തരാം മോളെ.
നീനക്ക് നിധി എന്നപേര് ഇഷ്ട്ടമായി. നമുക്ക് അതിട്ടാലോ അമ്മേ? ഗൗരി ചോദിച്ചു.
എന്നാൽ അങ്ങനെയാവട്ടെ, നിങ്ങൾ പുതിയ പിള്ളേർക്ക് ഇങ്ങനത്തെ പേരൊക്കെയല്ലേ ഇഷ്ട്ടം.
നീനയുടെ അമ്മക്ക് അൽപ്പം നീരസമുണ്ടെന്ന്ഗൗ.രിക്ക് തോന്നി.
പൊന്നിയുടെ കാത് കുiത്തുമ്പോൾ പൊന്നിക്ക് നോവുമല്ലോ എന്ന ചിന്ത ഗൗരിയെ അസ്വസ്തയാക്കുന്നുണ്ടായിരുന്നു.
ആദ്യം അവർ കുഞ്ഞിനായി കമ്മലുകൾ നോക്കി ചെറിയ ഒരു മൊട്ടുകമ്മൽ തിരഞ്ഞെടുത്തു.
കാത് കുത്താനായി ഒരു ചെറുപ്പക്കാരനാണ് വന്നത്. അയാൾ കുഞ്ഞിന്റെ കാതിൽ ഒരു പേന കൊണ്ട് ചെറിയ മാർക്ക് ചെയ്തു.
കുഞ്ഞ് അയാളെ നോക്കി ചിരിച്ചു കാണിച്ചു.
കുഞ്ഞിനെ ഗൗരിയുടെ മടിയിലേക്ക് ചേർത്ത് ഇരുത്തി, ഒരു കാത് കുiത്തിയതും പൊന്നി ഉറക്കെ കരഞ്ഞു..അവളേക്കാൾ കരഞ്ഞത് ഗൗരിയാണ്. ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, കവിളുകൾ വിറച്ചു.
പൊന്നിയെ ഇങ്ങ് താ.. ഞാൻ പിടിച്ചോളാം. ശരത്ത് പറഞ്ഞു.
ശരത്തിന്റെ മടിയിൽ ഇരുത്തിയാണ് പൊന്നിയുടെ അടുത്ത കാത് കുത്തിയത്.
മോളുടെ കാത് കുത്തുമ്പോൾ ഗൗരിയുടെ ദേഹം കിലുകിലെ വിറക്കുന്നുണ്ടായിരുന്നു.
കുരുന്നു ശരീരം നോവുന്നത് ഗൗരിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
ഈ കാത് കുത്തൊന്നും ഇപ്പോൾ വേണ്ടിയിരുന്നില്ല. അവൾ ഇത്തിരി വളർന്നു കഴിയുമ്പോൾ ആയിരുന്നെങ്കിൽ…
ഉറക്കെ കരയുന്ന പൊന്നിയെ വാരിയെടുത്ത് ഗൗരി ആശ്വസിപ്പിച്ചു.
അമ്മേ… അമ്മേ…. അവൾ കരഞ്ഞു കൊണ്ട് ഗൗരിയുടെ തോളിലേക്ക് ചാഞ്ഞു.
വല്ലാതെ പാട് പെട്ടാണ് ഗൗരി കുഞ്ഞിന്റെ കരച്ചിലടക്കിയത്.
പൊന്നിയെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞ് നെഞ്ചിലേക്ക് ചേർത്തു പിടിച്ചപ്പോൾ പൊന്നിയുടെ മുഖം തെളിഞ്ഞു.
ഗൗരിയുടെ മാiറിൽ ഒട്ടിയിരുന്നവൾ ഉറങ്ങി.
ഗൗരിയുടെയും കുഞ്ഞിന്റെയും പ്രവർത്തികൾ നോക്കി നിൽക്കു കയായിരുന്നു. നീനയുടെ അമ്മ.
ഈ സ്നേഹം ആപത്താണ്. ഇത് അവസാനം ദോഷം ചെയ്യുമെന്ന് ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ.ഇങ്ങനെ തുടർന്നാൽ കുഞ്ഞിനെ ഇവർ വിട്ട് തന്നില്ലെങ്കിലോ? എന്റെ മകളുടെ കുഞ്ഞാണിത്. എന്റെ കൂടെ വളരേണ്ട കുഞ്ഞ്.
എനിക്ക് സുഖമില്ലാത്തത്തിനാൽ മാത്രമാണ് കുഞ്ഞിനെ ഗൗരിയുടെ അടുത്ത് ഏല്പിച്ചത്.
അത് തെറ്റായിരുന്നു എന്ന് മനസ്സ് പറയുന്നു.
തിരികെ മടങ്ങുമ്പോൾ വണ്ടിക്കുള്ളിൽ നിശബ്ദതയായിരുന്നു. പൊന്നി ഉണരാതിരിക്കാൻ വേണ്ടിയാകും ആരും ഒന്നും സംസാരിക്കാത്തത് എന്ന് കരുതി നവനീതും ഒന്നും മിണ്ടിയില്ല.
അതേ വണ്ടിയിൽ തന്നെ ശരത്ത്, നീനയുടെ അമ്മയെയും അനിയനെയും അവരുടെ വീട്ടിൽ കൊണ്ടാക്കി.
എന്നാൽ ഞങ്ങൾ ഇറങ്ങുവാ….ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ നിറുകയിൽ ഒന്ന് തലോടി അമ്മ വണ്ടിയിൽ നിന്നും ഇറങ്ങി.
ഓഹ്… ഗൗരിയേടത്തിക്ക് എന്ത് സ്നേഹമാ പൊന്നിയോട് അല്ലേ അമ്മേ.. നവനീത് ചോദിച്ചു.
ഉപ്പോളം വരുമോടാ ഉപ്പിലിട്ടത്.
എനിക്ക് തോന്നുന്നു. ശരിക്കും പൊന്നി ഗൗരി ഏട്ടത്തിക്ക് പിറക്കേണ്ടതായിരുന്നു. പാവം ഏട്ടത്തി, പൊന്നിയുടെ കാത് കുത്തിയപ്പോൾ നൊന്തത് ഗൗരിയേടത്തിക്കാണ്. എന്ത് കരച്ചിലാ യിരുന്നു ഏട്ടത്തി. ഞാൻ വിചാരിച്ചു ഏട്ടത്തി കരഞ്ഞുകരഞ്ഞു താഴെ വീഴുമെന്ന്. എന്ത് പാവമാ അല്ലേ ഗൗരി ഏട്ടത്തി.
ഒന്ന് മിണ്ടാതിരിയെടാ ചെറുക്കാ, അവന്റെ ഒരു ഗൗരി ഏട്ടത്തി.
ഈ അമ്മക്ക് എന്താ പറ്റിയത്,
നീ ആ ഫോൺ ഇങ്ങ് തന്നേ ഞാൻ നീനയെ ഒന്ന് വിളിക്കട്ടെ.
എന്റെ അമ്മേ അങ്ങോട്ട് വിളിച്ചാൽ കിട്ടില്ല.ഡ്യൂട്ടി സമയം ആയിരിക്കും. ഏട്ടത്തി വീട്ടിൽ എത്തുമ്പോൾ ഇങ്ങോട്ട് വിളിക്കും.
അവൾ വിളിക്കുമ്പോൾ പറയണം. ഈ പോക്ക് ശരിയല്ല എന്ന്. ഇങ്ങനെ തുടർന്നാൽ കുഞ്ഞിനെ അവർ വിട്ട് തരില്ല. അതുണ്ടാകാൻ പാടില്ല.
കുഞ്ഞിനെ ഞാൻ ഇവിടെ കൊണ്ടുവരും. എന്റെ കൂടെ വളർന്നാൽ മതി.
കൊച്ചുണ്ടാകാൻ ഭാഗ്യമില്ലാത്ത ശരത്തിന്റെയും ഗൗരിയുടെയും കൂടെയല്ല അവൾ വളരേണ്ടത്.
അവർ മനസ്സിൽ ഉറപ്പിച്ചു.
കുട്ടികൾ ഇല്ലാത്തവർ ആണല്ലോ എന്ന് കരുതി, അവർക്കൊപ്പം കുഞ്ഞിനെ നിർത്തിയത് തന്നെ തങ്ങളുടെ നല്ല മനസ്സ്. കുഞ്ഞിനെ നോക്കാൻ കുഞ്ഞിന്റെ അമ്മമ്മയായ ഞാനുണ്ട്..ഗീത മനസ്സിൽ പറഞ്ഞു.
ഗൗരിക്കും ശരത്തിനും ഒരു വിചാരമുണ്ട്, അവർക്ക് മാത്രമേ കുഞ്ഞിനെ നോക്കാൻ അറിയൂവെന്ന്. എന്നാൽ അങ്ങനെയല്ലെന്ന് ഞാൻ കാണിച്ചു കൊടുക്കാം.
എന്തായാലും ഇന്ന് നീനയെ വിളിച്ച് സംസാരിക്കണം. കാര്യങ്ങളുടെ കിടപ്പ് വശം അവളും ഒന്നും മനസ്സിലാക്കട്ടെ.
♡♡♡♡♡♡♡♡♡♡♡♡♡
പൊന്നിയുടെ കുറേ അധികം ഫോട്ടോ എടുത്ത്, ഗൗരി നീനക്ക് അയച്ചു കൊടുത്തു.
നൃത്തം പഠിക്കാൻ വരുന്ന കുട്ടികളൊക്കെ പൊന്നിയെ എടുക്കും, സത്യം പറഞ്ഞാൽ ആ വീടിലെ ആളുകളുടെ മാത്രമല്ല, ഒരുപാട് ആളുകളുടെ ഓമനക്കുഞ്ഞാണ് പൊന്നി.
രാത്രിയിൽ കുഞ്ഞിന് ഭക്ഷണവും കൊടുത്തിട്ട് ഗൗരി പൊന്നിയെ ഉറക്കാൻ കിടത്തിയപ്പോഴാണ്,നീന വീഡിയോ കാൾ വിളിക്കുന്നത്.
ഗൗരിയേടത്തി… പൊന്നി കാത് കുiത്തിയപ്പോൾ കരഞ്ഞോ?
അയ്യോ.. ഭയങ്കര കരച്ചിലായിരുന്നു.കണ്ടാൽ നമുക്ക് സഹിക്കാൻ കഴിയില്ല.പക്ഷെ ഇപ്പോൾ കുഴപ്പം ഇല്ല കേട്ടോ. നല്ല ചുന്ദരിപ്പെണ്ണായി.
അവളെ ഒന്ന് കാണിക്കുവോ ഏട്ടത്തി?
പൊന്നി കിടന്നു നീന മോളെ, എന്നാലും കാണിക്കാം.
ഗൗരി ഫോൺ ശരത്തിന്റെ നേരെ തിരിച്ചു. ശരത്തിന്റെ നെഞ്ചിൽ കമിഴ്ന്നു കിടന്നുറങ്ങുവാണ് പൊന്നി. വിരൽ വായിൽ വച്ചിട്ടുണ്ട്.
നീനക്ക് അത് കണ്ടപ്പോൾ എന്തോ വല്ലായ്മ തോന്നി.
ഏട്ടത്തി ഭക്ഷണം കഴിച്ചോ?
ഉവ്വ് മോളെ, മോൾ കഴിച്ചോ?
ഇല്ല. കാശി എത്തിയില്ല.
അതെന്താ, നിങ്ങൾ ഒരേ ഹോസ്പിറ്റലിൽ അല്ലേ, പിന്നെന്താ അവൻ വൈകുന്നത്?
കാശി വേറെ ഹോസ്പിറ്റലിലേക്ക് മാറി.
അതെന്താ?
അവിടെ സാലറി കൂടുതൽ കിട്ടുമെന്ന് പറഞ്ഞു മാറിയതാണ്. അച്ഛൻ എന്തിയെ ഏട്ടത്തി?
അച്ഛൻ ഉറങ്ങി.
എന്നാൽ ഗുഡ്നൈറ്റ് ഏട്ടത്തി. ഞാൻ വീട്ടിലും കൂടെ ഒന്ന് വിളിക്കട്ടെ.
എന്നാൽ ശരി മോളെ, ഗൗരി കാൾ കട്ടാക്കി.
നീന എന്ത് പറഞ്ഞു?
പൊന്നിയെ കാണാൻ വിളിച്ചതാ ശരത്തേട്ട, പൊന്നി ഇന്ന് നേരത്തെ ഉറങ്ങിയല്ലോ.
എന്നാൽ കിടക്ക് പെണ്ണേ…
എന്റെ സ്ഥലം പൊന്നി കൈക്കലാക്കിയില്ലേ, പാവം ഞാൻ ഇവിടെ എവിടെയെങ്കിലും ചുരുണ്ട് കൂടിക്കോളാം. അവൾ കളിയായ് പരാതി പറഞ്ഞു.
ഇങ്ങോട്ട് കിടക്കെടീ പെണ്ണേ, അയാൾ തന്റെ ഇടം കൈ വിടർത്തിപ്പിടിച്ചു.
അയാളുടെ കൈയിൽ തല വച്ച് അയാളോട് ചേർന്നു കിടന്ന് അവൾ പൊന്നിയെ തലോടി.
പൊന്നി ഉറങ്ങി, പൊന്നിയെ തൊട്ടിലിൽ കിടത്തട്ടെ? അയാൾ അവളോട് ചോദിച്ചു.
എന്തിനാ?
അത് പറഞ്ഞാലാണോ അറിയൂ… അയാൾ അവളുടെ കവിളിൽ മൃദുവായി കടിച്ചു.
നാണത്താൽ ചുവന്ന മുഖം അവൾ കൈകളാൽ മറച്ചു.
♡♡♡♡♡♡♡♡♡♡♡♡♡
നീന പൊന്നിയുടെ ഫോട്ടോ കാണുകയായിരുന്നു. എന്തൊരു സുന്ദരി മോളാണ്.തക്കുടുവായിട്ടാണ് ഇരിക്കുന്നത്. ഗൗരിയേടത്തി പൊന്നു പോലെ നോക്കുന്നതിന്റെ തെളിവാണത്.
എന്തൊരു കുറുമ്പിയാണ് എന്റെ മോൾ. അവളുടെ കുറുമ്പുകളൊക്കെ ഗൗരിയേടത്തി വീഡിയോ പിടിച്ച് അയച്ചു തരാറുണ്ട്.
ശരത്തേട്ടന്റെ നെഞ്ചിൽ പറ്റിക്കിടക്കുന്ന പൊന്നിയെ കണ്ടപ്പോൾ മനസ്സിൽ ഒരു തണുപ്പ്.
എത്ര നല്ല മനുഷ്യനാണ് ശരത്തേട്ടൻ. ഗൗരിയേടത്തിയുടെ ഭാഗ്യം. അവൾ ഗൗരിയേടത്തിയും ശരത്തേട്ടനും കൂടെ നിൽക്കുന്ന ഫോട്ടോ എടുത്ത് നോക്കി.
നല്ല ജോഡികൾ. ദൈവം നേരിട്ട് കൂട്ടി ചേർത്തതായിരിക്കും അവരെ. അത്ര ഭംഗിയാണ് രണ്ട് പേരും.
അവൾ ശരത്തിന്റെ ഫോട്ടോ സൂം ചെയ്തു നോക്കി.ഉയർന്ന നെറ്റിയും വിടർന്ന കണ്ണുകളാണ് ശരത്തേട്ടന്റേത്,അൽപ്പം നീണ്ട മൂക്ക്, കട്ടി മീശ കാണാൻ തന്നെ ശേലാണ്, മീശയുടെ താഴെ അൽപ്പം തടിച്ച ഭാഗിയുള്ള ചുണ്ടുകളാണ്.ആറടി ഉയരമുള്ള പുരുഷസൗന്ദര്യം ഒത്തിണങ്ങിയ ശരത്തേട്ടനെ കണ്ടാൽ ഏത് പെണ്ണും ഒന്ന് നോക്കും. ഗാംഭീര്യമുള്ള സ്വരമാണ് ശരത്തേട്ടന്റെ.
അവൾ അയാളുടെ മുഖത്തേക്ക് വീണ്ടും വീണ്ടും നോക്കി… ഗൗരിയേ ടത്തിയോട് അവൾക്ക് അസൂയ തോന്നി.
ശരത്തേട്ടന്റെ നെഞ്ചിൽ പൊന്നി കിടന്നുറങ്ങുന്നത് കണ്ടപ്പോൾ മനസ്സ് ആർദ്രമായി. ശരിക്കും തനിക്കു ചേരുന്നത് ശരത്തേട്ടനായിരുന്നു.
കാശി… വല്ലാതെ മാറിപ്പോയി. ജോലി, പണം. ഫ്യൂചർ,അത് മാത്രമാണ് ചിന്ത.കിടപ്പറയിൽപോലും ആദ്യമൊക്കെ എന്തൊരു സ്നേഹപ്രകടനങ്ങൾ ആയിരുന്നു.ഇപ്പോൾ ആ പഴയ സ്നേഹമൊന്നും ഇല്ല.
കാശി ഭയങ്കര ബുദ്ധിമാനാണ്, എന്നോടുള്ള ഇഷ്ട്ടം കാരണമാണ് നേഴ്സിങ് പഠിക്കാൻ വന്നത് അല്ലായിരുന്നെങ്കിൽ എവിടെയൊ ക്കെയോ എത്തേണ്ട ആളാണെന്ന് സ്വയം പറയാറുണ്ട്. അത് ശരിയുമാണ്, കാശി ബുദ്ധിമാനാണ്. ക്ലാസിൽ എന്നും അവൻ ഒന്നാമനായിരുന്നു. പരീക്ഷയ്ക്ക് ഒരു മാർക്ക് കുറഞ്ഞാൽ പോലും അവന് വല്ലാത്ത വെപ്രാളമാണ്. പഠനത്തിൽ ഒന്നാമതെത്താൻ പലരും പരിശ്രമിച്ചെങ്കിലും,എന്നും അവൻ തന്നെയായിരുന്നു ക്ലാസിൽ ഒന്നാമത്.
ടീച്ചേഴ്സ് എല്ലാ കാര്യത്തിനും അവനെയാണ് വിളിക്കാറ്. എന്തിനു മേതിനും മുന്നിൽ നിൽക്കുന്ന അത്ര ആക്റ്റീവ് ആയ അവനെ സ്നേഹിക്കാതിരിക്കാൻ ആർക്കും കഴിയില്ലായിരുന്നു.
അങ്ങനെയുള്ള അവൻ തന്നെ സ്നേഹിച്ചപ്പോൾ തനിക്ക് വല്ലാത്ത അഭിമാനവും സന്തോഷവും ഒക്കെ തോന്നി.
തങ്ങളുടെ പ്രണയകാലം ഓർക്കാൻ തന്നെ എന്ത് രസമാണ്. എത്ര മാത്രം സ്നേഹം തന്നിരുന്നവനാണ് അവൻ. പക്ഷേ ഇപ്പോഴോ?
അതൊന്നുമില്ല. എപ്പോഴും തിരക്ക് തന്നെ തിരക്ക്..സത്യം പറഞ്ഞാൽ കാശിയോടൊപ്പം അയാളുടെ കുഞ്ഞിനോടൊപ്പം, ഒരു കൊച്ചുവീട്ടിൽ ഒരു കുഞ്ഞു ജീവിതമായിരുന്നു താൻ ആഗ്രഹിച്ചത്പ ക്ഷേ കാശിക്ക് നാട്ടിലെ ജീവിതം ഇഷ്ടമില്ല. കാശിക്ക് വിദേശത്ത് തന്നെ താമസിക്കാനാണ് താല്പര്യം. ഇപ്പോൾ ഒരുതരം മടുപ്പ് തോന്നുന്നു ജീവിതത്തോട്.
അവൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അവൾ ഭക്ഷണം എടുത്ത് കഴിച്ചു. കാശി വരുമ്പോൾ വരട്ടെ, എത്രനേരം എന്ന് വച്ചാണ് വിശപ്പു സഹിച്ച് ഒരാളെ നോക്കിയിരിക്കുന്നത്.
ഭക്ഷണശേഷം കൈകഴുകി അവൾ കട്ടിലിൽ വന്നിരുന്നു.
അമ്മയെ ഒന്ന് വിളിക്കാം.
രണ്ട് ബെല്ലിൽ തന്നെ അമ്മ കാൾ എടുത്തു.ഞാൻ നിന്നോടൊന്നു സംസാരിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു.
എന്താ അമ്മേ?
ഇവിടെ വീടിനടുത്തുള്ള ശാരദ ചേച്ചിക്ക് വരെ ടച്ച് ഫോൺ ഉണ്ട്.എനിക്ക് മാത്രം ഇപ്പോഴും പഴയ നോക്കിയ ഫോണേ ഉള്ളൂ.. ഈ ചെറുക്കനോട് ഫോൺ ചോദിച്ചു കഴിഞ്ഞാൽ അവന് എപ്പോഴും ദേഷ്യമാണ്. അതു കൊണ്ട് എനിക്കൊരു ഫോൺ മേടിക്കാനുള്ള അയച്ചു തരണം കേട്ടോ.
ഞാൻ ഇട്ടേക്കാം അമ്മേ,നീന പറഞ്ഞു.
ആ മോളെ പിന്നെ എനിക്ക് വേറൊരു അത്യാവശ്യ കാര്യം പറയാനുണ്ട്. അമ്മയുടെ സ്വരംഗൗരവത്തിലായി
എന്താ അമ്മേ എന്തായാലും പറ
മോളെ നമ്മുടെ കുഞ്ഞിനെ ഗൗരിയുടെ അടുത്ത് നിർത്തുന്നത് അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല
എന്താ അമ്മ ഇപ്പോൾ അങ്ങനെ തോന്നാൻ കാരണം?
ഗൗരി കുഞ്ഞുങ്ങളില്ലാത്തവൾ അല്ലേ, അവൾ നമ്മുടെ കുഞ്ഞിനെ മയക്കി വെച്ചിരിക്കുകയാണ്. കുഞ്ഞ് അവളെ വിളിക്കുന്നത് എന്താണെന്ന് അറിയാമോ, അമ്മേ എന്ന്,ശരത്തിനെ വിളിക്കുന്നത് അച്ഛാന്ന്. അങ്ങനെ വിളിപ്പിക്കാൻ കൊള്ളാമോ, നീയും കാശിയും അല്ലേ ആ വിളിക്ക് അർഹരായവർ.
എന്റെ മോളെ,നീ ഒരു പൊട്ടിയാണ്. എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ അവരിൽ നിന്ന് അകറ്റി കൊണ്ടുപോകണം.അല്ലെങ്കിൽ നമുക്ക് പണി ആകുവേ…
അമ്മ എന്തൊക്കെയാ ഈ പറയുന്നത്.
നിനക്ക് ഇപ്പോൾ അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല.അവസാനം നീ കരയേണ്ടി വരും കുഞ്ഞ് അവരുടെ കയ്യിൽ ഇരിക്കും. ഇപ്പോൾ തന്നെ ആ കൊച്ച് ആരുടെയും കൂടെ പോവില്ല.ഞാൻ വീട്ടിൽ ചെന്നിട്ട് എന്റെ കൂടെ പോലും പോന്നില്ല. ശരത്തിനെയും ഗൗരിയെയും മാത്രം മതി കൊച്ചിന്.
ഇങ്ങനെ തുടർന്നാൽ കുറച്ചു കഴിയുമ്പോൾ ആ കുട്ടി നിന്നെ അറിയുക പോലുമില്ല. നിന്റെ കൊച്ച് നിന്റേത് മാത്രമാണ്. നിന്നെ മാത്രമാണ് അവൾ അമ്മ എന്ന് വിളിക്കേണ്ടത്. അല്ലാതെ കണ്ടവരെ ഒക്കെ കേറി അമ്മേ എന്ന് വിളിക്കേണ്ട കാര്യമില്ല.
ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി നീ ആലോചിക്കാം ഏതാണ് ശരി ഏതാണ് തെറ്റ് എന്ന്. ഒന്നു മാത്രം ഞാൻ പറയാം, നിന്റെ കുഞ്ഞിനെ നീ കൈവിട്ടു കളയരുത്.
അമ്മ കാൾ കട്ടാക്കി
നീന ഫോണും പിടിച്ച് ഒരേ ഇരുപ്പ് ഇരുന്നു.
അമ്മ പറഞ്ഞത് പോലെ, എന്റെ പൊന്നിയെ ഗൗരിയേടത്തി തരാതെ ഇരിക്കുമോ?
ഹേയ് അങ്ങനുണ്ടാവില്ല.
ഇക്കൊല്ലം എന്തായാലും പോകാൻ പറ്റില്ല. എത്രയും പെട്ടന്ന് കുറച്ച് സ്ഥലം വാങ്ങി ഇടണം.സ്വന്തമായി ഒരു വീട് തന്റെ സ്വപ്നമാണ്.
ഇനി പോകുമ്പോൾ സ്ഥലം വാങ്ങിയിട്ട് വേണം മടങ്ങി പോരാൻ. പോരുമ്പോൾ കുഞ്ഞിനെ കൂടെ കൊണ്ടുപോരണം. കുഞ്ഞിനെ നോക്കാൻ ആരെയെങ്കിലും നാട്ടിൽ നിന്നും കൊണ്ടുവന്നാൽ മതിയല്ലോ. ഒന്നുവല്ലേലും എന്നും എനിക്കെന്റെ മകളെ കാണാമല്ലോ.
ഇപ്പോൾ തല്ക്കാലം ഗൗരിയേടത്തിയുടെ കൂടെ തന്നെ നിൽക്കട്ടെ, അല്ലാതെ വേറെ വഴിയില്ല.
അവൾ ആലോചനയോടെ ഉറങ്ങാൻ കിടന്നു.
കാശി വന്നപ്പോഴേക്കും അവൾ പതിയെ മയങ്ങി തുടങ്ങിയിരുന്നു.
നീന…. എന്താ കാശി
നീ ഉറക്കമായോ?
ഉം…കാശി ഭക്ഷണം കഴിച്ചോ?
കഴിച്ചില്ല.
എന്നാൽ പോയി എടുത്ത് കഴിക്ക്, അതോ ഞാൻ വരണോ എടുത്ത് തരാൻ?
വേണ്ട. ഞാൻ എടുത്ത് കഴിച്ചോളാം.
അയാൾ കുളികഴിഞ്ഞിട്ട്, കിച്ചണിലേക്ക് ചെന്നു.
ഭക്ഷണമെടുത്ത് കഴിക്കുമ്പോൾ എന്തുകൊണ്ടോ അയാൾക്ക് അരിശം വന്നു.
നേരത്തെയൊക്കെ നീന ഭക്ഷണം എടുത്ത് തന്നിട്ട് തന്റെ കൂടെ ഇരുന്ന് കഴിക്കും, ഇടക്ക് തനിക്കു വാരി തരും.
ഇപ്പോൾ അതൊന്നും ഇല്ല. അവൾക്കും തിരക്ക്, തനിക്കും തിരക്ക്.
അവൾ കിട്ടുന്ന പണം പകുതിയും വീട്ടിലേക്കു അയക്കുകയാണ് പതിവ്.
കടം വീട്ടുന്നത് വരെ അയക്കുന്നതിൽ തെറ്റൊന്നും ഇല്ലായിരുന്നു.
പക്ഷെ കടം തീർന്നിട്ടും ഓരോരോ കാരണങ്ങൾ പറഞ്ഞ് അമ്മ അവളിൽ നിന്നും പണം മേടിക്കുന്നുണ്ട്.
ഇങ്ങനെ പോയാൽ താൻ കണക്ക് കൂട്ടിയത് പോലെ ഒന്നും നടക്കില്ല. തനിക്ക് ഇവിടെ എവിടെയെങ്കിലും സ്ഥിരതാമസം ആകാനാണ് താല്പര്യം. നീനക്ക് ആവട്ടെ നാട്ടിൽ തന്നെ താമസിക്കണമെന്നും.
എന്തോ മനസ്സ് കൊണ്ട് ഒന്നിനും ഇപ്പോൾ ഒരു യോജിപ്പ് ഇല്ലാത്തത് പോലെ.
അയാൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ്, ബെഡ്‌റൂമിലേക്ക് ചെന്നു.
നീന ഫോണും നോക്കി ഇരിപ്പുണ്ട്.
ഇതെന്താ, ഉറക്കത്തിൽ ആയിരുന്ന ആൾ ഫോൺ നോക്കി ഇരിക്കുന്നത്?
ഉറക്കം പോയി കാശി. കുഞ്ഞിന്റെ കാര്യം ഓർത്തിട്ട് ഒരു വിഷമം.
അവൾക്കിപ്പോൾ ഗൗരിയേടത്തി മാത്രം മതിയത്രേ.. എന്നെ അവൾക്ക് വേണ്ടാതെ വരുമോ എന്നൊരു ഭയം തോന്നുന്നു.
ഇതൊക്കെക്കൊണ്ടാണ്, കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാൻ ഞാൻ പറഞ്ഞത്.
ഹൊ… നിങ്ങൾ ഒരു മനുഷ്യനാണോ, ഇത് നോക്ക്…..സ്വന്തം മകളെ നിങ്ങൾ കണ്ടിട്ട് കൂടെ ഇല്ലല്ലോ, ഈ മുഖത്ത് നോക്കിയിട്ട് നിങ്ങൾക്ക് പറയാൻ കഴിയുമോ ഇങ്ങനൊക്കെ.. അവൾ പൊന്നിയുടെ ഫോട്ടോ, കാശിയുടെ മുന്നിലേക്ക് കാണിച്ചു
അയാൾ ഒരുനിമിഷം നോക്കി നിന്നു.
ഈ മുഖത്ത് നോക്കി കാശിക്കു പറയാൻ തോന്നുമോ?പണം പണം എന്നൊരു ചിന്ത മാത്രമേയുള്ളൂ കാശിക്ക്.
ഓഹ് പണം എന്ന് പറയുമ്പോൾ നിനക്കെന്താ ഒരു പുച്ഛം?പണത്തിന്റെ വില നിനക്ക് അറിയില്ലേ? പെരുവഴിയിലാകാതെ നിന്റെ അമ്മയും അനിയനും വീട്ടിൽ കിടക്കുന്നത് പണം ഉള്ളത് കൊണ്ട് തന്നെയാ.
പണമില്ലെങ്കിൽ ഒരു പട്ടിയും കൂടെ കാണില്ല. നീ എങ്ങനെ ഇവളെ വളർത്തും, സ്നേഹം ഉരുട്ടികുഴച്ചു കൊടുത്താൽ വളർത്താൻ പറ്റുമോ?
പറച്ചിൽ കേട്ടാൽ തോന്നുമല്ലോ, ഞാൻ മാനത്ത് നിന്നെങ്ങാണ്ട് കുഞ്ഞിനെ വലിച്ചെടുത്തത് ആണെന്ന്. നിങ്ങൾ ഒറ്റ ആൾ ആണ് ഇതിനെല്ലാം കാരണം. നീന കിതച്ചു.
അതുകൊണ്ടാണ് പറഞ്ഞത് എങ്ങനെയേലും കാശ് സമ്പാദിക്ക്, എന്നിട്ട് കൊച്ചിനെ ഇങ്ങോട്ട് കൊണ്ടുവാ അല്ലാതെ ഇനിയിവിടെ നീ കൊച്ചിന്റെ കാര്യവും പറഞ്ഞു വഴക്കുണ്ടാക്കരുത്. നാട്ടിൽ കിടന്ന് ഒച്ചയെടുക്കുന്നത് പോലെ ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കരുത്.
എനിക്ക് ഒന്ന് സംസാരിക്കാൻ പോലും പറ്റില്ല അല്ലേ.
നീ ഒരു കാര്യം ചെയ്യു.. ഇവിടുത്തെ ജോലിയും കളഞ്ഞു നാട്ടിൽ ചെന്ന് കൊച്ചിനേയും വളർത്തി ജീവിക്ക്. നിന്റെയാ സൂക്കേട് അങ്ങ് മാറട്ടെ. അല്ലേലും അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കില്ല.
അയാൾ കിടന്നു.
നീന ഒന്നും മിണ്ടിയില്ല, അവളും കട്ടിലിന്റെ ഒരു വശത്ത് തിരിഞ്ഞു കിടന്നു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഇതാണോ ജീവിതം? ഇങ്ങനെ ജീവിക്കാൻ വേണ്ടിയാണോ താൻ കാശിയെ സ്നേഹിച്ചതും സ്വന്തമാക്കിയതും, വേണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നു.
☆☆☆☆☆☆☆☆☆☆☆☆
പൊന്നി രാവിലെ തന്നെ ഉറക്കം തെളിഞ്ഞു. ഗൗരിയും, ശരത്തും ഉണർന്നിട്ടില്ല.
ഗൗരി ശരത്തിന്റെ ഉടലിൽ ചുറ്റിപിടിച്ചിട്ടുണ്ട്. പൊന്നി ഗൗരിയുടെ കൈയിൽ ഒറ്റ അiടിവച്ചു കൊടുത്തു.ഗൗരി ഞെട്ടി പോയി.
അച്ഛാ… പൊന്നി… അവൾ ശരത്തിന്റെ നെഞ്ചിലേക്ക് കയറി പതുങ്ങി കിടന്നു.
അമ്പടീ… നിന്റെ അച്ഛയെ കെട്ടിപ്പിടിച്ചതിനാണോ നീ എന്നെ തiല്ലിയത്. കുറുമ്പി….
ശരത്ത് പാതി ഉറക്കത്തിൽ ഒന്ന് പുഞ്ചിരിച്ചു. അവൻ ഇരുകൈകൾ കൊണ്ടും പൊന്നിയെ പൊതിഞ്ഞു പിടിച്ചു.
അമ്പടാ.. അച്ഛനും മോളും ഒറ്റക്കെട്ടായി. നമ്മളെ തഴഞ്ഞു അല്ലേ.
ഉവ്വാടീ… പോയി പാല് തിളപ്പിച്ച് കൊണ്ട് വാടീ പെണ്ണേ, ഞാനും എന്റെ പൊന്നിക്കുട്ടിയും കുടിക്കട്ടെ.
അതേ… അച്ഛനും മോളും കൂടെ വേണമെങ്കിൽ പോയി ചായ ഉണ്ടാക്ക്. ഗൗരി കുറുമ്പോടെ പറഞ്ഞു.
എന്നാൽ വാടീ കാന്താരീ നമുക്ക് പോയി ചായ ഇടാം. അയാൾ കുഞ്ഞിനേയും എടുത്ത് അപ്പുറത്തേക്ക് പോയി.
പൊന്നിയുടെ പല്ലുകൾ വിരൽ കൊണ്ട് തേച്ച് കൊടുത്ത്, അവളുടെ മുഖം കഴുകി. ശേഷം അയാളും പല്ല് തേച്ചിട്ട്. ചായ തിളപ്പിക്കാനായി അടുക്കളയിലേക്ക് ചെന്നു.
ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് അത് തിളപ്പിക്കാനായി തുടങ്ങിയ പ്പോഴാണ് പൊന്നി ഒക്കത്തിരുന്ന് മൂത്രമൊഴിച്ചത്..
അയ്യേ… ഈ പെണ്ണ്….
അങ്ങോട്ട് വന്ന ഗൗരി, അയാളുടെ നിൽപ്പ് കണ്ട് പൊട്ടിച്ചിരിച്ചു.
എടീ… ഇവളെ പിടിക്കടീ. അയാൾ കുഞ്ഞിനെ അവൾക്ക് നേരെ നീട്ടി.
അവൾ പൊന്നിയെ വാങ്ങി.
അച്ഛന് അങ്ങനെ വേണം, അല്ലേ മോളെ..
അവൾ ഹീറ്റർ ഓണാക്കി വെള്ളം ചൂടാക്കി, പൊന്നിയുടെ മേൽ കഴുകി.
വേറെ ഉടുപ്പ് ഇടീപ്പിച്ചു. അമ്മേടെ ചുന്ദരി, ഗൗരി പൊന്നിയുടെ കവിളിൽ ഉമ്മ വച്ചു.
ഗൗരി ചായ എടുത്ത് ഒരു ഗ്ലാസ്സ് അച്ഛനും, ഒരു ഗ്ലാസ്സ് ശരത്തിനും കൊടുത്തു. അവൾക്കുള്ളത് മധുരം ചേർക്കാതെ എടുത്തു. അവൾക്ക് പണ്ട് മുതൽക്കേ മധുരത്തിനോട് വലിയ പ്രിയമില്ല.
പൊന്നിക്കുള്ള പാലിലും അവൾ മധുരം ചേർക്കാറില്ല, ഇടക്കൊക്കെ അൽപ്പം കരിപ്പെട്ടിയോ, ശർക്കരയോ ചേർത്ത് കൊടുക്കാറുണ്ട്.
രാവിലെ ശരത്തും അച്ഛനും കുഞ്ഞിനെ നോക്കും. അതുകൊണ്ട് അടുക്കള ജോലി പെട്ടന്ന് തീർക്കാൻ പറ്റും. ചിലപ്പോൾ ഗൗരി അടുത്ത് വേണമെന്ന് പൊന്നി ശഠിച്ചാൽ ശരത്ത് അടുക്കളപ്പണി ഏറ്റെടുക്കും.
പൊന്നിയുടെ ചിരിയും, കളിയും, സ്നേഹവുമാണ് ആ വീടിനെ പിടിച്ച് നിർത്തുന്നത്.
♡♡♡♡♡♥︎♡♡♡♡♡♡♡
നീനയുടെ അമ്മ സാരി നന്നായി ഞൊറിഞ്ഞുടുത്തു.
അമ്മ ഇതെങ്ങോട്ടാ? അങ്ങോട്ട് വന്ന നവനീത് ചോദിച്ചു.
ഇന്ന് അയൽക്കൂട്ടത്തിന്റെ വാർഷികമാണ് അങ്ങോട്ട് പോകുവാ.
അതിന് ഈ പട്ടുസാരിയൊക്കെ ഉടുക്കണോ.
നല്ല പോലെ പോയില്ലേൽ, നാണക്കേടല്ലേ.
ഓഹ്…..
എടാ നീ സ്കൂളിൽ പോകുന്ന വഴി ആ ലീലയോട് ഇങ്ങോട്ട് ഒന്ന് വരാൻ പറഞ്ഞേക്ക്.
അതെന്തിനാ?
എന്റെ കുറച്ച് പഴയ സാരി ഒക്കെയുണ്ട്. അത് അവൾക്ക് കൊടുത്തേക്കാം. ഇനി അതൊക്കെ ഇവിടെ ഇരുന്നിട്ട് എന്ത് ചെയ്യാനാ..
എന്റെ അമ്മേ അമ്മ കുറച്ച് കൂടുതലാകുന്നുണ്ട് കേട്ടോ,ഇങ്ങനെ തലമറന്ന് എണ്ണ തേക്കല്ലേ…
ഒന്ന് പോടാ… ചെറുക്കാ.നിനക്ക് ഒന്നുമറിയില്ല. ഉള്ളത് മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ എന്താ തെറ്റ്?
ഒരു തെറ്റും ഇല്ല. ഈയിടെ വാങ്ങിയ ആ നല്ല സാരികളിൽ ഒരെണ്ണം കൊടുക്ക്.
അയ്യടാ… അതൊന്നും ഞാൻ ഇതുവരെയും ഉടുത്തിട്ടും കൂടെ അല്ല അന്നേരമാ കൊടുക്കുന്നത്. അവർ ചിറി കോട്ടി.
ഇതാ ഞാൻ പറഞ്ഞത് അമ്മക്ക് ഈയിടെ ആയിട്ട് വല്ലാത്ത കുശുമ്പാണെന്ന്
ദേ… ചെറുക്കാ എന്റെ നാക്ക് ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ. ഞാൻ വല്ലതും പറയും.
അയ്യോ ഒന്നും പറയണ്ടായേ… ഞാൻ ഒരു പാവമാണേ…അവൻ കൈ തൊഴുതു.
♡♡♡♡♡♡♡♡♡♡♡
കാശി ഉണർന്നപ്പോൾ, നീന അരികിൽ ഉണ്ടായിരുന്നില്ല.
ഇന്നലെ അവളോട് ദേഷ്യപ്പെട്ടത് കുറച്ച് കൂടിപ്പോയി.അല്ല. അവളും കുറച്ചൊക്കെ എന്നെ മനസിലാക്കണ്ടേ?
അവൾ ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട്. അവൻ കുളിച്ചിട്ട് വന്നപ്പോഴേക്കും അവൾ ഡ്യൂട്ടിക്കായി ഇറങ്ങി.
അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ പോയപ്പോൾ എന്തുകൊണ്ടോ അവന് വല്ലാത്ത ദേഷ്യം തോന്നി.
മറ്റെന്തും സഹിക്കാം, അവഗണന മാത്രം സഹിക്കാനുള്ള മാനസിക വലുപ്പം തനിക്കില്ല.
അവഗണിക്കുന്നവരെ തീർത്തും ഉപേക്ഷിച്ചു കളയുന്നതാണ് തന്റെ പതിവ്.അത് ബന്ധുക്കൾ ആയാലും കൂട്ടുകാർ ആയാലും ആരായാലും ശരി.
മനസ്സിൽ ഒരുതരം വെറുപ്പ് നുരഞ്ഞു പൊന്തുന്നു. കാട്ടിക്കൂട്ടിയതെല്ലാം തെറ്റിപ്പോയി. അവൾക്ക് വേണ്ടിയാണ് താൻ വെറുമൊരു നഴ്സ് ആയത്. എത്ര വലിയ സ്വപ്‌നങ്ങൾ അവൾക്ക് വേണ്ടി ഉപേക്ഷിച്ച വനാണ് താൻ. എന്നിട്ടും…
കാശിക്കു വല്ലാത്ത ദേഷ്യം വന്നു.
തനിക്ക് ചേരുന്ന ഒരു പങ്കാളിയേ ആയിരുന്നില്ല അവൾ.ഒന്നും വേണ്ടിയിരുന്നില്ല. കാശിക്ക് തല പെരുക്കുന്നത് പോലെ തോന്നി.
♡♡♡♡♡♡♡♡♡♡♡
ഇന്ന് പൊന്നിയുടെ ഒന്നാം പിറന്നാളാണ്.
ഗൗരി,മോൾക്ക് വേണ്ടി സെലക്ട് ചെയ്തത് ഇളം പച്ച നിറത്തിലുള്ള ഒരുടുപ്പാണ്, അതേ നിറത്തിലുള്ള സാരി ഗൗരിക്കുംഎടുത്തു. ശരത്തിനും, അച്ഛനും, പച്ച ഷർട്ടും വെള്ളമുണ്ടും..അലങ്കാരങ്ങളും, കേക്കും എല്ലാം ഇളം പച്ചനിറത്തിൽ തീർത്തവയായിരുന്നു.
പൊന്നിയെ ഗൗരി കുളിപ്പിച്ച് ഒരുക്കി പൊട്ടുതൊട്ട് കണ്ണെഴുതി വാലിട്ട്, സുന്ദരിയാക്കി.
നീനയുടെ അമ്മയും അനിയനും രാവിലെ തന്നെ എത്തി. അവർ പൊന്നിക്കായി കൊണ്ടുവന്ന സ്വർണ്ണ വള കുഞ്ഞിന്റെ കയ്യിൽ ഇട്ടുകൊടുത്തു.
അലങ്കാരങ്ങളും ബലൂണുകളും എല്ലാം കണ്ടപ്പോൾ പൊന്നിക്ക് വലിയ സന്തോഷമായിരുന്നു.
കേക്ക് മുറിച്ചു കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കു മ്പോഴാണ് നീനയുടെ അമ്മ ഗൗരിയോട്ചോദിച്ചത്
ഇതെന്താ നിങ്ങളെല്ലാവരും ഒരേ പോലത്തെ തന്നെ ഡ്രസ്സ് എടുത്തിരിക്കുന്നത്, സാധാരണ കുഞ്ഞിന്റെ അച്ഛനും അമ്മയും കുഞ്ഞുമല്ലേ ഒരേ പോലെത്തെ ഡ്രസ്സ് ഒക്കെയിട്ട് പിറന്നാൾ ആഘോഷിക്കുന്നത്?
അതിന് കുഞ്ഞിനെ നോക്കുന്നത് ഗൗരിയും ശരത്തും കൂടിയല്ലേ പിന്നെന്താ കുഴപ്പം?
അടുത്തിരുന്ന ആരോ ഉറക്കെ ചോദിച്ചു.
അതൊക്കെ ശരിതന്നെ, ഇവർക്ക് കുഞ്ഞുങ്ങൾ ഇല്ലല്ലോ എന്ന് കരുതിയാണ് കുഞ്ഞിനെ ഇവിടെ വളർത്താൻ നിർത്തിയത്അ ടുത്ത ദിവസം തന്നെ കുഞ്ഞിനെ ഞാൻ കൊണ്ടുപോകാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇനി കുറച്ചു ദിവസം അവൾ അമ്മയുടെ തറവാട്ടിൽ നിൽക്കട്ടെ. ഞങ്ങൾക്കും ഉണ്ടല്ലോ കുഞ്ഞിന് അവകാശ മൊക്കെ. നീനയുടെ അമ്മ പറഞ്ഞു.
അത് കേട്ടതും ഗൗരി സ്തംഭിച്ചു പോയി. അവൾ ഭീതിയോടെ ശരത്തിനെ നോക്കി.
അതെങ്ങനെ ശരിയാകും പൊന്നി ഗൗരിയെ കാണാതെ ഒരു ദിവസം പോലും നിൽക്കില്ല. ശരത്ത് പറഞ്ഞു
എന്നും പറഞ്ഞ് എത്ര നാൾ ഇവിടെ നിർത്താൻ പറ്റും?
അതിനെന്താ ഇത് അവളുടെ വീട് അല്ലേ ശരത് ചോദിച്ചു.
സാധാരണഗതിയിൽ കുടുംബ വീട് ഇളയ മകന്റേതാണ്. പക്ഷേ ഇവിടെ ശരത്തും ഗൗരിയും അല്ലേ നിൽക്കുന്നത് കാശി പുറത്താണല്ലോ. അപ്പോൾ ഈ വീട്ശ രത്തിന് അവകാശപ്പെട്ടതാണല്ലോ.
എന്തായാലും കുഞ്ഞിനെ കൊണ്ടുപോകാൻ പറ്റില്ല കുഞ്ഞ് എന്നെ കാണാതെ നിൽക്കില്ല ഗൗരി പറഞ്ഞു.
അത് തീരുമാനിക്കേണ്ടത് ഗൗരിയല്ലല്ലോ, കുഞ്ഞ് എന്റെ കൂടെ നിൽക്കുമ്പോൾ നിങ്ങളെ പതിയെ മറന്നോളും.
അതെന്താ ഗീതേ അങ്ങനെ പറയുന്നത്? എന്തായാലും നീനയും കാശിയും വരട്ടെ അതുവരെ കുഞ്ഞ് ഇവിടെ തന്നെ നിൽക്കട്ടെ ശരത്തിന്റെ അച്ഛൻ തീർത്തു പറഞ്ഞു.
ആ… ഒരു കണക്കിന് നോക്കിയാൽ ഗൗരിക്കും ശരത്തിനും കുറെനാൾ എങ്കിലും കുഞ്ഞിനെ പോറ്റി വളർത്താൻ കഴിഞ്ഞല്ലോ അതുതന്നെ ഭാഗ്യം. കൂട്ടത്തിൽ പ്രായം ചെന്ന ഒരു അമ്മാവൻ പറഞ്ഞു.
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് പോയി.
എനിക്ക് പൊന്നിയില്ലാതെ ജീവിക്കാൻ പോലും കഴിയില്ല. എന്തൊക്കെയാണ് നീനയുടെ അമ്മ പറഞ്ഞത്? ഇങ്ങനെയൊക്കെ പറയാൻ അവർക്ക് എങ്ങനെ കഴിയുന്നു? അവരും ഒരു സ്ത്രീയല്ലേ
ശരത് അകത്തേക്ക് വന്നു.
എന്താ ഗൗരി നീ അകത്തേക്ക് കയറി പോന്നത്എ നിക്കിതൊന്നും കേട്ടുകൊണ്ട് നിൽക്കാൻ കഴിയില്ല ശരത്തേട്ടാ, എന്റെ കുഞ്ഞിനെ വിട്ടുകൊടുക്കാൻ എനിക്ക് ഒരിക്കലും സാധിക്കില്ല.അവൾ പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ട് കുഞ്ഞിനെ കെട്ടിപ്പിടിച്ചു
അതൊക്കെ പിന്നെ സംസാരിക്കാം. നീ ഇപ്പോൾ അപ്പുറത്തേക്ക് വരൂ. നമ്മൾ അകത്തു വന്നിരുന്നാൽ,ക്ഷണിച്ചു വരുത്തിയ ആളുകളെ അപമാനിക്കുന്നത് പോലെയാണ്.
അയാൾ പൊന്നിയെ ഗൗരിയുടെ കൈകളിൽ നിന്നും വാങ്ങി.
നീ പോയി മുഖം ഒന്ന് കഴുകിയിട്ട് വാ.
ഗൗരി മുഖം കഴുകിയിട്ട് ചിരിയുടെ ഒരു ആവരണം എടുത്ത് മുഖത്ത് അണിഞ്ഞു. ചിരിച്ചുകൊണ്ട് നിന്നേ പറ്റൂ…
വൈകുന്നേരത്തോടുകൂടി എല്ലാവരും പോയി കഴിഞ്ഞതിനു ശേഷം
നീനയുടെ അമ്മ ഗൗരിയുടെ അടുത്തേക്ക് വന്നു.
ഞങ്ങൾ ഇറങ്ങുകയാണ് കേട്ടോ ഗൗരി. അടുത്ത ഞായറാഴ്ച ഞാൻ വരും കൊച്ചിനെ കൊണ്ടുപോകും. ഗൗരിക്ക് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ഒക്കെ ഉള്ളതല്ലേ, കൊച്ചിനെ ഞാൻ കൊണ്ടുപോയാൽ ഗൗരിക്ക് എളുപ്പമാവുമല്ലോ.
ഇല്ല എന്റെ കൊച്ചിനെ ഞാൻ തരില്ല…
അല്ലേയ്…. നിന്റെ കൊച്ചാണോ ഇത്?എന്റെ മകളുടെ കൊച്ചാണ്. അവളെ കൊണ്ടുപോകാൻ എനിക്കറിയാം. അതുകൊണ്ട് അടുത്ത ഞായറാഴ്ച ഞാൻ വരും.കൊച്ചിനെ കൊണ്ടുപോകും.
അവർ വെiട്ടിത്തിരിഞ്ഞ് ഇറങ്ങിപ്പോയി.
എന്റെ അമ്മേ…അമ്മ കുറച്ചു കൂടുതൽ ആവുന്നുണ്ട് കേട്ടോ,അമ്മയ്ക്ക് എങ്ങനെ കഴിയുന്നു ഇങ്ങനെയൊക്കെ പറയാൻ.നവനീത് ദേഷ്യത്തോടെ ചോദിച്ചു.
എന്താടാ ഞാൻ പറഞ്ഞതിന് ഒരു കുഴപ്പം?
അമ്മ ആളാകെ മാറിപ്പോയി.അമ്മേ അമ്മയുടെ മനസ്സിൽ ഇത്രയും ദുഷ്ടത്തരം ഒക്കെ ഉണ്ടായിരുന്നോ.
അതെ എനിക്ക് പത്തും പലതുമില്ല.എന്റെ ആദ്യത്തെ പേരക്കുട്ടിയാ പൊന്നി. അവളെ ഇനി ഞാൻ വളർത്തും
അമ്മ കഴിഞ്ഞതൊന്നും മറക്കരുത്ഇ പ്പോൾ നീന ചേച്ചി തരുന്ന പണമുള്ളതുകൊണ്ട് അമ്മയ്ക്ക് എന്തും ആകാം അല്ലേ.
ഞാൻ നീനയെ പഠിപ്പിച്ചതു കൊണ്ടാണ് ഇന്നവൾക്ക് ജോലി കിട്ടിയത്,അപ്പോൾ പിന്നെ സാലറിയിൽ കുറച്ചു തരുന്നതിൽ എന്താ തെറ്റ്. എടാ…ഇപ്പോൾ കിട്ടുന്നത് കിട്ടും കുറെ കഴിയുമ്പോൾ അവൾ തരാതിരുന്നാൽ എന്ത് ചെയ്യും? എങ്ങനെയെങ്കിലും ഈ വീട് മാറ്റി വലിയൊരു വീട് വയ്ക്കണം. ഇതൊന്നും എനിക്ക് വേണ്ടിയല്ല നിനക്ക് വേണ്ടിയാണ്.
എനിക്കൊന്നും വേണ്ട, ഞാൻ പഠിച്ച് ജോലി വാങ്ങി,ജോലിയെടുത്ത് പണം നേടി കൊള്ളാം. അമ്മയായിട്ട് നീന ചേച്ചിയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത്..പൊന്നി ശരത്തേട്ടന്റെയും ഗൗരിയേടത്തിയുടെയും കൂടെനിന്നോട്ടെ അതാണ് നല്ലത്.
അതൊക്കെ ഞാൻ വേണ്ടതുപോലെ എന്താന്ന് വെച്ചാൽ ചെയ്തോളാം. അമ്മ ദേഷ്യത്തോടെ പറഞ്ഞു
നവനീത് പിന്നെ ഒന്നും പറയാൻ പോയില്ല..പറഞ്ഞാലും അമ്മയ്ക്ക് ഒന്നും മനസ്സിലാവാനും പോകുന്നില്ല എന്ന് അവന് അറിയാമായിരുന്നു.
ചേച്ചി കൊടുക്കുന്ന കാശൊക്കെ പലിശയ്ക്ക് കൊടുത്ത്,ഇപ്പോൾ നാട്ടിലൊക്കെ അമ്മയ്ക്ക് നല്ല പേരാണ്. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാലും ഗീതയുടെ അടുത്ത് പോയാൽ അവൾ പണം തരും എന്ന് മിക്കവരും പറയുന്നത് കേൾക്കാം
അതുകൊണ്ടൊക്കെ ആവാം അമ്മയ്ക്ക് ഇപ്പോൾ വല്ലാത്ത ഒരു തരം അഹങ്കാരമാണ്. പഴയ അമ്മയെ അല്ല ഇപ്പോൾ..നേരത്തെ യൊക്കെ അമ്മ വീട്ടിൽ നൈറ്റി ആയിരുന്നു ധരിച്ചിരുന്നത്. ഇപ്പോൾ അത് മാറ്റി സാരി ആക്കി. കൂടാതെ ഇടയ്ക്കിടെ ബ്യൂട്ടി പാർലറിൽ ഒക്കെ പോകും. സത്യത്തിൽ ചേച്ചി പണിയെടുക്കുന്ന പൈസയുടെ പകുതിയും അമ്മ വാങ്ങിയെടുത്ത് അമ്മ അത് പൊടിപൊടിക്കുകയാണ്.
ഇനി സാലറി ഒന്നും കാര്യമായി ഇങ്ങോട്ട് അയക്കണ്ട എന്ന് ചേച്ചിയോട് പറയണം. എങ്കിലേ അമ്മയുടെ നെഗളിപ്പ് മാറുകയുള്ളൂ.
അൽപ്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഇപ്പോൾ താനത് തന്റെ അമ്മയിലൂടെ കണ്ടു മനസ്സിലാക്കുന്നുണ്ട്.
നവനീതിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.
♡♡♡♡♡♡♡♡♡♡♡
ശരത്തേട്ടാ നമ്മുടെ മോളെ അവർ കൊണ്ടുപോകുമോ ഗൗരി ശരത്തിനോട് ചോദിച്ചു
അറിയില്ല ഗൗരി എന്താകുമെന്ന്.
ആര് എന്തൊക്കെ പറഞ്ഞാലും എന്റെ പൊന്നിയെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. എനിക്ക് ഇവളില്ലാതെ ഒരു ദിവസം പോലും ജീവിച്ചിരിക്കാൻ കഴിയില്ല. ഞാൻ ചങ്ക് പൊട്ടി ചiത്തു പോവുകയേയുള്ളൂ…
അവൾ ഒരു പൊട്ടി കരച്ചിലോടെ കുഞ്ഞിനെ മാറത്തേക്ക് അടക്കിപ്പിടിച്ചു
എന്റെ ഗൗരി നീ ഇങ്ങനെ കിടന്നു കരയാതെ
നമുക്ക് മാത്രം എന്താ ശരത്തേട്ടാ ഇങ്ങനെ ഒരു വിധി. ഒരു കുഞ്ഞിനെ ദൈവം നമുക്ക് തന്നില്ല. ഇവളെ സ്നേഹിച്ചും കൊഞ്ചിച്ചും എനിക്ക് മതിയായിട്ടില്ല.
ഞാൻഅവരെ പറഞ്ഞു മനസ്സിലാക്കിക്കോളാം. നീ വിഷമിക്കാതിരിക്ക്. പിന്നെ എത്രയൊക്കെ ആയാലും നമ്മൾ കുഞ്ഞിനെ പിരിഞ്ഞല്ലേ പറ്റൂ.
നീനയും കാശിയും വന്ന് കുഞ്ഞിനെ കൊണ്ടുപോയാൽ നമുക്ക് തടയാൻ പറ്റില്ലല്ലോ.
അതിന് അവർ ഇക്കൊല്ലം വരില്ല എന്നല്ലേ പറഞ്ഞത്.
കൊച്ചിനെ കൊണ്ടുപൊയ്ക്കോളാൻ നീന പറഞ്ഞുവെന്നത് ,അവർ ചുമ്മാ പറഞ്ഞതാവാനാണ് സാധ്യത. നീനമോൾ ഒരിക്കലും അങ്ങനെ പറയില്ല. ശരത്ത് പറഞ്ഞു.
എനിക്കും അങ്ങനെ തോന്നുന്നു ശരത്തേട്ടാ. നീന അങ്ങനെ പറയില്ല. അങ്ങനെ പറയാൻ ആയിരുന്നെങ്കിൽ അവൾക്ക് നേരത്തെ ആകാമായിരുന്നല്ലോ. നീനയുടെ അമ്മ.വെറുതെ പറഞ്ഞതായിരിക്കും.
ശരത് അതിനു മറുപടി ഒന്നും പറഞ്ഞില്ല അയാൾ എന്തോ കടുത്ത ചിന്തയിലായിരുന്നു.
ശരത്തേട്ടാ നീനയെ വിളിച്ച് ഒന്ന് ചോദിക്കാമോ?
ഞാൻ ചോദിക്കാം
അയാൾ ഫോൺ എടുത്തു.mനീനയെ ഓഡിയോ കോൾ വിളിക്കുമ്പോൾ അയാളുടെ കൈകൾവിറക്കുന്നുണ്ടായിരുന്നു.
ഒരുപക്ഷേ നീന പറയുമായിരിക്കുമോ അവളുടെ കുഞ്ഞിനെ,അവളുടെ അമ്മയുടെ കൂടെ വിട്ടേക്കാൻ?
അപ്പുറത്ത് നീന കാൾ അറ്റൻഡ് ചെയ്തു
ശരത്തേട്ടാ….
നീനമോളെ നിനക്ക് സുഖമല്ലേ?
അതെ സുഖമാണ് ഏട്ടാ. ഏട്ടത്തി എവിടെ? പൊന്നിയുടെ ബർത്തഡേ സെലിബ്രേഷന്റെ വീഡിയോ ഇടാൻ ഏട്ടത്തിയോട് പറയണെ.
പറയാം.
വേറെന്താ ഏട്ടാ വിശേഷം.
മോളെ…. അത് പിന്നേ….
എന്താ ഏട്ടാ…
മോളുടെ അമ്മ പറഞ്ഞു അടുത്ത ആഴ്ച്ച പൊന്നിയെ അങ്ങോട്ട് കൊണ്ട് പോകുകയാണെന്ന്. പൊന്നി എന്നെയും ഗൗരിയെയും കാണാതെ നിൽക്കില്ല. നീനമോൾ വരുമ്പോൾ കുഞ്ഞിനെ കൊണ്ടുപോയാൽ പോരെ?
അമ്മ അങ്ങനെ പറഞ്ഞോ? എന്നോട് അങ്ങനെ ഇടയ്ക്കു സൂചിപ്പിച്ചിരുന്നു.
ഞാൻ പറഞ്ഞു ഗൗരിയേടത്തി നോക്കിക്കോളും. അമ്മക്ക് പൊന്നിയുടെ പിന്നാലെ നടക്കാനൊന്നും പറ്റില്ല എന്ന്.
പക്ഷെ അമ്മ പറഞ്ഞത് നീന പറഞ്ഞു എന്നാണ്.
ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. മാത്രമല്ല പെട്ടന്ന് എന്തെങ്കിലും പനിയോ മറ്റോ ഉണ്ടായാൽ ഹോസ്പിറ്റലിൽ കൊണ്ടുപോകണമെങ്കിൽ നമ്മുടെ വീട്ടിൽ നിന്നാലല്ലേ പറ്റൂ.. അമ്മ ഇടയ്ക്കു വന്ന് പൊന്നിയെ കണ്ടോട്ടെ അത് മതി.
ഓഹ്… ഇപ്പഴാ ആശ്വാസം ആയത്. ഇവിടെ അച്ഛനും ഗൗരിക്കും ഒക്കെ വലിയ വിഷമം ആയിരുന്നു പൊന്നിയെ കൊണ്ട് പോകും എന്നറിഞ്ഞിട്ട്.
നീന പതിയെ ചിരിച്ചു.തന്റെ മോളോട് എന്ത് സ്നേഹമാണ് ശരത്തേട്ടന്.
എന്നാൽ ശരി നീന മോളെ,വച്ചേക്കുവാ.
ശരി.
ഞാൻ പറഞ്ഞില്ലേ ഗൗരി, നീനമോൾ അങ്ങനൊന്നും പറയില്ലെന്ന്. അവൾ പറഞ്ഞു പൊന്നി നമ്മുടെ കൂടെ നിന്നാൽ മതിയെന്ന്
ഉവ്വോ… ഗൗരി സന്തോഷം കൊണ്ട് ശരത്തിനെ കെiട്ടിപ്പിടിച്ചു.
ന്റെ അച്ഛ…. പൊന്നി കുഞ്ഞിക്കൈ കൊണ്ട് ഗൗരിയെ തട്ടി മാറ്റാൻ നോക്കി.
ഒരു ചിരിയോടെ ശരത്ത് രണ്ടു പേരെയും നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
കാൾ കട്ടായി കഴിഞ്ഞിട്ടും നീന ഫോണും പിടിച്ച് ഇരുന്നു.
ശരത്തേട്ടൻ ആദ്യമായിട്ടാണ് ഫോൺ വിളിക്കുന്നത്.കാതിൽ ശരത്തേട്ടന്റെ ഗാഭീര്യമുള്ള ശബ്ദം മുഴങ്ങുന്നത് പോലെ…
എന്ത് രസമാണ് ആ സ്വരം.
ഗൗരിയേടത്തിയുടെ സ്ഥാനത്തു താൻ ആയിരുന്നെങ്കിൽ, താനും ശരത്തേട്ടനും കുഞ്ഞും.എന്ത് ഭാഗിയുള്ള ജീവിതമാകുമായിരുന്നു തന്റെ.പക്ഷെ വിധി ഇതായിരുന്നു.
♡♡♡♥︎♡♡♡♡♡♡♡♡
നവനീത് സ്കൂളിൽ പോയി കഴിഞ്ഞപ്പോൾ ഗീത പുതിയ ഫോൺ കൈയിലെടുത്തു.
ആദ്യം എങ്ങനെയെങ്കിലും പൊന്നിയെ ഇങ്ങോട്ട് കൊണ്ടുവരണം.
ഇല്ലെങ്കിൽ നീന പണം തരുന്നത് കുറയും. ഇപ്പോൾ കടമൊന്നും ഇല്ല അത്യാവശ്യം പണം ബാങ്കിലും ഇട്ട് തന്നിട്ടുണ്ട്. ഇനി ചിലപ്പോൾ അവൾ പണം അയക്കാതെ ഇരുന്നാൽ എന്ത് ചെയ്യും.ഇപ്പോൾ കിട്ടുന്നതേ കിട്ടൂ…
പൊന്നി ഇവിടെ ഉണ്ടെങ്കിൽ ഓരോരോ കാര്യങ്ങൾ പറഞ്ഞ് പണം മേടിക്കാം.എങ്ങനെയെങ്കിലും നീനയെ കൊണ്ട് സമ്മതിപ്പിക്കണം.
അതിന് എന്താണൊരു വഴി?അവർ തല പുകഞ്ഞിരുന്ന് ആലോചിച്ചു.
♡♡♡♡♡♡♡♡♡♡
കാശി, നീനയോട് ഒന്നും സംസാരിക്കാറില്ല.
നീനയും വാശി ഒട്ടും കുറച്ചില്ല. എങ്കിലും അവനും കൂടെയുള്ള ഭക്ഷണം അവൾ ഉണ്ടാക്കി വയ്ക്കും.
പിണക്കം മാറ്റാൻ കാശി തീരെ ശ്രമിച്ചില്ല. അവഗണന അയാൾക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല..വേണമെങ്കിൽ അവൾ ഇങ്ങോട്ട് വന്ന് മിണ്ടട്ടെ.
അടുത്ത കൊല്ലം നാട്ടിലേക്ക് പോയി,പോരുമ്പോൾ കുഞ്ഞിനേയും കൂടെ കൂട്ടാം എന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നു. നീനയോട് പറഞ്ഞില്ല എന്നേ ഉള്ളൂ…
എത്രയൊക്കെ ആയാലും എന്റെ കുഞ്ഞാണ്. എത്ര മാറ്റി നിർത്തിയാലും ഈ ഭൂമിയിൽ അവളുടെ അപ്പൻ ഞാൻ തന്നെയായിരിക്കും.
അറിയാതെ ആണെങ്കിലും ജന്മം നൽകി പോയില്ലേ.
ഒരിക്കൽ മാത്രം നീനയുടെ ഫോണിൽ കുഞ്ഞിനെ കണ്ടിട്ടുണ്ട്.
സുന്ദരി മോൾ, ആർക്കും വാത്സല്യം തോന്നുന്ന ഓടിച്ചെന്നു വാരി യെടുത്ത് ഉമ്മ വയ്ക്കാൻ തോന്നുന്ന അത്ര ഓമനത്തമുള്ള മുഖമാണ് കുഞ്ഞിന്റെത്. തന്റെ രiക്തത്തിൽ പിറവി കൊണ്ട കുഞ്ഞിനെ കണ്ടപ്പോൾ ഉള്ളിൽ സന്തോഷവും വാത്സല്യവും ഒക്കെ തോന്നിയിട്ടുണ്ട്.
പക്ഷെ, വീണ്ടും ഒരിക്കൽ കൂടെ കുഞ്ഞിന്റെ ഫോട്ടോ താൻ കണ്ടിട്ടില്ല.
അടുത്ത കൊല്ലം അവളെ കൂടെ കൂട്ടണം എന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ രണ്ട് മനസ്സുമായി കഴിയുന്ന തങ്ങൾക്കിടയിലേക്ക് അവൾ വരാതിരിക്കുന്നത് തന്നെയാണ് നല്ലത്.
നീനയുടെ മനസ്സിൽ കാശിയോട് മിണ്ടണം എന്നൊക്കെയുണ്ട്, പക്ഷെ ഇന്ന് തോറ്റ് കൊടുത്താൽ പിന്നെ എന്നും തോറ്റ് കൊടുക്കേണ്ടി വരും.
പ്രണയിച്ചിരുന്ന കാലത്ത് എന്തെങ്കിലും പറഞ്ഞ് കാശി പിണങ്ങിയാലും താൻ പിറകെ നടന്നു മിണ്ടുമായിരുന്നു. കാശി പിണങ്ങിയാൽ പിന്നെ ഇണങ്ങാൻ വലിയ പാടാണ്.പിന്നാലെ നടന്നു നടന്നു മിണ്ടിച്ചെടുക്കണം. അതുകൊണ്ട് കാശിയോട് കഴിവതും പിണങ്ങാറില്ല.
പക്ഷെ ഇനി തോറ്റ് കൊടുക്കാൻ മനസ്സില്ല. ഇങ്ങോട്ട് വന്നു മിണ്ടാതെ ഇനി മിണ്ടാൻ തീരുമാനിച്ചിട്ടില്ല.
താൻ എപ്പോഴും തോറ്റു തോറ്റു കൊടുത്തു മടുത്തു. എത്ര ആട്ടിയോടിച്ചാലും വീണ്ടും കാൽക്കൽ വന്നിരിക്കുന്ന പൂച്ചയെ പോലെയായിരുന്നില്ലേ താൻ.
ഒരു തവണയെങ്കിലുംഇങ്ങോട്ട് വന്നു മിണ്ടട്ടെ.
ദിവസങ്ങൾ കടന്നുപോയിട്ടും അവർക്കിടയിലെ പിണക്കം തീർക്കാൻ രണ്ടാളും ശ്രമിച്ചില്ല. ഓരോ ദിവസവും കടന്നുപോകും തോറും രണ്ടാൾക്കി ടയിലും വാശി കൂടി കൂടി വന്നു.
നീന വീട്ടിലെത്തി കഴിഞ്ഞ് ഫോൺ നോക്കി.
ഗൗരിയുടെയും ശരത്തിന്റെയും നടുവിൽ ഒരു കൊച്ചുരാജകുമാരിയെ പോലെ ഒരുങ്ങി നിൽക്കുന്ന തന്റെ പൊന്നുമോളെ കണ്ടപ്പോൾ അവളുടെ മനസ്സ് സ്വയമറിയാതെ തേങ്ങിപ്പോയി.
തന്റെയും കാശിയുടെയും കൂടെ ഉണ്ടാവേണ്ട മോളാണ്. തന്നിൽ നിന്നും എത്രദൂരത്തിലാണ് ഇപ്പോൾ അവൾ.
അവൾ അമ്മയെ വിളിച്ചു. അമ്മയോട് സംസാരിക്കുമ്പോൾ മനസ്സിന് തെല്ലാശ്വാസം ലഭിക്കും.
നീനേ നീ ഭക്ഷണം കഴിച്ചോ അമ്മ ചോദിച്ചു.
ഇല്ല. കുറച്ചുകൂടി കഴിഞ്ഞിട്ട് കഴിക്കാം എന്ന് കരുതി
അമ്മയ്ക്ക് സുഖമല്ലേ?അസുഖമൊക്കെ ഇപ്പോൾ നല്ലോണം കുറഞ്ഞോ?
ഇപ്പോൾ നല്ല കുറവുണ്ട് മോളെ. പക്ഷേ മരുന്ന് ഒക്കെ ഭയങ്കര വിലയുള്ളതാ. നമ്മളെക്കൊണ്ട് താങ്ങാൻ ഒക്കില്ല. സാധാരണക്കാർ ക്കൊക്കെ ഒരു അസുഖം ഉണ്ടായാൽ എന്ത് ചെയ്യാനാ.
അതൊന്നും സാരമില്ലമ്മേ കാശ് കൂടുതൽ ആണെന്നും പറഞ്ഞു മരുന്നൊന്നും മുടക്കണ്ട. കാശ് ഞാൻ അയച്ചു തന്നോളാം. അവൾ പറഞ്ഞു.
എത്രയെന്ന് പറഞ്ഞാ മോളെ നിന്നെ ബുദ്ധിമുട്ടിക്കുന്നത്.
അമ്മ അങ്ങനെയൊന്നും ആലോചിക്കേണ്ട. പണം ചിലവാക്കാൻ ഉള്ളതല്ലേ. എന്തായാലും അസുഖമൊക്കെ കുറഞ്ഞല്ലോ അതുതന്നെ വലിയ ആശ്വാസമല്ലേ.
മോളെ എനിക്ക് വേറൊരു കാര്യം പറയാനുണ്ട്. നീയത് എങ്ങനെ യെടുക്കും എന്ന് എനിക്കറിഞ്ഞുകൂടാ,ഞാൻ പറയുന്നത് ഒന്നും നിനക്ക് മനസ്സിലാവില്ല അതാ ഏറ്റവും വലിയ കുഴപ്പം.
എന്റെ അമ്മേ.. ഇങ്ങനെ വളച്ചു കെട്ടാതെ ഒന്ന് പറയാമോ??
നീ എത്രയും പെട്ടെന്ന് ഗൗരിയോടും ശരത്തിനോടും പറയണം, കുഞ്ഞിനെ എന്റെ കൂടെ വിട്ടേക്കാൻ.
ഈ അമ്മയ്ക്ക് എന്താ പറ്റിയെ അമ്മ കുറെ ദിവസമായല്ലോ ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു
ഒന്നുമില്ലാതെ അമ്മ പറയില്ലെന്ന് നിനക്ക് ഇപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു കൂടെ. കുട്ടികളില്ലാത്ത അവൾ കുഞ്ഞിനെ വളർത്തിയാൽ ശരിയാവില്ല മോളെ..അവൾക്ക് കുഞ്ഞിനെ വളർത്താനുള്ള ഭാഗ്യമില്ലാത്തവളാണ്. അങ്ങനെയുള്ളവളുടെ കൈയിൽ കുഞ്ഞിരുന്നാൽ, അത് കുഞ്ഞിനെ ദോഷമായി ബാധിക്കും. ഒരു പക്ഷെ അവളെ നമുക്ക് നഷ്ട്ടമായെന്നും വരാം.
അമ്മയുടെ വാക്കുകൾ കേട്ട് നീനയുടെ ഉള്ളം നടുങ്ങി.
തന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ..ശരിയേത് തെറ്റേത് എന്നൊന്നും ചിന്തിക്കാൻ ഇപ്പോൾ വയ്യ, ഈ ലോകത്തിൽ എനിക്ക് ഏറ്റവും വലുത് എന്റെ കുഞ്ഞ് തന്നെയാണ്.
നിനക്ക് ഞാൻ പറയുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ നീനെ?
ഉം…. അവൾ പതിയെ മൂളി.
ഇനി നീ വേണ്ടെന്നു പറഞ്ഞാലും ശരി അടുത്ത ദിവസം തന്നെ ഞാൻ പോയി കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവരും.
അതിന് നീന മറുപടിയൊന്നും പറഞ്ഞില്ല.
നീ ഫോൺ വെച്ചോ,അല്ലെങ്കിലും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാനുള്ള കഴിവൊന്നും നിനക്ക് ഇല്ലല്ലോ. അമ്മ ദേഷ്യത്തോടെ പറഞ്ഞിട്ട് കാൾ കട്ടാക്കി.
എത്രയും പെട്ടന്ന് അമ്മ കുഞ്ഞിനെ കൊണ്ടുപോയെങ്കിൽ. ഇനിയവൾ ഗൗരിയേടത്തിയുടെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും തനിക്കു ഭയമാണ്..എങ്കിലും അവളുടെ ഉള്ളിൽ ചെറിയൊരു കുറ്റബോധം തോന്നി. ഒന്നുവല്ലെങ്കിലും ഇത്രനാൾ ഗൗരി ഏടത്തി പൊന്നിയെ സ്വന്തം കുഞ്ഞിനെപ്പോലെ കരുതി വളർത്തിയതല്ലേ..പക്ഷേ,പൊന്നിയുടെ കാര്യത്തിൽ താനല്പം സ്വാർത്ഥയാണ്.എനിക്ക് എന്റെ പൊന്നി മാത്രമേയുള്ളൂ . അത് മാത്രം താനിപ്പോൾ ആലോചിച്ചാൽ മതി.
♡♡♡♡♡♡♡♡♡♡
പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് അമ്മ നവനീതിനോട് പറഞ്ഞത്. എടാ…ഞാനിന്ന് പോയി പൊന്നിയെ ഇങ്ങോട്ട് കൊണ്ടുപോരും.
എന്റെ അമ്മേ…അമ്മയ്ക്ക്ആ. കൊച്ചു നല്ല രീതിക്ക് വളരുന്നത് കണ്ടിട്ട് അമ്മയ്ക്ക് സഹിക്കുന്നില്ല അല്ലേ?
എടാ ചെറുക്കാ, ആ പെണ്ണിന് കൊച്ചുങ്ങൾ ഉണ്ടാകില്ല.അതിനുള്ള ഭാഗ്യം പോലും അവൾക്ക് ഇല്ല. അങ്ങനെയുള്ള ഒരുത്തി നമ്മുടെ കുഞ്ഞിനെ നോക്കിയാൽ,അതിന്റെ ദോഷം കുഞ്ഞിന് പറ്റും.
അമ്മ ഇത് ഏത് കാലത്താണ് ജീവിക്കുന്നത്. പണ്ടുകാലത്തെ അന്ധവിശ്വാസങ്ങൾ അല്ലേ ഇതൊക്കെ.
അന്ധവിശ്വാസമൊന്നുമല്ല. ചില കാര്യങ്ങൾ ഒക്കെ സത്യമാ.ഇന്നത്തെ തലമുറയ്ക്ക് അതൊക്കെ വിശ്വസിക്കാൻ പ്രയാസമുണ്ടാവും.ഞാൻ പഴയ ആളാ എനിക്ക് ഇതിലൊക്കെ നല്ല വിശ്വാസമാ, അതുകൊണ്ട് ഞാനിന്ന് പോയി പൊന്നിയെ ഇങ്ങോട്ട് കൊണ്ടുപോരും.
അമ്മേ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. .
നീ എന്തൊക്കെ പറഞ്ഞാലും ശരി കൊച്ചിനെ ഞാൻ ഇന്ന് പോയി കൊണ്ടുപോരും.
ഈ അമ്മക്ക് എത്ര പറഞ്ഞാലും മനസിലാകില്ലല്ലോ.
ഇല്ല. മനസ്സിലാകില്ല. നീ എന്നെ കൂടുതൽ മനസ്സിലാക്കിക്കാൻ നിൽക്കണ്ട.
എന്തേലും ആയിക്കോ എന്നെ ഒന്നിനും വിളിച്ചേക്കരുത്. ഞാൻ പറഞ്ഞേക്കാം
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ,നീയും വരണം എന്റെ കൂടെ. അമ്മ പറഞ്ഞു
അയ്യടാ എന്നെ അതിനൊന്നും കിട്ടില്ല..എനിക്ക് ആരും സങ്കടപ്പെടുന്നത് കാണാൻ ഇഷ്ടമല്ല.ഞാനായിട്ട് ആരെയും വേദനിപ്പിക്കുകയും ഇല്ല.
അവൻ ഭക്ഷണം മതിയാക്കി എഴുന്നേറ്റുപോയി.
അല്ലേലും ഇതിനോടൊക്കെ പറഞ്ഞഎന്നെ വേണം തiല്ലാൻ. നീ വന്നില്ലെങ്കിൽ വരണ്ട. എനിക്കറിയാം പോയി കൊച്ചിനെ കൊണ്ടുവരാൻ.
♡♡♡♡♡♡♡♡♡♡
പൊന്നി ഉച്ചയ്ക്ക് കുറച്ചുനേരം കിടന്നുറങ്ങുക പതിവുണ്ട്. അവളെ കിടത്തി ഉറക്കിയിട്ട് ഗൗരി തുണി അലക്കാൻ ഇറങ്ങി. പൊന്നിയുടെ തുണികൾ ഒന്നും അവൾ വാഷിങ്മെഷീനിൽ അലക്കാറില്ല. അലക്ക് കല്ലിൽ അലക്കിയാലെ അവൾക്കൊരു തൃപ്തിയുള്ളൂ..
അലക്കുകല്ല് ഇരിക്കുന്ന സ്ഥലത്ത് നല്ല തണൽ ഉള്ളതുകൊണ്ട് ഏത് സമയത്ത് വേണമെങ്കിലും തുണി അലക്കാം.
തുണി അലക്കി വിരിച്ചിട്ട്, അകത്തേക്ക് വരുമ്പോഴാണ്, ഗേറ്റ് തുറന്ന് നീനയുടെ അമ്മ കടന്നുവരുന്നത് അവൾ കണ്ടത്.
അമ്മയെ കണ്ടതും അവളുടെ ഉള്ളിൽ ഒരു ഭയം നിറഞ്ഞു.
ഇപ്പോഴുള്ള ഈ വരവ് എന്തിനാണാവോ?
ഭയമുണ്ടെങ്കിലും അതൊക്കെ മറച്ചുവെച്ച് ചെറിയ പുഞ്ചിരിയോടെ അവൾ പുറത്തേക്ക് ചെന്നു.
ഗീതാമ്മയെ കണ്ടിട്ട് കുറച്ചുദിവസമായല്ലോ കയറിവരൂ….അവൾ പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.
കൊച്ചെന്തിയെ ഉറക്കമാണോ?അമ്മ ചോദിച്ചു.
അതെ ഉറക്കമാണ്. ഉച്ചയ്ക്ക് ഒരു ഒന്നൊന്നര മണിക്കൂറോളം അവൾ കിടന്നുറങ്ങും. ഉറക്കം ശരിയായില്ലെങ്കിൽ അവൾക്ക് പിന്നെ വഴക്കാണ്.
നവനീത് സ്കൂളിൽ പോയോ? ഗൗരി പുഞ്ചിരിയോടെ ചോദിച്ചു.
അവൻ പോയി. രണ്ടുമൂന്ന് ആഴ്ചകൾ കൂടി കഴിഞ്ഞാൽ പരീക്ഷ ആയില്ലേ. ഒരുപാട് പഠിക്കാനുണ്ട്.
ശരത്തും അച്ഛനും എവിടെ കണ്ടില്ലല്ലോ?
അച്ഛൻ, അച്ഛന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. ശരത്തേട്ടനെ ഈ നേരമായിട്ടും കണ്ടില്ല.ഓട്ടം ഒക്കെ ഉണ്ടെങ്കിൽ ചിലപ്പോൾ രണ്ടു മണിയൊക്കെ ആവും ഭക്ഷണം കഴിക്കാൻ വരുമ്പോൾ.
അവർ വരട്ടെ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.ചില കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുമുണ്ട്..ഇനിയും വൈകുന്നതിൽ ഒരർത്ഥമില്ലല്ലോ.
എന്താ അമ്മേ ഗൗരി പരിഭ്രമത്തോടെ ചോദിച്ചു.
അവരും കൂടി വരട്ടെ,എന്നിട്ട് പറയാം.
ഗൗരിയുടെ മനസ്സ് ആകെ അശാന്തമായി ..ഭയം ഉരുണ്ടുകൂടുന്നു.
പെട്ടെന്നാണ് പൊന്നി ചിണുങ്ങിക്കരയുന്ന ശബ്ദം അവൾ കേട്ടത്.
അവൾ കുഞ്ഞിന്റെ അടുത്തേക്ക് ഓടിച്ചെന്നു.
അവളെ കോരിയെടുത്ത് തന്റെ മാiറിലേക്ക് അടക്കി പിടിച്ചു. പൊന്നി വീണ്ടും പതിയെ ഉറക്കത്തിൽ ആയി..ഈശ്വരാ.. ശരത്തേട്ടൻ ഒന്ന് വന്നിരുന്നെങ്കിൽ…
പെട്ടെന്ന് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം ഗൗരി കേട്ടു..ശരത്തേട്ടൻ ആയിരിക്കുമോ? അല്ല ഇത് ശരത്തേട്ടന്റെ വണ്ടിയുടെ ശബ്ദം അല്ല.
അച്ഛൻ അകത്തേക്ക് കയറി വന്ന്, നീനയുടെ അമ്മയോട് സംസാരിക്കുന്ന ശബ്ദം അവൾ കേട്ടു..ഭാഗ്യം അച്ഛൻ വന്നല്ലോ. എത്രയും പെട്ടെന്ന് ശരത്തേട്ടനും കൂടി ഒന്നു വന്നിരുന്നെങ്കിൽ.
മോളെ പൊന്നി ഉറങ്ങിയോ,അച്ഛനകത്തേക്ക് വന്നു?
ഉറങ്ങി അച്ഛാ…
ദാ..ഈ ചോക്ലേറ്റ് ഒക്കെ ഞാൻ പൊന്നിക്കുവേണ്ടി വാങ്ങിയതാ… അച്ഛൻ കയ്യിലിരുന്ന് ചോക്ലേറ്റ് പാക്കറ്റ് ഗൗരിയുടെ നേരെ നീട്ടി.
അച്ഛൻ പുറത്തേക്ക് പോയാൽ, പൊന്നിക്കായ് എന്തെങ്കിലുമൊക്കെ വാങ്ങിച്ചു കൊണ്ട് വരും. അക്കാര്യത്തിൽ ശരത്തേട്ടനും മോശം ഒന്നുമല്ല. എല്ലാദിവസവും കാണും എന്തെങ്കിലുമൊക്കെ അവരുടെ കൈകളിൽ.
ഉറങ്ങിയ കുഞ്ഞിനെ അവൾ കട്ടിലിലേക്ക് കിടത്തി. കുറച്ചുനേരം ആ പിഞ്ചു മുഖത്തേക്കവൾ നോക്കിയിരുന്നു..പതിയെ, നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ മാടിയൊതുക്കി ആ നെറ്റിയിൽ അമർത്തി ചുംiബിച്ചു.
എന്റെ കുഞ്ഞേ… ഈ അമ്മയെ വിട്ട് നീ എവിടേക്കും പോയേക്കല്ലേ.
അവൾ ഹാളിലേക്ക് ചെന്നു.
അമ്മക്ക് കഴിക്കാൻ ചോറ് എടുക്കട്ടെ, സമയം ഉച്ചയായല്ലോ, ഗൗരി നീനയുടെ അമ്മയോട് ചോദിച്ചു.
ഓ..എനിക്ക് ചോറൊന്നും വേണ്ട ഗൗരി. ഞാൻ അരിയാഹാരം കുറച്ചു. രാവിലെ ഒരു ബൗൾ ഓട്സ് കഴിക്കും, പിന്നെ ഒരു ഗ്ലാസ് ഇളം ചൂട് പാലും. ഒരു പത്ത് പതിനൊന്നു മണിയാവുമ്പോൾ എന്തെങ്കിലും കുറച്ച് ഫ്രൂട്ട്സ് കഴിക്കും. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി കഴിക്കും. വൈകിട്ട് കടുപ്പത്തിൽ ഒരു ഗ്ലാസ് ചായയും എണ്ണ കുറവുള്ള എന്തെങ്കിലും ചെറുകടിയും കഴിക്കും. അത്താഴത്തിന് എന്തെങ്കിലും ഫ്രൂട്ട്സ് കഴിക്കും അത്രയേ ഉള്ളൂ…..
ശരിക്കും പറഞ്ഞാൽ ആഹാര കാര്യത്തിൽ നിയന്ത്രണം കൊണ്ടു വന്നതിൽ പിന്നെ, ആരോഗ്യവും നന്നായി, പറയത്തക്ക അസുഖങ്ങളും ഇല്ല..താഴേലെ രമണി പറയുന്നത് എന്നെ കണ്ടാൽ ഇപ്പോൾ മുപ്പത്തിയഞ്ചു വയസ്സിൽ കൂടുതൽ പറയില്ല എന്നാണ്.
ഗൗരി ചിരിച്ചു.
ചുരിദാറും കൂടി ഇട്ടാൽ എന്നെ കണ്ടാൽ അതിലും പ്രായം കുറവ് തോന്നിക്കുംഅല്ലേ . ഞാൻ ചുരിദാർ ഇടുന്നത് നവനീതിന് അത്ര ഇഷ്ടമുള്ള കാര്യമല്ല. പിന്നെ ഞാൻ ഓർക്കും ഈ പ്രായത്തിൽ അല്ലേ നന്നായി നടക്കാൻ കഴിയൂ എന്ന്.
ഗൗരി വീണ്ടും മുഖത്തൊരു ചിരി വരുത്തി..അവർ പറയുന്നതിൽ പകുതിയും ഗൗരി കേൾക്കുന്നു പോലും ഉണ്ടായിരുന്നില്ല അവളുടെ മനസ്സ് കുഞ്ഞിലായിരുന്നു.
മുറ്റത്ത് ഒരു ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം ഗൗരി കേട്ടു..ഓഹ്… ആശ്വാസമായി. ശരത്തേട്ടൻ വന്നു.
അമ്മ എപ്പോൾ വന്നു ശരത് ചോദിച്ചു.
കുറച്ചു നേരമായി. ഞാൻ ശരത് വരാൻ വേണ്ടി കാത്തിരിക്കുക യായിരുന്നു.
എന്താ …. പ്രത്യേകിച്ച് എന്തെങ്കിലും ?
ശരത് ചോദിച്ചു.
ഞാൻ പൊന്നിയെ കൊണ്ടുപോകാനാണ് വന്നത്.
ശരത് ഞെട്ടലോടെ ഗൗരിയെ നോക്കി.
ഗൗരി അത് കേട്ട് തറഞ്ഞു നിൽക്കുകയാണ്. അവൾ ശ്വാസം വിടുന്നുണ്ടോ എന്ന് പോലും അയാൾക്ക് സംശയം തോന്നി. അവൾ അനങ്ങുന്നില്ല,ഇമകൾ പോലും ചലിക്കുന്നില്ല.
ഗൗരി….. ശരത് ഉറക്കെ വിളിച്ചു.
പെട്ടെന്ന് ഗൗരി ഒന്നു ഞെട്ടിയത് പോലെ തോന്നി.
ശരത്തേട്ടാ….ഇവർഎന്തൊക്കെയാ ഈ വിളിച്ചുപറയുന്നത്
ഞാൻ എന്തെങ്കിലും അല്ലല്ലോ വിളിച്ചുപറഞ്ഞത്,എന്റെ മകൾ എന്നോട് പറഞ്ഞ കാര്യമാണ് പറഞ്ഞത്.
നീനയെ ഞങ്ങൾ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അപ്പോൾ നീന പറഞ്ഞത് അവൾ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണല്ലോ. ശരത് പറഞ്ഞു
നിങ്ങൾ വിളിച്ചപ്പോൾ അങ്ങനെ പറഞ്ഞെങ്കിലും ഇപ്പോൾ അവൾ തീരുമാനം മാറ്റി. എന്നോട് കുഞ്ഞിനെ കൊണ്ടുപൊയ്കൊള്ളാൻ പറഞ്ഞത്അവളാണ്.
നിങ്ങൾ നുണ പറയുകയാണ്.ശരത് പറഞ്ഞു.
ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ ഞാൻ നുണ പറയേണ്ട ആവശ്യം എന്താ?
ഞാൻ നീനയെ ഒന്ന് വിളിച്ചു നോക്കട്ടെ അല്ലാതെ ഞാൻ വിശ്വസിക്കില്ല. ശരത്ത് പറഞ്ഞു
വിളിച്ചു നോക്കിക്കോ.
ശരത് നീനയെ വിളിച്ചു. ബെല്ലടിക്കുന്നുണ്ട്
കിച്ചണിൽ ആയിരുന്ന നീന ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഫോൺ കൈയിൽ എടുത്തു.
ശരത്തേട്ടനാണ് വിളിക്കുന്നത്അ വൾ കോൾ എടുത്തില്ല
അമ്മ വീട്ടിൽ ചെന്ന്, പൊന്നിയെ കൊണ്ടുപോകണമെന്ന് പറഞ്ഞായിരിക്കും. അതുകൊണ്ട് ആയിരിക്കണം ശരത്തേട്ടൻ വിളിക്കുന്നത്
ശരത്തേട്ടനോട് എന്തു പറയും? കാൾ എടുക്കാൻ അവൾക്ക് തോന്നിയില്ല എടുത്തിട്ട് താൻ എന്ത് പറയാനാണ്
കുറച്ചുനേരം ബെല്ലടിച്ചിട്ട് കോൾ കട്ടായി..നീനക്ക് ആശ്വാസം തോന്നി.
നീന കോള്‍ എടുക്കുന്നില്ലേ ശരത്തേട്ടാ, ഗൗരി സങ്കടത്തോടെ ചോദിച്ചു.
അവൾ കോൾ എടുക്കില്ല.അവൾക്ക് നിങ്ങളോട് ഒന്നും സംസാരിക്കാനില്ല. നീനയുടെ അമ്മ പറഞ്ഞു.
ഇല്ല ഞാൻ വിശ്വസിക്കില്ല ഒരിക്കലുംനീന അങ്ങനെ പറയില്ല ഗൗരി നിഷേധാർത്ഥത്തിൽ തലയാട്ടി.
ഞാൻ വിളിച്ചു നോക്കാം അവളെ. അമ്മ ഫോണെടുത്ത് അവളെ വിളിച്ചു.
നീന വീഡിയോ കോൾ അറ്റൻഡ് ചെയ്തു
മോളെ ഞാൻ പറഞ്ഞിട്ട് ഇവർക്ക് വിശ്വാസമാകുന്നില്ല. കൊച്ചിനെ കൊണ്ടുപോകാൻ നീ സമ്മതിച്ചതല്ലേ?
പ്രതീക്ഷയോടെ തന്റെ നേർക്ക് നോക്കുന്ന ശരത്തേട്ടനെയും ഗൗരിയേടത്തിയേയും കണ്ടപ്പോൾ നീനക്ക് വല്ലാത്ത സങ്കടം തോന്നി .
മോളെ നിന്റെ അമ്മ എന്തൊക്കെയോ പറയുന്നു നീ പറ എന്താ സത്യം? നീ പറഞ്ഞാൽ ഏട്ടത്തിക്ക് വിശ്വാസമാണ്.
ഏട്ടത്തി….കുറച്ചുദിവസം പൊന്നി, അമ്മയുടെ കൂടെ പോയി നിൽക്കട്ടെ. അമ്മയ്ക്കും ആഗ്രഹം കാണില്ലേ കുഞ്ഞിനെ കൂടെ നിർത്താൻ
നീനമോളെ, ഞങ്ങളെ കാണാതെ പൊന്നി നിൽക്കില്ല. ശരത്ത് പറഞ്ഞു.
സാരമില്ല ശരത്തേട്ടാ, അവൾ കുഞ്ഞല്ലേ, അവൾ രണ്ടു ദിവസം കൊണ്ട് അതൊക്കെ ശീലമാക്കും.
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോളെ, ഇവിടെ അച്ഛനാണെങ്കിൽ പൊന്നിയെ കാണാതിരിക്കാനാകില്ല . പെട്ടെന്ന് കുഞ്ഞിനെ കൊണ്ടു പോകുന്നു എന്നറിയുമ്പോൾ അച്ഛന് സഹിക്കാൻ പറ്റുമോ.
അച്ഛനെ ഞാൻ പറഞ്ഞു.മനസ്സിലാക്കിക്കൊള്ളാം. ഇപ്പോൾ തൽക്കാലം അമ്മയുടെ കൂടെ കുറച്ചുദിവസം കുഞ്ഞ് നിൽക്കട്ടെ
പിന്നെ ഒന്നും പറയാൻ ശരത്തിനും ഗൗരിക്കും കഴിഞ്ഞില്ല. തീരുമാന മെടുക്കുന്നത് പൊന്നിയുടെ അമ്മയാണ്.
ഗൗരിയുടെ കണ്ണുകൾ പൊട്ടിയൊഴുകുന്നത് കണ്ട് ശരത്ത് ഗൗരിയെ തന്നിലേക്ക് ചേർത്ത് നിർത്തി.
ഈ വേർപിരിയൽ ഉണ്ടാകുമെന്ന് അറിയാമായിരുന്നു പക്ഷേ ഇത്ര പെട്ടെന്ന്….
കുഞ്ഞ് ഉറങ്ങുവല്ലേ,അവൾ എഴുന്നേൽക്കുന്നതിന് മുമ്പ് ഞാൻ കൊണ്ടുപോയിക്കോളാം. എഴുന്നേറ്റാൽ ചിലപ്പോൾ നിങ്ങളെ കാണാതെ കരഞ്ഞാലോ.
അമ്മ മുറിയിലേക്ക് പോയി, കുഞ്ഞിനെയും എടുത്ത് ഇറങ്ങി വന്നു.
ദയവായി കുഞ്ഞിനെ കൊണ്ടു പോകരുത്. ഗൗരി തടയാൻ ശ്രമിച്ചു.
മോളെ ഗൗരി…അവർ പൊയ്ക്കോട്ടെ, തടയേണ്ട. അച്ഛൻ ഗൗരവത്തിൽ പറഞ്ഞു
ഇത്രനേരം നിങ്ങളുടെ സംസാരം ഞാൻ കേട്ടുകൊണ്ട് നിൽക്കുക യായിരുന്നു. ഗീത നല്ലൊരു മനുഷ്യസ്ത്രീ ആണെന്നാണ് ഞാൻ കരുതിയിരുന്നത് ഇപ്പോൾ മനസ്സിലായി ഞാൻ വിചാരിച്ചത് തെറ്റാണെന്ന്.
എന്റെ മകളുടെ കൊച്ചിനെ കൊണ്ടുപോകുന്നത് അത്ര വലിയ തെറ്റാണോ? ഗീത അല്പം ദേഷ്യത്തോടെ ചോദിച്ചു
ഇനി അധികം സംസാരിക്കണ്ട. കുഞ്ഞു ഉണരുന്നതിനു മുൻപ് പോകാൻ നോക്ക്. ഇല്ലെങ്കിൽ ആ കുഞ്ഞിന്റെ കരച്ചിൽ കൂടെ ഞങ്ങൾ കാണേണ്ടിവരും. അച്ഛൻ ഗൗരവത്തിൽ പറഞ്ഞു
അമ്മ കുഞ്ഞിനെയും കൊണ്ട് ഇറങ്ങി
തന്റെ ഹൃദയം പറിച്ചെടുത്തു കൊണ്ടുപോകുന്ന വേദന തോന്നി ഗൗരിക്ക്.
കുഞ്ഞിനെയും കൊണ്ട് അമ്മ പോകുന്നത് കണ്ടതും, അവൾ ബോധമറ്റ് നിലത്തേക്ക് വീണു.
♡♡♡♡♡♡♡♡♡♡♡
കൊച്ചിനെയും കൊണ്ട് വണ്ടിയിൽ ഇരിക്കുമ്പോഴാണ് ഗീതയുടെ ഫോൺബെല്ലടിച്ചത്ഫോ.ൺ അടിക്കുന്ന ശബ്ദം കേട്ടതും പൊന്നി ഉണർന്നു.
ഗീതഫോൺ സൈലന്റ് ആക്കി ബാഗിലേക്കിട്ടു
ഗീതയെ കണ്ടതും അവൾ ഉറക്ക കരയാൻ തുടങ്ങി.ഗീത കുഞ്ഞിനെ തോളിൽ ഇട്ട് ആട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
കൊച്ചു ഭയങ്കര കരച്ചിൽ ആണല്ലോ ചേച്ചി ഡ്രൈവർ സുകു ഗീതയോട് പറഞ്ഞു.
ഇത്രനാൾ കുഞ്ഞ് അവരുടെ കൂടെ അല്ലായിരുന്നോ, അവരെ പിരിയാൻ കുഞ്ഞിന് വല്ലാത്ത വിഷമമാണ്. രണ്ടുമൂന്നു ദിവസം കൊണ്ട് മാറ്റിയെടുക്കാവുന്നതേയുള്ളൂ…..കുഞ്ഞുങ്ങൾ പെട്ടെന്ന് മറ്റുള്ളവരുമായി ഇണങ്ങും.
നീന വിദേശത്തുനിന്നും വരാറായോ സുകു ചോദിച്ചു.
ഇക്കൊല്ലം എന്തായാലും വരില്ല. അടുത്തകൊല്ലം അവർ രണ്ടുപേരും കൂടി വന്നു കുഞ്ഞിനെയും അങ്ങോട്ടു കൊണ്ടു പോകും. അവർക്ക് അവിടെ തന്നെ എവിടെയെങ്കിലും സ്ഥിരതാമസം ആക്കണമെന്നാണ് ആഗ്രഹം.
ഇപ്പോൾ ജോലിക്കായി പുറത്തേക്കു പോകുന്നൻ,വിദേശരാജ്യങ്ങളിൽ തന്നെ സ്ഥിരമാക്കുതാസമാക്കുകയാണ് ചെയ്യുന്നത്
അല്ലെങ്കിലും അതാ നല്ലത് സുകൂ.. ജോലിയും സാലറിയും മറ്റു സൗകര്യങ്ങളും എല്ലാം അവിടെയാണ് നല്ലത്. പിന്നെ എന്തിനാ ഈ കുഗ്രാമത്തിൽ വന്ന് താമസിക്കുന്നത്.
കുഞ്ഞിന്റെ കരച്ചിലിന്‍റെ ശക്തിയേറി..അവൾ ഗീതയുടെ മടിയിൽ നിന്നും ഊർന്നിറങ്ങാൻ ശ്രമം നടത്തി…
ഗീത കുഞ്ഞിനെ ബലമായി മടിയിൽ തന്നെ ഇരുത്തി.
അടുത്തുള്ള കടയിൽ നിന്നും എന്തെങ്കിലും ചോക്ലേറ്റ് വാങ്ങാമോ ഗീത സുകുവിനോട് ചോദിച്ചു.
അയാൾ പോയി രണ്ട് ചോക്ലേറ്റ് വാങ്ങിച്ചു കൊണ്ടുവന്നു.അത് കണ്ടതുംകുഞ്ഞ് തൽക്കാലം ഒന്നടങ്ങി.mഅവൾ മിട്ടായി കയ്യിൽ വാങ്ങിച്ച് കരച്ചിൽ അടക്കാൻ നോക്കി
അറിയാതെ അവളിൽ നിന്നും ഇടയ്ക്കിടെ ഉയരുന്ന എങ്ങലടി കേട്ടപ്പോൾ, സുകുവിന് പാവം തോന്നി.
കുഞ്ഞിനെ അവരെ പിരിയാൻ വലിയ വിഷമമാണ് കേട്ടോ ചേച്ചി. പെട്ടെന്ന് കുഞ്ഞിനെ പിടിച്ചു പറിച്ചെന്നപോലെ കൊണ്ടുവന്നത് മോശമായിപ്പോയി.
എന്തോന്ന് മോശം നീ ഇങ്ങനെ ഒന്നും പറയല്ലേ നിനക്ക് എന്തറിയാം?
കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് ഇത്രയും നാൾ കുഞ്ഞിനെ വളർത്താൻ കൊടുത്തത് തന്നെ എന്റെ മകളുടെ നല്ല മനസ്സ് അല്ലേ
സുകു പതിയെ പുഞ്ചിരിച്ചു. എന്തിന്റെ പേരിലായാലും ഒരു പിഞ്ചു കുഞ്ഞിനെ കരയിക്കുന്നത് മോശം തന്നെ. അതൊന്നും മനസ്സിലാക്കാനുള്ള വിവരം പോലും ഈ സ്ത്രീക്ക് ഇല്ലല്ലോ. അയാൾ മനസ്സിൽ ഓർത്തു.
സുകു പിന്നെ ഒന്നും മിണ്ടാൻ പോയില്ല.
♡♡♡♡♡♡♡♡♡♡♡♡♡
ബോധമറ്റ് കിടക്കുന്നത് ഗൗരിയെ ശരത് വിളിച്ചുണർത്താൻ ശ്രമിച്ചു.
ശരത്തെ കുറച്ച് വെള്ളം കൊണ്ടുവന്ന് ഗൗരിയുടെ മുഖത്ത് തളിച്ച് നോക്കിക്കേ.. ശരത്തിനോടായി അച്ഛൻ പറഞ്ഞു.
അയാൾ വെള്ളമെടുത്തു കൊണ്ടുവന്നവളുടെ മുഖത്ത് തളിച്ചു.
ഗൗരി കണ്ണുകൾ തുറന്നു.
എന്റെ മോളെ അവർ കൊണ്ടുപോയി അല്ലേ ശരത്തേട്ടാ.
അവർ കൊണ്ടുപോകട്ടെ ഗൗരി. എന്നായാലും അവൾ നമ്മളിൽ നിന്നും അകന്നല്ലേ പറ്റൂ..
ഉള്ളിൽ കരഞ്ഞുകൊണ്ട് ശരത്തേട്ടൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് എനിക്കറിയാം. ഞാൻ സ്നേഹിച്ചതിലും അധികം പൊന്നിയെ സ്നേഹിച്ചത് ശരത്തേട്ടൻ അല്ലേ.
അയാളുടെ കണ്ണുകൾ നിറഞ്ഞു. ഇനി എവിടെ നിന്നാൽ തനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്ന് വരാം. അയാൾ തിടുക്കത്തിൽ പുറത്തേക്കിറങ്ങിപ്പോയി.
♡♡♡♡♡♡♡♡♡♡
അമ്മ കുഞ്ഞിനെ കൊണ്ടുപോയതൊന്നും നീന കാശിയോട് പറഞ്ഞില്ല.
എന്തിനാണ് പറയുന്നത്. കുഞ്ഞിന്റെ കാര്യം ഇതുവരെയും ചോദിച്ചിട്ട് പോലുമില്ല. സ്വന്തം കുഞ്ഞാണെന്ന ഒരു ചിന്ത പോലും അയാൾക്കില്ല. അങ്ങനെയുള്ള ഒരാളോട് എന്തുപറയാനാണ്.
ഒരു വീട്ടിൽ, അപരിചിതരെ പോലെ കഴിയാൻ തുടങ്ങിയിട്ട് തുടങ്ങിയിട്ട് എത്ര ദിവസങ്ങളായി..
കാശി മിണ്ടാതെ,ഇനി മിണ്ടുന്നില്ലെന്ന് നീന തീരുമാനം എടുത്തിരുന്നു. ഒരു തവണയെങ്കിലും ഇങ്ങോട്ടൊന്നു മിണ്ടിയാൽ എല്ലാ പിണക്കവും അവസാനിപ്പിച്ചു താൻ മിണ്ടുമായിരുന്നല്ലോ, കാശിക്ക് വാശി യാണെങ്കിൽ നീനക്കും വാശി തന്നെയാണ്.
ഇനി ആരുടെയും മുന്നിൽ തലകുനിച്ചു നിൽക്കാൻ ഈ നീന തീരുമാനിച്ചിട്ടില്ല.
♡♡♡♡♡♡♡♡♡♡♡♡♡♡♡
വീട്ടിലെത്തി വണ്ടിയിൽ നിന്ന് ഇറങ്ങി കുഞ്ഞിനെയും കൊണ്ട് ഗീത അകത്തേക്ക് നടന്നു
കുഞ്ഞ് ഗീതയുടെ തോളിൽ പതിഞ്ഞു കിടന്നിരുന്നു. അപ്പോഴും ഏങ്ങലടിച്ച് അവളുടെ പിഞ്ചുടൽ വിറക്കുന്നുണ്ടായിരുന്നു.
ഗീത കുഞ്ഞിനെ കസേരയിൽ ഇരുത്തി.
കസേരയിലിരുന്ന് കുഞ്ഞ് ഭീതിയോടെ ഗീതയുടെ മുഖത്തേക്ക് നോക്കി,
പിന്നെ വായ തുറന്ന് ഒറ്റ കരച്ചിൽ.
മോള് കരയണ്ട കേട്ടോ അമ്മമ്മ ബിസ്കറ്റും പാലും തരാം.
അവർ കുഞ്ഞിനായി നേരത്തെ തന്നെ കുറച്ചു കളിക്കോപ്പുകൾ വാങ്ങി വെച്ചിരുന്നു..അതൊക്കെ കാണിച്ചു കൊടുത്തിട്ടും അവൾക്ക് അതൊന്നും വേണ്ട..ഗീത അവളെ തോളിൽ ഇട്ട് ആട്ടിക്കൊണ്ട് മുറിയിലൂടെ കുറേനേരം നടന്നു.
കുഞ്ഞാണെങ്കിലും ഇവളെ എടുക്കുമ്പോൾ കൈ വല്ലാതെ കഴയ്ക്കുന്നു.
കുഞ്ഞാണെങ്കിൽ കരച്ചിൽ നിർത്താൻ ഒരുദ്ദേശവും ഇല്ലാത്തതുപോലെ കരച്ചിലോട് കരച്ചിൽ…
കരഞ്ഞുകരഞ്ഞു തളർന്ന്, ഇനി കരയാനുള്ള ശേഷിയില്ലാതെ കുഞ്ഞ് തളർന്ന് കിടന്നു.
തുടരും.
ഭാഗം 03 വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ