എഴുത്ത് :- സൽമാൻ സാലി
” എടാ സാലിയെ നിനക്കൊരു വാട്സാപ്പ് ലിങ്ക് വിട്ടിട്ടുണ്ട് അതിൽ കേറിക്കോ നമ്മളെ നാലാം ക്ളാസ്സ് ഗ്രൂപ്പ് ആണ് …
മ്മളെ ചങ്ക് ശാഫി വാട്സ്ആപ്പിൽ വിട്ട ലിങ്കിൽ അപ്പൊ തന്നെ കേറി ജോയിൻ ചെയ്തതെ ഓർമ ഉള്ളൂ .. സ്കൂളിലെ ലാസ്റ്റ് ബെല്ലടിച്ചു കുട്ടികൾ പുറത്തേക്ക് ഓടും പോലെ ആണ് മെസേജുകൾ വരുന്നത് ..
ഓരോ മെസ്സേജുകൾ കേട്ട് തുടങ്ങിയത് ..
” ഇതാരാ പുതിയ ആള് വന്നത് ..?
ഷാഫി : ഇത് നമ്മുടെ സൽമാൻ
” ഏത് സൽമാൻ .. അങ്ങിനെ ഒരാൾ നമ്മളോട് പഠിച്ചിട്ടുണ്ടോ ..?
ഷാഫി : എടീ എന്റെ തൊട്ടടുത്ത് ഇരുന്ന സൽമാൻ ഇല്ലേ അവൻ സാലി എന്ന് വിളിക്കുന്നവൻ ..
” ആര് നാമ്പോലനോ ..?
ഷാഫി : ഹാ ഓൻ തന്നെ നാമ്പോലൻ ..!
അത്രേം വോയ്സ് കേട്ടതും ന്റെ കാറ്റ് തീർന്ന് . .
ഫാസ്റ്റ് ഇമ്പ്രഷൻ ബെസ്റ്റ് ഇമ്പ്രഷൻ എന്നൊക്കെ ആര് പറഞ്ഞതാണ് ഒലക്കേടെ മൂടാണ് .. പത്തിരുപത്തഞ്ച് കൊല്ലം ആയിട്ടും കുരിപ്പുകള് എന്നെ മറന്നിട്ടും വട്ടപ്പേര് മറന്നിട്ടില്ല ..
ഷാഫി : എടാ സാലീ ഈയ്യൊരു ഫോട്ടോ ഇടെടാ ..
ഏതായാലും പഴയ കൂട്ടുകാർ ഒക്കെ ഉള്ളതല്ലേ നല്ല ഒരു ഫോട്ടോ തന്നെ ഇട്ടേക്കാം എന്ന് കരുതി ഫോണിൽ നിന്നും നല്ല ഒരു ഫോട്ടോ തന്നെ ഇട്ടുകൊടുത്തു ..
സലീന : അള്ളാഹ് നാമ്പോലൻ ഇപ്പോൾ ജമ്പനെ പോലെ തടിച്ചു കഷണ്ടിയൊക്കെ ആയല്ലോ ..
പുല്ല് നാലാം ക്ളാസിൽ പഠിക്കണ്ടായിരുന്നു എന്ന് തോന്നിപോയ നിമിഷം ..
നിങ്ങൾ കരുതും ഞാൻ നാലാം ക്ളാസിൽ മെലിഞ്ഞു ഒട്ടി നാമ്പോലനെ പോലെ ആയിരുന്നത് കൊണ്ടാണ് ആ പേര് വന്നത് എന്ന് .. അതൊന്നുമല്ല
ഒരീസം പുളിയച്ചാറും തിന്നോണ്ട് വരുമ്പോൾ മുജീബ് അത് എന്റെ കയ്യിന്ന് തട്ടിപ്പറിച്ചു .. പിന്നെ ഒന്നും നോകീല്ല ബാലമംഗളത്തിലെ നാമ്പോലനെയും ശക്തിമരുന്നും മനസ്സിൽ ധ്യാനിച്ച് പോക്കറ്റിൽ കിടന്ന വേറെ പുളിയച്ചാർ പൊട്ടിച്ചു മുജീബിന്റെ മൂകാമണ്ടക്ക് ഒന്ന് കൊടുത്തു .. അടി കൃത്യം മൂക്കാ മണ്ടക്ക് തന്നെ കൊണ്ടതുകൊണ്ട് അവന്റെ ബോധം പോയി ..
അങ്ങനെ അന്ന് മുതൽ പുളിയച്ചാർ എന്റെ ശക്തി മരുന്നും ഞാൻ ക്ലാസ്സിലെ നാമ്പോലനും ആയി ..
പിന്നേം അണകെട്ട് തുറന്ന് പോലെ ഗ്രൂപ്പിൽ മെസ്സേജ് വരുന്നുണ്ട് പുല്ല് എനിക്ക് കേൾക്കാനുള്ള മൂഡ് പോയി ..
ഇനി ഇപ്പൊ ഈ ഗ്രൂപ്പിന്ന് എങ്ങനേലും tc വാങ്ങണം .. അല്ലേൽ എന്റെ ജീവ ചരിത്രം ഇവന്മാർ വാട്സാപ്പ് വഴി വീണ്ടും വീണ്ടും പറയും .. പാവം ന്റെ. കെട്യോൾ എങ്ങാനും കേട്ടാൽ നാമ്പോലനെ പിടിച്ചു ഡിങ്കൻ ആക്കി കളയും …
സൽമാൻ ..
NB: ഇപ്പൊ പൂർവ്വ വിദ്യാർത്ഥി സംഗമം ആണ് ട്രെന്റ് .. ഒന്ന് മുതൽ പത്താം ക്ലാസ് വരെ ഉള്ള ഗ്രൂപ്പ് ആയി ഭാഗ്യത്തിന് അന്ന് അംഗനവാടി ഇല്ലാത്തതുകൊണ്ട് അതിന്റെ മാത്രം ഗ്രൂപ്പ് ഇല്ല ..