ദേവയാമി ~ ഭാഗം 16, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

“അതേ .. മാഷെ.. സോറി ട്ടോ..”

ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു കൊണ്ട് ദേവ തിരിഞ്ഞു നടക്കവേ ആ കുസൃതിച്ചിരി അവൻ്റെ ചുണ്ടിലും നിറഞ്ഞിരുന്നു.

നൃത്തത്തിന് ഇത്തവണയും ഒന്നാം സ്ഥാനം ദേവയാമിക്ക് തന്നെയായിരുന്നു .. ട്രോഫിയും വാങ്ങി നടക്കുമ്പോൾ തന്നെ നോക്കി നിൽക്കുന്ന കണ്ണുകൾ അവൾ കണ്ടിരുന്നു.

കുറച്ച് കഴിഞ്ഞ് ദേവ ക്ലാസ് റൂമിലേക്ക് നടക്കുമ്പോഴാണ് മുൻപിൽ ചുമരും ചാരി നിൽക്കുന്ന ഋഷിയെ കണ്ടത്. ‘ഇയാളെന്താ ഇവിടെ ?’ എന്നു ചിന്തിച്ചു കൊണ്ടാണ് മുൻപോട്ടു നടന്നത്.

“കൺഗ്രാറ്റ്സ്‌ ദേവയാമി.. “ചിരിയോടെ ഋഷി പറഞ്ഞു.

“താങ്ക്സ് മാഷെ.. ” അവളും ചിരിച്ചു.

” ഇയാൾ ചെറുപ്പം മുതലേ നൃത്തം പഠിക്കുന്നതാണോ?”

“കുഞ്ഞുന്നാൾ മുതലേ പഠിക്കുന്നതാ.. നൃത്തം ഒരുപാടിഷ്ടമാണെനിക്ക് ” അവൾ മറുപടി പറഞ്ഞു.

” ഉം.. പിന്നെ.. എനിക്ക് തന്നോടൽപം സംസാരിക്കാനുണ്ട് ” അവളുടെ മുഖത്ത് നോക്കി ഋഷി പറഞ്ഞു.

” മാഷ് പറഞ്ഞോളൂ ..”

“മുഖവുരയില്ലാതെ പറയാം.. എനിക്ക് ഇയാളെ ആദ്യമായ് കണ്ടപ്പോൾ ഒരിഷ്ടം തോന്നി.പിന്നെ ഈ രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് ആ ഇഷ്ടം തെറ്റല്ല എന്നു തോന്നിയത് കൊണ്ടാണ് തുറന്ന് പറയുന്നത് . പുറകെ നടന്ന് സ്നേഹം പിടിച്ചു വാങ്ങാനൊന്നും എനിക്കറിയില്ല.. പിന്നെ പറയാതെ മനസ്സിൽ വച്ച് പിന്നീടൊരു വേദനയാവരുത് എന്നു തോന്നി.. തനിക്ക് തിരിച്ചങ്ങനെ തോന്നുന്നുവെങ്കിൽ ഈ നമ്പറിലേക്ക് വിളിച്ചാൽ മതി.. ” ഇത്രയും പറഞ്ഞ് ഋഷിഒരു കാർഡ് ദേവയുടെ നേരെ നീട്ടി. അവൾ അത് യാന്ത്രികമായി വാങ്ങി.

ഋഷി പോയിട്ടും അവൾക്ക് ഒന്നും മനസ്സിലായില്ല.. എന്താ ഇപ്പോൾ നടന്നത്.. ഇയാളുടെ കിളി പോയോ.. അതോ ഇനി എനിക്കാണോ കുഴപ്പം.. മുൻപോട്ട് കാലുകൾ നീങ്ങുമ്പോഴും അവൾ സ്വയം ചോദിച്ചു.. ഇങ്ങനെയും ഇഷ്ടം പറയുമോ? പറയുമായിരിക്കുമല്ലേ…

“ദേവാ.. നീയിതേതു ലോകത്താ ..” സഞ്ജു അടുത്തുവന്നു ചോദിച്ചപ്പോഴാണ് ദേവ ചിന്തയിൽ നിന്നുയർന്നത്. അവൾ കയ്യിലെ കാർഡ് സഞ്ജുവിന് നേരെ നീട്ടി.

“ഋഷികേശ് ..ഇത് .. മറ്റേ സാറിൻ്റെ നമ്പറാണാണല്ലോ.. നിനക്കെങ്ങനെ കിട്ടി.. ” സഞ്ജു സംശയത്തോടെ ചോദിച്ചു.

” അങ്ങേര് തന്നൂ ..” ദേവ പറഞ്ഞു.

“അങ്ങേരോ…” അത്കേട്ട് സഞ്ജു വാ പൊളിച്ചു.ദേവ നടന്നതൊക്കെ പറഞ്ഞപ്പോൾ സഞ്ജു പറഞ്ഞു.

” അപ്പോ .. അങ്ങേരൊരു കോഴിയല്ല.. മൂപ്പര് കാര്യായിട്ടാണ്. അല്ലാ..നീയെന്തു തീരുമാനിച്ചു. ”

” അറിയില്ലെടാ.. ഞാനിത്രയ്ക്ക് പ്രതീക്ഷിച്ചില്ല.”ദേവ ചിന്തയിലാണ്.

കലോത്സവം അവസാനിച്ചു എല്ലാവരും തിരിച്ച് പോവാൻ അവരവരുടെ കോളേജ് ബസ്സുകളിൽ കയറിത്തുടങ്ങി. സെൻ്റ് മേരീസ് കോളേജിൻ്റെ ബസ് കണ്ടപ്പോൾ ദേവ വെറുതെ നോക്കി. വെറുതെ ബസിനുള്ളിലേക്ക് കണ്ണു പായിച്ചപ്പോൾ കണ്ടു പുറകിലായി പ്രതീക്ഷയോടെ തന്നെ നോക്കുന്ന രണ്ടു കണ്ണുകൾ.അവൾ പെട്ടന്ന് മുഖം തിരിച്ചു. ബസ് മുൻപോട്ട് പോകുമ്പോൾ എന്തെന്നറിയാത്ത വികാരങ്ങൾ തന്നിൽ നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

രാത്രി ഉറങ്ങാൻ കിടന്നപ്പോഴും ഋഷി പറഞ്ഞ വാക്കുകൾ അവൾ ഓർത്തു .ആ കണ്ണുകൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞതുപോലെ. എന്നിട്ടും ആ ചോദ്യത്തിനു മാത്രം കൃത്യമായ ഒരുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് കോളേജി ലെത്തിയിട്ടും ഒരു സുഖം തോന്നിയില്ല.

” നിനക്കെന്തു പറ്റി.. ” അവളുടെ ഭാവം കണ്ടു സഞ്ജു ചോദിച്ചു.

“ഒന്നൂല്ല.. ” അവൾ പറഞ്ഞു.

“നീ ആ സാറിനെ ഓർത്തിരിക്കുകയാണോ.. നിനക്കയാളെ ഇഷ്ടമാണോ?” സഞ്ജു വിടുന്ന ലക്ഷണമില്ല.

“അറിയില്ല .. പക്ഷേ..എന്തോ ഒരു ഫീലിംഗ് .. അത് ലവ് ആണോ? ഏ.. ആയിരിക്കില്ല.. അല്ലേ.. ” അവൾ സഞ്ജുവിനോട് ചോദിച്ചു.

” ഇതത് തന്നെ.. ലവ് .ഉറപ്പിച്ചോ മോളെ… ” സഞ്ജു ഉറപ്പിച്ച് പറഞ്ഞു.

” ആണോ.. പക്ഷേ.. മാഷിനെക്കുറിച്ചൊന്നും അറിയാതെ.. ഒരു പക്ഷേ തമാശയ്ക്ക് പറഞ്ഞതാണെങ്കിലോ?”ദേവ സംശയം പ്രകടിപ്പിച്ചു.

“അതൊക്കെ ശരിയാക്കാം.. നാളെ രാവിലെ അയാൾ ആരാണ് ,എന്താണ് എന്നൊക്കെ ഞാൻ പറഞ്ഞു തരാം .. “സഞ്ജു ഉത്സാഹത്തോടെ പറഞ്ഞു.

“അതെങ്ങനെ?”ദേവയ്ക്ക് സംശയം തീർന്നില്ല.

“അതൊന്നും നീയറിയണ്ട മോളെ.. അതൊക്കെ എനിക്ക് വിട്ടേക്ക്.. ” എന്നും പറഞ്ഞ് സഞ്ജു സ്ലോ മോഷനിൽ നടക്കുന്നത് കണ്ട് ദേവയ്ക്ക് ചിരി വന്നു.

പിറ്റേ ദിവസം രാവിലെ സഞ്ജു വന്നത് ഋഷിയുടെ ഫുൾ ഡീറ്റെയിൽസുമായാണ്. ” റിതിക ഗ്രൂപ്പ് ഉടമസ്ഥരായ അരുന്ധതിയുടെയും ചന്ദ്രശേഖരൻ്റെയും രണ്ടു മക്കളിൽ മൂത്തയാൾ ഋഷികേശ് .. ഇളയവൾ റിതിക .റിതിക MBBS ഫസ്റ്റ് ഇയർ സ്റ്റുഡൻ്റാണ്.” സഞ്ജു പറഞ്ഞു.

“അല്ലാ.. റിതിക ഗ്രൂപ്പിന് ഒരു പാട് സ്ഥാപനങ്ങൾ ഉണ്ടല്ലോ.. എന്നിട്ടും അയാളെന്തിനാ മറ്റൊരിടത്ത് ജോലിക്ക് പോവുന്നത് .. “ദേവയ്ക്ക് അതാണ് സംശയം

” കേട്ടിടത്തോളം അതൊരു റെയർ പീസാ.. മോളെ.. അങ്ങേൾക്ക് എഴുത്തും വായനയും അദ്ധ്യാപനവും ഒക്കെയാണ് ഇഷ്ടം. കോളേജിൽ പെൺകുട്ടികളുടെ ആരാധനാ പുരുഷനാണത്രേ.. പക്ഷേ.. പുള്ളിക്ക് അതൊന്നും കണ്ട ഭാവമില്ലത്രേ..

” സഞ്ജു നല്ല തളളലാണ്.

” നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു. “ദേവ സഞ്ജുവിനെ നോക്കി.

“എൻ്റെ ഒരു കസിൻ അവിടെ പഠിക്കുന്നുണ്ട്.. അവൾക്ക് ഋഷിസാർ എന്നു പറയുമ്പോൾ എന്തൊരു സ്നേഹമാണെന്നോ ..” സഞ്ജു പറഞ്ഞു .

“ചെലപ്പോ നീ ഉദ്ദേശിച്ച ആളാവില്ല ആ കുട്ടി ഉദ്ദേശിച്ചത് “ദേവ പറഞ്ഞു.

“അല്ലാ.. നിനക്കെന്താ ഉദ്ദേശം.. ഇഷ്ടപ്പെട്ട ആളെക്കുറിച്ച് അറിഞ്ഞത് പറയുമ്പോൾ അവൾ ഓരോ സംശയങ്ങളുമായി വന്നോളും. നീ എന്തേലും ചെയ്യ്..

” സഞ്ജു ദേഷ്യപ്പെട്ട് എഴുന്നേറ്റു.

“പിണങ്ങല്ലേ.. നീയിവിടെ ഇരിക്ക്.. “ദേവ അവളെ അവിടെത്തന്നെ ഇരുത്തി.

“എന്താ .. തീരുമാനം. ആ നമ്പറില് വിളിക്കാല്ലേ.. ” സഞ്ജു ചോദിച്ചു.

” വിളിക്കണോ.. എനിക്കാകെ ഒരു പേടി “ദേവ അവളുടെ മുഖത്ത് നോക്കി.

വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് പോവുമ്പോൾ വിളിക്കാം എന്ന ധാരണയിലെത്തി രണ്ടാളും .

“സഞ്ജൂ.. വിളിക്കണോ.. എനിക്കു വയ്യാട്ടോ..” ദേവ നമ്പർ ഡയൽ ചെയ്ത് വീണ്ടും ഓഫാക്കിക്കൊണ്ട് കൊഞ്ചി.

“ദേ .. പെണ്ണേ മര്യാദക്ക് വിളിച്ചോട്ടോ .. അങ്ങേരെ കണ്ടപ്പോ തൊട്ടുള്ള നിൻ്റെ ഭാവങ്ങൾ ഒക്കെ ഞാൻ കണ്ടതാ .. ഇഷ്ടമാണെന്ന് പറയ് എൻ്റെ ദേവാ.. ” സഞ്ജു അതും പറഞ്ഞ് അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിഡയൽ ചെയ്തു.

“റിങ്ങുണ്ട് സംസാരിക്ക്.. ” ഫോൺ ദേവയ്ക്ക് നേരെ നീട്ടിക്കൊണ്ട് സഞ്ജു പറഞ്ഞു. റിങ്ങ് തൻ്റെ ഹൃദയത്തിൽ മുഴങ്ങുന്നതു പോലെ തോന്നി ദേവയ്ക്ക്..

“ഹലോ.. ” മറുതലയ്ക്കൽ നിന്നും ഋഷിയുടെ ശബ്ദം കേട്ടു .വെപ്രാളം കൊണ്ട് ദേവയുടെ ശബ്ദം പുറത്തു വന്നില്ല.

“ഹലോ.. ആരാണ്? ” വീണ്ടും ഋഷിയുടെ ശബ്ദം കേട്ടതും “ഹലോ… മാഷെ.. ” അവൾ വിക്കിയാണ് അത്രയും പറഞ്ഞത്. മറുതലയ്ക്കൽ ഒരു നിമിഷം നിശബ്ദമായതു പോലെ തോന്നി.പിന്നെ,

“ആ.. പറയെടോ ” അവൻ്റെ ശബ്ദം കേട്ടു .

“അത് .. ഞാൻ .. പിന്നെ “എന്തു പറയണമെന്നറിയാതെ നിൽക്കുന്ന ദേവയെ നോക്കി സഞ്ജു കണ്ണുരുട്ടി.

“താനിപ്പോ എവിടെയാ.. ” ഋഷി ചോദിച്ചു.

” കോളേജിൽ നിന്നും ഇറങ്ങുന്നു.”ദേവ പറഞ്ഞു.

” ഞാനും കേളേജിൽനിന്നിറങ്ങുന്നതേയുള്ളൂ.. കുറച്ച് കഴിഞ്ഞ് വിളിക്കാം.. “ഋഷി പറഞ്ഞപ്പോൾ ശരി എന്നും പറഞ്ഞ് ദേവ വേഗം ഫോൺ കട്ട് ചെയ്തു. ഹൊ.. അവൾ നിശ്വസിച്ചു.

“എന്തു പറഞ്ഞു. ” സഞ്ജു ചോദിച്ചു.

“പിന്നെ വിളിക്കാമെന്ന് .”ദേവമറുപടിപറഞ്ഞു.

” നിൻ്റെ വിക്കൽ കേട്ടപ്പോൾ അതാ നല്ലതെന്ന് അങ്ങേർക്ക് തോന്നിക്കാണും.” സഞ്ജുവിന് ദേഷ്യം വന്നു.ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴും സഞ്ജു കലിപ്പിലാണ്.

“സഞ്ജൂ പ്ലീസ്.. ഇനി വിളിക്കുമ്പോ ഞാൻ പറഞ്ഞോളാം.. “ദേവ പറഞ്ഞു.

റോഡരികിൽ നിർത്തിയ കാറിൽ നിന്നും

“ഹലോ.. ഇവിടെ.. ” എന്നു കേട്ടപ്പോൾ രണ്ടാളും തിരിഞ്ഞു നോക്കി. രഞ്ജിത് സാറാണ് വിളിച്ചത് ,തൊട്ടടുത്ത് ചിരിയോടെ ഋഷിയും. ദേവയ്ക്ക് ഋഷിയെ നോക്കാൻ ചമ്മൽ തോന്നി.

രഞ്ജിത് കൈ കാണിച്ചപ്പോൾ സഞ്ജു ദേവയുടെ കയ്യും പിടിച്ചവർക്കരികിലേക്ക് നടന്നു.

“ന്നാ..കേറിക്കോ.. ” രഞ്ജിത് ബാക്ക് ഡോർ തുറന്നു കൊണ്ട് പറഞ്ഞു.

“എങ്ങോട്ട്.. ഞങ്ങളെങ്ങോട്ടുമില്ല.”ദേവ പെട്ടന്ന് പറഞ്ഞു.

” അങ്ങനെ പറഞ്ഞാലെങ്ങനെയാ.. ഇവിടെ ഓരോരുത്തര് ആരോ.. വിളിച്ചെന്ന് പറഞ്ഞ് മനുഷ്യന് ഒരു സ്വൈര്യവും തരുന്നില്ല .. വല്ലതും പറയാനുണ്ടെങ്കിൽ നേരിൽ പറഞ്ഞു തീർത്തോണം രണ്ടാളും .അവള് വിളിക്കൂലേ.. മിണ്ടില്ലേ.. എന്നും ചോദിച്ച് നമ്മുടെ സമാധാനം കളയണ്ടല്ലോ .” ഋഷിയെ ആക്കി ചിരിച്ചു കൊണ്ട് രഞ്ജിത് പറഞ്ഞതും

“അത് ശരിയാ.. എനിക്കും വേണം കുറച്ച് സമാധാനം.. ” സഞ്ജു ദേവയെ നോക്കി പറഞ്ഞു.ദേവ അവളെ നോക്കി മുഖം കൂർപ്പിച്ചു.

കാറിലിരിക്കുമ്പോൾ ഋഷിയും ദേവയും മിണ്ടിയതേയില്ല. ബീച്ചിലെ മണൽ തരികളോട് ചേർന്നിരുന്ന് കടലിലെ തിരകളെ നോക്കിയിരുന്നപ്പോൾ ഋഷി അവളെ നോക്കി. ടെൻഷൻ നന്നായിട്ടുണ്ടെന്നു് മുഖം കണ്ടാലറിയാം.

“എനിക്ക് തന്നെ ദേവയാമി എന്ന് വിളിക്കുന്നതിനേക്കാൾ ആമീ എന്നു വിളിക്കാനാണിഷ്ടം. തനിക്കോ?..” അവൾ തലയുയർത്തി നോക്കി.

” മാഷ്.. ഞാനെന്തിനാ വിളിച്ചതെന്ന് ചോദിച്ചില്ലല്ലോ .. “

“എനിക്ക് തന്നെ ഇഷ്ടമാണ്… തനിക്കും ഇഷ്ടമാണെങ്കിൽ വിളിക്കാനല്ലേ പറഞ്ഞത് അതുകൊണ്ട് താൻ വിളിച്ചത് എന്തിനാണെന്ന് ചോദിക്കണ്ടല്ലോ.” ഋഷി പറഞ്ഞു. അത് ശരിയാണല്ലോ… ഞാനൊരു മണ്ടി .. അവൾ അവനെ നോക്കി. അവൻ്റെ കണ്ണുകളിലെ പ്രണയം അവളുടെ ചുണ്ടിൽ ചിരിയായ് പടർന്നു.

“ആമീ..”

“എന്താ .. മാഷെ.. ” അവൾ അവൻ്റെ കണ്ണിലേക്ക് നോക്കി.

” മാഷ്.. കൊള്ളാം താനങ്ങനെ വിളിക്കുമ്പോൾ ഒരു സുഖമുണ്ട് കേൾക്കാൻ ..” കള്ളച്ചിരിയോടെ അവൻ പറഞ്ഞു.

ആ പ്രണയം അങ്ങനെ നീണ്ടു.ദേവ ബസ്സിൽ വരുന്ന സമയം കോളേജ് ഗേറ്റിൽ നിന്നും ഋഷി അവളെ കാണും. കറങ്ങാൻ പോവാതെ, സിനിമയ്ക്ക് പോവാതെ അവർ പ്രണയിച്ചു.

അരുന്ധതി വിവാഹക്കാര്യം പറഞ്ഞപ്പോൾ തന്നെ ഋഷി ആമിയെ ഇഷ്ടമാണെന്ന് പറഞ്ഞു.ദേവയാമിയുടെ വീട്ടുകാർ തങ്ങളോളം സമ്പന്നരല്ലെങ്കിലും ഋഷിക്ക് താത്പര്യം അതാണെങ്കിൽ നടത്താം എന്ന് അരുന്ധതി പറഞ്ഞു. പിന്നീട് ദേവയാമിയെ കണ്ടപ്പോൾ അവർക്ക് ഓരുപാടിഷ്പ്പെട്ടു.

നിശ്ചയം നടന്നതും വിവാഹത്തിന് അവൾക്കായ് ഓരോന്നു വാങ്ങിക്കൂട്ടിയതും അവസാനമായ് വിവാഹത്തലേന്ന് രാത്രി അവളെ വിളിച്ചതും.. രാത്രി ആസിഫ് വിളിച്ചതും അവനെക്കൂട്ടി വരാനായി പോയ തൻ്റെ കാറിനുനേരെ പാഞ്ഞു വന്ന ലോറിയും ഓർത്തതും ഋഷി കണ്ണുകൾ ഇറുക്കിയടച്ചു … തൻ്റെ ജീവിതം തന്നെ മാറ്റിയെഴുതിയ നിമിഷം..

“ഋഷീ.. ” വിളി കേട്ടവൻ കണ്ണു തുറന്നപ്പോൾ അനിത ഡോക്ടറാണ്. അവനൊന്നു ചിരിച്ചു.

” ഇപ്പോ വേദനയൊന്നും ഇല്ലല്ലോ .. ” അവർ ചോദിച്ചു..

“ഇല്ല .. വീട്ടിൽ പോകാലോ അല്ലേ.. ” ഋഷി അവരെ നോക്കി.

ഇന്നിവിടെ കിടന്നിട്ട് രാവിലെ പോവാം.. ” അനിത പറഞ്ഞു.

” പ്ലീസ് ..ഡോക്ടർ എനിക്ക് വേറെ ബുദ്ധിമുട്ടൊന്നുമില്ല.. ” അവൻ്റെ നിർബന്ധത്തിനു വഴങ്ങി ശരിയെന്നു പറഞ്ഞു ഡോക്ടർ.

വീട്ടിലേക്കുള്ള യാത്രയിൽ ഋഷി പുറത്തേക്ക് നോക്കിയിരുന്നു. അവൻ്റെ മനസ് സ്വസ്ഥമാണെന്നറിയാവുന്നത് കൊണ്ട് ആരും ഒന്നും മിണ്ടിയില്ല.

വീട്ടിലെത്തിയതും റൂമിലേക്ക് കയറിയ ഋഷി വാതിൽ ലോക് ചെയ്തു. താക്കോലെടുത്ത് ഷെൽഫ് തുറന്നു.. ആകെ പരതിയെങ്കിലും താൻ സൂക്ഷിച്ചു വച്ച ചിലങ്കകൾ കണ്ടില്ല .. ആമിക്കായ് വാങ്ങിയ വസ്ത്രങ്ങങ്ങളോ ആഭരണങ്ങളോ ഒന്നും അവിടെ ഇല്ല. റൂമിലാകെ ഒരു ഭ്രാന്തനെപ്പോലെ പരതി നോക്കിയിട്ടും തനിക്ക് പ്രിയപ്പെട്ടതൊന്നും തന്നെ അവിടെയില്ല.. എന്ന് മനസ്സിലാക്കിയതും വാതിൽ തുറന്ന്

” അമ്മേ.. ” ഉറക്കെ വിളിച്ചു.

ആ ശബ്ദം കേട്ടതും എന്തെന്നില്ലാത്ത ഭയം തന്നെ മൂടുന്നത് അരുന്ധതി അറിഞ്ഞു.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *