നീയും ഞാനും ~ ഭാഗം 01, എഴുത്ത്: അഭിജിത്ത്

ന്ദ്രിക സോപ്പ് സ്പെഷ്യൽ ആയിട്ട് നിനക്ക് വാങ്ങിയിട്ടുണ്ട്, വേറെ എന്തേലും..

വേറെ ഒന്നും വേണ്ട..

ഇത് പറയാനാണോ ഈ തിരക്കിന്റെ ഇടയിൽ കാര്യമായിട്ട് വിളിച്ചേ..

ഇതെന്താ കാര്യമല്ലേ… അവിടെ വന്നിട്ട് എനിക്ക് കുളിക്കൊന്നും വേണ്ടേ..

അയ്യോ ഇന്ന് തർക്കിക്കാൻ വയ്യ.. നീ സമയം കളയാതെ പെട്ടെന്ന് കിടന്നുറങ്ങാൻ നോക്ക്.. എനിക്ക് രാവിലെ നിന്നെ താലി കെട്ടാനുള്ളതാ, നീ ഇളിച്ചോണ്ട് നിൽക്കണം അപ്പോഴേ കാണാനൊരു രസമുണ്ടാവൂ..

ഓഹോ അല്ലേൽ രസമില്ലാന്ന്.. ഞാനങ്ങോട്ട് വരട്ടെ ട്ടോ.. ശരിയാക്കി തരാ..

ആയിക്കോട്ടെ..

എടാ ഒരു മിനിറ്റ്..

എന്താണ്..?

നീയും നേരത്തെ ഉറങ്ങാൻ നോക്ക്.. ചിലപ്പോൾ എഴുന്നേൽക്കാൻ വൈകിയാലോ… എനിക്ക് ഇങ്ങനെ കുറേ നേരം നിന്നെ വെയിറ്റ് ചെയ്ത് പന്തലിൽ നിൽക്കാൻ പറ്റില്ല.. അതുകൊണ്ട് പറഞ്ഞതാ..

ശരി.. ഒരുവിധം എല്ലാം സെറ്റാക്കിയിട്ട് ഞാനും ഉറങ്ങാൻ പോവാ..

ഗുഡ്നൈറ്റ്‌..ഫോൺ കട്ടായി..

എടാ സിദ്ധു..പുറത്ത് നിന്ന് വിളി വന്നു..

സിദ്ധു മുറ്റത്തേക്കിറങ്ങി, ഏട്ടൻ കയ്യിൽ പിടിച്ചിട്ട്..നാളെ കല്യാണം കഴിഞ്ഞാൽ അവള് ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ… ഇന്നൊരു ദിവസമെങ്കിലും റസ്റ്റ്‌ കൊടുത്തൂടെ..

അതിന് ഞാൻ അവളോട് പഞ്ചാരയടിക്കാൻ പോയതൊന്നുമല്ല, അവിടുത്തെ ഒരുക്കങ്ങളൊക്കെ എന്തായെന്ന് ചോദിക്കായിരുന്നു..

ഓ എന്താ ഉത്തരവാദിത്തം… അത്‌ കുറച്ച് ഇവിടെ കാണിച്ചിരുന്നേൽ ഞങ്ങൾക്കൊക്കെ ഉറങ്ങാൻ പോവായിരുന്നു..

സിദ്ധുവൊന്ന് ചിരിച്ചു..അതിനെന്താ കാണിക്കാലോ..

വേണ്ട വേണ്ട… നീ പോയി കിടന്നോ..അമ്മാവൻ സിദ്ധുവിനോട് അകത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞു..ഏട്ടനെ നോക്കിയിട്ട്..ചെറിയ ചെക്കനല്ലേ.. അതിന്റെ കല്യാണമാണ് പറഞ്ഞിട്ട് രാവിലെ തൊട്ട് നല്ലോം പണിയെടുപ്പിക്കുന്നത് പോരെ..

ഏട്ടനൊന്നും മിണ്ടിയില്ല, സിദ്ധു അകത്തു പോയി മുറിയിൽ കിടന്നു, കുറച്ച് കഴിഞ്ഞപ്പോൾ വാവ വന്ന് സിദ്ധുവിനെ തട്ടി വിളിച്ചു, സിദ്ധു എഴുന്നേറ്റ് അവളെ നോക്കി..എന്താ മാമടെ കുട്ടി ഉറങ്ങുന്നില്ലേ..

നാളെ മാമടെ കല്യാണല്ലേ…

ആണല്ലോ..

അപ്പോൾ നാളെ അമ്മായി ഇങ്ങോട്ട് വരോ കല്യാണം കഴിഞ്ഞിട്ട്..

പിന്നെന്താ നാളെ വാവടെ കൂടെ തല്ലുകൂടാൻ അമ്മായിയും ഉണ്ടാവും..

അപ്പോൾ മാമടെ അടുത്ത് എനിക്ക് കിടന്നുറങ്ങാൻ പറ്റില്ലല്ലോ, അതോണ്ട് ഞാൻ ഇന്നിവിടെ കിടന്നോട്ടെ..

ആരാ വാവയോട് ഇതൊക്കെ പറഞ്ഞേ, മോൾക്ക് എപ്പോൾ വേണേൽ ഇവിടെ വരാലോ..

സിദ്ധു മോളെ അടുത്ത് കിടത്തിയിട്ട് പുതപ്പ് വിരിച്ചു, രണ്ടുപേരും പെട്ടെന്നുറങ്ങി, രാവിലെ എല്ലാവരും കല്യാണത്തിരക്കിൽ പാഞ്ഞുകൊണ്ടിരുന്നു, താലികെട്ട് കഴിഞ്ഞ് വീടിനുള്ളിലേക്ക് കയറുന്ന ചടങ്ങിൽ ശില്പ അമ്മയുടെ കയ്യിൽ നിന്ന് നിലവിളക്ക് വാങ്ങി വലതുകാൽ അകത്തേക്ക് വെച്ചു, സിദ്ധു മുറിയിലേക്ക് വന്നപ്പോൾ ശില്പ എഴുന്നേറ്റു, സിദ്ധു ചിരിച്ചിട്ട്..

ടീച്ചർ കുളിക്കുന്നില്ലേ…

ശില്പ ബാത്‌റൂമിലേക്ക് നോക്കി..പറഞ്ഞതൊക്കെ വാങ്ങിയിട്ടുണ്ടല്ലോ ലെ…

എല്ലാം റെഡിയാണ് നീ കുളിച്ചിട്ട് വാ..

ശില്പ പുറത്തേക്ക് വന്നപ്പോൾ സിദ്ധു അവളെയും കൂട്ടി കഴിക്കാൻ ചെന്നു, ഭക്ഷണം കഴിച്ച് തിരിച്ചു വന്നപ്പോൾ ശില്പ പെട്ടെന്ന് ബെഡ്ഡിൽ കയറി , സിദ്ധു കതകടച്ച് അരികിൽ വന്നിരുന്ന് അവളെ നോക്കികൊണ്ട്..ഹലോ ഇന്ന് ആദ്യരാത്രിയാണ്.. കിടന്നുറങ്ങാനാണോ ഭാവം..

ശില്പ കണ്ണടച്ചു..എനിക്ക് നിന്ന് നിന്ന് കാലും ശരീരമൊക്കെ വേദനിച്ചിട്ട് വയ്യ, ഞാൻ കിടന്നുറങ്ങട്ടെ…

സിദ്ധു അരികിലായി ചേർന്ന് കിടന്നു..എനിക്കും..

ശില്പ തലചെരിച്ചു സിദ്ധുവിനെ നോക്കി..വേണേൽ എന്നെ കെട്ടിപിടിച്ചു കിടന്നോ..

അയ്യോ വേണ്ട…എനിക്ക് ശരിക്കും ഉറക്കം വരുന്നുണ്ട്..

വേണ്ടേൽ വേണ്ട..

സിദ്ധു കുറച്ച് സമയം വെറുതെ കിടന്നിട്ട് ശില്പയെ തട്ടി വിളിച്ചു..അതേയ്..

എന്താ..

ഒരു ഉമ്മ വെക്കുന്നതിൽ കുഴപ്പമുണ്ടോ..

ശില്പ സിദ്ധുവിന്റെ വശത്തേക്ക് ചെരിഞ്ഞിട്ട് കണ്ണ് തുറന്നു..ഇന്ന് ഇവിടെ കിടക്കുന്നോ അതോ പുറത്ത് കിടക്കുന്നോ..

സിദ്ധു ചിരിച്ചു..പുറത്ത് തണുപ്പല്ലേ ഇവിടെ കിടന്നോളാം…

എന്നാൽ മിണ്ടാതെ ഉറങ്ങാൻ നോക്ക്..

സിദ്ധു കണ്ണടച്ച് കിടന്നു, ശില്പ കുറച്ച് നേരം സിദ്ധുവിനെ നോക്കിയിട്ട്..മതി അഭിനയം…ഉമ്മയെങ്കിൽ ഉമ്മ… വെച്ചിട്ട് ഉറങ്ങാൻ നോക്ക്..എനിക്ക് അല്ലെങ്കിലേ വയ്യ.. ഇനി ഇന്ന് കൂടി ഉറക്കമൊഴിച്ചാൽ എന്റെ മരണമായിരിക്കും..

നല്ല ദിവസായിട്ട് വേണ്ടാത്തത് പറയല്ലേ.സിദ്ധു ശിൽപയുടെ വാ പൊത്തി..

ശില്പ സിദ്ധുവിനെ ചേർന്ന് കിടന്നു..അല്ലേടാ കെട്ടിയോനെ… നീ ഞാൻ പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്ന് അമ്മയോട് ഒന്നിന് പത്തു പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നല്ലേ പറഞ്ഞത്..

അതേലോ.. അമ്മക്ക് അറിയുന്ന കാര്യമല്ലേ..

എന്നിട്ടാണോ അമ്മ ഞാൻ കയറുമ്പോഴും ഇറങ്ങുമ്പോഴുമൊക്കെ മുഖത്ത് നോക്കാതെ കഴുത്തിൽ നോക്കികൊണ്ടിരിക്കുന്നെ…

സിദ്ധു ശില്പയെ വിട്ടിട്ട് അവളുടെ മുഖത്തേക്ക് നോക്കി..നിന്നെ ഞാനാണോ അമ്മയാണോ കെട്ടിയിരിക്കുന്നേ..

ശില്പ സിദ്ധുവിന്റെ കവിളിൽ തലോടി…നിനക്ക് കുഴപ്പമില്ലാന്ന് അറിയാം, എന്നാലും അമ്മയുടെ മുഖത്തെ ഭാവം കാണുമ്പോൾ ഒരു സങ്കടം..

അതൊക്കെ വിട്, വഴിയേ മാറിക്കോളും, ഇല്ലേൽ നമ്മുക്ക് മാറ്റിയെടുക്കാം..

അത്‌ ഓക്കേ…ശില്പ സിദ്ധുവിനെ വീണ്ടും ചേർന്നു..ഇനി എന്താ പ്ലാൻ പറ.. പ്രേമിക്കുമ്പോൾ ആന ചേന എന്നൊക്കെ പറഞ്ഞല്ലോ… ഇപ്പോൾ പറ എങ്ങോട്ടാ ഹണിമൂൺ..

സിദ്ധു അവളുടെ ചെവിയിൽ..ഉറക്കം വരുന്നെന്നു പറഞ്ഞില്ലേ.. ഉറങ്ങിക്കൂടെ..

ശില്പ മുതുകിലൊരു ഇടി കൊടുത്തു.ദുഷ്ടൻ..

സിദ്ധു ശില്പയുടെ തലമുടി തഴുകി..ദാ നോക്ക്.. അമ്മ കുറച്ച് ചൂടുള്ള സ്വഭാവമാണേലും പ്രശ്നങ്ങളൊന്നും അധികമുണ്ടാക്കില്ല, പക്ഷെ ഏടത്തിയമ്മമാർ തല്ലുണ്ടാക്കിയെന്ന് വരും, വീട്ടിലേതു പോലെ പാവമായിട്ട് നിൽക്കരുത്..

ഹോ എന്താ ഉപദേശം..

വേണേൽ മതി.. അവസാനം കരഞ്ഞുകൊണ്ട് വന്നാൽ കണ്ണിനിട്ട് കുത്തും ഞാൻ..

ശില്പ ചിരിച്ചു..എന്നെ മോട്ടിവേഷൻ ചെയ്ത് കൊല്ലാൻ പോവാണോ..

സിദ്ധു ചിരിച്ചു..നീ ഒറ്റക്കല്ലല്ലോ ഞാനും പെടില്ലേ, അതുകൊണ്ട് പറയുന്നതാ…

ശില്പ വീണ്ടും ചിരിച്ചു..ശ്ശേ മിണ്ടാതെ വീട്ടിലിരുന്നാൽ മതിയായിരുന്നു..

സിദ്ധു അവളെയൊന്ന് നോക്കി..അപ്പോൾ എന്നെ കെട്ടിയത് അബദ്ധമായെന്ന്..

എന്ന് ഞാൻ പറഞ്ഞില്ലല്ലോ, കാശുള്ള വീട്ടിലേക്ക് വന്നത് ബുദ്ധിമുട്ടായെന്നെ ഉദ്ദേശിച്ചുള്ളൂ, ആ ബുദ്ധിമുട്ട് എനിക്കല്ല നിനക്കാണ്..

സിദ്ധു ശില്പയെ ചേർത്ത് പിടിച്ചു..അതുവിട്, നീ എനിക്കുള്ളതാണെന്ന് എഴുതി വെച്ചിട്ടുണ്ടാവും, അല്ലേൽ ലിസ്റ്റിലെ ഇല്ലാത്ത നിന്റെ വീട്ടിൽ വന്ന് ഞാൻ പെണ്ണ് ചോദിക്കോ..

അതും ശരിയാണ്, ഈ കള്ള എഞ്ചിനീയർ എനിക്കുള്ളതാണെന്ന് ദൈവം പറഞ്ഞു വിട്ടിട്ടുണ്ടാവും..

സിദ്ധു ശില്പയെയൊന്ന് നോക്കി..വേണ്ടാട്ടോ, ഇടയിൽ കൂടി ട്രോളാൻ നിൽക്കരുത്..

അതിന് ഞാൻ നുണയൊന്നും പറഞ്ഞില്ലല്ലോ..

സിദ്ധു അവളെ വിട്ട് നീങ്ങി കിടന്നു, ശില്പ സിദ്ധുവിനെ നോക്കിയിട്ട്..ഏയ്‌ എഞ്ചിനീയർ, ഇന്ന് ആദ്യരാത്രിയാണ് പറഞ്ഞിട്ടെന്താ മാറി കിടക്കുന്നെ..

സിദ്ധു തിരിഞ്ഞു കിടന്നു..പോടീ… ഇത്രയും കാലം ഒറ്റയ്ക്കാ കിടന്നേ.. എന്നിട്ടാ ആദ്യരാത്രി..

ശില്പ സിദ്ധുവിന്റെ നെഞ്ചിലേക്ക് മറിഞ്ഞു..ദേ നോക്ക് സിദ്ധു.. ഈ ഡയലോഗ് നാളെയും കാണണം ട്ടോ… ഇടയിൽ മാറ്റി പറഞ്ഞാൽ കട്ടിലിൽ നിന്ന് ചവിട്ടി താഴെയിടും ഞാൻ..

സിദ്ധു ശില്പയെ നോക്കി..കല്യാണം കഴിഞ്ഞാലെങ്കിലും ലേശം ബഹുമാനം…

ശില്പ പരിഭവത്തോടെ..അതിന് നിന്റെ മുഖം കാണുമ്പോൾ അങ്ങനെ തോന്നണ്ടെടാ..

സിദ്ധു ശില്പയെ തള്ളിമാറ്റി..അങ്ങോട്ട് മാറിക്കേ.. നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല…

ശില്പ ഒന്നും മിണ്ടാതെ കുറച്ച് നേരം കിടന്നു, അല്പസമയം കഴിഞ്ഞ് സിദ്ധുവിന്റെ കാതിനരുകിലേക്ക് നീങ്ങിയിട്ട്..സിദ്ധുവേട്ടാ..

സിദ്ധുവൊന്നും മിണ്ടിയില്ല, ശില്പ വീണ്ടും..സിദ്ധുവേട്ടാ ഇങ്ങോട്ട് നോക്ക്..

സിദ്ധു പെട്ടെന്ന് തിരിഞ്ഞ് ശില്പയുടെ നേരെ കിടന്നു..അപ്പോൾ നിനക്ക് വിളിക്കാൻ അറിയാം..

ശില്പ ചിരിച്ചു..വിളിക്കാം വേറെ വഴിയില്ലല്ലോ..

സിദ്ധു അവളെ ചേർത്ത് കിടത്തി..അതുവിട്… നിനക്ക് ഇഷ്ടമുള്ളത് വിളിക്ക്..

ശില്പ ഒന്ന് ആലോചിച്ചിട്ട്..അതു വേണ്ട, ബഹുമാനം തന്നില്ലേൽ നിനക്ക് കുഴപ്പമൊന്നും കാണില്ല, ബാക്കി വീട്ടിലുള്ളവർ അങ്ങനെയല്ലല്ലോ, അതുകൊണ്ട് ആളുള്ളപ്പോൾ ഏട്ടാന്ന് വിളിച്ചോളാം..

സിദ്ധു അവളെയൊന്ന് നോക്കി…ആൾക്കാരെ കാണിക്കാൻ വേണ്ടി വിളിക്കാന്നോ..

അതേടാ നിന്നെ ആൾക്കാരുടെ മുന്നിൽ ഏട്ടാന്നോ അനിയാന്നൊക്കെ വിളിക്കാം..

മതി തൃപ്തിയായി..സിദ്ധു കണ്ണടച്ച് കിടന്നു, ഒന്ന് ശില്പയെ തോണ്ടി വിളിച്ചു..നീ എന്താ ആലോചിക്കുന്നേ..

ശില്പ ദീർഘശ്വാസമെടുത്തിട്ട്..എന്റെ അമ്മു ഇന്ന് മനസമാധാനത്തിൽ ഉറങ്ങുന്നുണ്ടോ ആവോ..

സിദ്ധു അവളെ തലോടി..നീ ടെൻഷനാവണ്ട.. നമ്മുക്ക്‌ നാളെ വീട്ടിലേക്ക് പോവാലോ..

അതല്ല സിദ്ധു , ഇന്നലെ വരെ എന്റെ നേർക്ക് വന്നിരുന്ന കൈ ഇന്ന് മുതൽ അവളുടെ നേർക്ക് വരരുതേ എന്നാ പ്രാർത്ഥന..

സിദ്ധു വീണ്ടും ആശ്വസിപ്പിച്ചുകൊണ്ട്..അതോർത്ത് പേടിക്കണ്ട, നിന്റെ അനിയത്തിയെന്ന് പറയുന്നത് എന്റെയും കൂടിയല്ലേ, ഞാനുള്ളപ്പോൾ ആരും ഒന്നും ചെയ്യില്ല..

ശില്പ സിദ്ധുവിനെ ചേർന്നു, രണ്ടുപേരും ഉറങ്ങി എഴുന്നേറ്റപ്പോൾ ശില്പ ക്ലോക്കിലേക്ക് നോക്കികൊണ്ട്..അയ്യോ സമയം വൈകി..

ശില്പ പതുക്കെ കണ്ണ് തുറന്നു..എത്ര മണിയായി..?

6 മണി…

അതൊക്കെയൊരു സമയമാണോ.. എന്റെ ഉറക്കവും കളഞ്ഞു..

അത്‌ നിനക്കുള്ള സമയമല്ല എനിക്കുള്ള സമയമാണ്, രാവിലെ നേരത്തെ അടുക്കളയിൽ എന്തിനേലും സഹായിക്കണമെന്ന് അമ്മ കിടക്കുന്നതിനു മുമ്പ് കൂടി പറഞ്ഞതേയുള്ളൂ..

സിദ്ധു ശില്പയെയൊന്ന് നോക്കി..എന്നാ നിനക്ക് അടുക്കളയിൽ കിടന്നാൽ പോരായിരുന്നോ..

ദേ സിദ്ധു രാവിലെ തന്നെ എന്റെ വായിലിരിക്കുന്നത് കേൾക്കരുത്, ഞാൻ അമ്മയെ എങ്ങനേലും പോയി സോപ്പിടട്ടെ..

ആ.. പോ.. പോ..

ശില്പ വേഗത്തിൽ കുളിച്ചിട്ട് അടുക്കളയിലേക്ക് നടന്നു,എടത്തിയമ്മ ചിരിച്ചു കൊണ്ട്..നേരത്തെ എഴുന്നേറ്റു തോന്നണു..

ശില്പ അരികിൽ നിൽക്കുന്ന അമ്മയെ നോക്കികൊണ്ട്..സോറി ഇന്നലത്തെ ക്ഷീണത്തിൽ സമയം പോയതറിഞ്ഞില്ല..

അമ്മ ഒന്നും പറയാൻ നിൽക്കാതെ കയ്യിലിരുന്ന കത്തി അവൾക്ക് നേരെ നീട്ടി..ഈ കഷ്ണങ്ങളെല്ലാം അരിഞ്ഞേക്ക്..

ശരി അമ്മേ..

പെട്ടെന്ന് പാചകമൊക്കെ കഴിഞ്ഞ് ഏടത്തിയമ്മമാർ ജോലിക്ക് റെഡിയായി പുറത്തേക്കിറങ്ങി, സിദ്ധു എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നു,സിദ്ധുവിനെ കണ്ടപ്പോൾ അമ്മ..കൈ കഴുകി ഇരുന്നോ.. കഴിക്കാനെടുക്കാം..

സിദ്ധു ടേബിളിനടിയിലെ കസേര നീക്കിയിരുന്നു, അമ്മ ശില്പയോട്..നീ അവന് കഴിക്കാൻ കൊടുത്തേക്ക്, ഞാൻ ദോശ ഉണ്ടാക്കിക്കോളാം..

ശില്പ കഴിക്കാനുള്ളതെടുത്ത് സിദ്ധുവിനരുകിലേക്ക് നടന്നു, അവന് മുന്നിൽ പ്ലേറ്റ് വെച്ച് വിളമ്പി, സിദ്ധു ശില്പയോട്…നീ കഴിച്ചോ..

ഇല്ല നീയാദ്യം കഴിക്ക്..

അതെന്താ വിശക്കുന്നില്ലേ..?

ഏയ്‌ എനിക്ക് വിശക്കുന്നില്ല.. എന്നെ കറന്റിൽ കുത്തി ചാർജ് ചെയ്യാറാണല്ലോ പതിവ്..

സിദ്ധു ഒന്നും മിണ്ടാതെ കഴിച്ചു, എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ശില്പ പിടിച്ചു നിർത്തി..എങ്ങോട്ടാ..?

എനിക്ക് ഇത്ര മതി, ഞാൻ മൂന്ന് ദോശയെ രാവിലെ കഴിക്കാറുള്ളൂ..

ശില്പ സിദ്ധുവിനെയൊന്ന് നോക്കിയിട്ട്..എനിക്ക് വിശക്കുന്നുണ്ട്, രണ്ട് ദോശ കൂടി പറ..

നിനക്ക് വിശക്കുന്നുണ്ടേൽ എടുത്ത് കഴിച്ചൂടെ, ഞാൻ കഴിക്കുന്നതിനു മുന്നേ നിന്നോട് ചോദിച്ചതല്ലേ..

ശില്പ സിദ്ധുവിനെ കുറച്ച് നേരം നോക്കിയിട്ട്..നിന്നോട് എന്താ ഞാൻ പറയാ..അവൾ സിദ്ധുവിനരുകിലേക്ക് നീങ്ങി നിന്നു..സമയത്ത് ഉണ്ണാൻ വന്നിരിക്കുമ്പോൾ കിട്ടുന്നത് കൊണ്ട് സാറിന് ഇത് പ്രശ്നമില്ല, നേരത്തെ പോയ ഏടത്തിയമ്മമാര് ഒന്നും കഴിച്ചിട്ടില്ല, അമ്മയും കഴിച്ചിട്ടില്ല, അതിന് മുന്നേ ഞാനെടുത്ത് കഴിച്ചാൽ അമ്മ രാവിലെ തന്നെ മുഖം കറുപ്പിക്കും..

സിദ്ധു പിന്നെയൊന്നും മിണ്ടാൻ നിൽക്കാതെ..എന്നാൽ പോയി എടുത്തിട്ട് വാ..

ശില്പ അടുക്കളയിൽ പോയി ദോശയെടുത്തു, അമ്മ അത്‌ കണ്ടപ്പോൾ..നീ ഇത്ര നേരത്തെ കഴിക്കാൻ പോവാണോ, പണിയൊക്കെ ഒരുങ്ങിയിട്ട് പോരെ..

ശില്പ അമ്മയെ നോക്കിയിട്ട്..അയ്യോ അമ്മേ ഇത് എനിക്കല്ല, ഇത് സിദ്ധുവേട്ടന് വേണ്ടിയാ..

അമ്മ അത്ഭുതത്തോടെ..അവൻ അതിന് വീണ്ടും ദോശ ചോദിച്ചോ..

ശില്പ ടേബിളിലേക്ക് നോക്കി..സിദ്ധുവേട്ടാ അമ്മ ദോശ വേണോ ചോദിക്കണു..

സിദ്ധു ചെരിഞ്ഞ് അമ്മയോട്…അമ്മ രാവിലെ തമാശ കളിക്കാൻ നിൽക്കാതെ ദോശ തന്നേ, എനിക്ക് വിശന്നിട്ട് വയ്യ..

ഇവനിതെന്താ..അമ്മ ശില്പയോട്..മോളെ നീ അതെടുത്ത് കൊടുത്തേക്ക്..

ശില്പ ദോശയെടുത്ത് സിദ്ധുവിനരുകിലിരുന്നു, അവൾ കഴിക്കുന്നതും നോക്കിയിരിക്കുന്നതിനിടയിൽ ശില്പ സിദ്ധുവിനെ തട്ടി..ഡോ കെട്ടിയോൻ കുറച്ച് ചമ്മന്തി ഇട്ടേ..

സിദ്ധു അവളെയൊന്ന് നോക്കി..വല്ലാതെ കളിച്ചാൽ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും ട്ടോ..

പോടാ അവിടുന്ന്..

സിദ്ധു ശില്പയുടെ കവിളിൽ തൊട്ടു..എനിക്ക് നാണക്കേട് തോന്നാ..

എന്തിന് ഞാൻ നിന്നെക്കാളും ഒരു ദോശ അധികം കഴിച്ചതിനാണോ..

ശ്ശേ അതല്ല, എന്റെ ഭാര്യക്ക് കൂടെയിരുന്ന് കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടാക്കികൊടുക്കാൻ സാധിക്കുന്നില്ലല്ലോന്ന് ഓർക്കുമ്പോൾ..

ശില്പ ചിരിച്ചു..പിന്നെ നമ്മള് ബ്രിട്ടീഷുകാരുടെ കൂടെ യുദ്ധം ചെയ്തോണ്ടിരിക്കാണല്ലോ, ഒരു ദോശ കഴിക്കാനുള്ള സ്വാതന്ത്ര്യമൊന്നും തൽക്കാലം നീയെനിക്ക് വാങ്ങി തരണ്ട..

ശില്പ എഴുന്നേറ്റു, സിദ്ധു നടക്കാനൊരുങ്ങിയപ്പോൾ..ഞാൻ പിടിക്കണോ സിദ്ധുവേട്ടാ.. പതിവില്ലാതെ 7 ദോശ കഴിച്ചതല്ലേ..

പോടീ പോടീ..

ശില്പ അടുക്കളയിലേക്ക് ചെന്നു, പണിയൊക്കെ ഒരുങ്ങി മുറിയിൽ ചെന്നപ്പോൾ പെട്ടെന്ന് ശില്പയുടെ മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങി, അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു..എന്താ അമ്മൂ..?

ചേച്ചി വേഗം വരോ..

ശില്പ ആശങ്കയോടെ..എന്തുപറ്റി മോളെ..?

വേഗം വാ ചേച്ചി പ്ലീസ്..

ശില്പ അവളെ ആശ്വസിപ്പിച്ചുകൊണ്ട്..ദാ ഇപ്പോൾ വരാ, ചേച്ചി റെഡിയായിട്ട് നിൽക്കാണ്, വണ്ടി വന്നാലുടനെ അങ്ങോട്ട് പുറപ്പെടാം.

ഫോൺ കട്ടാക്കി സിദ്ധിവിനരുകിലേക്ക് എത്തി..നമ്മുക്ക് ഇറങ്ങിയാലോ..

സിദ്ധു ക്ലോക്കിലേക്ക് നോക്കി..രാഹുകാലം കഴിഞ്ഞിട്ടില്ല..

ശില്പ സിദ്ധുവിന്റെ അരികിലേക്ക് നീങ്ങി നിന്നു..രാഹുകാലമൊക്കെ നോക്കി നീ എങ്ങോട്ടാ അടുത്ത കല്യാണം കഴിക്കാൻ പോവാണോ..

സിദ്ധു അവളെയൊന്ന് നോക്കിയിട്ട്..എന്തോ ദേഷ്യത്തിലാണെന്ന് മനസ്സിലായി, പക്ഷെ അമ്മ രാഹുകാലം കഴിയാതെ ഇറങ്ങണ്ട പറഞ്ഞു..

കാലാ..

എന്നെ വിളിച്ചോ..

നിന്നെ അല്ലേടാ, രാഹു കാലാന്ന് പറയായിരുന്നു..

അതായിരുന്നോ..

ശില്പ മുറിയിലേക്ക് നടന്നു, റെഡിയായിട്ട് പുറത്തേക്കിറങ്ങി , സിദ്ധുവിനെ നോക്കികൊണ്ട്..ഇന്ന് ഞാൻ പറഞ്ഞത് അനുസരിക്കോ..

സിദ്ധു സംശയത്തോടെ..എന്താ സംഭവം.. എന്തേലും പ്രശ്നമുണ്ടോ..

ശില്പ ദീർഘശ്വാസമെടുത്തിട്ട്..ഇപ്പോഴില്ല.. ഇനി നമ്മള് പോവുന്നതൊരു പ്രശ്നത്തിലേക്കാണ്..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *