അകത്തു കയറി എന്റെ പുതുപെണ്ണും മറ്റുള്ളവരുടെ കണ്ണിലെ സെക്കന്റ്‌ ഹാൻഡ് സാധനവുമായ അശ്വതിയെയും കൂട്ടി ഇരുന്നപ്പോൾ…

രണ്ടാംവിവാഹം

Story written by അരുൺ നായർ

ഇരുപത്തി അഞ്ചു വയസുള്ള ഞാൻ ഒരു രണ്ടാം കെട്ടുകാരിയെയും കൂട്ടി വീടിന്റെ അകത്തേക്ക് കടന്നപ്പോൾ തന്നെ അമ്മയുടെയും സഹോദരിമാരുടെയും മുഖം കടന്നല് കുത്തിയത് പോലെ വീർത്തിരിക്കുന്നത് കണ്ടിട്ടും അതൊന്നും കൂട്ടാക്കാതെ ഞാൻ അവളെയും കൂട്ടി അകത്തേക്ക് കയറി പോയി….

അകത്തു കയറി എന്റെ പുതുപെണ്ണും മറ്റുള്ളവരുടെ കണ്ണിലെ സെക്കന്റ്‌ ഹാൻഡ് സാധനവുമായ അശ്വതിയെയും കൂട്ടി ഇരുന്നപ്പോൾ തന്നെ അമ്മയുടെ നെഞ്ചത്ത് അടിച്ചുകൊണ്ടുള്ള കരച്ചിലും പെങ്ങൾമാർ സമാധാനിപ്പിക്കുന്നതും എനിക്ക് മുറിയിൽ കേൾക്കാമായിരുന്നു….. വെളിയിലുള്ള ‘അമ്മ അശ്വതിയെ പ്രാകുന്നത് കേട്ടിട്ട് അശ്വതിയുടെ മുഖം മായുന്നത് കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ ചെറിയ വീട്ടിലെ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി ചെന്നു അമ്മയോട് ചോദിച്ചു….

“” അമ്മയുടെ ആരെങ്കിലും മരിച്ചു പോയോ ഇങ്ങനെ കിടന്നു നിലവിളിക്കാൻ….എനിക്ക് ആ പെണ്ണിന്നെ ഇഷ്ടമായി ഞാൻ രജിസ്റ്റർ ചെയ്തു കൂടെ കൂട്ടി അത്രയും ഉള്ളു… എന്റെ ഭാര്യ ആയി അവൾ മതി…. “”

കണ്ണുകൾ തുടച്ചുകൊണ്ട് ‘അമ്മ എന്നോട് ചോദിച്ചു

“” എടാ ഒരുമ്പെട്ടവനെ നിനക്ക് നല്ലൊരു ജോലി ഇല്ലെടാ, നല്ല അന്തസുള്ള പെണ്ണിനെ കിട്ടില്ലായിരുന്നോ…. എന്തിനാണ് ഈ ശകുനപ്പിഴയെ തന്നെ വീട്ടിലോട്ടു കൂട്ടി കൊണ്ട് വന്നത്…. “”

അമ്മയുടെ ചോദ്യം കേട്ടാൽ തന്നെ മനസിലാകുമായിരുന്നു…. ഞാൻ പെണ്ണ് കെട്ടിയതിനല്ല അമ്മക്ക് ദുഃഖമെന്നു…. ഭാഗ്യം ഇല്ലാത്തവളെ കല്യാണം കഴിച്ചു അതാണ് കുഴപ്പം, ‘അമ്മയുടെ ചിന്തകൾ മാറുക ആണെങ്കിൽ മാറട്ടെ എന്ന് കരുതികൊണ്ട് തന്നെ ഞാൻ പറഞ്ഞു

“” അമ്മെ ആരും ഇല്ലാത്ത പെണ്ണ് അല്ലെ…. നമുക്ക് അറിയാമല്ലോ വിഷ്ണു ഒരു അനാഥപെണ്ണു ആയ അശ്വതിയെ വിവാഹം കഴിച്ച കാര്യം…. ഒരു മാസമേ അവരുടെ ദാമ്പത്യം നീണ്ടു നിന്നൊള്ളു…. അവൻ അവളെ വിട്ടു പോയപ്പോൾ മുതൽ ആ വീട്ടുകാർ ഇവളെ ദ്രോഹിക്കുകയാണ്…. ഒരു മനുഷ്യ ജീവനല്ലേ, എന്നെകൊണ്ട് ആകുന്ന ചെറിയൊരു നന്മ ഞാൻ ചെയ്യുന്നു അത്രയും കരുതിയാൽ മതി…..””

“” നിനക്കു ഒരു അനാഥപെണ്ണിനെ വിവാഹം കഴിച്ചാൽ മതിയെങ്കിൽ അത് നമുക്കു വേറെ നോക്കാമായിരുന്നു…. എന്നാലും ഇത്രയും പാപം തലയ്ക്കു മുകളിൽ കിടക്കുന്ന പെണ്ണിനെ തന്നെ വേണോ മോനെ നിന്റെ സഹധർമിണിയായി…. മോൻ ആ എരണംകെട്ടവളേ ഇപ്പോൾ തന്നെ വീട്ടിൽ നിന്നും ഇറക്കി വിടു…. ‘അമ്മ അപ്പുറത്തെ വീട്ടിൽ പോയി കുറച്ചു ചാണകവെള്ളം മേടിച്ചു തളിച്ചു ശുദ്ധമാക്കട്ടെ നമ്മുടെ വീട്…. “”

“” അമ്മെ മതി നിർത്തു…. കൊട്ടും കുരവയും ഒന്നും ഇല്ലെങ്കിലും ഞാൻ താലി ചാർത്തി കൂടെ കൂട്ടിയവൾ ആണ് അശ്വതി…. അവളെ അമ്മക്ക് ഒരു മകളെ പോലെ കണ്ടു സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു മരുമകൾ ആയി എങ്കിലും കാണേണം… നമ്മുടെ സമാധാന ജീവിതത്തിനു അത് അത്യാവശ്യം ആണ്….അമ്മ കഷ്ടപ്പെട്ടു പഠിപ്പിച്ചതൊന്നും അറിയില്ലാത്തുകൊണ്ട് അല്ല ഞാൻ ഇങ്ങനെ പറയുന്നത്…. ‘അമ്മ വേറെ ഒന്നും ഓർക്കാതെ അവളെ മകളെ പോലെ കാണു…. പിന്നെ അശ്വതിയും അത്രക്കും മോശമൊന്നും അല്ല ചെറുതെങ്കിലും ഒരു ജോലി അവൾക്കും ഉണ്ട്…””

അശ്വതി മുറിയിൽ ഒറ്റയ്ക്ക് ആണെന്നുള്ള ചിന്തയിൽ മുറിയിലേക്ക് നടക്കാൻ തുടങ്ങിയ എന്നെ തടഞ്ഞു കൊണ്ടുള്ള അമ്മയുടെ പിൻവിളി കേട്ടപ്പോൾ എനിക്ക് മനസ്സിലായി ‘അമ്മ സമാധാനം തരാൻ പോകുന്നില്ലെന്ന്……..

“” മോനെ, നിന്റെ താഴെയുള്ള പെങ്ങൾമാരെ ഓർത്തെങ്കിലും എന്റെ മോൻ ‘അമ്മ പറയുന്നത് കേൾക്കു…. ഇങ്ങനെയൊരു പെണ്ണ് വന്നു കയറിയെന്നു അറിഞ്ഞാൽ പിന്നെ നല്ല കുടുംബങ്ങളിൽ നിന്നൊന്നും അവർക്കു ആലോചന വരത്തില്ല….. അതോ നിനക്ക് നിന്റെ പെങ്ങൾമാരെ വല്ല ആഭാസന്റെയും കൂടെ പറഞ്ഞു വിടാൻ ആണോ ആഗ്രഹം….. “”

“”ഞാൻ എന്റെ പെങ്ങള്മാരെയാണ്‌ കല്യാണം കഴിയിപ്പിക്കുന്നത് അല്ലാതെ എന്റെ ഭാര്യയെ അല്ല…. ആണുങ്ങൾ ആയി പിറന്ന നട്ടെല്ലുള്ള പിള്ളേർക്ക് എന്റെ വിവാഹ കാര്യം അറിഞ്ഞാലും എന്റെ പെങ്ങൾമാരെ കല്യാണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല…. അതല്ലാത്ത നാറികൾക്കു എന്റെ വീട്ടിലേക്കു വരാൻ പോലും അർഹത ഉണ്ടാവില്ല… പിന്നെ നമുക്കു ഈ സംസാരം ഇവിടെ നിർത്താം ഇനിയും ഇവിടെ നിന്നാൽ ഞാൻ കൂടുതൽ വല്ലതും പറഞ്ഞു പോകും….. “”

“” എങ്കിൽ പറയെടാ നീ, നിന്നെ പ്രസവിച്ച എന്നോട് തന്നെ നീ പറ… ഒരു അറവാണിച്ചി വന്നു കയറിയാതെയുള്ളു അപ്പോളേക്കും അവന്റെ സംസാരം മാറി…. “”

അമ്മ എന്റെ മുൻപിലേക്ക് കയറി നിന്നു കൊണ്ടായി പ്രകടനം….

“”നീ ആ അശ്രീകരത്തിനെ വീട്ടിൽ നിന്നും ഇറക്കി വിടുന്നുണ്ടോ ഇല്ലയോ എനിക്ക് ഇപ്പോൾ അറിയണം ….. “”

അമ്മയുടെ പ്രാക്ക് കേട്ട് അശ്വതി മുറിക്കു പുറത്തേക്കു കരഞ്ഞുകൊണ്ട് ഇറങ്ങി വന്നു…. ഒരു ആശ്വാസത്തിനും ജീവിതത്തിനും വേണ്ടി എനിക്ക് മുൻപിൽ തലകുനിച്ചവളുടെ കണ്ണുകൾ ആദ്യദിവസം തന്നെ നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാവുന്നതിലും അപ്പുറമുള്ള കാഴ്ച ആയിരുന്നു…. എന്റെ സ്വബോധം തന്നെ അത് ഇല്ലാതാക്കി…… ഞാൻ അമ്മയുടെ നേർക്കു ചീറി പാഞ്ഞുകൊണ്ട് ചോദിച്ചു….

“”എനിക്ക് പത്തു വയസുള്ളപ്പോൾ എന്റെ അച്ഛൻ മരിച്ചു പോയതാണ്…. എന്റെ അറിവിൽ അന്നേരമെനിക്ക് സഹോദരിമാർ ഇല്ല… പിന്നെ എങ്ങനെ ഉണ്ടായി എനിക്ക് സഹോദരിമാർ…… അച്ഛൻ മരിച്ച ശേഷം സഹായിക്കാൻ വന്നവന്റെ സംഭാവന….. സംഭാവനയും തന്നു രസീത് കുറ്റിയും അടിച്ചിട്ട് അവൻ സ്ഥലം വിട്ടു അതുകൊണ്ട് ഞാൻ ജോലിക്കു പോകുന്ന കാലം ആകുന്നത് വരെ അമ്മക്ക് ജോലിക്കു പോകേണ്ടി വന്നിട്ടുണ്ട്….അമ്മയുടെ അവസ്ഥ വേറെ ഒരു പെണ്ണിനും കൂടി വന്നു പോകരുതെന്ന് അല്ലെ അമ്മെ ‘അമ്മ ഒരു പെണ്ണെന്ന നിലയിൽ ചിന്തിക്കേണ്ടത്…. അതിനു പകരം എങ്ങനെ ഇത്രയും ദയയില്ലാതെ സംസാരിക്കാൻ തോന്നുന്നു…. അതിൽ കൂടുതൽ കാലം ഞാൻ ഇപ്പോൾ അമ്മയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നുണ്ട്…. കണക്കു പറയുവല്ല എങ്കിലും പറയുകയാണ് ഞാനാണ് കുടുംബ ചിലവ് മുഴുവൻ നോക്കുന്നത് എന്റെ ഭാര്യയെ നിങ്ങൾക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ അവളെയെയും കൊണ്ട് ഇവിടുന്നു ഇറങ്ങിക്കോളാം…. ‘അമ്മ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി…. “”

അത്രയും പറഞ്ഞിട്ട് പെങ്ങൾമാരെ നെഞ്ചോടു ചേർത്ത് പിടിച്ചു ഉമ്മ വെച്ചു എന്റെ സ്വന്തം തന്നെയെന്ന് അവർക്കു ഉള്ളിൽ തോന്നൽ ഉണ്ടാക്കി സുരക്ഷിതത്വം ഉറപ്പു കൊടുത്തുകൊണ്ട് ഞാൻ കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി ഇരിക്കുന്ന അശ്വതിയുടെ അടുത്തേക്ക് ചെന്നു….

എന്റെ ഇറങ്ങി പോക്ക് ഡയലോഗ് നന്നായി അമ്മക്ക് കൊണ്ടതുകൊണ്ടു പിന്നെ കൂടുതലൊന്നും വഴക്കിനു ‘അമ്മ വന്നില്ല…. ഞാൻ ഉള്ളപ്പോൾ എങ്കിലും അശ്വതിയോടു സ്നേഹം കാണിക്കാൻ അമ്മ ശ്രമിക്കുന്നത് കാണുമ്പോൾ എനിക്ക് ഇടയ്ക്കു ചിരിയും സങ്കടവും വരുമായിരുന്നു…..

ജീവിതം അങ്ങനെ തട്ടിയും മുട്ടിയും മുൻപോട്ടു പോയി…. അശ്വതിയോടു ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും അമ്മക്ക് ഇഷ്ടം ആകില്ലെന്ന് അറിയാവുന്നതുകൊണ്ട് പെങ്ങള്മാരും ഞാൻ ഉള്ളപ്പോൾ മാത്രമാക്കി അശ്വതിയോടുള്ള സ്നേഹം ചുരുക്കി….. ആരും ഇല്ലാത്തവളുടെ വേദന അവൾക്കു ഇനിയും ഉണ്ടാവാതെയിരിക്കാൻ ഞാൻ എന്തായാലും എന്റെ ഉള്ളിലെ സ്നേഹം മുഴുവൻ അവൾക്കായി നൽകി…. അങ്ങനെ ജീവിതം വലിയ കുഴപ്പമില്ലാതെ മുൻപോട്ടു പോകുമ്പോൾ ആണ് അശ്വതിക്ക് സർക്കാരിൻറെ കാരുണ്യ ലോട്ടറി അടിച്ചത്…. പൈസ കയ്യിൽ വന്നപ്പോൾ സ്നേഹിക്കാൻ തുടങ്ങി എന്ന ചീത്തപ്പേര് ഒഴിവാക്കാൻ വേണ്ടി അമ്മ അശ്വതിയോട് പഴയതു പോലെ നിലകൊണ്ടു പക്ഷെ പെങ്ങൾമാരോട് അശ്വതിയുമായി കൂടുതൽ അടുത്തോളാൻ അനുവാദം കൊടുക്കുകയും ചെയ്തു…. എനിക്ക് മനസ്സിലായിരുന്നു പൈസയും കൂടി ആയപ്പോൾ ആരും കൊതിക്കുന്ന ഒരു മരുമകൾ ആയി കഴിഞ്ഞിരുന്നു അശ്വതിയെന്നു…. എങ്കിലും ‘അമ്മ പിടിച്ചു നിന്നു… പക്ഷെ ഈശ്വരന്റെ വികൃതികൾ അവിടം കൊണ്ടും നിന്നില്ല

അമ്മയുടെ രണ്ടു കിഡ്നിയും പണി മുടക്കി എന്നുള്ള കാര്യം ഡോക്ടർമാർ പറഞ്ഞപ്പോൾ ‘അമ്മ ചെറുതായൊന്നു പകച്ചു…. ട്രാൻസ്‌പ്ലാന്റ് ചെയ്യാനുള്ള കിഡ്നി ഒപ്പിക്കാം പക്ഷെ അതിനുള്ള പൈസ റെഡി ആക്കാൻ അമ്മയോട് ഡോക്ടർ പറഞ്ഞു….. അമ്മക്ക് അറിയാമായിരുന്നു അതിനു ചികിൽസിക്കാനുള്ള പൈസ ഒന്നും എന്റെ കയ്യിൽ ഇല്ലെന്നു…. അശ്വതിയോട് ആണെങ്കിൽ ചോദിക്കാനും മടി…. പെങ്ങള്മാരുടെ കല്യാണം വരെ ജീവിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് ‘അമ്മ അവസാനം പൈസ എന്നോട് വന്നു ചോദിച്ചു…. ‘അമ്മ ചോദിക്കാതെ തന്നെ ചികിത്സക്കുള്ള എല്ലാ പൈസയും അശ്വതി എന്റെ കയ്യിൽ തന്നിരുന്നെങ്കിലും ഞാൻ അമ്മയുടെ മുൻപിൽ ചെറുതായൊരു ഡിമാൻഡ് വെച്ചു….

“” അമ്മെ പൈസയൊക്കെ ഞാൻ മേടിച്ചു തരാം പക്ഷെ ഇത്രയും കാലം അമ്മ അവളെ വെറുത്തില്ലെ, ആ മനസ്സുകൊണ്ട് സ്നേഹിച്ചുകൊണ്ടു അമ്മ അവളെയൊന്നു മോളെന്നു വിളിക്കണം…. ഇതിന്റെ ആവശ്യം ഇല്ല പൈസ തരാൻ അതൊക്കെ നേരത്തെ തന്നെ അവൾ എന്റെ കയ്യിൽ ആവശ്യത്തിന് ഉപയോഗിക്കാൻ പറഞ്ഞുകൊണ്ട് തന്നിട്ടുണ്ട്…. പക്ഷെ അവൾ ഇന്ന് വരെ ഒരമ്മയുടെ സ്നേഹം അറിഞ്ഞിട്ടില്ല…. എനിക്ക് വേണ്ടി ‘അമ്മ അതൊന്നു ചെയ്യുമെങ്കിൽ അവൾക്കും ഒരുപാട് സന്തോഷമാകും…. “”

‘അമ്മ അവളെ സ്നേഹത്തോടെ മോളെയെന്നു വിളിച്ചപ്പോൾ ഒരു യുഗം മുഴുവൻ ഇരുണ്ടു മൂടി കിടന്ന ആകാശം പോലെ കിടന്ന അവളുടെ മുഖം മഴവിൽ ചാരുതയാൽ വിളങ്ങി നിൽക്കുന്നത് ഞാൻ കണ്ടു….. ഉള്ളിൽ തെല്ലും ദേഷ്യമോ വിരോധമോ ഇല്ലാതെ രണ്ടുപേരും മത്സരിച്ചു സ്നേഹിച്ചിട്ടു ചികിത്സക്കായി ‘അമ്മ ആശുപത്രിയിലേക്ക് പോകും വഴി എന്നോട് പറഞ്ഞു

“” മോനെ, അസുഖം വന്നപ്പോൾ അമ്മക്ക് പേടി ആയിരുന്നു…. ഞാൻ മരിക്കാറായോ എന്ന്…. ഇപ്പോൾ എനിക്ക് അറിയാം എന്നെ ദൈവത്തിനു വിളിക്കാൻ കഴിയില്ലെന്ന് എന്നെ അമ്മെ എന്ന് വിളിക്കാൻ അത്രക്കും മോഹിക്കുന്ന ഒരു മകൾ നമ്മുടെ വീട്ടിൽ ഉണ്ടെന്നു……പിന്നെ ഉള്ള പേടി ഞാൻ മരിച്ചാൽ നിന്റെ സഹോദരിമാർക്കും ആരും ഇല്ലാതെ ആകുമല്ലോ എന്നായിരുന്നു പക്ഷെ എനിക്കറിയാം എന്നെക്കാൾ നന്നായി അശ്വതി നിന്റെ പെങ്ങൾമാരെ നോക്കിക്കോളുമെന്നു…. “”

അത്രയും പറഞ്ഞുകൊണ്ട് ‘അമ്മ ഓപ്പറേഷനായി അകത്തേക്ക് കയറി…

വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ നമുക്ക് നന്ദി തോന്നുന്ന നിമിഷങ്ങൾ നമ്മുടെ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ ആണെന്ന് എനിക്ക് ആശുപത്രി വരാന്തയിൽ കൂടി കയറി ഇറങ്ങി നടന്നപ്പോൾ മനസ്സിലായി… ഈശ്വരൻ ഞങ്ങളെ പരീക്ഷിക്കുന്ന കാലം കഴിഞ്ഞതുകൊണ്ടും ഡോക്ടർമാരുടെ മികവുകൊണ്ടും അമ്മക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചു….അമ്മയുടെ വാക്കുകൾ തള്ളി കളയാൻ ഈശ്വരന് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം……. അതിലുപരി അമ്മെ എന്ന് വിളിച്ചു ഓടി ചെല്ലാനുള്ള അശ്വതിയുടെ മോഹം ഈശ്വരൻ അമ്മയുടെ ആയുസ്സിൽ അനുഗ്രഹമായി ചൊരിഞ്ഞതായി ‘അമ്മ ഇപ്പോളും വീട്ടിൽ പറഞ്ഞുകൊണ്ട് ഇരിക്കാറുണ്ട്…..

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *