അഖിലിന്റെ വിവാഹം ഉറപ്പിച്ച സ്ഥിതിക്ക് അശ്വതി ഇനി ഇങ്ങനെ ദിവസവും ഇവിടെ വരുന്നത് ശരിയല്ല…..

പൊയ്മുഖം

എഴുത്ത്: ദേവാംശി ദേവ

“അഖിലിന്റെ വിവാഹം ഉറപ്പിച്ച സ്ഥിതിക്ക് അശ്വതി ഇനി ഇങ്ങനെ ദിവസവും ഇവിടെ വരുന്നത് ശരിയല്ല.”

“ആര്യ ചേച്ചി എന്തൊക്കെയാ പറയുന്നത്. ഞാൻ അഖിലേട്ടനെ കാണാൻ വരുന്നതല്ല..മോളെ കാണാൻ വരുന്നതാ. അവളെന്റെ ചേച്ചിയുടെ മോളല്ലേ. അവളിൽ എനിക്കും അവകാശം ഇല്ലേ.”

“ഉണ്ട്..നിന്റെ ചേച്ചിയുടെ മകളിൽ നിനക്ക് അവകാശം ഉണ്ട്. ആ അവകാശം ഒന്നുകൂടി ഉറപ്പിക്കാനാ അഖിലുമായുള്ള വിവാഹത്തിന് സമ്മതിക്കാൻ നിന്നോട് ഞങ്ങളെല്ലാവരും പറഞ്ഞത്. നീ അത് കേട്ടില്ല..അഖിലിനിപ്പോ വേറെ വിവാഹം ഉറപ്പിച്ചു..കൃത്യം ഒരാഴ്ച്ച കഴിഞ്ഞാൽ നന്ദ ഈ പടി കയറി വരും. അഖിലിന്റെ ഭാര്യയായി മാത്രമല്ല..കാത്തു മോളുടെ അമ്മയായി കൂടി. അതു കഴിഞ്ഞാൽ നിനക്ക് മോളിലുള്ള അവകാശം ചെറിയമ്മ എന്നത് മാത്രമായിരിക്കും.”

ആര്യ സംസാരിച്ചു കഴിഞ്ഞതും അശ്വതി കാത്തു മോളെ അവളുടെ കൈയ്യിൽ കൊടുത്തിട്ട് പുറത്തേക്കിറങ്ങി..

വീട്ടിലേക്കുള്ള യാത്രയിൽ അവളുടെ മനസ്സു നിറയെ അർച്ചനയായിരുന്നു. അവളെക്കാൾ ഒരു വയസ്സിന് മാത്രം മുതിർന്ന ചേച്ചി..അതുകൊണ്ടു തന്നെ സഹോദരങ്ങളേകാൾ കൂട്ടുകാരായിരുന്നു അർച്ചനയും അശ്വതിയും.

ആദ്യ ഭർത്താവ് മരണപെടും എന്ന ജാതക ദോഷക്കാരി ആയിരുന്നു അർച്ചന.. അതുകൊണ്ടു തന്നെ അവൾക്ക് വന്ന വിവാഹാലോചനകളൊക്കെ മുടങ്ങി പോയി..ഒടുവിൽ വന്ന ആലോചനയായിരുന്നു അഖിലിന്റേത്..അർച്ചനയുടെ അതെ ദോഷജാതകമായിരുന്നു അഖിലിന്റേതും. അതുകൊണ്ടുതന്നെ നല്ല ചേർച്ചയുണ്ടെന്ന് ജ്യോത്സ്യന്മാർ വിധി എഴുതി..ആർഭാട പൂർവം തന്നെ അവരുടെ വിവാഹം നടന്നു.

ആരെയും അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു അവരുടെ ജീവിതം.
അധികം താമസിക്കാതെ അവളൊരു അമ്മയായി..പ്രസവശേഷം പല സ്ത്രീകളിലും കണ്ടുവരുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥ അവളെയും പിടികൂടി..അഖിലും വീട്ടുകാരും എത്രയൊക്കെ ശ്രെദ്ധിച്ചിട്ടും ആ- ത്മ- ഹത്യയിൽ നിന്നും അവളെ രക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല..അമിതമായ ഉറക്ക ഗുളികകൾ കഴിച്ച് അർച്ചന ആ- ത്മഹ-ത്യ ചെയ്തു.

വർഷം ഒന്നു കഴിഞ്ഞു….

കാത്തുമോൾക്കൊരു അമ്മ വേണമെന്ന് തോന്നിയപ്പോൾ എല്ലാവരും കൂടി അഖിലിനെ മറ്റൊരു വിവാഹത്തിന് സമ്മതിക്കാൻ നിർബന്ധിച്ചു..അതിനവർ കണ്ടെത്തിയ പെൺകുട്ടി അർച്ചനയുടെ അനിയത്തി അശ്വതി തന്നെയായിരുന്നു. പക്ഷെ അശ്വതി അതിന് സമ്മതിച്ചില്ല. കൂടപിറപ്പായി കണ്ട അഖിലിനെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ കഴിയില്ലെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു.

അഖിലിന് അവന്റെ വീട്ടുകാർ വേറൊരു പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും അശ്വതിയോടുള്ള നീരസം അവർക്ക് മാറിയില്ല..ആ ദേഷ്യമാണ് അവന്റെ ചേച്ചി ആര്യ ഇപ്പോൾ അവളോട് പ്രകടിപ്പിച്ചതെന്ന് അശ്വതിക്ക് അറിയാമായിരുന്നു.

“നീ അഖിൽമോന്റെ വീട്ടിൽ പോയോ..” വീട്ടിലേക്ക് കയറി ചെന്ന അവളോട് അച്ഛൻ ചോദിച്ചു.

“പോയിരുന്നു.”

“എന്തിന്”

“കാത്തു മോളെ കാണാൻ..”

“നീ എന്തിനാടി മോളെ കാണാൻ പോകുന്നത്..ആരെ കാണിക്കാനാ നിന്റെ അഭിനയം. ആ കൊച്ചിനോടോ അർച്ചന മോളോടോ എന്തെങ്കിലും സ്നേഹവും ആത്മാർത്ഥതയും ഉണ്ടായിരുന്നെങ്കിൽ നീ ഈ വിവാഹത്തിന് സമ്മതിച്ചേനെ.. ഇപ്പോ ദേ അഖിലിന് വേറെ വിവാഹം ഉറപ്പിച്ചു..കയറി വരുന്നവൾ കാത്തു മോളെ നോക്കുമോ രണ്ടാനമ്മ പോരു കാണിക്കുമോ എന്നൊക്കെ കണ്ടറിയണം.” അശ്വതിയുടെ അമ്മ ദേഷ്യത്തോടെ പിന്നെയും എന്തൊക്കെയൊ വിളിച്ചു പറഞ്ഞു.

“എന്റെ ചേച്ചിയുടെ ഭർത്താവ് എനിക്കെന്റെ സഹോദരനാണ്..അതുകൊണ്ട് തന്നെയാ വിവാഹത്തിന് സമ്മതിക്കാത്തത്..പിന്നെ കാത്തുമോൾ…അവളെ ഞാൻ തന്നെ വളർത്തും..ആർക്കും പോരെടുക്കാൻ ഞാനവളെ വിട്ടു കൊടുക്കില്ല.” ദേഷ്യത്തോടെ അശ്വതി റൂമിലേക്ക് പോയി.

ദിവസങ്ങൾ കഴിഞ്ഞ് പോയി….

അഖിലിന്റെയും നന്ദയുടെയും വിവാഹ ദിവസം വന്നെത്തി. അർച്ചനയുടെ അച്ഛൻ തന്നെ താലി എടുത്തു കൊടുക്കണമെന്നത് അവന്റെ നിർബന്ധം ആയിരുന്നു.

“സ്റ്റോപ് ഇറ്റ്.”

താലി കെട്ടുന്നതിന് തൊട്ടുമുമ്പ് അത് തടഞ്ഞു കൊണ്ടുള്ള ഉറച്ച ശബ്ദം കേട്ട് എല്ലാവരും ഞെട്ടി..

രണ്ട് പോലീസുകാർ കതിർമണ്ഡപത്തിലേക്ക് കയറി ചെന്നു.

“എന്താ സാർ..” അഖിലിന്റെ അച്ഛൻ ചോദിച്ചു.

“നിങ്ങൾ ഇവന്റെ ആരാ..” അഖിലിനെ ചൂണ്ടി എസ് ഐ ചോദിച്ചു.

“ഞാനിവന്റെ അച്ഛനാ..”

“ഞങ്ങൾ ഇവനെ അറസ്റ്റു ചെയ്യാൻ വന്നതാ..ഇവനെ മാത്രമല്ല..ദേ ഇവളെയും.”

ദേഷ്യത്തോടെ എസ് ഐ നന്ദയെ നോക്കി. അഖിലും നന്ദയും കതിർമണ്ഡപത്തിൽ നിന്നും എഴുന്നേറ്റു.

“അറസ്റ്റു ചെയ്യാൻ മാത്രം എന്ത് തെറ്റാ സർ എന്റെ മകനും ഈ കുട്ടിയും ചെയ്തത്.”

“ഇവന്റെ ഭാര്യയായിരുന്ന അർച്ചനയെ കൊ- ല പെടുത്തിയതിന്.” എസ് ഐയുടെ വാക്കുകൾ നൽകിയ ആഘാതത്തിൽ എല്ലാവരും പരസ്പരം നോക്കി.

“എന്തൊക്കെയാ സർ നിങ്ങൾ പറയുന്നത്. എന്റെ മകളാണ് അർച്ചന..അഖിൽ എങ്ങനെയാണ് എന്റെ മകളെ നോക്കിയതെന്ന് ഞങ്ങൾക്ക് അറിയാം…ഒരിക്കലും അവൻ അത് ചെയ്യില്ല. സാറിനെ ആരോ കബളിപ്പിച്ചതാ.”

“ആരാ അശ്വതി..”

“എന്റെ ഇളയ മകളാണ്.”

“ആ കുട്ടിയാണ് സഹോദരിയുടെ മരണത്തിൽ ഇവനെ സംശയമുണ്ടെന്ന് കാണിച്ച് പരാതി നൽകിയത്.” ദേഷ്യത്തോടെ എല്ലാവരും അവളെ നോക്കി.

“എന്താടി ഇതൊക്കെ..എന്തിനാ നീ ഇതൊക്കെ ചെയ്യുന്നത്. കാത്തുമോളെ സ്വന്തമാക്കാനാണെങ്കിൽ അവളെ നിനക്ക് തരാൻ ഞാൻ സമ്മതിക്കില്ല.” അശ്വതിയുടെ അമ്മ അവളെ ബലമായി പുറകിലേക്ക് തള്ളി.

“അമ്മ എന്തറിഞ്ഞിട്ട ഈ സംസാരിക്കുന്നത്. അർച്ചനയുടെ മരണത്തിൽ എനിക്ക് ഇയാളെ സംശയമുണ്ട്..ഇയാളെ മാത്രമല്ല..ഇവളെയും.

“അതിനും മാത്രം എന്ത് തെറ്റാടി എന്റെ അനിയന്റെ മേൽ നീ കണ്ടത്..വേണ്ട വേണ്ടാന്ന് നൂറുവട്ടം പറഞ്ഞിട്ട് അവസാനം നിനക്കിവനെ വേണമെന്ന് തോന്നി.. അപ്പോഴേക്കും നന്ദയുമായുള്ള ഇവന്റെ വിവാഹം ഉറപ്പിച്ചു..അത് നീ ഒട്ടും പ്രതീക്ഷിച്ചില്ല. നിനക്കത് സഹിക്കാനും പറ്റിയില്ല..അതുകൊണ്ടല്ലേടി നീ എന്റെ അനിയനും ഈ കൊച്ചിനും എതിരെ കളള കേസ് കൊടുത്തത്.

നിനക്ക് ഇവനോടുള്ള താല്പര്യം മനസ്സിലാക്കിയാണോ അർച്ചന ആ- ത്മ- ഹ ത്യ ചെയ്തതെന്ന് എനിക്കിപ്പോ സംശയമുണ്ട്.”

“ദേ ആര്യചേച്ചി..അനാവശ്യം പറഞ്ഞാലുണ്ടല്ലോ..അർച്ചനയുടെ കഴുത്തിൽ ഇയാൾ താലി കെട്ടിയ നിമിഷം മുതൽ ഈ മനുഷ്യൻ എന്റെ സഹോദരൻ തന്നെയാ..അങ്ങനെ കണ്ടതിൽ എനിക്കിപ്പോ പുച്ഛം തോന്നുവാ.”

“മതി നിന്റെ പ്രസംഗം…എന്റെ അനിയൻ ചെയ്ത തെറ്റ് എന്താണെന്ന് നീ ആദ്യം പറയ്‌.”

“നന്ദയുടെയും അഖിലിന്റെയും വിവാഹം നിങ്ങൾ വീട്ടുകാർ ഉറപ്പിച്ചെന്നല്ലേ ചേച്ചി പറഞ്ഞത്..”

“അതേ..വിവാഹം വേണ്ടെന്ന് വാശി പിടിച്ച അവനെ നിർബന്ധിച്ച് വിവാഹത്തിന് സമ്മതിപ്പിച്ചതും മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്ത് നന്ദയെ കണ്ടു പിടിച്ചതുമൊക്കെ ഞങ്ങൾ തന്നെയാ..”

“എന്നാൽ അങ്ങനെയല്ല..അങ്ങനെയാണെന്ന് ഇവർ രണ്ടുപേരും കൂടി നിങ്ങളെ ധരിപ്പിച്ചതാ..”

“എന്തൊക്കെയാ അശ്വതി നീ പറയുന്നത്. വിവാഹം ഉറപ്പിച്ചതിനു ശേഷം മാത്രമാ അഖിൽ നന്ദയെ നേരിട്ട് കാണുന്നത് തന്നെ..” അഖിലിന്റെ അച്ഛൻ പറഞ്ഞു..

“അല്ല അങ്കിൾ..അന്ന്..എന്റെ അർച്ചന മരിച്ച രാത്രി..എല്ലാം തകർന്നവനെ പോലെ ഇയാൾ തകർത്തഭിനയിച്ച രാത്രി. ഇയാൾക്ക് വന്ന ഒരുപാട് കോളുകളിൽ ഒന്ന് ഇവളുടേത് ആയിരുന്നു..നന്ദു എന്ന് സേവ് ചെയ്ത നമ്പർ..സ്‌ക്രീനിൽ ഇവളുടെ മുഖം തെളിഞ്ഞു കണ്ടതാ ഞാൻ..”

“കളളം..പച്ച കള്ളം..ഇവള് പറയുന്നത് മുഴുവൻ കള്ളമാ..” അതുവരെ മിണ്ടാതിരുന്ന അഖിൽ പൊട്ടി തെറിച്ചു.

“എനിക്ക് നന്ദയെ ഒരു പരിചയവും ഇല്ല.”

“കള്ളം പറയുന്നത് നീയാണ് അഖിൽ. നീയും നന്ദയും ഒരുമിച്ച് പഠിച്ചതാ.. പഠിക്കുന്ന സമയത്ത് നിങ്ങൾ തമ്മിൽ ഇഷ്ടത്തിലും ആയിരുന്നു. അതൊക്കെ ഞങ്ങൾ അന്വേഷിച്ചതാ..”

എസ് ഐ അഖിലിന്റെ ഷർട്ടിൽ കുത്തി പിടിച്ചു.

“അർച്ചനയുമായുള്ള വിവാഹം കഴിഞ്ഞ ശേഷവും നിങ്ങൾ തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നതിനു നിങ്ങളുടെ ഫോണുകൾ തെളിവാണ്. അതുകൊണ്ട് സത്യം പറയുന്നതാണ് നല്ലത്.”

“സർ, ഞാൻ പറഞ്ഞതൊക്കെ സത്യമാണ്.”

“അല്ലല്ലോ അഖിൽ…വേണമെങ്കിൽ കുറച്ച് സത്യങ്ങൾ കൂടി ഞാൻ പറഞ്ഞുതരാം.

“ശിവദാസ്..” എസ് ഐ തിരിഞ്ഞ് കോൺസ്റ്റബിളിനെ വിളിച്ചതും അയാൾ പുറത്തേക്ക് പോയി ഒരു ചെറുപ്പക്കാരനെയും കൂട്ടി വന്നു. അവനെ കണ്ടതും അഖിലും നന്ദയും വിളറി വെളുത്തു.

“ഇത് നിധിൻ..അഖിലിന്റെയും നന്ദയുടെയും കൂടെ പഠിച്ചതാ…ഇവരുടെ ബെസ്റ്റ് ഫ്രണ്ട്. ബാക്കി കഥ ഇവൻ പറയും. പറഞ്ഞോ നിധിൻ..”

നിധിൻ പേടിയോടെ എസ് ഐയെ നോക്കിയ ശേഷം പറഞ്ഞു തുടങ്ങി.

“ഇവർ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു. വിവാഹം കഴിക്കാനും തീരുമാനിച്ചതാ.. അപ്പോഴാ അഖിലിന്റെ ജാതക ദോഷം നന്ദ അറിയുന്നത്. അഖിൽ അതിലൊന്നും വിശ്വസിച്ചിരുന്നില്ലെങ്കിലും നന്ദക്ക് നല്ല പേടിയുണ്ടായിരുന്നു.

ഒടുവിൽ ഇവളുടെ നിർബന്ധപ്രകാരമാണ് അഖിൽ വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞ് ആ ബന്ധം വേർപെടുത്തി ഇവളെ വിവാഹം കഴിക്കണം എന്നായിരുന്നു നിബന്ധന..

അങ്ങനെയാണ് അഖിൽ അർച്ചനയെ വിവാഹം കഴിക്കുന്നത്. അവളുടെ മേൽ എന്തെങ്കിലും കുറ്റം കണ്ടെത്തി ഡിവോഴ്സ് ചെയ്യാമെന്ന് ഇവരുടെ പ്ലാൻ തെറ്റിച്ചുകൊണ്ട് അർച്ചന വളരെ പെട്ടെന്ന് തന്നെ അഖിലിന്റെ വീട്ടുകാരുടെ പ്രിയങ്കരിയായി. കൂടാതെ അവളൊരു കുഞ്ഞിന്റെ അമ്മക്കൂടി ആയതോടെ അഖിൽ അവളെ ഉപേക്ഷിക്കില്ലേ എന്നൊരു പേടി നന്ദക്ക് തോന്നി..അർച്ചനയെ ഉപേക്ഷിക്കാൻ നന്ദ അഖിലിനെ നിരന്തരം നിർബന്ധിച്ചു കൊണ്ടിരുന്നു..പക്ഷെ അങ്ങനെ ഉപേക്ഷിച്ചാൽ വീട്ടുകാരും ബന്ധുക്കളുമൊക്കെ അവനെതിരെ തിരിയുമെന്ന് അഖിലിനു അറിയാമായിരുന്നു. അങ്ങനെയാണ് അർച്ചനയെ ഒഴിവാക്കാൻ അവളെ കൊ- ല്ലു ക എന്ന പ്ലാനിൽ ഇവർ എത്തിയത്.” നിധിൻ പറഞ്ഞു നിർത്തി.

“അർച്ചന വി- ഷം ഉള്ളിൽ ചെന്നാണ് മരിച്ചത്. ആ വിഷം എങ്ങനെ അർച്ചനയുടെ ഉള്ളിൽ ചെന്നതെന്ന് നീ തന്നെ പറയണം അഖിൽ.”

അഖിൽ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.

“മിണ്ടാതെ നിന്നിട്ട് കാര്യമില്ല അഖിൽ..നീ മറുപടി പറഞ്ഞേ പറ്റു..”

“ഞാൻ…ഞാൻ തന്നെയാ അത് ചെയ്തത്..” ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസിലായപ്പോൾ അഖിൽ സത്യം തുറന്നു പറഞ്ഞു.

“എങ്ങനെ…”

“അദ്യം അവൾക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ആണെന്ന് എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നെ അവളറിയാതെ അവൾ കുടിക്കുന്ന പാലിൽ ഉറക്കഗുളിക കലക്കി.”

പറഞ്ഞു തീർന്നതും അഖിലിന്റെ അമ്മയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞു..

“ദ്രോഹി..വേണ്ടായിരുന്നെങ്കിൽ ഉപേക്ഷിക്കാമായിരുന്നില്ലേ..കൊ- ന്നുക- ളയണമായിരുന്നോടാ..”

“എന്റെ കുഞ്ഞ് നിന്നെ സ്നേഹിച്ചിട്ടല്ലെയുള്ളു..എന്നിട്ടും..എന്നിട്ടും നീ എന്തിനാ..” അർച്ചനയുടെ അമ്മ ബോധം മറഞ്ഞ് താഴേക്ക് വീണു.

“പിടിച്ചു കയറ്റെടോ രണ്ടിനും.” എസ് ഐയുടെ വാക്ക് കേട്ടതും ശിവദാസും ഒരു ലേഡി കോൺസ്റ്റബിളും വന്ന് അഖിലിനെയും നന്ദയെയും പിടിച്ചുകൊണ്ടുപോയി.

അശ്വതി, ആര്യയുടെ കൈയ്യിലിരുന്ന കാത്തുമോളെ വാങ്ങി അവളുടെ നെഞ്ചോട് ചേർത്തു. ആർക്കും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *