ഞാൻ ഒരമ്മയായ ദിവസം
Story written by Sruthi Kishan Kuruvi
ഞാൻ ഒരമ്മയായ ദിവസം എന്നിലെ ഭീരുവിനു എന്നെ എത്രമാത്രം തളർത്താൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞ ദിനം.
എന്റെ അവസ്ഥ ഒറ്റ വരിയിൽ വിവരിക്കാൻ ആ നേരങ്ങളിൽ മനസ്സിലോർമ്മ വന്ന ആബേൽ അച്ചന്റെ കുരിശിന്റെ വഴിയിലെ “മരണം പരത്തിയൊരിരുളിൽ കുടുങ്ങി ഞാൻ, ഭയമെന്നെ ഒന്നായ് വിഴുങ്ങി ” എന്ന വരി തന്നെ ധാരാളം..
വാർഡിലെ ഒച്ചപ്പാടും ബഹളവും ഇഷ്ടപ്പെടാഞ്ഞിട്ടാണ് room എടുത്തത്.
Suger കൂടിയത് കൊണ്ട് ഒരു മാസം മുന്നേ അഡ്മിറ്റ് ആവേണ്ടി വന്നു. ‘വിശേഷം ഒന്നും ആയില്ലേ, ഇപ്പൊ ഒന്നും വേണ്ടേ ‘ എന്നുള്ള കൂതറ ചോദ്യങ്ങൾക്ക് ശേഷം എന്നെ കലി പിടിപ്പിച്ചത് അപ്പുറത്തെയും ഇപ്പുറത്തെയും റൂമിലെ കുറെ പരദൂഷണ തള്ളമാരായിരുന്നു.
“മോളു പ്രസവിച്ചു, മരുമോൾ പ്രസവിച്ചു… ഇവിടെ മോൾക്ക് എന്നതേക്കാ ന്നു ഒന്നും അറിഞ്ഞില്ലേ,, കുറെ നാളായില്ലേ വന്നിട്ട്., “
പിന്നെ ആ ചോദ്യം ചോദിച്ചത് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പോയപ്പോൾ ACR ലാബിൽ ഉള്ള lab ടെക്‌നീഷൻസ് ആയിരുന്നു.
ഡെയിലി രാവിലെയും ഉച്ചക്കും രാത്രിയും ആഹാരത്തിനു മുൻപും ശേഷവും അങ്ങനെ ഒരു ദിവസം 6 തവണ വീതം suger ടെസ്റ്റ് ചെയ്തു, വെയ്‌നും കിട്ടാതെ ചോരയും ഇല്ലാതെ ഒന്നും തിന്നാനും പറ്റാതെ പ്യാവം ഞാൻ ….
ഇടക്ക് റൂമിൽ വന്ന സിസ്റ്റർ baby എവിടെ ശ്രുതി എന്ന് ചോദിച്ചപ്പോൾ ആണ് പൂരി പോലെ വീർത്തിരുന്ന വയറു പെട്ടെന്ന് ചപ്പാത്തി പോലെ ആയത് ശ്രദ്ധയിൽ പെട്ടത്. ഒറ്റ നോട്ടത്തിൽ ഡെലിവറി കഴിഞ്ഞ ഒരാളെ പോലെ ആയി.
ഫ്ലൂയിഡ് കുറഞ്ഞു, ഡ്രിപ് ഇട്ടു. ഇടയ്ക്കിടെ കുഞ്ഞിന്റെ അനക്കം നോക്കി, സ്കാൻ ചെയ്തു..
ഷുഗറു കൂടിയവരെയും ഫ്ലൂയിഡ് കുറഞ്ഞവരെയും SAT യിലേക്ക് ഓടിക്കുന്ന ഡോക്ടർമാരുടെ കൂട്ടത്തിൽ ദൈവത്തിന്റെ കരങ്ങൾ എന്ന് പറയാൻ കഴിയുന്ന ഹൃദ്യ ഭാസ്കർ ഡോക്ടർ മാത്രം വേറിട്ടു നിന്നു..
മൂന്നാം തീയതി രാവിലെ ഷുഗറും കൂടി, ഫ്ലൂയിഡും കുറഞ്ഞു കുഞ്ഞിന് അനക്കവും ഇല്ലാന്നുള്ള അവസ്ഥ ആയി..
‘പെട്ടെന്ന് ഡോക്ടർ നെ അറിയിക്ക് കുഞ്ഞിന് ചെറിയ അനക്കം ഉണ്ട് ‘ എന്ന് സ്കാനിംഗ് റൂമിൽ നിന്നും ഫോൺ വിളിച്ചറിയിച്ചു.
*നേരെ പ്രസവ മുറിയിലേക്ക് *
ഭീകരമായ അന്തരീക്ഷം. ചിന്തകൾ പലതായിരുന്നു. കൂട്ടത്തിൽ പണ്ട് ഏദൻ തോട്ടത്തിൽ വെച്ച് ഹവ്വ തിന്ന ആപ്പിളുപോലും ചിന്തകളിൽ നിറഞ്ഞു.
കടൽതിരമാലകൾ കാലിനടിയിലെ മണ്ണിനെ ചോർത്തി കൊണ്ടുപോകുമ്പോൾ ഉണ്ടാകുന്ന ഒരുതരം അനുഭവം. ബോധം പോകുവോ എന്ന് പോലും തോന്നി പ്പോയി..
നിമിഷങ്ങൾക്കകം നമ്മടെ ഡോക്ടർ എത്തി.
“നമുക്ക് വൈകിക്കണ്ട, സിസേറിയൻ ചെയ്യാം ” എന്ന ഡോക്ടർ ന്റെ വാക്കു കളിൽ പേടിച്ചു വിറച്ചു പണ്ടേ ബോധമില്ലാത്ത എനിക്ക് എങ്ങോ പോയ പകുതി ജീവൻ തിരിച്ചു കിട്ടിയപോലെ തോന്നി.
സിസേറിയൻ കഴിഞ്ഞു, ‘ആൺകുട്ടി ആണ് ശ്രുതി ‘ ഡോക്ടർ പറഞ്ഞു. (ആൺ കുട്ടി ആണെന്ന് ഉറപ്പായിരുന്നു. അവനു പേര് പോലും നേരത്തെ കണ്ടു പിടിച്ചിരുന്നു. )
കുഞ്ഞിനെ നഴ്സറിയിൽ കൊണ്ടുപോയി, തൂക്കകുറവ്. 2.1kg മാത്രം ഉണ്ട്.
പിറ്റേന്ന് വാർഡ് ലേക്ക് പോയപ്പോൾ എല്ലാവരും കുഞ്ഞുങ്ങൾക്കൊപ്പം, ഞാൻ മാത്രം തനിച്ചു. വാർഡിലെ നേഴ്സ് നോട് കുഞ്ഞിനെ കാണാൻ പോട്ടെന്നു ചോദിച്ചപ്പോൾ അവിടുന്ന് വിളിച്ചാലേ പോകാൻ പറ്റുള്ളൂ എന്ന് നേഴ്സ്. ഞാൻ ഇത്രേം നേരം ആയിട്ടും എന്റെ കുഞ്ഞിനെ കണ്ടില്ല എന്നും പറഞ്ഞു എന്നിലെ നാഗവല്ലി തലപൊക്കി.
ഗത്യന്തരം ഇല്ലാതെ സിസ്റ്റർ എന്നെ നഴ്സറിയിലേക്ക് അയച്ചു.
നഴ്സറി യിൽ പോയി, കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും പറ്റൂലാന്നായി.
‘ഇന്നലെ കൊണ്ട് വന്ന കുഞ്ഞിനെ കാണാൻ അമ്മ വരുന്നത് ഇന്ന് വൈകിട്ട് ‘ നഴ്സുമാരുടെ പറച്ചിലിൽ ഭ്രാന്തിളകി എനിക്ക്.
എന്നെ വാർഡിൽ അന്വേക്ഷിച്ചെന്നു നഴ്സറിയിലുള്ളവർ, എന്നെ അല്ല ഏതോ അശ്വതിയെ മാത്രമേ വിളിച്ചിട്ടുള്ളു എന്ന് ഞാനും.
മോനെ അങ്ങനെ കയ്യിൽ കിട്ടി… നല്ല ഉറക്കം.
ഇത് എന്റെ കുഞ്ഞ് തന്നെയാണോ. ഇവർക്ക് മാറിപ്പോയോ, അങ്ങനെ മാറി യൊക്കെ പോവോ അമ്മാതിരിയുള്ള പൊട്ട ചിന്തകളും ഉള്ളിൽ വരാതിരുന്നില്ല..
മോനെ ഒന്ന് ഉമ്മ വയ്ക്കും മുന്നേ സിസ്റ്റർ പറഞ്ഞു ഉണർത്തി പാല് കൊടുക്കണം.
എങ്ങനെ ഉണർത്തും ?
കവിളിൽ, ചെവിക്കു താഴെ തലോടിയാൽ മതി.
ഏറ്റില്ല. നല്ല ഉറക്കം. എണീക്കുന്നില്ല.
ഉണർത്തി പാല് കുടിക്കുന്നുണ്ടെങ്കിലേ നഴ്സറി ന്നു തന്നു വിടാൻ പറ്റുള്ളൂ. ഉള്ളം കാലിൽ കൊട്ട് കൊടുക്കണം. എണീക്കും. സിസ്റ്റർ പറഞ്ഞു.
അവർ ഒരു തവണ അങ്ങനെ ചെയ്തിട്ടു അതുപോലെ ചെയ്യാൻ ആവശ്യപ്പെട്ടു.
അങ്ങനെ എന്റെ കുഞ്ഞിനെ ഞാൻ കയ്യിൽ വാങ്ങിയ ഉടനെ ഒന്ന് ഉമ്മ വെക്കുന്നതിനു പകരം കൊഞ്ചിക്കുന്നതിനു പകരം നോവിച്ചു, കരയിപ്പിച്ചു ഉണർത്തി..
ഇന്നും അതൊരു വലിയ വിഷമം തന്നെയാണ്..
അവനു വീണ്ടും ഉറക്കം തന്നെ.. കുഞ്ഞിനെ തിരികെ കൊടുത്തിട്ടു റൂമിൽ പൊയ്ക്കോളാൻ സിസ്റ്റർ പറഞ്ഞു. നാളെ വൈകിട്ട് തരാം എന്ന്.
ഉവ്വ. ഇപ്പൊ തരാം . വന്നു കണ്ടിട്ട് അവനെ തിരികെ ഏല്പിക്കാനോ. അവനേം കൊണ്ടേ ഇറങ്ങിയുള്ളു..
അന്നേരം എനിക്ക് എന്താ ഫീൽ ചെയ്തെത് എന്ന് പറഞ്ഞാൽ സത്യത്തിൽ
വിലകൂടിയ ആശിച്ച ഒരു പാവകുട്ടിയെ കയ്യിൽ കിട്ടിയ കൊച്ചു കുട്ടിയുടെ മനസ്സിൽ എന്തൊക്കെ തോന്നലാണ് ഉണ്ടാവുക. ആർക്കും കൊടുക്കാതെ, ആരും തൊടുന്നത് ഇഷ്ടപ്പെടാതെ….
എന്റെ
എന്റെ
എന്റെ മാത്രം എന്നുള്ള ചിന്ത .. (ആ ചിന്തക്കിന്നും മാറ്റമില്ല. )
ഞാൻ എത്രമാത്രം സ്വാർഥയാണെന്ന് കൂടി അവന്റെ വരവോടെ തിരിച്ചറിഞ്ഞിരിക്കുന്നു…