അങ്ങനെ കല്യാണം ഓക്കെ നന്നായി നടന്നു. ഞാൻ എല്ലാവരുടെയും മുൻപിൽ നന്നായി ഷൈൻ ചെയ്തു ആ ദിവസം…

കൂടപ്പിറപ്പ്

Story written by GAYATHRI GOVIND

ഓർമ്മവെച്ച കാലം മുതൽ എനിക്ക് ഒരു ശത്രു ഉണ്ട്.. മറ്റാരും അല്ല എന്റെ ചേച്ചി.. എന്നേക്കാൾ നാല് വയസ്സ് വ്യത്യാസം മാത്രേയുള്ളു അവൾക്ക്.. ഭാവം കണ്ടാലോ എന്റെ അമ്മയാണെന്ന് തോന്നും… ചെയ്യുന്ന കുസൃതികൾക്കും കുരുത്തക്കേടിനും അച്ഛന്റെയും അമ്മയുടെയും പുറമെ ചിലപ്പോൾ അവളുടെ കയ്യിൽ നിന്നും കിട്ടുമായിരുന്നു എനിക്ക് തല്ല്.. അല്ലെങ്കിൽ അവൾ അച്ഛനോടും അമ്മയോടും പറഞ്ഞു പാര വയ്ക്കുമായിരുന്നു..

വളരും തോറും അവളെക്കൊണ്ടുള്ള ശല്യം കൂടി കൂടി വന്നു.. അവൾ ഇട്ട ഡ്രെസ്സുകൾ ഓക്കെ മടക്കി സൂക്ഷിച്ചു വച്ചു എനിക്ക് തരും.. ആണ്ടിലും സംക്രാന്തികുമാണ് എനിക്ക് നല്ലൊരു ഡ്രെസ്സ് കിട്ടിയിരുന്നത്.. ഡ്രെസ്സ് മാത്രമോ?? ബാഗ്, കാൽക്യൂലേറ്റർ, ഇൻസ്‌ട്രുമെന്റ് ബോക്സ്‌ അങ്ങനെ എല്ലാം എല്ലാം അവൾ ഉപയോഗിച്ചാത്..

പല തവണ ഈ പേരും പറഞ്ഞു ഞാൻ വീട്ടിൽ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്.. ആര് കേൾക്കാൻ?? ഒരു പ്രയോജനവും ഇല്ലാ.. വളരും തോറും എനിക്ക് അവളോടുള്ള ദേഷ്യവും വാശിയും എല്ലാം കൂടി വന്നു.. ഒരുമിച്ചു ആണ് കിടക്കുന്നത് എങ്കിൽ പോലും ഞാൻ അവളോട് മിണ്ടാറുപോലും ഇല്ലാ…

അങ്ങനെ അവൾക്ക് 22 വയസ്സ് ആയപ്പോൾ കല്യാണം ഉറപ്പിച്ചു.. എനിക്ക് ആയിരുന്നു ഏറ്റവും സന്തോഷം.. ഇനിയും ആ റൂം എനിക്ക് മാത്രം സ്വന്തം.. ആഹാ..

അങ്ങനെ കല്യാണം ഓക്കെ നന്നായി നടന്നു.. ഞാൻ എല്ലാവരുടെയും മുൻപിൽ നന്നായി ഷൈൻ ചെയ്തു ആ ദിവസം.. പോകാൻ നേരം എല്ലാവരും ഭയങ്കര കരച്ചിൽ ആയിരുന്നു.. ഞാൻ കൂൾ ആയിട്ടു നിന്നു.. പക്ഷേ എന്റെ ചേച്ചി ആരുടെയും അരികിൽ പോകാതെ എന്റെ അരികിൽ വന്നു കെട്ടിപിടിച്ചു മോളേ എന്നുവിളിച്ചു പൊട്ടി കരഞ്ഞു.. ഞാൻ അറിയാതെ തന്നെ എന്റെ കണ്ണിൽ നിന്നും വെള്ളം വമിച്ചുകൊണ്ടിരുന്നു.. എന്റെ കൈകൾ അവളെ തഴുകി.. ആരൊക്കെയോ ചേർന്നു ഞങ്ങളെ വേർപ്പെടുത്തി.. വണ്ടിയിൽ കയറിയപ്പോഴും അവളുടെ കണ്ണുകൾ എന്നിൽ തന്നെ ആയിരുന്നു.. ഞങ്ങൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടേയിരുന്നു.. വണ്ടി കണ്ണിൽ നിന്നും അകന്ന് പോകുന്നത് കാണാനേ കഴിയുന്നുണ്ടായിരുന്നില്ല.. ചേച്ചി ഇല്ലാതെ ആ മുറിക്കുളിൽ പ്രാന്ത് പിടിക്കുന്നത് പോലെയാണ് എനിക്ക് പിന്നീടുള്ള ദിവസങ്ങളിൽ തോന്നിയിരുന്നത്.. ഡിപ്രെഷൻ ആകുമോ എന്നുവരെ ഭയന്നിരുന്നു..

രണ്ടുമൂന്നു വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടു.. അന്ന് എന്നെ ചേർത്തു നിർത്തി എന്റെ ചേച്ചി എത്ര പക്വതയോടെയാണ് പെരുമാറിയത്.. അവൾ ആരാണെനിക്ക് എന്ന് ഓരോ പ്രവർത്തിയിലൂടെയും മനസ്സിലായി.. ഞാൻ എന്റെ പതിനെട്ടു വയസ്സ് വരെ അകറ്റി നിർത്തിയ എന്റെ ചേച്ചി.. അവൾ ആണ് എന്റെ എല്ലാമെന്ന് മനസ്സിലായി..

പിന്നീട് ചേച്ചിയും ചേട്ടനും നല്ലൊരു ആളെ കണ്ടെത്തി എന്റെ വിവാഹം നടത്തി.. ഇപ്പോൾ ചേച്ചി ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നേക്കുവാ എന്നെ.. എന്റെ പ്രസവ ശേഷം എന്നെയും വാവേയും നോക്കാൻ.. ഒരു അമ്മ നോക്കുന്നത് പോലെയാണ് നോക്കുന്നത്.. മറ്റാർക്കും നൽകാൻ കഴിയാത്ത സ്നേഹവും പരിചരണവും നൽകി.. എന്റെ കൂടപ്പിറപ്പ്.. എന്റെ അമ്മയാണ് ഇന്നെനിക്ക് അവൾ.. ബന്ധങ്ങളുടെ ശക്തി മനസ്സിലാക്കാൻ കഴിയാഞ്ഞ ഒരു പൊട്ടിപെണ്ണ് ആയിരുന്നു ഞാൻ.. പണ്ട്..

അവസാനിച്ചു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *