അങ്ങനെ സ്കൂൾ പൂട്ടിലെ അവസാന മാസം എന്നെ പേടിച്ചു അവൻ അവന്റെ ഉമ്മാന്റെ വീട്ടിൽ ആയിരുന്നു ഒരു മാസം.സ്കൂൾ വീണ്ടും തുറക്കുന്നതിന്റെ അന്നാണ് പിന്നെ ആശാൻ ക്ലാസിൽ വരുന്നത്…..

എഴുത്ത്:-നൗഫു ചാലിയം

“ജമാലും ഞാനും ആറാം ക്ലാസിൽ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്…

ആറാം ക്‌ളാസില്ലെ റിസൾട്ട് വന്നപ്പോൾ വെണ്ടക്ക അക്ഷരത്തിൽ അവന്റെ പേര് തന്നെ ആയിരുന്നു മുന്നിൽ…

അത് കേട്ടപ്പോൾ മുതൽ ചിരിക്കാൻ തുടങ്ങിയത് ആയിരുന്നു ഞാൻ..

ആ ചിരി നിന്നത് ഏഴിലേക്ക് പേര് വിളിച്ചു ഓരോ ക്‌ളാസിലേക്കും കുട്ടികളെ തിരിക്കുന്ന അന്നാണ്…

അവൻ മാത്രം അല്ലാട്ടോ…ക്ലാസിൽ ഉണ്ടായിരുന്ന അഞ്ചേട്ട് പേര് അന്ന് പൊട്ടിയിരുന്നു…”

“ജമാലും റസികും സിനോയും റഹീമും…

അങ്ങനെ ആൺകുട്ടികൾ തന്നെ അഞ്ചേട്ട് പേര്…

രണ്ട് പെൺകുട്ടികളും..”

വീടിന് അടുത്ത് തന്നെ ആയിരുന്നു ജമാൽ…

അവനെ കണ്ടാൽ ഞാൻ കളിയാക്കി ചിരിക്കാൻ തുടങ്ങും..

എന്നെ കൊണ്ടു അവൻ അങ്ങ് പെട്ട് പോയിരുന്നു..

ഞാൻ കളിക്കാൻ ഉണ്ടേൽ പിന്നെ അവൻ കളിക്കാൻ വരാതെയായി…

വിടുമോ ഞാൻ…

അവനെ വീട്ടിൽ പോയി കളിയാക്കും..

അങ്ങനെ സ്കൂൾ പൂട്ടിലെ അവസാന മാസം എന്നെ പേടിച്ചു അവൻ അവന്റെ ഉമ്മാന്റെ വീട്ടിൽ ആയിരുന്നു ഒരു മാസം..

സ്കൂൾ വീണ്ടും തുറക്കുന്നതിന്റെ അന്നാണ് പിന്നെ ആശാൻ ക്ലാസിൽ വരുന്നത്..

എന്റെ കൂടെ വരുന്നത് കണ്ടപ്പോൾ തന്നെ ഞാൻ ചോദിച്ചു..

എങ്ങോട്ടാ മോനേ…

ഇത് ആറാം ക്ലാസ് അല്ല .. ഏഴിലേക്കുള്ള കുട്ടികൾ നിക്കുന്ന വരിയാണെന്നും പറഞ്ഞു ഞാൻ അവനെ ഓടിച്ചു…

അവൻ ഒന്നും പറയാണ്ട്… കഴിഞ്ഞ കൊല്ലം ഞങ്ങളുടെ ക്ലാസ് ഉണ്ടായിരുന്ന ഭാഗത്തേക്ക് തന്നെ നടന്നു..

അങ്ങനെ ഓരോ ക്‌ളാസിലേക്കും ഉള്ള കുട്ടികളുടെ പേരുകൾ ടീച്ചർ വിളിക്കാൻ തുടങ്ങി..

A മുതൽ F വരെയുള്ള ഡിവിഷനിലേക്കുള്ള കുട്ടികളെ ടീച്ചർ വിളിച്ചിട്ടും എന്റെ പേര് മാത്രം വിളിക്കാതെ ഇരുന്നപ്പോൾ ആയിരുന്നു ഞാൻ ടീച്ചറുടെ അടുത്ത് പോയി എന്നെ വിളിച്ചില്ലല്ലോ എന്ന് പറഞ്ഞത്..

ടീച്ചർ എന്റെ പേര് ചോദിച്ചു…

“മുഹമ്മദ്‌ സയാൻ “

ഞാൻ പറഞ്ഞു…

“ഇതിൽ നിന്റെ പേരിലല്ലോ മോനേ..

മോൻ ബോർഡിൽ നോക്കിയിരുന്നോ…പേരുണ്ടോ എന്ന്…”

“തോറ്റവരുടെ ലിസ്റ്റിലോ…”

എന്റെ ഉള്ളൊന്ന് കാളി കൊണ്ടു ഞാൻ ടീച്ചറോട് ചോദിച്ചു..

ടീച്ചർ അതേ എന്ന് പറഞ്ഞു..

സത്യം പറഞ്ഞാൽ ഞാൻ ജയിച്ചോ തോറ്റോ എന്ന് എഴുതി ഇട്ട ലിസ്റ്റ് നോക്കിട്ടിട്ടില്ലായിരുന്നു..

ഞാൻ നാട്ടിൽ ഇല്ലായിരുന്നത് കൊണ്ടു തന്നെ എന്റേതും ജമാൽ ആയിരുന്നു നോക്കിയിരുന്നെ..

അവൻ തോറ്റെന്നു അറിഞ്ഞതും ഞാൻ അവനെ കളിയാക്കാൻ നിന്നു ഞാൻ ജയിച്ചോ എന്ന് ചോദിക്കാൻ മറന്നു..

പിന്നെ ഒരു ഓട്ടം ആയിരുന്നു ബോർടിനടുത്തേക്ക്..

ടീച്ചർ ഊഹിച്ചത് പോലെ എന്റെ പേരും വെണ്ടക്ക അക്ഷരത്തിൽ തന്നെ ഉണ്ടായിരുന്നു ആ ബോർഡിൽ…

“മുഹമ്മദ്‌ സയാൻ.. “

നിന്ന നിൽപ്പിൽ അങ്ങ് ഭൂമിയിൽ ആണ്ടു പോയെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോയി..

വിങ്ങുന്ന മിടിക്കുന്ന ഹൃദയത്തോടെ ഞാൻ വീണ്ടും എന്റെ പഴയ ആറാം ക്ലാസിലേക്ക് നടന്നു..

അവിടെ അപ്പോയെക്കും അഞ്ചിൽ ഉണ്ടായിരുന്നവരെ പേരൊക്കോ വിളിച്ചു ക്ലാസിൽ കയറ്റിയിരിന്നു…

എന്റെ ആദ്യത്തെ ക്ലാസ് ടീച്ചർ തന്നെ ആയിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്..

“ടീച്ചർ.. “

പുതിയ കുട്ടികളെ പരിചയപെടുന്നതിനു ഇടയിൽ ഞാൻ വിളിച്ചു..

“ഹ…

വാ…

വാ..

ഞാൻ നീ എവിടെ പോയെന്ന് ചോദിക്കായിരുന്നു നിന്റെ കൂട്ടുകാരനോട്..

വഴി തെറ്റി പോയോ മോന്.. “

ടീച്ചർ എന്നെ ഒന്ന് ആക്കി കൊണ്ടു ക്ലാസിൽ കയറാൻ പറഞ്ഞു..

ഞാൻ വരുന്നത് കണ്ടതും എനിക്ക് വേണ്ടി പിടിച്ചു വെച്ച സീറ്റിൽ ഒന്ന് ഒതുങ്ങി ഇരുന്നു കൊണ്ടു ജമാൽ എന്നെ കണ്ണു കൊണ്ടു ക്ഷണിച്ചു..

“വാ മോനേ വാ എന്ന് പറഞ്ഞു.. “

തെണ്ടി എന്നാലും എനിക്ക് വല്ലാത്തൊരു പണിയാണ് തന്നത്…

“അവനെ രണ്ട് മാസം ഞാൻ കളിയാക്കിയതിനുള്ള ശിക്ഷ ഒരൊറ്റ ദിവസത്തിലെ ചുരുങ്ങിയ മണിക്കൂർ കൊണ്ട് എനിക്ക് എതിരെ തിരിച്ചു തന്നു..

പഹയൻ എന്നെ നോക്കി പതിയെ പുഞ്ചിരിച്ചു..

ടീച്ചർ കാണുന്നില്ല എന്ന് കണ്ട സമയം എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി കൊണ്ടു പറഞ്ഞു…

ഇജ്ജെന്റെ ചങ്ക് അല്ലേ…ഞാൻ പോകുന്നിടത് നീയും ഉണ്ടാവും…”

ബൈ

😘

Related Posts

Leave a Reply

Your email address will not be published. Required fields are marked *