അങ്ങനൊരു രാത്രീല് പതിവിലും കൂടുതല് മോന്തി എന്നെ കെട്ടിപ്പിടിച്ച് കെടക്കുമ്പം അപ്പൻ പറഞ്ഞത് മുഴുവൻ അമ്മച്ചീനെ കുറിച്ചാ…

Story written by DHANYA SHAMJITH

ഇന്നത്തോടെ നിർത്തിക്കോണം നിങ്ങടെയീ ഒടുക്കത്തെ കുടി, നാട്ടാര്ടേം വീട്ടാര്ടേം കളിയാക്കല് കേട്ട് മടുത്തു…

സ്റ്റീൽ ഗ്ലാസിലെ കട്ടൻ ശക്തിയോടെ ടേബിളിലേക്ക് വച്ചു ട്രീസ .

എന്നതാടീ രാവിലെ തന്നെ മോന്തേം കേറ്റിയാണല്ലോ…..ഭാഗ്യം, ഗ്ലാസ് ഞളുങ്ങാഞത്… സണ്ണി കട്ടൻ മെല്ലെ മൊത്തി.

എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട,, നിങ്ങക്കറിയത്തില്ലേ എന്നതാ കാര്യംന്ന്… സിസിലിക്കുട്ടീടെ മോടെ കുർബാനയ്ക്ക് നിങ്ങളെന്താ കാട്ടീത്…

ഞാനെന്ത് കാട്ടാൻ , കുർബ്ബാനേം കൂടി ഫോട്ടോയെടുപ്പും കഴിഞ്ഞ് നല്ല അന്തസ്സായി ബിരിയാണി തിന്നു…. അല്ലാണ്ടെന്നതാ….

ദേ മനുഷ്യാ….. എനിക്കങ്ങ് ചൊറിഞ്ഞ് വരണുണ്ട്.. ട്രീസ അരിശം പൂണ്ടു.

അത്ര ചൊറിച്ചിലാണേ ഇങ്ങ് വാ ഞാൻ മാന്തിത്തരാ….. നീ കാര്യം പറ ട്രീസ ക്കൊച്ചേ….

പരിപാടിയൊക്കെ കഴിഞ്ഞ് കാർന്നോ മാരെല്ലാം കൂടിയൊരു കൂടലുണ്ടാർന്നൂലോ മറന്നോ…

ഓ ….. അതാണോ.. അയ്ന് ഞാനന്ന് അവർക്കൊപ്പം കൂടിയില്ലടീ ട്രീസേ നീയാണേ സത്യം.

ആ അതാ കാര്യം. അവർക്കൊപ്പം കൂടാണ്ട് നിങ്ങള് എന്ത് പോക്കണം കേടാ കാട്ടീത്… ജോർജ് എവടങ്ങാണ്ടൂന്നും വരുത്തിച്ചത് കുടിക്കാണ്ട് നിങ്ങളെന്തിനാ മനുഷ്യാ പുളിച്ച കള്ള് കുടിക്കാൻ പോയത്.

അവരെല്ലാം കൂടി കളിയാക്കി കൊന്നില്ലന്നേ ഒള്ള്.. എന്നതാ ടീ ട്രീസേ നിന്റെ കെട്ട്യോനിപ്പഴും കള്ള്ഷാപ്പീ തന്നെയാണോന്ന്..ട്രീസയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തു.

ഞാനിച്ചിരി കള്ള് കുടിച്ചേന് അവരെന്തിനാടീ നിന്നെ കളിയാക്കുന്നേ? അവര് അതിലപ്പറത്തെ സാധനമല്യോ വലിച്ചു കേറ്റുന്നേ..

അതാ കൊഴപ്പം. നിങ്ങക്കും അങ്ങനത്തെ സാധനം കഴിച്ചാ പോരെ, പൂത്ത കാശ് ഉണ്ടല്ലോ പിന്നെന്നാത്തിനാ ഈ പുളിച്ച കള്ള് കുടിക്കുന്നേ… നിങ്ങള് അറു പിശുക്കനായതുകൊണ്ടാന്നാ നാട്ടാര്ടെ സംസാരം… ഓരോര്ത്തര്ടെ പറച്ചില് കേട്ട് തൊലിയുരിയാ എനിക്ക്.

എടീ പെമ്പ്രന്നോളെ….. പറയണോര് അവടെ കെടന്ന് പറയട്ടെന്ന്, സണ്ണിയ്ക്ക് അവന്മാര് കുടിക്കണേക്കാലും മുന്തിയ ഐറ്റം കിട്ടാഞ്ഞിട്ടല്ല പക്ഷേങ്കി സണ്ണിക്കതൊന്നും വേണ്ട, കാരണം ഞാനീ കള്ള് കുടിക്കണത് ഒരു രസത്തിന് വേണ്ടിയല്ല അതൊരു ഓർമ്മപ്പെടുത്തലാ…

നെനക്കറിയോ ട്രീസായേ..എന്റപ്പൻ വറീത്, അങ്ങേര് പണ്ട് പാലിന് പകരം എനിക്ക് കള്ളാ തന്നതെന്ന് ചെലവൻമാര് കളിയാക്കി പറയാറുണ്ട്, ഒരു കണക്കിന് അതൊരു സത്യാ… ഓർമ്മ ഒറക്കണേന് മുന്നേ അമ്മച്ചി പോയി, കൂലിപ്പണീം കഴിഞ്ഞ് കയ്യിൽ എണ്ണകിനിയണ പലഹാര പൊതീം കക്ഷത്തിലൊരു വെള്ളക്കള്ളറ് കുപ്പീമായിട്ടാ അപ്പനെന്നും വരിക.. പൊതി എനിക്ക് തന്നിട്ട് ഒരു പറച്ചിലാ..ടാ സണ്ണിയേ അപ്പനൊരു ഗ്ലാസിങ്ങെടുത്തേടാന്ന്….

പലഹാരോം തിന്ന് ഞാനപ്പന്റെ മടീലിരിക്കുമ്പം ഗ്ലാസീന്ന് ബാക്കിയൊരു കവിള് അപ്പനെനിക്ക് തരും…. നല്ല മധുരൊള്ള പനങ്കള്ള്… എന്നിട്ട് പറയും

“സണ്ണിക്കുട്ടിയേ ദിത് ഒരിച്ചിരിയേ ഒള്ള് മല്ലൻ പണീം കഴിഞ്ഞിത് കുടിക്കുമ്പം നല്ല രസാ പക്ഷേങ്കി ഇയ്ന് അടിമപ്പെട്ടാ ആളും കീശേം കാലിയാ…അപ്പന്റ മോൻ ഇതൊക്കെ കുടിച്ച് ആരോഗ്യം കളയര്ത്ട്ടാന്ന് “

ഞാനത് കേട്ട് തലയാട്ടും……. പിന്നെ എന്നേം കെട്ടിപ്പിടിച്ചൊരു ഒറക്കാ അപ്പൻ, അന്നേരം അപ്പന്റെ കുപ്പായത്തിന് നല്ല പുളിച്ച കള്ളിന്റെ മണാ…..

അപ്പൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് എന്നെ വളർത്താൻ, പാറ പൊട്ടിച്ചും, കെണറ് കുഴിച്ചും കൈയൊക്കെ പൊട്ടി തഴമ്പിച്ചാലും അപ്പനതൊക്കെ ഒരു കുപ്പി കള്ളിൽ തീർക്കും.. ആ അധ്വാനമാ സണ്ണീടെ ഈ തടി..

അങ്ങനൊരു രാത്രീല് പതിവിലും കൂടുതല് മോന്തി എന്നെ കെട്ടിപ്പിടിച്ച് കെടക്കുമ്പം അപ്പൻ പറഞ്ഞത് മുഴുവൻ അമ്മച്ചീനെ കുറിച്ചാ,, അവളവടെ ഒറ്റക്കാടാ സണ്ണിയേ അപ്പന് അവളെ കാണാൻ പൂതിയാവണൂന്ന്… പിറ്റേന്ന് രാവിലെ കണ്ണ് തിരുമ്മി എഴുന്നേറ്റ ഞാങ്കണ്ടത് അപ്പന്റെ ചുണ്ടത്തേക്ക് അരിച്ചു കയറുന്ന കൂനനുറുമ്പിനെയാ.. തട്ടിക്കളഞ്ഞപ്പം അപ്പന്റെ ദേഹത്തിന് മഞ്ഞിന്റെ തണുപ്പ്.. പക്ഷേ അപ്പഴും ആ മണ മങ്ങട് പോയിട്ടില്ലാർന്നൂ..

വീണ്ടും ഞാനൊറ്റയ്ക്കായി, ആ മണം അതായിരുന്നു പിന്നീടങ്ങോട്ട് സണ്ണിക്കുട്ടീടെ ചവിട്ടുപടി.. അപ്പന്റെ വഴിയേ അധ്വാനിച്ചു എല്ല് മുറിയെ… വല്ലാണ്ട് മടുക്കുമ്പോ ചെത്തിയിറക്കിയ പനങ്കള്ള് ഒരു കുപ്പീം വാങ്ങി തിണ്ണയിലോട്ടൊരു കെടപ്പാ.. അന്നേരം അപ്പൻ എന്റെ കൂടെ കെടക്കുന്ന പോലെയാ…സന്തോഷോംസങ്കടോം വരുമ്പ അപ്പനെ കാണാൻ തോന്നും അന്നേരം ഞാനൊരിച്ചിരി കള്ളങ്ങ് മോന്തും ..

പലരും ചോയ്ച്ചിട്ടുണ്ട്, കാലം മാറിയില്ലേ സണ്ണീ,നിനക്കീ ശീലം നിർത്തിക്കൂടേന്ന്…അവരോടൊക്കെ ഞാമ്പറയും “എന്റപ്പനേ കൊച്ചിലെ പാലിന് പകരം തന്നതീ കളളാന്ന്…”

സണ്ണിയ്ക്കീ ശീലം മാറണേ കുഴീ പോണം… കള്ള് സണ്ണിക്ക് ലഹരിയല്ല,, അപ്പന്റെ ഓർമ്മയും മണവുമാ…. ഞാഞ്ചാവണവരെ അത് മാറ്റാനും പോണില്ല…

സണ്ണി വലിയൊരു നെടുവീർപ്പോടെ ട്രീസ യെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

എനിക്കറിയാൻ മേലാർന്നൂച്ചായാ…….. ട്രീസ കുറ്റബോധത്തോടെ പറഞ്ഞു.

ഹ, വിട്ടു കള പെമ്പ്രന്നോരെ …. ന്നിട്ട് പോയി റെഡിയായി വാ ഇന്നല്ലേ കുര്യച്ചന്റെ വീട്ടിൽ കൂടൽ…. പോയി ഒരു പൊളി പൊളിച്ചേച്ചും വരാ…

പിന്നേയ്, ഇന്ന് നെന്നെ ആരും കളിയാക്കുകേല കേട്ടോ, ഞാനാ വശത്തേക്കേ പോവത്തില്ല… അയാൾ ചിരിച്ചു.

ഓ,, കളിയാക്കാണവര് ആക്കട്ടിച്ചായാ അവരോട് പറയാനേ ഈ ട്രീസയ്ക്ക് നല്ല മറുപടിയ്ണ്ട്….

“എന്റെ കെട്ട്യോന്റപ്പൻ അങ്ങേർക്ക് ജനിച്ചപ്പം പാലിന് പകരം കള്ളാ കൊടുത്തേന്ന് “……

Leave a Reply

Your email address will not be published. Required fields are marked *