അങ്ങേർക്ക് പതിവിലും കവിഞ്ഞ ദേഷ്യം. ഫോൺ ചാർജ്ജിന് വക്കാൻ മറന്നു പോലും .പോകാൻ നേരത്തു നോക്കുമ്പോ ചാർജ്ജില്ല…….

ചില സ്നേഹങ്ങൾ ഇങ്ങനെയും

Story written by Panchami Satheesh

രാവിലെ വീട്ടീന്നിറങ്ങുന്നതു വരെ എന്തൊരു ബഹളമാണ്. നൂറുവട്ടം വിളിച്ചാലാണ് ഒന്ന് എണീക്കുന്നെ. നേരം വൈകിയാൽ പിന്നെ പറയണ്ട.

” ചായക്ക് മധുരം കുറവാണ്”

“കറിയിൽ എരിവ് കൂടി “

“ചീപ്പെവിടെ “

“ഡ്രസ്സെ വിടെ “

മാങ്ങാത്തൊലി, തേങ്ങാക്കൊല നൂറ് പരാതികൾ .

രണ്ട് കൈ പോരാതെ വരും ചില നേരം. ഒന്നു ചെയ്യുമ്പോഴാവും മറ്റൊന്നിനു വിളി.

പാത്രങ്ങളോടോ ചൂലിനോടോ ദേഷ്യമങ്ങ് തീർത്ത് സമാധിനിക്കും.

ഇന്നങ്ങനെയല്ല ,അങ്ങേർക്ക് പതിവിലും കവിഞ്ഞ ദേഷ്യം. ഫോൺ ചാർജ്ജിന് വക്കാൻ മറന്നു പോലും .പോകാൻ നേരത്തു നോക്കുമ്പോ ചാർജ്ജില്ല.

അപ്പോഴും കുറ്റം വന്നു വീഴുന്നത് ആശാൻ്റെ നെഞ്ചത്തു തന്നെ.

ഹാവൂ വല്ലാത്ത ജാതി.

” ഹും “നമ്മുക്കുമുണ്ട് വാശിയൊക്കെ. രണ്ടു ദിവസം വീട്ടിൽ പോയി നിക്കാം. എന്താ ചെയ്യണെന്നു നോക്കാലോ.

അച്ഛനെ വിളിച്ച് ,അങ്ങേരെ വിളിച്ച് സമ്മതം ചോദിക്കാൻ പറഞ്ഞു.

രാത്രി അച്ഛൻ വിളിച്ചു. അപ്പോ ഒന്നു കാണണം .മരുമോൻ എക്സ്ട്രാ ഡീസൻ്റ്. “അതിനെന്താ അച്ഛാ പിള്ളേരും കുറെയായി പറയുന്നു അങ്ങോട്ടു പോണംന്ന് . എനിക്ക് പണി തിരക്കുണ്ട് ഞാൻ രണ്ടു ദിവസം കഴിഞ്ഞു വരാം “

ഞാൻ വിളിച്ചു സെറ്റാക്കിയതാണെന്ന് മനസ്സിലായിട്ടുണ്ടെന്ന് ആ നോട്ടത്തിൽ നിന്നും മനസ്സിലായി.

എവിടേലും പോ എന്ന ഭാവം കണ്ടപ്പോ വീണ്ടും അരിശം കേറി.

അങ്ങനെ പിറ്റേന്ന്……

രാത്രിക്കുള്ളതൊക്കെ റെഡിയാക്കി വച്ച് ,വീട്ടിലെത്തി. വല്ലപ്പോഴും ഉള്ള വരവായതിനാൽ മക്കളെ അച്ഛനുമമ്മയും ഏറ്റെടുത്തു.

“ഹാ സ്വസ്തം” മടി പിടിച്ച് ഫോണിലും നോക്കിയങ്ങനെ കിടന്നു. രാത്രിയാവും തോറും മനസ്സിനൊരു വല്ലായ്മ എന്താണെന്നു പറയാൻ പറ്റണില്ല.

തിരിഞ്ഞും മറിഞ്ഞും കിടന്നു. അസ്വസ്ഥതത. എല്ലാരും കളിക്കുന്നു. ചിരിക്കുന്നു. ആൾക്കൂട്ടത്തിൽ തനിച്ചായ പോലെ എന്തോ കളഞ്ഞു പോയ അണ്ണാനായി ഞാനിരുന്നു.

മനസ്സ് വിലക്കിയിട്ടും ഫോണെടുത്ത് അങ്ങേരെ വിളിച്ചു. എടുക്കുന്നില്ല. നാണം കെട്ട് വീണ്ടും വിളിച്ചു. ഇല്ല .നോ റിപ്ലെ . ഹൃദയമിടിപ്പ് കൂടി ദൈവമേ, എന്തെങ്കിലും സംഭവിച്ചോ? ഗ്യാസ് ഓഫ് ചെയ്തിരുന്നില്ലേ, വല്ല നെഞ്ചുവേദനയോ? ” ഛെ എന്തൊക്കെയാണ് ചിന്തിക്കുന്നത് “. ഇങ്ങോട്ടു പോരാൻ തോന്നിയ നിമിഷത്തെ ശപിച്ചു. സകല ദൈവങ്ങളെയും ധ്യാനിച്ച് വീണ്ടും വിളിച്ചു.

” എന്താടീ “

ഓഹ് സമാധാനം

” ഒന്നൂല്ല കഴിച്ചോ “

“കഴിക്കാൻ പോവാ ” പിള്ളേരോ?

“അവരവിടെ ഉണ്ട്. നിങ്ങക്കിങ്ങോട്ട് വരായിരുന്നില്ലേ? “

” പിന്നെ നീ പോയ പിന്നാലെ വരാനിരിക്കയല്ലേ ഞാൻ “

തൃപ്തിയായി “ന്നാ ശരി” ഞാൻ തന്നെ കട്ടാക്കി.

എന്തോ അങ്ങോട്ടേക്കോടി പോവാൻ തോന്നി. ഇപ്പ കാണണം. ഹോ വല്ലാത്ത അവസ്ഥ തന്നെ. പതുക്കെ അച്ഛൻ്റെ അടുത്തെത്തി..

“അതേയ് അച്ഛാ.”

എൻ്റെ പരുങ്ങല് കണ്ട് അച്ഛനുമമ്മയും അമർത്തിച്ചിരിച്ചു. ” ന്താടീ “

” ഏയ് ഒന്നൂല്ല ഗുഡ് നൈറ്റ് പറയാൻ വന്നതാ” തിരിഞ്ഞപ്പോൾ അച്ഛൻ്റെ അടുത്ത ഡയലോഗ്

” പിന്നേ നാളെ രാവിലെ വണ്ടി പറഞ്ഞിട്ടുണ്ട് നിനക്ക് പോകാൻ. നേരത്തെ എണീറ്റോ ” നിൻ്റെ നേരത്തത്തെ ഇരുപ്പ് കണ്ടപ്പഴേ ഞാൻ വണ്ടി വിളിച്ചു.

ചമ്മി നാശായി പതുക്കെ അവിടുന്ന് വലിഞ്ഞു. അടുത്തത് അമ്മയുടെ വകയായിരുന്നു’ “സ്ഥിരം ഇതാണല്ലോ പരിപാടി. നിക്കാനാന്നും പറഞ്ഞു വരും ഒന്നുകിൽ അന്നു രാത്രി അല്ലേൽ പിറ്റേന്ന് രാവിലെ.

ഇവളെങ്ങനെ നമ്മളെ നോക്കും ആവോ ” കല്യാണം കഴിഞ്ഞ് പത്തുവർഷായി ഇപ്പഴും കാണാണ്ട് നിൽക്കില്ല.

ശരിയാണ് എത്രയൊക്കെ വഴക്കുണ്ടാക്കിയാലും, എന്തോ മനസ്സ് അങ്ങേരിലിങ്ങനെ കുടുങ്ങിക്കിടക്കും.

ഇനി നാളെ അങ്ങേരോടെന്തു പറയും ഈശ്വരാ….. ഞാനെന്താ ഇങ്ങനെയായി പോയത്.

Leave a Reply

Your email address will not be published. Required fields are marked *