അച്ഛനെ പുറത്തൊന്നും ഇറക്കി വിടണ്ട എന്ന് മക്കളുടെ ഓർഡർ ഉണ്ടെങ്കിലും, അവരാരും അറിയാതെ ഇടയ്ക്കൊക്കെ മേനോൻ സാറിനെയും കൊണ്ട് മായ നടക്കാൻ പോകാറുണ്ട്……

പറുദീസ

Story written by Sheeba Joseph

അപ്പു… നീ വണ്ടി സൂക്ഷിച്ച് ഓടിയ്ക്കണം കേട്ടോ?

“നിനക്ക് കുറച്ചു സ്പീഡ് കൂടുതലാ.”

അമ്മയ്ക്ക്, എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ ഇടയ്ക്ക് വണ്ടി നിർത്തിയിട്ട് വിശ്രമിച്ചതിന് ശേഷം മാത്രമേ പോകാവൂ?

ശരി ചേച്ചീ..

ഹേമാ, നീ എപ്പോഴും അമ്മയുടെ കൂടെ തന്നെ കാണണം കേട്ടോ?

അതൊക്കെ, ഞാൻ ഏറ്റു ചേച്ചീ..

ഞങ്ങളൊന്ന് അടിച്ചു പൊളിച്ചിട്ടേ തിരിച്ചു വരൂ…അല്ലേ അമ്മേ.?

“ശരി ശരി പോയിട്ട് വാ.. മായ, അവരെ യാത്രയാക്കി.. “

വാസുവച്ഛാ… ഇനി അടുത്തത് വാസുവച്ചന്റെ ഊഴമാ. പോകാനുള്ള സ്ഥലങ്ങളെല്ലാം ഓർത്തു വച്ചോ കേട്ടോ. ?

മോളെ, എനിയ്ക്ക് എന്റെ തറവാട് വരെ ഒന്ന് പോകണം. അവിടെയൊന്നും, ഇപ്പോൾ ആരും കാണില്ലായെങ്കിലും അവിടെയെല്ലാം ഒന്ന് കാണണമെന്ന് എനിയ്ക്ക് വലിയ ആഗ്രഹം ഉണ്ട്.

“അതിനെന്നാ വാസുവച്ഛാ, നമുക്ക് അവിടെയെല്ലാം പോകാമെന്നേ.”

വാസുവച്ഛൻ പോകാൻ റെഡിയായിരുന്നോ?

“മായ, വാസുവച്ഛൻ്റെ കൈകൾ ചേർത്ത് പിടിച്ചു. “

“മോൾക്ക് നല്ലതേ വരൂ.” “വാസുവച്ഛൻ, അവളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.”

“രാഘവമേനോൻ മെമ്മോറിയൽ ഓൾഡേജ് ഹോം. “

വെറുമൊരു ഓൾഡേജ് ഹോം എന്നു പറഞ്ഞ് തള്ളിക്കളയാൻ ആവില്ല അത്.

“വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് അവിടെയെത്തുന്നവർക്ക് അതൊരു പറുദീസയാണ്.”

അകത്തളങ്ങളിൽ അടച്ചു പൂട്ടിയിരുന്നു തങ്ങളുടെ വാർദ്ധക്യം തള്ളി നീക്കാൻ അവിടെയുള്ളവരെ ആരും അനുവദിക്കാറില്ല.

ശേഷമുള്ള ജീവിതം ആസ്വദിച്ചു തന്നെ തീർക്കണം… അവരുടെ ഇഷ്ടത്തിനനുസരിച്ച് പാറി പറന്നു നടക്കണം… “അതാണ് അവിടുത്തെ നിയമം. “

അതിനുള്ള എല്ലാ സൗകര്യങ്ങളും അവർ അവിടെ ചെയ്തുകൊടുക്കും.

അവരെ യാത്രയാക്കിയിട്ട്, മായ തന്റെ ഓഫീസ് റൂമിലേക്ക് പോയി.

അവിടെയുണ്ടായിരുന്ന ഫോട്ടോയുടെ മുന്നിൽ നിലവിളക്ക് കൊളുത്തി ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു.

ചേച്ചിയുടെ കണ്ണ് നിറഞ്ഞല്ലോ, എന്തുപറ്റി ചേച്ചി..?

“ഒന്നുമില്ല മോളെ..”

“നിറകണ്ണുകളോടു കൂടിയല്ലാതെ എനിയ്ക്ക് അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കാൻ കഴിയില്ല. “

ചേച്ചി പഴയതൊക്കെ ഇതുവരെ മറന്നില്ലേ..?

അതൊക്കെ എനിയ്ക്കങ്ങനെ പെട്ടെന്ന് മറക്കാൻ സാധിക്കുമോ മോളെ..!

” വാർദ്ധക്യത്തിലുള്ള ഒരച്ഛനെ, ഒരു മകളുടെ സ്ഥാനത്ത് നിന്ന് പരിചരിച്ചതിന് ആ അച്ഛൻ, ആ മകൾക്ക് കൊടുത്ത സമ്മാനമാണ് ഇതെല്ലാം. “

“തൻ്റെ രക്തത്തിൽപ്പെട്ട മക്കളോടൊപ്പം, തന്നെയും ചേർത്ത് നിർത്തി തനിയ്ക്കും അദ്ദേഹത്തിന്റെ സ്നേഹത്തിൻ്റെയും, സമ്പത്തിന്റെയും ഒരു വീതം സമ്മാനിച്ചു.”

” എനിയ്ക്ക് ആയുസ്സുള്ള കാലത്തോളം ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.”

രാഘവമേനോൻ, കുത്തിപ്പിടിച്ച തൻ്റെ ഊന്നുവടിയിൽ തൻ്റെ ശരീരത്തിൻ്റെ മൊത്തം ബാലൻസും നിയന്ത്രിച്ച് പതിയെ ആയാസ്സപ്പെട്ട് മുറിയിൽ നിന്നും പുറത്തേയ്ക്ക് വന്നു.

പെട്ടെന്ന്, ഊന്നുവടിയുടെ ബാലൻസ് പോയി മുന്നോട്ട് ആഞ്ഞുപോയ മേനോനെ, താങ്ങിക്കൊണ്ട് മായ പറഞ്ഞു.

സാറെന്തിനാ, ഒറ്റയ്ക്ക് പുറത്തിറങ്ങിയേ.?

എന്നെ വിളിച്ചു കൂടായിരുന്നോ?.

“അകത്തിരുന്നു മടുത്തു കുട്ടി. നമുക്ക് കുറച്ചുനേരം ഉമ്മറത്ത് പോയി ഇരിക്കാം.”

“രാഘവമേനോനെ നോക്കാൻ വന്ന ഹോം നേഴ്സാണ് മായ. “

അദേഹത്തിൻ്റെ മക്കൾ ആരും തന്നെ കൂടെയില്ല. തങ്ങളുടെ ജീവിതവുമായി എല്ലാവരും പല പല നാടുകളിൽ ആണ്.

“ഒരു മകൾ, നാട്ടിൽ തന്നെയുണ്ട്. വീട്ടിൽ നിന്നും കുറെയധികം ദൂരെ ഒരു സ്ഥലത്താണ് അവർ താമസിക്കുന്നത്.”

ഇടയ്ക്കൊക്കെ ഒരു സന്ദർശനത്തിന് വരുമെന്നല്ലാതെ ബാക്കിയുള്ള സമയങ്ങളിൽ എല്ലാം തന്നെ സാർ ഒറ്റയ്ക്ക് തന്നെയാണ്.

“അദേഹത്തിന്, തൻ്റെ വാർദ്ധക്യത്തിൻ്റെ ഒറ്റപ്പെടലിൽ വലിയ ഒരു ആശ്വാസമാണ് മായ. “

മായയുടെ അച്ഛൻ, ചെറുപ്പത്തിലെ തന്നെ മരിച്ചുപോയി. ഒരു അനിയനും, അനിയത്തിയും, അമ്മയും അടങ്ങുന്നതാണ് അവളുടെ കുടുംബം.

കുടുംബം പോറ്റാനാണ് അവൾ ഈ ജോലിയ്ക്ക് ഇറങ്ങിയത്. മേനോൻ സാറിന് മായയുടെ പ്രസൻസ് വലിയൊരു ആശ്വാസം തന്നെയാണ്.

ചുറുചുറുക്കോടെ നടന്നിരുന്ന ഒരു മനുഷ്യനാണദ്ദേഹം.

“പെട്ടെന്ന്, ഒരു സ്ട്രോക്ക് വന്നതാണ്. ഒരു കാലിന് ഒരു ചെറിയ ബലക്കുറവ് ഉണ്ട്. “

അച്ഛനെ പുറത്തൊന്നും ഇറക്കി വിടണ്ട എന്ന് മക്കളുടെ ഓർഡർ ഉണ്ടെങ്കിലും, അവരാരും അറിയാതെ ഇടയ്ക്കൊക്കെ മേനോൻ സാറിനെയും കൊണ്ട് മായ നടക്കാൻ പോകാറുണ്ട്.

“ആ നടപ്പ് സാറിനൊരു ആശ്വാസം തന്നെയാണ്. “

തൻ്റെ പഴയ കൂട്ടുകാരെയും, പ്രകൃതിയെയും ഒക്കെ കണ്ട് ആസ്വദിക്കാൻ പറ്റിയ സമയം ആണത്.

മായ തൻ്റെ സ്വന്തം അച്ഛനെ നോക്കുന്നതുപോലെ തന്നെയാണ് സാറിനെ നോക്കുന്നത്. സാറിനെ അവിടെ ഒറ്റയ്ക്കാക്കി ഒരു ദിവസം പോലും മാറി നിൽക്കാൻ അവൾക്ക് പറ്റില്ല. അവളങ്ങനെ എപ്പോഴുമൊന്നും അവളുടെ വീട്ടിൽ പോകാറില്ല.

“താൻ പോയി കഴിഞ്ഞാൽ, മേനോൻ സാർ ഒറ്റയ്ക്കാകുമെന്നുള്ള ഒറ്റ കാരണത്താലാണ് മായ തൻ്റെ വീട്ടിൽ പോകാതിരിക്കുന്നത്. “

എന്തെങ്കിലും അത്യാവശ്യം വന്നാൽ, നാട്ടിലുള്ള മകളെ ഒരു ദിവസത്തേയ്ക്ക് സാറിൻ്റെ അടുത്തേയ്ക്ക് വരുത്തിയാണ് മായ തൻ്റെ വീട്ടിൽ പോകുന്നത്.

മായയുടെ അമ്മയ്ക്കും പ്രായത്തിന്റെ അവശതയാണ്. അച്ഛൻ മരിച്ചതിൽ പിന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് അവർ മൂന്നു മക്കളെയും വളർത്തിയത്. അപ്പോഴേയ്ക്കും അവർ രോഗിയായി മാറിയിരുന്നു.

അമ്മയ്ക്ക്, തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. അമ്മയെയൊന്നു പോയി കാണണമെന്ന് അവൾക്ക് ആഗ്രഹമുണ്ടെങ്കിലും, സാറിനെ ഒറ്റയ്ക്കാക്കിയിട്ട് പോകാൻ പറ്റാത്ത അവസ്ഥയാണ്. നാട്ടിലുള്ള മകളെ വിളിച്ചപ്പോൾ അവർക്കുടനെയൊന്നും വരാൻ പറ്റില്ല എന്നവർ തീർത്തു പറഞ്ഞു.

“ജോലി ചെയ്യാൻ വരുന്നവർക്ക് വീടും കുടുംബവും ഒന്നുമില്ലെന്നാണ് അവരുടെയൊക്കെ വിചാരം.”

“പൈസ തരുന്നുണ്ടെങ്കിൽ ജോലി ചെയ്തേ പറ്റൂ. “

ഒരു ദിവസം പോലും സ്വന്തം ആവശ്യത്തിന് പോകാൻ പറ്റില്ല. ?

“അതാണ് സാറിൻ്റെ മക്കളുടെ മനോഭാവം. “

മേനോൻ സാറിന് മായയുടെ അവസ്ഥ നന്നായിട്ട് മനസ്സിലാവും.

കുട്ടി പോയി അമ്മയെ കണ്ടിട്ടു വരൂ. ? ഒരു ദിവസത്തെ കാര്യമല്ലേ, ഞാനിവിടെ അഡ്ജസ്റ്റ് ചെയ്തോളാം. ?

“ഒരു ദിവസം മാത്രം പോയാൽ ശരിയാവില്ല സാർ, എനിയ്ക്ക്, അമ്മയെയൊന്ന് ഹോസ്പിറ്റലിൽ കൊണ്ട് കാണിച്ചു മരുന്നൊക്കെ മേടിച്ചു കൊടുക്കണം.”

“പൈസയുടെ കാര്യം ഓർത്ത് അമ്മ ഹോസ്പിറ്റലിൽ പോകാതെ മടി പിടിച്ചിരിക്കും. ” അമ്മ, ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടതാ. “

കുട്ടി പൊയ്ക്കോളൂ, ഇവിടെ ആരും അറിയില്ല. രണ്ടുമൂന്നു ദിവസത്തെ കാര്യമല്ലേ, ഞാൻ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം. എനിയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി, ഞാൻ പുറത്തൊന്നും ഇറങ്ങാനും പോകുന്നില്ല.

“ആരും അറിയില്ല.. മായ പോയിട്ട് വരൂ.”

അത് വേണ്ട സർ..

എനിയ്ക്ക് സാറിനെ ഒറ്റയ്ക്ക് ആക്കിയിട്ടു പോകാൻ പേടിയാ…

സാർ വരുന്നോ എന്റെ നാട്ടില്. ?

“അവിടെയൊക്കെ കാണാൻ നല്ല ഭംഗിയാണ്.”

ആരും അറിയില്ല നമുക്ക് രണ്ടുപേർക്കും കൂടി ഒരുമിച്ച് പോയിട്ട് വരാം. സാറിനെ ഒറ്റയ്ക്ക് ആക്കിയിട്ടു പോയി എന്ന ടെൻഷനും എനിയ്ക്ക് വരില്ല. സാറിന്, എന്തുകൊണ്ടും ഒരു ആശ്വാസവും ആകും. ഒരുപാട് കാലം ആയില്ലേ പുറംലോകം ഒക്കെ കണ്ടിട്ട്.

അവിടെയൊക്കെ കാണാൻ എന്ത് ഭംഗിയാണെന്ന് അറിയാമോ?

മായ പലപ്പോഴും അവളുടെ നാടിനെ കുറിച്ച് ഓരോന്ന് സംസാരിക്കും. അത് കേട്ട് കേട്ട് മേനോൻ സാറിനും ആ നാട് ഒന്ന് കാണണമെന്ന് വലിയ ആഗ്രഹമാണ്.

എന്നാൽ, നമുക്ക് രണ്ടുപേർക്കും കൂടി പോയിട്ട് വന്നാലോ? “ഇവിടെ ആരും അറിയണ്ട…”

മായയ്ക്ക് സന്തോഷമായി… തനിയ്ക്ക് അമ്മയെ കാണുകയും ചെയ്യാം, സാർ ഒറ്റയ്ക്ക് ആണെന്നുള്ള ടെൻഷനും ഇല്ല.

രണ്ടുമൂന്നു ദിവസത്തേക്കുള്ള, യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം അവൾ നടത്തി. മരുന്നുകളും ഡ്രസ്സുകളും എല്ലാം എടുത്തുവച്ചു. മേനോൻ സാറിനെയും കൂട്ടിയാണ് താൻ വരുന്നതെന്ന് അവൾ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. ഒരു ടാക്സി പിടിച്ചാണ് അവർ യാത്രയായത്.

ഒരുപാട് കാലത്തിനു ശേഷം ആയിരുന്നു മേനോൻ സാർ പുറം ലോകമൊക്കെ ഒന്ന് കാണുന്നത്. സ്ട്രോക്ക് വന്ന് തളർന്നിരുന്നതിനു ശേഷം പുറത്തോട്ടൊന്നും അങ്ങനെ ഇറങ്ങാറെ ഇല്ല. ആ യാത്ര ശരിയ്ക്കും ആസ്വദിച്ചു തന്നെയാണ് അവർ പോയത്.

“അവളുടെ വീട് ഇരിക്കുന്ന സ്ഥലങ്ങളൊക്കെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു.”

കുറേ ദൂരം യാത്ര ചെയ്യേണ്ടി വന്നുവെങ്കിലും ആ യാത്ര അവർക്കൊരു മടുപ്പ് തോന്നിച്ചില്ല.

കുട്ടിയുടെ നാട് കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ.!

” ഇവിടെ ഒരു വീട് ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ ആസ്വദിച്ച് ഇവിടെ ജീവിക്കാമായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ സ്ഥലങ്ങളെല്ലാം തന്നെ.”

മായയുടെ അമ്മയും അനിയനും അനിയത്തിയും എല്ലാം അവരെ നോക്കിയിരിക്കുകയായിരുന്നു. അമ്മയ്ക്ക് തീരെ സുഖമില്ലായിരുന്നു. മായയെ കണ്ടപ്പോൾ തന്നെ അവർക്ക് ഒരുപാട് ആശ്വാസമായി.

“തൻ്റെ കുട്ടികളെ തനിയ്ക്ക് ഒന്നും ആക്കാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം ഉണ്ടായിരുന്നു അവരുടെ മനസ്സിൽ. “

ആ വിഷമം അവരുടെ ആരോഗ്യത്തെ വല്ലാതെ നശിപ്പിച്ചുകൊണ്ടിരുന്നു.

മേനോൻ സാറിന് കിടക്കാനുള്ള മുറിയൊക്കെ അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. കുളിയൊക്കെ കഴിഞ്ഞ് യാത്രയുടെ ക്ഷീണമെല്ലാം മാറ്റി.

മായയ്ക്കൊരു പേടിയുണ്ടായിരുന്നു, മക്കളാരെങ്കിലും വിളിച്ചാൽ എന്ത് പറയും എന്നോർത്ത്.?അത് മായ, മേനോൻ സാറിനോട് പറയുകയും ചെയ്തു.

“അതൊക്കെ, ഞാൻ എന്തെങ്കിലും പറഞ്ഞ് നിന്നോളാം. കുട്ടി വിഷമിക്കണ്ട കേട്ടോ, എന്നു പറഞ്ഞ് മേനോൻ സാർ അവളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. “

നമുക്ക്, ഒരാഴ്ച കഴിഞ്ഞുപോയ മതി കുട്ടി…

ഞാനിവിടെയൊക്കെ ഒന്ന് കണ്ട് ആസ്വദിക്കട്ടെ. എത്രകാലമായി മുറിക്കുള്ളിൽ തന്നെ ഇരിയ്ക്കാൻ തുടങ്ങിയിട്ട്, എനിക്കു മടുത്തു. !

സാർ പറയുമ്പോൾ മാത്രമേ, ഇനി നമ്മൾ തിരിച്ചു പോകുന്നുള്ളൂ.?

“അവൾക്ക്, സന്തോഷം ആയിരുന്നു. അവൾക്ക് അവളുടെ അമ്മയുടെ കൂടെ രണ്ടു ദിവസം നിൽക്കാമല്ലോ. “

മേനോൻ സാറിനാണെങ്കിൽ, താൻ ഒറ്റയ്ക്കല്ല തനിയ്ക്ക് ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നൽ ആയിരുന്നു അവിടെ നിന്നിട്ട്.

മുറ്റത്തൊരു പോലീസ് ജീപ്പ് വന്ന് നിൽക്കുന്നത് കണ്ടാണ് മായയുടെ അനിയൻ അങ്ങോട്ട് ചെന്നത്.

താൻ ഇങ്ങു വന്നേ, ഇതാണോ മായയുടെ വീട് ?

“അതേ സർ…”

“മായ എൻ്റെ ചേച്ചിയാണ്…”

അവൾ ഇവിടെയുണ്ടോ?

“ഉണ്ട് സാർ..”

അവളെ ഇങ്ങു വിളിച്ചേ…?

ചേച്ചീ.. ഇങ്ങു വന്നേ…

അനിയൻ്റെ വിളി കേട്ട്, മായ വീടിന് പുറത്തേയ്ക്ക് വന്നു.

ഇങ്ങോട്ടു നീങ്ങി നിൽക്കടി…

എന്താ സാർ കാര്യം.?

കുടുംബത്തിൽ പിറന്ന ആണുങ്ങളെ തന്നെ നിനക്ക് വേണം അല്ലേ? “അതും നിന്റെ അച്ഛനാകാൻ പ്രായമുള്ള ഒരാളെ. “

എന്താ സാർ.. എന്തുപറ്റി.

മേനോൻ സാർ എന്തിയേടി.?

“ഇവിടെയുണ്ട്.”

സാറിനെ ഇങ്ങു വിളിച്ചേ? ഊന്നുവടിയും കുത്തി മേനോൻ സാർ അങ്ങോട്ടേയ്ക്ക് വന്നു.

ആഹാ, എൻ്റെ പൊന്നു സാറേ ഈ അവസ്ഥയിലും സാറിന് ഇതിൻ്റെ വല്ല ആവശ്യമുണ്ടായിരുന്നോ.?

“ഇവളുമാരെ പോലുള്ളവർ അല്ലേലും കുടുംബത്തിൽ പിറന്ന ആണുങ്ങളെ വളയ്ക്കാൻ നടക്കുന്നവരാ.”

സാറിനെങ്കിലും കുറച്ചൊരു ബോധം ഒക്കെ വേണ്ടേ?

“എഴുന്നേറ്റ് നടക്കാൻ കഴിയില്ലെങ്കിൽ എന്താ, ആഗ്രഹത്തിന് ഒരു പഞ്ഞവുമില്ല. “

മായയ്ക്ക്, ഏറെക്കുറെ കാര്യങ്ങളുടെ ഗൗരവം പിടികിട്ടി. പോലീസ് ജീപ്പിന് പുറകിലായി ഒരു കാർ വന്നുനിന്നു. അതിൽ നിന്നും മേനോൻ സാറിൻ്റെ മകളും ഭർത്താവും ഇറങ്ങി വന്നു.

അച്ഛൻ ഇത് എന്നാ ഭാവിച്ചാ.. ?

ഈ വയസ്സാൻ കാലത്ത് ഞങ്ങൾക്ക് പേരുദോഷം ഉണ്ടാക്കിത്തരുമല്ലോ.?

അച്ഛന്റെ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അമ്മ മരിച്ച സമയത്ത് തന്നെ ഒരു കല്യാണം കഴിച്ചു കൂടായിരുന്നോ..? ഇവളെപ്പോലെ ഒരുത്തിയെ മാത്രമേ അച്ഛന് കിട്ടിയുള്ളോ. ?

“നാണക്കേട് ആയി, പുറത്തിറങ്ങി ഇനി ഞങ്ങൾ എങ്ങനെ ആളുകളെ അഭിമുഖീകരിക്കും. “

മോളെ, ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. മായയ്ക്ക്, അവളുടെ അമ്മയെ കാണണമെന്ന് പറഞ്ഞതുകൊണ്ട് വന്നതാ. കൂട്ടത്തിൽ ഞാനും ഈ സ്ഥലങ്ങളോക്കെ കാണാൻ വേണ്ടി പോന്നു എന്നേയുള്ളൂ.

അച്ഛൻ ഇനി കൂടുതൽ വർത്തമാനം ഒന്നും പറയണ്ട. ?വേഗം വന്നു വണ്ടിയിൽ കയറാൻ നോക്ക്.

മായയ്ക്ക്, എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

“താൻ സ്വന്തം അച്ഛനെ പോലെ കണ്ട് പരിപാലിച്ചിരുന്ന ഒരാളെയാണ് തന്നെയും ചേർത്ത് ഇങ്ങനെയൊക്കെ പറയുന്നത്. “

“നെഞ്ചു പൊട്ടുന്നത് പോലെ തോന്നി അവൾക്ക്. അതും തന്റെ അമ്മയുടെയും കൂടപ്പിറപ്പുകളുടെയും മുന്നിൽ വച്ച്.”

മേനോൻ സാറിൻ്റെ മാനസികാവസ്ഥ ഇപ്പോൾ എന്തായിരിക്കും. അവൾക്ക് വല്ലാതെ വിഷമം വരുന്നുണ്ടായിരുന്നു.

ഇവർക്ക്, കേസിനൊന്നും പോകാൻ താല്പര്യമില്ലാത്തതുകൊണ്ട് തൽക്കാലം നീ രക്ഷപ്പെട്ടു. ഇനി മേലാൽ ഇമ്മാതിരി പണിയും കൊണ്ട് ഇറങ്ങിയേക്കരുത്. പോലീസ് ഇൻസ്പെക്ടർ അവളെ താക്കീത് ചെയ്തു.

“മേനോൻ സാറിന്റെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും, അദ്ദേഹത്തിൻ്റെ അവസ്ഥ കൂടുതൽ മോശമാകുക തന്നെ ചെയ്യും. ഇതിലും ഭേദം അദ്ദേഹം മരിച്ചുപോകുന്നത് തന്നെയാണ്.” മായ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

“സാരമില്ല മോളെ…പോട്ടെ..” അദ്ദേഹത്തിൻ്റെ മക്കൾക്ക് അദ്ദേഹത്തെ ഒരിക്കലും മനസ്സിലാക്കാൻ സാധിക്കുകയില്ല. അവർക്ക് പ്രായമായ ഒരു അവസ്ഥ വരുമ്പോഴും, ജീവിതത്തിൽ ഒരു ഒറ്റപ്പെടൽ ഉണ്ടാകുമ്പോഴും മാത്രമേ മക്കൾക്ക് ആ അച്ഛനെ മനസ്സിലാകു..

വാർദ്ധക്യത്തിൽ സുഖം തേടി പോയ അച്ഛൻ എന്ന പേര് കേൾപ്പിക്കാൻ പിന്നെ അധികനാൾ രാഘവമേനോൻ ഉണ്ടായിരുന്നില്ല..

എങ്കിലും ഒരു മകളെ പോലെ കരുതിയിരുന്ന തന്നെ അദ്ദേഹം മറന്നിരുന്നില്ല…
അദ്ദേഹത്തിൻ്റെ സ്വത്തിൻ്റെ ഒരു പങ്ക് തനിയ്ക്ക് എഴുതി വച്ചിരുന്നു….

അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി തുടങ്ങിയതാണ് ഈ ഓൾഡ് ഏജ് ഹോം…
അതിൻ്റെ പുണ്യം കൂടി സാറിന് കിട്ടട്ടെ…

ചേച്ചീ ഒന്നിങ്ങു വന്നേ?

പുതിയ ഒരു അഡ്മിഷൻ വന്നിട്ടുണ്ട് കേട്ടോ? “ഒരു അച്ഛനാണ്…”

ഓരോന്ന് ആലോചിച്ച് ഇരുന്ന് സമയം പോയതറിഞ്ഞില്ല, ഞാൻ ഇപ്പൊ വരാം മോളെ..

മായ തൻ്റെ പുതിയ അച്ഛനെ സ്വീകരിക്കാനുള്ള തിരക്കിലായി കഴിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *