അച്ഛനോട് സംസാരിക്കുമ്പോൾ അമ്മേടേ മുഖത്തു സന്തോഷവും ചിരിയും ഇല്ലായിരുന്നു. ഇപ്പൊ അമ്മ എപ്പോഴും ഫോണിൽ സംസാരിക്കാറുണ്ട്…

എഴുത്ത്: വിപിൻ‌ദാസ് അയിരൂർ.

നാളെയെന്റെ നാലാം പിറന്നാളാണ്…ഇന്ന് രാത്രി ന്റെ അച്ഛൻ ഗൾഫീന്ന് വിളിച്ചു കൊറേ സംസാരിച്ചു. നിക്ക് മിട്ടായിയും പുത്യേ ഷർട്ടും പാന്റും കൊടുത്തയക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അമ്മ നിക്ക് ചോറ് തന്നിട്ട് കിടത്തി. അമ്മക്കൊരു ഫോൺ വന്നപ്പോ ‘അമ്മ പറഞ്ഞു..

“അച്ഛൻ വിളിക്കുന്നുണ്ട് മോൻ കിടന്നോ”

പിറന്നാളിന് ‘അമ്മ ന്നെ അമ്പലത്തിൽ കൊണ്ടോയി വണ്ടിയിൽ. വരുന്ന വഴിയിൽ നിക്ക് പിറന്നാൾ സദ്യക്കുള്ള സാധനങ്ങളും വാങ്ങി വീട്ടിൽ വന്നു. ചോറുണ്ണാൻ സമയമായപ്പോൾ അമ്മ ആരെയോ ഇടക്ക് പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മാമൻ ബൈക്കിൽ വന്നു.

മാമന്റെ കയ്യിൽ ഒരു ചെറിയ കേക്കും നിക്ക് പുതിയ ഡ്രെസ്സും ഉണ്ടായിരുന്നു. ആ മാമനെ ഇന്ന് ഞാനും അമ്മയും അമ്പലത്തിൽ പോയപ്പോൾ അവിടെ നിന്ന് അമ്മയോട് ചിരിക്കുന്നത് കണ്ടിരുന്നു. ആ മാമൻ തന്നെയാണ് ഇപ്പൊ ന്റെ മുന്നിൽ ഉള്ളതെന്ന് മനസിലായി.

മാമനെ കണ്ടപ്പോ അമ്മക്ക് വല്യ സന്തോഷമായിരുന്നു. ന്റെ അച്ഛൻ ഗൾഫിൽ പോയതിന് ശേഷം ആദ്യമായാണ് ഈ മാമൻ ഇവിടെ വരുന്നേ. ന്നാലും ന്റെ അച്ഛനില്ലാത്ത കുറവ് നല്ലോണം ഉണ്ടായിരുന്നു.

അമ്മ എല്ലാർക്കും ചോറ് വിളമ്പി. ഞങ്ങൾ മൂന്നുപേരും ചോറുണ്ടു. ആ മാമനും ഞാനും ഹാളിൽ ടീവി കൊണ്ടിരിക്കുമ്പോൾ അമ്മ അടുക്കളയിൽ നിന്ന് വന്നു എന്നോട് പറഞ്ഞു.

“മോൻ ഇനി കുറച്ചുനേരം ഉറങ്ങിക്കോട്ട”

ഞാൻ മാമനെ നോക്കിയപ്പോൾ മാമൻ എന്നോട് പുഞ്ചിരിച്ചു. ഞാൻ ഉറങ്ങാൻ കിടന്നു.

കുറച്ചുകഴിഞ്ഞു കണ്ണ് തുറന്നപ്പോൾ അമ്മ റൂമിലെ ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങുന്നത് കണ്ടു. സമയം കുറെയായിരിക്കുന്നു. കണ്ണ് തിരുമ്മി ഞാൻ റൂമിൽനിന്ന് പുറത്തിറങ്ങി. അപ്പോഴതാ ആ മാമൻ അപ്പുറത്തെ റൂമിൽ നിന്ന് ഷർട്ടിന്റെ ബട്ടൻസ് ഇട്ട് എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് വരുന്നു.

അമ്മയെന്നെ കണ്ടു.

“എന്തിനാടാ ഇപ്പൊ തന്നെ എഴുന്നേറ്റത്”

പതിവില്ലാത്ത ഒരു വഴക്ക്.

ഞാൻ ഉമ്മറത്ത് പോയിരുന്നു. ആ മാമൻ പോട്ടെ എന്ന് പറഞ്ഞു മുറ്റത്തോട്ടിറങ്ങി. മാമൻ വീടിന്റെ അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും നോക്കുന്നുണ്ടായിരുന്നു.

ആദ്യമൊക്കെ അച്ഛൻ ദിവസത്തിൽ ഒരുതവണയെ അമ്മയെ വിളിക്കാറുള്ളൂ. അച്ഛനോട് സംസാരിക്കുമ്പോൾ അമ്മേടേ മുഖത്തു സന്തോഷവും ചിരിയും ഇല്ലായിരുന്നു. ഇപ്പൊ അമ്മ എപ്പോഴും ഫോണിൽ സംസാരിക്കാറുണ്ട്. ഒത്തിരി ചിരിക്കാറുണ്ട് സന്തോഷിക്കാറുണ്ട്.

അച്ഛൻ വീട്ടിലുള്ളപ്പോൾ അമ്മ എന്നെ മടിയിൽ ഇരുത്തിയാണ് ചോറൊക്കെ തന്നിരുന്നത്. ഇപ്പൊ അമ്മ ഒരു കിണ്ണത്തിൽ ചോറിട്ട് എനിക്ക് മുന്നിലേക്ക് വെച്ച് “കഴിച്ചോടാ” എന്ന് പറഞ്ഞു ഫോണെടുത്തു പോകും.

അന്നൊക്കെ അമ്മേടെ വീട്ടിലേക്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും അച്ഛനും അമ്മയും ഞാനും കൂടി അച്ഛന്റെ വണ്ടിയിൽ പോകുമായിരുന്നു. അച്ഛൻ ഗൾഫിൽ പോയതിനുശേഷം അമ്മാമ്മേനെ മറ്റുള്ളോരേം കാണാൻ കൊതിയായി.

ഒരീസം ഉച്ചക്ക് ഉറക്കമെഴുന്നേറ്റ് റൂമിൽ നിന്ന് ഞാൻ പുറത്തുവന്നപ്പോൾ അപ്പുറത്തെ റൂമിൽ നിന്ന് അമ്മേടെ ചിരിയും മെല്ലെയുള്ള സംസാരവും ഞാൻ കേട്ടു. അമ്മയോട് ചായ ചോദിക്കാൻ വേണ്ടി ആ റൂമിന്റെ വാതിൽ തുറന്നു. അപ്പൊ അമ്മയും ബൈക്കിൽ വരാറുള്ള ആ മാമനും ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. മാമനോട് ഞാൻ പുഞ്ചിരിച്ചു. അമ്മയോട് ചായ ചോദിച്ചു ഞാൻ വീണ്ടും തിരിഞ്ഞു നടന്നു. എന്നെ കണ്ടപ്പോൾ അമ്മ എന്തിനാ പിടഞ്ഞു എഴുന്നേറ്റത് എന്നറിയില്ല.

ഊൺമേശയിൽ ഇരുന്ന അമ്മേടെ ഫോൺ ബെല്ലടിച്ചു. ഞാൻ ഫോണെടുത്തു ചെവിയിൽ വെച്ചു. ശബ്ദം കേട്ടപ്പോൾ മനസ്സിലായി അച്ഛനാണ്.

“ഹലോ അച്ഛാ”

“മോനു.. അമ്മ എന്ത്യേടാ”

“അമ്മ ഇവിടെ വരാറുള്ള മാമന്റെ കൂടെ റൂമിൽ ബെഡിൽ കിടക്കുവാ. ഫോൺ അമ്മക്ക് കൊടുക്കണോ അച്ഛാ”

“മാമനോ.. ഏത് മാമൻ”

മറുപടി പറയുമ്പോഴേക്കും എന്റെ പുറത്ത് ഒരു ചവിട്ട് കിട്ടിയിരുന്നു. ചുമരിൽ പോയി തല അടിച്ചുവീണ ഞാൻ ഉറക്കെ കരഞ്ഞു നോക്കിയപ്പോൾ ആ മാമൻ ആയിരുന്നു. മാമന്റെ പുറകിൽ നിന്ന് എന്റെ അമ്മ മാമനെ വലിച്ചുമാറ്റി അമ്മേടെ കയ്യിൽ ഉണ്ടായിരുന്ന പൈപ്പ് കൊണ്ട് എന്നെ ഒത്തിരി തല്ലി. കൂടെ ആ മാമനും. അതിനിടയിൽ അമ്മ ആ മാമനോട് പറഞ്ഞു.

“അയ്യോ ഫോൺ കട്ട് ആയിട്ടില്ല”

എന്റെ കരച്ചിൽ കേട്ടിട്ടാകും അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നപ്പോൾ ‘അമ്മ എന്നെ വേഗം എടുത്തു ഉമ്മറത്തോട്ടൊടി.

“ന്റെ കണ്ണൻ കോണിപ്പടിയിൽ നിന്ന് കാലുതെറ്റി വീണു ചേച്ചീ”

അമ്മ കരയാതെ കരയുന്നുണ്ടായിരുന്നു. എന്റെ കണ്ണുകൾ പാതിയടഞ്ഞു.

ഏതോ വണ്ടിയുടെ ഒച്ച കാതിൽ കേൾക്കുന്നുണ്ട്. എന്നെയുംകൊണ്ട് എങ്ങോട്ടോ പോകുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കൊന്നും കേൾക്കാൻ ഉണ്ടായിരുന്നില്ല. ശബ്ദവും അനക്കവുമില്ലാത്ത വെറുമൊരു ശരീരമായി ഞാൻ.

എന്നെയിപ്പോൾ വീട്ടിലെ ഹാളിൽ കിടത്തിയിരിക്കുകയാണ്. അമ്മയെ അടുത്തൊന്നും കാണാനില്ല. അടുത്തുള്ളത് അമ്മമ്മയും മേമമാരും അമ്മായിമാരും പിന്നെ എന്നെ ഒത്തിരി ഇഷ്ട്ടമുള്ള അടുത്തവീട്ടിലെ ചേച്ചിമാരുമൊക്കെയാണ്. എല്ലാരും എന്നെനോക്കി കരയുകയാണ്.

കുറെ കഴിഞ്ഞപ്പോൾ കൂടിനിന്നവരൊക്കെ പുറത്തോട്ട് നോക്കി. പാവം എന്റെ അച്ഛൻ വരികയാണ്. ആരോ അച്ഛനെ താങ്ങി പിടിച്ചിട്ടുണ്ട്. കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ട്. അച്ഛൻ നേരെ വന്നു എന്നെ ഒരുപാട് ഉമ്മ വെച്ച് എന്റെയടുത്തു കിടന്നു. ആൾക്കൂട്ടത്തിനിടയിൽ അമ്മയുടെ അടുത്ത് വന്നിരുന്ന ആ മാമനും നിൽക്കുന്നുണ്ട്. പക്ഷെ മറ്റുള്ളവരുടെ മുഖത്തുള്ള വിഷമം ആ മാമന്റെ മുഖത്തില്ലായിരുന്നു.

കുറച്ചു നേരത്തിനുശേഷം എന്നെ ആരൊക്കെയോ പൊക്കിയെടുത്തു എനിക്ക് വേണ്ടി തയ്യാറാക്കിയ കുഴിയിലേക്ക് കൊണ്ടുവച്ചു. ആദ്യം ഒരുപിടി മണ്ണിട്ടത് അച്ഛനാണ്. ആ മണ്ണിന് അച്ഛന്റെ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു. എനിക്ക് മുകളിൽ പിന്നീട് ഇരുട്ട് മാത്രമായി.

ഇന്ന് ഞാൻ എത്ര സുഖമായാണ് ഉറങ്ങുന്നത്. അമ്മയുടെ ഫോണിന്റെ റിങ് കേൾക്കുന്നില്ല. ഉറങ്ങാത്തതിന് അമ്മയുടെ കയ്യിൽ നിന്ന് തല്ല് കിട്ടാറില്ല. ഉച്ചക്ക് നേരത്തെ എഴുന്നേറ്റാൽ അതിനു തല്ല് കിട്ടാറില്ല. ആകെയുള്ള വിഷമം ന്റെ അച്ഛന്റെ ശബ്ദം കേൾക്കാൻ പറ്റാത്തതാണ്.

രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞാൻ കിടന്നിരുന്ന കുഴിയുടെ ഇടതുഭാഗത്തായി ഒരു ഇളക്കം കേട്ടു. ആരോ കുഴി വെട്ടുകയാണ്. ഞാൻ പോയതുകൊണ്ട് എന്റെ കൂടെ അച്ഛൻ വന്നതാണോ. ഞാൻ കുറച്ചുനേരം കാത്തിരുന്നു. അല്ലാ അച്ഛനല്ല.. ആ കുഴിക്ക് അമ്മയുടെ അത്രയും നീളമുണ്ടായിരുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *