അച്ഛന്റെ കൂടെ വരുന്നില്ല പോലും… അച്ഛൻ ഇങ്ങനെ ആക്രി പെറുക്കി നടക്കുന്നത് കാരണം നല്ലൊരു വിവാഹജീവിതം അവൾക് ലഭിക്കില്ല പോലും….

വൈകിയെത്തുന തിരിച്ചറിവുകൾ

Story written by Nisha L

“പഴയ കുപ്പി,, പാട്ട,, പ്ലാസ്റ്റിക് കൊടുക്കാനുണ്ടോ… “!!

രാമു ഇടറിയ ശബ്ദത്തിൽ ഉറക്കെ വിളിച്ചു.

വർഷങ്ങൾക്ക് മുൻപും ഒരു ദിവസം അയാൾ ഇതേ ഇടർച്ചയോടെ വിളിച്ചിരുന്നു. അയാളുടെ ഭാര്യ,, അയാളെയും അഞ്ചു വയസുള്ള അയാളുടെ മകളെയും ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയ ആ ദിവസം. ഇന്നും ആ ദിവസത്തിന് ഒരു ആവർത്തനം ഉണ്ടായിരിക്കുന്നു.

അഞ്ചുവയസ്സുമുതൽ അച്ഛന്റെയും അമ്മയുടെയും സ്നേഹം കൊടുത്ത്,, താഴത്തും തറയിലും വെക്കാതെ വളർത്തിയ അയാളുടെ മകൾ ഇന്നലെ കണ്ട ഒരാളുടെ കൂടെ ഇറങ്ങി പോയിരിക്കുന്നു.

കോളേജിൽ പോയ മകൾ തിരിച്ചു വരാൻ താമസിച്ചപ്പോൾ വേവുന്ന നെഞ്ചോടെ അയാൾ ആ നാട്ടിൽ ഓടി നടന്നു.

“ഈശ്വരാ എന്റെ കുഞ്ഞു… അവൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും.. ആരെങ്കിലും അവളെ അപകടപ്പെടുത്തിയിട്ടുണ്ടാകും… “!!

അയാളുടെ ഭയവും ആധിയും കണ്ട് കവലയിൽ ചായക്കട നടത്തുന്ന ദിവാകരൻ ചേട്ടൻ പറഞ്ഞിട്ട് അയാൾ സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു.

പിറ്റേന്ന് തന്നെ സ്റ്റേഷനിൽ നിന്ന് വിളി വന്നു. ചെന്ന് നോക്കിയപ്പോൾ തടിച്ച,, ആജാനുബാഹുവായ ഒരു ചെറുപ്പക്കാരന്റെ കൂടെ അയാളുടെ മകൾ സ്റ്റേഷനിൽ.

അവൾക്ക് അവനെ ഇഷ്ടമാണ്… അവന്റെ കൂടെ ജീവിക്കണം,, അച്ഛന്റെ കൂടെ വരുന്നില്ല പോലും… അച്ഛൻ ഇങ്ങനെ ആക്രി പെറുക്കി നടക്കുന്നത് കാരണം നല്ലൊരു വിവാഹജീവിതം അവൾക് ലഭിക്കില്ല പോലും…. അതുകൊണ്ട് ഇനിമുതൽ അവൾ സ്വയം കണ്ടു പിടിച്ചവനോടൊപ്പം ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് മുഖത്തുനോക്കി പറഞ്ഞു കളഞ്ഞു.

“മോളുടെ വിവാഹം അച്ഛൻ നടത്തി തരാം” എന്നു പറഞ്ഞു. പക്ഷേ അവൾക്ക് അച്ഛനെക്കാൾ വിശ്വാസം ഇന്നലെ കണ്ട ആ ചെറുപ്പക്കാരനായിരുന്നു. സ്റ്റേഷനിൽ നിന്ന് തല കുനിഞ്ഞു ഇറങ്ങിപ്പോരേണ്ടി വന്നു.

വീട്ടിൽ എത്തി വാതിൽ തുറന്നപ്പോൾ ഇന്നലെ പൊരിച്ച ചാളയുടെ ചെറിയ മണം മുറിക്കകത്ത് തങ്ങിനിന്നിരുന്നു . അവൾക്ക് ഏറെ പ്രിയപ്പെട്ട ആഹാരമായിരുന്നു പൊരിച്ച ചാളയും മോരു കറിയും. കോളേജ് വിട്ടു വരുമ്പോൾ വയറുനിറയെ കഴിക്കാൻ വേണ്ടി അയാൾ ഉണ്ടാക്കി വച്ചിരുന്നതാണ്.

പക്ഷേ..

ഇനി ഒരിക്കലും താൻ ഉണ്ടാക്കുന്ന ആഹാരം കഴിക്കാൻ,, താൻ വാങ്ങി കൊടുക്കുന്ന ഉടുപ്പണിയാൻ അവൾ വരില്ല.. ഈ ആക്രിക്കാരന്റെ അടുത്തേക്ക് അവൾ വരില്ല. അവളുടെ അമ്മയെ പോലെ,, അവൾക്കും ഞാനൊരു നാണ ക്കേടാണ് പോലും…. അയാൾ മുറിവേറ്റ ഹൃദയത്തോടെ നിലത്തു ഭിത്തിയിൽ ചാരി ഇരുന്നു.

ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല.. ആകെയൊരു ആശ്വാസം അയൽ വാസിയായ നാണിയമ്മയാണ്. അടുത്ത് മറ്റു വീടുകൾ ഒന്നുമില്ല. അതുകൊണ്ട് തന്നെ രാമുവും നാണിയമ്മയും ഒരു വീട് പോലെയാണ് കഴിഞ്ഞിരുന്നത്. അതിനാൽ മകൾ സീനയുടെ ഇറങ്ങി പോക്ക് അവരെ രണ്ടു പേരെയും ഒരു പോലെ തളർത്തി.…

ഈ സമയം സ്വർഗ്ഗം മോഹിച്ചു പോയ സീനയുടെ ജീവിതം ദുരിതപൂർണ്ണം ആകുകയായിരുന്നു. ഭർത്താവിന്റെ മദ്യപാനവും ചീത്ത കൂട്ടുകെട്ടുകളും അവളെ തളർത്തി. ജീവിതത്തിലാദ്യമായി അവൾ വിശപ്പ് അറിഞ്ഞു. ശാരീരിക –മാനസിക പീഡനങ്ങളുടെയും,, ഒറ്റപ്പെടലിന്റെയും,, സ്വാതന്ത്ര്യം ഇല്ലായ്മയുടെയും രുചി അറിഞ്ഞു. ഒടുവിൽ ഒരു നാൾ ഭർത്താവിന്റെ പല സ്ത്രീകളിൽ ഒരുവൾ മാത്രമാണ് താനെന്ന് അറിഞ്ഞ ദിവസം അവളുടെ തകർച്ച പൂർണമായി.

നീറുന്ന മനസ്സും ശരീരവുമായി അവൾ പഴയ ആ ആക്രിക്കാരന്റെ മകളാകാൻ ആഗ്രഹിച്ചു. സ്നേഹവും വാൽസല്യവും ആവോളം തന്ന,, ചോദിക്കുന്നത് ഒക്കെ ഒരു മുടക്കവും ഇല്ലാതെ വാങ്ങിത്തന്നു ഒരു രാജകുമാരിയെപ്പോലെ വളർത്തിയ ആ ആക്രിക്കാരന്റെ മകളാകാൻ അവൾ വല്ലാതെ ആഗ്രഹിച്ചു. പക്ഷേ ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു പോകുക എന്നുള്ളത് അത്ര എളുപ്പമായിരുന്നില്ല.

രണ്ടു മാസങ്ങൾക്കു ശേഷം അവൻ പുറത്തു പോയ തക്കത്തിന് കിട്ടിയ ചില്ലറ തുണ്ടുകളും പെറുക്കിയെടുത്ത് ഉടുതുണിയോടെ അവൾ ആ നരകത്തിൽ നിന്നും ഇറങ്ങി ഓടി..

ഓടിയും,, നടന്നും,, ബസ് കയറിയും അവൾ എങ്ങനെയൊക്കെയോ സ്വന്തം നാട്ടിൽ,,, വീട്ടിലെത്തി…

പോച്ചയും കരിയിലയും മൂടിക്കിടക്കുന്ന മുറ്റം കണ്ട് അവൾ പകച്ചുനിന്നു. അവൾ വീടിനു ചുറ്റും നടന്നു നോക്കി. അടച്ചിട്ട മുൻവാതിലും പിൻവാതിലും.. ചിതൽ പുറ്റ് പിടിച്ച വാതിലുകൾ ജനലുകൾ.. അതൊക്കെ കാണെ അവളുടെ നെഞ്ചു നീറി. ഞാനും അച്ഛനും സ്വർഗ്ഗം പോലെ കൊണ്ടുനടന്ന വീട്… ഈ വിധം അനാഥമായി കിടക്കുന്നു.

അച്ഛൻ… അച്ഛൻ എവിടെയായിരിക്കും…?? നാണിയമ്മയോട് ചോദിക്കാം. .. “നാണിയമ്മേ .. നാണിയമ്മേ. .. ആരുമില്ലേ ഇവിടെ.. “!!?? പക്ഷേ അവളുടെ വിളി കേൾക്കാൻ നാണിയമ്മയും അവിടെ ഉണ്ടായില്ല.

അവൾ വന്ന വഴിയെ തിരിഞ്ഞോടി കവലയിലെത്തി.

“ദിവാകരൻ ചേട്ടാ.. എന്റെ അച്ഛൻ… അച്ഛനെ കണ്ടോ.. “??

“ഇല്ല കുഞ്ഞേ… നീ പോയതിനു ശേഷം അവൻ അങ്ങനെ വരാറില്ല.. രണ്ടാഴ്ച മുമ്പ് ഒന്ന് വന്നിരുന്നു.. പിന്നീട് ഇതുവരെയും ഞാൻ കണ്ടില്ല. അവൻ ഇപ്പോൾ ആ വീട്ടിൽ വരാറേയില്ലെന്നു തോന്നുന്നു.. “!!

“എന്തിനാ കുഞ്ഞേ ഇങ്ങനെയൊരു തെറ്റ് അവനോട് ചെയ്തത്.. അവൻ എന്തു കുറവ് വരുത്തിയിട്ടാ നിനക്ക്.. “???

“മാപ്പ്… ദിവാകരൻ ചേട്ടാ… മാപ്പാക്കണം.. എനിക്ക് എന്റെ അച്ഛനെ ഒന്ന് കണ്ടാൽ മതി.. ഒന്ന് മാപ്പ്‌ ചോദിക്കണം… ചെയ്തു പോയ തെറ്റിന് ആ കാലിൽ വീണൊന്ന് കരയണം,, എന്റെ നെഞ്ചിലെ ഭാരമൊന്നു ഇറക്കി വയ്ക്കണം… “!! അവൾ കണ്ണീരോടെ പറഞ്ഞു.

“അവൻ എപ്പോഴെങ്കിലും വരാതിരിക്കില്ല… വരുമ്പോൾ ഞാൻ പറയാം മകൾ തിരക്കി വന്നിരുന്നു എന്ന്… കേൾക്കുമ്പോൾ അവന് സന്തോഷമാകും. നിന്റെ അടുത്തേക്ക് ഓടി വരും അവൻ…. അത്ര പാവമാ രാമു.. .നീ സമാധാനത്തോടെ തിരികെ പോകൂ.. “!!

“ഞാൻ… ഞാനിനി പോകുന്നില്ല… “!!

ദിവാകരൻ അവളെ അടിമുടി ഒന്ന് നോക്കി..

“ദിവാകരേട്ട… നാണിയമ്മയേയും കാണുന്നില്ലല്ലോ … “?? !!

“ഓ.. അവരെ,, അവരുടെ മകൾ കൂട്ടിക്കൊണ്ടു പോയി… പോകുമ്പോൾ നാണിയമ്മ ഒരു വാക്ക് പറഞ്ഞിരുന്നു.. ‘മാതാപിതാക്കൾ മക്കൾക്ക് ഭാരമാകുന്ന ഈ കാലത്ത് എന്റെ മോൾ സ്നേഹത്തോടെ എന്നെ വിളിക്കുമ്പോൾ ഞാൻ കൂടെ പോകാതിരുന്നാൽ അതൊരു തെറ്റാകില്ലേ ദിവാകരാ… അതു കൊണ്ട് ഞാൻ അവളുടെ കൂടെ പോകുവാ… ‘എന്ന്.. ഒരു കണക്കിൽ അതും ശരിയാണല്ലോ.. !!

അയാൾ ഒരു ദീർഘ നിശ്വാസം എടുത്തു.

“ങ്ഹാ… ആട്ടെ… എങ്ങനെയുണ്ട് കുട്ടി നിന്റെ ജീവിതം..?? “!!

അവൾ മറുപടിയൊന്നും പറയാതെ തലതാഴ്ത്തി നിന്നു..

“പനിനീർപ്പൂവ് പോലെയുള്ള നിന്റെ ശരീരത്തിൽ തെളിഞ്ഞും മങ്ങിയും നിൽക്കുന്ന പാടുകൾ പറയുന്നുണ്ട് നിന്റെ സുഖം എന്താണെന്ന്…”!!

ഉത്തരവും അയാൾ തന്നെ പറഞ്ഞു.

“ഞാൻ വീട്ടിൽ ഒന്നുകൂടി പോയി നോക്കട്ടെ ദിവാകരേട്ടാ…. “!!

അവൾ തിരികെ വീട്ടിലേക്ക് നടന്നു..

കുറച്ചുനേരം അവിടെ ഇരിക്കണം.. സമാധാനത്തോടെ.. ആരെയും പേടിക്കാതെ.. സ്വാതന്ത്ര്യത്തോടെ.. ഞങ്ങളുടെ കൊച്ചു സ്വർഗ്ഗത്തിൽ..എന്നിട്ട് അച്ഛനെ തിരഞ്ഞു പോകണം… ആക്രി കൊണ്ടു പോയി ഇടുന്ന ഫാക്ടറിയിലോ ഗോഡൗണിലോ കാണാതിരിക്കില്ല.

വീട് എത്തിയ അവൾ തിണ്ണയിൽ കുറച്ചുനേരം ഇരുന്നു. ശേഷം ചിതൽപുറ്റ് തട്ടി കളയാനായി ജനലിലും വാതിലിലും പതുക്കെ തട്ടി.. ഒന്നുകൂടി അമർത്തിയപ്പോൾ മുൻ വാതിൽ തുറന്നു വന്നു.. പൊടിയും മാറാലയും പിടിച്ചു ഒരു വല്ലാത്ത ചീഞ്ഞ ഗന്ധം മൂക്കിലേക്കടിച്ചു കയറി. അവൾ അവിടമാകെ ഒന്ന് കണ്ണോടിച്ചു. താൻ ഇറങ്ങിപ്പോയ അന്ന് കിടന്നത് പോലെ തന്നെ ഇപ്പോഴും.. പിന്നീട് അച്ഛൻ ഈ വീട്ടിലേക്ക് കയറിയിട്ടേയില്ലെന്നു തോന്നുന്നു..

പതിയെ അച്ഛന്റെ മുറിയുടെ വാതിൽ ലക്ഷ്യമാക്കി നടന്നു. അകത്തു നിന്നും ചീഞ്ഞളിഞ്ഞ പുഴുത്ത ദുർഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. കൈ കൊണ്ട് പരതി ഭിത്തിയിലെ സ്വിച്ച് ഓൺ ചെയ്തു.

കട്ടിലിൽ.. ഒരാൾ കിടക്കുന്നു..

“അയ്യോ എന്റെ അച്ഛൻ… അച്ഛൻ അല്ലേ അത്..?? “!!

അവൾ അടുത്തേക്ക് ചെന്ന് നോക്കി..

ഉറുമ്പുകൾ വരി വെച്ച്,, ഈച്ചകൾ പൊതിഞ്ഞ് ചീഞ്ഞു തുടങ്ങിയ അച്ഛന്റെ ശരീരം. ആ കാഴ്ച കണ്ട് ഒന്നുറക്കെ കരയാൻ പോലുമാകാതെ അവൾ സ്തംഭിച്ചു നിന്നുപോയി..

അവൾക്ക് തലച്ചോറിൽ എന്തൊക്കെയോ പൊട്ടിച്ചിതറുന്നത് പോലെ തോന്നി. അതിനിടയിൽ എവിടെയോ തിരിച്ചറിവിന്റെ ഒരു സ്പുരണം മിന്നി..

താൻ അനാഥയായിരിക്കുന്നു… തനിക്ക് ആകെ സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്ന അച്ഛൻ പോയിരിക്കുന്നു..Bഈശ്വരാ…. ഒരിക്കലും തിരുത്താ നാകാത്ത ഒരു വലിയ തെറ്റ് താൻ ചെയ്തിരിക്കുന്നു..

അവൾ അറിയാതെ തന്നെ അവളുടെ ശരീരം മുന്നോട്ടു ചലിച്ചു.ദുർഗന്ധം വകവെക്കാതെ അച്ഛന്റെ നെറ്റിയിൽ ഉമ്മ വെച്ച് ഉറക്കെ ഉറക്കെ കരഞ്ഞു….

ഞാൻ കാരണമാണ്… എന്റെ അച്ഛൻ ഇത്ര പെട്ടെന്ന് പോയത്.. ഈശ്വര… ഞാൻ ഇതെന്തൊരു പാപമാണ് ചെയ്തത്. എന്നെ ഓർത്ത് നെഞ്ചുപൊട്ടി ആയിരിക്കും എന്റെ അച്ഛൻ മരിച്ചത്. ഇനി ഞാൻ എന്ത് ചെയ്യും ദൈവമേ.. എനിക്കിനി ആരുണ്ട്..?? എങ്ങോട്ട് പോകും ഞാൻ…?? .. ആരുണ്ട് ഒരു തുണ….??

എന്റെ മാത്രം തെറ്റ്‌ കൊണ്ട് എന്റെ അച്ഛൻ എന്ന വൻവൃക്ഷം നിലം പൊത്തിയിരിക്കുന്നു. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര സത്യമാണ്.. അച്ഛന്റെ കൂടെ നിന്ന് പഠിച്ചു ഒരു നിലയിൽ എത്തിയിരുന്നെങ്കിൽ എന്തെങ്കിലും ജോലിയെങ്കിലും ചെയ്തു ജീവിക്കാമായിരുന്നു. ഇപ്പോൾ പകുതിയിൽ ഉപേക്ഷിച്ച പഠിപ്പ് കൊണ്ട് ഞാൻ എന്ത് ചെയ്യും, ഇനി മുന്നോട്ട് എന്തെന്നറിയാതെ,,, എന്ത് ചെയ്യണം,,, എങ്ങോട്ടു പോകണമെന്നറിയാതെ,,, ജീവിതം എന്ന മഹാ സത്യത്തെ നോക്കി അവൾ അന്ധാളിച്ചു നിന്നു.

രാജകുമാരിയെ പോലെ തന്നെ വളർത്തിയ അച്ഛനെ കൊലയ്ക്ക് കൊടുത്ത മഹാപാപി എന്ന് പേരും പേറി…. ഒരിക്കലും തിരുത്താനാകാത്ത ഒരു വലിയ തെറ്റിന്റെ പാപഭാരവും പേറി… !!

അപ്പോഴും കുട്ടിക്കാലം മുതൽ ഒരു പാട്ട് പോലെ കേട്ടു വളർന്ന അച്ഛന്റെ വിളി അവളുടെ കാതിൽ മുഴങ്ങി കേട്ടു..

“പഴയ കുപ്പി,, പാട്ട,, പ്ലാസ്റ്റിക് കൊടുക്കാനുണ്ടോ… “!!

Leave a Reply

Your email address will not be published. Required fields are marked *