അച്ഛേ അമ്മ വന്നില്ലേ?”അമ്മ എവിടെപ്പോയി?”ഞങ്ങള് വരുമ്പോ അമ്മ ഇല്ല. അച്ഛ അമ്മേനേം കൂട്ടി എവിട്യോ പോയേക്കാണെന്നാ കരുതിയത്…….

എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണ പണിക്കർ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

എന്നത്തേയും പോലെ തിരക്കേറിയ ദിവസമായിരുന്നു.പണിക്കാർക്ക് ആഴ്ച്ചക്കൂലിയും നൽകി കണക്കെല്ലാം കമ്പ്യൂട്ടറിൽ കയറ്റി ഇറങ്ങിയപ്പോൾ പഞ്ചിങ് മെഷീൻ ആറു മണിയായെന്നു കാണിച്ചു.പഞ്ച് ചെയ്ത് പുറത്തിറങ്ങുമ്പോൾ പുറത്ത് മഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു.

വൈകിട്ട് മുതൽ മഴമുകിലുകളാൽ കളങ്കപ്പെട്ടിരുന്ന പടിഞ്ഞാറൻ ചക്രവാളം ഇത്ര വേഗം കണ്ണുനീർ പൊഴിക്കുമെന്ന് വിചാരിച്ചതല്ല.

രാവിലെ പോരുമ്പോൾ മഴക്കോട്ട് എടുക്കണേയെന്ന് പവിത്ര പറഞ്ഞതാണ്.

അപ്പോഴത് ചിരിച്ചു തള്ളി.

മഴയൊന്നു കുറഞ്ഞപ്പോൾ ബൈക്കുമെടുത്തു പുറത്തേക്കിറങ്ങി.

ഗേറ്റിൽ പുതിയതായി വന്ന കാവൽക്കാരൻ നീട്ടിപ്പിടിച്ചു സല്യൂട്ട് തന്നു.

കണ്ണുകൾ കൊണ്ട് അയാൾക്ക് മറുപടി നൽകി റോഡിലേക്ക് കടന്നു.

ഗ്ലാസ്‌ ഫാക്ടറി റോഡിലുള്ള ബജികടയുടെ മുന്നിൽ എത്തിയപ്പോൾ അറിയാതെ ബ്രേക്കിൽ കാലുകൾ അമർന്നു.

ഷുഗർ ലെവൽ കുറച്ചു ദിവസങ്ങളായി കുറവാണ്.

ഇരുപത് കിലോമീറ്ററോളം ദൂരമുണ്ട്.
വയറു കാലിയായി അവിടെ വരെ വണ്ടി ഓടിക്കുന്നത് റിസ്ക് ആണ്.

ബജിക്കാരൻ അണ്ണാച്ചി രണ്ട് മുളക് ബജികൾ ഡിസ്പോസിബിൾ പ്ലേറ്റിലാക്കി മുളക് ചട്ട്ണി ഒഴിച്ച് തന്നു.

ഓരോ പാക്കറ്റ് കായയും , മുളകും പാർസൽ വാങ്ങി.

പവിത്രക്കും മൂത്തവൾക്കും
കായ ബജിയോടാണ് താത്പര്യം. ഇളയവൾ കുഞ്ഞാറ്റക്ക് മുളകിനോടാണ് ഇഷ്ടം.

പെട്ടെന്ന് തന്നെ ബജിയും കഴിച്ചു കാശു കൊടുത്ത് പൊതിയും വാങ്ങി യാത്ര തുടർന്നു.

പാലം കയറുമ്പോൾ മഴ വീണ്ടും ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു.

ഇനിയുള്ള രണ്ടുമൂന്നു കിലോമീറ്ററിൽ കയറി നിൽക്കാൻ പോലും ഇടമില്ല.
ഹൈവേ വികസനത്തിന്റെ പേരിൽ രണ്ടു വശത്തുമുണ്ടായിരുന്ന കെട്ടിടങ്ങൾ എല്ലാം പൊളിച്ചിട്ടിരിക്കുകയാണ്.

എന്തായാലും നനയുക തന്നെ

ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ വണ്ടിയോടിച്ചു കൊണ്ട് തന്നെ ഒരു കൈ കൊണ്ട് ജീൻസിന്റെ പോക്കറ്റിലേക്കിട്ടു.

വാങ്ങിയിട്ട് അധിക നാളായിട്ടില്ല. മഴ വെള്ളം വീണ് ചീത്തയായാൽ പെട്ടെന്ന് പുതിയതൊരെണ്ണം വാങ്ങുക എളുപ്പമല്ല.

വീട്ടിലെത്തുമ്പോൾ മക്കൾ രണ്ടു പേരും കാത്തു നിൽപ്പുണ്ടായിരുന്നു.

“അച്ഛേ അമ്മ വന്നില്ലേ?”

“അമ്മ എവിടെപ്പോയി?”

“ഞങ്ങള് വരുമ്പോ അമ്മ ഇല്ല. അച്ഛ അമ്മേനേം കൂട്ടി എവിട്യോ പോയേക്കാണെന്നാ കരുതിയത് “

അവളിതെവിടെപ്പോയി?

വിട് പൂട്ടിയിട്ടിരിക്കുകയാണ്.

സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നു.

TV ഓൺ ആയി കിടപ്പുണ്ട്.

“പവീ പവീ”

ഉറക്കെ വിളിച്ചു.

മറുപടിയില്ല.

മേശപ്പുറത്തു പാത്രത്തിൽ കുട്ടികൾക്കുള്ള പഴം പൊരി അടച്ചു വച്ചിരിക്കുന്നു.

അടുക്കളയിലും കാണാനില്ല.

മൊബൈൽ എടുത്തു അവളുടെ നമ്പറിലേക്ക് വിളിച്ചു.
ബെഡ്‌റൂമിനുള്ളിൽ ഫോൺ ബെല്ലടിക്കുന്ന ശബ്ദം.

ബെഡ്റൂമിലേക്ക് ഓടിച്ചെന്നു.

മൊബൈൽ കട്ടിലിൽ ചാർജ് ചെയ്യാൻ വച്ചിട്ടുണ്ട്.

കട്ടിലിൽ തുണികൾ വാരിവലിച്ചിട്ട് അലങ്കോലമായി കിടക്കുന്നു.

പവിത്ര മാത്രമില്ല.

ഈശ്വരാ എന്തു പറ്റി?

അവൾ എവിടെപ്പോയി?

പുറത്തെവിടെയെങ്കിലും പോകുകയാണെങ്കിൽ വിളിച്ചു പറയാറുള്ളതാണ്.

ഇനി അവളുടെ വീട്ടിലേക്കെങ്ങാനും

തുടിക്കുന്ന മനസ്സോടെ പവിയുടെ അമ്മയെ വിളിച്ചു.

“അമ്മേ പവി വിളിച്ചിരുന്നോ?”

“ഇല്ലല്ലോ മോനെ ഇന്നവൾ വിളിച്ചും കൂടിയില്ല. തിരക്കായിരിക്കും എന്നാ കരുതിയത്. എന്തു പറ്റി?”

“ഒന്നുമില്ലമ്മേ” ഫോൺ വച്ചു

അവൾ എങ്ങോട്ടാണ് പോയത്.

ആരോടാണ് അന്വേഷിക്കാ.

മനസ്സിൽ അശുഭകരമായ ചിന്തകൾ ചേക്കേറി തുടങ്ങി.

ഓരോരോ ദിവസവും കേൾക്കുന്ന പത്ര വാർത്തകൾ മനസിലേക്കോടിയെത്തി.

ഇനി അവൾ തന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ആരുടെയെങ്കിലും കൂടെ.

ഛെ. അവളെ കുറിച്ച് അങ്ങനെയൊന്നും ചിന്തിക്കുവാൻ കൂടി പാടുള്ളതല്ല. താനും കുഞ്ഞുങ്ങളുമില്ലാതെ മറ്റൊരു ലോകമില്ലവൾക്ക്.

പിന്നെ അവളെവിടെ.

അടുത്ത വീട്ടിലെ രമണ്യേച്ചിയോട് ചോദിച്ചാലോ.

പക്ഷേ അവർക്കും അറിയില്ലെങ്കിൽ എന്തു മറുപടി നൽകും?

ഭഗവാനെ അവൾക്ക് വേണ്ടാതീനം ഒന്നും തോന്നല്ലേ.

തലയ്ക്കു കൈ കൊടുത്തു കൊണ്ടയാൾ കസേരയിലേക്കിരുന്നു.

പെട്ടെന്ന് ഒരു ഓട്ടോ റിക്ഷ ഗേറ്റിൽ വന്നു നിന്നു.

അതിൽ നിന്നും കൈയിൽ താങ്ങാവുന്നതിലധികം കടലാസ് പൊതികളുമായി പവിത്ര ഇറങ്ങി വന്നു.

“നീയിതെവിടെപ്പോയി?”

മനസ്സിൽ തികട്ടി വന്ന സന്തോഷവും സന്താപവും ഒരുമിച്ചു പ്രതിഫലിപ്പിച്ചു കൊണ്ടയാൾ ചോദിച്ചു.

“ഉച്ചക്ക് ഊണ് കഴിഞ്ഞിരിക്കുമ്പോഴാ മംഗല്യം സിൽക്‌സിൽ ആടി മാസക്കിഴിവ് തുടങ്ങി എന്ന് പരസ്യം കണ്ടത്. എന്നാ പിന്നെ രമണ്യേച്ചിയേം വിളിച്ചോണ്ട് ഒന്നു പോയി വരാമെന്നു കരുതി. ആദ്യം ചെന്നാലേ സെലക്ഷൻ ഉണ്ടാകൂ.

നിങ്ങളെ വിളിച്ചു പറയാം എന്നു കരുതീപ്പേ ഫോൺ ഓഫ്‌.

പിള്ളേരും നിങ്ങളും വന്നേന് മുൻപേ എത്തണമെന്ന് വിചാരിച്ചതാ.
നശിച്ച മഴകാരണം വഴി മൊത്തം ബ്ലോക്കാ.അതാ വൈകിയേ. നിങ്ങള് ചായ കുടിച്ചല്ലോല്ലേ.”

അവൾ സന്തോഷത്തോടെ അകത്തേക്ക് കയറി.

മനസ്സിൽ ഒരു മഴ പെയ്തു തോർന്ന പ്രതീതിയോടെ അയാൾ അകത്തേക്ക് നടന്നു.

പുറത്തപ്പോഴും മഴ ആർത്തലച്ചു പെയ്യുകയായിരുന്നു.

മംഗളം 

Leave a Reply

Your email address will not be published. Required fields are marked *