Story written by Atharv Kannan
” ദേ കെളവാ… ഇനി ചോദിച്ചാ തരത്തില്ല കേട്ടോ…പട്ടിണി കിടന്നു ചാവത്തെ ഉള്ളൂ “പാലത്തിനു കീഴിലെ തട്ടുകടയിൽ നിന്നു കൊണ്ടു കൈ നീട്ടിയ മുഷിഞ്ഞ മുണ്ടും ഷർട്ടും ധരിച്ചു താടി നീട്ടി വളർത്തിയ അയാളെ നോക്കി കടക്കാരൻ പറഞ്ഞു.
” ആരാ വാസു ഇയ്യാള്.. മുൻപെങ്ങും ഇവിടെ കണ്ടിട്ടില്ലല്ലോ? ” ചായ കുടിച്ചു കൊണ്ടിരുന്ന ഒരുവൻ ചോദിച്ചു
” ആ എങ്ങുന്നോ തെണ്ടി തിരിഞ്ഞു വന്നതാ.. എന്ത് ചോദിച്ചാലും ഇളിച്ചു കാണിക്കും.. കഷ്ടകാലത്തിനു ഞാൻ ഒരു ബന്നും പാലും കൊടുത്തു പോയി.. പിന്നെ എപ്പോ നോക്കിയാലും രാവിലെ വന്നു നിക്കും “
” വട്ടായതാന്നാ തോന്നണേ “
മറ്റുള്ളവർ ചില്ലു ഗ്ലാസ്സിൽ കുടിക്കുമ്പോൾ തനിക്കു കിട്ടിയ ഡിസ്പോസിബിൾ ഗ്ലാസ്സിൽ കുടിച്ചു തീർത്തു ആ ഗ്ലാസ് അയ്യാൾ വേസ്റ്റ് ബിന്നിൽ ഇട്ടു ആരെയും ഗൗനിക്കാതെ തലയും ചൊറിഞ്ഞു മുന്നോട്ടു നടന്നു.
” എന്തോ വലിയ വിദ്യാഭ്യാസം ഉള്ള ആളാ.. ഇടയ്ക്കു ഒറ്റക്കിരുന്നു ഇംഗ്ലീഷ് ഒക്കെ പറയുന്ന കേക്കാം “
” വെല്ല കഞ്ചാവും ആയിരിക്കും വാസു ചേട്ടാ “
നഗരത്തിലെ ഒരു വീട്.
” ആരാ? ” വാതിൽ തുറന്ന സുന്ദരി ആയ യുവതി വേലായുധനെയും കൂടെയുള്ള മകനെയും നോക്കി ചോദിച്ചു.
” നാരായണൻ മാഷിന്റെ വീടല്ലേ? “
അത് കേട്ടതും പരിഭ്രമത്തോടെ ആ യുവതി അവളുടെ ഭർത്താവിനെ തിരിഞ്ഞു നോക്കി. അയ്യാൾ മുന്നോട്ടു വന്നു ഗൗരവത്തോടെ വേലായുധനെ നോക്കി
” അതെ… എന്താ കാര്യം? “
” സർ, എന്റെ പേര് വേലായുധൻ.. നാരായണൻ സാറ് മുവാറ്റുപുഴ ഉണ്ടായിരുന്നപ്പോൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇതെന്റെ മോനാണ്. ഇവനെ സാറിനെ കൊണ്ടു എഴുതിക്കണം എന്നുള്ളത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് “
ആ സ്ത്രീയും അയാളും പരസ്പരം നോക്കി…
” ക്ഷമിക്കണം… അച്ഛനിവിടില്ല! “
” എവിട പോയി? “
” ഞങ്ങക്കറിയില്ല… “
വേലായുധൻ അമ്പരപ്പോടെ നിന്നു
” എന്താ അങ്ങനെ പറയുന്നേ? “
” അച്ഛൻ അങ്ങനാണ്.. ഇടയ്ക്കു ആരോടും പറയാതെ എങ്ങോടെങ്കിലും പോവും… പിന്നെ ഓർമ വരുമ്പോ തിരിച്ചു വരും.. അങ്ങനെ തുടരെ തുടരെ പ്രശ്നയപ്പോ അച്ഛനെ ഞങ്ങളൊരു ഓൾഡ്ഏജ് ഹോമിൽലേക്ക് ആക്കിയിരുന്നു. പക്ഷെ അവിടെ നിന്നും മൂന്ന് ദിവസം മുൻപ് ചാടി പോയി.. എവിടാണെന്നോ എന്താണെന്നോ അറിയില്ല “
വേലായുധൻ തകർന്ന നെഞ്ചോട് നിന്നു
” ഇപ്പൊ ഞാൻ പറയുന്നതിന്റെ അർത്ഥം നിനക്ക് മനസ്സിലാവില്ലായിരിക്കും.. ഇന്നല്ലെങ്കിൽ നാളെ നിനക്കതു മനസ്സിലാവും “
” നിന്റെ ഒപ്പം പഠിക്കുന്നവര് പഠിച്ചു നന്നാവുമ്പോ നീ ഇങ്ങനെ നടന്നോ… നാളെ അവരൊക്കെ നല്ല നിലയിൽ ജീവിക്കുന്ന കാണുമ്പോ നീ കൂലിപ്പണിയും എടുത്തു നടക്കുന്നുണ്ടാവും. അപ്പോഴേ നിനക്കെന്റെ വാക്കിന്റെ വില അറിയൂ “
മാഷിന്റെ വാക്കുകൾ വേലായുധന്റെ ഉള്ളിലൂടെ മിന്നി മാഞ്ഞു. തന്റെ മകന്റെ കുഞ്ഞി കൈകളും പിടിച്ചു വേലായുധൻ പടികൾ ഇറങ്ങി.
പാലത്തിന്റെ കീഴിൽ ബീഡിയും വലിച്ചിരിക്കുന്ന മാഷിന്റെ അരികിലേക്ക് ci വന്നു.
” ഡോ.. ഇവിടെ ഭിക്ഷാടനം ഒന്നും പാടില്ലെന്ന് അറിയില്ലേ? “
മാഷ് ഗൗനിക്കാതെ ഇരുന്നു
” ഡോ.. തന്നോടാ പറഞ്ഞത് ഇവിടുന്നു എഴുന്നേറ്റു പോവാൻ.. “
Ci യുടെ വാക്കുകൾ കേട്ടു മാഷ് മെല്ലെ ഒന്ന് തിരിഞ്ഞു അയ്യാളെ നോക്കി. ആ മുഖം കണ്ടു ci ഞെട്ടി.. അദ്ദേഹം മനസ്സിൽ പറഞ്ഞു ” മാഷ് “.
” എന്താ സാർ ഇങ്ങനെ നോക്കുന്നെ? സാറിനു പരിജയം ഉള്ള ആളാണോ? ” മറ്റൊരു പോലീസുകാരൻ പിന്നിൽ വന്നു നിന്നുകൊണ്ട് ചോദിച്ചു.
മാഷിന്റെ പ്രിയപ്പെട്ട ശിഷ്യനാണ് താനെന്നു പറഞ്ഞിരുന്ന അതെ നാവുകൊണ്ട് തന്നെ ci പറഞ്ഞു ” ഏയ്.. എനിക്കീ തെണ്ടിയെ അറിയതൊന്നും ഇല്ല “
മറ്റു പോലീസുകാർ അയാൾക്ക് നേരെ ലാത്തി വീശി… വേദനയിൽ പുളഞ്ഞു അടിയും വാങ്ങി മാഷ് അവിടെ നിന്നും ഓടി…
വേലായുധന്റെ വീട്.
” വേലായുധൻ എന്ത്യേടി കാളി ചെക്കനേം കൂട്ടിക്കൊണ്ടു രാവിലത്തെ ബസ് കേറുന്നത് കണ്ടെ? ” അടുത്ത വീട്ടിലെ ശാന്ത പൈപ്പിൽ നിന്നും കുടത്തിൽ വെള്ളം എടുത്തുകൊണ്ടു വേലായുധന്റെ ഭാര്യയോട് ചോദിച്ചു.
” മൂപ്പര് മൂപ്പരുടെ സാറിനെ കാണാൻ പോയേക്കണ ആണ്.. മ്മടെ ഉണ്ണിക്കുട്ടനെ എഴുതിക്കാൻ “
” ഒ പിന്നെ… അങ്ങേരെഴുതിച്ചാ അവനിപ്പോ കളക്ടർ ആവും “
കാളിയുടെ മുഖം മാറി
” ആവില്ലെന്നാര പറഞ്ഞെ… അത്രക്കും നല്ല സാറാന്നാ വേലായുധേട്ടൻ പറഞ്ഞെ.. ഏട്ടനെ പഠിപ്പിച്ചതും ആ സാറാ “
” എന്നിട്ടു വേലായുധൻ രക്ഷപെട്ടില്ല.. പിന്നെ ഇനി ആ ചെക്കൻ.. ആ പിന്നെ റിസർവേഷൻ എന്നൊരു സാധനം ഉള്ളോണ്ട് ഏതു ജാതിക്കാർക്കും ഇപ്പോ പഠിക്കലോ..”
അവളുടെ മുഖം വാടി.
” ഇപ്പോ തോന്നണ്ടടി, അന്ന് മൂപ്പര് പറഞ്ഞപ്പോ പഠിക്കായിരുന്നൂന്നു.. അന്നേരം അങ്ങേരോട് കലിയായിരുന്നു. മ്മള് താന്ന ജാതിക്കാരായോണ്ട് കളിയാക്കണേ ആണെന്ന ഞാൻ ഓർത്തെ.. പക്ഷെ താഴെ നിന്നും മോളിലേക്കു വരാൻ കൂടുതൽ ശ്രദ്ധ എന്നിൽ വെച്ചതാണെന്നു എനിക്കപ്പൊ മനസ്സിലായില്ലെടി… എന്നെങ്കിലും കണ്ടാൽ ആ കാലിൽ കെട്ടിപ്പിടിച്ചു കരയണം എന്നുണ്ട്… നീ നോക്കിക്കോ ഒരീസം ഞാൻ പോവും.. നമ്മടെ മോനേം കൊണ്ടു.. മാഷിനെ കൊണ്ടു അവനെ ഞാൻ എഴുതിക്കും.. നീ നോക്കിക്കോ “
വേലായുധന്റെ ആ വാക്കുകൾ ഓർമിച്ച കാളിക്ക് മനസ്സിൽ തെല്ലും ആശ്വാസം തോന്നി.
റയിൽവേ സ്റ്റേഷനിൽ.
” മോനു എഴുതണം ? ” അവൻ അച്ഛനെ നോക്കി പറഞ്ഞു
” മാഷ് അവിടെ ഇല്ലല്ലോ മോനേ.. നമുക്ക് വേറൊരു ദിവസം എഴുതാട്ടോ.. “
” എനിക്ക് എഴുതണം..”
അവന്റെ വാശിക്കു മുന്നിൽ വേലായുധന് പിടിച്ചു നിക്കാൻ പറ്റില്ലായിരുന്നു..മാഷ് എത്ര പറഞ്ഞിട്ടും പേന പിടിക്കാൻ തന്റെ കൈകൾക്കു വിറയായിരുന്നു… തൊട്ടിൽ മീൻ പിടിക്കാനും അപ്പന്റെ ബീഡി കട്ട് വലിക്കാനും മാവിൽ കല്ലെറിയാനും ഓക്കെ ആയിരുന്നു തനിക്കു താല്പര്യം. തന്റെ കുഞ്ഞിന് പേനയോടും ബുക്കിനോടും ഉള്ള ഇഷ്ടം കാണുമ്പോൾ സന്തോഷം തോന്നും വേലായുധൻ ബാഗിൽ നിന്നും ബുക്കും പേനെയും എടുത്തു അവനു കുത്തി വരക്കാൻ കൊടുത്തു.അവൻ പേന കൊണ്ടു തലങ്ങും വിലങ്ങും വരക്കാൻ തുടങ്ങി.വേലായുധൻ മെല്ലെ കണ്ണുകൾ അടച്ചു.
അന്ന് പത്താം ക്ലാസ് തോറ്റ ദിവസം ആയിരുന്നു അവസാനമായി മാഷിനെ കണ്ടത്. റിസൾട്ട് അറിഞ്ഞു മറ്റു കുട്ടികൾ തുള്ളി ചാടുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു വിഷമം തോന്നി.. ദൂരെ വരാന്തയിൽ ബല്ലിരികിൽ നിന്നു കൊണ്ട് കണ്ണട കയറ്റി വെച്ചു മാഷ് തന്നെ നോക്കുന്നത് ഇപ്പോഴും ഓർമയുണ്ട്.മാഷിന്റെ മുഖത്ത് നോക്കാനാവാതെ ഞാൻ തല താഴ്ത്താൻ ശ്രമിച്ചു.ഞാൻ തോറ്റെന്നറിയുമ്പോ മാഷിന് സന്തോഷം ആവുമെന്ന് കരുതി.പക്ഷെ ആ മുഖം വാടിയിരുന്നു.
ആ വര്ഷം സ്കൂളിൽ നിന്നും മാഷ് മറ്റൊരിടത്തേക്ക് മാറി… പോവും മുന്നേ എനിക്കായി ഒരു കത്തു ജിമ്മിയെ ഏൽപ്പിച്ചിരുന്നു… ജിമ്മി.. മാഷിന്റെ പ്രിയപ്പെട്ട ശിഷ്യൻ… ഇന്നവൻ എവിടേയോ ci ആണ് .അവനെ പുകഴ്ത്തി പറയാൻ മാത്രമേ മാഷിന് സമയം ഉണ്ടായിരുന്നുള്ളു.
ആ കത്ത്… അതാണ് എന്നെ തകർത്തു കളഞ്ഞത്.. ” ഉയർന്ന മാർക്ക് വാങ്ങിയവർ ആരും ജീവിതത്തിൽ വിജയിച്ചിട്ടില്ല.ഉയർച്ചകളിലേക്കുള്ള വഴികളിൽ വിദ്യാഭ്യാസം അടിസ്ഥാനമായത് കൊണ്ടാണ് നിന്നോടു പഠിക്കാൻ പറഞ്ഞത്.അറിവും വിദ്യാഭ്യാസവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നു ഓർമിക്കുക.ചെരുപ്പുക്കുത്തിയുടെ മകൻ ചെരുപ്പ് കുത്തിയും കൂലിപ്പണിക്കാരന്റെ മകൻ കൂലിപ്പണിക്കാരനും ആകുന്ന കാലം മാറി.ഇന്ന് വിചാരിച്ചാൽ ആർക്കും എന്തും നേടാം.ചുറ്റുമുള്ളവരിൽ നിന്നും പഠിക്കുക. ജീവിതം അവസാനിക്കും വരെ പഠിത്തം നിർത്തരുത്. ഓരോ ആളുകളും ഓരോ പാഠമാണ്.എന്താവണം ഒപ്പം എന്താവരുത് എന്ന പാഠം.നമുക്ക് മാത്രമേ എല്ലാം അറിയൂ എന്ന് പൊട്ടക്കുളത്തിൽ കിടക്കുന്ന തവളയെ പോലെ ചിന്തിക്കരുത്.. നമുക്ക് ഇന്ന് അറിവുള്ളതെല്ലാം മറ്റുള്ളവരിൽ നിന്നും കിട്ടിയതാണെന്നു ഓർമ്മ വേണം.
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എങ്ങോട് പോണമെന്നു അറിയാതെ നിക്കുന്ന ഒരു നാൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും… നിനക്കെന്തിലാണോ കഴിവുള്ളത് അങ്ങോട്ട് പോ.. പഠിച്ചു നേടാൻ കഴിയില്ലെന്ന് ഉറപ്പാണെങ്കിൽ ചെയ്യാൻ കഴിയുന്നതിൽ ശ്രദ്ധിക്കു… നീ കൂലിപ്പണിക്കാരൻ ആണോ ആവാൻ ഉദ്ദേശിക്കുന്നെ? എങ്കിൽ നിന്റെ നാട്ടിലെ ഏറ്റവും നല്ല പണിക്കാരൻ നീ ആയിരിക്കണം.നീ ഡ്രൈവർ ആണോ ആകാൻ ഉദ്ദേശിക്കുന്നെ? എങ്കിൽ നിന്റെ നാട്ടിലെ ഏറ്റവും നല്ല ഡ്രൈവർ നീ ആയിരിക്കണം.. എന്ത് ജോലിയും ചെയ്തോ.. പക്ഷെ അതിൽ നിന്നെ വെല്ലാൻ മറ്റൊരാൾ ഉണ്ടാവരുത്… “
എന്നെ പോലെ ഉഴപ്പി നടന്നൊരു കുട്ടിയെ മാഷ് ഇത്രയും സ്നേഹത്തോടെ കണ്ടുരുന്നെങ്കിൽ പഠിക്കുന്ന കുട്ടികളെ അദ്ദേഹം എത്ര സ്നേഹിച്ചിരുന്നിരിക്കും.
” മോൻ ഇവിടുന്നു അനങ്ങല്ലേ…. അച്ഛൻ ദേ ആ കാടെന്നു മോനു പാലുവെള്ളം മേടിച്ചു വരാം.. ” അവൻ തലയാട്ടി. ഇടയ്ക്കിടെ തിരിഞ്ഞു നോക്കികൊണ്ട് വേലായുധൻ കടയിലേക്ക് നടന്നു
” മോൻ എന്നാ എഴുതുവാ? “
ചോദ്യം കേട്ടു അവൻ മാഷിന് നേരെ നോക്കി
” അ “
” ഇങ്ങനാണോ അ എഴുതുന്നെ? “
മാഷ് ചിരിച്ചു കൊണ്ടു ചോദിച്ചു.
അവൻ എന്ത് പറയണം എന്നറിയാതെ ഇരുന്നു.മാഷ് അടുത്തിരുന്നു ബുക്കു മാഷിന്റെ മടിയിലേക്കു വെച്ചു.. അവന്റെ കൈകൾ പിടിച്ചു എഴുതിച്ചു ” അ ” പറഞ്ഞെ
” അ ” കുഞ്ഞു സ്വരത്തിൽ അവൻ ഏറ്റു പറഞ്ഞു
” മിടുക്കൻ ” മാഷ് അവനെ അഭിനന്ദിച്ചു
” ഡോ “
നടന്നു വന്ന രണ്ട് പോലീസുകാർ മാഷിന്റെ അരികിലേക്ക് വേഗത്തിൽ വന്നു
” കൊച്ചിനെ തട്ടിക്കോണ്ട് പോവാൻ നോക്കുന്നോ ” അയ്യാൾ ലാത്തിക്കു മാഷിന്റെ കാലിനിട്ടു അടിച്ചു. അടികൊണ്ടു പുളഞ്ഞുകൊണ്ട് മാഷ് നിലത്തേക്ക് വീണു. മറ്റേ പോലീസുകാരൻ മാഷിന്റെ പുറത്തടിച്ചു. മാഷ് എണീറ്റു ഓടാൻ തുടങ്ങി. ഒരു പോലീസ് കാരൻ ലാത്തിയുമായി പുറകെ ഓടി. കുഞ്ഞു ഉച്ചത്തിൽ കരയാൻ തുടങ്ങി. അത് കേട്ടു വേലായുധൻ വേഗത്തിൽ ഓടി വന്നു കുഞ്ഞിനെ എടുത്തുകൊണ്ടു ഭയത്തോടെ പോലീസിനെ നോക്കി
” താനൊക്കെ എന്ത് തന്തയാടോ? ഈ ഇച്ചിരി ഇല്ലാത്തതിനെ ഒക്കെ ഒറ്റക്കിട്ടുട്ടു എന്ന ഒണ്ടാക്കാൻ പോയതാ? ഇപ്പൊ വെല്ല പിച്ചക്കാരും കൊണ്ടോയേനെ.. “
” സോറി സർ ” വേലായുധൻ വേവലാതിയോടെ പറഞ്ഞു
” കഷ്ടം “
അയ്യാൾ തിരിഞ്ഞു നടന്നു.
വേലായുധൻ അവനെയും കൊണ്ടു വീണ്ടും ബെഞ്ചിൽ ഇരുന്നു…. അവന്റെ നോട്ടം കുഞ്ഞിന്റെ ബുക്കിൽ പതിഞ്ഞു. ഒരു ഞെട്ടലോടെ അവൻ ബുക്കിൽ എഴുതി ഇരിക്കുന്ന അക്ഷരം കണ്ടു.
‘ ” അ ” എന്ന് പോലും നേരെ പാങ്ങനെ എഴുതാൻ അറിയില്ല.. നീയൊക്കെ എന്നാ പഠിക്കാൻ വന്നതാടാ? ‘ ചന്തിക്കു നുള്ളി തിരിച്ചു കൊണ്ടുള്ള നാരായണൻ മാഷിന്റെ ചോദ്യവും. അദ്ദേഹത്തിന്റെ കയ്യക്ഷരവും ഒരു വിദ്യാര്തിയും ജീവിതത്തിൽ മറക്കില്ല.
” ഇതാരാ മോനെക്കൊണ്ട് എഴുതിച്ചേ? “
” അപ്പൂപ്പൻ “
കലങ്ങിയ കണ്ണുകളോടെ അവൻ പറഞ്ഞു
” ഏതപ്പൂപ്പൻ ? “
അവൻ പോലീസ് പോയിടത്തേക്ക് കൈ ചൂണ്ടി…
മോനെയും എടുത്തുകൊണ്ടു വേലായുധൻ ആ ഭാഗത്തേക്ക് ഓടി… അയ്യാളെ തുരത്തി കൊണ്ടിരുന്ന പോലീസുകാർ മടങ്ങി വരുന്നുണ്ടായിരുന്നു
” അയ്യാളെ കിട്ടിയില്ലേ സാർ? “
” അവൻ ആ വെസ്റ്റ് കൂട്ടത്തിന്റെ ഉള്ളിലേക്ക് ഓടി കയറി.. നാറിയിട്ടു അവിടെങ്ങും നിക്കാൻ മേലാ “അതും പറഞ്ഞു പോലീസുകാർ നടന്നകന്നു.
വേലായുധൻ കുഞ്ഞുമായി വേസ്റ്റിന്റെ ഒരു വശം നിന്നു നോക്കി..
മാഷ് മറുവശം വലിച്ചെറിയപെട്ട ഭക്ഷണ പൊതികളിൽ നിന്നും വേസ്റ്റുകൾ വാരി തിന്നു കൊണ്ടിരുന്നു. ഒരു വശം നടന്നു നോക്കിയ വേലായുധൻ മോനുമായി മറുവശത്തേക്കു നടന്നു. മറു വശത്തുണ്ടായിരുന്ന വെസ്റ്റ് മുഴുവൻ തിന്ന മാഷ് അടുത്ത പൊതി തേടി ഇപ്പുറത്തേക്ക് നടന്നു.
അത് എഴുതുച്ചത് മാഷ് തന്നെ ആയിരിക്കുമോ എന്ന ചിന്തയിൽ അയ്യാളെ കാണാത്തതിന്റെ നിരാശയിൽ വേലായുധൻ കുഞ്ഞുമായി സ്റ്റേഷനിലേക്ക് നടന്നു. എന്നെങ്കിലും ഒരിക്കൽ തന്റെ പ്രിയപ്പെട്ട മാഷിനെ കണ്ടു മുട്ടും എന്ന പ്രതീക്ഷയോടെ.