അടുത്ത ചിത്രം എന്തായിരിക്കുമെന്ന് അറിയാന്‍ അവള്‍ ആകാംശയോടെ രണ്ടാമത്തേത്…….

മൈ ബാഡ് ലവര്‍

എഴുത്ത്:-ആദി വിഹാൻ

മേഘപാളികള്‍ക്കിടയില്‍ ഫ്ലൈറ്റിന് വിറയല്‍ അനുഭവപ്പെട്ടപ്പോള്‍ ഉറക്കം നഷ്ടമായ ആര്യന്‍ ജാലകത്തിലൂടെ താഴേക്ക്നോക്കി.. താഴെ പച്ചപുതച്ച് നില്‍ക്കുന്ന നേപ്പാളിന്‍റെ മനോഹരമായ മലനിരകകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്…

ഫ്ലൈറ്റ് വളരെ താഴ്ന്നാണ് പറക്കുന്നത്…

കൂണുകള്‍ പോലെ അവിടെയിവിടെയായി ഒറ്റപ്പെട്ടുകിടക്കുന്ന ചില വീടുകള്‍ അവന്‍റെ ശ്രദ്ധയില്‍പെട്ടു.. അവിടെ ഉറുമ്പുകളെപോലെ ചില മനുഷ്യരും ഏതാനും കന്നുകാലികളും ചലിക്കുന്നു..

അനേകംകോടി വര്‍ഷങ്ങള്‍ക്കപ്പുറം ഈ മലനിരകളില്‍ ഇതുപോലെ ദിനോസറുകള്‍ വിഹരിച്ചിരുന്നു.. ഇനി മനുഷ്യകുലത്തിനപ്പുറം പരിണാമദിശയില്‍ മറ്റൊരു ജീവിവര്‍ഗ്ഗം ഈ ഭൂമിയില്‍ പൊട്ടിമുളക്കുമായിരിക്കും.. അങ്ങിനെ യെങ്കില്‍ അവരും അവരുടെ പൂര്‍വ്വവര്‍ഗ്ഗമായ മനുഷ്യകുലത്തെ കുറിച്ച് ഓര്‍ക്കുമായിരിക്കും..

കാഴ്ചകള്‍ ചിലപ്പോളെല്ലാം ആര്യന്‍റെ മനസിനെ ഉത്തരത്തെ വ്യാഖ്യാനിക്കാന്‍ കഴിയാത്ത ചില ചോദ്യങ്ങളലേക്കിട്ട് കൊടുക്കും.. പിന്നെ ഇല്ലാത്ത ഒരു ഉത്തരത്തെ തേടി അവന്‍റെ മനസ് ശൂന്യതയില്‍ അലഞ്ഞ്തിരിയും..

”മനുഷ്യന്‍ ഒരു വിഡ്ഡിവര്‍ഗ്ഗം തന്നെയാണ്..” ഒരു തമാശ ആസ്വദിച്ചെന്ന പോലെ ആര്യന്‍ പരിസരംമറന്ന് ഉറക്കെ ചിരിച്ചു..

ജീന്‍സും ടീ ഷര്‍ട്ടുംധരിച്ച ആരോഗ്യവാനായ ചെറുപ്പക്കാരനെ ഫ്ലൈറ്റിലെ അടുത്ത സീറ്റിലിരിക്കുന്ന സഹയാത്രിക ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായിട്ടുണ്ടായിരുന്നു..

കഴുത്തിലണിഞ്ഞ രുദ്രാക്ഷംപോലെയുളള മാലകളും കൂളിംഗ് ഗ്ലാസും കാതിലെ ഒറ്റക്കടുക്കനും കൈയിലേയും കഴുത്തിലേയും റ്റാറ്റൂകളും ഒറ്റക്കിരുന്ന് അസ്വാഭാവികമായി സംസാരിക്കുന്നതും കണ്ട് അവര്‍ പരിഭ്രമിച്ചു..

”എനി പ്രോബ്ളം സാര്‍.?”

ചോദ്യംകേട്ട് ആര്യന് പരിസരബോധമുണ്ടായി..

”നത്തിംഗ് മാഡം.. ആം ഓക്കെ…” ആര്യന്‍ അച്ചടക്കമുളള കുട്ടിയെപോലെ സീറ്റില്‍ചാരി നിശബ്ദനായി ഇരുന്നു..

പത്ത്മിനിറ്റ് കഴിഞ്ഞപ്പോളേക്കും ഫ്ലൈറ്റ് ലാന്‍റിംഗ് അടുത്തെന്നുളള സന്ദേശമെത്തി.. എല്ലാവരും സീറ്റ് ബെല്‍റ്റിട്ട് തയ്യാറായി ഇരുന്നു..

കാഡ്മണ്ഠു എയര്‍പോര്‍ട്ടില്‍ വൈകിയിട്ട് നാലുമണിയോടെ ഫ്ലൈറ്റ് റണ്‍വേയിലിറങ്ങി, ആര്യന്‍ ബാഗെടുത്ത് പുറത്തേക്ക് നടന്നു..

ദരിദ്രരാജ്യമാണ് നേപ്പാള്‍.. ഇന്ത്യന്‍ മണിയെപോലെ അല്‍പം മൂല്യമുണ്ടാവണം തനിക്കിവിടെ… ഉന്നതനും താഴ്ന്നവനും സമമാവില്ലെന്ന ഒരു സമവാക്യമുളളത് ഓര്‍ത്തപ്പോള്‍ അവന്‍ വീണ്ടും ചിരിച്ചു..

ഏര്‍പോര്‍ട്ടിന് പുറത്ത് കുറച്ചുപേര്‍ പ്ലേകാര്‍ഡുകള്‍ പിടിച്ചു നില്‍പുണ്ടായിരുന്നു.. ആര്യന്‍ അതില്‍ തന്‍റെ പേര് തിരഞ്ഞു.. ഹോട്ടലിലേക്ക് കൊണ്ടുപോവാനുളള ആള്‍ പുറത്ത് പേരെഴുതിയ പ്ലേകാര്‍ഡുമായി കാത്ത് നില്‍ക്കുമെന്നാണ് ട്രാവല്‍സുകാര്‍ പറഞ്ഞിരുന്നത്.. പക്ഷേ കാണുന്നില്ല..

സമയം നീങ്ങികൊണ്ടിരുന്നു.. സഹയാത്രികരെല്ലാം പലവഴിക്കായി പോയ്മറഞ്ഞു.. ഒരു ബന്ദ് ദിനത്തിലെ ബസ്റ്റാന്‍റ്പോലെ ആളും വാഹനങ്ങളും ഒഴിഞ്ഞ കാഡ്മണ്ഠുവിലെ ചെറിയ എയര്‍പോര്‍ട്ടിന് മുന്‍പില്‍ ആര്യന്‍ മുഷിപ്പോടെ നിന്നു..

എയര്‍പോര്‍ട്ടിന് പുറത്ത് സുന്ദരിയായി പുഞ്ചിരിച്ച് നില്‍ക്കുന്ന നേപ്പാളിന്‍റെ പ്രാദേശികമായ ഒരു ദേവിയുടെ ചിത്രം അവന്‍ കണ്ടു.. ദേശങ്ങള്‍ക്കനുസരിച്ച് ദൈവത്തിന്‍റെ പേരും രൂപവുംമാറുന്നു..

അപ്പോള്‍ വര്‍ഗ്ഗത്തിനനുസരിച്ചും ദൈവത്തിന് മാറ്റമുണ്ടാവണ്ടേയെന്ന് അവന്‍ ചിന്തിച്ചു.. ഒരു പശു അതിന്‍റെ ദൈവത്തെ എങ്ങനെയാവും കാണുക.? തീര്‍ച്ചയായും അത് ഒരു തടിച്ച് കൊഴുത്ത പശുതന്നെയായിരിക്കും..

കാടുകയറിയ ചിന്തക്ക് കടിഞ്ഞാണിട്ട് അവന്‍ സ്വയം പറഞ്ഞു.. ‘ദൈവം എന്നത് പ്രകോപനമായ ഒരു സമവാക്യം തന്നെയാണ്.’

എയര്‍പോര്‍ട്ടിന് പുറത്ത് മണിക്കൂര്‍ ഒന്നു കഴിഞ്ഞു.. ചില ടാക്സി ഡ്രൈവര്‍മാരെല്ലാം ഓട്ടത്തിനായി ആര്യനെ സമീപിച്ചെങ്കിലും പരിചയമില്ലാത്ത നാട്ടില്‍ എങ്ങോട്ടാണ് പോവേണ്ടതെന്ന് അവനറിയില്ലായിരുന്നു.. ട്രാവല്‍സുകാര്‍ തന്നെ പറ്റിച്ചതായിരിക്കുമോ.?

മുഷിപ്പിനൊടുവില്‍ ചുമലിലുളള ബാഗ് എടുത്ത് നിലത്തേക്കിട്ട് അവന്‍ ദേഷ്യംതീര്‍ത്തു..

”സമയത്തിന്‍റെ വിലയെന്തന്നറിയാത്ത തെണ്ടികള്‍.”

ഒന്നു രണ്ടു നിമിഷങ്ങള്‍ക്കകം നിലത്തുളള ബാഗ് എടുത്ത് പൊടി തട്ടി തലോടിക്കൊണ്ട് അവന്‍ ബാഗിനോട് പറഞ്ഞു..

”സോറി.. നീയല്ല തെറ്റുകാരന്‍ വേദനിപ്പിച്ചതിന് ക്ഷമിക്കുക സുഹൃത്തെ..”

എയര്‍പോര്‍ട്ടിന് പുറത്തെ കോമ്പൗണ്ടില്‍ ബാഗ് തറയില്‍വച്ച് അതിനുമുകളില്‍ ചമ്രപ്പടിയിട്ട് ഒരു സന്യാസിയെപോലെ ധ്യാനനിരതനായി കണ്ണടച്ച് അവന്‍ ഇരുന്നു..

തൊട്ടപ്പുറത്ത് ഇരിക്കാന്‍ ചെയര്‍ ഉണ്ടായിട്ടും വാഹനങ്ങള്‍ പോകുന്ന വഴിയില്‍ ഇരിക്കുന്ന ചെറുപ്പക്കാരനെ കണ്ട് അതിലെവന്ന ഒരു ടാക്സിക്കാരന്‍ ചീത്ത പറഞ്ഞു..

”സാല പാഗല്‍.. രാസ്തേമെ ബൈട്ട്തേഹേ.. ഹട്ടോ.”

”നീ പോടാ തെണ്ടി.. ഞാന്‍ ഇവിടെതന്നെയിരിക്കും.. നിനക്കെന്ത് ചേദം.?” കണ്ണുതുറക്കാതെ ആര്യന്‍ മലയാളത്തിലാണ് അതിന് മറുപടികൊടുത്തത്..

കണ്ണുകള്‍ അടച്ചിരുന്നിട്ടും ഏകാഗ്രത നഷ്ടമായ അവന്‍ തലചൊറിഞ്ഞ് ചെവിയിലേക്ക് ഹെഡ്സെറ്റ് തിരുകി.. മൊബൈലില്‍ ഒരു സോംങ് പ്ലേ ചെയ്തു.. മ്യൂസിക്കിനൊത്ത് അവന്‍റെ ശിരസ് അങ്ങോട്ടും ഇങ്ങോടും താളത്തില്‍ ചാഞ്ചാടികൊണ്ടിരുന്നു..

അപ്പോളേക്കും സുന്ദരിയായ ഒരു പെണ്‍കുട്ടി എയര്‍പോര്‍ട്ട് പരിസരത്തേക്ക് പരിഭ്രമത്തോടെ ഒരു പ്ലേകാര്‍ഡും കൈയിലേന്തി ആരെയോതിരഞ്ഞ് ഓടിയെത്തി..

എയര്‍പോര്‍ട്ട് പരിസരം ശൂന്യമായിരുന്നു.. നിലത്ത്‌ ബാഗിന് മുകളിലിരിക്കുന്ന ആര്യന്‍റെ വേഷവിധാനങ്ങളും ആഭരണങ്ങളും പച്ചകുത്തലുകളുമെല്ലാം കണ്ടപ്പോള്‍ അവള്‍ സംശയിച്ചുനിന്നു..

അവള്‍ പ്രതീക്ഷിച്ച് വന്നപോലെയുളള ഒരാളായിരുന്നില്ല അവിടെ ഇരിക്കുന്നത്..

എയര്‍പോര്‍ട്ട് പരിസരത്ത് മറ്റു യാത്രക്കാര്‍ ആരുമില്ലെന്ന് ഒന്നു ചുറ്റി ഉറപ്പുവരുത്തി കണ്ണടച്ചിരിക്കുന്ന ആര്യനെ അവള്‍ പതിയെ വിളിച്ചു..

”സാര്‍… സാര്‍..”

അവന്‍റെ ശരീരത്തില്‍ തട്ടികൊണ്ടുളള രണ്ടാമത്തെ വിളിയില്‍ ആര്യന്‍ കണ്ണുതുറന്നു.. തന്‍റെ പേരെഴുതിയ പ്ലേകാര്‍ഡുമായിനില്‍ക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ അവന്‍ ദേഷ്യത്തോടെ നോക്കി..

അവളുടെ മുഖം ശ്രദ്ധിച്ച അവന്‍റെ കണ്ണുകള്‍ തിളങ്ങി… വളരെ പരിചിതമായ ഒരു മുഖമായിരുന്നു അവള്‍ക്ക്.. പക്ഷേ എവിടേയാണ് കണ്ടിട്ടുളളതെന്ന് ആര്യന് ഓര്‍മ്മവന്നില്ല.. അവന്‍ തലചൊറിഞ്ഞ് കൗതുകത്തോടെ അവളെ അടിമുടി വീക്ഷിച്ചു..

ലൈറ്റ് ബ്ലൂ കളറിലുളള ജീന്‍സും വൈറ്റ് ടീ ഷര്‍ട്ടുമാണ് വേഷം..

ശരീരത്തില്‍ ഇറുകിപ്പിടിച്ച് നില്‍ക്കുന്ന അവളുടെ വസ്ത്രങ്ങള്‍ അവളുടെ ആകാരവടിവുകളുടെ ഭംഗി പ്രദര്‍ശിപ്പിച്ചിരുന്നു.. തലമുടി കുതിരവാല്‍പോലെ ഭംഗിയായി ബ്രൗണ്‍കളറില്‍ പുറകിലേക്ക് കെട്ടിവച്ചിരുന്നു.. തിളക്കമുളള കണ്ണുകള്‍, മുഖത്തിന്‍റെ മാറ്റ് കൂട്ടി.. കറുത്ത ഫ്രെമുളള കണ്ണട അവളുടെ അഴക് പതിമടങ്ങാക്കി.. അറ്റംകൂര്‍ത്ത് വില്ലപോലെയുളള പുരികകൊടികള്‍.. ചായംതേച്ച മനോഹരമായ ചുണ്ടുകളും തുടുത്ത കവിളുകളും അവളെ ഏറെ ആകര്‍ഷണമുളളവളാക്കിയിരുന്നു..

പ്ലേകാര്‍ഡിലെ പേരുകാണിച്ചുകൊണ്ട് അവള്‍ ചോദിച്ചു..

”ആര്യന്‍.”

”യെസ് ഡാര്‍ലിംഗ്.. ആം ആര്യന്‍. യൂവര്‍ ഗുഡ് നേം പ്ലീസ്.”

”കോള്‍ മീ അദിതി.”പുഞ്ചിരിയോടെ മറുപടിനല്‍കിയ അവള്‍ ക്ഷമാപണവും നടത്തി..

”സോറീ സാര്‍.. തോടാ ലേറ്റ് ഹോഗയാ.”

”നോ പ്രോബ്ളം ഡിയര്‍.” നേരംവൈകിയതിനുളളത് നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെന്ന് മനസില്‍ പറഞ്ഞ് ആര്യന്‍ ചെവിയില്‍ നിന്നും ഹെഡ്സെറ്റ് ഊരി പോക്കറ്റിലിട്ടു..

ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ സഹായിക്കാനായി അവന്‍ അവള്‍ക്കുനേരെ കൈ നീട്ടി..

”ഗിവ്മീ ഹാന്‍റ്.. പ്ലീസ്.”

പെണ്‍കുട്ടി ആദ്യം ഒന്നുമടിച്ചെങ്കിലും പിന്നെ ആര്യന് എഴുന്നേല്‍ക്കാനായി അവള്‍ കൈകൊടുത്തു..

നിലത്ത് നിന്നും എഴുന്നേല്‍ക്കുന്നതിനൊപ്പം അദിതിയുടെ മാര്‍ദ്ദവമുളള കൈ പിടിച്ച് ആര്യന്‍ നല്ലോണം ഒന്നു ഞെരിച്ചുവിട്ടു.. വേദനകൊണ്ട് കൈ പിന്‍വലിച്ച് അവള്‍ കൈകുടഞ്ഞ് ആര്യനെ രൂക്ഷമായി നോക്കി..

”പാഗല്‍ ആത്മീഹേ യെ..”

അദിതിയുടെ പരിഭവം കേട്ട് ആര്യന്‍ ഉറക്കെ ചിരിച്ചു.. ”ഓഫ്കോഴ്സ്..! സം ടൈം ആം എ മാഡ് പേഴ്സണ്‍..”

ബാഗ് എടുത്ത് ചുമലിലേക്കിടുമ്പോള്‍ അവന്‍ അദിതിയുടെ ഐലൈനര്‍ ഇട്ട് മനോഹരമാക്കിയ കണ്ണുകളിലേക്ക് നോക്കി.. കണ്ടുപരിജയമുളള കണ്ണുകള്‍.. പക്ഷേ എവിടെ.. എങ്ങിനെ.?

അദിതി ഏറെ സുന്ദരിയാണെന്നും അവള്‍ക്ക് ഒരു ലൗവ്വര്‍ ഇല്ലെങ്കില്‍ ആ സ്ഥാനം തനിക്കുതരുമോയെന്നും ആര്യന്‍ തമാശരൂപേണെ ചോദിച്ചു..

അത് അവള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.. കോപത്തോടെ നിന്നിരുന്ന അവളുടെ മുഖം തുടുത്തു.. ”താങ്ക്യൂ.. ഐ ഹാവ് എ ബോയ്ഫ്രണ്ട്.”

ആര്യനും സുന്ദരനാണെന്ന് അവള്‍ പുഞ്ചിരിയോടെ മൊഴിഞ്ഞു..

തന്നെ കൊണ്ടുപോവാന്‍ അദിതിയെന്ന സുന്ദരിപ്പെങ്കൊച്ചിനെയല്ലാതെ അവളുടെ പക്കല്‍ വാഹനം കാണാത്തപ്പോള്‍ അവന്‍ ചോദിച്ചു..

”ഗാഡീ കിതര്‍ഹേ യാര്‍.?”

എയര്‍പോര്‍ട്ടിന്‍റെ പുറത്ത് കുറച്ചുദൂരം അപ്പുറത്താണ് കാര്‍ നിര്‍ത്തിയിരിക്കുന്നതെന്നു അങ്ങോട്ട് നടക്കണം എന്നും ക്ഷമാപണത്തോടെ അവനോട് അവള്‍ പറഞ്ഞു..

ഇവള്‍ എന്നെ കഷ്ടപ്പെടുത്തും എനിക്കുറപ്പാണെന്ന അത്മഗതത്തോടെ അദിതിക്ക് പുറകില്‍ ആര്യന്‍ എയര്‍പോട്ടിന് പുറത്തേക്ക് നടന്നു..

ഒന്നിച്ചുളള നടത്തത്തില്‍ അവളോട് പലകാര്യങ്ങളും അവന്‍ അന്വേഷിച്ചു.. യാത്രയിലുണ്ടായ തമാശകള്‍ പറഞ്ഞ് ചിരിച്ചു.. ആര്യന്‍റെ പെരുമാറ്റം ദീര്‍ഘ നാളത്തെ പരിജയമുളള ഒരാളേപോലെയായിരുന്നു..

ആര്യന്‍റെ പെരുമാറ്റത്തിലും സംസാരത്തിലും മറ്റുളളവരെ അവനിലേക്ക് ആകര്‍ഷിപ്പിക്കുന്ന എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് അവള്‍ക്കുതോന്നി..

ഏതു നേരവും സന്തോഷമുഖത്തോടെ ഇടപഴകുന്ന ആര്യനെ അവള്‍ കൗതുകത്തോടെ നോക്കി.. ആര്യന്‍റെ രൂപവും അവന്‍റെ പെരുമാറ്റങ്ങളും തമ്മില്‍ വലിയവ്യത്യാസങ്ങളുണ്ട്..

ആദ്യം കണ്ടപ്പോള്‍ തോന്നിയ ഒരു പ്രതിച്ഛായയല്ല ഇപ്പോള്‍ അവളുടെ മനസില്‍ അവനുളളതെന്നോര്‍ത്ത് അവള്‍ക്ക് ചിരിവന്നു..

റോഡിലൂടെ കുറേ ദൂരം നടന്ന് അവര്‍ ഒരു മരത്തിന് ചുവട്ടില്‍ നിര്‍ത്തിയിട്ട കാറിനടുത്തെത്തി.. ഒരു പ്രൈവറ്റ് കാറായിരുന്നു അവളുടെത്..

ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന അദിതി കാറിന് കീ കൊടുത്തെങ്കിലും കാര്‍ കൊക്കിക്കുരച്ച് ഓഫായി..

രണ്ടുമൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടപ്പെട്ടപ്പോള്‍ അവള്‍ പുറത്തിറങ്ങി ബോണറ്റ് തുറന്നു..

ആര്യന്‍ കാറിന് പുറത്തിറങ്ങി ചുറ്റുപാടും നോക്കി.. നേപ്പാളില്‍ ആദ്യമായിട്ടാണ് താന്‍ പക്ഷേ പരിചിതമുളള ഒരു ചുറ്റുപാടാണുളളതെന്ന് അവനില്‍ അല്‍പം കണ്‍ഫ്യൂഷനുണ്ടാക്കി..

കാര്‍ കേടായത് കൊണ്ടാണ് തന്നെ പിക്കപ്പ് ചെയ്യാന്‍ അദിതി വൈകിയതെന്ന് ആര്യന് മനസിലായി.. എങ്കിലും അവളുടെ പ്രവൃത്തികളെല്ലാം വീക്ഷിച്ച് അവള്‍ക്കരികില്‍ ആര്യന്‍ ക്ഷമയോടെ കാത്തുനിന്നു..

പരിജയമുളള ഒരു കാര്‍ മെക്കാനിക്കിനെപോലെ അവള്‍ ഒരോന്നും ആര്യനോട് വിശദീകരിച്ച് കാറിന്‍റെ എഞ്ചിനും കണക്ഷനുകളും ഓയിലും ഒരോന്നായി ചെക്ക് ചെയ്തുകൊണ്ടിരുന്നു..

ബോണറ്റിന് മുകളില്‍ കുനിഞ്ഞ് നിന്ന് കാറിന്‍റെ കേടുപാടുകള്‍ തീര്‍ക്കുന്ന സമയം അദിതിയുടെ തലമുടികെട്ടിവച്ച റിബ്ബന്‍ ബോണറ്റിലെ ഒരു കൊളുത്തില്‍ ഉടക്കി.. ഉടക്കില്‍നിന്നും തലരക്ഷപ്പെടുത്താനായി വലിച്ചതും റിബ്ബന്‍ വലിഞ്ഞ് പൊട്ടി തലമുടി അവളുടെ മുഖത്തേക്ക് ഊര്‍ന്ന് വീണു..

കുനിഞ്ഞ് നിന്നുളള അവളുടെ ജോലിയെ തലമുടി തടസപ്പെടുത്തി.. കൈകളില്‍ നിറയെ വണ്ടിയില്‍നിന്നുളള കറുത്ത ഓയിലും ഗ്രീസുമായിരുന്നത് കൊണ്ട് അവള്‍ക്ക് സ്വന്തം തലമുടി കെട്ടിവെക്കാന്‍ ആവുമായിരുന്നില്ല..

അവള്‍ ഒരു സഹായത്തിനായി ആര്യനെ നോക്കി.. നോട്ടത്തിന്‍റെ അര്‍ത്ഥം അവന് മനസിലായി..

”നോ ടെന്‍ഷന്‍..”

തന്‍റെ ഇടതുകൈയിലിട്ടിരുന്ന വീതിയുളള ഒരു ബ്ലാക്ക് റബ്ബര്‍ബാന്‍റ് ഊരിയെടുത്ത് ചുണ്ടില്‍ അമര്‍ത്തിപ്പിടിച്ച് അവന്‍ അവള്‍ക്ക് അഭിമുഖമായിനിന്നു..

അവളുടെ തലമുടിയെ കോര്‍ത്തെടുക്കാനായി അവന്‍റെ ഇരു കൈകളും അവളുടെ മനോഹരമായ കവിളുകളെ തഴുകിത്തലോടി കടന്നുപോയി.. കാരണമില്ലാതെ അദിതിയുടെ ഹൃദയം പടപടാന്ന് മിടിക്കാന്‍ തുടങ്ങി.. മുഖത്തേക്ക് വീണുകിടക്കുന്ന അവളുടെ തലമുടിയിഴകളെ മുഴുവനായും കോര്‍ത്തെടുത്ത് അവന്‍ ഉയര്‍ത്തിപ്പിടിച്ചു..

ആ സമയം അവളുടെ മുഖം അവന്‍റെ നെഞ്ചില്‍ തട്ടിതട്ടിയില്ല എന്നവിധത്തിലാണ് നിന്നിരുന്നത്.. അവന്‍റെ വിരിഞ്ഞമാറിടത്തെ മറച്ച ടീഷര്‍ട്ടില്‍ നിന്നും പുറപ്പെടുന്ന പെര്‍ഫ്യൂമിന്‍റെ ഗന്ധം അവള്‍ക്ക് ഏറെ പ്രിയങ്കരമായി അനുഭവപ്പെട്ടു..

പരിചിതമായ ഒരാളെപോലെ ആര്യന്‍ തലമുടി അവളുടെ തലക്ക് മുകളിലായി റബ്ബര്‍ബാന്‍റിട്ട് നിര്‍ത്തി.. പിന്നെ അവളുടെ ഇരുകവിളുകളിലും പിടിച്ച് ഇരുവശത്തേക്കും തിരിച്ച് ഓക്കെയാണോ എന്ന് മാറിമാറി നോക്കി അവന്‍ പറഞ്ഞു..

”മനോഹരം..”

മലയാളം മനസിലായില്ലെങ്കിലും തന്നെ പുകഴ്തിയതാണെന്ന് മനസിലായ അവള്‍ അവന്‍റെ വായില്‍നിന്നും അത് വീണ്ടും കേള്‍ക്കാനായി കുസൃദിയോടെ ചോദിച്ചു..

”ക്യാ ബോലാ.?”

”ലൈക്ക് എ ഏഞ്ചല്‍..”

അദിതി അവന് ഒരു പുഞ്ചിരി സമ്മാനിച്ചു.. ”താങ്ക്യൂൂ.?”

തലമുടി കെട്ടിവച്ചതില്‍ എന്തോ കുറവുളള ഭാവത്തില്‍ അദിതിയെ സൂക്ഷിച്ചുനോക്കികൊണ്ട് അവന്‍ അവളെ ഒന്നുവലംവച്ചു..

അദിതി നെറ്റിചുളിച്ച് കൗതുകത്തോടെ ആര്യനെ നോക്കി..

”ക്യാഹേ.. എനി പ്രോബ്ളം സാര്‍.?”

”യെസ്..” ഓഫ്കോഴ്സ് എന്നുപറഞ്ഞ് ആര്യന്‍ ഇരു കൈകള്‍കൊണ്ടും പതിയെ അവളുടെ കവിളുകള്‍ കോരിയെടുത്ത് തന്നിലേക്ക് അടുപ്പിച്ചു.. പിന്നെ അവളുടെ കണ്ണുകളില്‍നോക്കി റോസാപ്പൂവിതള്‍പോലെ മനോഹരമായ അവളുടെ ചുണ്ടില്‍ ഒരു മുത്തംകൊടുത്തു..

ഒട്ടും പ്രതീക്ഷിക്കാത്ത അവന്‍റെ പ്രവര്‍ത്തിയില്‍ ഞെട്ടിത്തരിച്ച് പുറകോട്ടു മാറിയ അവളുടെ ഗ്രീസ് പുരണ്ട വലതുകൈ ആര്യന്‍റെ കവിളില്‍ പതിഞ്ഞു..

”ഹൗ ഡയര്‍ യൂ..”

അടികൊണ്ട ആര്യന്‍ ഭാവമാറ്റമൊന്നുമില്ലാതെ കവിളില്‍പതിഞ്ഞ കറുത്ത ഗ്രീസ് തുടച്ച് അതിലേക്ക് നോക്കി ഉറക്കെ ചിരിച്ചു..

”ഇത് ഏറെ പ്രിയപ്പെട്ട എന്‍റെ ഓര്‍മ്മകളില്‍ സൂക്ഷിച്ചിട്ടുളളതാണ്.. വിചിത്രമായിരിക്കുന്നു കാര്യങ്ങള്‍.”

ആര്യന്‍ മലയാളത്തില്‍ പറഞ്ഞതെന്താണെന്ന് അവള്‍ക്ക് മനസിലായില്ലെങ്കിലും കാര്‍ ശരിയാക്കുന്ന സമയം നേപ്പാള്‍ ഭാഷയില്‍ അവള്‍ ആര്യനെ എന്തെല്ലാമൊക്കെയോ ദേഷ്യത്തില്‍ പറയുന്നുണ്ടായിരുന്നു.. അത് തെറിയായിരിക്കുമെന്ന് അവന്‍ ഊഹിച്ചു..

അല്‍പ സമയത്തിനകം കോപത്തോടെ ബോണറ്റ് ഉറക്കെ അടച്ച് കൈ കഴുകിത്തുടച്ച് അവള്‍ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നു..

ആര്യന് താമസിക്കാനുളള ഹോട്ടലിലേക്കുളള യാത്രയില്‍ പ്രകൃതിയെ ഇരുട്ടു പുതച്ചിരുന്നു..

യാത്രയില്‍ ആര്യന്‍ പലകാര്യങ്ങളും ചോദിച്ചും പറഞ്ഞും കൊണ്ടിരുന്നു പക്ഷേ അവള്‍ ഒന്നിനും മറുപടിനല്‍കിയില്ല..

ഇടക്കിടക്ക് അവന്‍റെ കമന്‍റുകള്‍ക്ക് അവള്‍ ദേഷ്യത്തോടെ പിറുപിറുത്തുളള കഠിന നോട്ടങ്ങള്‍ സമ്മാനിച്ചു..

യാത്രയില്‍ ആര്യന്‍ ചുറ്റുപാടുകളെ വീക്ഷിച്ചു.. ടൂറിസ്റ്റുകള്‍ ഏറെയുണ്ട് വഴിയോരങ്ങളില്‍… പരമ്പരാഗതമായ വേഷംധരിച്ച നേപ്പാളികള്‍.. മോഡേണ്‍ യുവതലമുറ കൈകോര്‍ത്തുനടക്കുന്ന ഗല്ലികള്‍.. മേനിവെളിവാക്കുന്ന കുട്ടിയുടുപ്പിട്ട് നടക്കുന്ന അനേകം സുന്ദരികള്‍.. ഇടവിട്ട് ലിക്കര്‍ ഷോപ്പുകളും ഡാന്‍സ് ബാറുകളും.. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന അനേകം വഴിയോരകച്ചവടങ്ങള്‍ അവയെല്ലാം തെരുവിനെ സജീവമാക്കുന്നു.. കാഡ്മണ്ഠു നഗരം ഒരു മിനി തായ്ലന്‍റാണെന്ന് അവനറിയാമായിരുന്നു..

പണം ഉണ്ടെങ്കില്‍ ആവശ്യമുളളത് എന്തും മുന്‍പിലെത്തിച്ചുതരാന്‍ നിരവധിഏജന്‍റുമാര്‍..

ആര്യന് ബുക്ക് ചെയ്ത ഹോട്ടലിന് മുന്‍പില്‍ കാര്‍ എത്തിച്ച് അദിതി തന്‍റെ വാടകക്കായി കാത്തുനിന്നു..

ഡോര്‍തുറന്ന് പറത്തിറങ്ങിയ ആര്യന്‍ ആവശ്യമുളളത് എടുക്കാന്‍ പറഞ്ഞ് തന്‍റെ പേഴ്സ് അവള്‍ക്കു നേരെ നീട്ടി.. അദിതി അവളുടെ ഓട്ടത്തിനുളള ഇന്ത്യന്‍മണിയെടുത്ത് പേഴ്സ് അവനുതന്നെ തിരികെ നല്‍കി..

ചാര്‍ജ് വാങ്ങി ആര്യനെ ഒന്ന് നോക്കുകകൂടി ചെയ്യാതെ കാര്‍ ഓടിച്ചുപോകാന്‍ തുനിഞ്ഞ അവളെനോക്കി അവന്‍ പറഞ്ഞു..

”വണ്‍ മിനിറ്റ് പ്ലീസ്..”

ബാഗില്‍നിന്നും എന്തോ എടുക്കാന്‍ ശ്രമിക്കുന്ന അവനെ നോക്കി പരുക്കന്‍ ഭാഷയില്‍ അവള്‍ ചോദിച്ചു..

”അഭി തുംക്കോ ക്യാ ചാഹിയേ..?”

നിങ്ങള്‍ക്ക് ഇനി എന്തുവേണമെന്ന അവളുടെ ചോദ്യത്തിനുത്തരമായി വലിയ ബാഗില്‍ നിന്നും ആര്യന്‍ അത്യാവശ്യം നീളവും വീതിയുമുളള ഒരു തടിച്ച ബുക്ക് പുറത്തേക്കെടുത്തു..

അതൊരു പെയ്ന്‍റിംഗ് ബുക്കായിരുന്നു.. ഏതാനും താളുകള്‍ മറിച്ച് അതില്‍നിന്നും കട്ടിയുളള രണ്ട് ഏടുകള്‍ ശക്തി ഉപയോഗിച്ച് പറിച്ചെടുത്ത് അദിതിയുടെ നേരേ നീട്ടി..

”ഫോര്‍ യൂ.. മൈ സ്വീറ്റ് ഫ്രണ്ട്.”

ആര്യന്‍റെ കൈയില്‍നിന്നും താല്‍പര്യമില്ലാത്ത മുഖഭാവത്തോടെയാണ് അദിതി അത് വാങ്ങിയത്.. ഒന്ന് കണ്ണോടിക്കുകപോലും ചെയ്യാതെ ദേഷ്യത്തോടെ അവളത് അലക്ഷ്യമായി ഒഴിഞ്ഞ പിന്‍ സീറ്റിലേക്കിട്ടു.. അവനോട് യാത്ര പറയാതെ അവള്‍ സ്പീഡില്‍ കാറോടിച്ച് പോയി..

കണ്ണില്‍നിന്നും അകന്നുപോകുന്ന കാറിന് കൈ വീശി കാണിക്കുമ്പോള്‍ അവന്‍ സ്വയംപറഞ്ഞു..

”ചില ഭ്രാന്തുകള്‍ ഏറെ മനോഹരമാണ്.. അതിന്‍റെ അര്‍ത്ഥങ്ങളില്‍ നമ്മള്‍ വെളിച്ചം ചികഞ്ഞു ചെല്ലാതിരുന്നാല്‍ മാത്രം.”

പുറകില്‍നിന്നും ആര്യന്‍ കൈവീശികാണിക്കുന്നത് കാറിന്‍റെ കണ്ണാടിയില്‍കൂടി അദിതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. വളരെ ചുരുങ്ങിയ സമയമാണെങ്കിലും ആര്യന്‍റെ ഇടപഴകലും സംസാരവും ഒരു നീണ്ടകാലത്തിന്‍റെ സൗഹൃദം അവള്‍ക്ക് സമ്മാനിച്ചിരുന്നു.. കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ അവള്‍ ആര്യന്‍ മുത്തംകൊടുത്ത ചുണ്ടുകള്‍ തുടച്ച് പുഞ്ചിരിയോടെ പറഞ്ഞു..

”ഒഫ്കോര്‍സ്.. ഹി ഈസ് എ ബാഡ് മാന്‍.. ബട്ട് ഐ ലൈക്ക് ഹിം.”

അല്‍പദൂരം സഞ്ചരിച്ചപ്പോള്‍ രണ്ട് വൃദ്ധ ദമ്പതികളെ അദിതി ഓട്ടത്തിനായി സമീപിച്ചു… പുറകിലെ ഡോര്‍തുറന്ന് കയറിയ അവര്‍ പോകേണ്ടസ്ഥലം പറഞ്ഞ് സീറ്റില്‍ കയറിയിരുന്നു..

യാത്രക്കിടയില്‍ പിന്‍സീറ്റില്‍ താഴേവീണുകിടക്കുന്ന പെയിന്‍റിങ്ങുകളില്‍ ഒന്ന് എടുത്തുനോക്കികൊണ്ട് അവരില്‍ ഒരാള്‍ നേപ്പാള്‍ ഭാഷയില്‍ ചോദിച്ചു…

”നന്നായിരിക്കുന്നു ഇത്.. കൂടെയുളളത് ആരാണ്..? നിന്‍റെ ബോയ്ഫ്രണ്ടാണോ.?”

ചോദ്യംകേട്ട് അദിതി കാറിന് നടുവിലുളള കണ്ണാടിയിലൂടെ പുറകിലേക്ക്നോക്കി.. ആര്യന്‍ കൊടുത്ത പെയിന്‍റിംഗ് നോക്കിയാണ് ചോദിക്കുന്നത്.. അവള്‍ക്ക് കാര്യം മനസിലായില്ല..

”എന്താണ് പറഞ്ഞത്.? ഞാന്‍ കേട്ടില്ല..”

”ഈ ചിത്രം ഏറെ ഭംഗിയുളളതാണ്.. ഇതില്‍ നിന്നോടൊപ്പുമുളള പയ്യന്‍ ആരാണ്..?”

അത്ഭുതത്തോടെ കാറിന്‍റെ ബ്രേക്ക് ചവിട്ടി നിര്‍ത്തി അവള്‍ പുറകിലേക്ക് തിരിഞ്ഞുനോക്കി..

”എന്നോടൊപ്പമോ.? എവിടെ നോക്കട്ടെ.?”

അരികുകള്‍ ചീന്തിക്കീറിയ കനമുളള ഏട് കൈനീട്ടിവാങ്ങിച്ച അവള്‍ അതിലെ ചിത്രംനോക്കി…

എയര്‍പോര്‍ട്ടില്‍ ബാഗിന് മുകളില്‍ ചമ്രംപടിഞ്ഞ് ഇരിക്കുന്ന ആര്യന് കൈകൊടുക്കുന്ന തന്‍റെ രൂപമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്..

പെയ്ന്‍റിംഗ് കണ്ട അവളുടെ നെറ്റിയില്‍ ചുളിവുകള്‍വീണു..

ഇത് എപ്പോള്‍ വരച്ചു..? യാത്രക്കിടയില്‍ ആര്യന് ഇങ്ങനെ ഒന്ന് വരക്കാന്‍ സമയംകിട്ടിയിട്ടില്ലെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു.. പിന്നെ എപ്പോളാണ് ഇത് വരച്ചിട്ടുണ്ടാവുക.? അവള്‍ ചിത്രത്തിന് താഴേയുളള ഡേറ്റ് നോക്കി.. അത് ഒരു വര്‍ഷം മുന്‍പത്തെ ഡേറ്റായിരുന്നു..

”ഇംപോസിബിള്‍.. ഇതെങ്ങനെ.?”

അത്ഭുതം അടക്കാന്‍ കഴിയാതെ അവള്‍ കാര്‍ ഒരിടത്ത് ചവിട്ടി ഒതുക്കി.. അടുത്ത ചിത്രം എന്തായിരിക്കുമെന്ന് അറിയാന്‍ അവള്‍ ആകാംശയോടെ രണ്ടാമത്തേത് വാങ്ങിച്ചുനോക്കി.. ചിത്രംകണ്ട് അവള്‍ക്ക് തന്‍റെ ശരീരം തളരുന്നതും ഉളളില്‍ ഭയം നിറയുന്നതും അനുഭവപ്പെട്ടു..

ദി ബ്യൂട്ടി ഒാഫ് നേപ്പാള്‍ എന്ന തലകെട്ടായിരുന്നു ചിത്രത്തിന്.. കേടായി കിടക്കുന്ന ബോണറ്റ് ഉയര്‍ത്തിവച്ച കാറും അതിനരികില്‍ അദിതിയുടെ ചുണ്ടില്‍ മുത്തം നല്‍കുന്ന ആര്യന്‍റെ ചിത്രമായിരുന്നു അത്..

രണ്ട് ചിത്രവും അദിതിയെ ഫോക്കസ് ചെയ്ത് കൃത്യമായി മനസിലാകത്തക്കമാണ് വരച്ചിരുന്നത്..

ചിത്രങ്ങള്‍ രണ്ടും മുന്‍സീറ്റിലേക്ക് വച്ച് അടക്കാനാവാത്ത ദേഷ്യവുമായി അവള്‍ ദൃതിയില്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരിക്കുമ്പോള്‍ പുറകില്‍ നിന്നും വൃദ്ധ ചോദ്യം ആവര്‍ത്തിച്ചു..

”ആരാണത് ബോയ്ഫ്രണ്ടാണോ.?”

”അല്ല, അതൊരു ചെകുത്താനായിരിക്കാനാണ് സാധ്യത.. തെമ്മാടി..” അവള്‍ ദേഷ്യത്തോടെ മറുപടിനല്‍കി..

ദമ്പതികളെ ഇറങ്ങേണ്ട സ്ഥത്തെത്തിച്ചപ്പോളേക്കും സമയം ഏറെ വൈകിയിരുന്നു..

അടുത്തദിവസമാണ് ആര്യന് താമസമൊരുക്കിയ വലിയ ഹോട്ടല്‍ റൂമിലേക്ക് അവളെത്തിയത്.. അവളുടെ ഉളളില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ടായിരുന്നു..

പാര്‍ക്കിംഗില്‍ കാര്‍ ഒതുക്കി രണ്ട് ചിത്രങ്ങളും കൈയില്‍പിടിച്ച് നാലാം നിലയിലുളള നാനൂറ്റി ഒന്‍പതാം നമ്പറിലുളള ആദിത്യന്‍റെ ഡോറില്‍ അവള്‍ തടരെതുടരെ ശബ്ദത്തില്‍ മുട്ടി..

എതാനും സെക്കന്‍റുകള്‍കുളളില്‍ വാതില്‍തുറക്കപ്പെട്ടു…

ബര്‍മുഡമാത്രം അണിഞ്ഞ് അതികായനും അര്‍ദ്ധനഗ്നനുമായി പുഞ്ചിരിച്ച മുഖവുമായി നില്‍ക്കുന്ന ആര്യനെ കണ്ട് അവള്‍ അന്തംവിട്ട്നിന്നു..

ആര്യന്‍റെ വിരിഞ്ഞമാറിടത്തിലും ദൃഢമായ കൈ മസിലുകളിലും ആകര്‍ഷണീയമായ നിറങ്ങളില്‍ വ്യാളികളും മറ്റു ചില ദുരൂഹ ചിഹ്നങ്ങളുടേയും റ്റാറ്റൂപതിപ്പിച്ചിരുന്നു..

തനിക്ക് മുന്‍പില്‍ അന്തംവിട്ട് നില്‍ക്കുന്ന അദിതിയെ അവന്‍ വിരല്‍ ഞെടിച്ചുകൊണ്ട് പരിസരബോധമുളളവളാക്കി..

പെട്ടെന്ന് അദിതി അവനില്‍നിന്നും ശ്രദ്ധതിരിച്ച് ദേഷ്യത്തോടെ എന്തോ പറയാന്‍ തുനിഞ്ഞതും അവന്‍ അവളുടെ ചുണ്ടില്‍ വിരല്‍വച്ച് അവളെ അതില്‍ നിന്നും വിലക്കി… പിന്നെ അദിതിയുടെ കൈപിടിച്ച് അവളെ അകത്തേക്ക് ക്ഷണിച്ചു..

മറ്റേതോ ലോകത്തെന്നപോലെ ഒന്നും ഉരിയാടാതെ അവള്‍ ശാന്തയായി സോഫാസെറ്റില്‍ വന്ന് ഇരുന്നു.. ഇന്നലെ താന്‍കണ്ട ആളല്ല ഇന്ന് അവന്‍.. തന്നോട് മോശമായിപെരുമാറിയതിന് താന്‍ അവന്‍റെ മുഖത്തടിച്ചതാണ്.. എന്നിട്ടും അവന്‍റെ മുഖത്ത് ഒരു അതൃപ്തിയില്ലെന്ന് അവളെ അത്ഭുതപ്പെടുത്തി..

വീട്ടില്‍വരുന്ന ഒരു ഗസ്റ്റിനുളള പരിഗണന നല്‍കി സ്നേഹത്തോടേയും ബഹുമാനത്തോടെയും അവന്‍ അവളെ ട്രീറ്റുചെയ്തു.. താന്‍ ആര്യനോട് ചിത്രത്തിന്‍റെ കാര്യം ചോദിച്ച് വഴക്കിടാനാണ് വന്നതെന്നുളളകാര്യം പോലും അവന്റെ മാന്യമായ പെരുമാറ്റത്തില്‍ അവള്‍ മറന്നുപോയിരുന്നു..

താന്‍വന്ന കാര്യം പറയാനായി ആര്യന്‍ വരച്ച രണ്ട് ചിത്രങ്ങള്‍ അവനെ കാണിച്ചുകൊണ്ട് അദിതി സൗമ്യമായിചോദിച്ചു..

”ആര്യന്‍.! നിങ്ങള്‍ ആരാണ്..? ഒരു ചിത്രകാരനോ.? ഒരു സൈന്‍റാണോ.? അതോ ഒരു ക്രിമിനലോ.? എങ്ങനെയാണ് നീ ഇതെല്ലാം പ്ലാന്‍ ചെയ്തത്.? നിനക്ക് എന്നെ എങ്ങനെയാണ് അറിയുക.? ഞാന്‍ ഏയര്‍പോര്‍ട്ടില്‍ വരുന്നതും കാര്‍ കേടാവുന്നതും നിനക്ക് എങ്ങനെ മുന്‍കൂട്ടി അറിയാം..?”

ചോദ്യംകേട്ട് ആര്യന്‍ ഉറക്കെ ചിരിച്ചു..

”നീ ചിന്തിച്ച് കൂട്ടിയതൊന്നതൊന്നുമല്ല…ഞാന്‍.”

”പിന്നെ നീ എന്താണ് ആര്യന്‍.? എനിക്ക് നിന്നെ മനസിലാവുന്നില്ല.”

”ചിന്തകള്‍ക്ക് രൂപംകൊടുത്ത് അതിനുപുറകെ സഞ്ചരിക്കുന്ന ഒരു സഞ്ചാരി മാത്രമാണ് ഞാന്‍.. നിന്നെ എനിക്കറിയില്ലായിരുന്നു ഇന്നലെവരെ.. എന്‍റെ വരയില്‍ അറിയാതെ വന്നെത്തിയ ഒരു ക്യാരക്ടര്‍ മാത്രമായിരുന്നു നീ.. ഈ ചിത്രം വരക്കുമ്പോള്‍ ഞാന്‍ നേപ്പാളിലേക്ക് വരാന്‍ പദ്ധതിയിട്ടിട്ടുപോലുമില്ല..”

ആര്യനെ നിഷേധിച്ചുകൊണ്ട് അവള്‍ പറഞ്ഞു..

”അത് വിശ്വസിക്കാന്‍ കഴിയില്ല എനിക്ക്..”

”ശരിയാണ് എന്നെചുറ്റിനില്‍ക്കുന്ന ചിലതെല്ലാം എനിക്കും വിശ്വസിക്കാന്‍ കഴിയാറില്ല..”

”അങ്ങിനെയെങ്കില്‍ എനിക്ക് ആര്യന്‍റെ പെയ്ന്റിങ് ബുക്ക് ഒന്ന് കാണണം..”

”എന്തിന്.?”

”അതില്‍ ഇനിയും എന്‍റെ ചിത്രങ്ങളുണ്ടോയെന്ന് എനിക്കൊന്ന് പരിശോധിക്കണം..”

”സോറി അദിതീ.. എന്‍റെ പേര്‍സണല്‍ വിഷയങ്ങളില്‍ കയറി ഇടപെടുന്നത് എനിക്കിഷ്ടമല്ല..”

ആര്യന്‍റെ മറുപടികേട്ട അദിതി ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു..

”അപ്പോള്‍ അതില്‍ ഇനിയുമുണ്ട് നീ വരച്ച എന്‍റെ ചിത്രങ്ങള്‍.”

”ഉണ്ടാവണം എന്ന് നിര്‍ബന്ധം ഉണ്ടോ.?”

റൂമിന്‍റെ വലതുവശത്തെ ഷെല്‍ഫിനടുത്ത് ടേബിളില്‍ ഇരിക്കുന്ന പെയ്ന്‍റിംഗ് ബുക്കില്‍ കണ്ണുടക്കിയ അവളുടെ കണ്ണുകള്‍ തിളങ്ങി.. മുന്നറിയിപ്പ് ഒന്നുമില്ലാതെ ഞൊടിയിടയില്‍ ഇരുന്നിടത്ത്നിന്നും ചാടിയെഴുന്നേറ്റ അവള്‍ ആര്യനെ മറികടന്ന് ബുക്ക് എടുക്കാനായി ചുവടുകള്‍വച്ചു..

ആര്യന്‍ ഒന്നു പരിഭ്രമിച്ചു.. പക്ഷേ അദിതി ടേബിളിനടുത്തെത്തി ബുക്ക് കൈപിടിയില്‍ ഒതുക്കുന്നതിന് മുന്‍പായി ഒരു കുതിപ്പിന് അവന്‍ അവളുടെ പുറകെയെത്തി.. വലതുകൈ നീട്ടി അവളുടെ അരകെട്ടിലൂടെ ചുറ്റിപ്പിടിച്ച് അവളെയവന്‍ പിടിച്ച് നിര്‍ത്തി..

”എന്‍റെ റൂമില്‍ അതിക്രമിച്ച് കയറി വന്നാണോ നീ വിളവിറക്കുന്നത്..?”

ആര്യന്‍റെ കൈയില്‍നിന്നും രക്ഷപ്പെടാന്‍ അവള്‍ കിടന്ന് കുതറി ബഹളം വച്ചു.. പിടുത്തം വിടുവിക്കാനായി അവന്‍റെ കൈയില്‍ അവള്‍ കടിച്ച് മുറിവേല്‍പ്പിച്ചു.. പക്ഷേ ശക്തമായ അവന്‍റെ കൈകളില്‍ അവള്‍ ഒരു പൂച്ചകുഞ്ഞിനെപോലെ ദുര്‍ബ്ബലയായിരുന്നു..

അദിതിയെ നിഷ്പ്രയാസം പൊക്കിയെടുത്ത് അവളെ അവന്‍ ബെഡ്ഡിലേക്കിട്ടു..

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *