Story written by Saji Thaiparambu
അച്ഛൻ്റെയും അമ്മയുടെയും മുപ്പതാമത് വെഡ്ഡിങ്ങ് ആനിവേഴ്സറി , അങ്ങേയറ്റം ആർഭാടമാക്കാൻ മക്കളും മരുമക്കളും കൂടി തീരുമാനിച്ചു.
പൂക്കളും വർണ്ണക്കടലാസ്സുകളും കൊണ്ട് അലങ്കരിച്ച വലിയ ഹാളിന് നടുവിലെ, ടേബിളിന് മുകളിൽ മുറിക്കാൻ തയ്യാറാക്കി വച്ചിരിക്കുന്ന, വലിയ കേക്കിനടുത്തേക്ക് ദമ്പതികളായ രാമചന്ദ്രനും ചന്ദ്രികയും നടന്നു വന്നു.
വർഷങ്ങൾക്ക് ശേഷം ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി വന്ന് നില്ക്കുന്ന ,തൻ്റെ ഭാര്യ ചന്ദ്രികയെ രാമചന്ദ്രൻ കൗതുകത്തോടെ നോക്കി.
മക്കൾ വാങ്ങിക്കൊടുത്ത ചുവന്ന പട്ട് സാരിയുടുത്ത് മിഴികളിൽ കൺമഷിയെഴുതി, തലയിൽ മുല്ലപ്പൂ ചൂടി നില്ക്കുന്ന ചന്ദ്രികയെ രാമചന്ദ്രൻ വീണ്ടും വീണ്ടും കൊതിയോടെ കണ്ടു.
ഭാര്യയോടൊപ്പം നില്ക്കുമ്പോൾ മുപ്പത് വർഷങ്ങൾക്ക് മുൻപ് താലികെട്ടുന്ന സമയത്തുണ്ടായ ഒരു വീർപ്പ് മുട്ടലും, വിറയലും അയാൾക്ക് അനുഭവപ്പെട്ടു.
ഇനി രണ്ട് പേരും ഒന്ന് ചേർന്ന് നിന്നേ, ഒരു ഫോട്ടോ കൂടി എടുക്കട്ടെ
കേക്ക് മുറിച്ച് കഴിഞ്ഞപ്പോൾ മൂത്ത മരുമകൻ അവരോട് പറഞ്ഞു.
അത് കേൾക്കേണ്ട താമസം രാമചന്ദ്രൻ ഭാര്യയെ, വലത് കൈ കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിച്ചു പിടിച്ചു.
ഭർത്താവിൻ്റെ കരവലയത്തിൽ അദ്ദേഹത്തിൻ്റെ ശരീരത്തിലെ ചൂട് തട്ടിയപ്പോൾ ചന്ദ്രിക ഒന്ന് കൂടി ചേർന്ന് നിന്നു.
ഭാര്യയോട് അയാൾക്കപ്പോൾ എന്തെന്നില്ലാത്തൊരിഷ്ടം തോന്നി.
അടുത്ത നിമിഷം എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട്, രാമചന്ദ്രൻ തൻ്റെ ഭാര്യയുടെ കവിളത്തൊരുമ്മ നല്കി.
അയാളുടെ അപ്രതീക്ഷിത പ്രകടനത്തിൽ ചന്ദ്രിക ചൂളിപ്പോയി.
നിൻ്റെ അച്ഛൻ ഈ പ്രായത്തിലും ഭയങ്കര റൊമാൻ്റിക്കാണല്ലോ?
മൂത്ത മരുമകൻ തൻ്റെ ഭാര്യയോട്, പകപ്പ് വിട്ട്മാറാതെ ചോദിച്ചു.
രാത്രിയായപ്പോൾ ആഘോഷങ്ങളെല്ലാം കഴിഞ്ഞ്, ഉറക്കത്തിനായി എല്ലാവരും അവരവരുടെ റൂമിലേക്ക് പോയ കൂട്ടത്തിൽ ,രാമചന്ദ്രനും ചന്ദ്രികയും അവരുടെ റൂമിലേക്കും വന്നു.
അത് വരെ അണിഞ്ഞ് നടന്നിരുന്ന ആടയാഭരണങ്ങൾ, അഴിച്ച് വയ്ക്കാൻ ഒരുങ്ങിയ ചന്ദ്രികയെ രാമചന്ദ്രൻ തടഞ്ഞു.
ഇതൊക്കെ നാളെ രാവിലെ അഴിക്കാം ,എത്ര നാള് കൂടിയിരുന്നാ നീയൊന്ന് ഒരുങ്ങിക്കാണുന്നത് , കണ്മഷിയെഴുതിയപ്പോൾ നിന്നെക്കാണാൻ നല്ല ഭംഗിയുണ്ട്
ഞാനീ പ്രായത്തിലൊരുങ്ങി നടക്കുന്നത്, നിങ്ങൾക്ക് ഇഷ്ടമായിരുന്നോ?
ഏത് പ്രായമായാലെന്താ? ഭാര്യമാർ ഒരുങ്ങി നടക്കുന്നത്, എല്ലാ ഭർത്താക്കന്മാർക്കും ഇഷ്ടം തന്നെയാ
അത് നിങ്ങളിത് വരെ എന്നോട് പറഞ്ഞിട്ടില്ലല്ലോ ?പണ്ടേ അങ്ങനാ എല്ലാം മനസ്സിൽ വച്ചോണ്ടിരിക്കും
അവർ പരിഭവത്തോടെ അയാൾക്കിട്ടൊരു നുള്ള് കൊടുത്തു.
അതിരിക്കട്ടെ ,നിനക്ക് ഞാൻ സമ്മാനമായി തന്ന കല്ല് പതിച്ച മോതിരം ഇഷ്ടമായോ ?
ഉം…
അവരൊന്ന് മൂളുക മാത്രം ചെയ്തു.
എങ്കിൽ സത്യം പറ ,ഞാൻ തന്ന മോതിരമാണോ, അതോ മക്കൾ വാങ്ങി തന്ന വില കൂടിയ മൊബൈൽ ഫോണാണോ നിനക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത്
അയാൾ ജിജ്ഞാസയോടെ ചോദിച്ചു
അത് രണ്ടുമല്ല, നിങ്ങളെന്നെ ഒരു പാടിഷ്ടത്തോടെ ചേർത്ത് പിടിച്ചില്ലേ?എന്നിട്ട് എൻ്റെ കവിളത്ത് സ്നേഹത്തോടെ ഒരു ചുംബനം തന്നില്ലേ?അതാണ് എനിക്കിന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനം, കാരണം ഞാനേറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് അത് തന്നെയാണ്, നിങ്ങളുടെ സ്നേഹത്തോടെയുള്ള ഒരു നോട്ടത്തിന് വേണ്ടി ,ഒരു തലോടലിന് വേണ്ടി ,എനിക്കൊരസുഖം വരുമ്പോൾ ,നീ പേടിക്കേണ്ട ഞാനുണ്ട് കൂടെ ,എന്ന നിങ്ങളുടെ സാന്ത്വനിപ്പിക്കുന്ന ഒരു വാക്കിന് വേണ്ടി, ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി ,മക്കള് വലുതായി പ്രാപ്തരാകുന്നത് വരെ, അവരുടെ കാര്യങ്ങൾ നോക്കി, ജീവിതത്തിൻ്റെ സിംഹഭാഗവും കഴിക്കുന്ന ഒരു വീട്ടമ്മ, പിന്നീട് ആശ്രയിക്കുന്നത് സ്വന്തം ഭർത്താവിനെയാണ് ,ആ സമയത്ത് ഭാര്യയെ ശ്രദ്ധിക്കാതെ ഭർത്താവും ,സ്വന്തം കാര്യം നോക്കി പോകുമ്പോൾ ,എന്നെ പോലെ ഒരു സാധാരണ വീട്ടമ്മ, വീടെന്ന തുറന്ന ജയിലിലെ തടവ് പുള്ളിയായി ജീവിതം കഴിച്ച് കൂട്ടുന്നു ,അച്ഛൻ ജോലിക്ക് പോകുമ്പോൾ, അമ്മ ഒറ്റയ്ക്കിരുന്ന് ബോറടിക്കാതിരിക്കാനാണ്, മക്കളെനിക്ക് ഈ മൊബൈല് വാങ്ങി തന്നത് ,നിങ്ങളിത് പോലെ എന്നും എന്നോട് പെരുമാറുകയാണെങ്കിൽ, എനിക്ക് ഇതിൻ്റെയാവശ്യമില്ല , വീട്ടിലുള്ളപ്പോൾ സ്നേഹത്തോടെ എന്നോട് മിണ്ടിയും പറഞ്ഞുമിരുന്നാൽ, നിങ്ങൾ ജോലിക്ക് പോയി തിരിച്ച് വരുന്നത് വരെ ,വഴിക്കണ്ണുമായി എത്ര നേരം കാത്തിരുന്നാലും, എനിക്കൊട്ടും മടുപ്പ് തോന്നില്ല
അത്രയും പറഞ്ഞ് നിർത്തുമ്പോൾ, തൻ്റെ ഭാര്യയുടെ കണ്ണുകൾ ഈറനണിഞ്ഞത് കണ്ട്, അയാൾക്ക് സങ്കടമായി.
നിൻ്റെ മനസ്സിൽ ഇതൊക്കെ ഉണ്ടായിരുന്നോ? ഞാനതൊന്നുമറിഞ്ഞില്ല, നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഞാനത് അറിയാൻ ശ്രമിച്ചില്ലെന്നുള്ളതാണ് സത്യം, ഇനി അങ്ങനെയൊന്നുമുണ്ടാവില്ല, നമ്മളിന്ന് മുതൽ പുതിയൊരു ജീവിതം തുടങ്ങുകയാണ് ,നമുക്ക് വേണ്ടി
NB :- കഥയിലെ നായിക ചന്ദ്രികയെപ്പോലെ ധാരാളം പേർ സമൂഹത്തിൽ നമുക്ക് ചുറ്റുമുണ്ട്, അവരൊന്നും ചിലപ്പോൾ അവസരം കിട്ടിയാലും ,ചന്ദ്രികയെ പോലെ തുറന്ന് പറയണമെന്നില്ല, പക്ഷേ രാമചന്ദ്രനെ പോലെയുള്ള ഭർത്താക്കന്മാർ, എത്ര പ്രായം ചെന്നാലും, ഇടയ്ക്കിടെ ഭാര്യമാരുടെ ക്ഷേമം അന്വേഷിക്കുക തന്നെ വേണം.