അതിനിടയിൽ ക്ലാസിലെ പെൺപിള്ളേരെ കേറി പിടിച്ചതിനു സീനിയർ ചേട്ടന്മാരെ ക്യാന്റീനിൽ വെച്ച്……

ബാംഗ്ലൂർ ഓർമ്മകൾ

Story written by Arun M Meluvalappil

പഴയ സർട്ടിഫിക്കറ്റുകളും മറ്റും തിരയുന്ന സമയത്താണ് കുഞ്ഞു അമ്മയോട് പറഞ്ഞത്,

“അമ്മേ ദേ നോക്കിക്കേ അച്ഛന്റെ ടിസി യിൽ സാറ്റിസ്‌ഫൈഡ് എന്ന്.. അത്രേം തല്ലിപ്പൊളി സ്റ്റുഡന്റ്സ്ന് അല്ലെ അങ്ങനെ എഴുതി കൊടുക്കാ?? “

എട്ടാം ക്ലാസിൽ പഠിക്കുന്ന തന്റെ മോൻ പറയുന്നത് കേട്ടുകൊണ്ടാണ് അയാൾ അങ്ങോട്ട്‌ ചെന്നത്..

അപ്പോഴേക്കും ഏതോ ഒരു പെണ്ണിന്റെ മടിയിൽ കിടക്കുന്ന ഫോട്ടോ കൂടി മകൻ കണ്ട് പിടിച്ചു കഴിഞ്ഞു.. മുഖം അതിൽ വ്യക്തമല്ല…” അമ്മേ ദേ നോക്കിക്കേ…ഏതോ ഒരു പെണ്ണിന്റെ മടിയിൽ അച്ഛൻ കിടക്കുന്നു.. “

ടിസി യും ചിത്രവും കുറച്ചു നേരം നോക്കി നിന്ന് അയാൾ ആ കോളേജിലേക്ക് ഒന്ന് തിരിച്ചു പോയി..

ബെൽബോട്ടം പാന്റും, നീട്ടി വളർത്തിയ മുടിയും, കൃതാവും.. ബാംഗ്ലൂർ എന്ന മഹാ നഗരത്തിലോട് കേരളത്തിൽ നിന്നൊരു പറിച്ചു നടൽ..

പ്ലസ് ടു കഴിഞ്ഞു എന്തു എന്നാലോചിച്ചപ്പോൾ ആണ് അന്നത്തെ ഇംഗ്ലീഷ് മാഷ് തോബിയാസ് മാഷാണ് എനിക്ക് നഴ്സിംഗ് സജെസ്റ്റു ചെയ്തത്… പണ്ടെങ്ങോ ടൂർ പോയപ്പോൾ ഡ്രീം പ്ലേസ് ആയി മാറിയ ബാംഗ്ലൂർ മതിയെന്ന് അങ്ങനാണ് തീരുമാനിച്ചത്.. ദാസനെയും വിജയനെയും പോലെ “നമ്മളങ് സുഖിക്കും “

എന്നും പറഞ്ഞാണ് ഐലൻഡ് എക്സ്പ്രെസിൽ അങ്ങോട്ട് യാത്ര ആകുന്നത്..

കുഞ്ഞു കുഞ്ഞു ഇൻഡസ്ട്രീസ് ന്റെ വിള നിലമായ പീനിയ സെക്കന്റ്‌ സ്റ്റേജ്… ശുശ്രുതി കോളേജ്… ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ ആയി ആ പടി കയറി ചെന്നു..

ചേർക്കുന്ന സമയത്ത് ഏജന്റ്മാർ തള്ളി മറിച്ചത് അഞ്ചു ഹോസ്പിറ്റൽ, ഫൈവ് സ്റ്റാർ ഹോസ്റ്റൽ, നാലു ബസ്…

എന്തു പറയാൻ പവനായി ശവമായി.. ഓലക്കീറു വെച്ച് മറച്ച ഹോസ്റ്റലും, വെറും ക്ലിനിക് മാത്രമുള്ള കോളേജും…

കോളേജിൽ ചെന്ന് ആദ്യത്തെ കല്ലുകടി മെസ്സ് ഫുഡ്‌ ആയിരുന്നു.. അത്രകാലം നാട്ടിൽ നല്ല ഭക്ഷണം കഴിച്ചവർക് കന്നഡ ഫുഡ്‌ പിടിക്കുന്നില്ലായിരുന്നു, അതിന്റെ ഒപ്പം ചിക്കൻ വെക്കുമ്പോ കൊക്കും, നഖവും അടക്കമുള്ള അവന്മാരുടെ കുക്കിങ്ങും,

ആദ്യ ദിവസം ഓക്കാനിച്ചു കൊണ്ട് കളഞ്ഞു, അന്ന് ഇനി ഇങ്ങനെ വെക്കരുത് എന്നൊക്കെ പറഞ്ഞു വർണിങ് കൊടുത്തു..

പിന്നീട് വീണ്ടും ഇതേ ആവർത്തനം, മൂന്നാം തവണ പൊടിമീശ പിള്ളേരുടെ കണ്ട്രോൾ വിട്ടു.. അഞ്ഞൂറോളം പേർക്ക് വെച്ച മൊത്തം ചിക്കൻ കൊണ്ട് പുറത്ത് കളഞ്ഞു…

അന്ന് കിട്ടി ആദ്യത്തെ സസ്പെന്ഷന്..അതൊരു തുടക്കം മാത്രമായിരുന്നു.. ഒരുപാട് പേടി തോന്നിയെങ്കിലും കൂട്ടിനു ഒരുപാട് പേര് ഉണ്ടായിരുന്നത് കൊണ്ട് ഒരു ആശ്വാസം ഉണ്ടായിരുന്നു..ഒരാഴ്ച കഴിഞ്ഞു ക്ലാസ്സിൽ കയറ്റി….

എല്ലാ കൗമാരക്കാരെയും പോലെ ഒരുപാട് സ്വപ്നങ്ങളുമായി ക്യാമ്പസ്‌ ജീവിതം തുടങ്ങുമ്പോൾ റാഗിംഗ് ആയിരുന്നു അടുത്ത വില്ലൻ.. അടി, ഇടി, ഷോക്ക് അടിപ്പിക്കൽ, ബ്ലേഡ് നക്കി എടുക്കൽ തുടങ്ങി നാടൻ പാട്ടു, ഡാൻസ്, മെഴുകു തീപ്പെട്ടി കൊള്ളികൊണ്ട് ഗ്രൗണ്ട് അളക്കൽ, love ലെറ്റർ എഴുതിക്കൽ അങ്ങനെ നീണ്ടു..

ഒടുവിൽ സഹിക്കാൻ പറ്റാതായപ്പോൾ സീനിയർ ആയ ഷിബുവിന്റെയും മുനീറിന്റെയും വായിലേക്ക് ഒരു പിടി പൂഴിമണ്ണ് വാരിയിട്ടു തുടങ്ങിയ യാത്ര… പിന്നീട് അവരെ ഒറ്റക്കു കിട്ടാൻ വേണ്ടി അവരെ പിന്തുടർന്നു കൂട്ടമായി ആക്രമിച്ചതിന് കിട്ടിയ സസ്പെന്ഷന്..

“അച്ഛൻ ഗുണ്ട പണിക്കണോ ബാംഗ്ലൂർ പോയത്?? “

“നീ എന്റെ അച്ചനയോടാ?? ” പണ്ടെപ്പോഴോ അച്ഛൻ ചോദിച്ചാ ചോദ്യം അത്ഭുതത്തോടെ ഓർത്തു..

അവിടന്ന് ജുനീഴ്സിന്റെ ലാംബ് ലൈറ്റിംഗ് പൊളിച്ചടക്കി വാങ്ങിയ അടുത്ത സസ്പെന്ഷന്…

അതിനിടയിൽ ക്ലാസിലെ പെൺപിള്ളേരെ കേറി പിടിച്ചതിനു സീനിയർ ചേട്ടന്മാരെ ക്യാന്റീനിൽ വെച്ച് തല്ലിയതിന് കിട്ടിയ അടുത്ത സസ്പെന്ഷന്..

“അച്ഛൻ കമ്മ്യൂണിസ്റ്റായിരുന്നോ?? “

“വെയ്റ്റ് വെയിറ്റ്… അവിടല്ലേ ആ മടിയിൽ കിടക്കുന്ന പെണ്ണുള്ളത്… സ്വന്തം ക്ലാസിലെ പെണ്ണിനെ തന്നെ പ്രേമിച മ്ലേച്ഛൻ “

അതെ, അന്നാണ് ആ കോളേജ് സുന്ദരിയുടെ മനസ്സിൽ നമ്മൾ കേറിയത്.. ക്ലാസ്‌മേറ്റിനോടുള്ള സ്നേഹമയിരുന്നുവോ?? അതോ ഈ പട്ടി കഞ്ഞിവെള്ളം കുടിക്കാത്ത കോലമുള്ളവൻ മനസ്സിൽ കൊണ്ട് നടന്ന പെണ്ണിനെ വീഴ്ത്താൻ കിട്ടിയ അവസരം മുതലാകിയതാണോ…

ഇന്നും ഉത്തരം ഇല്ലാത്ത ചോദ്യം.. അവളും ഒരുപാട് തവണ ചോദിച്ചിട്ടുണ്ട്…

ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു..

കമ്മ്യൂണിറ്റി ഡ്യൂട്ടിക്കിടയിൽ മുന്തിരി തോപ്പുകൾക്കിടയിലും, പാടവരമ്പത്തും, മാവിന്ചുവട്ടിലും, സുര്യകാന്തി പൂക്കൾക്കിടയിലും മഴനനഞ്ഞും, മഞ്ഞു കൊണ്ടും നടന്ന പ്രണയദിനങ്ങൾ… കൈകൾ കോർത്തു തോളോട് തോൾ ചേർന്ന് ക്ലാസ്‌മുറികളിലും, ക്യാമ്പസിലെ മരങ്ങളിലും പേരുകൾ കൊത്തിയിട്ടു നടന്ന നാളുകൾ…

ക്ലാസ്സിൽ കേറാനുള്ള ഒരേ ഒരു കാരണം ഒരുപക്ഷെ അവൾ ആയിരുന്നു.. അവൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് ഈ ജോലിയും ഭാവിയും ഒന്നും ഉണ്ടാവു മായിരുന്നില്ല..

അല്ലേലും ഒരു ലൈൻ എങ്കിലും ഇല്ലാത്ത ആരെങ്കിലും ബാംഗ്ലൂരിൽ അന്നൊക്കെ ക്ലാസിൽ കേറുമായിരുന്നോ??

ഒടുവിൽ ഒരു മലർ മിസ്സ്‌ വന്ന് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ചീറ്റപ്പുലിയെ പോലെ ആ പാവത്തിനെ അവൾ ഓടിപ്പിച്ചുവിട്ടു..പട്ടി പുല്ലു തിന്നുകയും ഇല്ല, പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല എന്ന അവസ്ഥ..

അവസാനമായി കിട്ടിയ സസ്പെന്ഷന് എന്തായിരുന്നു?? സ്വന്തം കൂട്ടുകാരന്റെ ഫാമിലി ആക്‌സിഡന്റിൽ മരിച്ചു.. അവൻ കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമയായി, എല്ലാവരും അവന്റെ കൂടെ നിന്നു ജീവിതത്തിലോട് തിരിച്ചു കൊണ്ട് വന്നു.. ഒരു വർഷത്തോളം സെല്ലുകളിലെ ജീവിതത്തിനു ശേഷം അവൻ തിരിച്ചു വന്നു.. ഡോക്ടർമാർ പ്രേത്യേകം പറഞ്ഞത് അവന്റെ മനസിനെ വേദനിപ്പിക്കരുത്, ഒരിക്കലും തനിച്ചു ഇരുത്താനോ, അടച്ചിട്ട റൂമിൽ ഇരിക്കാനോ അനുവദിക്കരുത് എന്നും ആയിരുന്നു.. എല്ലാവരോടും അതു പറഞ്ഞിട്ടും ഞങ്ങൾടെ പ്രിൻസിപ്പൽ.. 3 ഇഡിയറ്റിലെ പ്രിൻസിപ്പലിനെ കടത്തി വെട്ടും പോലുള്ള ഒരു കാണ്ടാമൃഗം…

ഒരിക്കൽ ക്രിസ്തുമസ് ഫ്രണ്ട് തിരഞ്ഞെടുത്തതിനു ശേഷം ചെയ്യാറുള്ള അങ്ങോട്ടും ഇങ്ങോട്ടും ചിറ്റ് എഴുതി വിടുന്നത് ഒരിക്കൽ പിടിച്ചെടുത്തു.. അതിൽ എഴുതിയ തെറി മലയാളി മാഡംസിനെ കൊണ്ട് തർജമ ചെയ്യിച്ചു ക്ലാസിൽ നിന്നും പുറത്താക്കിയ മത്തങ്ങാ തലയൻ ആണയാൾ…

പിന്നീട് ഒരിക്കൽ ക്ലാസിലെ ബൾബ് കത്താത്തതിന് ഇലെകട്രീഷനെ കൊണ്ട് വരാതെ ക്ലാസിൽ കേറണ്ട എന്ന് പറഞ്ഞു ഒരു മാസം സ്റ്റുഡന്റ്സിനെ പുറത്ത് നിർത്തിയ മൂക്കണാഞ്ചി മൊറാനാണയാൾ…

അവൻ ക്ലാസിൽ വരും മുമ്പേ പ്രിൻസിപ്പാലിനെ കണ്ട് വിവരം ഒക്കെ ധരിപ്പിച്ചു…
അയാളുടെ സ്വഭാവം അറിയുന്നത് കൊണ്ട് ഞങ്ങൾ ക്യാബിന്റെ പുറത്ത് കാത്തു നിന്നു…

അവിടെ ചെന്ന കൂട്ടുകാരനോട് നിന്റെ വീട്ടുകാർ ചത്തല്ലേ, നിനക്കു പ്രാന്തായിരുന്നുലെ, നീ ഇനി പഠിച്ചു ജോലിക്കു കേറിയാൽ പ്രാന്ത് കേറി ആരെയെങ്കിലും ഒക്കെ കൊന്നാലോ…

പിന്നെ ഒരു ഒച്ച കേട്ട് ഞങ്ങൾ അങ്ങോട്ട് കേറി ചെല്ലുമ്പോൾ അവൻ അയാളെ കുത്തിനു പിടിച്ചേക്കുന്നു..

അയ്യോ നീ എന്താ ഈ കാണിക്കുന്നേ എന്നും പറഞ്ഞു പിടിച്ചു മാറ്റുന്ന പോലെ അയാളുടെ കയ്യും കാലും ഞങ്ങൾ പിടിച്ചു കൊടുത്തു അവനയാളുടെ നല്ല പൂവന്പഴം പോലുള്ള കവിള് നോക്കി ടപ്പേ ടപ്പേ… ഹോ..ആ ചുവന്നു തുടുത്ത കവിളൊന്നു കാണണം..

അയാളും ചോറ് തന്നെ അല്ലെ തിന്നുന്നത്.. അന്നും കിട്ടി ഒരു സസ്പെന്ഷന്…

അവസാനം എക്സാമിന് അഡ്മിഷൻ കാർഡ് തരാതെ നടത്തിച്ചു.. കാലു നക്കി ശീലമില്ലാത്ത കൊണ്ടും കോഴ്സ് മടുത്തതു കൊണ്ടും പിറകെ പോയില്ല.. പക്ഷെ എംഡി ഇടപെട്ടു സംഭവം കയ്യിൽ കിട്ടി എക്സാമും എഴുതി..

ഒടുവിൽ ടിസി വാങ്ങാൻ നേരം ഞെളിഞ്ഞു ചെന്നു..

അന്നത്തെ ക്ലാസ് റാങ്കിൽ 5നുള്ളിൽ ഉണ്ടായിരുന്നു നമ്മൾ.. അന്ന് അയാൾ ചോദിച്ചു

“ഇപ്പോൾ പശ്ചാത്താപം തോന്നുന്നുണ്ടോ?? “

“എന്തിനു??

താങ്കൾക്കു അല്ലെ പശ്ചാത്താപം തോന്നേണ്ടത്… ഒരു പാവപെട്ട പയ്യനെ മെന്റലി ഹരാസ് ചെയ്തതിനു….”

“അപ്പോൾ അഹങ്കാരത്തിന് ഒരു കുറവും ഇല്ല?? “

“ഇതെന്റെ അഹങ്കാരം അല്ല കോൺഫിഡൻസ് ആണ്.. ഇരക്കു വേണ്ടി ഇന്നും നിലനിൽക്കുന്നു… “

“ഞാൻ കാണിച്ചു തരാം “

“ഓ വേണ്ട “

ടിസി എടുത്തു,

“ഇപ്പോൾ മാപ്പ് പറഞ്ഞാൽ കണ്ടക്റ്റു സർട്ടിഫിക്കറ്റ് ഗുഡ് ഇട്ടു തരാം.. അല്ലെൻകിൽ നിന്റെ പഠനം ഇതോടെ തീരും “

“ഇല്ല, അല്ലെങ്കിലും ഈ ബിഎസ് സി നഴ്സിംഗ് തന്നെ ആർഭാടം അല്ലെ എന്ന് വിചാരിക്കുമ്പോഴാ ഇനി msc “

“സാറ്റിസ്‌ഫൈഡ് “

ബാഡ് എന്നാണ് എഴുതിയത്.. പിന്നീട് സാറ്റിസ്‌ഫൈഡ് ആക്കി..

അതാണ് ആ കഥ..

“അതൊക്കെ അവിടെ നിക്കട്ടെ, ആ കാമുകി.. ഈ മടിയിൽ കിടക്കുന്ന പെണ്ണ്?? അവരെവിടെ? “

“ഹാ ഹാ ഹാ… അങ്ങനൊക്കെ സ്നേഹിച്ചിട്ടും പിന്നീട് അവൾ പറഞ്ഞു അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ഞാൻ എന്ന്.. എനിക്ക് ഇല്ലേൽ ഈ ഗതി വരില്ലായിരുന്നു എന്ന്.. “

“അതെന്തിന്?? എപ്പോൾ?? അച്ഛനെന്തു തെറ്റാണ് അവരോട് ചെയ്തത്?? “

“മോനെ ഫൈസി… നിന്നെ പ്രസവിക്കാൻ പേറ്റു നോവ് എടുത്തു കിടക്കുമ്പോ !!!”

Related Posts

Leave a Reply

Your email address will not be published. Required fields are marked *