എഴുത്ത്:-മഹാ ദേവൻ
വിവാഹം കഴിക്കുന്ന പെണ്ണിനും ജോലി ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം എതിർത്തത് അമ്മയായിരുന്നു.
” ഇനി കേറിവരുന്നവൾ കൂടി ജോലിക്കാരി ആയാൽ പിന്നെ ഈ വീട്ടിലെ കാര്യങ്ങൾ ആര് നോക്കും. ഇവിടെ എനിയ്ക്ക് കൂടി ഒരു സഹായത്തിന് വേണ്ടിയാ നിന്നെ കൊണ്ട് പെണ്ണ് കെട്ടിക്കുന്നത്. ഇതിപ്പോ വരുന്നവളുടെ കാര്യം കൂടി ഞാൻ നോക്കേണ്ട അവസ്ഥ ആകുമല്ലോ.. ഇതൊന്നും നമുക്ക് വേണ്ട മോനെ.. വീട്ടിലേക്ക് ഒതുങ്ങി നിൽക്കുന്ന ഒരു പെണ്ണ് മതി നമുക്ക്. അതാകുമ്പോൾ നമ്മളെ അനുസരിച്ചങ്ങു നിന്നോളും മറുത്തൊന്നും പറയാതെ “
അമ്മയുടെ മനസ്സിലെ അനിഷ്ടം പുറത്തുകാണിക്കുമ്പോൾ അവന് അറിയാമായിരുന്നു അമ്മയുടെ മനസ്സിൽ എപ്പഴും പഴയ ചിന്തയും പ്രവർത്തിയും ആണെന്ന്. കെട്ടിക്കേറി വന്നവൾ കാൽച്ചുവട്ടിൽ അനുസരണയോടെ കിടക്കണ മെന്ന്.
” എന്റെ അമ്മേ.. ആ പഴയ കാലം ഒന്നുമല്ലല്ലോ ഇന്ന്. ഇന്നത്തെ പെൺകുട്ടികൾ സ്വന്തം കാലിൽ ആരെയും ആശ്രയിക്കാതെ നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇന്നിപ്പോൾ ഒരാളുടെ ശമ്പളം കൊണ്ട് ഒരു മാസം കഴിഞ്ഞുപോകുന്നത് എങ്ങനെ ആണെന്ന് അമ്മയ്ക്കും അറിയാലോ.. ഇതിപ്പോ അവൾക്കും ഒരു ജോലി യുണ്ടെങ്കിൽ അതും ഈ കുടുംബത്തിന് ഒരു താങ്ങും തണലുമല്ലേ.. പിന്നെ വെറുതെ അടുക്കളയിൽ തളച്ചിട്ട് കളയേണ്ട ഒന്നല്ലലോ അവൾ പഠിച്ചു വാങ്ങിയ ഡിഗ്രിയും അവളിലെ കഴിവുമൊന്നും. അതുകൊണ്ട് ഈ കാര്യത്തിൽ അമ്മ എതിർപ്പ് പറയരുത്. “
അവന്റെ വാക്കുകൾക്ക് മുന്നിൽ മൗനം പാലിക്കുമ്പോൾ അമ്മയുടെ മനസ്സ് അങ്ങനെ ഒരുവളെ അംഗീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. പക്ഷേ, ഇനി അതിന്റ പേരിൽ ഒരു പ്രശ്നം വേണ്ട എന്ന ഒറ്റക്കാരണത്താൽ പാതിമനസ്സോടെ സമ്മതം മൂളുമ്പോൾ ആ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിയിരുന്നു ആരതി.
പുതുമോടി മാറുംമുന്നേ ജോലിക്കെന്നും പറഞ്ഞ് രാവിലെ ഇറങ്ങിപോകുന്നവളെ നോക്കി പിറുപിറുക്കുമ്പോൾ കാൽച്ചുവട്ടിൽ നില്കേണ്ടവൾ സ്വന്തം താല്പര്യ പ്രകാരം ഇറങ്ങിപോകുന്നത് അത്ര ദഹിക്കുന്നില്ലായിരുന്നു അമ്മക്ക്.
” കണ്ടില്ലേ, വിവാഹം കഴിഞ്ഞതെ ഉളളൂ…. അതിന് മുന്നേ തുടങ്ങി ഇറങ്ങിപ്പോക്ക്. ഇനി കേറിവരുന്നത് പാതിരാക്കും. ഇതൊക്കെ നീ അനുവദിക്കുന്നത് കൊണ്ടാണ് ഒരു അടക്കം ഇല്ലാത്തത്. നിന്റെ അച്ഛൻ വരച്ച വരയിൽ നിന്ന് അപ്പുറം കടക്കണേൽ അനുവാദം വാങ്ങണമായിരുന്നു എനിക്കൊക്കെ. ഇപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നു വരുന്നു… ആര് ചോദിക്കാൻ.. ഞാൻ വല്ലതും പറഞ്ഞാൽ നാളെ അമ്മായിഅമ്മപോരാണെന്ന് പറയും. നീയൊട്ടു ഒന്നും പറയത്തും ഇല്ല. ” എന്ന് അവനോട് നാഴികക്ക് നാല്പതു വട്ടം പറയുമായിരുന്നു.
ആ ഇടെ ആരതി ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ അവൻ ആദ്യം ആ സന്തോഷം പങ്ക് വെച്ചത് അമ്മയോടായിരുന്നു.
” അതിനിപ്പോ എന്താടാ.. കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ ഗർഭിണി ആകും. ” എന്ന് നിസ്സാരമായി പറഞ്ഞുകൊണ്ട് ഒരു നിമിഷം കൊണ്ട് ആ സന്തോഷം തല്ലിക്കെടുത്തി അമ്മ.
ശരീരം വല്ലായ്മകൾ കാണിച്ച് തുടങ്ങിയപ്പോൾ പലപ്പോഴും ക്ഷീണം കാരണം ബെഡിലേക്ക് ഒതുങ്ങിക്കൂടിയ അവളെ നോക്കികൊണ്ട് അമ്മ പറയാറുണ്ടായിരുന്നു
” പെണ്ണുങ്ങൾ ഗർഭിണി ആദ്യമായിട്ടൊന്നും അല്ല. ഞാനും രണ്ട് പെറ്റു തന്നെയാ ഇവിടം വരെ എത്തിയത്. ഇതിന്റെ പേരിൽ വെറുതെ ക്ഷീണമാണെന്നും പറഞ്ഞ് കിടന്നാൽ എങ്ങനാ? ഞാനൊക്കെ ഗർഭിണി ആയിരിക്കുമ്പോ ഈ വയറും വെച്ച് പാടത്തും പറമ്പിലും പൊരി വെയിലത്ത് പണിയെടുത്ത ശീലിച്ചത്. ഇപ്പോഴത്തെ പെണ്ണുങ്ങൾ വയറ്റിലുണ്ടെന്ന് അറിയേണ്ട നിമിഷം, അതുവരെ ഇല്ലാത്ത ക്ഷീണമായി, ഛർദിയായി…. ബാക്കി ഉള്ളവർ ഇതൊന്നും കാണാത്ത പോലെ.. “
ആരതിയെ വാക്കുകൾ കൊണ്ട് പുച്ഛിച്ചു പുറത്തേക്ക് നടക്കുമ്പോൾ എല്ലാം കേട്ട് കയറിവന്ന അവന്റെ കയ്യിലെ കവറിലേക്ക് നോക്കികൊണ്ട് ചോദിക്കു ന്നുണ്ടായിരുന്നു അമ്മ
” ഇതെന്താ. അവൾക്കുള്ള ഫ്രൂട്‌സും മറ്റുമാകും അല്ലെ ” എന്ന്.
അതേ എന്നവൻ പുഞ്ചിരിയോടെ തലയാട്ടികൊണ്ട് റൂമിലേക്ക് കയറാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും അമ്മ ആരോടെന്നപോലെ പറയുന്നുണ്ടായിരുന്നു ” ഇപ്പോൾ എന്തൊക്കെ കാണണം. പെണ്ണിനൊന്ന് വയറ്റിലായാൽ അപ്പൊ തുടങ്ങും വെറുതെ ഇരുത്തി തീറ്റിക്കാൻ.. ഞങ്ങളൊക്കെ വെറും പഴങ്കഞ്ഞി കുടിച്ചാ പ്രസവിച്ചത്.. എന്നിട്ട് എന്റെ മക്കൾക്ക് ഒരു പ്രസ്‌നോം ഉണ്ടായിട്ടില്ല. ഇതിപ്പോ…. “
അതും പറഞ്ഞ് അവനെ ഒന്ന് ഇടംകണ്ണിട്ട് നോക്കികൊണ്ട് തിരിഞ്ഞു പോകാൻ നിന്ന അമ്മക്ക് നേരെ തിരിഞ്ഞുകൊണ്ടാവൻ പറയുന്നുണ്ടായിരുന്നു,
” എന്റെ അമ്മേ…. അച്ഛൻ അമ്മയെ കടിഞ്ഞാണിട്ട കാലം അല്ലിത്. കാലത്തി നനുസരിച്ചു കുറച്ചൊക്കെ കോലവും മാറണ്ടേ? പണ്ട് പെണ്ണുങ്ങൾ ഗർഭിണി ആയി പത്താംമാസവും പാടത്തു പണിക്ക് പോയി വരമ്പത്തും തോട്ടിൻ വക്കത്തുമൊക്കെ പ്രസവിച്ച പിനേം പണിക്ക് ഇറങ്ങുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഇന്നത്തെ കാലത്തു നടക്കുമോ.. എന്തിന് സ്വന്തം മകൾ ഗർഭിണി ആയപ്പോൾ അമ്മയുടെ ആധി എന്തായിരുന്നു?ഏഴാംമാസം ഇവിടെ കൊണ്ട് വന്നത് മുതൽ ഒന്ന് ഞെരുങ്ങിയാലും മൂളിയാലും അപ്പൊ ഹോസ്പിറ്റലിൽ കൊണ്ട് പോ മോനെ എന്ന് പറഞ്ഞിരുന്നില്ലേ. അന്ന് അമ്മ പറയുന്നത് കേട്ടിട്ടില്ലല്ലോ എന്റെ കാലത്ത് ഒന്നും എങ്ങനെ ഇല്ല. അതുകൊണ്ട് വീട്ടിൽ കിടന്നാൽ മതി എന്ന്.
അതുപോലെ സ്വന്തം മകൾക്ക് വേണ്ടി അമ്മ വാങ്ങിയിരുന്നത് എന്തൊക്ക ആണെന്ന് ഒന്ന് ഓർത്തു നോക്കിക്കേ. കഞ്ഞി മതിയെന്ന് പറഞ്ഞ അവളോട് കഞ്ഞി വേണ്ട മോളെ ഛർദിക്കും, അമ്മ മോൾക്ക് ഫ്രൂട്സ് കൊണ്ട് ജൂസ് ഉണ്ടാക്കി തരാം എന്ന് പറഞ്ഞിരുന്നത് ഇത്ര പെട്ടന്ന് മറന്നോ? മുറ്റമടിക്കാൻ ചൂലൊന്ന് എടുത്താൽ… ഏതെങ്കിലും പാത്രം ഒന്ന് കഴുകാൻ എടുത്താൽ അപ്പൊ അമ്മ പറയാറില്ലേ ” മോളെ ഇതൊക്കെ അമ്മ ചെയ്‌തോളാ.. ഈ സമയത്തു നല്ല ക്ഷീണം ഉണ്ടാകും, പോയി കിടക്ക് ‘ എന്നൊക്കെ…
ഇപ്പോൾ അമ്മക്ക് എല്ലാത്തിനോടും പുച്ഛം. സ്വന്തം മകളുടെ കാര്യം വന്നപ്പോൾ റെസ്റ്റും വേണം ഫ്രൂട്ടും വേണം ആശുപത്രിയും വേണം.. അനങ്ങാൻ പോലും പാടില്ല…. മരുമോളുടെ കാര്യം വന്നപ്പോൾ ഏഹേ…. അപ്പൊ മകൾക്ക് ഒരു രീതി.. മരുമകള്ക്ക് മറ്റൊരു രീതി… കൊള്ളാം…. നിങ്ങളാണ് ശരിക്കും അമ്മായിഅമ്മ… നമിച്ചു. “
അതും പറഞ്ഞവൻ ഉള്ളിലേക്ക് പോകാൻ തിരിയുമ്പോൾ ഒന്നുകൂടി പറഞ്ഞു ” നിങ്ങള്ക്ക് അവളുടെ ക്ഷീണവും മറ്റും കാണുമ്പോൾ പുച്ഛം ഒക്കെ തോന്നും. മരുമകൾ അല്ലെ.. അതുകൊണ്ട് ഇനീം അമ്മ ഈ സ്വഭാവം തന്നെ ആണ് തുടരുന്നതെങ്കിൽ ഞാൻ അവളെ അവളുടെ വീട്ടിൽ കൊണ്ടാകും.. അവിടെ അവൾ മകൾ ആണല്ലോ.. അപ്പൊ അവളെ മനസ്സിലാക്കാൻ അവളുടെ അമ്മക്ക് കഴിയും… അമ്മയോളം വരില്ലല്ലൊ അമ്മായിഅമ്മ… “
അതും പറഞ്ഞവൻ മെല്ലെ അകത്തേക്ക് നടക്കുമ്പോൾ ഇനി ഇപ്പോൾ എന്ത് പറഞ്ഞ് ഒരു തിരിപ്പ് ഉണ്ടാകും എന്ന ആലോചനയിൽ ആയിരുന്നു ആ അമ്മ..
ഒരു ക്ളീഷേ തട്ടിക്കൂട്ട് 😌😌😌