അതിനു മോള് തന്നെ ഉണ്ടാകണം എന്നില്ലല്ലോ…മോൻ ആയാൽ എന്ത് ചെയ്യും…മോൾ ഉണ്ടാകുന്നത് വരെ ഞാൻ പ്രസവിക്കണോ…?

Story written by NISHA L

“എന്റെ ഒരു ആഗ്രഹം അല്ലെ ശ്രുതി നീ ഒന്ന് സമ്മതിക്ക്.. “!!

“പിന്നെ ആഗ്രഹം.. നിങ്ങൾക്ക് ആഗ്രഹിച്ചാൽ മതി.. കഷ്ടപ്പാട് മൊത്തം എനിക്കല്ലേ… “!!

“എടി… നമുക്ക് ഒരു മോള് കൂടി വേണ്ടേഡി… “!!

“അതിനു മോള് തന്നെ ഉണ്ടാകണം എന്നില്ലല്ലോ… മോൻ ആയാൽ എന്ത് ചെയ്യും… മോൾ ഉണ്ടാകുന്നത് വരെ ഞാൻ പ്രസവിക്കണോ…? “!!

“അല്ലെടി… നമ്മുടെ കിച്ചുമോന് ഒരു കൂട്ടു വേണ്ടേ…? നമ്മുടെ കാലശേഷം അവന് സ്വന്തം എന്ന് പറയാൻ ഒരു കൂടപ്പിറപ്പ് വേണ്ടേ…? “

“നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇനി പ്രസവിക്കാൻ വയ്യാ വിഷ്ണുവേട്ട.. “!!

ശ്രുതി മുഖം വീർപ്പിച്ചു കടന്നു പോയി..

ശ്രുതിക്കും വിഷ്ണുവിനും ഒരു മോനാണ് ഉള്ളത്.. പത്തു വയസുകാരൻ കിച്ചു…ശ്രുതിയുടെ ഇരുപത്തി ഒന്നാം വയസിൽ ആണ് കിച്ചു ഉണ്ടായത്..

ആദ്യ പ്രസവം ആയിരുന്നത് കൊണ്ട് അന്ന് അവൾക്കു പേടി ഒന്നും ഇല്ലായിരുന്നു.. എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണ്.. പക്ഷേ മണിക്കൂറുകൾ നീണ്ട പ്രസവ വേദനക്ക് ഒടുവിൽ കുഞ്ഞു പുറത്തേക്കും ഇല്ല അകത്തേക്കും ഇല്ല എന്ന വിധത്തിൽ ഇരുന്നു പോയി… ഡോക്ടർമാരും നേഴ്സ്മാരും ഒക്കെ വല്ലാതെ പേടിച്ചു… അവരുടെ പേടിയും വെപ്രാളവും കണ്ട് ശ്രുതിയും ആകെ ഭയന്നു… ഒടുവിൽ എങ്ങനെ ഒക്കെയോ കുഞ്ഞു വെളിയിൽ വന്നു.. എങ്കിലും കുഞ്ഞിന് സാരമായ കുഴപ്പങ്ങൾ ഉണ്ടായിരുന്നു…

ഒടുവിൽ കുഞ്ഞിന് പുറത്തു നിന്ന് ബ്ലഡ്‌ കൊടുത്തു… ദിവസങ്ങളോളം ഇൻക്യൂബേറ്ററിൽ വെച്ചു,, എങ്ങനെ ഒക്കെയോ അവനെ ജീവിതത്തിലേക്ക് കൊണ്ട് വന്നു…

എന്നാലും സാധാരണ കുട്ടികളെ പോലെയുള്ള വളർച്ചയുടെ ഘട്ടങ്ങൾ ആയിരുന്നില്ല അവന്… കമിഴ്ന്നു വീണതും,, നീന്തി തുടങ്ങിയതും,, നടന്നു തുടങ്ങിയതും,, സംസാരിക്കാൻ തുടങ്ങിയതും ഒക്കെ താമസിച്ചായിരുന്നു… അന്ന് മുതൽ ശ്രുതിക്ക് പ്രസവം എന്ന് കേൾക്കുന്നതെ പേടിയാണ്..

ഇപ്പോൾ വിഷ്ണുവിനു ഒരു കുഞ്ഞു കൂടി വേണം എന്ന ആഗ്രഹം പറഞ്ഞതിനാണ് അവൾ പിണങ്ങി പോയത്…

രാത്രിയിൽ വിഷ്ണു വീണ്ടും ഇതേ കാര്യം പറഞ്ഞു…

“ദേ മനുഷ്യ.. എന്നെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞില്ലേ… നിങ്ങൾക്ക് അത്ര നിർബന്ധം ആണെങ്കിൽ പ്രസവിക്കാൻ വേണ്ടി വേറെ ഒരുത്തിയെ കെട്ടിക്കോ..”!!

“ങേ… !!!നിനക്ക് സമ്മതമാണോ… എങ്കിൽ ആ വഴി നോക്കാം.. “!!അവൻ പറഞ്ഞു..

ശ്രുതി അവനെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു കിടന്നു…

🔹🔹🔹

രാവിലെ കിച്ചു സ്കൂളിൽ പോയി.. വിഷ്ണു ഓഫീസിലും… അവൾ അവളുടെ പതിവുകളിലേക്കും..

ഉച്ചക്ക് ശേഷം ഒരു കാർ വരുന്ന ശബ്ദം കേട്ട് അവൾ വാതിൽ തുറന്നു..

വിഷ്ണുവേട്ടന്റെ കാർ ആണല്ലോ… എന്തു പറ്റി ഇന്ന് നേരത്തെ…ഈശ്വര ഇത് ഏതാ ഇങ്ങേരുടെ കൂടെ ഒരു പെണ്ണ്… അവൾ തലേ രാത്രിയിലെ സംഭാഷണം ഓർത്തു പോയി…

വിഷ്ണു അവളെ ശ്രദ്ധിക്കാതെ മുകളിലേക്ക് കയറി പോയി… കൂടെ വന്ന പെൺകുട്ടി അവൾക്കു ഒരു ചിരി സമ്മാനിച്ചു അവന്റെ പുറകെ പോയി..

“ഈശ്വര.. ഇത്രയും സ്നേഹം ഇല്ലാത്തവനെ ആയിരുന്നോ ഇത്ര നാളും ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നത്… വേറെ കെട്ടിക്കോ എന്നൊരു വാക്ക് എന്റെ വായിൽ നിന്ന് കേൾക്കാൻ ഇരിക്കുവായിരുന്നോ ഇയാൾ ഒരുത്തിയെ വിളിച്ചോണ്ട് വരാൻ… ഓരോന്ന് ഓർത്ത് അവൾ അടുക്കളയിൽ ചുറ്റി പറ്റി നിന്നു…

“ഡി ശ്രുതി.. രണ്ട് ചായ ഇങ്ങെടുത്തോ.. “!!

“ഹും.. പിന്നെ… ചായ.. ഇപ്പോൾ തരാം… നോക്കിയിരുന്നോ… “!!

അവൾ ദേഷ്യത്തിൽ കൈയിൽ കിട്ടിയത് ഒക്കെ വാരി എറിയാൻ തുടങ്ങി..ശബ്ദം കേട്ട് അടുക്കളയിൽ എത്തിയ വിഷ്ണു..

“എന്തുവാടി ഇവിടെ…? നിന്റെ ദേഷ്യം ഒക്കെ ഞാൻ വാങ്ങി വെച്ച പത്രങ്ങളിൽ കാണിക്കുന്നോ…? “

അവൾ ഒന്നും മിണ്ടാതെ കണ്ണുകൾ നിറച്ചു അവനെ നോക്കി.. നാല് ചീത്ത വിളിക്കണം എന്നുണ്ടെങ്കിലും ഗദ്ഗദം കാരണം ഒന്നും പുറത്തേക്ക് വന്നില്ല…

തിരിഞ്ഞു നിന്ന അവളെ പുറകിൽ കൂടി ചേർത്തു പിടിച്ചു അവൻ പറഞ്ഞു…

“എന്റെ മന്ദബുദ്ധി ഭാര്യേ… എന്തിനാ ഈ ദേഷ്യം… ഞാൻ വേറെ പെണ്ണിനെ കൂട്ടി കൊണ്ട് വന്നു എന്ന് വിചാരിച്ചാണോ… “?

പിന്നെ… ഒരുത്തിയെ കൂട്ടി കൊണ്ട് വന്നിട്ട് ഞാൻ ദേഷ്യപെട്ടതാണോ കുഴപ്പം.. പിറുപിറുത്തു കൊണ്ട് അവൾ അവന്റെ കൈകൾ തട്ടി മാറ്റി…

“എടി അത് എന്റെ കൂട്ടുകാരൻ ജീവൻ ഇല്ലേ.. അവന്റെ പെങ്ങളാ… “!!

“അവരുടെ വീട്ടിൽ ആരും ഇല്ല.. എല്ലാരും കൂടി മൂകാംബികയിൽ പോയതാ വരാൻ ലേറ്റ് ആകും… ഇവൾ ഡൽഹിയിൽ നിന്ന് ലീവിന് വന്നതാ… ജീവൻ എന്നോട് വിളിച്ചു പറഞ്ഞിരുന്നു അവളെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടി കൊണ്ട് ഇങ്ങോട്ട് വരണേന്ന്… അവർ തിരിച്ചു വരുമ്പോൾ ഇവിടുന്ന് അവളെ കൂട്ടികൊള്ളാം എന്ന്… നീ ഇന്നലെ മുഖം വീർപ്പിച്ചു ഇരുന്നിട്ടാ ഞാൻ നിന്നോട് പറയാഞ്ഞത്… പേടിച്ചു പോയോടി കുരുത്തം കെട്ടവളേ… “!!!

“പിന്നെ… ഞാൻ പേടിച്ചൊന്നും ഇല്ലാ.. “!!

“ഓഹോ… പിന്നെ എന്തിനായിരുന്നു പാത്രങ്ങളോട് ദേഷ്യം കാണിച്ചത്..? “

അവൾ ഒരു നിമിഷം തല താഴ്ത്തി നിന്നു…

“ഞാൻ ദേഷ്യം വരുമ്പോൾ അങ്ങനെ എന്തെങ്കിലും പറഞ്ഞാലും വിഷ്ണുവേട്ടൻ അതൊന്നും അനുസരിക്കാൻ നിക്കണ്ട കേട്ടോ.. “!!

“ങേ.. എന്തോ… എങ്ങനെ…?? !! ഇനി ഇതുപോലെ പറഞ്ഞാൽ ഞാൻ ഉറപ്പായും കൂട്ടി കൊണ്ട് വരും.. “!!

“എങ്കിൽ നിങ്ങളെ ഞാൻ കൊല്ലും.. “!!

“ഹഹഹ.. എനിക്ക് അറിയില്ലേ നിന്നെ…നീ ഇവിടെ എന്തൊക്കെ കാട്ടി കൂട്ടുംന്ന് എനിക്ക് നന്നായി അറിയാം… “!!

അവൾ അവനെ നോക്കി സ്നേഹത്തോടെ ചിരിച്ചു… പിന്നെ അത് രണ്ടു പേരും ചേർന്നുള്ള ഒരു പൊട്ടിച്ചിരി ആയി…

“നിനക്ക് പ്രസവിക്കാൻ പേടി ആണെങ്കിൽ വേണ്ടെടി… നമുക്ക് നമ്മുടെ കിച്ചൂട്ടൻ മതി… “!!

“അത് സാരമില്ല വിഷ്ണുവേട്ട… നമുക്ക് സിസേറിയൻ ചെയ്യാം… എനിക്ക് നിങ്ങളെ തീരെ വിശ്വാസം ഇല്ല.. “!!

അവൾ ഒളികണ്ണിട്ട് അവനെ നോക്കി പറഞ്ഞു..

“ങ്‌ഹേ.. അതു ശരിയാണല്ലോ… നമുക്ക് എന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്..?? “!!!

“ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് ദാസാ.. “!!

“എന്നാൽ പിന്നെ ഒരു കൈ നോക്കാം ല്ലേ “!! അവൻ ചിരിയോടെ അവളെ ചേർത്തു പിടിച്ചു പറഞ്ഞു…😇

N b : സന്ദേശങ്ങൾ തിരഞ്ഞു വരരുത്… ചുമ്മാ ഒരു കഥയായി കാണുക. ❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *