അതിന് ഞാനിപ്പോഴും ബാച്ച്ലറാണെടാ ,അത് കൊണ്ടല്ലേ ഇങ്ങനെ സ്വാതന്ത്ര്യത്തോടെ അടിച്ച് പൊളിച്ച് ജീവിക്കുന്നത് ,കല്യാണം കഴിഞ്ഞാൽ പിന്നെ……..

Story written by Saji Thaiparambu

ഭർത്താവുമായി ടൗണിൽ പോയിട്ട് തിരിച്ച് വരുമ്പോഴാണ്, വഴിയിൽ വച്ച് അദ്ദേഹത്തിൻ്റെ പഴയ കൂട്ടുകാരനെ കണ്ട് മുട്ടിയത്.

“ഡാ സിബി, എത്ര നാളായെടാ കണ്ടിട്ട് ,ഇതാരാ നിൻ്റെ ചേച്ചിയാണോ ?

പുറകിലിരിക്കുന്ന എന്നെ ചൂണ്ടിക്കൊണ്ട്, കൂട്ടുകാരൻ അങ്ങനെ ചോദിച്ചപ്പോൾ ,ഞാൻ മാത്രമല്ല പുള്ളിക്കാരനും വല്ലാതായി.

“എടാ ഇതെൻ്റെ ഭാര്യയാണ് ,പേര് സുജാത”

“ഓഹ് സോറി, ഞാൻ തെറ്റിദ്ധരിച്ചതാ, പിന്നെ എങ്ങനെ പോകുന്നു, നിൻ്റെ ജീവിതമൊക്കെ?

“ങ്ഹാ കുഴപ്പമില്ലെടാ, അങ്ങനെയങ്ങ് പോകുന്നു, അല്ല നിൻ്റെ ഭാര്യയും മക്കളുമൊക്കെ എങ്ങനിരിക്കുന്നു ,സുഖമാണോ അവർക്ക്”

“അതിന് ഞാനിപ്പോഴും ബാച്ച്ലറാണെടാ ,അത് കൊണ്ടല്ലേ ഇങ്ങനെ സ്വാതന്ത്ര്യത്തോടെ അടിച്ച് പൊളിച്ച് ജീവിക്കുന്നത് ,കല്യാണം കഴിഞ്ഞാൽ പിന്നെ ഇതൊക്കെ പറ്റുമോ? പിള്ളാരും പരാധീനതകളുമായിട്ട് ജീവിതം ആകെ മടുപ്പാകും”

“ഹേയ് അങ്ങനൊന്നുമില്ലെടാ, ഞങ്ങൾക്ക് മക്കളൊക്കെ ആയെങ്കിലും , നല്ല സന്തോഷത്തിലാ കഴിയുന്നത്”

“അയ്യോ, ഞാൻ നിങ്ങടെ കാര്യമല്ല പറഞ്ഞത്, പൊതുവേ പറഞ്ഞെന്നേയുള്ളു, എന്നാൽ പിന്നെ നിങ്ങള് ചെല്ല്, ചേച്ചി നിന്ന് ബുദ്ധിമുട്ടുന്നു ,അയ്യോ സോറി, സുജാതയ്ക്ക് ബോറടിക്കും നമുക്ക് പിന്നെ കാണാം”

അയാൾ അറിയാതെയാണോ എന്നറിയില്ല, എന്നെ വീണ്ടും ചേച്ചീന്ന് സംബോധന ചെയ്തപ്പോഴാണ്, എൻ്റെ പ്രായത്തെക്കുറിച്ച് എനിക്ക് ഉത്ക്കണ്ഠ തോന്നിയത്.

സിബിയും ഞാനും ഒരേ പ്രായക്കാരാണ് ,എട്ട് മുതൽ പത്ത് വരെ ഒരേ ക്ളാസ്സിൽ പഠിച്ചവർ.

മൂന്ന് വർഷത്തെ സ്കൂൾ ജീവിതത്തിൽ മൊട്ടിട്ട പ്രണയം, അതിന് ശേഷവും ഞങ്ങൾ തുടർന്നു.

എനിക്ക് പതിനെട്ടായപ്പോൾ, വീട്ടിൽ കല്യാണാലോചന തുടങ്ങിയെങ്കിലും, അവന് ഇരുപത്തിയൊന്ന് വയസ്സാകാൻ വേണ്ടി ,ഞാൻ വീട്ട്കാരെ എതിർത്ത് നിന്നു.

ഒടുവിൽ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഒളിച്ചോട്ടവും ഒരുമിച്ചുള്ള ജീവിതവും തുടങ്ങി.

വർഷം ഇരുപത്തിയഞ്ച് കഴിഞ്ഞു ഇതിനിടയിൽ ഞങ്ങൾക്ക് മൂന്ന് മക്കളായി ,ഒരാണും രണ്ട് പെണ്ണും, പെൺമക്കളുടെ കല്യാണം കഴിഞ്ഞ് അവർക്ക് കുട്ടികളായപ്പോൾ, ഞങ്ങൾ മുത്തശ്ശനും മുത്തശ്ശിയു മായെങ്കിലും ,സിബിയെഇപ്പോഴും കണ്ടാൽ, എൻ്റെ ഇളയ അനുജനാണെന്നേ തോന്നു.

മൂന്ന് പ്രസവം കഴിഞ്ഞപ്പോൾ തന്നെ, ഞാനും സിബിയും തമ്മിൽ കാഴ്ചയിൽ നല്ല വ്യത്യാസം തോന്നിത്തുടങ്ങിയിരുന്നു.

പക്ഷേ, മറ്റൊരാളിൽ നിന്നും ഇതാദ്യമായാണ്, ഞങ്ങൾ ഇങ്ങനെ കേൾക്കുന്നത്.

“എന്താടീ നിൻ്റെ മുഖത്തിനൊരു വാട്ടം ,എന്ത് പറ്റി”

വീട്ടിൽ തിരിച്ചെത്തി സാരി അഴിച്ചിടുമ്പോഴാണ്, സിബിയുടെ ചോദ്യം.

“സിബീ.. നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, എന്നെ കണ്ടാൽ നിന്നെക്കാൾ പ്രായമുണ്ടെന്ന്”

“ഓഹ് നീ അവൻ പറഞ്ഞത് മനസ്സിലിട്ടോണ്ട് നടക്കുവാണോ?

“അതല്ല, അവൻ പറഞ്ഞത് പോലെ, എന്നെ കണ്ടാൽ നിൻ്റെ ചേച്ചിയാണെന്ന് പറയുമോ?

“അത് പിന്നെ, സ്ത്രീകളെല്ലാം അങ്ങനെ തന്നെയാണെടി ,കല്യാണവും പ്രസവവുമൊക്കെ കഴിഞ്ഞ്, മക്കളും പരാധീനതകളുമായി നടക്കുമ്പോൾ, ചിലപ്പോൾ സ്വന്തം ശരീര സൗന്ദര്യം നോക്കാൻ അവർക്ക് സമയം കിട്ടിയെന്ന് വരില്ല, അപ്പോൾ സ്വാഭാവികമായും അവരുടെ ശരീരത്തിൻ്റെ ആകാര വടിവ് നഷ്ടപ്പെടുകയും ,ശരീരത്തിൽ പ്രായത്തിൻ്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യും ,പക്ഷേ നീ ഒരു കാര്യം മനസ്സിലാക്കണം ,

അവിടെയാണ് അവളൊരു നല്ല കുടുംബിനിയും ,വാത്സല്യനിധിയായ ഒരമ്മയുമായി മാറുന്നത് ,നേരെ മറിച്ച് പുരുഷൻമാരെന്ന് പറയുമ്പോൾ ,അവർ പ്രസവിക്കുന്നില്ല ,അവർക്ക് ആർത്തവവുമില്ല, അത് കൊണ്ട് ശരീരത്തിലെ പേശികൾ വലിയുകയുമില്ല, മസിലുകൾ ഉടയുകയുമില്ല ,അത് കൊണ്ട്പു പുരുഷന്മാർക്ക് കുറച്ച് നാള് കൂടി പ്രായമാകാതെ മസില് പെരുപ്പിച്ച് നടക്കാൻ പറ്റും ,എന്ന് വച്ച് എല്ലാ പുരുഷന്മാരും പ്രായമായ ഭാര്യയെ ഉപേക്ഷിച്ച് ചെറുപ്പക്കാരികളെ തേടിപ്പോകുമെന്ന് നീ കരുതരുത്,

നിനക്ക് പ്രായം തോന്നുന്നെന്ന് ആരെങ്കിലും പറഞ്ഞാൽ, കാരണക്കാരനായ ഞാനും അതിനുത്തരവാദിയാണ് ,പക്ഷേ എന്ന് വച്ച് നമ്മൾ വെറുതെ ഇരിക്കാൻ പോകുന്നില്ല ,ഇനി ഒരാളും നിന്നെ നോക്കി പ്രായക്കൂടുതൽ തോന്നുന്നെന്ന് പറയാൻ പാടില്ല ,അത് കൊണ്ട് ചില മാറ്റങ്ങൾ അനിവാര്യമാണ്

“എന്ത് മാറ്റങ്ങൾ ?

ഞാൻ ജിജ്ഞാസയോടെ ചോദിച്ചു.

“നാളെ മുതൽ നമ്മൾ ജോഗിങ്ങ് തുടങ്ങുന്നു ,പിന്നെ നിൻ്റെ വേഷത്തിലും വേണം ഒരു മാറ്റം, ഇനി മുതൽ നീ സാരിയുടുക്കണ്ടാ ചുരിദാറ് മതി ,വസ്ത്രങ്ങളാണ് ഒരു പരിധി വരെ മനുഷ്യൻ്റെ പ്രായത്തെ നിയന്ത്രിക്കുന്നത്”

സത്യം പറയാമല്ലോ, സിബി അത് പറഞ്ഞപ്പോഴാണ് എനിക്ക് ഒരു സമാധാനമായത്,

ഭർത്താവ് ,വീണ്ട് വിചാരവും ദീർഘവീക്ഷണവുമുള്ള ഒരാളാകുന്നത്, ഏതൊരു സ്ത്രീയ്ക്കും ഒരനുഗ്രഹമല്ലേ?

Leave a Reply

Your email address will not be published. Required fields are marked *