അതിന് നിനക്ക് സൗന്ദര്യമില്ലെന്നു ആരുപറഞ്ഞു. അതുമാത്രവുമല്ലആ കുട്ടിയുടെ ഫോട്ടോയല്ലേ കണ്ടിട്ടുള്ളൂ. നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടുമൊന്നുമില്ലല്ലോ……

ബി പോസിറ്റീവ്

എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ

” അച്ഛാ എനിക്കീ വിവാഹത്തിന് താത്പര്യമില്ല”ബാലുവിന്റെ വാക്കുകൾ ഉച്ചത്തിലായിരുന്നു.

“അതെന്താ നിനക്കങ്ങിനെ തോന്നാൻ”പ്രതാപൻ അത്ഭുതത്തോടെ അവനെ നോക്കി

“ആ കുട്ടിയെ കാണാൻ നല്ല സൗന്ദര്യമുണ്ട് .എനിക്ക് മാച്ച് ആവുമെന്ന് തോന്നുന്നില്ല”

“അതിന് നിനക്ക് സൗന്ദര്യമില്ലെന്നു ആരുപറഞ്ഞു. അതുമാത്രവുമല്ല
ആ കുട്ടിയുടെ ഫോട്ടോയല്ലേ കണ്ടിട്ടുള്ളൂ. നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടുമൊന്നുമില്ലല്ലോ “

“അവൾക്കെന്നെ ഇഷ്ടമില്ലെന്നു പറഞ്ഞാൽ”

ബാലുവിന്റെ വാക്കുകളിൽ ആത്മവിശ്വാസക്കുറവ്
പ്രകടമായിരുന്നു.

“അതു പരസ്പരം കണ്ടശേഷം തീരുമാനിക്കേണ്ട കാര്യമല്ലേ.പിന്നെ നിനക്കെന്താണൊരു കുറവ്.നീ ഒരു എൻജിനീയർ അല്ലെ. ഒന്നാംതരം ജോലിയുമുണ്ട്. ഇവിടെയാണെങ്കിൽ ഞങ്ങൾക്ക് നീയല്ലാതെ മറ്റൊരു
സന്തതിയുമില്ല. അൽപം കഷണ്ടിയുണ്ടെന്നല്ലേ ഉള്ളു. അതൊക്കെ ദൈവ നിശ്ചയമാണ്. വയസ്സ് ഇരുപത്തിഒൻപതല്ലേ ആയിട്ടുള്ളൂ. ഇന്നത്തെ കാലത്തു കഷണ്ടിയൊന്നും ഒരു പ്രശ്നമല്ല.

എന്തായാലും ഞായറാഴ്‌ച പോയി പെണ്ണ് കാണാം.എന്നിട്ട് തീരുമാനിക്കാം വേണമോ വേണ്ടയോ എന്ന്.ഞാൻ എന്തായാലും അവരോട് വാക്ക് പറഞ്ഞു പെണ്ണുകാണാൻ ചെല്ലാമെന്ന്‌”

അച്ഛനോട് തർക്കിക്കാൻ പോയിട്ട് കാര്യമില്ലെന്നറിയാമായിരുന്ന ബാലു വിഷമത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി “

നിന്റെച്ഛൻ എന്നെ കല്യാണം കഴിക്കുന്ന സമയത്ത് ഇതിയാന് നിന്റത്ര പോലും മുടിയില്ലായിരുന്നു. എന്നിട്ട് എനിക്ക് വല്ല കുറച്ചിലും തോന്നിയിട്ടുണ്ടോ”

അമ്മ അച്ഛനെ സപ്പോർട്ട് ചെയ്തു.

ബാലു കാണാൻ സുന്ദരനാണെങ്കിലും ചെറിയ തോതിലുള്ള കഷണ്ടിയുണ്ട്. അതു മൂലം ഇതിനു മുൻപ് വന്ന രണ്ട് മൂന്ന് ആലോചനകൾ മുടങ്ങിപോയിരുന്നു. അതിനു ശേഷം പെണ്ണ് കാണാൻ പോവുക എന്നു പറഞ്ഞാൽ അവനു ഒരുമാതിരി പേടി സ്വപ്നം പോലെ യായിരുന്നു.

ഇനിയൊരു പെൺകുട്ടി കൂടി തന്നെ ഇഷ്ടമല്ലെന്നു പറഞ്ഞാൽ മാനസികമായി അതു തന്നെ തളർത്തും.പക്ഷെ അച്ഛനോട് ഒഴിവുകിഴിവ്‌ പറയുക ബുദ്ധിമുട്ടാണ്.

എന്തായാലും വിഷമത്തോടെ തന്നെയാണ് ഞായറാഴ്ച്ച ബാലു അച്ഛന്റെയും അമ്മയുടെയും കൂടെ പെണ്ണ് കാണാനായി മീരയുടെ വീട്ടിൽ എത്തിയത്.

മീരയുടെ അച്ഛനും വല്യച്ഛനും അവരെ സ്വീകരിക്കാനായി ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ ബാലു ഒരുനിമിഷം വാ പൊളിച്ചു നിന്നുപോയി.

രണ്ടുപേരുടെയും തലയിൽ ഒറ്റ മുടിപോലും ഇല്ല.

അവനു കുറച്ചൊരു ആത്മവിശ്വാസം കൈവന്നു.

അകത്തു ചെറിയ ഒരു ആൾക്കൂട്ടമുണ്ടായിരുന്നു. ഇത് മീരയുടെ അമ്മാവൻ , ഇതു ചിറ്റപ്പൻ അടുത്ത രണ്ടു മൊട്ടതലയൻ മാരെ ചൂണ്ടി മീരയുടെ അച്ഛൻ പറഞ്ഞു. ബാലു ഒന്നു നെടുവീർപ്പിട്ടു.

വീട്ടുവിശേഷങ്ങളുടെയും നാട്ടുവിശേഷങ്ങളുടെയുമൊക്കെ ഇടയിൽ പെൺകുട്ടി ചായയുമായി വന്നു.അവളുടെ കയ്യിൽ നിന്നും ചായ വാങ്ങുമ്പോൾ കണ്ണുകൾ തമ്മിലുടക്കി.എന്തെങ്കിലും ഭാവവ്യത്യാസം അവളുടെ കണ്ണുകളിൽ കാണാനുണ്ടോ.

അവൻ ശ്രദ്ധിച്ചു.ഇതിനു മുൻപ് കണ്ട പെൺകുട്ടികളുടെ കണ്ണുകളിൽ കാണാൻ കഴിഞ്ഞ പുച്ഛരസം മീരയുടെ കണ്ണുകളിൽ അവനു കാണാൻ കഴിഞ്ഞില്ല.

ചെറുക്കനും പെണ്ണിനും എന്തെങ്കിലുമൊക്കെ സംസാരിക്കാൻ ഉണ്ടാവുമല്ലോ. മോൻ അകത്തേക്ക് ചെല്ലൂ. അമ്മാവൻ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

പ്രത്യേകിച്ചു പ്രതീക്ഷയൊന്നുമില്ലാതെ അവൻ അവർ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് ചെന്നു.അവിടെ അവനെയും പ്രതീക്ഷിച്ചു മീര നിൽപ്പുണ്ടായിരുന്നു.

“ഞാൻ ബാലു തനിക്കെന്നെ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം നമുക്ക് സംസാരിച്ചാൽ മതിയല്ലോ”

അവൻ ചെറിയൊരു വിറയലോടെ പറഞ്ഞു.

“ഞാൻ മീര എനിക്ക് നിങ്ങളെ ഇഷ്‌ടപെടാതിരിക്കാൻ മാത്രം കാരണം ഒന്നും കാണുന്നില്ല.പോരാത്തതിന് വല്യച്ഛൻ കൊണ്ടു വന്ന ആലോചനയും”

മീര മന്ദസ്മിത ത്തോടെ പറഞ്ഞു.

“അതല്ല എന്റെ കഷണ്ടി.ഇതിനു മുൻപ് രണ്ടു മൂന്നു പെൺകുട്ടികൾ തുറന്നു പറഞ്ഞു അവർക്ക് കഷണ്ടിയുള്ളയാളെ വേണ്ടെന്ന്. ഇനിയിപ്പോൾ തനിക്കും ആ അഭിപ്രായമാണെങ്കിൽ വെറുതെ സമയം കളയണ്ടല്ലോ എന്നു കരുതി”

“അപ്പൊ കഷണ്ടി ഒരു കോംപ്ലക്സ് ആണല്ലേ . ഞാൻ MA സൈക്കോളജി ആണ്. കോംപ്ലക്സ് ഒക്കെ നമുക്ക് മാറ്റിയെടുക്കാം

എനിക്ക് ഒരു കാര്യമറിഞ്ഞാൽ മതി ബാലുവിന് എന്നെ ഇഷ്ടമായോ”

ചിരിച്ചു കൊണ്ടവൾ ചോദിച്ചു.

“അതെന്തൊരു ചോദ്യമാ. തന്നെ കണ്ടാൽ ആർക്കാ ഇഷ്ടം തോന്നാത്തത്”

“അപ്പൊ അങ്ങനെയാണ് കാര്യം.എന്റെ പുറം ഭംഗിയെ ബാലു നോക്കിയുള്ളൂ. വിവാഹം കഴിഞ്ഞാൽ ബാലുവിനോടും വീട്ടുകാരോടും ചേർന്നു പോകാൻ കഴിയുമോ എന്നൊന്നും അലോചിക്കുന്നില്ലേ”

“അതൊക്കെ വിവാഹശേഷമുള്ള കാര്യങ്ങൾ അല്ലെ.പരസ്പരം ഇഷ്ടപെട്ടാലല്ലേ അതിനൊക്കെ പ്രധാന്യമുള്ളു.”

“എന്നാ കേട്ടോളു എനിക്കീ കഷണ്ടിക്കാരനെ അങ്ങു പിടിച്ചിരിക്കണു. എന്താ കാര്യമെന്നറിയാമോ

ഒന്നാമത് ഇയാളൊരു ശുദ്ധ പാവമാണ്.രണ്ടാമതു എന്റെ അച്ഛനും വല്യച്ഛനും അമ്മാവനുമൊക്കെ കഷണ്ടിക്കാരാണ്. അതുകൊണ്ടു തന്നെ കഷണ്ടി ഇന്ന് വരെ ഒരു പോരായ്മയായി തോന്നിയിട്ടില്ല. ബാക്കി കാര്യങ്ങളൊക്കെ വീട്ടുകാർ തീരുമാനിക്കട്ടെ.എന്താ സമ്മതമല്ലേ”

“സമ്മതമല്ലേന്നോ . നൂറു വട്ടം.നമുക്ക് ജീവിതം അടിച്ചു പൊളിക്കാമെടോ”

അവൻ ഷേക്ഹാന്റിനായി കൈ നീട്ടി.

“ഡോണ്ടു ഡോണ്ടു.സോഷ്യൽ ഡിസ്റ്റൻസിങ്” അവൾ തമാശയോടെ പറഞ്ഞു കൊണ്ട് കൈകൾ കൂപ്പി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *