അതിരു കവിഞ്ഞയീ ആത്മബന്ധം വെറുമൊരു പ്രണയത്തിൽ അവസാനിപ്പിക്കില്ലെന്നുറപ്പിച്ച് ഞാൻ മനസ്സിനെ പാകപ്പെടുത്തിയിട്ടും ഉള്ളിലെന്തെന്നില്ലാത്തൊരു തരം ഭയം ഉടലെടുത്തിരുന്നു……….

തീവ്രം

Story written by Adarsh Mohanan

“ടീ തോട്ടി ഇങ്ങനെ മേലിൽ ഒട്ടി നടക്കാതെ അങ്ങോട്ട് മാറി നടക്ക് മരക്കഴുതേ അറിയണോര് ആരെങ്കിലും കണ്ടാൽ തെറ്റുദ്ധരിക്കും “

” ഓഹോ അത്രക്ക് ജാഡയാണെങ്കിൽ ഇയാള് ഒറ്റക്ക് പോയാ മതി, ഞാനെങ്ങും വരുന്നില്ല ഇയാളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് “

അവളുടെ മുഖം വാടിയപ്പോഴേക്കും വലംതോളിലേക്കവളെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു

” ടീ നീർക്കോലി ഞാൻ ചുമ്മാ പറഞ്ഞതല്ലേ ,എല്ലാ കാര്യങ്ങളും നമ്മുടെ വീട്ടുകാർക്ക് തന്നെ അറിയാവുന്നതല്ലേ പിന്നെ ആരെയാ പേടിക്കണ്ടേ അല്ലേ “

എന്നെ യാത്രയയക്കുമ്പോഴും മുഖം മറച്ചു പിടിച്ച് കണ്ണു നിറയാതെ സൂക്ഷിച്ചു കൊണ്ട് പുഞ്ചിരിക്കുന്നയെന്റെ നീർക്കോലിപ്പെണ്ണിന്റെ മുഖം ഇന്നും എന്റെ മനസ്സിൽ മായാതെ അങ്ങനെത്തന്നെ കിടപ്പുണ്ട്

എറണാകുളത്തു നിന്നും കോട്ടയത്തേക്കുള്ള ആ പാസ്സഞ്ചർ ചൂളം മുഴക്കിയപ്പോൾ പതിച്ചത് എന്റെ കാതിലല്ലായിരുന്നു ചങ്കിലായിരുന്നു

ട്രൈയിൻ പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇനിയൊരു ഒത്തുചേരൽ എന്നാണ് എന്നയാ ചിന്ത മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു, മുഖത്ത് ഞാനത് പ്രതിഫലിപ്പിക്കാതെ അവളോട് യാത്ര പറഞ്ഞകലുമ്പോൾ നെഞ്ചിലെ പിടപ്പ് കൂടിക്കൂടി വന്നു

എഞ്ചിനിയറിംഗിന് പഠിക്കുന്ന കാലത്ത് പ്രോജക്ട് വർക്കിനു വേണ്ടി കഫേയിൽ കേറിയിറങ്ങി നടക്കുന്നതിനിടയിലാണ് ജി-മെയിൽ അക്കൗണ്ട് വഴി ഒരു സുഹൃത്തിനയച്ച മെസേജ് മാറി അവളുടെ ഐഡിയിലേക്ക് ചെന്നെത്തുന്നത്, അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നതുo

എന്റെ ചോദ്യങ്ങൾക്കെല്ലാം പ്രതീക്ഷിക്കാതെയുള്ളയവളുടെ മറുപടികൾ എന്നിൽ കൗതുകമുണർത്തിയുന്നു, അങ്ങേയറ്റത്ത് ആരാണെന്നുള്ളയെന്റെ ആകാംക്ഷ ചെന്നവസാനിച്ചത് വേർപിരിയാനാകാത്തക്കത്തിലുള്ള സൗഹൃദത്തിലും

അതിരുകളില്ലാതെ ഞങ്ങൾ പങ്കുവെച്ച സൗഹൃദ നിമിഷങ്ങൾക്ക് കയ്യും കണക്കുമില്ലായിരുന്നു അത് വീട്ടുകാരുടെ സമ്മതത്തോടെ കൂടെയായപ്പോൾ ആ ബന്ധത്തിന് അൽപ്പം മാധുര്യമേറി,

വിശേഷ ദിവസങ്ങളിലും മറ്റും അവളേക്കാൾ കൂടുതൽ ഞാൻ സംസാരിച്ചിട്ടുള്ളത് അവളുടെ അമ്മോടും സഹോദരിമാരോടും ഒക്കെയായിരുന്നു , അത് തിരിച്ചും എന്റേ വീട്ടുകാരോടും അങ്ങനെത്തന്നെയായിരുന്നു

അതുകൊണ്ട് തന്നെ ദൂരം എന്നത് ഞങ്ങളേ സംബന്ധിച്ച് ഒരു വിഷയമേയല്ലായിരുന്നു സന്തോഷങ്ങൾ പങ്കുവെക്കാനും ദു:ഖങ്ങൾ പകുത്തെടുക്കാനും എനിക്കവളും അവൾക്കു ഞാനുo ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ രണ്ടാൾക്കും പ്രണയമെന്ന പേരിൽ മറ്റൊരാളെ ജീവിതത്തിലേക്ക് വലിച്ചിഴക്കേണ്ടി വന്നിട്ടില്ലിതുവരെ

അതിരു കവിഞ്ഞയീ ആത്മബന്ധം വെറുമൊരു പ്രണയത്തിൽ അവസാനിപ്പിക്കില്ലെന്നുറപ്പിച്ച് ഞാൻ മനസ്സിനെ പാകപ്പെടുത്തിയിട്ടും ഉള്ളിലെന്തെന്നില്ലാത്തൊരു തരം ഭയം ഉടലെടുത്തിരുന്നു , രണ്ടു ദിവസം അവളെയൊന്ന് വിളിക്കാതിരുന്നാൽ ഉള്ളിലാകെ പൊകച്ചിലും നീറ്റലും നുരഞ്ഞു പൊന്താറുണ്ട്,

അപ്പോഴൊക്കെ ഞാനെന്റെ മനസ്സിനോട് തന്നെ ചോദിക്കാറുണ്ട്

“നിനക്കവളോട് പ്രണയമാണോ എബി ” ?

“ഏയ് അതെങ്ങനെ ശരിയാകും അവളെന്റെ ബെസ്റ്റിയല്ലേ “?

“ബെസ്റ്റിയെ എന്താ പ്രണയിച്ചു കൂടാ എന്നില്ലല്ലോ”?

” ഇല്ല എനിക്കവളോട് പ്രണയമില്ല”

“പിന്നെ വെറുമൊരു സൗഹൃദം മാത്രമാണോ “?

“സൗഹൃദം……………… അല്ല അതിനപ്പുറമെന്തോ ആണ്…….. പറഞ്ഞറിയിക്കാൻ കഴിഞ്ഞ വേറെ എന്തോ ഒരു വികാരം…… “

ഒരു പക്ഷെ അവളും ഇങ്ങനെ ചിന്തിച്ചിരിക്കണം, എനിക്കുറപ്പാണത്…….

അന്നവളുടെ കല്യാണത്തിന് വീട്ടുകാരോട് യാത്ര പറഞ്ഞ് അവളാ പടിയിറങ്ങുമ്പോൾ നിറകണ്ണുകളോടെയെന്നെ ദയനീയതോടെയൊന്നു നോക്കി, തലേ ദിവസം വൈകുന്നേരം അവളെന്നെ വിളിച്ച് ഒരുപാട് കരഞ്ഞിരുന്നു, അന്നവൾ ഒന്നുകൂടെ പറഞ്ഞു എന്നോട് , ജീവിതകാലം മുഴുവൻ ഓർത്തു വെക്കാൻ ആ ഒരു വാക്കു മാത്രം മതിയായിരുന്നു എനിക്ക്

” നിന്റെ ഓർമ്മകൾ എന്നും നിഴലായെന്റെ കൂടെയുള്ളപ്പോൾ ഞാനെന്നും സന്തോഷവതിയായിരിക്കും ” എന്ന്,

അവളത് പറഞ്ഞു മുഴുവിപ്പിക്കുമ്പോൾ എന്റെ കണ്ണീർത്തടം കവിഞ്ഞൊഴുകുകയായിരുന്നു

അവൾ പറയാതെത്തന്നെ ഞാനതിൽ നിന്നും മനസ്സിലാക്കിയെടുത്തിരുന്നു തുടർന്നുള്ള ഞങ്ങളുടെയീ ബന്ധത്തിന് ആദ്യത്തെ തട വീണെന്നത്

ഒരുമിച്ച് ജീവിക്കണം എന്നുള്ള സ്വപ്നങ്ങളൊന്നും നെയ്തു കൂട്ടിയിട്ടില്ലായിരുന്നെങ്കിലും അവളാ പടിയിറങ്ങിപ്പോകുമ്പോൾ ചങ്ക് പറിയണ വേദനയാണുളവായത്

എന്റെ അന്നമ്മ എന്റെ നീർക്കോലിച്ചങ്കത്തി ഇനി മറ്റൊരുത്തന്റേതു മാത്രമാകാൻ പോകുകയാണെന്ന സത്യം ഉൾക്കൊള്ളാൻ സമയമൊരുപാട് വേണ്ടി വന്നെനിക്ക്

അവളുടെ ഇച്ഛായന്റെ നല്ല മനസ്സായതു കൊണ്ടു തന്നെയാണ് ഞങ്ങളുടെയീ സൗഹൃദത്തെ സംശയിക്കാതിരുന്നതും ഒരുമിച്ചവർ വീട്ടിലേക്ക് വിരുന്നു വന്നതും, വല്ലപ്പോഴുമൊക്കെയവൾ വിളിക്കാറുള്ളപ്പോഴൊക്കെ കുടുതലും അമ്മച്ചിയെക്കൊണ്ടായിരുന്നു സംസാരിപ്പിക്കാറ്

കാരണം മറ്റൊന്നുമല്ല ഞങ്ങൾ തമ്മിൽ പ്രണയിക്കാതിരുന്നത് ഇച്ഛായന് വിശ്വസിക്കാനായില്ലെന്ന് കളിയായിട്ടെങ്കിലും ഞങ്ങൾ ഒരുമിച്ചുള്ളപ്പോൾ പറഞ്ഞിട്ടുണ്ട്, അതുകൊണ്ടുതന്നെയാണ് ഞാനിത്തിരി അകൽച്ചയോടെയവളോട് പെരുമാറിയിരുന്നത്, ഞാൻ കാരണം അവളുടെ ജീവിതത്തിൽ ഒരു കരിനിഴൽ വീഴരുതെന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു

മനസ്സിനിണങ്ങാതെത്തന്നെ ഞാനൊരു വിവാഹത്തിനു സമ്മതിച്ചത് വീട്ടുകാരുടെ സമ്മർദ്ദം മൂലമായിരുന്നു. ജീവിതം പരമാവധി അഡ്ജസ്റ്റ് ചെയ്ത് അവളെ വിഷമിപ്പിക്കാതെ മുൻപോട്ടു പോയിക്കൊണ്ടിരിക്കെയാണ് സ്മാർട്ട് ഫോണിലൂള്ള ഞാനും എന്റെ നീർക്കോലിയും ചേർന്നെടുത്ത സെൽഫി എന്റെ പ്രിയതമയുടെ കണ്ണിൽപ്പെടുന്നത്, വൈന്നേരം ഫോണെടുത്ത് നോക്കിയപ്പോൾ ആ ഫോട്ടോ പോയിട്ട് അവളുടെ കോൺഡാക്റ്റ് നമ്പർ പോലും ഉണ്ടായിരുന്നില്ല അതിൽ, കടന്നലുകുത്തി വീർപ്പിച്ച പോലുള്ള അവളുടെ മോന്ത കണ്ടപ്പോൾ ഒന്നു പൊട്ടിക്കാനായി കൈതരിച്ചതായിരുന്നു

എന്നെ വിശ്വസിച്ച് ഇവിടേയ്ക്കവളെ ഏൽപ്പിച്ചു തന്ന അവളുടെ മാതാപിതാക്കളെയോർത്തപ്പോൾ കത്തിക്കയറിയയാ കോപത്തെ ഞാൻ തന്നെ സ്വയം കുത്തിക്കെടുത്തുകയാണ് ചെയ്തതും

അതിനു ശേഷമൊക്കെ അവൾ വിളിക്കാറുള്ളപ്പോൾ ഞാൻ ഫോൺ എടുക്കാറില്ല. അല്ലെങ്കിൽ തിരക്കാണെന്നു പറഞ്ഞ് ഒഴിവാക്കാറാണു പതിവ്

ഭാര്യയേയും ആത്മാർത്ഥ സുഹൃത്തിനെയും ഒരേ ത്രാസിൽ ഇട്ടു തൂക്കി നോക്കേണ്ടവന്റെ അവസ്ഥ

അത് ………………..

അത് അനുഭവിച്ച് തന്നെ അറിയണം.

ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലിരിക്കുമ്പോഴാണ് ഇച്ഛായന്റെ നമ്പറിൽ നിന്നും ഒരു കോൾ വരുന്നത് വിളിച്ചത് അന്നമ്മയായിരുന്നു, അവൾടെ നമ്പറിലെ കോൾ അറ്റന്റ് ചെയ്യാത്തതു കൊണ്ടാണ് അവളങ്ങനെ ചെയ്‌തതെന്നെനിക്ക് ഉറപ്പാണ്

വാതോരാതെയവളെന്നെ തലങ്ങും വിലങ്ങും ചീത്ത വിളിച്ചു. ഒരുപാടു നാളുകൾക്ക് ശേഷം അവളുടെ വായിൽ നിന്നും ഒരു ഭരണിപ്പാട്ട് കേട്ടപ്പോൾ എന്റെ ചുണ്ടിൽ വിരിഞ്ഞതൊരു നേർത്ത പുഞ്ചിരിയായിരുന്നു ഒപ്പം കണ്ണിൽ നിറഞ്ഞത് ഒരു കുടം കണ്ണുനീരും, മതിവരുവോളം ഞാനത് ആസ്വദിച്ച് കേട്ടു

കാരണം എനിക്കും അറിയാം അവൾക്കും അറിയാം ഇതവളുടെ എന്റെ നമ്പറിലേക്കുള്ള അവസാനത്തെ കോൾ ആയിരിക്കും എന്ന്, ഏറെക്കുറെ അവൾ മനസ്സിലാക്കിയിരിക്കണം എന്റെ ഭാര്യയുടെ മനസ്സ്, കാരണം അവളും ഒരു പെണ്ണ് തന്നെയാണല്ലോ

പിന്നീടവൾ എന്നെ വിളിച്ചിട്ടേയില്ല മാസത്തിലൊരിക്കലെങ്കിലും എന്റെ അമ്മച്ചിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട് എന്നല്ലാതെ

ജോലി സംബന്ധമായി എറണാകുളത്തേക്ക് പോകേണ്ടി വന്നപ്പോൾ നീണ്ട മൂന്നു വർഷത്തിനുശേഷമാണ് ഞങ്ങൾ നേരിൽക്കാണുന്നത്

വാതോരാതെ പരസ്പരം കഥകൾ പറയാറുള്ള ഞങ്ങളുടെ ചുണ്ടുകൾ മൗനം കൊണ്ട് അൽപ്പ നേരത്തേക്ക് മൂടിക്കെട്ടി , തുടക്കം ഇട്ടത് അവളായിരുന്നു

സുഖമാണോ എന്നുള്ള അവളുടെ ചോദ്യത്തിന് നിന്റെ ഓർമ്മകൾ എന്നും നിഴലായെന്നുമെന്റെ കൂടെയുള്ളിടത്തോളം എന്നും എന്റെ ജീവിതം സുഖകരമായിരിക്കും എന്നാണ് ഞാനും മറുപടി കൊടുത്തത്

ആ നിമിഷം ഞാനവിടെക്കണ്ടത് പഴയയാ ഇരുപത്തൊന്നുകാരിയെയാണ് അന്നെന്നെ ട്രയിനിൽ യാത്രയയക്കാൻ നിന്നയാ പഴയ നീർക്കോലിപ്പെണ്ണിനെ കാരണം ഞാനതു പറയുമ്പോഴും ആ കുഞ്ഞിക്കണ്ണുകൾ നിറയാതെ പാടുപ്പെട്ടു കൊണ്ടവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു

ഇറങ്ങാൻ നേരത്ത് അവളെന്നോട് ചോദിച്ചു എന്റെ പെണ്ണുമ്പിള്ള മിയയ്ക്കും എന്റെ മകൾ ജാൻസിക്കുട്ടിക്കും സുഖം തന്നെയല്ലേ എന്ന്

മറുപടിയൊരു മൂളലിലൊതുക്കി തിരിഞ്ഞു നടക്കുന്നതിനിടയിലാണ് ഇച്ഛായൻ ഒരു കൈക്കുഞ്ഞുമായി എന്റെ നേർക്ക് നടന്നു വന്നത് , അതെ അതവരുടെ കുഞ്ഞാണ്, പിറന്നത് ഒരു ആൺകുഞ്ഞാണെന്ന് അമ്മച്ചി പറഞ്ഞ അറിവേ ഉണ്ടായിരുന്നുള്ളോ

“എന്താ ഇവന്റെ പേര്?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു

” എബി………. എബി ജോൺ, ഇച്ഛായനാ ഈ പേര് നിർദ്ദേശിച്ചത് “

ഇച്ഛായനോട് ഒരുപാട് ബഹുമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ആ കൈക്കുഞ്ഞിനേ വാരിയെടുത്ത് ഞാൻ തുരുതുരാ ചുംബിക്കുമ്പോഴും എന്റെ കവിൾത്തടം കവിഞ്ഞൊഴുകുകയായിരുന്നു

എന്റെ അന്നമ്മ എന്റെ നീർക്കോലിപ്പെണ്ണ് ഒരുപാട് ഭാഗ്യം ചെയ്തവളാണ് തന്റെ ഇഷ്ങ്ങളെ കണ്ടറിഞ്ഞു പെരുമാറുന്ന ഒരു പങ്കാളിയെ കിട്ടിയല്ലോ , ഇക്കാര്യത്തിലും അവളെന്നെ തോൽപ്പിച്ചു കളഞ്ഞു. ഞാനെന്റെ മകൾക്ക് വല്യമ്മച്ചിയുടെ പേര് ഇട്ടപ്പോൾ അവളവളുടെ മകന് എന്റെ പേര് നൽകിയെന്നെ തോൽപ്പിക്കുകയായിരുന്നു.

അപ്പോഴും പലർക്കും ഉത്തരം കിട്ടാത്ത ഒരു സമസ്യയുണ്ടായിരുന്നു പലരും ചോദിച്ച കഴമ്പുള്ള ചോദ്യത്തിന് പ്രസക്തിയേറെയായിരുന്നു

എബി മാത്യുന് അന്നമ്മയെത്തന്നെ കെട്ടിക്കൂടായിരുന്നോ എന്നയാ ചോദ്യം,

ഉത്തരം വളരേ ലളിതമാണ്,

അവള്………

എന്റെ നീർക്കോലി….

എന്റെ അന്നക്കൊച്ച്……….

അവളെന്റെ ലവ്വർ ആയിരുന്നില്ല അതിനുമെല്ലാമപ്പുറം, അതിനുമൊക്കെ മുകളിൽ അവളെന്റെ ദ വേരീ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു എന്നുള്ള ഉത്തരം

Leave a Reply

Your email address will not be published. Required fields are marked *