അതീവ രഹസ്യമായി തൻ്റെ കൂട്ടുകാരി ചെവിയിൽ പറഞ്ഞ കാര്യം കേട്ട് ഗോപിക ഞെട്ടി…

Story written by SAJI THAIPARAMBU

നിൻ്റെ മുഖമെന്താടീ വല്ലാതെയിരിക്കുന്നത്

സാധാരണ സ്കൂള് വിട്ട് അമ്മേന്ന് വിളിച്ച് ഓടി വന്ന് തന്നെ പുണർന്ന് ഉമ്മ വയ്ക്കുന്നവൾ , ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോകുന്നത് കണ്ടാണ്, ഗിരിജ പുറകെ വന്ന് മോളോട് ചോദിച്ചത്.

ഒന്നുമില്ലമ്മേ.. വല്ലാത്ത തലവേദന ഞാനൊന്ന് കിടക്കട്ടെ

യൂണിഫോം അഴിക്കാതെ ,നേരെ കട്ടിലിലേക്ക് കമിഴ്ന്ന് കിടക്കുന്ന മകളെ, അല്പനേരം നോക്കി നിന്നിട്ട് ഗിരിജ അടുക്കളയിലേക്ക് പോയി.

മോളേ.. എഴുന്നേറ്റ് ഈ ചുക്ക്കാപ്പി കുടിക്ക് ,തലവേദനയ്ക്ക് നല്ലതാ

അടുക്കളയിൽ പോയി തിരിച്ച് വന്നിട്ട്, ഗിരിജ മകളോട് പറഞ്ഞു.

എനിക്കിപ്പോൾ ഒന്നും വേണ്ടമ്മേ… ഞാൻ കുറച്ച് നേരം കൂടി ഒന്ന് കിടന്നോട്ടെ

എന്നാൽ നിൻ്റെയിഷ്ടം പോലെ ചെയ്യ്

ഗിരിജ ദേഷ്യപ്പെട്ട് മുറിയിൽ നിന്നിറങ്ങിപ്പോയി.

ഈശ്വരാ.. പാവം അമ്മ ,തൻ്റെ ക്ഷീണത്തിൻ്റെ യഥാർത്ഥ കാരണമറിയുമ്പോൾ, അമ്മയ്ക്കത് താങ്ങാനുള്ള കരുത്തുണ്ടാവുമോ ? മോളേ ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനും അമ്മയ്ക്കും ,താൻ കൊടുക്കാൻ പോകുന്നത് സമൂഹത്തിന് മുന്നിൽ തല ഉയർത്താൻ കഴിയാത്ത അപമാനഭാരമാണല്ലോ

ഗോപികക്ക് ഓർക്കുന്തോറും നെഞ്ച് നീറിക്കൊണ്ടിരുന്നു ,ഇന്ന് ക്ളാസ്സിൽ വച്ച് തലകറക്കവും, അതിന് ശേഷം ഉച്ചഭക്ഷണം കഴിക്കുമ്പോൾ ,തോന്നിയ മനം പിരട്ടലുമായിരുന്നു, അവളുടെ ഈ തളർച്ചയുടെ തുടക്കം

അവളുടെ അസുഖത്തിൻ്റെ കാരണം കണ്ട് പിടിച്ചത്, എട്ടാം ക്ളാസ്സിൽ തന്നോടൊപ്പം പഠിക്കുന്ന, തൻ്റെ ഹൃദയം സൂക്ഷിപ്പുകാരിയും ഉറ്റ ചങ്ങാതിയുമായ രേഷ്മയായിരുന്നു.

ഗോപു.. ഇത് സംഭവം മറ്റേത് തന്നെയാണ്

ഒമിറ്റിങ്ങ് കാരണം ഉച്ചഭക്ഷണം കഴിക്കാൻ പറ്റാതെ പോയി കൈകഴുകി തിരികെ വന്ന, ഗോപികയോട് വളരെ ഗൗരവത്തിൽ രേഷ്മ പറഞ്ഞു.

എന്ത്? നീയെന്താ രേഷ്മേ ഉദ്ദേശിക്കുന്നത്

എടീ പൊട്ടീ … നമ്മുടെ യുവജനോത്സവം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞില്ലേ?അന്നല്ലേ? രാഹുൽ നിന്നെ സ്റ്റേജിന് പുറകിൽ കൊണ്ട് പോയിട്ട്…ബാക്കി ഞാൻ പറയണ്ടല്ലോ ? ഇത് അത് തന്നെയാണെന്നാ എനിക്ക് തോന്നുന്നത്, മുൻപ് ,എൻ്റെ ഏട്ടത്തിയുടെയും കല്യാണം കഴിഞ്ഞ് കൃത്യം ഒരു മാസമായപ്പോഴായിരുന്നു, അവർക്ക് മനംപിരട്ടലും ഛർദ്ദിയും തുടങ്ങിയത്, അപ്പോഴെ അമ്മ പറഞ്ഞു ഇത് മറ്റേതാണെന്ന്

മറ്റേതോ നീയൊന്ന് തെളിച്ച് പറ രേഷ്മേ..

ഗോപിക അക്ഷമയോടെ പറഞ്ഞു.

എടീ.. ഇത് ഗർഭത്തിൻ്റെ ലക്ഷണം തന്നെയാണെന്ന്

അതീവ രഹസ്യമായി തൻ്റെ കൂട്ടുകാരി ചെവിയിൽ പറഞ്ഞ കാര്യം കേട്ട് ഗോപിക ഞെട്ടി.

സത്യമാണവൾ പറഞ്ഞത് ,അന്ന് ക്ളാസ്സിക്കൽ ഡാൻസ്, ഒരുപാട് വൈകിയാണ് തുടങ്ങിയത് ,നേരം ഇരുട്ടി തുടങ്ങിയപ്പോൾ, താൻ രേഷ്മയോട് പറഞ്ഞതാണ്, നമുക്ക് വീട്ടിൽ പോകാമെന്ന് ,അപ്പോൾ അവളാ സമ്മതിക്കാതിരുന്നത് ,മുഴുവൻ കഴിഞ്ഞിട്ട് പോകാമെന്ന് പറഞ്ഞ് തന്നെ പിടിച്ചിരുത്തി ,കുറച്ച് കഴിഞ്ഞപ്പോൾ തൻ്റെ വീടിനടുത്തുള്ള ,പത്താം ക്ളാസ്സിൽ പഠിക്കുന്ന രാഹുൽ വന്നിട്ട് പറഞ്ഞു ,ഗോപികേ.. മുൻകലാതിലകവും ഇപ്പോഴത്തെ നടിയുമായ നീലിമ ചന്ദ്രൻ വന്നിട്ടുണ്ട് ,ഗ്രീൻ റൂമിലിരിക്കുവാ ,എൻ്റെ കൂടെ വന്നാൽ ,ഓട്ടോ ഗ്രാഫ് വാങ്ങിത്തരാമെന്ന് ,കേട്ടപാതി താൻ രേഷ്മയെ വിളിച്ചു , പക്ഷേ, അവള് രാഹുലുമായി പിണങ്ങിയിരിക്കുന്നത് കൊണ്ട് വന്നില്ല ,താനൊറ്റയ്ക്കാണ് അന്ന് രാഹുലിനോടൊപ്പം, ഗ്രീൻ റൂമിലേക്ക് ചെന്നത് ,അവിടെ ചെന്നപ്പോഴാണറിയുന്നത് അത് രാഹുലിൻ്റെ ഒരു തന്ത്രമായിരുന്നെന്ന്, ഇരുള് വീണ് കിടക്കുന്ന ഉപയോഗശൂന്യമായൊരു ക്ളാസ്സ് റൂമായിരുന്നു അത്, പന്തികേട് തോന്നി തിരിഞ്ഞ് നടക്കാനൊരുങ്ങിയ തന്നെ, ബലം പ്രയോഗിച്ച് ക്ളാസ്സിലേക്ക് കയറ്റിയിട്ട്, രാഹുൽ തന്നോട് ചെയ്തത്….

അന്ന് നടന്നത് മുഴുവൻ, ഗോപിക രേഷ്മയോട് പറഞ്ഞിരുന്നു.

എടീ.. നീയിത് പുറത്താരോടും പറയേണ്ട ,ടീച്ചേഴ്സ് അറിഞ്ഞാൽ പോലീസ് കേസ്സാകും, പത്രത്തിലൊക്കെ വാർത്ത വന്നാൽ, നിൻ്റെ അച്ഛനും അമ്മയും പിന്നെ അത്മഹത്യ ചെയ്യേണ്ടി വരും

അന്ന് രേഷ്മയുടെ ഉപദേശം കേട്ടിട്ടാണ്, താൻ എല്ലാം ഉള്ളിലൊതുക്കിയത് .

പക്ഷേ, എത്ര ഒളിച്ചാലും സത്യം ഒരിക്കൽ മറനീക്കി പുറത്ത് വരുമെന്ന് ഇപ്പോൾ മനസ്സിലായി.

അമ്മയോടെങ്കിലും ഒന്ന് തുറന്ന് പറഞ്ഞില്ലെങ്കിൽ, ടെൻഷൻ കൂടി തനിക്ക് അറ്റാക്ക് വരുമെന്ന് അവൾ ഭയന്നു

മോളേ ..വേദനക്ക് കുറവില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം

അമ്മയുടെ ശബ്ദം അവളെ ഭയചകിതയാക്കി.

ആശുപത്രിയിൽ ചെന്നാൽ, പരിശോധനയിൽ എന്തായാലും ഇത് എല്ലാവരും അറിയും, ആകെ നാണക്കേടാകും അതിലും നല്ലത് ,ഇവിടെ വച്ച് അമ്മയോട് മാത്രം പറയുന്നതായിരിക്കുമെന്ന് ഗോപിക ചിന്തിച്ചു .

അമ്മേ.. ഞാനൊരു കാര്യം പറഞ്ഞാൽ അമ്മ ബഹളം വയ്ക്കരുത് , സമാധാനത്തോടെ കേൾക്കണം

എന്താ മോളേ.. നീ അമ്മയോട് പറ, എന്താണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം

അമ്മയുടെ സപ്പോർട്ട് കിട്ടിയപ്പോൾ, ഗോപികയ്ക്ക് കുറച്ച് ധൈര്യമായി.

അതമ്മേ.. ഇന്ന് എനിക്ക് ക്ളാസ്സിൽ വച്ച് തലകറക്കുമുണ്ടായി, ഉച്ചയ്ക്ക് ചോറ് കഴിക്കാൻ നേരം, മനംപിരട്ടുകയും ചെയ്തു, അപ്പോൾ രേഷ്മയാ പറഞ്ഞത്

അത്രയും പറഞ്ഞ് ഗോപിക പാതിക്ക് നിർത്തി.

എന്താ രേഷ്മ പറഞ്ഞത്?

ഗിരിജ ആകാംക്ഷയോടെ ചോദിച്ചു.

അത്.. ഞാൻ.. ഗർഭിണിയാണെന്ന്

അറച്ച് അറച്ച്, അമ്മയോട് പറഞ്ഞിട്ട്, ഗോപിക കണ്ണടച്ചു നിന്നു.

അമ്മയുടെ അടി തൻ്റെ കവിളത്ത് ഇപ്പോൾ വീഴുമെന്ന് പ്രതീക്ഷിച്ചിരുന്ന, ഗോപിക കേട്ടത് ഗിരിജയുടെ പൊട്ടിച്ചിരിയാണ്.

എൻ്റെ മോളെ.. നീയെന്തൊരു പൊട്ടിയാടീ.. ഇന്ന് രാവിലെയല്ലേ നിനക്ക് മെൻസസായത് ,അത് കൊണ്ടല്ലേ ,ഇന്ന് സ്കൂളിൽ പോകാൻ നീ വൈകിയത് ,ഗർഭിണികൾ എങ്ങനാടി മെൻസസാകുന്നത്, എന്തായാലും നീയും ബെസ്റ്റ്, നിൻ്റെ കൂട്ടുകാരിയും ബെസ്റ്റ് ,ഈ തമാശ നിൻ്റെ അച്ഛനോട് ഞാനൊന്ന് വിളിച്ച് പറയട്ടെ

ചിരിയടക്കാനാവാതെ, ഗിരിജ അപ്പുറത്തേയ്ക്ക് പോയപ്പോൾ, ഗോപികക്ക് വീണ്ടും സംശയം

ങ്ഹേ, അപ്പോൾ താൻ ഗർഭിണിയല്ലേ ,തന്നെയന്ന് രാഹുൽ കെട്ടിപ്പിടിച്ചതാണല്ലോ? താൻ കുതറി മാറാൻ ശ്രമിച്ചിട്ടും, തൻ്റെ കവിളത്തവൻ ഉമ്മ വയ്ക്കുകയും ചെയ്തു, പെട്ടെന്ന് താനവൻ്റെ കവിളത്ത് അടിച്ചപ്പോഴാണ് പിടിവിട്ടത്, പേടിച്ച് പോയ താൻ, രേഷ്മയുടെ അരികിലേക്ക്, ഓടിയെത്തി വിവരങ്ങൾ പറയുകയായിരുന്നു .

അന്ന് മുതലേ, അവള് പറയുമായിരുന്നു, ആണും പെണ്ണും കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ, ഗർഭിണിയാകുമെന്നും, ഒരു മാസം കഴിഞ്ഞേ അറിയാൻ പറ്റത്തുള്ളു എന്നും,

പക്ഷേ, ഇപ്പോൾ അമ്മ ഉറപ്പ് പറയുന്നു, താൻ ഗർഭിണിയല്ലെന്ന്

അമ്മ പറയുന്നതാണ് സത്യം , ഇനി മുതൽ അമ്മ പറയുന്നത് വിശ്വസിക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയ, ഗോപികയുടെ ഉത്ക്കണ്ഠകളെല്ലാം, എങ്ങോട്ടോ പോയിരുന്നു.

(ഇത് 80- 90 കാലഘട്ടത്തിൽ നടന്ന ഒരു കഥയായി മാത്രം വിലയിരുത്തുക)

NB :- അമ്മയായിരിക്കണം, തൻ്റെ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ,എങ്കിലേ അവരുടെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളും അമ്മയോടവർ തുറന്ന് പറയു ,ഇല്ലെങ്കിൽ രഹസ്യങ്ങളുടെ ഒരു കൂമ്പാരമായി അവരുടെ മനസ്സ് മാറുകയും, അറിവില്ലായ്മ കൊണ്ട്, അവരുടെ തലച്ചോറ് മലിനമാകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *