അതു മതിയങ്കിൾ, രാധുവിന്റെ പഠിത്തം കഴിഞ്ഞു ജോലിയാകുന്നത് വരെ കാത്തിരിക്കാൻ ഞാൻ തയാറാണ്….

രാധിക..

Story written by Bibin S Unni

” അപ്പോൾ ചെറുക്കനും പെണ്ണിനും പരസ്പരമിഷ്ടമായ സ്ഥിതിക്ക് നമ്മുക്കിതങ്ങു ഉറപ്പിക്കാമല്ലേ… “

ചെറുക്കന്റെ അമ്മാവൻ ഇതു പറഞ്ഞപ്പോൾ വിനോദ് തന്റെ ഭാര്യ രേവതിയെയൊന്നു നോക്കി…

ചെറിയപുരം വീട്ടിലെ വിനോദിനും ഭാര്യ രേവതിയ്ക്കും മൂന്ന് മക്കൾ, മൂത്തവൾ രാധിക പിന്നെ ഇരട്ടകളായ അഭിരാമിയെന്ന ആമിയും അഭിമന്യുവെന്ന അഭിയും… വിനോദ് വീടിന് അടുത്ത് തന്നെയുള്ളൊരു ബാങ്കിലെ മാനേജരാണ് രേവതി വീട്ടിലെ ചെറിയ അടുക്കളത്തോട്ടവും മക്കളുടെ കാര്യവും ഒക്കെ നോക്കി ഗൃഹഭരണവും…

രാധിക ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിനിയും മറ്റു രണ്ടു പേർ പത്താം ക്ലാസ് വിദ്യാർത്ഥികളുമാണ്..

രാധികയെ അമ്പലത്തിൽ വച്ചു കണ്ടിഷട്ടപെട്ടു അവളെ പെണ്ണ് ചോദിച്ചു വന്നതാണ് ഐറ്റി കമ്പനിയിൽ വർക്ക്‌ ചെയുന്ന വിഷ്ണു…അവന്റെ കൂടെ അച്ഛൻ രവിയും ഭാര്യ സുധയും പെങ്ങൾ വൈശാലിയും അമ്മാവനും ഉണ്ടായിരുന്നു..

” അല്ല വിനോദ് ഒന്നും പറഞ്ഞില്ല… “

അൽപ്പ സമയം കഴിഞ്ഞതും വിഷ്ണുവിന്റെ അമ്മാവൻ സുധി ഒന്നുടെ ചോദിച്ചു…

” അല്ല അതിപ്പോൾ രാധു പഠിച്ചു കൊണ്ടിരിക്കുവല്ലേ… പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലിയൊക്കെയായിട്ട് പോരെ കല്യാണം… “

വിനോദ് പറഞ്ഞു…

” അതു മതിയങ്കിൾ, രാധുവിന്റെ പഠിത്തം കഴിഞ്ഞു ജോലിയാകുന്നത് വരെ കാത്തിരിക്കാൻ ഞാൻ തയാറാണ്… നിങ്ങൾ ഈ നാട്ടിൽ വന്നപ്പോൾ മുതൽ ഞാൻ കാണുന്നതാ രാധുവിനെ അന്ന് മുതലുള്ള ഇഷ്ട്ടമാണ്…

പിന്നെ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തു പ്രണയം പറഞ്ഞു വരാൻ തോന്നിയില്ല.. അതാ ഒരു ജോലിയാകുന്നത് വരെ ഞാൻ കാത്തിരുന്നതും ജോലി കിട്ടിയ ശേഷം വീട്ടിൽ ഈ കാര്യം സംസാരിച്ചതും “

വിഷ്ണു വിനോദിനോടായി പറഞ്ഞു… വിഷ്ണു പറഞ്ഞത് കെട്ട് രാധികയുടെ കണ്ണും മനസും ഒരേ പോലെ നിറഞ്ഞു… ഒപ്പം രേവതിയുടെയും..

അഭിരാമിയും അഭിമന്യുവും രാധികയെ ചേർത്തു പിടിച്ചു അവരുടെ സന്തോഷം അറിയിച്ചു..

പക്ഷെ അപ്പോഴും വിനോദിന്റെ മുഖം വാടിയിരിക്കുവായിരുന്നു…

” അല്ല വിനോദ്, ഒന്നും പറഞ്ഞില്ല.. കല്യാണം നിങ്ങൾക്ക് എപ്പോൾ വേണമെന്നു തോന്നുന്നൊ അപ്പോൾ നടത്തിയാൽ മതി.. അതിനു മുൻപ് ചെറിയൊരു മോതിരം മാറ്റം നടത്തണമെന്നു മാത്രമേ ഞങ്ങൾക്കൊരു ആവശ്യമുള്ളു… “

വിഷ്ണുവിന്റെ അച്ഛൻ വിനോദിനോടായി പറഞ്ഞപ്പോഴും വിനോദ് ഒന്നും മിണ്ടാതെയിരിക്കുവായിരുന്നു.. അതു കണ്ടു രേവതി വിനോദിന്റെ അടുത്ത് ചെന്നു പതിയെ തോളിൽ പിടിച്ചു… തോളിൽ കരസ്പർശം അറിഞ്ഞതും അയാൾ തലയുയർത്തി രേവതിയെ നോക്കി..

അതു കണ്ടു രേവതി കണ്ണുകൾ കൊണ്ട് വിനോദിനോട്‌ എന്തോ പറയാൻ അനുവാദം കൊടുത്തു…

” അല്ല നിങ്ങൾക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലങ്കിൽ.. പിന്നെ ഞങ്ങൾ ക്കൊന്നും പറയാനില്ല.. “

ഇത്രയും പറഞ്ഞു കൊണ്ട് വിഷ്ണുവിന്റെ അച്ഛനും അമ്മയും എണീറ്റു.. അതു കണ്ടു കുറച്ചു വിഷമത്തോടെയാണെങ്കിലും വിഷ്ണുവും എണീറ്റു…

അപ്പോഴും കുട്ടികാലം മുതൽ താൻ എന്ത് ആഗ്രഹിച്ചാലും അച്ഛനോട് പറയുന്നതിന് മുൻപ് തന്നെ അതു നേടി തരുന്ന അച്ഛന് ഇന്ന് എന്തു പറ്റിയെന്നറിയാതെ രാധികയുടെ കണ്ണുകളും ചെറുതായി ഈറനണിഞ്ഞിരുന്നു …

” അഭി, ആമി നിങ്ങൾ ചേച്ചിയെയും വിളിച്ചോണ്ട് അകത്തു പോ.. “

വിനോദ് പെട്ടെന്ന് അഭിരാമിയോടും അഭിമന്യുവിനോടുമായി പറഞ്ഞു.. പെട്ടെന്ന് അങ്ങനെ പറഞ്ഞതിൽ എല്ലാരും അമ്പരപ്പൊടെ വിനോദിനെ നോക്കി… അപ്പോഴേക്കും അഭിരാമിയും അഭിമന്യുവും കൂടി രാധികയെയും വിളിച്ചു അകത്തേക്ക് പോയിരുന്നു…

” ക്ഷമിക്കണം… എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. അതു പിള്ളേർ കേട്ടാൽ ശരിയാവില്ല… പ്രത്യേകിച്ചു ഞങ്ങളുടെ രാധു… “

വിനോദ് ഇതു പറഞ്ഞതും വിഷ്ണുവും വിഷ്ണുവിന്റെ വീട്ടുകാരും സംശയത്തോടെ വിനോദിണെ നോക്കി…

” ഞങ്ങൾ ഇവിടെ വന്നതിന് ശേഷമുള്ള കാര്യമല്ലേ നിങ്ങൾക്കറിയു… ഇവിടെ വരുന്നതിന് മുൻപുള്ള കുറച്ചു കാര്യങ്ങളുണ്ട് അതൂടെ നിങ്ങൾ അറിയണം.. അതിനു ശേഷം നിങ്ങൾക്ക് തീരുമാനിക്കാം. കാരണം അതു രാധുവിനെ കുറിച്ചുള്ള കാര്യമാണ്…

രാധു… അവൾ ഞങ്ങളുടെ മകളല്ല… “

വിനോദ് തല താഴ്ത്തി കൊണ്ട് പറഞ്ഞു.. അതു കേട്ടതും വിഷ്ണുവടക്കം എല്ലാവരിലുമൊരു ഞെട്ടലുണ്ടായി..

പെട്ടെന്ന് തന്നെ ഒരു പാത്രം താഴെ വീഴുന്ന ശബ്ദം കെട്ട് തിരിഞ്ഞു നോക്കിയ വിനോദ് കാണുന്നത് കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞു നിൽക്കുന്ന രാധികയെയാണ്… അവളുടെയാ ആ നിൽപ്പ് വിനോദിലും രേവതിയിലും ഒരേ സമയം അമ്പരപ്പും സങ്കടവും ഉളവാക്കി .

” മോളെ.. “

രേവതി പതിയെ രാധികയെ വിളിച്ചു..

” അച്ഛേ പറ അച്ഛേ ഞാൻ അച്ഛയുടെ മോളല്ലേ.. അച്ഛ കളിപ്പിക്കാൻ പറഞ്ഞതല്ലേ.. പറ അച്ഛേ… “

പെട്ടന്ന് എന്തോ ഓർത്ത പോലെ രാധു വിനോദിന്റെ അടുത്തേക്കോടി വന്നു കൊണ്ട് ചോദിച്ചു…

” അമ്മേ.. അച്ഛ എന്നേ പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ലേ… പറ അമ്മേ.. അച്ഛനോട് ഇങ്ങനെയൊന്നും പറയല്ലേന്നു പറ അമ്മേ.. നിക്ക് സഹിക്കാൻ പറ്റില്ല…. “

രാധിക പെട്ടെന്ന് തന്നെ വിനോദിന്റെ അടുത്ത് നിന്നും രേവതിയുടെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു.. രാധികയുടെ ഈ പ്രവർത്തി അവിടെ യുണ്ടായിരുന്നവരെയും കണ്ണീരിലാഴ്ത്തി …

” അച്ഛേ പറ അച്ഛേ.. ഞാൻ.. ഞാൻ നിങ്ങളുടെ മോളല്ലേ.. പറ അച്ഛേ ഞാൻ നിങ്ങളുടെ ആരുമല്ലേ… പറ അച്ഛേ… “

രാധിക ഇടറിയ സ്വരത്തോടെ പറയുന്നതിനോടൊപ്പം തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു.. അതു കണ്ടു വന്നു അഭിയിലും ആമിയിലും സങ്കടമുളവാക്കി… ചെറുപ്പം മുതലെ ചേച്ചിയുടെ കണ്ണ് നിറഞ്ഞാൽ അതു അവരിലും സങ്കടം വരുത്തുമായിരുന്നു..

” നിന്നെ എന്റെ രേവതി പ്രസവിച്ചില്ല.. എന്ന് മാത്രമേയുള്ളൂ.. ഞങ്ങളുടെ മോള് തന്നെയാ നീയ്… “

ഇത്രയും പറഞ്ഞു കൊണ്ട് വിനോദ് രാധുവിനെ ചേർത്തു പിടിച്ചു… വിനോദിന്റെ കണ്ണുകളും നിറഞ്ഞിരുന്നു… അപ്പോഴേക്കും രാധിക വിനോദിന്റെ നെഞ്ചിൽ മുഖം ചേർത്തു വച്ചു കരഞ്ഞു… രേവതിയും അവരുടെ അടുത്തേക്ക് വന്നു രാധികയുടെ മുടിയിൽ തലോടി….

” പിന്നെ.. എന്നെ പ്രസവിച്ച എന്റെ അമ്മയും അച്ഛനും ആരാ അച്ഛാ… ഞാൻ എങ്ങനെയാ അച്ഛന്റെയും അമ്മയുടെയും കയിലെത്തിയത്. എന്തിനാ ഇത്രയും നാളും ഇതെല്ലാം എന്നിൽ നിന്നും മറച്ചു വച്ചത് “

കുറച്ചു സമയം കഴിഞ്ഞു രാധികയുടെ കരച്ചിൽ അടങ്ങിയതും അവൾ വിനോദിനോട്‌ ചോദിച്ചു.. ഇതെ ചോദ്യം തന്നെയായിരുന്നു വിഷ്ണുവിന്റെയും വീട്ടുകാരുടെയും മനസിലുമുണ്ടായിരുന്നത്…

” പറയാം മോളെ ഈ അച്ഛൻ എന്റെ മോളോട് എല്ലാം പറയാം… ഇത്രയും നാൾ നീ അറിയാതെയിരുന്നത്.. അല്ല നിന്നെ അറിയിക്കാതെയിരുന്നത്…

രേവതി നിന്റെ അമ്മയല്ല ചേച്ചിയാണ്.. ഞാൻ നിന്റെ ചേട്ടനും.. “

വിനോദ് ഇതു പറഞ്ഞതും ആർക്കും തന്നെ ഒന്നും മനസിലായില്ലന്നു കണ്ടതും വിനോദ് ബാക്കി പറയാൻ തുടങ്ങി…

ശങ്കരമംഗലം വീട്ടിൽ രാഘവൻ മഷിനും ഭാര്യ ഭവാനിക്കും വിവാഹം കഴിഞ്ഞു എട്ട് വർഷം കഴിഞ്ഞാണ് ഒരു കുഞ്ഞു ജനിക്കുന്നത്. അവർ അവൾക്കു രേവതി യെന്ന് പേരിട്ടു… പിന്നെയും വർഷം പലതു കഴിഞ്ഞിട്ടും രേവതിയ്ക്ക് ഒരു അനുജനെയോ അനിയത്തിയെയോ കൊടുക്കാൻ മാഷിനും ഭാര്യക്കും കഴിഞ്ഞില്ല..

ഒരു അനിയനോ അനിയത്തിയോ ഇല്ലാത്ത വിഷമം രേവതി യിലുണ്ടായിരുന്നെങ്കിലും മാഷും അമ്മയും വിഷമിക്കുമെന്നു കരുതി അവൾ അവളുടെ വിഷമം ഉള്ളിലൊതുക്കി നടന്നു… എങ്കിലും മകളുടെ മനസ് അറിയുന്ന മാഷിനും ഭാര്യയ്ക്കും അതൊരു വിഷമമായി തന്നെ നിന്നു…

രേവതി കോളേജിൽ ചേർന്ന സമയം അവളുടെ സീനിയറായ എനിക്ക് , രേവതിയോട് ഇഷ്ടം തോന്നി.. രേവതിയോടു ഇഷ്ട്ടം തുറന്നു പറഞ്ഞെങ്കിലും വീട്ടിൽ വന്നു ചോദിക്ക് എന്നായിരുന്നു അവളുടെ മറുപടി അതു കൊണ്ട് തന്നെ പഠിത്തം കഴിഞ്ഞതും നേരെ ശങ്കരമംഗലം വീട്ടിൽ ചെന്നു പെണ്ണാലോചിച്ചു,

മകളുടെ മനസ് അറിഞ്ഞ മാഷ് പറഞ്ഞു ഒരു ജോലി നേടിയ ശേഷം.. അതും ഇന്ന ജോലിയെന്ന് പറഞ്ഞില്ല കെട്ടിയ പെണ്ണിനെ അന്തസായി നോക്കാൻ പറ്റുന്ന യൊരു ജോലിയായ ശേഷം വീട്ടുകാരെയും കൂട്ടി വന്നു പെണ്ണ് ചോദിച്ചാൽ ഞാൻ നിനക്ക് എന്റെ മകളെ കെട്ടിച്ചു തരാമെന്നു പറഞ്ഞു…

ആറു മാസത്തിനുള്ളിൽ തന്നെ ജോലിയും നേടി വീട്ടുകാരെയും കുട്ടി ചെന്നു പെണ്ണ് ചോദിച്ചു.. മാഷ് സന്തോഷത്തോടെ തന്നെ രേവതിയെ വിനോദിന് കൈ പിടിച്ചു കൊടുത്തു… എല്ലാം കൊണ്ട് സന്തോഷത്തോടെയായിരുന്നു വിനോദിന്റെയും രേവതിയുടെ കുടുംബ ജീവിതമെങ്കിലും ഒരു കുഞ്ഞില്ലാത്ത കുറവ് അവിടെയുമുണ്ടായിരുന്നു…

വിവാഹം കഴിഞ്ഞു മൂന്ന് വർഷം കഴിഞ്ഞും അവർക്ക് കുഞ്ഞുണ്ടാകത്തത്തിൽ വിനോദിനും രേവതിയെക്കാളും വിഷമം മാഷിനും അമ്മയ്ക്കുമായിരുന്നു… അങ്ങനെ അവര് ഓരോ ക്ഷേത്രങ്ങളിൽ നേർച്ചയും വഴിപാടുമായി നടന്നു…

ഒരു വർഷം കഴിഞ്ഞപ്പോൾ ദൈവം അനുഗ്രഹിച്ചു.. പക്ഷെ അതു മകളായ രേവതിയേയല്ലേന്നു മാത്രം അമ്മ ഭാനുമതിയെയായിരുന്നു… അന്ന് നാട്ടുകാരും വീട്ടുകാരും അവരെ കുറ്റപെടുത്തുകയും കളിയാക്കുകയും ചെയ്തപ്പോൾ മകൾ രേവതി അമ്മയെ ചേർത്തുപിടിച്ചു, തനിക്കൊരു അനിയനോ അനിയത്തിയോ വരാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൾ… പിന്നിടങ്ങോട്ട് രേവതി അമ്മയുടെ കൂടെ തന്നെയായിരുന്നു .. മാഷിന് മറ്റുള്ളവരുടെ മുന്നിൽ ചെല്ലാൻ ആദ്യം മടിയുണ്ടായിരുന്നെങ്കിലും മകളുടെയും മരുമകന്റെയും സ്നേഹത്തിൽ അവർക്കില്ലാത്ത വിഷമമെന്തിനാ നാട്ടുകാർക്കെന്നായി പിന്നെ തലയുയർത്തി തന്നെ മാഷ് നടന്നു….

ഭാനുമതിയമ്മയുടെ പ്രായവും ശാരീരിക ബുദ്ധിമുട്ടും കാരണം പ്രസവ ഡേറ്റിന് മുന്നേ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു… മഴയുള്ളൊരു രാത്രിയിൽ ഭാനുമതിയമ്മയ്ക്ക് പ്രസവവേദന വന്നു ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റി…

തിയറ്ററിന്റെ വെളിയിൽ മാഷും മകളും മരുമകനും അക്ഷമയോടെ കാത്തിരുന്നു… പുലർച്ചെ ഭാനുമതിയമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.. കുഞ്ഞിനെ മകളെയും മരുമകനെയും ഏൽപ്പിച്ചു അമ്മ പോയി… അമ്മയെ അത്രയും സ്നേഹിച്ചിരുന്ന മാഷും അമ്മ പോയി അധികം വൈകാതെ തന്നെ അമ്മയുടെ കൂടെ പോയി…

തറവാട്ടിലെ തെക്കേ തൊടിയിൽ അച്ഛനുമമ്മയും ഉറങ്ങുന്നതറിയാതെ പാലിന് വേണ്ടി കരഞ്ഞ മോൾക്ക് പാല് കൊടുത്തും താരാട്ട് പാടിയുറക്കിയും രേവതി ആ കുഞ്ഞിന് ചേച്ചിയിൽ നിന്നും അമ്മയായി മാറി… തന്റെ നെഞ്ചിലെ ചൂടു പറ്റിയുറങ്ങിയപ്പോൾ താൻ അവൾക്കു അച്ഛനായി…

കുഞ്ഞു ജനിച്ചു ഇരുപത്തിഏഴാം നാൾ അവൾക്കു രാധിക എന്നു പേരിട്ടു രാധുന്നു വിളിച്ചു… അവളുടെ നാവിൽ നിന്നും ആദ്യമായി അമ്മ എന്ന് വിളിച്ച പ്പോൾ, ലോകം വെട്ടി പിടിച്ച സന്തോഷമായിരുന്നു ഞങ്ങൾക്ക്… എട്ട് വർഷ ങ്ങൾക്ക് ശേഷം രേവതി ഗർഭിണിയായപ്പോൾ രേവതിയെങ്ങനെ അവളുടെ അമ്മയെ നോക്കിയോ അതു പോലെ തന്നെ രാധുവും രേവതിയെ നോക്കി.. ഒരു കാര്യത്തിനും അവൾക്കൊരു കുറവും രാധു വരുത്തിയില്ല അഭിയും ആമിയും ജനിച്ച ശേഷവും ഞങ്ങൾക്ക് രാധുവിനോടുള്ള സ്നേഹം കുറഞ്ഞില്ല.. അതെ സമയം അഭിയ്ക്കും ആമിക്കും രണ്ടമ്മമാരെയും കിട്ടി…

ഇന്ന് ഇതു വരെയും രാധുവിനെ ഞങ്ങളുടെ മകൾ അല്ലെന്ന് പേരിൽ മാറ്റി നിർത്തിയിട്ടില്ല… ഇനി ഒരിക്കലും മാറ്റി നിർത്തുകയുമില്ല… ഞങ്ങളുടെ മകൾ തന്നെയാണിവൾ…

ഈ കാര്യങ്ങളെല്ലാം നിങ്ങൾ അറിയണമെന്നു തോന്നി.. അല്ലെകിൽ നാളെ നിങ്ങളുടെ കല്യാണം കഴിഞ്ഞ ശേഷം മറ്റാരിൽ നിന്നെലും ഈ കാര്യം അറിഞ്ഞാൽ അതെങ്ങനെ നിങ്ങൾ ഉൾകൊള്ളൂമെന്നു ഒരു സങ്കട മുണ്ടായിരുന്നു.. അതാണ് പറഞ്ഞത്.. ഇനി നിങ്ങൾക്ക് തീരുമാനിക്കാം… “

വിനോദ് ഇത്രയും പറഞ്ഞു നിർത്തുമ്പോൾ ഒന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുവായിരുന്നു ബാക്കിയെല്ലാവരും…

രാധികയ്ക്ക് എല്ലാം പുതിയ അറിവായിരുന്നു.. താൻ ഇത്രയും നാളും അച്ഛനും അമ്മയുമെന്നു കരുതിയവർ തന്റെ ചേച്ചിയും ചേട്ടനും.. മുത്തശ്ശിയും മുത്തശ്ശനുമായി കണ്ടവർ തന്റെ അച്ഛനുമമ്മയുമെന്നോർത്തപ്പോൾ അവളുടെ ഉള്ളം വിങ്ങി… പക്ഷെ അപ്പോഴും ഒരു അച്ഛന്റെ കരുതലോടെ വിനോദിന്റെ കരങ്ങൾ രാധുവിനെ ചേർത്തു പിടിച്ചിരുന്നു…

” എന്നാ ശരി വിനോദ്.. ഞങ്ങളിറങ്ങുവാ.. “

ഇതെല്ലാം കേട്ട് നിന്ന വിഷ്ണുവിന്റെ അച്ഛൻ പെട്ടെന്ന് പറഞ്ഞതും രാധിക തലയുയർത്തി വിഷ്ണുവിനെയും വീട്ടുകാരെയും നോക്കി.. ആഗ്രഹിച്ചതെന്തോ നഷ്ടപെടുന്ന ഒരു വിഷമം അവളിൽ നിറഞ്ഞു…

വിഷ്ണുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു… രാധികയുടെ കാര്യമെല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ അവളോടുള്ള ഇഷ്ടം കൂടിയതെയുള്ളൂ. പക്ഷെ അച്ഛൻ പറഞ്ഞത് കേട്ട് അവനും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായി പോയി…

” എന്നാ അങ്ങനെയാകട്ടെ.. “

വിനോദ് തന്റെ മകളുടെ വിഷമം മനസ്സിലാക്കിയെങ്കിലും ഒന്നും ചെയ്യാൻ പറ്റാതെ വിഷമമുള്ളിലൊതുക്കി പറഞ്ഞു… വിനോദ് പറഞ്ഞത് കേട്ട് രേവതിയും നിറ കണ്ണുകളോട് വിനോദിനെ നോക്കി…

” അപ്പോഴിനി രാധുമോളുടെ പഠിത്തം കഴിഞ്ഞു, അടുത്ത മുഹൂർത്തത്തിൽ തന്നെ ചെറിയ രീതിയിൽ ഒരു മോതിരമാറ്റൽ ചടങ്ങ് വച്ചു.. മോൾക്കൊരു ജോലിയായ ശേഷം വിവാഹം.. എന്ന് തീരുമാനിക്കാമല്ലേ.. “

ചെറു ചിരിയോടെ വിഷ്ണുവിന്റെ അച്ഛൻ പറയുമ്പോൾ കേട്ടത് വിശ്വസി ക്കാനാകാതെ വിഷ്ണവും രാധികയും പരസ്പരം നോക്കി നിന്നു…

” നിങ്ങൾക്ക് എതിരഭിപ്രായമൊന്നുമില്ലല്ലോ.. “

വിഷ്ണുവിന്റെ അച്ഛൻ ചോദിച്ചതും വിനോദ് നിറഞ്ഞ ചിരിയോടെ ഇല്ലാന്ന് തലയാട്ടി അപ്പോഴേക്കും വിഷ്ണുവിന്റെ അമ്മ തന്റെ കൈയിൽ കിടന്ന ഒരു വളയൂരി രാധികയുടെ വലതു കൈയിൽ അണിയിച്ചിരുന്നു അതു കണ്ടു വിഷ്ണുവിന്റെ അനിയത്തി വൈശാലി ഓടി വന്നു രാധികയുടെ കവിളിൽ അമർത്തി ചുംബിച്ചു…

” ഇതെന്റെ ഏട്ടന് കൂടെ വേണ്ടിയണ്ട്ടോ .. “

എന്ന് വൈശാലി പറയുമ്പോഴെക്കും രാധികയുടെ കവിൾ നാണത്താൽ ചുവന്നിരുന്നു…

എല്ലാരും യത്ര പറഞ്ഞിറങ്ങാൻ നേരം നാലു കണ്ണുകൾ പരസ്പരം കഥകൾ പറയുന്ന തിരക്കിലായിരുന്നു….

ശുഭം…

ഒത്തിരി നാൾ കൂടി എഴുതിയത് കൊണ്ട് എത്രത്തോളം ശെരിയായിന്നറിയില്ല.. അതുകൊണ്ട് അഭിപ്രായം പറയാൻ മറക്കരുത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *