കഥയറിയാതെ…
Story written by Nitya Dilshe
എന്തോ ദുസ്വപ്നം കണ്ടാണ് ഞെട്ടിയെണീറ്റത്.. അല്പം കഴിഞ്ഞാണ് അതൊരു സ്വപ്‍നമാണെന്നു തിരിച്ചറിഞ്ഞത്..ഈയിടെയായി ഇത്തരം സ്വപ്നങ്ങൾ മാത്രമേയുള്ളൂ കൂട്ടിന്…
എണീറ്റ് ജനൽ തുറന്നിട്ടു..പുറത്തുനിന്നും തണുത്ത കാറ്റ് മുറിയിലേക്ക് ഇരച്ചെത്തി…മണ്ഡലമാസക്കാലമാണ്..എവിടെ നിന്നോ അഖണ്ഡനാമത്തിന്റെ ഈരടികൾ ഇടക്ക് കാറ്റിൽ ഒഴുകിയെത്തുന്നുണ്ട്…ഇന്നെന്റെ വിവാഹമാണ്..അരവിന്ദേട്ടനോടൊപ്പം കണ്ട സ്വപ്നം…അതിവിടെ തീരുകയാണ്…
ഓർമവച്ചനാൾ മുതൽ ഏട്ടനും അമ്മായിയും ഇവിടെയുണ്ട്..അമ്മാവൻ മരിച്ചപ്പോൾ അച്ഛൻ കൂട്ടിക്കൊണ്ടു വന്നതാണ്.’അമ്മ ഉണ്ടെങ്കിലും .അമ്മായി എപ്പോഴും അടുക്കളയിലായിരുന്നു… വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല….
ഞങ്ങൾക്കു പുറമെ പണിക്കാർക്കുള്ള. ഭക്ഷണവും വീട്ടിൽ നിന്നായിരുന്നു…
അരവിന്ദേട്ടനെയും സ്കൂളിൽ പോകുന്ന നേരമൊഴിച്ചു വെറുതേയിരിക്കാൻ അച്ഛൻ അനുവദിക്കാറില്ല.. പാടത്തും പറമ്പിലും എപ്പോഴും പണിക്കാരുണ്ടാവും. അവർക്ക് വെള്ളം ,കഞ്ഞി..തുടങ്ങിയവ കൊണ്ടു കൊടുക്കൽ എല്ലാം അരവിന്ദേട്ടന്റെ ചുമതലപോലെയായിരുന്നു അച്ഛന്…കൂട്ടിനു ഒപ്പം പോകാൻ നിൽക്കുന്ന എന്നെ “”നല്ല വെയിലാണ് പവി…ഇപ്പോൾപുറത്തിറങ്ങേണ്ട”” എന്നു പറഞ്ഞു തടയും..
മുതിർന്നതിൽ പിന്നെ അരവിന്ദേട്ടനും പണിക്കാർക്കൊപ്പം നിന്നു പണിയെടുക്കുന്നത് കാണാം…ഈ തിരക്കിനിടയിലും ആൾ ഉയർന്ന മാർക്കോടെ പാസായി.. ഡിഗ്രിക്ക് ടൗണിലെ കോളേജിൽ ചേർന്നു പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അതിനൊക്കെ ഒരുപാട് ചിലവുകളാണെന്നു പറഞ്ഞു അച്ഛൻ മുടക്കി..വേണമെങ്കിൽ അടുത്തുള്ള കോളേജിൽ ചേർന്നുള്ള പഠിപ്പ് മതിയെന്ന്…
ഇനി പഠിക്കുന്നില്ലെന്നു പറഞ്ഞു കരഞ്ഞ ഏട്ടനെ അച്ഛന്റെ കാൽ പിടിച്ചു പറഞ്ഞാണ് സമ്മതം ഞാൻ നേടിയെടുത്തത്… അളന്നുമുറിച്ചാണ് പഠനചിലവുകൾക്കു പണം കൊടുത്തിരുന്നത്…എന്റെ ആവശ്യങ്ങൾക്കെന്ന് അച്ഛനോട് കള്ളം പറഞ്ഞു കാശു വാങ്ങിയാണ് ഏട്ടന്റെ വട്ടചിലവുകൾക്കുള്ള വഴി കണ്ടെത്തിയത്…
ആരും അടുത്തില്ലാത്ത സമയത്ത് ഒരിക്കൽ അമ്മായി പറഞ്ഞു…”നീ അരവിക്കുള്ളതാണെന്നു”…അച്ഛൻ മുന്പങ്ങനെ പറഞ്ഞിട്ടുണ്ടത്രേ..
ഡിഗ്രി കഴിഞ്ഞു ആൾ വീണ്ടും കൃഷിപ്പണി ഒക്കെയായി നടന്നു…..ഒരിക്കൽ പറഞ്ഞു , ഇനിയിവിടെ നിൽക്കുന്നില്ലെന്ന്..ഗുജറാത്തിൽ ഒരു കൂട്ടുകാരൻ ജോലി ശരിയാക്കിയിട്ടുണ്ടത്രേ ….അച്ഛന്റെ അനുവാദത്തോടെ പോവാൻ കഴിയില്ലെന്ന് അറിയാമായിരുന്നു.. ഇനിയും ഇവിടെ നിന്ന് കഷ്ടപ്പെടാതിരിക്കയാണ് നല്ലതെന്ന് എനിക്കും തോന്നി..യാത്രാ ചിലവിനായി ഇടത് കൈയ്യിലെ വള ഊരിക്കൊടുത്തു.
യാത്ര പറയുമ്പോൾ അമ്മായി കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടു..ഏട്ടന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു…എന്റെ കൈകൾ കൂട്ടിപ്പിടിച്ചു കണ്ണുകളിലേക്കു നോക്കി…അവിടെ പ്രണയമുണ്ടായിരുന്നോ…അതോ എന്റെ വെറുമൊരു തോന്നലോ….
ഏട്ടനെ കാണാതെ അച്ഛൻ കുറച്ചു ദിവസം ബഹളം വച്ചു…പിന്നെ അതേക്കുറിച്ച് സംസാരം ഉണ്ടായില്ല..ഒന്നുരണ്ടു തവണ ഏട്ടൻ വിളിച്ചിരുന്നു…അച്ഛൻ പണിക്കാർക്കിടയിലാവുന്ന സമയം അറിയാവുന്നത് കൊണ്ടാണെന്നു തോന്നുന്നു, ആ സമയത്താണ് വിളിച്ചത്…അമ്മായി ഫോൺ എനിക്കും തന്നു..സുഖവിവരങ്ങളും പഠിപ്പിനെക്കുറിച്ചും ചോദിച്ചു വച്ചു…
വിഷുവിന്റെ തലേന്നാണ് പിന്നീട് ഏട്ടൻ വന്നത്.. വന്നത് കാറിലായിരുന്നു. ഉമ്മറത്തെ ബഹളം കേട്ടാണ് താഴേക്കു ചെന്നത്…ഏട്ടനോടൊപ്പം സുന്ദരിയായൊരു പെണ്കുട്ടിയുമുണ്ട്…
“”എന്റെ വിവാഹം കഴിഞ്ഞു…ബോസിന്റെ മകളാണ്…” ആദ്യം പറഞ്ഞത് തല താഴ്ത്തിയാണെങ്കിലും ബോസിന്റെ മകൾ എന്നു പറഞ്ഞു അച്ഛനെ പുച്ഛത്തോടെ ഒന്നു നോക്കി…അമ്മായി ഉമ്മറവാതിൽക്കൽ തറഞ്ഞു നിൽപ്പുണ്ട്…
“”അമ്മയെ വിളിച്ചുകൊണ്ടു പോവാനാ ഞാൻ വന്നത്..ഇവിടെ അടിമപ്പണി ചെയ്തു മതിയായില്ലേ ‘അമ്മക്കിനിയും..”ഏട്ടന്റെ ശബ്ദം ആദ്യമായാണ് ഇത്ര ഉച്ചത്തിൽ കേൾക്കുന്നത്…
അച്ഛൻ തൂണിൽ ഒരു കൈ അമർത്തി ദൂരേക്ക് നോക്കിനിൽക്കുന്നു..അരികിൽ തല താഴ്ത്തി അമ്മയും..
“‘അമ്മ വരുന്നുണ്ടോ..??” ഏട്ടന്റെ ശബ്ദം വീണ്ടും ഉയർന്നു…അമ്മായി ഏട്ടന്റെ അടുത്തേക്ക് ചെല്ലുന്നത് കണ്ടു..പ്രതീക്ഷിക്കാതെ അമ്മായിയുടെ കൈ ഏട്ടന് നേരെ ഉയർന്നുതാണു…
“എന്റെ ഏട്ടനോട് നീ ചെയ്തത് ഞാൻ ക്ഷമിക്കും..” അമ്മായി എനിക്ക് നേരെ വിരൽ ചൂണ്ടി..അപ്പോഴാണ് ആൾ എന്നെ നോക്കിയത്.. മുഖത്തൊരു പതർച്ച കണ്ടു അപ്പോൾ..
“അവളോട് നീയിങ്ങനെ ചെയ്യേണ്ടിയിരുന്നില്ല…..ഇനി എനിക്കിങ്ങനെ ഒരു മകനില്ല…” പറഞ്ഞതും ഉയർന്നു വന്ന കരച്ചിൽ സാരിത്തുമ്പു കൊണ്ട് കടിച്ചമർത്തി അടുക്കളയിലേക്കു ധൃതിയിൽ നടന്നു…
ആകെയൊരു മരവിപ്പായിരുന്നു…കരയാൻ തോന്നിയില്ല..കരച്ചിൽ വരുന്നുണ്ടായിരുന്നില്ല..നെഞ്ചിനകത്ത് ആകെയൊരു നീറ്റൽ..എന്നോട് പ്രണയമാണെന്നു അരവിന്ദേട്ടൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല..അങ്ങനെ വിചാരിച്ച ഞാനാണ് വിഡ്ഢി..ഇവിടുത്തെ കഷ്ടപാടിൽ നിന്നും രക്ഷപെടട്ടെ…മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു..അച്ഛൻ ഇടക്ക് മുറിയിലേക്ക്യ വന്നു നോക്കുന്നത് കണ്ടു… ഒന്നു രണ്ടുദിവസം പുറത്തിറങ്ങാതെ മുറിയിൽ തന്നെ ഇരുന്നു…’ ഭക്ഷണം അമ്മ മുറിയിലേക്ക് കൊണ്ടുതന്നു..
അന്നത്തെ സംഭവത്തിനു ശേഷം അമ്മായിയെ പിന്നെ കണ്ടിരുന്നില്ല. അടുക്കളയിൽ പഴയപോലെ തിരക്കിലാണ്….പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു. പറയാതെ തന്നെ ഞാനാണെന്നു മനസ്സിലായെന്നു തോന്നുന്നു..കൈയ്യിലെ തവി താഴെ വീണു..തിരിഞ്ഞ് എന്നെ മുറുകെ കെട്ടിപ്പുടിച്ചു കരഞ്ഞു…
“അമ്മായിക്കും ഇവിടുന്നു രക്ഷപ്പെടാമായിരുന്നില്ലേ.??.” തേങ്ങലോടെ ചോദിച്ചു… അമ്മായി എന്റെ മുഖം പിടിച്ചുയർത്തി…
“എന്തിന് ??? ഇഷ്ടപ്പെട്ടവനൊപ്പം ഒരിക്കൽ ഈ പടിയിറങ്ങിയതാണ്…അവന്റച്ഛൻ ഒരു ജോലിക്കും പോകാതെ ധൂർത്തടിച്ചു ഉണ്ടാക്കി വച്ച കടങ്ങളൊക്കെ തീർത്ത്.. ഇതുവരെ ഞങ്ങളെ സംരക്ഷിച്ച എന്റെ ഏട്ടനെ വിട്ടിട്ടു ഇനി ഞാൻ എങ്ങോട്ടു പോവാൻ..”
അച്ഛൻ പിന്നീട് തിരക്കുപിടിച്ച കല്യാണ ആലോചനകളിലായിരുന്നു. മുത്തശ്ശിയുടെ അകന്ന ബന്ധത്തിലെ ബ്രോക്കറോട് ഉമ്മറത്തിരുന്നു പറയുന്നത് കേട്ടു..
“”അവന്റച്ഛനെ പോലെ അവനും ആവേണ്ടെന്നു വിചാരിച്ചു.. ..ഇതുവരെ ശ്രമിച്ചതൊക്കെ അതിനുവേണ്ടിയായിരുന്നു…ഈ കണ്ടതൊക്കെ പക്വതയോടെ അവൻ കൊണ്ട് നടക്കുമെന്ന് തോന്നി..ഇനിയിപ്പോ ഇതൊക്കെ ആരു നോക്കാനാ..ഇതൊക്കെ വാങ്ങാൻ ആരെങ്കിലും ഉണ്ടെങ്കിൽ ചെറുക്കനെ നോക്കുന്ന കൂട്ടത്തിൽ അതും കൂടി നോക്കണം..” ശബ്ദത്തിൽ തളർച്ചയുണ്ടായിരുന്നു…
അല്പം കഴിഞ്ഞ് എന്നെ ഉമ്മറത്തേക്കു വിളിച്ചു.. “പയ്യന്മാരുടെ ഫോട്ടോ ഉണ്ടത്രേ..മോൾക്കിഷ്ടപ്പെട്ടത് നോക്കു..'”
“അച്ഛന് ഇഷ്ടമുള്ളത് പറഞ്ഞോളൂ..എനിക്കങ്ങനെ ഇഷ്ടങ്ങളൊന്നുമില്ല…” മറുപടി പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോഴാണ് ബ്രോക്കർടെ ഡയറിക്കുള്ളിൽ നിന്നും ഒരു ഫോട്ടോ താഴെ വീണത്..കുനിഞ്ഞ് എടുത്തു കൊടുക്കുമ്പോൾ കണ്ടു.. ‘ചിരിക്കാൻ അറിയാത്ത സുന്ദരൻ ‘എന്നു പറഞ്ഞു കുട്ടികൾ കളിയാക്കുന്ന നീരവ് സാർ..
“നീരവ് സാർ അല്ലേ ഇത്..” ആകാംക്ഷയോടെ ചോദിച്ചു..അയാൾ ഫോട്ടോ കൈയ്യിൽ വാങ്ങി നോക്കി..
“”മോൾടെ സാർ ആണോ..ആൾക്ക് രണ്ടാം കെട്ടാണ്..ആദ്യഭാര്യ പ്രസവത്തോടെ മരിച്ചു..അസുഖക്കാരിയായിരുന്നു.. അതു മൂടിവച്ചു വിവാഹം നടത്തിയതാ…കമ്പ്യൂട്ടർ വഴി നടത്തിയ ബന്ധമാ …രണ്ടുവയസ്സുള്ള മോളുണ്ട്..കല്യാണം ഇനി വേണ്ടെന്നു പറഞ്ഞതാ..
സാറിന്റെ അച്ഛന് ഈയിടെ ഒരറ്റാക്ക് ഉണ്ടായി..അമ്മക്ക് എല്ലാം കൂടി നോക്കാൻ വയ്യ….അതോണ്ട് പാതിസമ്മതം കിട്ടിയിട്ടുണ്ട്..മനസ്സു മാറുന്നതിനു മുൻപ് കെട്ടിക്കണം എന്നു പറഞ്ഞിരിക്കാ …” തിരിഞ്ഞ് അകത്തേക്ക് നടക്കുമ്പോഴും അയാൾ അച്ഛനോട് വിസ്തരിച്ച് പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു..
അന്ന് മുഴുവൻ സാറിനെക്കുറിച്ചായിരുന്നു മനസ്സിൽ …ഞങ്ങളുടെ ഇംഗ്ലീഷ് സർ ആണ്.. ചിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.. മുഖത്തെപ്പോഴും ഗൗരവമാണ്..
പിറ്റേന്ന് അച്ഛനോട് പറഞ്ഞു ..എന്റെ ഇഷ്ടമാണ് അച്ഛൻ നോക്കുന്നതെങ്കിൽ എനിക്ക് ഇന്നലെ ഫോട്ടോയിൽ കണ്ട സാർ മതിയെന്ന്…അച്ഛൻ അമ്പരപ്പോടെ എന്നെ നോക്കി..കൂടുതലൊന്നും പറയാതെ നെടുവീർപ്പോടെ കസേരയിലേക്ക് ചാഞ്ഞു….
രണ്ടുദിവസങ്ങൾക്കുള്ളിൽ തന്നെ സാറും അച്ഛനുമമ്മയും എത്തി..ഒപ്പം ഒരു കുഞ്ഞു കാന്താരിയും…സംസാരിക്കുന്ന സമയമത്രയും മടിയിൽ പിടിച്ചു വച്ചിരിക്കുന്ന സാറിന്റെ കൈയ്യിൽ നിന്നും താഴെയിറങ്ങാൻ ഉരുണ്ടു മറിയുന്നുണ്ട്…കഴിയാതെ വന്നപ്പോൾ കൈയ്യെത്തി ടേബിളിലെ സാധനങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചു…
കുറച്ചു കഴിഞ്ഞു സാർ മുറിയിലേക്ക് വന്നതും എഴുന്നേറ്റു നിന്നു..ക്ലാസ്സിൽ കാണുന്ന അത്രയും ഗൗരവമില്ല.. ചെറിയ പുഞ്ചിരിയുണ്ട്..
“പല്ലവി എല്ലാം അറിഞ്ഞായിരിക്കുമല്ലോ ഈ വിവാഹത്തിന് സമ്മതിച്ചത്… ഇനി ഇങ്ങനൊന്നു വേണമെന്ന് വിചാരിച്ചതല്ല… ഒരു നല്ല ഭർത്താവാകാൻ കഴിയും എന്ന് ഉറപ്പു തരാൻ ക,ഴിയില്ല..എനിക്കല്പം സമയം തരണം..ഞാൻ ശ്രമിക്കാം..നന്നായി ആലോചിച്ചു തീരുമാനം പറഞ്ഞാൽ മതി….” എനിക്ക് വേണ്ടതും അതുതന്നെയായിരുന്നു..
മുകളിലേക്കാരോ വരുന്നത് കേട്ടാണ് ഓർമകളിൽ നിന്നുണർന്നത്. അമ്മായിയാണ്..ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ അടുത്ത ബന്ധുക്കൾ മാത്രമായി വിവാഹം നടന്നു…..അവരുടെ ഭാഗത്തു നിന്നും പത്തിരുപത് പേര്..ആകെ ഒരു നൂറുപേർ…അച്ഛന് നല്ല വിഷമമുള്ളത് പോലെ തോന്നി. ഇങ്ങനെയാവില്ല അച്ഛന്റെ സ്വപ്നങ്ങളിൽ എന്റെ വിവാഹം…അമ്മയും അമ്മായിയും ഉള്ളിൽ നീറ്റലുണ്ടെങ്കിലും പുറമേ ഒരു പുഞ്ചിരി അണിഞ്ഞു നിന്നു….
പുതിയ വീട്ടിൽ വലിയ ടെൻഷനൊന്നും തോന്നിയില്ല..തോന്നാനുള്ള സമയം കുഞ്ഞു കാന്താരി തന്നിരുന്നില്ല..ഒരിടത്ത് ഒതുങ്ങിയിരിക്കാത്ത പ്രകൃതം…
സാർ സമയം വേണമെന്ന് പറഞ്ഞതുകൊണ്ട് ബെഡ്റൂമിലും പേടിതോന്നിയില്ല….ആദ്യത്തെ അപരിചിതത്വം രണ്ടു ദിവസം കൊണ്ട് മാറി…നല്ല ഭർത്താവായില്ലെങ്കിലും നല്ല സുഹൃത്ത് ആയിരുന്നു..ഒരുപാട് നാളായി പരിചയമുള്ള ഒരാളോടെന്നപോലെയുള്ള പെരുമാറ്റം…പെട്ടെന്ന് തന്നെ അവിടെയുള്ളവരുമായി കൂട്ടായി…
മോളുമായി കുറുമ്പ് കാണിച്ചും ഓടിനടന്നും ജീവിതം ആസ്വദിച്ചു തുടങ്ങി…ഞാൻ ഉറക്കെ ചിരിക്കുന്നത് എനിക്ക് തന്നെ അത്ഭുതമായിരുന്നു..സാറൊരു യാത്രാപ്രിയനായിരുന്നു..യാത്രകൾ പുതിയലോകം കാണിച്ചു തന്നു..
പതിവുപോലുള്ള ഒരു ഷോപ്പിങ്ങിൽ വച്ചാണ് സാറിനു പരിചയമുള്ള ഒരു ഫാമിലിയെ കണ്ടത്..വീണ്ടും വിവാഹം കഴിഞ്ഞത് അവർ അറിഞ്ഞില്ലെന്ന് തോന്നുന്നു..മോളേയുമെടുത്ത എന്നെ കണ്ടതും ആരെന്ന മട്ടിൽ നോക്കി…
എന്നെ നോക്കി ‘ “ഇത്…. ” എന്നു പറഞ്ഞു സാർ ഒന്നു നിർത്തി..”ഭാര്യയാണ്..” ഒന്നുരണ്ടു നിമിഷം കഴിഞ്ഞാണ് ബാക്കി വന്നത്. ആ നേരം കൊണ്ട് മനസ്സൊന്നു നൊന്തു…. വിങ്ങലോ പരിഭവമോ..എന്തിനാണിത്ര വേദന എന്നു ഞാൻ എന്നോട് തന്നെ ചോദിച്ചു… പഴയ ചിരി മുഖത്തണിയാൻ ശ്രമിച്ചു പരാജയപ്പെട്ടു…
തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ പതിവില്ലാത്തവിധം നിശബ്ദമായിരുന്നു കാർ..മോൾ ചോദിക്കുന്നതിനൊക്കെ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും. സാറും ആലോചനയിലാണെന്നു തോന്നി..
വീടെത്തിയതും പതിവുപോലെ പോയ വിശേഷങ്ങൾ അച്ഛനുമമ്മയോടും പറയാനായി മോൾ ഓടി..
ഡ്രസ് മാറാനായി റൂമിലേക്ക് കയറിയതും പതിവില്ലാതെ സാർ ഡോർ അടച്ചു..അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കിയതും ചോദ്യം വന്നു…
“ഭാര്യയാണെന്നു പറയാൻ വൈകിയപ്പോൾ വിഷമിച്ചു..ല്ലേ.??..” അപ്പോഴേക്കും പിടിച്ചുവച്ച കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു. .അതെയെന്ന് തലയാട്ടി…
“നീ ഇതുവരെ എന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമായിരുന്നു..ഭാര്യയായിട്ടില്ല…”” മുഖത്ത് കുസൃതിച്ചിരിയോടെ തുടർന്നു..””അതോർത്തതുകൊണ്ടാണ് ആരെന്നു പറയാൻ വൈകിയത്….ഇനി ആ ഒരു വിഷമം വേണ്ട ..എന്തായാലും അതിന്നത്തോടെ മാറ്റാൻ തീരുമാനിച്ചു..'””
ആ കണ്ണുകളിൽ കുറുമ്പ്..പെട്ടെന്ന് അപകടം മണത്തു..അടിവയറിനുള്ളിൽ നിന്നും ഒരാന്തലുണ്ടായി..നാണത്തോടെ തട്ടിമാറ്റി ഓടാൻ ശ്രമിക്കുമ്പോഴേക്കും ആ കൈകൾ എന്നെ ലോക്ക് ചെയ്തിരുന്നു…
സ്നേഹത്തോടെ…Nitya Dilshe