സ്നേഹവീട്
Story written by Greensa Asish
“എനിക്ക് ഭയങ്കര തലവേദന സുധിയേട്ടാ” മാളവിക പറഞ്ഞു.
“ഉം? എന്ത് പറ്റി? Migrain ആണോ?
“ആയിരിക്കും. തല പൊക്കാൻ വയ്യ”
“ആഹ്. നീ കുറച്ചു vicks ഇട്ടിട്ട് അടുക്കളേലോട്ട് ചെല്ലു. അമ്മ അവിടെ food ഉണ്ടാക്കുന്ന തിരക്കിലാ. നീ കൂടി ഒന്ന് പേരിന് നിൽക്കവിടെ. അല്ലേൽ ഇനി അത് മതി.” സുധി പറഞ്ഞു.
“എനിക്ക് എണീക്കാൻ കൂടി വയ്യ. ഇന്നൊരു ദിവസം ഏട്ടനും അച്ഛനും കൂടി അമ്മേനെ ഹെല്പ് ചെയ്യ്.”
“അതോന്നും ശെരിയാകില്ല. നമ്മൾ ഒറ്റയ്ക്കാകുമ്പോൾ നിനക്ക് വയ്യെങ്കിൽ help ചെയ്യാം. ഇവിടെ അച്ഛന്റേം അമ്മേടേം മുന്നിലൊന്നും അത് പറ്റില്ല. അവർ അതിനെ മോശമായേ കാണു” സുധി തുടർന്നു.
“അതെന്താ, ഭാര്യക്ക് വയ്യാതാകുമ്പോൾ അവളെ പരിചരിച്ചരിക്കുന്നത് മോശം കാര്യം ആണോ?”
“അതല്ലെടോ, അമ്മയ്ക്ക് പ്രായം ആയില്ലേ. എനിക്കും തനിക്കും ഓഫീസലു പോണം അനന്ദൂന് tuition ഉണ്ട്. എല്ലാം കൂടെ അമ്മയ്ക്ക് ഒറ്റയ്ക്കു പറ്റില്ല. അതാ ഞാൻ പറഞ്ഞെ. താനും കൂടി ഒന്ന് ചെല്ലു” സുധി രംഗം മയപെടുത്താൻ ശ്രമിച്ചു.
“എനിക്ക് ഒട്ടും വയ്യ സുധിയേട്ടാ. ഞാൻ ഇന്ന് leave എടുക്കുവാ. ഒരു ഗ്ലാസ് ചായ കിട്ടിയിരുന്നേൽ കുറച്ചു ആശ്വാസം ആയേനെ” മാളവിക പറഞ്ഞു.
“ചായ ഇട്ടൊന്ന് നോക്കട്ടെ ഞാൻ എടുത്തിട്ട് വരാം” സുധി അടുക്കളയിലേക്ക് പോയി.
“അമ്മേ, ചായ ഇട്ടോ?” സുധി അമ്മയോട് ചോദിച്ചു.
“ആഹ് മോനെ. ഇട്ടു. ഇപ്പൊൾ എടുത്ത് തരാം. മോൻ പോയി പത്രം വായിച്ചോളൂ” അമ്മ പറഞ്ഞു.
” എനിക്ക് അല്ല അമ്മേ. അവൾക്ക് ഭയങ്കര തലവേദന. Migrain ആണെന്ന് തോന്നുന്നു. ചായ കുടിച്ചാൽ ആശ്വാസം കിട്ടുമായിരിക്കും എന്നാണ് അവൾ പറയുന്നത്” സുധി പറഞ്ഞു
“നല്ല കാര്യം ആയി. നീ ചായ കൊണ്ട് അവൾക്ക് കൊടുത്ത് അവളെ എണീപ്പിക്കാനോ?! കാലം പോയ പോക്കേ” അമ്മയുടെ സ്വരത്തിൽ പരിഹാസം കലർന്നൊരു ചിരി ഉണ്ടായിരുന്നു.
“അല്ല അമ്മേ അത്”
“നീ ഒന്നും മിണ്ടണ്ട. നീയാണ് എല്ലാത്തിനും വളം വെക്കുന്നത്. അവൾക്ക് ഇവിടെ വന്നു എടുത്ത് കുടിക്കാമല്ലോ. ഭർത്താക്കന്മാരാണോ ചായ കൊടുത്ത് ഭാര്യമാരെ എണീപ്പിക്കേണ്ടത്? ഇങ്ങനെ ഒക്കെ ചെറിയ കാര്യങ്ങൾക്കു അവൾ പറയുന്നത് കേട്ടു തുള്ളാൻ നിന്നാൽ ആൾക്കാർ ഞങ്ങളെ കുറ്റം പറയും. വളർത്തുദോഷം എന്ന്?!” രംഗത്ത് സുധിയുടെ അച്ഛനും എത്തി.
“എന്താ ഇവിടെ ഇത്രയും വലിയ ചർച്ച?” അച്ഛൻ ചോദിച്ചു
“അറിഞ്ഞില്ലേ, അവൾ ഇവനോട് ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞു.” അമ്മ മറുപടി നൽകി.
കേട്ടപാതി കേക്കാത്തപാതി അച്ഛൻ ഉറഞ്ഞു തുള്ളി “ആഹാ, അത്രയ്ക് അഹങ്കാരം ഒക്കെ വന്നു തുടങ്ങിയോ അവൾക്ക്?”
“എന്റെ പൊന്നമ്മാ ഒന്ന് നിർത്ത്. അച്ഛാ, അവൾക് വയ്യ. ഭയങ്കര തലവേദന. ചായ കുടിച്ചാൽ മാറും” സുധി പറഞ്ഞു
“മോനെ, അവളോട് എണീറ്റു വരാൻ പറ. ഇവിടെ വന്നു എടുത്ത് കുടിക്കട്ടെ. അല്ലാതെ അവിടെ കൊണ്ട് പോയി കൊടുക്കേണ്ട കാര്യം ഒന്നുമില്ല” അമ്മ വിടുന്ന മട്ടില്ല.
ചെകുത്താന്റേം കടലിന്റേം നടുവിൽ പെട്ട സുധി മെല്ലെ റൂമിലേക്ക് പോയി.
റൂം തുറന്നതും സുധിയുടെ മുഖത്തു നോക്കാതെ മാളവിക അടുക്കളയിലേക്ക് പോയി.
അവൾ എല്ലാം കേട്ടു കാണുമോ? ഇനിയിപ്പോൾ ഇതിന്റെ തുടർ വാഗ്വാദം രാത്രി ബെഡ്‌റൂമിൽ അവൾ ഉണ്ടാക്കുമോ? അടുക്കളേൽ ചെന്ന് അമ്മയുമായി ഇനി വഴക്ക് എങ്ങാനും ഇടുമോ? ഈശ്വരാ, ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. അങ്ങനെ പലവിധം ചിന്തകൾ സുധിയെ അലട്ടി.
അടുക്കളയിൽ ചെന്ന് മാളവിക ചായ ഇടാൻ ഒരുങ്ങുന്നത് കണ്ട സുധിയുടെ അമ്മ പറഞ്ഞു “മാളവിക, ചായ ദേ ഇരിക്കുന്നു. എടുത്ത് കുടിക്ക്. തലവേദന മാറട്ടെ”
മാളവിക ഒന്നും മിണ്ടാതെ ചായ ഇട്ടു.
“മാളവിക, നമ്മുടെ ഭർത്താക്കന്മാരെ കൊണ്ട് ഇതോന്നും ചെയ്യിക്കരുത്. അവർ അടുക്കള പണിയൊക്കെ എടുക്കുന്നത് നമുക്കാ കൊറച്ചിൽ.” സുധിയുടെ അമ്മ ഉപദേശിക്കാൻ തുനിഞ്ഞു.
“എന്ത് കൊറച്ചിൽ? തലവേദന വന്നാൽ ഒരു ഗ്ലാസ് ചായ ഇട്ട് തരുന്നതാണോ കൊറച്ചിൽ? അതൊരു കൊറച്ചിൽ ആയിട്ട് എനിക്ക് തോന്നുന്നില്ല. അങ്ങനെ ഒക്കെ ചെയ്യുന്നതിന്റെ പേര് കൊറച്ചിൽ എന്നല്ല സ്നേഹം എന്നാണ്” മാളവിക തിരിച്ചടിച്ചു.
“എന്റെ മോനെ കൊണ്ട് ഞാൻ ഒന്നും ചെയ്യിപ്പിച്ചിട്ടില്ല. കല്യാണം കഴിഞ്ഞ് എന്തൊക്കെയാ അവൻ ചെയ്യുന്നേ ” സുധിയുടെ അമ്മ തുടർന്നു.
“അമ്മേ. ആൺമക്കൾ ആയാലും പെൺമക്കൾ ആയാലും സ്വന്തമായി ജീവിക്കാൻ പഠിച്ചിരിക്കണം. സ്വന്തം കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ പഠിക്കണം. മാത്രമല്ല കൂടയുള്ളവർക്ക് ഒരു വയ്യായ്ക വന്നാൽ താങ്ങാൻ ഉള്ള മനസ്സും ഉണ്ടാകണം. എന്റെ ഭർത്താവിനും മക്കൾക്കും എല്ലാത്തിനും എന്റെ കൈ ചെന്നാലേ ശെരിയാകു എന്നുള്ള ചിന്താഗതി ആദ്യം മാറണം. ജീവിതത്തിൽ എപ്പോഴേലും തനിച്ചു ജീവിക്കേണ്ട അവസ്ഥ ഉണ്ടായാൽ ജീവിക്കാൻ കഴിയണം.” മാളവിക വിട്ടില്ല.
“നീ ഇനി എന്തൊക്കെ ന്യായം പറഞ്ഞാലും ഇതൊന്നും അത്ര ശെരിയായിട്ടുള്ള ഏർപ്പാട് അല്ല” ഇതും പറഞ്ഞു അവർ പുറത്തേക്കിറങ്ങി.
“അനന്ദു, വന്നു ദോശ കഴിക്ക്.” മാളവിക വിളിച്ചു.
“അമ്മയ്ക്ക് എന്താ വയ്യേ?” നെറ്റിയിൽ കൈ കുത്തി ഇരിക്കുന്ന മാളവികയോട് അനന്ദു ചോദിച്ചു.
“ആഹ് മോനെ വയ്യെടാ. ഭയങ്കര തലവേദന”
“എങ്കിൽ അമ്മ പോയി കിടന്നോ.”
“കുറച്ചു പണി ഉണ്ട് മോനെ. അത് ചെയ്തിട്ട് കിടക്കാം” മാളവിക പറഞ്ഞു
“അച്ഛമ്മയും ഞാനും കൂടെ ചെയ്തോളാം.”
മാളവിക ചിരിച്ചോണ്ട് പറഞ്ഞു “മോൻ ഇതേ മനസ്സോടു കൂടി വളരണം. മോന്റെ ഈ 8 വയസ്സിലെ കരുതൽ പോലും പലർക്കും ഇല്ല”
അന്ന് ഭക്ഷണം ഉണ്ടാക്കാൻ അനന്ദുവും ഒപ്പം കൂടി.
“ഇവനെ എന്താ അടുക്കളക്കാരൻ ആക്കാൻ പോകുവാണോ?”സുധിയുടെ അമ്മ പരിഹസിച്ചു
“ഞാൻ അമ്മയെ help ചയ്യുവല്ലേ അച്ഛമ്മേ” അനന്ദു ഉത്തരം പറഞ്ഞു
“ആണുങ്ങൾ അടുക്കള കാര്യം നോക്കുന്നത് അത്ര നല്ലതല്ല” അച്ഛൻ രംഗപ്രവേശം ചെയ്തു.
“ഇനിയുള്ള കാലത്ത് ആണും പെണ്ണും ഒരുമിച്ച് എല്ലാ ജോലിയും ചെയ്ത് മുന്നോട്ട് പോകണം. ഇപ്പോഴേ ഇതൊക്കെ ചെയ്ത് ശീലിച്ചാൽ ഭാവിയിൽ തെറ്റായ ധാരണകൾ ഉണ്ടാകില്ല. അവന്റെ ഭാര്യക്ക് ഒരു വയ്യായ്ക വന്നാൽ അവന് അവളെ പരിചരിക്കാൻ മനസ്സും ഉണ്ടാകും. ആ സമയത്ത് ഇതൊന്നും എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല അല്ലെങ്കിൽ ഇതൊക്കെ എന്റെ അമ്മ കണ്ടാൽ മോശം ആണെന്ന് അവനു തോന്നാനും പറയാനും പാടില്ല.” മാളവിക പറഞ്ഞു
“ഭാര്യയെ ശുശ്രുഷിക്കാൻ ഇപ്പോഴേ ഇതൊക്കെ പഠിപ്പിക്കണ്ട കാര്യം ഉണ്ടോ?” അച്ഛൻ ചിരിച്ചു.
അതിനു മറുപടി നൽകാൻ മാളവിക നിന്നില്ല. ഇതേ ചൊല്ലി ഒരു തർക്കം വേണ്ട എന്ന് അവൾ മനസ്സിലോർത്തു. അന്ന് എല്ലാ കാര്യങ്ങൾ ചെയ്തപ്പോഴും ഒരു നിഴൽ പോലെ അനന്ദു മാളവികയ്ക്ക് ഒപ്പം നിന്നു.
അന്നാണ് അവൾ എന്തൊക്കെ ചെയ്തിട്ടാണ് ജോലിക്ക് പോകുന്നതെന്ന് അനന്ദുവിനു മനസിലായത്.
“ഇതൊക്കെ അമ്മ എങ്ങനെയാ manage ചെയ്യുന്നേ?” അവൻ ആശ്ചര്യതോടെ ചോദിച്ചു.
“അതൊക്കെ manage ചെയ്താൽ അല്ലെ നമുക്ക് ജീവിക്കാൻ ആകു മോനെ” മാളവിക പുഞ്ചിരിച്ചു.
കുറച്ചു ദിവസം കഴിഞ്ഞു.
“അമ്മയ്ക്ക് നല്ല പനി ഉണ്ടല്ലോ. ചോറും കറിയും ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്. കഴിച്ചിട്ട് ഗുളിക കഴിക്കണം. എനിക്ക് ഇന്ന് leave എടുക്കാൻ പറ്റില്ലമ്മേ. ഒരു important client meeting ഉണ്ട്” മാളവിക സുധിയുടെ അമ്മയോട് പറഞ്ഞു.
“അമ്മേ, ഞാനും ഇറങ്ങുവാ.” പുറത്ത് നിന്നും സുധിയും വിളിച്ചു പറഞ്ഞു.
കുറച്ചു കഴിഞ്ഞ് അനന്ദു അവരുടെ അടുത്തേക്ക് വന്നു.
“അച്ഛമ്മേ എങ്ങനുണ്ട്?” അവൻ ചോദിച്ചു
“നല്ല ക്ഷീണമുണ്ട് മോനെ”
“അച്ഛമ്മ ഈ കഞ്ഞി കുടിക്ക്. ചൂട് കഞ്ഞി കുടിച്ചാൽ ക്ഷീണം മാറും.”
“കഞ്ഞിയോ? മാളവിക കഞ്ഞി ഉണ്ടാക്കിയാരുന്നോ?”
“ഞാൻ ഉണ്ടാക്കിയതാ. തേങ്ങപാൽ ഒഴിച്ച കഞ്ഞി. ഭാഗ്യത്തിന് ഫ്രിഡ്ജിൽ തിരുകിയ തേങ്ങ ഇരിപ്പുണ്ടാരുന്നു.” അനന്ദു പറഞ്ഞു.
“നീയോ! നിനക്ക് എങ്ങനെ അറിയാം ഇതൊക്കെ?” സുധിയുടെ അമ്മ അത്ഭുതപെട്ടു.
” അത് അന്ന് അമ്മയ്ക്ക് വയ്യാതായപ്പോൾ അമ്മേടെ കൂടെ ഞാൻ നിന്നില്ലേ അന്ന് കണ്ട് പഠിച്ചതാ” അനന്ദു മറുപടി പറഞ്ഞു.
അവൻ അന്ന് അവരുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കൂടെ നിന്നു. സമയത്ത് ഭക്ഷണം കൊടുത്തും ചൂട് വെള്ളം കൊടുത്തും ഗുളിക കഴിപ്പിച്ചും ഒരു 8 വയസ്സ്കാരനെ കൊണ്ട് ചെയ്യാൻ പറ്റുന്ന പോലൊക്കെ അവൻ അവരെ പരിചരിച്ചു.
അവർ ആകെ വല്ലാതായി. അവർ മാളവികയെ പരിഹസിച്ചു ചിരിച്ചതോർത്ത് അവർക്ക് കുറ്റബോധം തോന്നി. അവർ ഓർത്തു തന്റെ അറിവിൽ തന്റെ ഭർത്താവോ മകനോ തന്നെ ഇത് പോലെ പരിചരിച്ചിട്ടുണ്ടോ. ശെരിക്കും ഇതല്ലേ സ്നേഹം. അവർക്കു ഉള്ളിലൊരു ഭാരം പോലെ തോന്നി.
വൈകുന്നേരം സുധിയും മാളവികയും എത്തി.
“അമ്മേ എങ്ങനുണ്ട്?” മാളവിക ചോദിച്ചു.
“കുറവുണ്ട് മോളെ” സുധിയുടെ അമ്മ പറഞ്ഞു.
കുളിച്ചു വന്നു മാളവിക അടുക്കളയിലേക്കും സുധി ന്യൂസ് കാണാനും ആയി ഇരുന്നു.
“സുധി, നീ എന്താ ഇവിടെ ഇരിക്കുന്നത്. പോയി അവളെ സഹായിക്ക്. നീ കൂടെ കൂടിയാൽ ഒക്കെ വേഗം തീർക്കാല്ലോ” സുധിയുടെ അമ്മയുടെ വാക്കുകൾ കേട്ട് സുധി ഞെട്ടി.
“എന്താ അച്ഛമ്മേ പുതിയൊരു പരിഷ്കാരം?” അനന്ദു ചോദിച്ചു.
“ആഹ്, ഇനി മുതൽ കുറച്ചു പരിഷ്കാരങ്ങൾ വരുത്താൻ പോകുവാ മോനെ. വൈകി ആയാലും തെറ്റ് മനസ്സിലായാൽ തിരുത്തുന്നതല്ലേ നല്ലത്. നോക്കട്ടെ, ഞാനും മാളവികയെ പോലൊരു അമ്മ ആകാൻ പറ്റുമോന്നു” അനന്ദുവിന് ഉമ്മ കൊടുത്ത് കൊണ്ട് അവർ രഹസ്യമായി പറഞ്ഞു.
“പരസ്പരം സ്നേഹിക്കുന്നവർ താമസിക്കുന്ന സ്ഥലം അല്ലെ വീട്. ഇപ്പോഴാ ശരിക്കും ഇതൊരു വീട് ആയത്, അച്ഛമ്മേ” അനന്ദു അവരെ കെട്ടിപിടിച്ചു.