അതേ ….സുമീ ….മടുത്തു കേസും ,കോടതിയും ,എത്ര വർഷമായി …..ഇനിയെങ്കിലും ഒരു തീരുമാനം ഉണ്ടാകണമല്ലോ …..ദേവൂ വലുതായി വരുന്നു …..അവളുടെ രണ്ടാം വയസ്സിൽ അവൾ കണ്ടതാണ് അവളുടെ അച്ഛനെ…….

വിവാഹം എന്ന വിശ്വാസം

എഴുത്ത്:- ഭാവനാ ബാബു

അതിരാവിലെ തന്നെ മൊബൈലിന്റെ നിർത്താതെയുള്ള റിങ് കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത് ….നോക്കുമ്പോൾ അമ്മുവാണ് ….

“എന്താ അമ്മു , രാവിലേതന്നെ , നിനക്കു ഉറക്കമൊന്നുമില്ലേ ? നിനക്കോ ഉറക്കമില്ല , മറ്റുള്ളോരെ ഉറങ്ങാനും സമ്മതിക്കില്ലേ നീ . കഷ്ടമുണ്ട് നിന്റെ കാര്യം “…

“ഓഹ് …നിന്റെ ഒരു ഉറക്കം …ഒന്നെണീക്കെടി ..ഒരു ഗുഡ് ന്യൂസ് ഉണ്ട് “…..

“എന്ത് ഗുഡ്‌ന്യൂസ് ? നിനക്കാണോ ഇപ്രാവശ്യത്തെ ചിട്ടി അടിച്ചത് ?? ആണോ ?ആണോടീ “??

“ഓഹ് …നിന്റെ ചിട്ടി …ഒന്നു പോടീ …”അതൊന്നുമല്ല സുമീ …സുരേഷേട്ടൻ തിരിച്ചു വരുന്നു …രണ്ടു ദിവസം മുൻപ് വിളിച്ചിരുന്നു ….ഒക്കെ മറന്നു വീണ്ടും ഒന്നിയ്ക്കാൻ ….”

“ഏഹ് ….നീ ഡിവോഴ്സ് കേസ് ഫയൽ ചെയ്തിരുന്നതല്ലേ ? ഇപ്പോൾ എന്താ ഒരു മനം മാറ്റം ? അയാളും വലിയ വാശിയിലായിരുന്നല്ലോ ? അപ്പോൾ ആ കേസോ”

“അതൊക്കെ ഒരു കഥയാ , ഒക്കെ പറയാം …നീ ഇന്ന് വരുമോ ? എനിയ്ക്കു നിന്നെ കാണാൻ തോന്നു ന്നു “…….

“അയ്യോ …മോളേ , അമ്മൂട്ടി ,ഇന്നു നോ രക്ഷ …നാളെ ഞാൻ ചിന്നൂട്ടിയെ സ്കൂളിൽ വിട്ടു അതുവഴി വരാം …ഈ ഞായറാഴ്ച ഞാനൊന്നു ഉറങ്ങട്ടെ …പ്ളീസ് ഡീ ..”

“ഹോ ….നീ ഉറങ്ങിക്കോടി പോത്തേ …അപ്പോൾ നാളെ , മറക്കേണ്ട കേട്ടല്ലോ “….ഇതും പറ ഞ്ഞവൾ ഫോൺ വച്ചു ….

പിറ്റേദിവസം രാവിലെ മോളെ സ്കൂ ളിലാക്കി …ഞാൻ അമ്മൂന്റെ വീട്ടിലേയ്ക്കു നടന്നു …..അമ്മു എന്റെ ഒരേ ഒരു കൂട്ടുകാരിയാണ് ..ചിന്നുവിന്റെ കൂട്ടുകാരി ദേവൂന്റെ ‘അമ്മ … അവരുടെ സൗഹൃദമാണ് ഞങ്ങളിലേയ്ക്കും പകർന്നത് …ഏഴു വർഷമായി അമ്മുവും ഭർത്താവും അകൽച്ചയിലാണ് …ദേവൂന് രണ്ടു വയസ്സുള്ളപ്പോൾ പിണങ്ങിയതാണ് ….ഇപ്പോൾ ദേവൂന് ഒൻപതു വയസ്സു കഴിഞ്ഞിരിയ്ക്കുന്നു …എന്തായാലും അവൾ സന്തോഷത്തിലാണ് …നന്നായി …ഒറ്റയ്ക്കുള്ള ജീവിതം അവൾ മടുത്തു തുടങ്ങിയതാണ് ….ഒറ്റപ്പെടലിൽ അവളൊരു വിഷാദ രോഗിയാവുമോ എന്നു പോലും ഞാൻ ഭയന്നിരുന്നു ….ഒപ്പം സമൂഹത്തിന്റെ മുറുമുറുപ്പും , കഴുകൻ കണ്ണുകളും ….പാവം മനക്കട്ടിയില്ലാത്ത പൊട്ടിപ്പെണ്ണ് …കൂട്ടിനു ‘അമ്മ മാത്ര മേയുള്ളൂ …..സ്വന്തമായി ഒരു വീടുള്ളതാണ് ഏക ആശ്വാസം ……കുറേ കണ്ണീരു കുടിച്ചിട്ടുണ്ട് ….ഇനിയെങ്കിലും അവൾ ഒന്നു ചിരിയ്ക്കട്ടെ .ദേവൂന് അവളുടെ അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ ഇനിയെങ്കിലും കിട്ടട്ടെ ….ഓരോന്നു ചിന്തി ച്ചുകൂട്ടി ഞാൻ അമ്മൂന്റെ വീട്ടിലെത്തി …..

എപ്പോഴത്തെയും പോലെ അവളുടെ ‘അമ്മ സിറ്ഔട്ടിൽ പത്രം വായിച്ചിരിപ്പുണ്ട് …..

“അമ്മേ ….അമ്മു എവിടെ ?”

“ആ നീ വന്നോ ? അവളെവിടെ പോകാനാ ?അടുക്കളയിൽ കാണും ,നീ അങ്ങോട്ടു ചെല്ല് “…..

അടുക്കളയിൽ ചെന്നപ്പോൾ തകൃതിയായി ദോശ ചുടുകയാണ് കക്ഷി ….
“ഇന്നെന്താ അമ്മൂസേ സ്പെഷ്യൽ ?”

“നീ എത്തിയാ? അവിടെ ഇരിയ്‌ക്കു ….ഞാൻ നല്ല ചൂടു ദോശ ഇപ്പം തരാം ..സാമ്പാറുമുണ്ട് “….

“വേണ്ട അമ്മു ….ഞാനൊരു ചപ്പാത്തി കഴിച്ചതാ ..”…

“ഒരു ദോശ കഴിയ്ക്ക്‌ സുമീ …” പറഞ്ഞതും അവൾ ദോശയും സാമ്പാറും മുൻപിൽ വച്ചു …

സാമ്പാറിന്റെ മുടിഞ്ഞ മണം കാരണം ഞാൻ എത്ര ദോശ കഴിച്ചെന്നു എനിയ്ക്കു പോലും അറിയില്ല ……

“അല്ല ….അമ്മു ..നീ ഇന്നലെ എന്താ പറഞ്ഞത് ?അപ്പോൾ നീ കേസ് പിൻവലിയ്ക്കാൻ പോവാണോ ?”,……

“അതേ ….സുമീ ….മടുത്തു കേസും ,കോടതിയും ,എത്ര വർഷമായി …..ഇനിയെങ്കിലും ഒരു തീരുമാനം ഉണ്ടാകണമല്ലോ …..ദേവൂ വലുതായി വരുന്നു …..അവളുടെ രണ്ടാം വയസ്സിൽ അവൾ കണ്ടതാണ് അവളുടെ അച്ഛനെ . പിന്നെ എപ്പോഴൊക്കെയോ കോടതി വരാന്തയിൽ . അവൾക്കും അച്ഛന്റെ സ്നേഹം വേണമെന്ന് .എന്നാലും ഏട്ടനിപ്പോൾ കോട്ടയത്താണ് ജോലി .അവിടെ ഹെൽത്ത് ഡിപ്പാർട്മെന്റിലാണ് . മാസത്തിൽ രണ്ടു ദിവസം മാത്രമേ വരാനാകൂ ……അങ്ങനെയെങ്കിലും വരട്ടെടി ….അല്ലെ ?”

“അതേടി ….ഒക്കെ നിന്റെ ഇഷ്ടം ……നിന്റെ തീരുമാനങ്ങളിൽ ഞാനും സന്തോഷിയ്ക്കുന്നു ..അമ്മു ….”

“നീയുള്ളതാ , സുമീ എന്റെ ഒരാശ്വാസം ……ഒക്കെ പറയാൻ ഒരാളുള്ളത് ആശ്വാസമല്ലേ “?

“അയ്യോ , ശരി , ശരി .ഞാൻ പോവാ ….നേരം കുറെയായി …വീട്ടിലെത്തിട്ട് കുറെ ജോലിയുണ്ട് “……

“നീ ഇറങ്ങായോ സുമീ , അല്ല നിന്റെ കെട്ടിയോൻ ഗൾഫിന്നു എന്നും വിളിക്കാറില്ലേ “?

“ഓഹ് …അതിപ്പോ വാട്ട് സ് ആപ്പും , സ്കൈപ്പും ഒക്കെ ഉള്ളോണ്ട് വീഡിയോ കാൾ ചെയ്യാല്ലോ …അതിനൊന്നും ഒരു മുടക്കോമില്ലെടി ….ശരിയെടി …ഇനിയും കത്തിവയ്ക്കാതെ ഞാൻ പോട്ടെ , അമ്മയോട് പറയണേ ഞാൻ ഇറങ്ങീന്നു “………

“ശരി …..ഞാൻ പറഞ്ഞേയ്ക്കാം …..പിന്നേ അടുത്താഴ്ച സുരേഷേട്ടൻ വരും ….നീ വരുമോ “?

“ഓ …..ഞാൻ എന്തിനാടി വരുന്നത് ? നീ ആഘോഷിയ്ക്ക് “…..

“ഒന്നു പോടീ ….. പിന്നേ.. ഇനിയാണിപ്പോൾ ആഘോഷം “?

ഞാൻ അവളോട് യാത്ര പറഞ്ഞിറങ്ങി …അവളുടെ ആ സന്തോഷത്തിൽ ആരും കണ്ണുവയ്ക്കരുതേ എന്ന പ്രാർത്ഥനയോടെ ,
അവളുടെ ഫോൺ കാൾ സിനു ഒരു മുടക്കവും ഉണ്ടായില്ല ..എല്ലാത്തിലും അവളുടെ സുരേഷേട്ടന്റെ സ്നേഹ വർണ്ണനകൾ മാത്രം …ഒരു പുതുപ്പെണ്ണിനെപ്പോലുള്ള അവളുടെ കൊഞ്ചലുകൾ …..

“സുമീ …..നീ ഒന്നും പറയേണ്ട …തിരുവോണത്തിന് ചിന്നുമോളെയും കൂട്ടി നീ വന്നേ പറ്റൂ ….ഒന്നും പറയേണ്ട ….ഇല്ലെങ്കിൽ ഇനി നീയും ഞാനും കൂട്ടില്ല “അവളുടെ സ്നേഹത്തോടെയുള്ള പിടിവാശിയ്ക്കു മുന്നിൽ എതിർത്തു നിൽക്കാനായില്ല …..അങ്ങനെയാണ് ഞാൻ അവളുടെ വീട്ടിൽ എത്തിയത് ….മുറ്റത്തു വലിയ പൂക്കളം ഒരുക്കിയിരുന്നു …..പ തിവില്ലാത്ത കാഴ്ചകൾ ….അമ്മു നല്ല സെറ്റു സാരിയൊക്കെ ഉടുത്തു സുന്ദരിയായിരിയ്ക്കുന്നു …..മുഖത്തു നല്ല സന്തോഷം ….ദേവുവും നല്ല പാട്ടുപാവാടയോക്കെ ഉടുത്തു ഓമനത്തോടെ കളിച്ചു നടക്കുന്നു ……ദേവുവും ചിന്നുവും പറമ്പിലേക്ക് കളിയ്ക്കാനോടി …….

എന്നെ കണ്ടതും അവളുടെ സുരേഷേട്ടൻ മുറിയ്ക്കുള്ളിൽ നിന്നും പുറത്തേയ്ക്കു വന്നു . നേരിട്ട് ഞാനാദ്യമായിട്ടാണ് അയാളെ കാണുന്നത് …..

“ഇതാണോ അമ്മു , നിന്റെ ഒരേ ഒരു കൂട്ടുകാരി സുമി ?”

അതേയെന്നർത്ഥത്തിൽ ഞാൻ തലയാട്ടി …..

“കൊള്ളാം …….നിന്റെ സുമി …അയാൾ എന്നെ ചൂഴ്ന്നു നോക്കി ഒരു ഗൂഡമായ ചിരിയോടെ പറഞ്ഞു …”

എനിയ്ക്കെന്തോ അയാളുടെ വാക്കുകളും ആ നോട്ടവും അത്ര പന്തിയല്ലെന്നു തോന്നി ..ഞാൻ വേഗം അടുക്കളയിലേയ്ക്ക് നടന്നു ….

അങ്ങനെ സദ്യയൊക്കെ കഴിഞ്ഞു ഞാൻ വേഗം യാത്ര പറഞ്ഞിറങ്ങി …ചിന്നുവിന് ദേവൂനോടൊപ്പം കളിച്ചു മതിയായില്ലായിരുന്നു ….എനിയ്ക്കു എന്തോ അയാളുടെ പെരുമാറ്റത്തിൽ ആകെ അസ്വസ്ഥത തോന്നിയിരുന്നു …….

പിന്നെയും ഒരാഴ്ച പിന്നിട്ടിരിയ്ക്കുന്നു ….രാത്രി ഫോൺ നിർത്താതെ ബെല്ലടിയ്ക്കുന്നു …..കണ്ണേട്ടാനാകും എന്നു കരുതിയാണ് ഫോൺ എടുത്തത് ……

“എന്താ കണ്ണേട്ടാ , ഓഡിയോ കാൾ ? അതും ഇപ്പോൾ ?”

“സുമീ , ഇതു ഞാനാ സുരേഷ് , നീ ഉറക്കയൊ “?

പരിചയമില്ലാത്ത ശബ്ദം കേട്ട് ഞാൻ വേഗം ഞെട്ടിയുണർന്നു …”നിങ്ങളോ ?നിങ്ങളെന്താ പതിവില്ലാതെ എന്നെ വിളിയ്ക്കുന്നത് ? അതും ഈ പാതിരാത്രിയിൽ ?”

“അതു പിന്നെ സുമീ , എനിയ്ക്കെന്തോ കിടന്നിട്ടു ഉറക്കം വരുന്നില്ല അപ്പോൾ നിന്നോടൽപ്പം സംസാരിച്ചിരിയ്ക്കാമെന്നു കരുതി …അതാ ,നിന്റെ ശബ്ദമൊന്നു കേൾക്കാൻ …”

“സോറി …….എനിയ്ക്കു ഉറങ്ങണം ” . ഇതും പറഞ്ഞു ഞാൻ വേഗം ഫോൺ കട്ട് ആക്കി …

വീണ്ടും ഫോൺ ബെല്ലടിച്ചു .അയാൾ തന്നെ . ഞാൻ എടുത്തില്ല .അപ്പോൾ മെസ്സേജ് ടോൺ …..നോക്കിയപ്പോൾ അയാളുടെ ഒരു നെടുനീളൻ മെസ്സേജ് ..”സുമീ , എനിയ്ക്കു നിന്നെ വലിയ ഇഷ്ടമായി . നിന്റെ ഭർത്താവു ഗൾഫിൽ അല്ലെ , നമുക്ക് കുറച്ചു നേരം കൊച്ചു വർത്തമാനമൊക്കെ പറഞ്ഞിരിയ്ക്കാം ……ഇതു വായിച്ചതും എനിയ്ക്കു ദേഷ്യം ഇരച്ചു കയറി …എന്നാൽ പ്രതികരിയ്ക്കാൻ പോയില്ല .അയാളുടെ കാൾ വേഗം റീജെക്ടിൽ ഇട്ടു . വീണ്ടും രണ്ടു മൂന്നു ദിവസം ആ ശല്യം ഉണ്ടായി രുന്നു . പിന്നീടു അതില്ലാതെ ആയി ……..

ഇന്നും അമ്മുവിനെ കാണുമ്പോൾ ഇതൊക്കെ എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തും . അയാൾ ഉള്ളപ്പോൾ ഞാൻ അവിടെ പോകാറില്ല . പിന്നെ ഞാൻ അയാളെ കണ്ടിട്ടില്ല . അമ്മുവിന് അയാൾ ദൈവതുല്യനാണ് . ആ വിഗ്രഹത്തെ അവൾ പൂജിയ്ക്കട്ടെ . അതു ഉടയ്ക്കാൻ എനിയ്ക്കു മനസ്സു വരുന്നില്ല .ചില രഹസ്യങ്ങൾ അങ്ങനെയാണ് . തന്റെ ഭർത്താവു പരസ്ത്രീയിൽ മോഹമുള്ളവനാണ് എന്നറിവ് ഒരു ഭാര്യക്കും സഹിയ്ക്കാനാവില്ല .പിന്നെ അഗാധമായി അവൾക്കവനെ സ്നേഹിയ്ക്കാനുമാവില്ല …അതുകൊണ്ട് ഇതൊക്കെ ആരുമറിയാതെ കാറ്റിലലിഞ്ഞു , മഴയിലൊലി ച്ചു , മണ്ണോടു ചേർന്നു മണ്ണിൽ തന്നെ ഒടുങ്ങട്ടെ ………..

Related Posts

Leave a Reply

Your email address will not be published. Required fields are marked *