അത്താഴം കഴിച്ച് സ്വസ്ഥമായി തിരികേ വരാൻ കഴിയാത്തേലുള്ള ഭാര്യയുടെ ദേഷ്യം മനസ്സിലാക്കി, രാജീവ് മിണ്ടാതിരുന്നു…..

മറവി

എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്

ഉമ്മറത്തേ അരത്തിണ്ണയിലിരുന്ന് ഷൂവിലെ പൊടി തുടയ്ക്കുമ്പോളാണ്,

അകത്തു നിന്നും പ്രതിഭയുടെ നീട്ടിയുള്ള വിളിയുയർന്നത്….

“രാജീവേട്ടാ, ഒന്നു വേഗം അകത്തേക്കു വന്നേ…..”

രാജീവ്, തിണ്ണയിൽ നിന്നുമെഴുന്നേറ്റ് അരികിലിരിക്കുന്ന മക്കളോടു പറഞ്ഞു.

“മക്കള് ഇവിടെ നിൽക്ക് ട്ടാ….

അമ്മ വിളിക്കണുണ്ട്…

എന്താന്നു ചോദിച്ചിട്ടു വരാം….

ഈ ചടങ്ങിനും, വൈകുംന്നാ തോന്നണത്…

നിങ്ങടെ അമ്മയ്ക്ക് ഇനി ഒരുങ്ങാൻ എത്ര നേരം വേണമെന്ന് ആർക്കറിയാം…. “

അച്ഛൻ്റെ സംഭാഷണത്തിന്,

നാഴിയും ചിരട്ടയും പോലെയുള്ള കുട്ടികൾ തലയാട്ടി സമ്മതം മൂളി…

രണ്ടുപേരും നന്നായി ഒരുങ്ങിയിരുന്നു.

രാജീവ് കിടപ്പുമുറിയിലെത്തി.

അറ്റാച്ച്ഡ് ബാത്ത് റൂമിനരികിൽ വന്നു….

“എന്ത്യേടീ,

കുളി കഴിഞ്ഞില്ലേ….?

ഞാനും പിള്ളേരും യാത്രയായി ട്ടാ…

നിനക്ക് എന്തൂട്ടാ വേണ്ടേ….?”

കുളിമുറിയുടെ വാതിൽ പാതി തുറന്നു.

ഒറ്റത്തോർത്തുമുടുത്ത്, ഖജുരാഹോയിലെ പ്രതിമ കണക്കേ നിന്ന ഭാര്യയുടെ പാതി രൂപം കൺമുന്നിൽ തെളിഞ്ഞു.

“രാജീവേട്ടാ,

കുളി തീരാറായി….

വെള്ളം കഴിഞ്ഞു.

നിങ്ങളാ മോട്ടോർ ഒന്നു വിട്ടേ….

യാത്രയാകാൻ എനിക്കധികം നേരം വേണ്ട….

എൻ്റെ വീട്ടിലേക്കല്ലേ പോണത്…

മേക്കപ്പ് അവിടെ ചെന്നിട്ടാകാം….”

രാജീവ് അടുക്കളയിലേക്ക് നടന്നു.

നടക്കുന്നതിനിടയിൽ ഉറക്കേ പറഞ്ഞു.

“കല്യാണ നിശ്ചയം,

എൻ്റെ അനിയത്തീടെയല്ല,

നിൻ്റെ അനിയത്തീടെയാണെന്ന് ഓർക്കണം….

കോവിഡ് കാലത്ത് ഇത്തിരിപ്പേർക്കേ പങ്കെടുക്കാൻ പറ്റൂ….

ചെക്കൻ്റെ വീട്ടുകാർ എത്തുന്നേനു മുമ്പ് നമുക്കെത്തണം….

എന്തെങ്കിലും ചെയ്യാനുണ്ടാകൂലോ….”

പ്രതിഭയുടെ മറുപടിക്കു കാത്തു നിൽക്കാതെ, രാജീവ് അടുക്കളയിലെത്തി.

മോട്ടോറിൻ്റെ സ്വിച്ച് ഓൺ ചെയ്തു.

ഗ്യാസ് സ്റ്റൗവിൻ മേൽ,

എന്താണിരുന്നു തിളയ്ക്കുന്നത്….?

ഓ, കുടിവെള്ളമായിരിക്കും…..

ഹാവൂ….

പത്തു മിനിറ്റു തികച്ചെടുത്തിട്ടില്ല യാത്രയാകാൻ….

ഭാര്യ പുറത്തിറങ്ങിയപ്പോൾ, രാജീവ് വാതിൽ പൂട്ടി.

പോർച്ചിലെ കാറിനു ജീവൻ വച്ചു….

തുറന്ന ഗേറ്റിലൂടെ അതു നിരത്തിലിറങ്ങി നിന്നു.

ഗേറ്റു പൂട്ടിയ ശേഷം, പ്രതിഭ കാറിൽ കയറി….

അതു മുൻപോട്ടു നീങ്ങി….

ഒന്നര മണിക്കൂർ യാത്രയുണ്ട്….

പ്രതിഭയുടെ വീട്….

നിശ്ചയത്തിൻ്റെ ചടങ്ങുകൾ പൂർത്തിയായി.

ഭക്ഷണശേഷം, പ്രതിശ്രുത വരനും ബന്ധുക്കളും തിരികേപ്പോയി….

വയറു നിറയേ ഭക്ഷണം കഴിച്ച ആലസ്യത്തിൽ, രാജീവ് ഉമ്മറത്തേ ചാരുകസേരയിലിരുന്നു.

“അമ്മേ, വെള്ളം തീർന്നു…

ആ മോട്ടോർ ഓൺ ചെയ്തേ….”

പ്രതിഭയുടെ ശബ്ദമാണ് രാജീവിനെ ചിന്തകളിൽ നിന്നുണർത്തിയത്…

രാജീവ്, പ്രതിഭയേ ഉമ്മറത്തേക്കു വിളിച്ചു വരുത്തി.

“എട്യേയ്…..

നമ്മള് പോരും നേരത്തല്ലേ മോട്ടോർ അടിച്ചത്….

ഓഫ് ചെയ്തിട്ടില്ലാ ട്ടാ…

അതു പോട്ടേ,

ആ സ്റ്റൗവ്വുമ്മേ എന്തൂട്ടാ വെള്ളം വെച്ചിട്ടുണ്ടായേ….

ഗ്യാസും ഓഫ് ചെയ്തട്ടില്ല….

ചടങ്ങു കഴിഞ്ഞില്ലേ, മ്മക്ക് പെട്ടന്നു പൂവ്വാം….”

തിരികേ വരുമ്പോൾ, കാറിൽ മൗനം തളം കെട്ടി നിന്നു.

അത്താഴം കഴിച്ച് സ്വസ്ഥമായി തിരികേ വരാൻ കഴിയാത്തേലുള്ള ഭാര്യയുടെ ദേഷ്യം മനസ്സിലാക്കി, രാജീവ് മിണ്ടാതിരുന്നു.

പുതിയ സാരി, ആങ്ങളയുടെ ഭാര്യയുടെ മുന്നിൽ ശരിക്കും പ്രദർശിപ്പിക്കാൻ കഴിയാത്തേൻ്റെ സങ്കടം വേറെയുണ്ടാകും….

പിണക്കം നീണ്ടാൽ അത്താഴം മാത്രല്ലാ മിസ്സാവുക…..

മൗനം തന്നെയാണ് ഉചിതം….

കാർ, പാതിദൂരം പിന്നിട്ടു.

“വണ്ടി നിർത്ത്…..”

പ്രതിഭ പറഞ്ഞു.

ഓരം ചേർത്ത് വണ്ടി നിന്നു….

“എന്ത്യേടീ……?”

ഒരു നിമിഷത്തേ ഇടവേളയ്ക്കു ശേഷമായിരുന്നു, മറുപടി വന്നത്…

” വണ്ടി തിരിച്ചോ….

ഞാനെൻ്റെ ഹാൻ്റ് ബാഗ് എടുക്കാൻ മറന്നു….

വീടിൻ്റെ താക്കോല് അതിലാണ്….”

പല്ലും ഞെരിച്ച് വണ്ടി തിരിക്കുമ്പോൾ, രാജീവ് പ്രതിഭയേ രൂക്ഷമായി നോക്കി…

മുഖത്തു നോക്കാതെ അവൾ പിറുപിറുത്തു….

“മറവി, എല്ലാവർക്കും പറ്റും….

നിങ്ങക്കു പറ്റീപ്പോ ഞാൻ മിണ്ട്യോ….?”

കാർ തിരികേ പാഞ്ഞു.

കുട്ടികൾ പിൻസീറ്റിൽ കിടന്ന് അപ്പോളും നല്ല ഉറക്കമായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *