അത്‌ കേട്ടപ്പോ ഒരു വല്ലായ്മ തോന്നിയെങ്കിലും പുറത്ത് കാട്ടാതെ ഞാനൊന്നു ചിരിക്കുക മാത്രം ചെയ്തു…

പേര് മാറ്റൽ 😍😍😍😍😍

Story written by BINDHYA BALAN

“അല്ല രഘൂട്ടാ കാര്യം നിന്റെ ഭാര്യയ്ക്ക് നിന്നോട് ഭയങ്കര സ്നേഹവും ഇഷ്ടവും കെയറും ഒക്കെ ആണ്… നീയെന്നു വച്ചാ ജീവനാണെന്നു അവളെഴുതുന്നതൊക്കെ വായിച്ചാ അറിയാം.. പക്ഷേ ഒരു കാര്യം മാത്രം മോശമായിപ്പോയി കേട്ടോ “

വീട്ടിൽ വന്ന സുഹൃത്തും ഭാര്യയുമായി കുശലം പറഞ്ഞിരിക്കുബോഴാണ് കൂട്ടുകാരൻ ഇച്ഛനോട് എടുത്തടിച്ചത് പോലെ പറഞ്ഞത്

“അതെന്നതാടാ എന്റെ പ്രിയപ്പെട്ടവള് അത്ര മോശമായി എഴുതിയത്. “

അടുത്തിരുന്ന എന്നെ ഒന്ന് നോക്കിയിട്ട് ചിരിച്ചു കൊണ്ട് ഇച്ഛൻ ചോദിച്ചു.

“അല്ല ഇത്രേം സ്നേഹമുള്ള ആള് പേരിനൊപ്പം നിന്റെ പേരെന്താ വയ്ക്കാത്തത്.. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ പേരാണ് പിന്നെ പേരിനൊപ്പം സ്ത്രീകൾ വയ്ക്കാറ്. ദേ ഇവള് കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ ഫേസ്ബുക്കിലൊക്കെ സർ നെയിം മാറ്റി. “

സ്വന്തം ഭാര്യയെ നോക്കി അഭിമാനത്തോടെയാണ് ആ സുഹൃത്ത് അത് പറഞ്ഞത്. അത്‌ കേട്ടപ്പോ ഒരു വല്ലായ്മ തോന്നിയെങ്കിലും പുറത്ത് കാട്ടാതെ ഞാനൊന്നു ചിരിക്കുക മാത്രം ചെയ്തു.

“അല്ല ഞാൻ ചുമ്മാ ചോദിച്ചതാ… നാട്ടു നടപ്പ് അതാണല്ലോ..”

പുള്ളി പറഞ്ഞിട്ട് വീണ്ടും ചിരിച്ചു.

“എന്ത് നാട്ടു നടപ്പാണെടാ… കല്യാണം കഴിഞ്ഞ് പെൺകുട്ടികൾ പേരിനൊപ്പം ഭർത്താവിന്റെ പേര് വയ്ക്കണമെന്ന് നിർബന്ധം ഉണ്ടോ…ആൺകുട്ടികൾ കല്യാണം കഴിഞ്ഞാലും പേരിനൊപ്പം അച്ഛന്റെ പേര് തന്നെയല്ലേ വയ്ക്കുന്നത്. ഭാര്യയുടെ പേരല്ലല്ലോ. പത്തിരുപത് കൊല്ലം അച്ഛനോട് ചേർന്ന് നടന്നും പേരിനൊപ്പം അച്ഛന്റെ പേര് കൊണ്ട് നടന്നും ജീവിച്ചിട്ട് ഒരു ഭർത്താവിനെ അങ്ങ് കിട്ടുമ്പോൾ അച്ഛന്റെ പേരെടുത്തങ്ങു ദൂരെക്കളയുന്ന പെൺപിള്ളേരെ കാണുമ്പോൾ പുച്ഛം തോന്നാറുണ്ട് എനിക്ക്.പാവം തോന്നാറുണ്ട്… “

സുഹൃത്തിന്റെ സംസാരത്തിൽ അതൃപ്‌തി കാണിച്ച് കൊണ്ട് തന്നെ ഇച്ഛൻ തന്റെ അഭിപ്രായം പറഞ്ഞു.

“അതിപ്പോ, കല്യാണം കഴിഞ്ഞാൽ സ്ത്രീകൾ പിന്നെ ജീവിക്കുന്നത് ഭർത്താവിന്റെ വീട്ടിൽ അല്ലേ.. പെണ്ണ് പിന്നെ അറിയപ്പെടുന്നത് അവളുടെ ഭർത്താവിന്റെ ഐഡന്റിറ്റിയിൽ അല്ലേ രഘൂ.. ഏട്ടൻ പറഞ്ഞത് പോലെ അതല്ലേ നാട്ടുനടപ്പ് “

സുഹൃത്തിന്റെ ഭാര്യയാണ് ഇത്തവണ സംസാരിച്ചത്.

“എന്ത് ഐഡന്റിറ്റി ആണ്…ഈ പേര് മാറ്റൽ ചടങ്ങ് ഒരു നാട്ടുനടപ്പായി ഞാൻ കൂട്ടിയിട്ടില്ല. പെണ്ണിന് അവളുടെ ആണിനോടുള്ള വിധേയത്വം കാണിക്കലിന്റെ ഫസ്റ്റ് സ്റ്റെപ് ആണ് ഈ സർ നെയിം ചേഞ്ച്‌ ചെയ്യൽ എന്നേ ഞാൻ പറയൂ. അത്‌ മാത്രമാണോ, ഇന്നയാളുടെ ഭാര്യ എന്ന് അറിയപ്പെടുന്നതിൽ പെണ്ണിന് എന്ത് മേന്മ ആണ് ഉള്ളത് മാഷേ.. അതൊരു നല്ല ചിന്താഗതി ആണെന്ന് എനിക്കിന്നെ വരെ തോന്നിയിട്ടില്ല. ഓരോ പെണ്ണും അറിയപ്പെടേണ്ടത് അവളുടെ വ്യക്തിത്വം കൊണ്ടാണ്.. പിന്നെ ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങൾ ആണല്ലോ. ജനിച്ച നാൾ മുതൽ ദേ ഇവളുടെ മുഴുവൻ പേര് ബിന്ധ്യ ബാലൻ എന്നാണ്.. പെട്ടന്നൊരു ദിവസം ഞാനിങ്ങു കേറി വന്നിട്ട് ഇവളുടെ പേരിനൊപ്പമുള്ള അച്ഛന്റെ പേരങ് മാറ്റി എന്റെ പേര് ചേർക്കുന്നത് അത്ര വലിയ കാര്യമായി എനിക്ക് തോന്നിയില്ല. ഇവള് എന്റെ ഭാര്യ ആണ്… അത്‌ എനിക്കറിയാം. എന്റെ ഭാര്യ എന്റെ ഐഡന്റിറ്റിയിൽ മാത്രമൊതുങ്ങി ആളുകൾ അറിയേണ്ടവളല്ല. ഇവൾക്ക് ഇവളുടേതായ വ്യക്തിത്വം ഉണ്ട്.പിന്നെ ഇവൾക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ഇവളുടെ അച്ഛനെ, ബാലേട്ടനെ ആണ്.അച്ഛനെക്കാൾ വലുതല്ല ആരും. അതുകൊണ്ട് തന്നെ സ്വന്തം പേരിനൊപ്പം അച്ഛന്റെ പേര് ചേർത്ത് കൊണ്ട് നടക്കുന്ന ഇവളെയാണ് എനിക്കും ഈ ലോകത്ത് ഏറ്റവും ഇഷ്ടം.

പറഞ്ഞവസാനിപ്പിച്ച് ഇച്ഛൻ അവരെ രണ്ടുപേരെയും മാറി മാറി നോക്കി.

“ഞാൻ ചോദിച്ചു എന്നേയുള്ളെടാ.. പലർക്കും ഇഷ്ട്ടം പലതാണല്ലോ “

ഒരു അവിഞ്ഞ ചിരിയോടെ ആ സുഹൃത്ത് പറഞ്ഞൊപ്പിച്ചു.പിന്നെയും കുറെ നേരമിരുന്നു എന്തൊക്കെയൊ മിണ്ടിയും പറഞ്ഞും, ഒടുക്കം ഉച്ചയൂണ് ഒക്കെ കഴിഞ്ഞ് യാത്ര പറഞ്ഞ് അവർ പോയിക്കഴിഞ്ഞ ആ നിമിഷം ഞാൻ ഇച്ഛനോട് ചോദിച്ചു

“അല്ല ഇച്ഛാ ഞാൻ എന്റെ പേര് ബിന്ധ്യ രഘുനാഥ്‌ എന്ന് ആക്കാത്തതിൽ സത്യമായും ഇച്ഛനു പരാതിയൊന്നുമില്ലേ? “

എന്റെ തലയ്ക്കിട്ടൊന്നു കിഴുക്കിയിട്ട് കുറച്ചുറക്കെ ഇച്ഛൻ പറഞ്ഞു

“എന്റെ കൊച്ചേ.. നീയൊന്നു പോയേ.. അവനും അവളും അങ്ങനെയൊക്കെ ചോദിച്ചു പറഞ്ഞു എന്ന് കരുതി നീ അതുമോർത്ത് ഇരിക്കുവാണോ. എടി നിന്റെ പേരിനൊപ്പം ബാലേട്ടൻ വന്നാലേ നിന്റെ പേരിന് ഭംഗിയുള്ളൂ.. ഒരു തലയെടുപ്പുള്ളൂ.. ബിന്ധ്യ ബാലൻ.. ആഹാ എന്താ അന്തസ്സ് പറയുമ്പോത്തന്നെ… കൊച്ച് എന്റെ ഭാര്യയാണ് അറിയേണ്ടവർക്കെല്ലാം അത്‌ അറിയാം. ഇനീപ്പോ പേരിന്റെ കൂടെ എന്റെ പേര് ചേർത്തു നീ എന്റെ ഭാര്യയാണ് എന്ന് നാട്ടുകാരെ മുഴുവൻ അറിയിക്കണ്ട എനിക്ക്.ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ആളുകൾ അങ്ങനെയൊക്കെ പറയുന്നത് കേട്ട് ബാലേട്ടനെ പേരിന്റെ അറ്റത്തൂന്ന് എങ്ങാനും മാറ്റിയാ കിട്ടും നിനക്കെന്റെ കയ്യീന്ന്.. പറഞ്ഞേക്കാം. “

അത്രയും പറഞ്ഞിട്ട് എനിക്ക് എന്തെങ്കിലും തിരിച്ചു പറയാൻ ഇട തരാതെ ഇച്ഛൻ മുറിക്കുള്ളിലേക്ക് പോയി. അകത്തേക്ക് പോയ ആള് ഞാൻ നോക്കുമ്പോ ദേ പൊട്ടിചിരിച്ചോണ്ട് വരുന്നു.

“എന്നതാ ഇച്ചായാ… ഇത്രേം ചിരി ഈ ഇത്തിരി നേരം കൊണ്ട്? “

“എടി.. നീയിത് നോക്കിയെ.. ഇപ്പൊ ഇവിടുന്ന് പോയ രണ്ടെണ്ണമില്ലേ… അവള് ദേണ്ട് സർ നെയിം മാറ്റിയേക്കുന്നു.. ഇപ്പൊ പേരിന്റെ കൂടെ ഓൾടെ അച്ഛന്റെ പേരാണ്…എനിക്ക് വയ്യ… കൊടുത്ത മരുന്ന് ഏറ്റെടി ഉവ്വേ… “

ഫോൺ എനിക്ക് നേരെ നീട്ടിപ്പിടിച്ച് ഇച്ഛൻ പറയുമ്പോൾ സത്യത്തിൽ അത് കേട്ട് ഞാനും പൊട്ടിച്ചിരിച്ചു പോയി… ന്താല്ലേ….

Leave a Reply

Your email address will not be published. Required fields are marked *