അത് പറയുമ്പോൾ വീണ്ടും മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഷാൾ കൊണ്ട് കണ്ണുനീർ തുടച്ച്…

ആത്മഹത്യ…

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

വെളുപ്പിനെ മോളുടെ കരച്ചിൽ കേട്ടാണ് മായ കണ്ണ് തുറന്നത്, കണ്ണുകൾ തുറക്കാതെ അടുത്ത് കിടന്ന് കരയുന്ന മോളെ ചേർത്ത് കിടത്തി പാല് കൊടുത്ത് ഒരു കൈകൊണ്ട് മോളുടെ പുറത്ത് മെല്ലെ തട്ടി അവളെ ഉറക്കാൻ ശ്രമിച്ചു മായ…

മോളെ അനക്കാതെ തന്നെ കൈ നീട്ടി മേശയുടെ മുകളിൽ ഇരുന്ന മൊബൈൽ എടുത്ത് സമയം നോക്കി സമയം ഏതാണ്ട് അഞ്ചര മണി കഴിഞ്ഞതെയുള്ളൂ.. മായ മൊബൈൽ വൈബ്രെഷൻ മോഡിൽ ആക്കികൊണ്ട് നെറ്റ് ഓൺ ചെയ്‌തു. നെറ്റ് ഒൻ ആക്കിയപ്പോഴേക്കും നോട്ടിഫിക്കേഷന്റെ വൈബ്രെഷൻ അടിച്ചു തുടങ്ങി..

ആദ്യം കണ്ടത് മെസ്സഞ്ചറിൽ ഹരിയുടെ മെസ്സേജ് ആണ്. ഉപാദികൾ ഇല്ലാതെ കാത്ത് സൂഷിക്കുന്ന മായയുടെ നല്ല സൗഹൃദങ്ങളിൽ ഒന്നാണ് ഹരി. മായ ആദ്യം ഹരിയുടെ മെസ്സേജ് ഓപ്പൻ ആക്കി..

” ജീവിതം വല്ലാതെ മടുത്ത് തുടങ്ങിയിരിക്കുന്നടോ, ഇതിൽ നിന്നൊക്കെ വിട്ട് നിന്നാലോ എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമായി.., ഞാൻ പോകുകയാണ് ഇനി ചിലപ്പോൾ നമ്മൾ തമ്മിൽ ഒരിക്കലും കണ്ടില്ലെന്ന് വരും…”

അതായിരുന്നു ഹരിയുടെ മെസ്സേജ്. അവന് ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഒരു വട്ടാണ് ഇത്, ഇങ്ങനെ ഓരോന്ന് പറഞ്ഞു പോയാലും ഒന്നോ രണ്ടോ മണിക്കൂർ കഴിയുമ്പോൾ മെസ്സേജും അയച്ചുവരും അത് അറിയാവുന്നത് കൊണ്ട് മായ അത് കാര്യമാക്കാറില്ല,

” പോടാ ചെർക്ക കൊതിപ്പിക്കാതെ…”

എന്നൊരു മറുപടി കൊടുത്തിട്ട് മായ ഫേസ്‍ബുക്കിൽ കയറി ഒരോ പോസ്റ്റുകൾ നോക്കി കിടന്നു…

രവിലത്തെ തിരക്ക് കഴിഞ്ഞ് ഏതാണ്ട് പത്തമണി ആയപ്പോൾ ആണ് മായ വീണ്ടും ഫേസ്ബുക്കിൽ കയറിയത്. തള്ളവിരൽ കൊണ്ട് പോസ്റ്റുകൾ നീക്കി നീക്കി ഇരിക്കുമ്പോൾ ആണ് പരിചയമുള്ള ഒരു മുഖം അവളുടെ കണ്ണിൽ ഉടക്കിയത്. മായ ഒന്ന് കൂടി ആ ഫോട്ടായിൽ നോക്കി അതേ അത് ഹരി തന്നെയാണ്…

” അകാലത്തിൽ പൊലിഞ്ഞു പോയ പ്രീയ കൂട്ടുകാരന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ “

എന്ന തലക്കെട്ട് അപ്പോൾ ആണ് മായ ശ്രദ്ധിച്ചത്… അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, ഇന്നലെ വരെ തന്നോട് വഴക്കിട്ടും, കളിയാക്കിയും, ചിരിച്ചും, കളിച്ചും നടന്നയാൾ പെട്ടെന്ന് ഈ ലോകത്തിൽ ഇല്ലെന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല…

ഇനിയിപ്പോ ആരെങ്കിലും പറ്റിക്കാൻ ഇട്ടേക്കുന്നത് ആകും എന്ന വിശ്വാസത്തിൽ ആണ് അവൾ അതിലെ കമെന്റിലേക്ക് കണ്ണോടിച്ചത്, ഓരോ കമെന്റ് വായിക്കുമ്പോഴും ഹരി മരണപ്പെട്ടെന്ന സത്യം അവൾ മനസ്സിലാക്കുകയായിരുന്നു.. കണ്ണുകളിൽ കണ്ണീർ വന്നു തങ്ങിയത് കാരണം പല വാക്കുകളും അവൾക്ക് കാണാൻ കൂടി കഴിഞ്ഞിരുന്നില്ല…

ഓൺലൈൻ സൗഹൃദങ്ങളിൽ ആരോടും വല്യ അടുപ്പം കാണിക്കാറില്ല എങ്കിലും ഈ മരണം അവളെ കരയിപ്പിച്ചു തുടങ്ങി, അത്രമേൽ പ്രീയപ്പെട്ട ആരോ തന്നിൽ നിന്ന് മടക്കമില്ലാത്ത മറ്റൊരു ലോകത്തേക്ക് പോയിരിക്കുന്നു എന്ന ദുഃഖം അവളെ കൂടുതൽ കണ്ണീരിലാഴ്ത്തി….അൽപ്പനേരം മൊബൈൽ മാറ്റിവച്ച് അവൾ കിടന്നെങ്കിലും വീണ്ടും കൈകൾ മൊബൈലിന്റെ അടുക്കലേക്ക് നീങ്ങി…

വീണ്ടും മൊബൈൽ എടുത്ത് ഫേസ്ബുക് ഓപ്പൻ ആക്കിയപ്പോൾ ഹരിയുടെ ഫോട്ടോ വച്ചുള്ള പോസ്റ്റുകൾ വീണ്ടും വന്ന് കഴിഞ്ഞിരുന്നു. അവന്റെ സുഹൃത്തുക്കളോട് ഹരിയുടെ അഡ്രസ്സ് തിരക്കുമ്പോൾ അവനെ കാണാൻ പോകാൻ മായ മനസ്സ് കൊണ്ട് ഉറപ്പിച്ചിരുന്നു..

പുറത്ത് എവിടെയെങ്കിലും പോകുമ്പോൾ വിളിക്കാറുള്ള വിനോദിനെ വിളിച്ച് വണ്ടിയും കൊണ്ട് വരാൻ പറഞ്ഞ ശേഷം മോൾക്ക് നല്ലൊരു ഡ്രസ്സ് ഇട്ടുകൊടുത്ത്, മായ മുഖമൊന്ന് കഴുകി ഒരു ചുരിദാർ എടുത്തിട്ടപ്പോൾ പുറത്ത് വണ്ടിയും ആയി വിനോദ് എത്തിയിരുന്നു. മോളേയും തോളിലിട്ട് വീട് പൂട്ടി ഇറങ്ങി കാറിൽ കയറും മുൻപേ പോകാൻ ഉള്ള സ്ഥലം വിനോദിനോട് പറഞ്ഞു…

” എന്തുപറ്റി മുഖമൊക്കെ ചുവന്ന് ഇരിക്കുന്നു, ഇത്‌ ആരുടെ വീട് ആണ്…”

കാറിൽ കയറുമ്പോൾ വിനോദ് ചോദിച്ചു…

” അത് എന്റെ കൂടെ പഠിച്ച ഫ്രണ്ട് ആണ്, അവൻ മരിച്ചു…”

അത് പറയുമ്പോൾ വീണ്ടും മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഷാൾ കൊണ്ട് കണ്ണുനീർ തുടച്ച് കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു മായ.. ഇടയ്ക്ക് വിനോദ് എന്തൊക്കെ ചോദിക്കുന്നു എങ്കിലും മായ അതൊന്നും ശ്രദ്ധിക്കാതെ ഹരിയും ആയി ഉള്ള ചാറ്റുകൾ നോക്കി ഇരുന്നു…

ഏത് സമയവും സന്തോഷത്തോടെ സംസാരിച്ചു കൊണ്ടിരുന്നയാൾ, എന്തേലും വിഷമമോ ദുഃഖമോ ഉണ്ടെന്ന് ഇതുവരെ അവൻ പറഞ്ഞിട്ടില്ല. എന്തേലും പ്രശനം അവനോട് ഷെയർ ചെയ്യുമ്പോൾ അതിന് പരിഹാരം പറഞ്ഞു തരുകയും, പോസിറ്റീവ് ആയി ചിന്തിക്കുകയും, ധൈര്യം തരുകയും ചെയ്യുന്ന ഒരാൾ എന്തിന് സ്വന്തം ജീവൻ കളഞ്ഞു, എന്തിന് അവൻ എല്ലാത്തിൽ നിന്നും ഒളിച്ചോടി മരണത്തിന് കീഴടങ്ങി എന്ന ചോദ്യം അവളുടെ മനസ്സിൽ ഉത്തരം കിട്ടാതെ അലഞ്ഞു…

പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴേക്കും അങ്ങിങ്ങ് കരിങ്കൊടി കെട്ടിയിരിക്കുന്നത് മായ ശ്രദ്ധിച്ചു. പോസ്റ്റുകളിലും മതിലുകളിലും ചിരിച്ചു കൊണ്ടിരിക്കുന്ന ഹരിയുടെ ഫോട്ടോ കാണുമ്പോൾ അവളിൽ നിന്ന് അനുസരണ ഇല്ലാതെ കണ്ണുനീർ പൊഴിഞ്ഞുകൊണ്ടിരുന്നു. ജനങ്ങൾ കൂട്ടം കൂടി പോകുന്ന വഴിയിലൂടെ അവരുടെ കാർ മെല്ലെ നീങ്ങി..

നീളത്തിൽ ടാർപ്പ വലിച്ചുകെട്ടി, കസേരകൾ നിരത്തി ഇട്ടിരിക്കുന്ന വീടിന്റെ അൽപ്പം അകലെയായി വിനോദ് കാർ നിർത്തി. മായ ഷാൾ കൊണ്ട് മുഖം തുടച്ച് ഉറങ്ങി കിടക്കുന്ന മോളെ തോളിലിട്ടു കൊണ്ടു കാറിൽ നിന്ന് ഇറങ്ങി. മായ വീട്ടിലേക്ക് നടക്കുമ്പോൾ അവളുടെ കാലുകൾ തളരുന്നത് പോലെ തോന്നി…മുറ്റത്തെ വല്യ മാവിലേക്ക് കൈകൾ ചൂണ്ടി കൂട്ടം കൂടി നിൽക്കുന്ന ജനങ്ങൾ സംസാരിക്കുന്നത് കണ്ടപ്പോൾ മായയുടെ കണ്ണുകൾ അവിടേക്ക് നീങ്ങി… മാവിന്റെ കൊമ്പിൽ പകുതി മുറിഞ്ഞ കയർ അപ്പോഴും കാറ്റത്ത് അടികൊണ്ടിരിക്കുന്നത് മായ കണ്ടു.. കരച്ചിൽ കടിച്ചു പിടിച്ചു കൊണ്ട് മായ ആ വീട്ടിലേക്ക് കയറി…

ഭിത്തി തേയ്ക്കാത്ത, തറയിൽ മുൻപ് എങ്ങോ ഇട്ട കോൺക്രീറ്റിൽ നിന്ന് സിമന്റ് പൊട്ടിപ്പോളിഞ്ഞ് കിടക്കുന്ന ആ വീട്ടിലേക്ക് മായ മെല്ലെ കയറി ഉമ്മറത്ത് വയസ്സായ കുറെ പേർ എന്തൊക്കെയോ പിറുപിറുത്ത് ഇരിപ്പുണ്ട്, വീടിന്റെ ഉള്ളിൽ തറയിലും കസേരയിലും ആയി കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി കുറച്ച് സ്ത്രീകൾ ഇരിപ്പുണ്ട്.. ഈ ലോകത്ത് അവന് ആരുമില്ല, അവൻ മരിച്ചാൽ കൂടി കണ്ണീർ പൊഴിക്കാൻ ആരും ഉണ്ടാകില്ല എന്ന് പണ്ടെപ്പോഴോ ഹരി പറഞ്ഞത് മായ ഓർത്തു പോയി..

അവിടത്തെ ബഹളത്തിന്റെ ഇടയിൽ മോള് കരഞ്ഞു തുടങ്ങിയപ്പോൾ അവൾക്ക് പാല് കൊടുക്കാൻ ഒരു സ്ഥലം മായ നോക്കിയത്…

” മോളെ ആ മുറിയിൽ പോയി ഇരുന്ന് കുഞ്ഞിന് പാല് കൊടുക്ക്…”

അവിടെ കൂടി നിന്ന സ്ത്രീകളിൽ അല്പം പ്രായം ചെന്ന സ്ത്രീ മുറിയിലേക്ക് കൈ ചൂണ്ടി പറഞ്ഞപ്പോൾ മായ അവിടേക്ക് നടന്നു. കൊച്ചിന് പാല് കൊടുക്കുന്നതിന്റെ ഇടയിൽ അവൾ ആ മുറിയ്ക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു.. മേശപുറത്ത് കുറെ ബുക്കുകൾ അടുക്കി വച്ചിരിക്കുന്നു. ഒരു ഡയറി അൽപ്പം സ്ഥാനം തെറ്റി കിടക്കുന്നത് കണ്ടപ്പോൾ മായയുടെ കൈ അതിലേക്ക് നീങ്ങി…

അവൾ ഡയറി എടുത്ത്‌ അതിലെ ഓരോ താളുകളും മറിച്ച് നോക്കി. ഹരിയുടെ ഓരോ സൗഹൃദങ്ങളെ കുറിച്ചും അതിൽ എഴുതിയിട്ടുണ്ട്, അതിൽ തന്റെ പേരും വായിച്ചപ്പോൾ മായയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ ആ ഡയറിയിൽ വീണു..

” എനിക്ക് ആകെ ഉള്ള സമ്പാദ്യം സൗഹൃദങ്ങൾ മാത്രമാണ് അതുകൊണ്ട് തന്നെയാണ് അവർ പിണങ്ങുമ്പോൾ എനിക്ക് ഒരുപാട് വേദന ഉണ്ടാകുന്നതും..”
ഇടയ്ക് ഹരി തന്നോട് പറഞ്ഞ വാക്കുകൾ മായ ഓർത്ത്പോയി..

ഡയറിയുടെ അവസാന പേജിൽ കഴിഞ്ഞ രാത്രി ഹരി എഴുതിയ വരികളിലേക്ക് മായ കണ്ണോടിച്ചു..

” ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു, എല്ലാവരുടെയും മനസ്സ് കേൾക്കാൻ എനിക്ക് സമയം ഉണ്ടായിരുന്നു, പക്ഷെ എന്നെ കേൾക്കാൻ ആർക്കും സമയമില്ല, ആരോടും ഒന്ന് മനസ്സ് തുറക്കാനോ ഉള്ള് തുറന്ന് സംസാരിക്കാനോ എനിക്ക് കഴിയുന്നില്ല, കാരണമില്ലാതെ എന്തൊക്കെയോ വിഷമങ്ങൾ മനസ്സിൽ കിടന്ന് നീറി പുകയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി…

പെണ്ണും പിടക്കോഴിയും കുടുംബവും ഇല്ലാത്ത നിനക്ക് എന്ത് ഇത്ര വല്യ പ്രശ്നം എന്ന ചോദ്യം കേട്ട് മടുത്തു.. ഇനിയും ഇങ്ങനെ ജീവിച്ചാൽ ചിലപ്പോൾ എന്റെ മനസ്സിന്റെ നിയന്ത്രണം എനിക്ക് തന്നെ നഷ്ടമായേക്കാം, ഒരു ഭ്രാന്തനായി അലഞ്ഞു നടക്കുമ്പോൾ എന്നെ സ്നേഹിക്കുന്നവർ തന്നെ എന്നെ കല്ലെറിഞ്ഞ് ഓടിക്കും, വയ്യ അങ്ങനെ ജീവിക്കാൻ…

എനിക്ക് വേണ്ടപ്പെട്ടവരോട് എല്ലാം ഞാൻ യാത്ര ചോദിച്ചു കഴിഞ്ഞു, ഇനി മടക്കമില്ലാത്ത യാത്രതുടങ്ങുകയാണ്…ഈ ഡയറി ആരെങ്കിലും വായിക്കുക ആണെങ്കിൽ അവരോട് ഒന്നേ പറയാൻ ഉള്ളൂ നമ്മളെ പോലെ മറ്റുള്ളവർക്കും ഒരുപാട് പ്രശനങ്ങൾ കാണും, അതിനെ ചെറുതായി കാണാതെ അവരെ കേൾക്കാൻ ശ്രമിക്കുക, സാരമില്ലടാ എല്ലാം ശരിയാകും ,ഞാൻ കൂടെയുണ്ട് എന്നൊരു വാക്ക് മതിയാകും വീണ്ടും അവർക്ക് പ്രതീക്ഷയോടെ ജീവിക്കാൻ,, ഒരു പക്ഷെ ഈ ഒരു ആശ്വാസ വാക്ക് കിട്ടിയിരുന്നു എങ്കിൽ ചിലപ്പോൾ ഞാനും നാളെ ഈ ലോകത്ത് ഉണ്ടായേനെ………”

ഹരിയുടെ അവസാന വാക്കുകൾ വായിക്കുമ്പോൾ, മായയുടെ ഉള്ളിലും കുറ്റബോധം ജനിച്ചു തുടങ്ങി..താനും അവനെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല, ഒരുപക്ഷേ അവനെ കേട്ടിരുന്നു എങ്കിൽ അവൻ ഇന്നും ഈ ലോകത്ത് ഉണ്ടായേനെ..

മായ കുറ്റബോധത്തോടെ ഡയറി മടക്കി വയ്ക്കുമ്പോൾ മുറ്റത്ത് ആംബുലൻസ് വന്ന ശബ്ദം കേട്ടു. ആരൊക്കെയോ ചേർന്ന് ജീവനില്ലാത്ത ഹരിയുടെ ശരീരം ഉമ്മറത്ത് കിടത്തി. പ്രായം ചെന്ന ഒരു സ്ത്രീ അവന്റെ തലയ്ക്ക് ചുവട്ടിലായി നിലവിളക്ക് കത്തിച്ചു വച്ചു. ഓരോരുത്തരായി അവനെ കണ്ടു മടങ്ങുന്നത് അവൾ കണ്ടു. അവിടെ കൂടി നിന്നവരുടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് കണ്ടപ്പോൾ അവൻ ആ നാട്ടിൽ എത്രത്തോളം പ്രീയപ്പെട്ടവൻ ആയിരുന്നു എന്നവൾ തിരിച്ചറിഞ്ഞു…

മായ മോളേയും എടുത്ത് കൊണ്ട് ഹരിയുടെ അരികിലേക്ക് നടന്നു. ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ..

” നി വന്നു അല്ലേടി,, ഞാൻ പറഞ്ഞിട്ടില്ലെ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഞാൻ ഈ ലോകത്ത് നിന്ന് പോകുമെന്ന്…”

ഹരി ഉച്ചത്തിൽ ചിരിച്ചുകൊണ്ട് അവളോട് പറയുന്നത് പോലെ മായയ്ക്ക് തോന്നി..മായ കണ്ണുനീർ തുടച്ച് കൊണ്ട് കാറിന്റെ അരികിലേക്ക് നടന്നു..

” പാവം നല്ലൊരു മനുഷ്യൻ ആയിരുന്നു, നാട്ടുകാർക്ക് എല്ലാം അയ്യാളെ കുറിച്ച് നല്ലതേ പറയാൻ ഉള്ളു..എന്തിനാണാവോ അയ്യാൾ അങ്ങനെ ചെയ്തത്…”

തിരികെ വീട്ടിലേക്ക് പോകുമ്പോൾ വിനോദ് ആരോടെന്ന് ഇല്ലാതെ പറഞ്ഞു…

“അത് അല്ലേലും അങ്ങനെ അണല്ലോ മരിച്ചു കഴിയുമ്പോൾ എല്ലാവരും നല്ലത് പറയും,എന്നാൽ ജീവിച്ചു ഇരിക്കുമ്പോൾ ആരും ഒന്നും മനസ്സിലാകില്ല മനസ്സിലാക്കാൻ ശ്രമിക്കില്ല…”

പുറത്തേക്ക് നോക്കി ഇരുന്നു കൊണ്ട് മായ പറയുമ്പോഴും മനസ്സ് നിറയെ ഡയറിയിൽ ഹരി അവസാനം എഴുതിയിരുന്ന വാചകങ്ങൾ ആയിരുന്നു…

വീട്ടിൽ എത്തിയ ഉടനെ മായ ആദ്യം വിദേശത്ത് ഉള്ള ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ചു.. രണ്ട്‌മൂന്ന് ബെൽ അടിച്ച ശേഷം ആണ് മനു ഫോൺ അറ്റൻഡ് ചെയ്തത്..

” എന്താ മായാ…”

പതിവില്ലാതെ ആ സമയത്ത് ഫോണ് വന്നത് കൊണ്ട് മനുവിന്റെ ശബ്ദത്തിൽ അൽപ്പം ടെൻഷൻ ഉണ്ടായിരുന്നു.. ഹരിയെ കുറിച്ച് ആദ്യമേ മനുവിനോട് പറഞ്ഞിട്ടുള്ളത് കൊണ്ട് ഒരു മുഖവുര ഇല്ലാതെ നടന്നത് എല്ലാം മായ മനുവിനോട് പറഞ്ഞു…പറഞ്ഞ് കഴിഞ്ഞ്‌ അൽപ്പനേരം രണ്ടാളിലും നിശബ്ദത പടർന്നു..

” നി വിഴമിക്കേണ്ട പുള്ളിയുടെ വിധി അതാണെന്ന് ഓർത്ത് സമധാനിക്കാം..നിന്റെ മനസ്സിൽ ഒരു വിഷമം വന്നപ്പോൾ ഓടി വന്ന് എന്നോട് പറഞ്ഞില്ലേ, അപ്പോൾ നിന്റെ മനസ്സിന് ഒരു ആശ്വാസം കിട്ടി. ഈ ഒരു ആശ്വാസം ആണ് പലരും കൊതിക്കുന്നത്, ഇതുപോലെ അവരെ കേൾക്കാൻ ആരും ഇല്ലാതെ ആകുമ്പോൾ ആണ് മനസ്സ് കൈവിട്ട് പോകുന്നത്…”

മനു അത് പറഞ്ഞപ്പോൾ മായ മൂളി കേട്ടിരുന്നു…

” താൻ ഇനി അതും ആലോചിച്ച് ഇരിക്കേണ്ട..ഞാൻ വൈകുന്നേരം വിളിക്കാം..”

അത് പറഞ്ഞ് മനു കാൾ കട്ട് ചെയ്യുമ്പോൾ മായയുടെ ഉള്ളിലെ ദുഃഖം മനുവിനോട് പറഞ്ഞതിന്റെ ആശ്വാസം അവൾക്ക് ഉണ്ടായി, എങ്കിലും അവളുടെ ആരും അല്ലാഞ്ഞിട്ടും ഹരിയുടെ മരണം അവളുടെ കണ്ണുകളെ വീണ്ടും നനയിപ്പിച്ചു കൊണ്ടിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *