അന്നത്തെ കാലത്ത്, മൊബൈൽ ഒന്നും ജന്മം കൊണ്ടിട്ടു പോലുമില്ലായിരുന്നു. ലാൻഡ് ഫോൺ കൊടി കുത്തി വാണിരുന്ന കാലം.. ഞങ്ങൾക്കു പരിചയപ്പെടാനും, പ്രണയിക്കാനും വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ കിട്ടിയുളളൂ……

കപ്പ ബിരിയാണി

Story written by Sheeba Joseph

നിമ്മീ… നീ അവിടെ എന്തോ ചെയ്യുവാ?

ഒന്നുമില്ലമ്മേ..

“അമ്മ ഉണ്ടാക്കി മാറ്റി വച്ചിരിക്കുന്ന അവൽ വിളയിച്ചതിൽ നിന്ന് ഒരുപിടി എടുത്ത് വായിലേക്ക് ഇടുമ്പോഴായിരുന്നു അമ്മയുടെ വിളി.”

അതെടുക്കരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞതാ..!

അപ്പോഴാണ് നിമ്മി അമ്മയറിയാതെ കട്ടു തിന്നാൻ അടുക്കളയിൽ കയറിയത്….

നിമ്മി വേഗം മുഖം തുടച്ചിട്ട് ഓടിവന്നു..

എന്താമ്മെ എന്നെ വിളിച്ചത്?.

എൻ്റെ പൊന്നു മോള് അവിടെ എന്നാ ചെയ്യൂ ആയിരുന്നു. ?

“ഒന്നും ഇല്ലമ്മെ..”

ഉവ്വ്…

കല്യാണപ്രായം ആയാലും കട്ടു തീറ്റയ്ക്ക് ഒരു കുറവും ഇല്ല അല്ലേ..!

ഓ പിന്നേ.. “അതിപ്പോ കല്യാണം കഴിഞ്ഞാലും കട്ടു തിന്നാൻ തോന്നിയ ഞാൻ കട്ടു തിന്നിരിക്കും..”

പെണ്ണിന് തറുതല പറച്ചിൽ കുറച്ച് കൂടുന്നുണ്ട്..?

അതൊക്കെ ഇപ്പൊ തീരില്ലെ അമ്മേ.. അവളെ നമ്മളിപ്പോ കെട്ടിച്ചു വിടില്ലെ..!

നീ പോടാ അവിടുന്ന്.. എനിയ്ക്കിപ്പൊ കല്യാണം ഒന്നും വേണ്ട.

“എടി കൊച്ചെ, കല്യാണം ഒക്കെ നടക്കേണ്ട സമയത്ത് തന്നെ നടക്കണം.”

അല്ലാ.. എന്തു പറ്റി? എന്താണ് എല്ലാവരും കൂടി ഒരു ഗൂഢാലോചന.?

നിമ്മി, നിന്നെ കാണാൻ നാളെ ഒരു കൂട്ടര് വരുന്നുണ്ട്..

എവിടുന്നാണമ്മേ?

“നമ്മുടെ നാട്ടിൽ നിന്ന് തന്നെയാണ് കൊച്ചെ. “

ഞാൻ അമ്മയോട് നേരത്തെ തന്നെ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ?

“എന്തോന്നാടി കൊച്ചെ..”

ആഹാ.. അമ്മ അതൊക്കെ ഇത്ര പെട്ടെന്ന് മറന്നോ..?

“എനിയ്ക്ക് നമ്മുടെ ഈ നാട്ടിൽ നിന്നും കല്യാണവും വേണ്ടാ, ചെറുക്കനും വേണ്ട എന്ന്. “

അതെന്താടി കൊച്ചേ… !

“അമ്മേ ഈ നാട് ഞാൻ ജനിച്ചപ്പോൾ മുതൽ കാണുന്നതല്ലേ. ഈ നാട് ഞാൻ കണ്ടു കണ്ടു മടുത്തു. “

ചെറുക്കന്റെ ജോലി എന്താണമ്മേ?

“ചെറുക്കന്, പഞ്ചായത്തിൽ എന്തോ ജോലിയാണെന്നാ പറഞ്ഞു കേട്ടത്. “

“എൻ്റെ പൊന്നമ്മേ, ഏതു പഞ്ചായത്തിലെ ജോലിയാണെങ്കിലും എനിയ്ക്ക് നമ്മുടെ നാട്ടിൽ നിന്ന് ഒരു കല്യാണവും നോക്കണ്ട. “

എടി കൊച്ചെ, ചെറുക്കൻ നിന്നെ നേരത്തെ കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്.?

“അവന് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടു. അതാ പെണ്ണ് ആലോചിച്ച് വന്നത് . “

അവൻ എന്നെ ഇഷ്ടപ്പെട്ടോണ്ട് അവിടെ ഇരിക്കത്തെ ഉള്ളൂ.

എന്തായാലും, ഈ നാട്ടിലോട്ട് എന്നെ കെട്ടിച്ചുവിടാമെന്ന്ആ രും കരുതണ്ട. ?

ഈ പെണ്ണിൻ്റെ ഒരു കാര്യം…

“ഏതായാലും അവൻ വന്ന് നിന്നെയൊന്ന് കണ്ടിട്ട് പോട്ടെ.”

അമ്മേ, എന്നാലും ആ ചെറുക്കന് നല്ല ധൈര്യം ആണല്ലോ.? ഒറ്റയ്ക്ക് ആണല്ലോ അവൻ പെണ്ണ് കാണാൻ വന്നത്..!

“വെറുതെ നമ്മുടെ ഒരു ചായ കളഞ്ഞു..”

അതുപോട്ടെ, നിനക്കവനെ കണ്ടിട്ട് ഇഷ്ടപ്പെട്ടോ. ?

“ചെറുക്കനെ കാണാൻ ഒക്കെ കൊള്ളാം..” ഈ നാട്ടിലുളളതല്ലായിരുന്നു എങ്കിൽ ഞാൻ സമ്മതിച്ചേനെ…!

പിന്നെ, നിൻ്റെ മനസ്സിൽ എന്താ.. നിനക്ക് എങ്ങനെയുള്ള ചെറുക്കനെ ആണ് ഇഷ്ടം.?

എനിയ്ക്കൊരാളെ പ്രണയിച്ചു വിവാഹം കഴിക്കണം എന്നാണ് ആഗ്രഹമെന്ന് അമ്മയോട് പറയണമെന്ന് തോന്നിയെങ്കിലും, അമ്മയുടെ തiല്ലു പേടിച്ചു ഞാനത് പറഞ്ഞില്ല. കോളേജിൽ, പഠിക്കാൻ പോകുമ്പോൾ നന്നായി ഒന്ന് ഒരുങ്ങുന്നത് കാണുമ്പോൾ തന്നെ അമ്മ പറയും…

“എങ്ങാനും വല്ല ചെറുക്കൻമാരെയും പ്രേമിച്ച കൊiല്ലും ഞാൻ എന്ന്.”

അമ്മയുടെ ആ ഡയലോഗ് കേൾക്കുമ്പോൾ തന്നെ എനിയ്ക്ക് പേടിയാ.
“അല്ലേലും, ചാകാൻ എനിയ്ക്കു പണ്ടേ പേടിയാ. “

അമ്മേ എനിക്കിവിടുന്നൊന്നും ചെറുക്കനെ വേണ്ട.

“എനിയ്ക്ക്, ഒരുപാട് റബർ മരങ്ങളൊക്കെ തിങ്ങി നിൽക്കുന്ന നല്ല തണലൊക്കെയുള്ള, സ്ഥലത്തു നിന്നുള്ള ചെറുക്കനെ മതി. “

കൊച്ചേ, അപ്പൊ കിഴക്കൻ നാട്ടിൽ നിന്നുള്ള ചെറുക്കനെയാണോ നിനക്ക് ഇഷ്ടം.?

“ആ..അവിടുത്തെ ചെറുക്കൻമാരെക്കുറിച്ച് ഒന്നും എനിക്കറിയില്ല. “

“ആ സ്ഥലങ്ങളൊക്കെ കാണാൻ നല്ല ഭംഗിയാണ്… അതുകൊണ്ടാണ് അവിടെ നിന്ന് മതി എന്ന് പറഞ്ഞത്. “

ശരി, എങ്കിൽ പിന്നെ ഇനി അങ്ങനത്തെ കേസുകൾ നോക്കിയാൽ മതിയല്ലോ.

അപ്പൻ കേട്ടല്ലോ പുന്നാര മോളുടെ ആഗ്രഹം.?

“ഓ കേട്ടു കേട്ടു… എങ്കിൽ പിന്നെ ഇനി കിഴക്കൻ നാട്ടിൽ നിന്നുള്ള ആലോചന മാത്രം നോക്കിയാൽ മതിയല്ലോ. “

കല്യാണക്കാര്യം അങ്ങ് കിഴക്കൻ നാട്ടിലേയ്ക്ക് കൈമാറി സ്വസ്ഥമായി നടക്കുമ്പോഴാണ് ഒരു ദിവസം അമ്മ പറഞ്ഞത്.

കൊച്ചെ നിമ്മി.. നീ നാളെ കോളേജിൽ പോകണ്ട കേട്ടോ?

“എന്താമ്മേ..”

നാളെ ഒരു കൂട്ടര് വരുന്നുണ്ട് നിന്നെ കാണാൻ. ?

“കിഴക്കുള്ള കൂട്ടരാണ് വരുന്നത്.”

“ഇളയ ചെറുക്കനാണെന്നാ കേട്ടത്.”?

” നല്ല കേസ് ആണ്.”

നിനക്ക്, പയ്യനെ ഇഷ്ടപെട്ടാൽ നമുക്കീ കല്യാണം നടത്താം.

നീ ഒരു കാര്യം ചെയ്യ്.. അവിടുന്ന് രണ്ടു കുപ്പി ഗ്ലാസ് എടുത്ത് കഴുകി വയ്ക്ക്.?

” നല്ല പളുങ്ക് പോലെ ഇരിക്കുന്ന ഗ്ലാസ്സുകൾ ആയിരുന്നു അത്. “

“വിരുന്നു വരുന്നവർക്ക് മാത്രം കൊടുക്കാൻ അമ്മ മേടിച്ചു വച്ചിരിക്കുന്ന ഒരു പ്രത്യേക ഭംഗിയുള്ള ഗ്ലാസ് ആയിരുന്നു അത്. “

നിമ്മി മൂന്ന് ഗ്ലാസ് എടുത്തുകൊണ്ട് വന്നു..

ഇതെന്തിനാ കൊച്ചേ മൂന്ന് ഗ്ലാസ്..?

“എനിക്കും കൂടി കുടിക്കാനണമ്മേ.”

നീ അത് അവിടെ കൊണ്ട് വച്ചേ. വെറുതെ അതെടുത്ത് പൊട്ടിക്കാതെ.?

എൻ്റെ പൊന്നമ്മേ, ഞാൻ ഓർമ്മവച്ച കാലം മുതലേ കാണുന്നതാ നമ്മുടെ ഷോക്കേസിൽ ഈ ഗ്ലാസ് ഒക്കെ.

എൻ്റെ കല്യാണത്തിന് മുമ്പ്, ഇതിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിക്കാനുള്ള യോഗം എനിക്കുണ്ടോ?

അതോ ഇനി കെട്ടിച്ചുവിട്ടു ചെറുക്കനുമായിട്ട് വിരുന്നുകാരെ പോലെ വന്നു കേറുമ്പോ മാത്രമേ എനിക്ക് ഈ ഗ്ലാസ്സിൽ നിന്ന് വെള്ളം കുടിക്കാനുള്ള യോഗമുള്ളോ.?

“ഒന്ന് പോടീ പെണ്ണെ.. അവടെ ഒരു വർത്തമാനം.”

നീയും ഒരു ഗ്ലാസ് എടുത്തോ.. ?

“ഗ്ലാസ്സ് എടുക്കുന്നതൊക്കെ കൊള്ളാം, പൊട്ടിക്കാതെ നോക്കണം കേട്ടോ.”

ങാ അങ്ങനെ വഴിക്ക് വാ..

സെന്റിമെന്റൽ അപ്രോച്ച് മാത്രമേ എന്റെ അമ്മയുടെ അടുത്ത് നടക്കത്തുള്ളൂ.

റ്റാങ്ക് കലക്കിയ, രണ്ട് ഗ്ലാസ്സ് വെള്ളവുമായി ഞാൻ അങ്ങോട്ട് ചെന്നു.

കിഴക്കു നിന്നുള്ള പയ്യനും, ബ്രോക്കറും ആണെന്ന് തോന്നുന്നു. ചെറുക്കൻ എൻ്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു. തിരിച്ച്, ഞാനും ഒരു ചിരി പാസാക്കി.

ചെറുക്കന്റെ വക കുറച്ചു ചോദ്യങ്ങൾ..

എന്താ പഠിക്കുന്നത്…?

പേരെന്നാ.?

കൃത്യമായ ഉത്തരം നല്കി ഞാൻ അടക്ക ഒതുക്കത്തോടെ നിന്നു….

പെണ്ണേ നീ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഒന്നും അവനോട് ചോദിക്കാൻ നിൽക്കണ്ട കേട്ടൊ..?

“എന്നുള്ള അമ്മയുടെ വക ഉപദേശം ഉണ്ടായിരുന്നു…..”

എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ… ചെറുക്കൻ്റെ വക ചോദ്യം….?

തിരിച്ച് എന്തേലും ചോദിക്കണ്ടെ എന്ന് കരുതി ഞാൻ ചോദിച്ചു…

സി ഗരറ്റ് വലിക്കുമോ…?

“ഇല്ല..”

എന്താ അങ്ങനെ ചോദിച്ചത്…?

“അതിൻ്റെ വൃത്തികെട്ട മണം എനിക്ക് ഇഷ്ടമല്ല..അതുകൊണ്ട് ചോദിച്ചത് ആണ്…”

എൻ്റെ മറുപടി കേട്ടിട്ട് ആകണം… ചെറുക്കൻ നല്ലൊരു ചിരി പാസ്സാക്കി….

അതിനുശേഷം അവർ തിരിച്ചു പോയി..

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു ..

“ഈ പണ്ടൊക്കെ പറയുന്നത് പോലെ, വിധിച്ചതേ നടക്കൂ എന്ന് പറയുന്നതൊക്കെ വളരെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളാണ് എന്ന് എനിയ്ക്ക് തോന്നി. “

ചെറുക്കൻ എങ്ങനെയുണ്ട് മോളെ എന്ന ഒറ്റ ചോദ്യമേ അപ്പൻ എന്നോട് ചോദിച്ചുള്ളൂ ..?

കുഴപ്പമില്ല അപ്പാ… എൻ്റെ ആ ഒറ്റ മറുപടിയുടെ പുറത്ത് എൻ്റെ കല്യാണവും ഉറച്ചു…

ചെറുക്കന്റെ, ഗൾഫിൽ നിന്ന് വന്ന പെങ്ങൾക്ക് അധികം ലീവ് ഇല്ലാത്തതു കൊണ്ട് പെട്ടെന്ന് തന്നെ കല്യാണം നടത്തണമെന്ന് ചെറുക്കന്റെ കൂട്ടരുടെ ഡിമാൻഡ് എൻ്റെ അപ്പനും അംഗീകരിച്ചു.

കിഴക്ക് നിന്നുള്ള ചെറുക്കൻ ആയതുകൊണ്ട് എനിയ്ക്ക് ഒന്നിനും എതിർപ്പ് പറയാനുള്ള അവകാശമില്ലായിരുന്നു.

ശരിയ്ക്കും അവിടെ എന്താ നടക്കുന്നത് എന്നു പോലും നിമ്മിക്കറിയില്ലായിരുന്നു.?

അതൊന്നും ആലോചിക്കാൻ ഉള്ള സാവകാശം പോലും കിട്ടിയില്ല എന്ന് പറയുന്നതാണ് വാസ്തവം..!

എല്ലാം വളരെ പെട്ടെന്നായിരുന്നു എന്ന് പറയുന്നതുപോലെ, പെണ്ണുകാണാൻ വന്ന ചെറുക്കൻ പോയി ഒറ്റ ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സമ്മതം നടന്നു. മനസ്സമ്മതം നടന്നതിന്, കൃത്യം മുപ്പതാം ദിവസം കല്യാണത്തിനുള്ള തീയതിയും കുറിച്ചു.

“തറുതല പറഞ്ഞും, അമ്മയോട് വഴക്കുപിടിച്ചും, കട്ടു തിന്നും നടന്നിരുന്ന നിമ്മിക്ക് ഇതൊക്കെ സത്യമാണോ, സ്വപ്നമാണോ എന്ന് പോലും ചിന്തിക്കാനുള്ള സമയമില്ലായിരുന്നു. “

പ്രേമിച്ചു കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്ന എനിയ്ക്ക്, ഏതോ കിഴക്കൻ നാട്ടിൽ നിന്ന് വന്ന ഒരു ചെറുക്കൻ..
എന്താല്ലേ…?

ഒറ്റ മാസം ഇടവേളയിൽ കല്യാണത്തിന് തീയതി തീരുമാനിച്ചു.

ഇതിനിടയിൽ എന്താ സംഭവിച്ചത് എന്ന് പോലും എനിയ്ക്ക് മനസ്സിലായില്ല.

“വിധിപോലെ എന്നൊക്കെ പറയുന്നത് ഇതൊക്കെയാണ്….”

ഈ അറേഞ്ച്ഡ് മാര്യേജ് എന്നൊക്കെ പറയുന്നത് വല്ലാത്തൊരു കാര്യം തന്നെയാണ്. ?

“ഒരു പരിചയവും ഇല്ലാത്ത രണ്ടു വ്യക്തികളെ ഫിസിക്കൽ ആയിട്ടുള്ള കാഴ്ചപ്പാടിൽ മാത്രം വിലയിരുത്തി കൂട്ടി യോജിപ്പിക്കുന്ന ഒരു രീതി…”

അന്നത്തെ കാലത്ത്, മൊബൈൽ ഒന്നും ജന്മം കൊണ്ടിട്ടു പോലുമില്ലായിരുന്നു. ലാൻഡ് ഫോൺ കൊടി കുത്തി വാണിരുന്ന കാലം.. “ഞങ്ങൾക്കു പരിചയപ്പെടാനും, പ്രണയിക്കാനും വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ കിട്ടിയുളളൂ..”

എന്നും ചെറുക്കൻ വിളിക്കുമായിരുന്നു. ആ വിളിയിൽ, ചെറുക്കന്റെ നാട്ടിലെ സകലമാനകാര്യങ്ങളും പറഞ്ഞു കേൾപ്പിക്കുമായിരുന്നു.

വേറേ എന്ത് പറയാൻ.?

“പ്രണയ സല്ലാപങ്ങൾ നടത്താൻ, പ്രണയിനികൾ ആയിരുന്നില്ലല്ലോ ഞങ്ങൾ.”

രാവിലെ ഒരു പ്രത്യേക സമയത്ത് ഫോൺ ബെൽ അടിക്കുമ്പോൾ അമ്മ പറയും..
“ദേ കൊച്ചെ, മോൻ വിളിക്കുന്നു… പോയി ഫോൺ എടുക്ക് . “

“വീട്ടിലുള്ളവർ മുഴുവനും കിഴക്ക് നിന്നുള്ള ചെറുക്കനെ മരുമകനായി അംഗീകരിച്ചു കഴിഞ്ഞിരുന്നുവെങ്കിലും, എനിയ്ക്ക് മാത്രം എൻ്റെ കല്യാണം ഒരു കുട്ടിക്കളിയായിരുന്നു. “

ഒരു ദിവസം എൻ്റെ അറേഞ്ച്ഡ് മാര്യേജിലെ, കിഴക്കൻ ചെറുക്കൻ എന്നെ പ്രണയിക്കാനായി ഫോൺ വിളിച്ച് വീട്ടിലെ ചരിത്രം പറഞ്ഞു കേൾപ്പിക്കുന്നതി നിടയിൽ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ഞാൻ ചോദിച്ചു..

എന്താ അവിടെ കഴിക്കാൻ..?

അതോ… ഇന്നിവിടെ അമ്മ കപ്പ ബിരിയാണി ഉണ്ടാക്കി എന്ന് പറഞ്ഞു.

“ഞാൻ ജനിച്ചിട്ട് ഇന്നേവരെ കപ്പ ബിരിയാണി എന്നൊരു പേര് ഞങ്ങളുടെ നാട്ടിൽ കേട്ടിട്ടില്ല. “

പൊതുവേ, ബിരിയാണി എന്ന് കേട്ടാൽ കമിഴ്ന്നു വീഴുന്ന ഞാൻ, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, പോത്ത് ബിരിയാണി, എന്നൊക്കെ കേട്ടിട്ടുണ്ട് എങ്കിലും.. കപ്പ ബിരിയാണി എന്ന് മാത്രം കേട്ടിട്ടില്ലായിരുന്നു..

ഫോൺ വച്ചു കഴിഞ്ഞ് ഞാൻ ഓടിച്ചെന്നു അമ്മയോടു ചോദിച്ചു.

അമ്മേ ഈ കപ്പ ബിരിയാണി എങ്ങനെയാ ഇരിക്കുന്നത്.?

കപ്പ ബിരിയാണിയോ.!

“അമ്മയ്ക്കറിയില്ല മോളെ..”

“കിഴക്കൻ നാട്ടിൽ ഉണ്ടാക്കുന്ന പ്രത്യേക ഫുഡ് വല്ലതും ആയിരിക്കും. അമ്മ ഇതുവരെ കഴിച്ചിട്ടില്ല. “

നീ കല്യാണം കഴിച്ചു ചെല്ലുമ്പോൾ നിനക്ക് അതൊക്കെ ഉണ്ടാക്കി തരും. ?

എന്തായാലും എൻ്റെ കൊച്ചിന് ഭാഗ്യമുണ്ട്…

അവിടെ ചെന്ന് അതുപോലെയുള്ള ഫുഡ് ഒക്കെ കഴിക്കാലോ…!

“പിന്നീട് ഒരു മാസത്തെ പ്രണയസല്ലാപങ്ങൾക്കും, പഴമ്പുരാണങ്ങൾക്കും ശേഷം എൻ്റെ കല്യാണം കഴിഞ്ഞു. “

ചെറുക്കൻ്റെ പെങ്ങൾ സന്തോഷത്തോടെ തിരിച്ചു പോയി.

ഒരു ദിവസം ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ എൻ്റെ കെട്ടിയവൻ ചെറുക്കനോട് പറഞ്ഞു..

അതേ, ഒരു കാര്യം പറയാനുണ്ട്.. ?

എന്താണ് നിമ്മി…

“എനിയ്ക്ക്, കപ്പ ബിരിയാണി കഴിച്ചാൽ കൊള്ളാമെന്നുണ്ട്.”

ആഹാ അതാണോ വലിയ കാര്യം.?

“നമുക്കൊരു കാര്യം ചെയ്യാം. ഈ ഞായറാഴ്ച തന്നെ കപ്പ ബിരിയാണി ഉണ്ടാക്കാം. “

അമ്മേ..നിമ്മിക്ക് കപ്പ ബിരിയാണി തിന്നണമെന്ന് ഒരാഗ്രഹം..!

അതിനെന്നാ.. നമുക്ക് അടുത്ത ഞായറാഴ്ച കപ്പ ബിരിയാണി ഉണ്ടാക്കാം കേട്ടോ. ?

“പുത്തൻ പെണ്ണായത് കൊണ്ട് തന്നെ കുറെയേറെ ഇളവുകള്‍ എനിയ്ക്ക് ഉണ്ടായിരുന്നു.”

ഞായറാഴ്ച രാവിലെ രണ്ടാംകുർബാനയ്ക്ക് പള്ളിയിൽ പോയി വന്നു. പാചക കലയിൽ പ്രാവീണ്യം തെളിയിച്ചവൾ എന്ന പേര് എടുത്തിരുന്ന എൻ്റെ അമ്മായിയമ്മ കപ്പ ബിരിയാണി റഡിയാക്കി വച്ച് ഞങ്ങളെ കാത്തിരിക്കുക യായിരുന്നു.”

കപ്പ ബിരിയാണി റഡിയായി എന്ന് കേട്ടപ്പോൾ തന്നെ എന്റെ വായിൽ വെള്ളം ഊറി.

“പൊതുവേ ഭക്ഷണപ്രിയയായ എനിയ്ക്ക് ബിരിയാണി കൂട്ടി എന്ത് കേട്ടാലും വായിൽ കപ്പലോടും.”

ഡൈനിങ് ടേബിളിൽ ഇരിപ്പുറപ്പിച്ച എൻ്റെ മുന്നിലേക്ക് ഒരു വാഴയില വെട്ടിയിട്ടു.
“അടുക്കളയിൽ നിന്ന് നല്ല മസാലയുടെ മണം വരുന്നുണ്ട്. “

ഒരു ചെരുവത്തിൽ കപ്പ ബിരിയാണിയുമായി എൻ്റെ അമ്മായിയമ്മ എൻ്റെ അടുത്തേയ്ക്ക് വരുന്നു.

“വളരെ പ്രതീക്ഷയോടെ നോക്കിയിരുന്ന, എൻ്റെ മുന്നിൽ ഇട്ടിരിക്കുന്ന ഇലയിലേയ്ക്ക് ആദ്യം സാലഡ് വിളമ്പി, നാരങ്ങ അച്ചാർ വിളമ്പി, പിന്നെ കപ്പ ബിരിയാണിയും.

വിളമ്പി വച്ച കപ്പ ബിരിയാണി ഞാൻ ഒന്നു സൂക്ഷിച്ച് നോക്കി. പിന്നെ, കെട്ടിയോന്റെ മുഖത്തോട്ടും.

എൻ്റെ ഉണ്ടക്കണ്ണ് പുറത്തോട്ട് തള്ളി നിൽക്കുന്നത് കണ്ടിട്ടാണോ എന്തോ..? എൻ്റെ കെട്ടിയവൻ എന്നോട് ചോദിച്ചു.

എന്താടോ, കപ്പ ബിരിയാണി കഴിക്കുന്നില്ലേ.?

“താൻ പറഞ്ഞിട്ടല്ലേ ഉണ്ടാക്കിയത്.”

ഇതാണോ ഈ കപ്പ ബിരിയാണി.?

പിന്നല്ലാതെ…. “ഇതാണ് കപ്പ ബിരിയാണി…”

അയ്യേ…ഇത് എല്ലും കപ്പയും വേവിച്ചതല്ലേ…!

” ഞാനിത് ഇഷ്ടംപോലെ കഴിച്ചിട്ടുണ്ട്.”

പൊതുവേ, ബീഫിന്റെ ആരാധകരായ ഞങ്ങളുടെ വീട്ടിൽ മിക്ക ഞായറാഴ്ചയും എല്ലും കപ്പയും വേവിക്കും. ഞാനിത് ഒരുപാട് കഴിച്ചിട്ടുണ്ട്.

എൻ്റെ, കപ്പ ബിരിയാണിയോടുള്ള നിസ്സംഗത കണ്ട് വിഷമിച്ച് നിന്ന കെട്ടിയവനെയും, അമ്മായിയമ്മയെയും പ്രീതിപ്പെടുത്താൻ കപ്പ ബിരിയാണി ഞാൻ ആസ്വദിച്ചു കഴിച്ചുവെങ്കിലും, അതിനുശേഷം ഞാൻ ഫോൺ എടുത്ത് എൻ്റെ അമ്മയെ വിളിച്ചു.

“എൻ്റെ പൊന്നമ്മേ, ഇവിടെ കപ്പ ബിരിയാണി എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലെ എല്ലും കപ്പയും വേവിച്ചത് ആണെന്ന് പറയുമ്പോൾ, എൻ്റെ മനസ്സിൽ കപ്പ ബിരിയാണയോട് അതുവരെ ഉണ്ടായിരുന്ന എല്ലാ ആരാധനയും ഇല്ലാതെ ആയിരുന്നു. “

പിന്നീട്, ഞാൻ നല്ല ഇളം പോത്തിൻ്റെ എല്ലു കൊണ്ട്, തേങ്ങാ വറുത്ത് അരച്ച് ഉണ്ടാക്കുന്ന കപ്പ ബിരിയാണി എൻ്റെ കെട്ടിയവൻ ആസ്വദിച്ച് കഴിച്ച് ഗുഡ് സർടിഫിക്കറ്റ് തരുമ്പോൾ ഒക്കെയും ഞാൻ ഓർക്കുന്നത്, എൻ്റെ കല്യാണ നാളിലെ കപ്പ ബിരിയാണിയും, അത് കഴിക്കാൻ കൊതിയോടെ നോക്കിയിരുന്ന എൻ്റെ കൊതിയുളള പ്രതീക്ഷകളും ആണ്….

“എന്നെ വെറുതെ കൊതിപ്പിച്ച എൻ്റെ കപ്പ ബിരിയാണി…”

Related Posts

Leave a Reply

Your email address will not be published. Required fields are marked *