അന്ന് നിങ്ങളെന്നെ അവഗണിച്ചു പോയ ഇടത്തു തന്നെയാണ് ഞാനിന്നും ഉണ്ണിയേട്ടാ…

❤️ നിന്നോർമയിൽ ❤️

എഴുത്ത്:- അഫി

“ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ഏട്ടാ എന്നെ വേണ്ടാന്ന് പറയുന്നേ. ഏട്ടനല്ലാതെ മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നെ വിട്ട് പോകല്ലേ ഏട്ടാ…”

“എന്താ…. എന്താ ഒന്നും മിണ്ടാത്തെ… അത്രക്ക് വെറുപ്പായോ ഏട്ടന് ഈ മാളൂനോട്… ഒന്നും മിണ്ടാതെ പോവല്ലേ ഏട്ടാ…. പ്ലീസ്…. ഏട്ടാ……”

ആർത്തു കരഞ്ഞ് അവളാ ആൽമരച്ചുവട്ടിൽ വെറും മണ്ണിൽ മുട്ട്കുത്തി യിരുന്നപ്പോഴും തിരിഞ്ഞൊന്നു നോക്കാതെ ഗോകുൽ നടന്നകന്നിരുന്നു.

ഇത് മാളവിക എന്ന മാളു. വിനയന്റെയും ഭാഗ്യലക്ഷ്മിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ സന്തതി. ഒരേട്ടനും ഒരനിയത്തിയും ഉണ്ടവൾക്ക്. മാളുവും ഗോകുലും തമ്മിൽ പ്രണയം തുടങ്ങിയിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞു. അവൾ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ തുടങ്ങിയതാ.

ഗോകുൽ പ്രിയ ടീച്ചറുടെയും ദാസന്റെയും മകനാണ്. ബാങ്ക് മാനേജർ ആണ് ഗോകുൽ. എല്ലാവരും അംഗീകരിച്ച ബന്ധമായിരുന്നു അവരുടേത്. പഠനം കഴിഞ്ഞാൽ ഉടനെ വിവാഹം നടത്താം എന്ന് വരെ വീട്ടുകാർ ഉറപ്പിച്ചിരുന്നു. എന്നിട്ടും എന്തിന് തന്നോടിങ്ങനെ ചെയ്തു എന്ന ചോദ്യം മാളുവിനെ കു ത്തി നോവിച്ചു കൊണ്ടിരുന്നു.

ഗോകുൽ വീട്ടിൽ എത്തിയപ്പോഴേക്കും നേരം സന്ധ്യയായിരുന്നു. വിളക്ക് കൊളുത്തി പ്രിയയും ബിന്ദുവും നാമം ജപിക്കുന്നു. ആരെയും നോക്കാതെ അവൻ റൂമിലേക്ക് പോയി. പിറകേ പ്രിയയും.

“മോനേ… എന്താ നിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ “

“ഒന്നുമില്ല “

“എന്തുണ്ടെങ്കിലും അമ്മയോട് പറ മോനേ “

“അമ്മക്കറിയില്ലേ എന്താണെന്ന്. എന്റെ മുന്നിൽ ഇങ്ങനെ അഭിനയിക്കരുത്. “

“ഉണ്ണി… അമ്മയോട് പൊറുക്കടാ. അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി. ഇതല്ലാതെ വേറെ വഴിയൊന്നും ഇല്ലെടാ “

അവൻ ഒന്നും പറഞ്ഞില്ല. മുഖം അമർത്തി തുടച്ച് റൂമിൽ കയറി വാതിൽ അടച്ച് കുറ്റിയിട്ടു. മുഖത്തിന് കുറുകെ കൈ വെച്ച് കണ്ണുകളടച്ച് കിടക്കുമ്പോൾ അവന്റെ മനസ്സിൽ മാളുവുമൊത്തുള്ള നിമിഷങ്ങളായിരുന്നു. അവർ നെയ്ത് കൂട്ടിയ സ്വപ്നങ്ങളായിരുന്നു. അവളുടെ കുട്ടിക്കുറുമ്പുകളും പൊട്ടത്തരങ്ങളും അവനോട് ആരെങ്കിലും അടുത്തിടപഴകിയാൽ മുഖത്തു വരുന്ന ഭാവമാറ്റങ്ങളും കുശുമ്പും എല്ലാം എല്ലാം അവന്റെ മനസ്സിൽ മിന്നി മറഞ്ഞു. ഇനിയതെല്ലാം തനിക്കന്യമാകാൻ പോകുന്നു എന്ന ഓർമയിൽ അവന്റെ മനസ്സ് പൊള്ളിപ്പിടഞ്ഞു.

കതകിൽ ശക്തമായ മുട്ട് കേട്ടാണ് ദാസൻ വാതിൽ തുറന്നത്. പിറകെ പ്രിയയും.

“മാളു… മോളേ എന്താ ഈ നേരത്ത് “

“അച്ഛാ. എവിടെ എവിടെ എന്റേട്ടൻ. എല്ലാരും പറയുവാ ഏട്ടന് മാളൂനെ വേണ്ടെന്ന്. അച്ഛനും അമ്മയും ഏട്ടനും എല്ലാരും പറഞ്ഞു. പക്ഷെ ഞാൻ വിശ്വസിക്കില്ല ഉണ്ണിയേട്ടൻ പറഞ്ഞില്ല എന്നോട് എന്നെ വേണ്ടെന്ന്. അങ്ങനെ പറയാൻ ഏട്ടന് ഒരിക്കലും പറ്റില്ല. “

“മോളേ വാ അമ്മ പറയട്ടെ “

“അമ്മേ എന്താ പറ്റിയേന്ന് എന്നോടും കൂടെ പറ. എത്ര ചോദിച്ചിട്ടും ഉണ്ണിയേട്ടൻ ഒന്നും പറയുന്നില്ല.”

പ്രിയ അവളെ വിളിച്ച് അകത്തേക്ക് കൊണ്ട് പോയി. സോഫയിൽ ഇരുത്തി അപ്പോഴേക്കും ബിന്ദു ഒരു ഗ്ലാസ്‌ വെള്ളവുമായി വന്നു. മാളുവിന്റെ തേങ്ങൽ അടങ്ങി ശാന്തമായപ്പോഴാണ് പ്രിയ സംസാരിച്ചു തുടങ്ങിയത്.

“മാളു.. അമ്മ പറയുന്നത് മുഴുവനും സമാദാനത്തോടെ കേൾക്കണം. അമ്മയുടെ ആങ്ങള സേതുമാമനെ മോളെറിയില്ലേ. സേതുവേട്ടന്റെ മകളാണ് ബിന്ദു. ഏട്ടൻ മരിക്കുമ്പോ ഇവൾക്ക് 10 വയസ്സാ. ഏട്ടത്തി എത്ര വേണ്ടെന്ന് പറഞ്ഞിട്ടും ഏട്ടത്തിയുടെ വീട്ടുകാർ വീണ്ടും വിവാഹം കഴിപ്പിച്ചു. രാഘവനാണ് ആളെന്നറിഞ്ഞപ്പോ ഞങ്ങൾ ആവതും പറഞ്ഞു നോക്കിയതാ വേണ്ടെന്ന്. പക്ഷെ കേട്ടില്ല. അന്ന് തൊട്ട് അനുഭവിക്കാൻ തുടങ്ങിയതാ എന്റെ കുഞ്ഞ്. കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഏടത്തിയും ഈ ലോകം വിട്ട് പോയി. അന്നവിടെ പോയപ്പോഴാണ് എന്റെ മോളേ ഞാൻ വീണ്ടും കാണുന്നത്. ഞാൻ കൊണ്ട് പൊക്കോളാം ഇവളെ എന്ന് നൂറ് വട്ടം പറഞ്ഞിട്ടും കേട്ടില്ല. ഇവളുടെ അമ്മാവന്മാർ. അയാളുടെ കൂടെ വിട്ടിട്ട് പോരാൻ മനസ്സനുവദിച്ചില്ലെങ്കിലും സമ്മതിക്കേണ്ടി വന്നു.

എത്ര വലിയ തെറ്റാണ് ഞാനന്ന് ചെയ്തതെന്നറിയാൻ വൈകിപ്പോയി. ഒരു പക്ഷെ ഞാനും ഉണ്ണിയും കൂടെ മോളേ കാണാൻ പോയില്ലായിരുന്നെങ്കിൽ രാഘവനും കൂട്ടുകാരനും ഇവളെ പിച്ചി ചീന്തിയേനെ. കലി തീരുവോളം ഉണ്ണി അവരെ തല്ലി. ബിന്ദുവിനെ ഇങ്ങോട്ട് കൊണ്ട് പോരുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് രാഘവനും ബിന്ദുവിന്റെ അമ്മാവന്മാരും വന്നിരുന്നു. ഉണ്ണിയെയും ബിന്ദുവിനെയും കൂട്ടി ആവശ്യമില്ലാത്തതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ബഹളം കേട്ട് കൂടിയ ആളുകളുടെ മുന്നിൽ വെച്ച് ദാസേട്ടനെയും കൂടെ ചേർത്ത് പറഞ്ഞപ്പോൾ സഹിച്ചില്ല മോളേ. അത് കൊണ്ട് “

“അ… അത് കൊണ്ട്….”

പ്രിയ പറയാൻ പോകുന്നതെന്ത് മനസ്സിലായെങ്കിലും അങ്ങനെയാക്കരുതേ എന്നവൾ വെറുതെ ആഗ്രഹിച്ചു.

“അത് കൊണ്ട് അന്നാ നാട്ടുകാരുടെ മുന്നിൽ വെച്ച് അമ്മ വാക്ക് കൊടുത്തു ബിന്ദുവിനെ ഉണ്ണി വിവാഹം ചെയ്തു കൊള്ളുമെന്ന്.”

ഒരു നിമിഷം നിന്ന് പ്രിയ മാളുവിന്റെ കൈ പിടിച്ചു.

“മോള് അമ്മയോട് ക്ഷമിക്കണം. അമ്മക്ക് വേറെ വഴിയില്ലായിരുന്നു. “

“അമ്മേ…. വേണ്ടായിരുന്നു…. ഞാ… ഞാൻ… എനിക്ക് ഏട്ടനില്ലാതെ പറ്റില്ല. അമ്മേ… നോക്ക് അമ്മേ അവരൊക്കെ എന്ത് വേണേലും പറഞ്ഞോട്ടെ. ബിന്ദുവിന് നല്ലൊരു പയ്യനെ കണ്ടു പിടിക്കാം. ഞാൻ… ഞാൻ തന്നെ കണ്ട് പിടിച്ച് തരാം “

“മോളുടെ സങ്കടം അമ്മക്ക് മനസ്സിലാകും. പക്ഷെ ഒന്നോർത്തു നോക്കിയേ മോളേ. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി. കൂടാതെ രണ്ടാനച്ഛന്റെ പീ ഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവൾ. അങ്ങനെയുള്ളപ്പൊ ബിന്ദുവിന് നല്ലൊരു ആലോചന വരുമെന്ന് തോന്നുന്നുണ്ടോ. അഥവാ ആരെങ്കിലും വന്നാൽ തന്നെ രാഘവൻ ഏത് വിധേനയും മുടക്കും. ഉണ്ണിയാണ് വിവാഹം ചെയ്യുന്നതെങ്കിൽ അവൾ സന്തോഷമായി ഇരിക്കും. എനിക്കുറപ്പുണ്ട്.”

“അപ്പൊ ഞാനോ. എന്റെ കാര്യം എന്താകും അമ്മേ… ഏട്ടനെയല്ലാതെ മറ്റൊരു പുരുഷൻ വയ്യെനിക്ക് “

” കുറച്ചു ദിവസം കഴിയുമ്പോ ഈ സങ്കടമെല്ലാം മാറും മോളേ. അന്ന് നീ മനസ്സിരുത്തി ആലോചിച്ചു നോക്ക്. ഒരു പാവം പെണ്ണിന് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ അതിൽ പരം പുണ്യം വേറൊന്നുമില്ല മോളേ. ദേ നോക്ക് നീ നല്ലൊരു വീട്ടിൽ ജനിച്ചു വളർന്നതാ. ഇപ്പോഴും അച്ഛനും അമ്മയും എല്ലാവരും നിന്റെ കൂടെയുണ്ട്. എന്റെ മോൾക്ക് നല്ലൊരു പയ്യനെ തന്നെ കിട്ടും. വിനയനെ കൊണ്ട് നിനക്ക് ഏറ്റവും നല്ല ബന്ധം തന്നെ കൊണ്ട് തരാൻ പറ്റും. അത് പോലെയല്ല മോളേ ബിന്ദുവിന്റെ കാര്യം. ആരുടെയെങ്കിലും തലയിൽ കെട്ടി വെക്കാൻ മനസ്സനുവദിക്കുന്നില്ല. “

“അമ്മേ….. അങ്ങനെ പറയല്ലേ.. ബിന്ദു നീയെങ്കിലും ഒന്ന് പറ. ഈ ബന്ധം വേണ്ടെന്ന്. പ്ലീസ് “

രാഘവന്റെ ക്രൂരതയിൽ നിന്ന് അവളോപ്പോഴും കരകയറിയിട്ടില്ല. അത് മാത്രമല്ല ഗോകുലിനോട് മനസ്സിൽ അറിയാതെ മൊട്ടിട്ട പ്രണയവും. എല്ലാം കൊണ്ടും ഒന്നും പറയാതെ സ്തബ്തയായ് നിൽക്കാനേ അവൾക്കായുള്ളൂ. അപ്പോഴേക്കും വിനയനും മകൻ അവിനാഷും കൂടെ അവിടേക്ക് വന്നു.

“മാളു.. നാണമില്ലെടി നിനക്ക്‌ ഈ വീട്ടിലേക്ക് വലിഞ്ഞു കേറി വരാൻ. നിന്റെ ആരാ ഇവിടെ ഇരിക്കുന്നെ. വാ ഇങ്ങോട്ട് “

“ഞാൻ വരില്ല. അമ്മേ… ഞാൻ പോവൂല.. എന്റെ കൊണ്ടോവല്ലേന്ന് പറ.. ഞാൻ വരില്ല… വിട് വിടെന്നെ..

ഉണ്ണിയേട്ടാ….. എന്നെ കൊണ്ടുവല്ലേന്ന് പറ “

“അവനിവിടെയൊന്നും ഇല്ല.. നീ എത്ര കരഞ്ഞിട്ടും കാര്യമില്ല. ഉളുപ്പുണ്ടോടി നിനക്ക് നിന്നെ വേണ്ടെന്ന് പറഞ്ഞവന്റെ പിറകെ നടക്കാൻ. ഞാൻ നിന്റെ അച്ഛനാണെങ്കി നിന്നെ ഇവിടന്ന് കൊണ്ട് പോകാനും എനിക്കറിയാം.”

അവളുടെ കരച്ചിലൊന്നും ആരുടേയും തീരുമാനത്തിന് മാറ്റം വരുത്തിയില്ല. ഗോകുലിന്റെ മൗനമാണ് അവളെ കൂടുതൽ തളർത്തിയത്.കരഞ്ഞു മതിയായി ഒരു ജഡം കണക്കെ ഇരിക്കാനേ മാളുവിനായുള്ളൂ. വിനയനും അരവിന്ദിലും വാശിയായിരുന്നു. ഗോകുലിന്റെ വിവാഹത്തിന് മുമ്പ് തന്നെ എങ്ങനെയെങ്കിലും മാളുവിന്റെ വിവാഹം നടത്താൻ അവർ തീരുമാനിച്ചു. അങ്ങിനെയാണ് ഒരകന്ന ബന്ധുവഴി ജിതിന്റെ ആലോചന വരുന്നത്. തിരുവനന്തപുരത്ത്. ഒത്തിരി ദൂരെയായിരുന്നിട്ടും വിനയൻ സമ്മതം മൂളിയത്, ഈ നാട്ടിൽ നിന്ന് അകന്നു കഴിഞ്ഞാൽ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കടക്കാൻ കഴിയും എന്ന ധാരണയിലാണ്.

മാളുവിന്റെ വിവാഹം കഴിഞ്ഞ് പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് ഗോകുലും ബിന്ദുവും വിവാഹിതരായത്. താലി കെട്ടുമ്പോൾ ഗോകുലിനു നിർവികാരത യായിരുന്നെങ്കിൽ ബിന്ദുവിന്റെ ഉള്ളിൽ സ്നേഹിക്കുന്ന രണ്ട് മനസ്സുകളെ പിരിക്കാൻ താൻ കാരണമായല്ലോ എന്ന കുറ്റബോധമായിരുന്നു. വർഷങ്ങൾ പലതും കടന്ന് പോയി. പതിയെ ബിന്ദുവിനെ തന്റെ ഭാര്യയായി സ്വീകരിക്കാൻ ഗോകുലിനു സാധിച്ചു.

6 വർഷങ്ങൾക്ക് ശേഷം ബിന്ദുവിനും ഗോകുലിനും ഒരു കുഞ്ഞു പിറന്നു. ഒരു സുന്ദരി വാവ. അർച്ചന.അവരവളെ കുഞ്ചു എന്ന് വിളിക്കും. മകളെ പിരിയാൻ കഴിയാത്തത് കൊണ്ടാണ്. സ്ഥലം മാറ്റം കിട്ടി കോട്ടയത്തേക്ക് പോകുമ്പോൾ ബിന്ദുവിനെയും മോളെയും കൂടെ കൂട്ടിയത്. ടൗണിൽ നിന്ന് അല്പം മാറി ഒരു വീട് വാടകക്കെടുത്ത് അവിടെ താമസമാക്കി.

“ഏട്ടാ എന്റെ ബ്ലൗസ് ഒന്ന് തൈക്കാൻ കൊടുക്കണം. എന്നെ കൊണ്ടൊവോ. “

“എവിടെയാ കൊടുക്കണേ.”

“ആ കവല കഴിഞ്ഞ് കുറച്ചങ്ങു പോയി കഴിയുമ്പോ ഒരു വീട്ടിൽ തൈക്കുന്നുണ്ടെന്ന് സീതേച്ചി പറഞ്ഞു. “

“മ്മ് എങ്കിൽ വേഗം റെഡിയാവ് “

ഗോകുലും ബിന്ദുവും കുഞ്ഞും അവിടെ ചെന്നു. ഒരു ചെറിയ വീട്. രണ്ട് മുറി കാണും. എങ്കിലും മുറ്റമെല്ലാം വൃത്തിയാക്കി ചെടികളൊക്കെ നട്ട് പിടിപ്പിച്ചിട്ടുണ്ട്. കാളിങ് ബെൽ അമർത്തിയെങ്കിലും ശബ്‌ദമൊന്നും കേട്ടില്ല. കേടായതാകും. ഗോകുൽ വാതിലിൽ മുട്ടി ശബ്‌ദമുണ്ടാക്കി. ശബ്‌ദം കേട്ട് പ്രായമായ ഒരു സ്ത്രീ അങ്ങോട്ട് വന്നു.

“ആരാ “

“അത് ഇവിടെ തൈക്കാൻ കൊടുക്കാനായിരുന്നു “

“കേറിയിരിക്ക്ട്ടോ. ഞാൻ മോളേ വിളിക്കാം. അവളെ വിറക് കീറുവാ. ഗ്യാസ് തീർന്ന് പോയെന്നെ. അതാ. കുഞ്ഞിനേം കൊണ്ട് നിക്കാതെ ഇങ്ങോട്ടു ഇരുന്നോട്ടോ “

“അത് സാരമില്ല.”

“മോളേ… മോളേ… ദേ ഒരു കൊച്ച് വെന്നിരിക്കുന്നു. അതിന് തൈക്കാൻ തരാനാ. മോള് വേഗം വാ.. “

“ഇപ്പൊ വരാം അമ്മേ “

“അത്രേം മതി എന്റെ മോളേ. ബാക്കി അമ്മ പിന്നേ വെട്ടിക്കോളാം. വേഗം വായോ “

ഗോകുൽ നോക്കുമ്പോൾ ഒരു പെണ്ണ് കയ്യൊക്കെ സാരിത്തുമ്പ് കൊണ്ട് തുടച്ച് അകത്തേക്ക് കയറി വരുന്നുണ്ട്. ക്ഷീണിച്ച് എല്ലുന്തിയ ഒരു കോലം. അവൾ അടുത്ത് വന്നതും ഗോകുൽ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു.

“മാളു…”

അവളിൽ പക്ഷെ ഭാവമാറ്റമൊന്നും ഉണ്ടായില്ല.

“ആർക്കാ തൈക്കാനുണ്ടെന്ന് പറഞ്ഞത് “

“അത് ഞാൻ ബ്ലൗസ് തൈക്കാൻ.”

“ഇങ്ങോട്ടു വരാവോ. ഈ റൂമിലാ തൈക്കുന്നതൊക്കെ. സർ ഇരിക്ക്ട്ടോ “

“മാളൂ. നീ എങ്ങനെ ഇവിടെ “

“ഇതാണ് എന്റെ വീട്. “

“പക്ഷെ തിരുവനതപുരത്തല്ലേ നിന്നെ വിവാഹം കഴിച്ചയച്ചത്. “

“ആ. ഞങ്ങള് ഇങ്ങോട്ടേക്കു സ്ഥലം മാറി.”

“മോൾക്ക് അറിയോ ഇവരെ “

“ആ അമ്മേ.. എന്റെ നാട്ടുകാരാ “

അളവുകൾ എടുത്ത് അത് പുസ്തകത്തിലേക്ക് പകർത്തുമ്പോഴും ബിന്ദു അവളെ സൂക്ഷ്മമായി നോക്കുകയായിരുന്നു. എന്ത് കൊണ്ടോ അവളുടെ കണ്ണുകളെല്ലാം നിറഞ്ഞു വന്നു. ഈ സമയം ഗോകുലിനോട് സംസാരിക്കുക യായിരുന്നു ആ അമ്മ.

“അവനെന്റെ മോൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. രാക്ഷസനായിരുന്നു തനി രാക്ഷസൻ. കള്ളും കഞ്ചാവും പെണ്ണും അവന്റെ ബലഹീനതയാണെന്ന് അറിയാൻ ഒരുപാട് വൈകിപ്പോയി. എന്റെ മോള് അവൾ ഒരുപാട് അനുഭവിച്ചു. പാവം ആയിരുന്നു അവൾ. ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ച് കുറേ നാൾ അവിടെ കഴിഞ്ഞു. ഞാനും ജിതിനും മോളും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. പല രാത്രികളിലും മോളുടെ കരച്ചിൽ കേട്ട് ഞാൻ ഓടി ചെല്ലാറുണ്ട്. വാതിൽ തുടരെ മുട്ടിയാലും തുറക്കില്ലായിരുന്നു അവൻ. കടിച്ചു കീറി അവന്റെ വികാരം ശമിച്ചു കഴിയുമ്പോഴേ കതക് തുറക്കൂ. അപ്പോഴേക്കും എന്റെ മോള് തളർന്നു വീണ് കാണും.

ഞാൻ എപ്പോഴും എതിർക്കുന്നത് കൊണ്ട് അവൻ എന്നെയും തല്ലാൻ തുടങ്ങി പെറ്റമ്മയാണെന്ന് പോലും ഓർക്കാതെ.. ഒരുപാട് തവണ ഞാൻ പറഞ്ഞതാ വീട്ടിൽ അറിയിക്കാമെന്ന്. അവൾ സമ്മതിച്ചില്ല. ആരോടോ ഉള്ള വാശി പോലെ യായിരുന്നു അവളുടെ ജീവിതം. അവളുടെ അച്ഛനോ അമ്മയോ ഫോൺ ചെയ്താൽ പോലും എടുക്കില്ല. എന്റെ മോന്റെ പിടിപ്പു കേട് കൊണ്ട് തന്നെയാണ് എന്റെ ഏട്ടൻ ഉണ്ടാക്കി വെച്ചതെല്ലാം ബാങ്ക് കാര് കൊണ്ട് പോയത്. അതും കൂടെ ആയപ്പോൾ അവന്റെ ഉപദ്രവം കൂടി. ഒരു രാത്രി ആരോരും അറിയാതെ ഞാനെന്റെ മോളെയും കൊണ്ട് ഇങ്ങ് പോന്നു. പണ്ട് ഏട്ടൻ ജീവിച്ചിരുന്നപ്പോൾ വാങ്ങിയതാ ഈ സ്ഥലവും വീടും. ചെറുതാണെങ്കിലും ഞങ്ങള് രണ്ട് ജീവനുകൾക്ക് പേടിക്കാതെ കേറി കിടക്കാൻ ഇത് മതി.

ഇടക്ക് ജിതിന്റെ ശല്യം ഉണ്ടാവാറുണ്ടായിരുന്നു. ഈ നാട്ടുകാരൊക്കെ കൂടെ നിക്കുന്നത് കൊണ്ട് ഞങ്ങള് രക്ഷപ്പെട്ടു പോകുന്നു. ഇപ്പൊ കുറച്ചായി അവന്റെ ശല്യം പോയിട്ട്. കുറേ പറഞ്ഞു നോക്കി മാളൂനോട്‌ അവള്ടെ വീട്ടിലേക്ക് പൊക്കോളാൻ. അമ്മയെ വിട്ട് എങ്ങും പോകുന്നില്ലെന്നും പറഞ്ഞ് വാശിയാ. പാവം എന്റെ മോള്. അതെന്ത് പാപം ചെയ്തിട്ടാണാവോ ഇത്രയും അനുഭവിച്ചത്. “

അളവെടുത്ത് തൈക്കാനുള്ളതെല്ലാം കൊടുത്ത് അവർ പോകാൻ ഇറങ്ങി.

“മാളൂ “

“എല്ലാം പറഞ്ഞല്ലേ ഈ അമ്മ. സഹതാപം ഒന്നും വേണ്ട. ഈ ജീവിതവുമായി ഞാനിപ്പോ പൊരുത്തപ്പെട്ടു കഴിഞ്ഞു. “

“വീട്ടിലേക്ക് പൊക്കൂടെ നിനക്ക് “

“ഏയ് അതൊന്നും വേണ്ട. ഇത് മോളാണോ… എന്താ പേര് “

“അർച്ചന “

“മാളൂ… “

“വേണ്ട ഗോകുലേട്ടാ… ഒന്നും പറയണ്ട. ഈ അമ്മയും ഞാനും ഞങ്ങളുടെ ലോകത്ത് ഇപ്പൊ ഹാപ്പിയാണ്. പിന്നെ പ്രിയ ടീച്ചറോട് പറഞ്ഞേക്ക്ട്ടോ മാളൂന് നല്ല ബന്ധം തന്നെയാ കിട്ടിയേന്ന്. ഞാൻ ഹാപ്പിയാണെന്ന്. വെറുതെ എല്ലാം പറഞ്ഞ് സങ്കടപ്പെടുത്തണ്ട.”

“ഞാൻ കാരണമല്ലെ നിന്റെ ജീവിതം ഇങ്ങനെയായത് “

“ബിന്ദു വേണ്ട. എല്ലാം വിധിയാണ്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആരോടും ദേഷ്യവുമില്ല. വെറുതെ എന്റെ കാര്യം ഓർത്ത് നിങ്ങളുടെ ഇടയിൽ പ്രശ്നങ്ങൾ വരരുത്.

കുറച്ചു പണിയുണ്ടായിരുന്നു. ബ്ലൗസ് ഞാൻ തിങ്കളാഴ്ച തരാം. ആരുടെയെങ്കിലും കയ്യിൽ കൊടുത്തു വിട്ടേക്കാം.ഇപ്പൊ നിങ്ങൾ പൊക്കോ “

അവർ പുറത്തേക്ക് നടന്നകന്നപ്പോൾ അവൾ തന്റെ മുറിയിലേക്കോടി. നിലത്തേക്കൂർന്നിരുന്നപ്പോഴേക്കും അത് വരെ പിടിച്ച് നിർത്തിയ കണ്ണുനീർ ധാരയായ് കവിളിണയെ നനയിച്ചിരുന്നു…

അന്ന് നിങ്ങളെന്നെ അവഗണിച്ചു പോയ ഇടത്തു തന്നെയാണ് ഞാനിന്നും ഉണ്ണിയേട്ടാ… അന്ന് മരിച്ചു വീണതാണ് എന്നിലെ പെണ്ണും പ്രണയവും. ആദ്യ രാത്രിയിൽ തന്നെ ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടപ്പോഴും എനിക്കൊന്നും തോന്നിയില്ല ഏട്ടാ… ശവമായിരുന്നു ഞാൻ…. അയാൾ ശവഭോഗിയും… നിന്റെ ഓർമ്മകൾ മാത്രമേ എന്നെ ചുട്ടുപൊള്ളിക്കുന്നുള്ളു. ആ ഒരു വേദന മാത്രമേ മനസ്സിലുള്ളൂ. നിൻ ഓർമയിൽ വെന്തുരുകി കഴിയുകയാണ് ഞാനിന്നും….

ഇല്ല ഇങ്ങനെ തളർന്നിരുന്നു കൂടാ. കരഞ്ഞു കരഞ്ഞു ഇരിക്കാൻ നേരമില്ല. എനിക്ക് ജീവിക്കണം. ഈ നശിച്ച ഭൂമിയിൽ ജീവിക്കാൻ കൊതിയുണ്ടായിട്ടല്ല. ആരുടെ മുന്നിലും കൈനീട്ടാതെ യാചിക്കാതെ പടപൊരുതി ജീവിക്കണം. ആരുടെയും ജീവിതത്തിൽ ഒരു കരടായി തീരാൻ ആഗ്രഹിക്കുന്നില്ല. ഉണ്ണിയേട്ട നോടുള്ള പ്രണയം അതെന്നും വറ്റാത്ത ഉറവയായി എന്നിലുണ്ടാകും. പക്ഷെ ആ സാമീപ്യം ഇപ്പോൾ ഞാനിന്നാഗ്രഹിക്കുന്നില്ല … ആഗ്രഹിക്കാൻ പാടില്ല. മറ്റൊരു വൾക്ക് സ്വന്തമായതാണ്.

അവർ ജീവിക്കട്ടെ സന്തോഷമായി. ഒരിക്കലും അവരുടെ ഇടയിലേക്ക് കയറി ചെല്ലാനുള്ള ഇട വരുത്തരുതെന്ന് പ്രാർത്ഥിച്ച് അവൾ തന്റെ ജോലിയിൽ മുഴുകി…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *