അന്ന് രാത്രി അവൾക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല, എങ്ങനെ എങ്കിലും നേരം വെളുത്താൽ മതിയാരുന്നു എന്നായി അവൾക്ക്. എങ്ങനെയോ തിരിഞ്ഞും മറിഞ്ഞും കിടന്ന് മായ നേരം വെളുപ്പിച്ചു……….

ലക്ഷ്മിയമ്മ

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

” അല്ലെ തന്നെ എന്നെ ഉപദേശിക്കാൻ നിങ്ങൾ ആരാ,, ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി വീട്ടുകാരി ആകാൻ നിൽക്കണ്ട… “

മായയുടെ പൊട്ടിതെറിച്ചുള്ള സംസാരം കേട്ടപ്പോൾ ലക്ഷ്മി ഒന്നും മിണ്ടാതെ തലയും കുനിച്ച് ഭിത്തിയിൽ ചാരി നിന്നു. തന്റെ മുന്നിൽ ഇരിക്കുന്ന ദോശയും പാത്രവും തട്ടി തെറുപ്പിച്ച് കൊണ്ട് മായ എഴുന്നേറ്റ് പോയി.. മുറിയിൽ കയറി വണ്ടിയുടെ താക്കോലുമായി പുറത്തേക്ക് ഇറങ്ങുമ്പോഴും ലക്ഷ്മി ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു…

വർഷങ്ങൾക്ക് മുൻപ് ആണ് ലക്ഷ്മി ആ വീട്ടിലേക്ക് ജോലിക്ക് വരുന്നത്, അനാഥയായ ലക്ഷ്മി ആ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് മായയുടെ അമ്മ അവളെ കൊണ്ട് ലക്ഷ്മിയെ അമ്മ എന്ന് വിളിക്കാൻ ശീലിപ്പിച്ചത്, പയ്യെ പയ്യെ അവർ മായയുടെ ലക്ഷ്മിയമ്മ ആയി…

ഒരു അപകടത്തിൽ മായയുടെ അച്ഛനും അമ്മയും മരിക്കുന്നത് വരെ സന്തോഷം നിറഞ്ഞ വീട്‌ ആയിരുന്നു അത്. ആവശ്യത്തിൽ അതികം പണം, വണ്ടി, സുഹൃത്തുക്കൾ ഇതൊക്കെ ആയപ്പോൾ മായയുടെ ജീവിതരീതിയും മാറി വന്നു…

നിയന്ത്രിക്കാൻ ആളില്ലത്തത് കൊണ്ട് തോന്നിയ പോലെയായി മായയുടെ ജീവിതം, രാവിലെ പോയാൽ സുഹൃത്തുക്കൾക്ക് ഒപ്പം കറങ്ങി പാതിരാത്രി ആകും തിരികെ വീട്ടിൽ വരുന്നത്, ലക്ഷ്മി എന്തേലും പറഞ്ഞാൽ പിന്നെ അവരോട് ആകും ദേഷ്യം, നേരത്തെ ലക്ഷ്മിയമ്മ എന്ന് തികച്ച് വിളിക്കാത്ത മായയുടെ മാറ്റം അവരെയും ഒരുപാട് വേദനിപ്പിച്ചു. ഇപ്പോൾ വന്നു വന്നു എന്ത് പറഞ്ഞാലും മായയ്ക്ക് ദേഷ്യം ആണ്…

അന്നും സുഹൃത്തുക്കളോടുള്ള കറക്കം കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് മായ വീട്ടിൽ വന്നത്. അടഞ്ഞു കിടക്കുന്ന വീട്ടിലെ വാതിലിൽ അവൾ ഒരുപാട് തട്ടി വിളിച്ചു എങ്കിലും ആരും വതിൽ തുറന്നില്ല, എന്നും മായ വന്നു വിളിക്കുമ്പോൾ ലക്ഷ്മി വാതിൽ തുറക്കാറണ് പതിവ്, കുറച്ചു നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തത് കൊണ്ട് മായ കയ്യിൽ ഉള്ള താക്കോൽ കൊണ്ട് വാതിൽ തുറന്ന് അകത്ത് കയറി…

പാർട്ടിയുടെ ഹാങ്ങ്‌ ഓവർ ഉള്ളത് കൊണ്ട് മായ നേരെ കട്ടിലിലേക്ക് വീണു. പിറ്റേന്ന് അവൾ ഉറക്കചവയോടെ മൊബൈൽ എടുത്ത് നോക്കുമ്പോൾ സമയം പന്ത്രണ്ട് മാണിയോട് അടുത്തിരുന്നു. എന്നും രാവിലെ വിളിച്ച് ഉണർത്താറുള്ള ലക്ഷ്മിയെ കുറിച്ച് അവൾ അപ്പോഴാണ് ഓർത്തത്..

മായ എഴുന്നേറ്റു മുഖം കഴുകിയിട്ട് അടുക്കളയിലേക്ക് ചെന്നു, അടുക്കളയിൽ ലക്ഷ്മിയെ കണ്ടില്ല, അവൾ നേരെ ലക്ഷ്മി കിടക്കുന്ന മുറിയിലേക്ക് ചെന്നു അവിടെയും ആളില്ല എന്ന് മാത്രമല്ല, അവരുടെ ഡ്രസ്സ്‌ പോലും കാണുന്നില്ല…

ആരോടും ഒന്നും പറയാതെ അവർ പോയിരിക്കുന്നു എന്ന് മായയ്ക്ക് മനസ്സിലായി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് താൻ ലക്ഷ്മിയമ്മയോട് വളരെ മോശമായി ആണ് പെരുമാറുന്നത് എന്നവൾ ഓർത്തെടുത്തു.. അവൾക് ഓർമ്മ വച്ചത് മുതൽ ലക്ഷ്മി ആ വീട്ടിൽ തന്നെ ഉണ്ട്, അവർക്ക് വേറെ വീടോ ബന്ധുക്കളോ ഉള്ളതായി മായയ്ക്ക് അറിയില്ല, ഇനിയിപ്പോ എന്ത് ചെയ്യണം, എവിടെ പോയ്‌ അന്വേക്ഷിക്കണം എന്നറിയാതെ അവൾ കട്ടിലിൽ ഇരുന്നു…

അപ്പോഴേക്കും അവളുടെ മൊബൈൽ ശബ്ദിച്ചു തുടങ്ങി, മായ മൊബൈൽ എടുത്തു നോക്കുമ്പോൾ അവളുടെ ഫ്രണ്ട്സ് ആണ് വിളിക്കുന്നത്, അവൾ ആദ്യം കാൾ എടുക്കാതെ ഇരുന്നപ്പോൾ വീണ്ടും വിളി വന്നു…

” നീ ഇതു എവിടെയാ വരുന്നില്ലേ, ഇന്ന് ശീതളിന്റെ പാർട്ടി ആണ്… “

മൊബൈൽ എടുത്തപ്പോഴേക്കും നാൻസിയുടെ ശബ്ദം മായയുടെ ചെവിയിൽ മുഴങ്ങി..

” ഞാൻ ഇന്ന് ഇല്ല ചെറിയ തലവേദന.. “

” ആ ഓക്കേ മോനെ, പിന്നെ നാളെ നിന്റെ പാർട്ടി ആണ് അത് ഓർമ്മ വേണം .. “

മായ ഒന്നും മിണ്ടാതെ കാൾ കട്ട്‌ ആക്കി മൊബൈൽ കട്ടിലിലേക്ക് ഇട്ടു.. മായ ഒന്ന് കുളിച്ച് ഫ്രഷ് ആയി വന്നപ്പോഴേക്കും അവൾക്ക് വിശപ്പ് അടിച്ചു തുടങ്ങി. അടുക്കളയിൽ കയറി മുട്ടയും പൊരിച്ച്, ബ്രഡും കഴിച്ച് തല്ക്കാലം വിശപ്പ് ഒതുക്കി.

ഇനി കുഞ്ഞമ്മവനെ വിളിച്ചാൽ ലക്ഷ്മിയമ്മയെ കുറിച്ച് എന്തേലും വിവരം കിട്ടിയാലോ എന്ന് കരുതി മായ കുഞ്ഞമ്മവനെ വിളിച്ചു..

” ആ എന്താ മോളെ….. “

” അമ്മാവാ അതെ ലക്ഷ്മിയമ്മയുടെ കുടുംബത്തെ കുറിച്ച് എന്തേലും അറിയുമോ… “

” അതിപ്പോ എന്തിന അവരുടെ കുടുംബത്തെ കുറിച്ച് അറിയുന്നത്.. “

അമ്മാവനോട്‌ കള്ളം ഒന്നും പറയണ്ട എന്ന് കരുതി മായ നടന്നത് ഒക്കെ അമ്മാവനോട്‌ പറഞ്ഞു…

” നീ ഇത് എന്ത് പണിയാ മോളേ കാണിച്ചത്… “

മായ പറയുന്നത് എല്ലാം കേട്ടിരുന്ന ശേഷം കുഞ്ഞമ്മാവൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു…

” പറ്റിപ്പോയി… അമ്മാവന് അവരെ കുറിച്ച് എന്തേലും അറിയുമെങ്കിൽ പറ… “

മായ അത് പറയുമ്പോൾ അവളുടെ ശബ്ദങ്ങൾ ഇടറിയിരുന്നു..

“ഞാൻ ഒന്ന് അന്വേക്ഷിച്ചിട്ട് മോളെ വിളിക്കാം… “

അമ്മാവൻ അത് പറഞ്ഞ് കാൾ കട്ട് ആക്കിയപ്പോൾ മായയുടെ മനസ്സിൽ നിറയെ കുറ്റബോധം ആയിരുന്നു,,, പാവം ലക്ഷ്മിയമ്മ ഒന്നും വേണ്ടായിരുന്നു എന്നവൾ ഓർത്തു പോയി…

നേരം ഇരുട്ടി വരുന്നതോടൊപ്പം അവളുടെ ഉള്ളിൽ ഇത് വരെ ഇല്ലാത്ത ഒരു ഭയവും ഉടലെടുത്തു തുടങ്ങി.. ഇതുവരെ ഉണ്ടായിരുന്ന ഒരു സുരക്ഷിതത്വം നഷ്ടമായത് പോലെ,, അവൾ ലക്ഷ്മിയമ്മയുടെ മുറിയിൽ ചെന്ന് ആ കട്ടിലിൽ കിടന്നു, ലക്ഷ്മിയമ്മയുടെ മണം ഉള്ള മുറി…

ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് മായ ഉണർന്നത്, കുഞ്ഞമ്മാവൻ ആണ് വിളിക്കുന്നത്,

” മോളെ ലക്ഷ്മിയുടെ വീട്‌ ഇവിടെ നിന്ന് കുറച്ച് അകലെ ആണ്, സ്ഥലവും അഡ്രസ്സും ഞാൻ വാട്സ്ആപ്പിൽ അയച്ചിട്ടുണ്ട്,, അവിടെക്ക് ആണോ പോയത് എന്നറിയില്ലല്ലോ… ന്തായാലും മോള് അവിടെ വരെ പോയ്‌ നോക്ക്, എനിക്ക് ഇപ്പോൾ യാത്ര ചെയ്യാൻ ഒക്കെ ബുദ്ധിമുട്ട് ആണ് അല്ലേ ഞാൻ കൂടി വരായിരുന്നു…. “

കുഞ്ഞമ്മാവൻ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു നിർത്തി..

” അത് സാരമില്ല ഞാൻ പോയ്‌ക്കോളാം… “

മായ അത് പറഞ്ഞ് കാൾ കട്ട് ആക്കി വീണ്ടും കിടന്നു. അന്ന് രാത്രി അവൾക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല, എങ്ങനെ എങ്കിലും നേരം വെളുത്താൽ മതിയാരുന്നു എന്നായി അവൾക്ക്. എങ്ങനെയോ തിരിഞ്ഞും മറിഞ്ഞും കിടന്ന് മായ നേരം വെളുപ്പിച്ചു. അമ്മാവൻ നൽകിയ അഡ്രെസ്സ് നോക്കി മായ രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി..

ആ സ്ഥലത്ത് എത്തിയപ്പോൾ അവിടെ പണ്ട് ഒരു വീട്‌ ഉണ്ടായിരുന്നു എന്നതിന്റെ ബാക്കി പത്രമയി കുറെ മണ്ണ് മാത്രം കിടപ്പുണ്ട്, നിറയെ കുറ്റി ചെടികൾ വളർന്നു കാടു പിടിച്ചു കിടക്കുന്നു. കാറിന്റെ ശബ്ദം കേട്ടിട്ട് ആകും അടുത്ത വീട്ടിൽ നിന്ന് ഒരു സ്ത്രീ തല ഉയർത്തി മായയെ നോക്കി. മായ അവർക്ക് അരികിലേക്ക് നടന്നു….

” ഇതല്ലേ ലക്ഷ്മിയമ്മയുടെ വീട്‌… “

മായ മടിച്ചു മടിച്ചു ആ സ്ത്രീയോട് ചോദിച്ചു.

” ഞങ്ങൾ ആരും കണ്ടിട്ടില്ല ആ സ്ത്രീയെ പണ്ടെങ്ങണ്ട്‌ പോയതാ ഇവിടെ നിന്ന്, കഴിഞ്ഞ ദിവസം ഒരു സ്ത്രീ വന്നിരുന്നു ലക്ഷ്മി ആണെന്ന് പറഞ്ഞ്… “

” ആ എന്നിട്ട് അവർ എവിടെ… “

ലക്ഷ്മിയമ്മ അവിടെ വന്നു എന്നറിഞ്ഞപ്പോൾ മായയ്ക്ക് ആശ്വാസമായി..

” ഇവിടെ വന്ന് തനിച്ച് ഇരുന്നപ്പോൾ നാട്ടുകാർ എല്ലാം കൂടി അവരുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ ആക്കി… “

“എവിടെയാ ആ വീട്‌…. “

മായ അറിയാൻ ഉള്ള ആകാംക്ഷയോടെ ചോദിച്ചു…

” ദേ ആ വളവ് തിരിഞ്ഞ് മൂന്നാമത്തെ വീട്‌… “

ആ സ്ത്രീ റോഡിലേക്ക് വിരൽ ചൂണ്ടി കാണിച്ച് പറഞ്ഞു… അത് കേട്ട സന്തോഷത്തിൽ മായ കാറിൽ കയറി അവിടേക്ക് ഓടിച്ചു പോയി…

” ഈ തള്ള ഇത്രയും നാൾ എവിടെയോ കിടന്നിട്ട് ഇപ്പോൾ കയറി വന്നേക്കുന്നു മനുഷ്യനെ ബുദ്ധിമുട്ടിപ്പിക്കാൻ…. “

മായ ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആ ശബ്ദം ആണ് കേട്ടത്, എന്റെ ലക്ഷ്മിയമ്മയെ കുറിച്ചാണോ ഈ പറയുന്നത് എന്ന് സംശയിച്ചവൾ വാതിലിൽ മുട്ടി… അൽപ്പകഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.. ആരാ എന്ന ഭാവത്തിൽ അവർ മായയെ നോക്കി…

” ഈ ലക്ഷ്മിയമ്മ…. “

മായ അല്പം മടിച്ചു മടിച്ചു ചോദിച്ചു..

“ഓ അപ്പുറത്ത് ചായ്പ്പിൽ കിടപ്പുണ്ട്… “

ആ സ്ത്രീ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് മായ നടന്നു… മായ നോക്കുമ്പോൾ തറയിൽ ഒരു പഴയ പായ വിരിച്ച് ഒതുങ്ങി കൂടി കിടക്കുകയാണ് ലക്ഷ്മിയമ്മ…

” അമ്മേ…. “

ആ കാഴ്ച്ച കണ്ടപ്പോൾ മായ അറിയാതെ വിളിച്ചു പോയി. മായ ഓടി ലക്ഷ്മിയമ്മയുടെ അടുക്കൽ ചെന്നു…

” ലക്ഷ്മിയമ്മേ…. “

മായ മെല്ലെ വിളിച്ചപ്പോൾ ലക്ഷ്മിയമ്മ തല ഉയർത്തി അവളെ നോക്കി. മായയെ കണ്ടപ്പോൾ ലക്ഷ്മിയുടെ മുഖത്തും പുഞ്ചിരി വിടർന്നു..

” എന്ത് പണിയാ കാണിച്ചത് എന്നെ തനിച്ചാക്കി പോന്നല്ലേ.. “

മായ അത് പറയുമ്പോൾ അവളിൽ ചിരിയും കരച്ചിലും ഒരുപോലെ വന്നു…

” വാ എഴുന്നേൽക്ക് നമുക്ക് പോകാം… “

മായ ലക്ഷ്മിയമ്മയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു…

” വേണ്ട മോളെ ഞാൻ വരുന്നില്ല, നിന്റെ മനസ്സിൽ എന്റെ സ്ഥാനം ഒരു വേലക്കാരിയുടേത് ആണ്, മോൾക്ക്‌ വേറെ നല്ല വേലക്കാരിയെ കിട്ടും ഞാൻ വയസ്സ് ആയില്ലേ… “

അത് പറയുമ്പോൾ ലക്ഷ്മിയമ്മയുടെയും മായയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞൊഴുകി…

” ഒരു തെറ്റ് പറ്റിപ്പോയി അമ്മ ക്ഷമിക്ക്, അമ്മ അല്ലാതെ ആരാ മോളോട് ക്ഷമിക്കുക……. അമ്മ വന്നില്ലേ ഞാനും ഇവിടെ കിടക്കും പറഞ്ഞേക്കാം… “

” ശരി ഞാൻ വരാം, പക്ഷെ ഇനി മുതൽ എനിക്ക് ശമ്പളം വേണം, നിനക്ക് എന്നെ വേണ്ടാതെ ആകുമ്പോൾ കൈയിൽ പൈസ ഉണ്ടേൽ ആരേലും എനിക്ക് ഒരു നേരത്തെ ഭക്ഷണം തരും… “

ചിരിച്ചു കൊണ്ട് ആണെങ്കിലും ലക്ഷ്മിയമ്മ അത് പറയുമ്പോൾ അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞോഴുകി തുടങ്ങിയിരുന്നു..

” ശമ്പളമൊക്കെ മാസമാസം ഞാൻ ബാങ്കിൽ ഇട്ടേക്കം പക്ഷെ നോമിനിയായി ഈ മോളുടെ പേര് തന്നെ വയ്ക്കണം…. “

ലക്ഷ്മിയമ്മയുടെ കണ്ണീർ തുടച്ച് കൊണ്ട് മായ പറയുമ്പോൾ ലക്ഷ്മിയമ്മയിൽ അറിയാതെ ചിരിച്ചു പോയി…

” പോടീ കാന്താരി.. “

അത് പറഞ്ഞ് മായയുടെ കവിളിൽ ഒരു നുള്ള് കൊടുക്കുമ്പോൾ മായ അവരെ ചേർത്ത് പിടിച്ച് കവിളിൽ ഒരു ഉമ്മ നൽകി… ലക്ഷ്മിയമ്മയുടെ സാധനങ്ങൾ എടുത്ത് വണ്ടിയിൽ വച്ച്, ലക്ഷ്മിയമ്മയും കയറി, അവരെയും നോക്കി നിൽക്കുന്ന ആ സ്ത്രീയുടെ അടുക്കലേക്ക് മായ ചെന്നു,..

” രണ്ട് ദിവസം എന്റെ അമ്മയെ നോക്കിയതിനു നന്ദി.. “

അത് പറഞ്ഞ് ചുരുട്ടി പിടിച്ച കുറച്ചു നോട്ടുകൾ അവരുടെ കയ്യിൽ വച്ച് കൊടുത്തു, അത് കണ്ടപ്പോൾ അവർക്ക് സന്തോഷമായി, അവർ എന്തേലും പറയാൻ തുടങ്ങും മുൻപ് മായ ലക്ഷ്മിയമ്മയേയും കൊണ്ട് അവരുടെ ചെറിയ ലോകത്തേക്ക് യാത്ര തുടങ്ങിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *