അമ്മമനസ്സ്
Story written by Suja Anup
“നമുക്ക് പിരിയാം. ഇനി എനിക്ക് വയ്യ.”
ഞാൻ ഒന്നും മിണ്ടിയില്ല. കാരണം മനസ്സുകൾ തമ്മിൽ എന്നേ അകന്നിരുന്നൂ. മനസ്സിലിരുന്നു ആരോ പറഞ്ഞു “തടയുവാൻ നിനക്ക് അവകാശമില്ല.”
ഇത് ഞാൻ പണ്ടേ പ്രതീക്ഷിച്ചിരുന്നതാണ്. കുറച്ചു വൈകി അത്രേ ഉള്ളൂ.
എന്താണ് ഞങ്ങൾക്കിടയിൽ ഇനി പറയുവാൻ ബാക്കിയുള്ളത്.?
അഞ്ചു വർഷം പ്രണയിച്ചു. ആ പ്രണയത്തിനൊടുവിൽ എല്ലാവരുടെയും സമ്മതത്തോടെ ഉള്ള വിവാഹം. അധികം ആളുകൾക്കും കിട്ടാത്ത ഭാഗ്യം. ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല ജീവിതത്തിൽ.
ആരെങ്കിലും കണ്ണ് വച്ചോ ഞങ്ങളെ… അറിയില്ല…
അന്ന് വിവാഹത്തിന് വന്നവർ ഒക്കെ പറഞ്ഞിരുന്നൂ. “സീമയുടെ ഒരു ഭാഗ്യം. ആഗ്രഹിച്ചതൊക്കെ അപ്പോൾ തന്നെ കിട്ടുവല്ലേ. പഠിച്ചു ഡോക്ടർ ആയി. സ്നേഹിച്ച ചെക്കനെ കിട്ടി. ഇനി എന്ത് വേണം?”
അതും ശരിയാണ്. എനിക്ക് എന്തിൻ്റെ കുറവായിരുന്നൂ.
ദൈവം എല്ലാം വാരിക്കോരി തന്നൂ. അപ്പോഴൊക്കെ ദൈവം എന്നൊരാളെ ഞാൻ മറന്നു പോയി. എപ്പോഴെങ്കിലും മനസ്സ് തുറന്നു ദൈവത്തെ വിളിച്ചിരുന്നോ. അല്ലെങ്കിലും സങ്കടങ്ങൾ വരുമ്പോൾ മാത്രമല്ലെ നമ്മൾ ദൈവത്തെ വിളിക്കുന്നത്.
അതുകൊണ്ടു ദൈവം എന്നെ ശിക്ഷിച്ചൂ എന്നൊന്നും ഞാൻ പറയില്ല. കാരണം സങ്കടങ്ങൾ ഇല്ലെങ്കിൽ ദൈവത്തെ ആരും അറിയില്ല. പിന്നെ എൻ്റെ പൊന്നു മകനെ എനിക്ക് മാത്രമേ സ്നേഹിക്കുവാൻ കഴിയൂ. ആ മാലാഖയെ വേറെ ആര് ഇത്ര നന്നായി നോക്കും.?
വിവാഹം കഴിഞ്ഞു മൂന്ന് വർഷം കാത്തിരുന്നിട്ടാണ് അവനെ എനിക്ക് കിട്ടിയത്. പ്രസവത്തിനിടയിൽ സംഭവിച്ച കൈപ്പിഴയാണ് എല്ലാറ്റിനും വഴി തെളിച്ചത്. പ്രസവം വൈകി കുഞ്ഞിൻ്റെ തലച്ചോറിൽ കുറച്ചു കോശങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ കിട്ടിയില്ല. അത് അവൻ്റെ വളർച്ചയെ ബാധിച്ചൂ.
പാവം എൻ്റെ കുട്ടി സ്നേഹിക്കുവാനെ അവനു അറിയൂ. മറ്റു കുട്ടികളുടെ അത്ര വിവരം അവനില്ല. അത് പക്ഷേ ആർക്കും മനസ്സിലാകില്ല. ചെറിയ വാശി അവൻ കാണിക്കും. ഇപ്പോഴും കുഞ്ഞു ആണെന്നാണ് അവൻ്റെ വിചാരം.
അതൊന്നും അദ്ധേഹത്തിനു മനസ്സിലാകുന്നില്ല. അദ്ധേഹം തല്ലിയാലും അവൻ അദ്ധേഹത്തിൻ്റെ പുറകെ പിന്നെയും ചെല്ലും.
ആദ്യമൊക്കെ അവനെ അദ്ധേഹം സ്നേഹിച്ചൂ. അല്ലെങ്കിൽ സ്നേഹിക്കുക യാണെന്നു ഭാവിച്ചൂ.
അതായിരുന്നൂ സത്യം എന്ന് പിന്നീട് എനിക്ക് മനസ്സിലായി. രണ്ടാമത്തെ മകൻ വന്നപ്പോൾ അദ്ദേഹത്തിനു് അവൻ മതി എന്നായി. പാവം ആ തിരിവൊന്നും എൻ്റെ മൂത്തകുഞ്ഞിന് മനസ്സിലാകില്ല. രണ്ടു മക്കളെയും വളർത്തുവാൻ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നൂ. അതെല്ലാം ഞാൻ സഹിച്ചൂ. പക്ഷേ അവനെ സ്കൂളിൽ വിടുവാൻ പോലും അദ്ധേഹം സമ്മതിച്ചില്ല.
അവൻ പുറത്തിറങ്ങുന്നത് പോലും ഇപ്പോൾ അദ്ധേഹത്തിനു നാണക്കേടാണ്.
ഇന്നലെ അദ്ധേഹത്തിൻ്റെ ഓഫീസിലെ ജൂനിയറുടെ വീട്ടിൽ വിരുന്നിന് ക്ഷണിച്ചിരുന്നൂ.
പ്രതീക്ഷിച്ചിരുന്നതിനു വിപരീതമായി അദ്ദേഹം പറഞ്ഞു “മൂത്തമകനെ കൂടെ കൊണ്ടുപോകുവാൻ കഴിയില്ല”.
അദ്ധേഹത്തിൻ്റെ ഓഫീസിൽ ഉള്ളവരിൽ പലർക്കും അദ്ധേഹത്തിനു ഒരു മകൻ മാത്രമേ ഉള്ളൂ എന്ന അറിവേ ഉള്ളത്രെ, രണ്ടാമത്തെ മകനെ മാത്രം അവർക്കറിയാം.
ശരിയാണ് അദ്ധേഹം പുതിയ കമ്പനിയിൽ വന്നിട്ടും ഞങ്ങൾ പുതിയ വീട്ടിലേക്കു താമസം മാറിയതിനു ശേഷവും ഒരിക്കൽ പോലും അവനെ അദ്ധേഹം പുറത്തിറക്കിയിട്ടില്ല.
മൂത്ത മകൻ മന്ദബുദ്ധി അല്ലെ, അത് നാണക്കേട് ആണ് പോലും.
“അവനെ കൊണ്ടുപോകില്ല” എന്ന് അദ്ധേഹം നേരത്തെ പറഞ്ഞിരുന്നെങ്കിൽ, പാർട്ടിക്ക് പോകാം എന്ന് പറഞ്ഞു എൻ്റെ കുഞ്ഞിനെ ഞാൻ വെറുതെ ആശിപ്പിക്കില്ലായിരുന്നൂ.
8 മണിയുടെ പാർട്ടിക്ക് എപ്പോഴേ അവൻ തയ്യാറായി നിൽക്കുന്നൂ.
അവിടെ ആയിരുന്നൂ എല്ലാം തുടങ്ങിയത്.
അവൻ വളരുന്തോറും അവനെ വീട്ടിൽ തന്നെ തളച്ചിടുവാൻ അദ്ധേഹം നോക്കി. അവൻ മൃഗം ഒന്നും അല്ലല്ലോ കൂട്ടിലിട്ടു വളർത്തുവാൻ.
പലപ്പോഴും ഞാൻ ദൈവത്തോട് ചോദിച്ചൂ. “എന്തിനാണ് എൻ്റെ മോനെ ഈ വീട്ടിൽ തന്നത്. അവനെ കുറച്ചു കൂടെ സ്നേഹം കിട്ടുന്ന ഒരു വീട്ടിൽ കൊടുത്തു കൂടായിരുന്നോ. ആ കണ്ണീർ പക്ഷേ ആരും കണ്ടില്ല.”
ഇളയ മകൻ ഇപ്പോൾ എൻജിനീയറിംഗ് കോളേജിൽ പോകുന്നൂ.
എനിക്കറിയാം ഇനി ഇപ്പോൾ എന്നെ അദ്ധേഹത്തിനു ആവശ്യം ഇല്ല. അദ്ധേഹത്തിൻ്റെ മകൻ വലുതായില്ലേ. പിന്നെ അദ്ധേഹത്തെ ഞാൻ കുറ്റം പറയില്ല.
“ആണുങ്ങൾക്ക് കരിയർ നോക്കേണ്ട. സമൂഹത്തിലെ സ്ഥാനം നോക്കേണ്ടേ. പെണ്ണുങ്ങൾക്കു അതൊന്നും വേണ്ടല്ലോ.” അതാണല്ലോ സമൂഹത്തിൻ്റെ കാഴ്ചപ്പാട്. പിരിയുവാൻ അദ്ധേഹം വച്ച ഉപാധി അതും ഞാൻ പ്രതീക്ഷിച്ചതു തന്നെ.
“മൂത്ത മകൻ എനിക്ക്. ഇളയ മകൻ അദ്ധേഹത്തിനു. അവർ അമേരിക്കയിലേക്ക് പോകും. അവിടെ ജീവിക്കും.”
അദ്ദേഹം എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നൂ. എനിക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.
“ഇളയ മകനെയും എനിക്ക് കൂടെ വേണം എന്നുണ്ട്. പക്ഷേ അവൻ്റെ ഭാവിക്കു ഞാൻ തടസ്സം നിന്നു എന്ന് അവനു നാളെ തോന്നരുതല്ലോ. അദ്ധേഹം നല്കുന്ന സൗകര്യങ്ങൾ ഒന്നും അവനു എനിക്ക് നല്കുവാൻ കഴിയില്ല. പിന്നെ മൂത്ത മകൻ അവൻ എനിക്ക് ഒരു ഭാരം ആകില്ല ഒരിക്കലും.”
ഇനി എല്ലാം ഇളയ മകൻ തീരുമാനിക്കട്ടെ…
രാത്രി അവൻ്റെ മുന്നിൽ അദ്ധേഹം എല്ലാം അവതരിപ്പിച്ചൂ.
അദ്ധേഹത്തിൻ്റെ കദനകഥ.
ഞാൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നൂ. കാരണം എല്ലാം കാണുന്ന ദൈവം മുകളിൽ ഉണ്ട്.
അവസാനം അദ്ധേഹം അവനെ നോക്കി. അവൻ എന്നെയും.
കുറച്ചു സമയത്തിന് ശേഷം അവൻ സംസാരിച്ചു തുടങ്ങി.
“അച്ഛൻ എപ്പോഴെങ്കിലും അമ്മയെ മനസ്സിലാക്കിയിട്ടുണ്ടോ. ഞാൻ അമ്മയെ കണ്ടാണ് വളർന്നത്. അടുക്കളയും കുട്ടികളുടെ കാര്യങ്ങളും അച്ഛൻ്റെ കാര്യങ്ങളും നോക്കുന്നതിനിടയിൽ അമ്മ സ്വയം ജീവിക്കുവാൻ മറന്നു പോയി. അച്ഛൻ്റെ ജോലിയുടെ ഉയർച്ചയ്‌ക്കോ മറ്റെന്തെങ്കിലും കാര്യത്തിനോ എൻ്റെ അമ്മ എന്നെങ്കിലും തടസ്സം നിന്നിട്ടുണ്ടോ..?”
“എൻ്റെ പാവം അമ്മ, എത്രയോ രാത്രികളിൽ അമ്മയുടെ സെർട്ടിഫിക്കറ്റുകൾ എടുത്തു നോക്കി കരയാറുണ്ട്? ആ കണ്ണീർ ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ. മൂത്ത മകൻ ഇങ്ങനെ ആയതിൽ അച്ഛനും ഉത്തരവാദിത്തം ഇല്ലേ. അവൻ നമുക്ക് ഒരു ഭാരം ആണോ അച്ഛാ. എനിക്ക് അങ്ങനെ അല്ല, കുട്ടിക്കാലത്തു എത്രയോ രാത്രികളിൽ ഞാൻ പനി പിടിച്ചു കിടന്നപ്പോൾ അവൻ എൻ്റെ അടുത്തിരുന്നു കരഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ ഞാനും അച്ഛനെ പോലെ ചിന്തിച്ചിരുന്നൂ. അവനെ തള്ളിമാറ്റിയിരുന്നൂ. ഇപ്പോൾ അതൊക്കെ മാറി. അവനെ മനസ്സിലാക്കുവാൻ ഇപ്പോൾ എനിക്കാവും. പഴയതൊന്നും എനിക്ക് മറക്കുവാൻ കഴിയില്ല. ഒരു പക്ഷേ അവൻ്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ അവൻ എന്നെ ഉപേക്ഷിക്കു മായിരുന്നോ..?”
“നമ്മളൊക്കെ ഇങ്ങനെ ജനിച്ചത് ദൈവം തീരുമാനിച്ചതല്ലേ. അവനെ നമ്മൾ മനസ്സിലാക്കും എന്ന് കരുതിയല്ലേ നമ്മുടെ വീട്ടിലേയ്ക്കു അയച്ചത്. എനിക്ക് അമേരിക്ക ഒന്നും വേണ്ട അച്ഛാ. അച്ഛനും അമ്മയും ഒന്നിച്ചു കഴിഞ്ഞാൽ മതി. പിന്നെ അമ്മ ഇനി ഇങ്ങനെ വീട്ടിൽ ഇരിക്കേണ്ട. എൻ്റെ ഒരു കൂട്ടുകാരിയുടെ അമ്മ ഇങ്ങനെ ഉള്ള കുട്ടികളെ നോക്കുന്ന ഒരു സ്കൂൾ നടത്തുന്നുണ്ട്. അവിടെ അവനെ ഞാൻ ചേർക്കാം. പകൽ അവൻ അവിടെ ആയിരിക്കുമ്പോൾ അമ്മ ജോലിക്കു പോകട്ടെ.”
“അച്ഛൻ ഇനിയെങ്കിലും അമ്മയെ മനസ്സിലാക്കണം. പണവും പദവിയും മാത്രമല്ലല്ലോ ജീവിതം.നമ്മൾ നേടുന്നതെല്ലാം അവസാനം ഇവിടെ തന്നെ വച്ചിട്ട് നമ്മൾ ഒരിക്കൽ തിരിച്ചു പോവേണ്ടവരല്ലേ. അതുവരെ നമുക്ക് ഒരുമിച്ചു നിൽക്കാം. അവൻ നമുക്ക് ഒരു ഭാരമാവില്ല ഒരിക്കലും. പിന്നെ എൻ്റെ പഠനം ഒന്നും അവൻ മൂലം നശിക്കില്ല അച്ഛാ. അവൻ മൂലം ഞാൻ ഒരു നല്ല മനുഷ്യൻ ആവുകയേ ഉളളൂ.”
അപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു.
അവനെ പോലെ ഒരു മകനെ എനിക്ക് ദൈവം തന്നൂ. എന്നെ മനസ്സിലാക്കുന്ന ഒരു കുഞ്ഞു. അവൻ്റെ ചേട്ടനെ മനസ്സിലാക്കുന്ന ഒരു അനിയൻ. ഇനി ഞാൻ എന്തിനു ദൈവത്തെ കുറ്റം പറയണം.
എൻ്റെ പോരാട്ടം ഇനി ഈ സമൂഹത്തോടാണ്. മന്ദബുദ്ധി ആണല്ലേ മകൻ എന്ന് പുച്ഛത്തോടെ ചോദിക്കുന്നവരോട്? എൻ്റെ മകനെ കാണുമ്പോൾ ഒഴിഞ്ഞു മാറുന്നവരോട്. ഈ രീതിയിൽ മക്കളെ തിരിച്ചു നിർത്തുമ്പോൾ വേദനിക്കുന്ന അമ്മമനസ്സ് നിങ്ങൾ കാണണം.
എല്ലാവർക്കും എൻ്റെ ഇളയ മകനെ പോലെ, അമ്മയെ മനസ്സിലാക്കുന്ന വേറൊരു മകനെ കിട്ടി എന്ന് വരില്ല.