Story written by MANJU JAYAKRISHNAN
“ദേവി നീയെന്തിനാ ആ തല തെറിച്ച പെണ്ണിന്റെ കൂടെ നടക്കുന്നെ… അവളെ പരുന്തിൻ കാലിൽ പോകാൻ ഉള്ളതാ “
ആ ചോദ്യം ചോദിച്ചത് ദേവിയോട് ആണെങ്കിലും കൊണ്ടത് എനിക്ക് ആണല്ലോ
എന്റെ കൂടെ വന്ന് എന്റെ കാശിനു നായരേട്ടന്റെ കടയിൽ നിന്നും വാങ്ങി കഴിച്ച ചൂട് പഴംപൊരി അവളുടെ നാവിൽ നിന്നും ഇറങ്ങിയിട്ടുണ്ടാവില്ല…
എന്നിട്ടും ആ പിശാച് ഒന്നും മിണ്ടാതെ ‘ഞാൻ ഈ നാട്ടുകാരൻ അല്ലേ ‘ എന്ന മട്ടിൽ ഒരു ഇളിഞ്ഞ ചിരിയും ചിരിച്ച് അകത്തേക്ക് പോയി
പശുവും ചത്തു മോരിലെ പുളിപ്പും പോയി… എന്നിട്ടും ഞാൻ അധികം ശബ്ദം എടുക്കാതെ പറഞ്ഞപ്പോൾ തന്നെ പുള്ളിക്ക് കാര്യം ഏകദേശം കത്തി
നിങ്ങൾ ഓർക്കും എന്താ ഈ പശുവും മോരും എന്നല്ലേ?
എന്റെ അമ്മടെ മുറച്ചെറുക്കൻ ആയിരുന്നു കക്ഷി…. അതായത് ഇപ്പോ എന്നെ തെറിവിളിച്ച ഈ മൊതലിനെ ഞാൻ ‘അച്ഛാ ‘ എന്നു വിളിക്കേണ്ടതായിരുന്നു…
‘മാന്യതയുടെ ‘ അസുഖം ഉള്ളതു കൊണ്ട് അങ്ങേരുടെ ‘സ്വന്തം മൊതല് അല്ലേ ‘ എന്നോർത്തു റൊമാൻസിനൊന്നും നിന്നില്ല…അമ്മയാണെങ്കിൽ സ്വപ്നജീവിയും…..ആ ഗ്യാപ്പിൽ എന്റെ അച്ഛൻ കേറി അങ്ങ് വളച്ചു…മാത്രവുമല്ല അച്ഛൻ പുള്ളിടെ ഫ്രണ്ടും ആയിരുന്നു… അറ്റകൈ എന്ന നിലയ്ക്ക് പുള്ളി ചെന്ന് അച്ഛന്റെ കാലു പിടിക്കാനും പോയി… അപ്പോ അച്ഛൻ ഒരു മാസ്സ് ഡയലോഗ് അടിച്ചു എന്നാണ് കേൾവി
“നിന്നിലില്ലാത്ത എന്തോ അവൾ എന്നിൽ കണ്ടത്രേ “
ഇതറിഞ്ഞ നാട്ടുകാർ അവരുടെ മനോധർമ്മത്തിനനുസരിച്ചു ഓരോ കഥകളും ഇറക്കി….
ചുരുക്കത്തിൽ പുള്ളി ഒന്നാംതരം ‘ശശി’ ആയി
കാലം കടന്നു പോയി എങ്കിലും പുള്ളിടെ ദേഷ്യം ഒട്ടും കുറഞ്ഞില്ല….ചേച്ചി ഇഷ്ടപ്പെട്ടവന്റ കൈ പിടിച്ചപ്പോൾ പുള്ളിക്ക് ഒന്നൂടെ ഞങ്ങളെ കൊട്ടാൻ ഉള്ള വടി കിട്ടി…
ചേച്ചി പോയപ്പോൾ പടക്കം പൊട്ടിച്ച അങ്ങേരെ കൊല്ലാൻ ദേഷ്യം തോന്നിയിട്ടുണ്ട്…
അടുത്ത നോട്ടപ്പുളി ഞാൻ ആയിരുന്നു…
ആൺകുട്ടികളോട് മിണ്ടുന്ന കണ്ടാൽ പുള്ളി ഒരു മൂളലും ആയി അവിടെ ചുറ്റിപറ്റി ഉണ്ടാകും..മാത്രവുമല്ല ആ ആൺകുട്ടിയെ അറിയാം എങ്കിൽ അവരുടെ വീട്ടിൽ പോയി എനിക്കെതിരെ ഒരു വാണിംങും കൊടുക്കും….
പിന്നെ എന്നെ കാണുമ്പോൾ “മാമനോട് ഒന്നും തോന്നല്ലേ മക്കളേ ” എന്ന ഭാവത്തോടെ ഒറ്റ നിൽപ്പ് ആണ്…
ദേവി എന്റെ ക്ലാസ്സിൽ ആയതു കൊണ്ടും ബന്ധുക്കൾ ആയതു കൊണ്ടും ഞങ്ങൾ കൂടെപ്പിറപ്പ് പോലെ ആണ് കഴിഞ്ഞിരുന്നത്.
ഈയിടെ ആയി അവൾ എന്നെ എന്തോ ഒളിക്കുന്നതായി തോന്നിത്തുടങ്ങി…അവൾക്ക് ആലോചന വന്നു തുടങ്ങിയിട്ടും എന്നോടവൾ ഒന്നും പറഞ്ഞില്ല….
അറത്തകൈക്ക് ഉപ്പു തേക്കാത്ത അവൾ എനിക്ക് വയറു നിറച്ചു അപ്പോം കടലക്കറിയും മേടിച്ചു തന്നപ്പോഴേ എനിക്ക് ഒരു ചീഞ്ഞ മണം അടിച്ചു
അവൾ നാടുവിടാൻ പോകുവാണത്രേ…അതും ഭൂലോക കോഴിയായ ഒരുത്തന്റെ കൂടെ….
അപ്പന്റെ ക്യാഷും അടിച്ചുമാറ്റി നാടുവിടാൻ നിൽക്കുന്ന അവളുടെ മോന്തക്ക് ഒരെണ്ണം കൊടുക്കാൻ ആണ് എനിക്ക് തോന്നിയത്….
എനിക്കിട്ട് സ്ഥിരം പണി തരുന്ന അങ്ങേർക്കിട്ട് പണി കൊടുക്കാൻ കിട്ടിയ അവസരം ആയിരുന്നു എങ്കിലും അങ്ങേരും ഒരു അപ്പനാണലോ എന്നോർത്തപ്പോൾ എന്തോ പോലെ ആയി.
പിന്നെ എന്റെ കൂട്ടുകാരിക്ക് ഞാൻ അറിഞ്ഞോണ്ട് ഒരു പ്രശ്നം ഉണ്ടായി സമാധാനത്തോടെയുള്ള ജീവിതം പിന്നെ എനിക്ക് ഉണ്ടാവില്ല ….
അവന്റെ സ്ഥിരം കലാപരിപാടി ആയിരുന്നു ഈ പ്രേമം.. കാമുകിമാരുടെ പട കണ്ടപ്പോൾ അവളുടെ തല കറങ്ങി.പലരും മാനഹാനി ഭയന്നു പുറത്തു പറയാത്തത് ആയിരുന്നു…അവർക്ക് ധൈര്യം കൊടുത്ത് സ്ഥലം SI ക്കു പരാതി നൽകി അവനിട്ടൊരു പണി കൊടുക്കാനും ഞാൻ മറന്നില്ല…
അവന്റെ തനിനിറം ബോധ്യപ്പെടുത്തി പെണ്ണിനെ പറഞ്ഞു മനസ്സിലാക്കി പോരുമ്പോൾ തല കുനിഞ്ഞു നിൽക്കുന്ന പുള്ളിയെ ഞാൻ ഇടം കണ്ണിട്ട് ഒന്ന് നോക്കി, വെട്ടിയാൽ ഒരിറ്റു ചോര ആ മുഖത്തു നിന്നു കിട്ടില്ലായിരുന്നു….
ഗേറ്റ് ഇറങ്ങുന്നതിനു മുന്നേ ആ വാക്കുകൾ എന്റെ കാതിലെത്തി
“കണ്ടു പഠിക്കടീ… എന്റെ ചോരയാ അവൾ…. ആ സ്വഭാവമഹിമ ” കാണിക്കും എന്ന്..’.