അപ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷത്തോളം മനോഹരമായ ഒരു കാഴ്ച താന്‍ വേറേ കണ്ടിട്ടിട്ടില്ല…

ഇവള്‍ ജാനകി

Story written by DEEPTHY PRAVEEN

ഫോണില്‍ അലാറം രണ്ടു തവണ അടിച്ചപ്പോഴും ജാനകി തിരിഞ്ഞു കിടന്നു….

” എടീ ജാനൂട്ട്യേ…. ആ ഫോണ് നിലോളിക്കുന്നതൊന്നും നിന്റെ ചെവിക്കുഴീല് എത്തണില്ലേ….” ഫോണിനേക്കാള്‍ ഉച്ചത്തില് മുത്തശ്ശി നിലോളിക്കാന്‍ തുടങ്ങിയതും ജാനകി തലവഴി മൂടീരുന്ന പുതപ്പെടുത്ത് മാറ്റി ഫോണെടുത്തു സമയം നോക്കി….

ഈശ്വരാ… അഞ്ചരയായീലോ…….

” എന്നാലും എന്റെ മുത്തശ്ശ്യേ….ഇങ്ങക്ക് കുറച്ചു മുന്നേ നിലവിളിക്കാന്‍ മേലാര്‍ന്നോ…. ” ചാടി എഴുന്നേല്‍ക്കുന്നതിന് ഇടയില് മുത്തശ്ശിയോട് പരിഭവം പറഞ്ഞു കൊണ്ട് ബാത്ത്റൂമിലേക്ക് ഓടി കയറി….

” ഉവ്വുവ്വേ…. ആ ഫോണ്‍ അത്രയും നിലോളിച്ചിട്ടു കേള്‍ക്കാത്ത കുട്ടിയാ എഴുന്നേല്‍ക്കാന്‍ വയ്യാത്ത എന്റെ നിലോളി കേള്‍ക്കണത്… ”

ബാത്ത്റൂമില്‍ നിന്നും ഇറങ്ങിയപ്പോഴാണ് അതിന് മറുപടി കൊടുത്തത്‌….”ഫോണ്‍ അത്രയും നിലോളിച്ചിട്ടും എന്റെ പാറൂട്ടിയമ്മ നിലോളീച്ചപ്പോഴല്ലേ ജാനൂട്ടി ഉണര്‍ന്നത്… എന്നൊച്ച്വാ എന്താ ഒരു ഒച്ച… ശിവ ശിവ… ” കളിയാക്കി കവിളിലൊരു നുള്ളും കൊടുത്തു വേഗം പോകാന്‍ തയാറായി ഇറങ്ങി… നേരം പുലര്‍ന്നു തുടങ്ങീ…..

” എങ്ങനെ കഴിയേണ്ട ഒരു കുട്ടിയാ…… അതിന്റെയൊരു വിധി നോക്കിയേ… ”

യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ പുറകേ മുത്തശ്ശിയുടെ പിറുപിറുക്കല്‍ കേട്ടില്ലെന്നൂ നടിച്ചു… അല്ലെങ്കിലും അതൊന്നും കേള്‍ക്കുവാനോ ഓര്‍ക്കുവാനോ തീരെ സമയം കിട്ടുന്നില്ല…

ഇന്നലെകളോ നാളേകളോ അല്ല.. ഇന്നൂ ,നമ്മള്‍ എന്താണോ…. നമ്മുടെ കൈയ്യില്‍ എന്താണോ ഉള്ളത്…അതിനാണ് മൂല്യം… ജീവിതം പഠിപ്പിച്ച വലിയ ഒരു പാഠമാണത്‌…

രണ്ടു വശത്തും വയലുകളാണ്…. വീട്ടില്‍ നിന്നും ചന്തയിലേക്ക് അരമണിക്കൂര്‍ ദൂരമുണ്ട്… അഞ്ചു മണിക്കെങ്കിലും ചന്തയിലെത്തണം…. അതിരാവിലെ എത്തുന്ന വണ്ടികളില്‍ നിന്നും പച്ചക്കറികള്‍ വിലപേശി ,വാങ്ങണം…. പെണ്‍കുട്ടി ആണെന്നു കരുതി ആദ്യം ആദ്യം എല്ലാവരും പറ്റിക്കാന്‍ ശ്രമിച്ചിരുന്നു….. തട്ടിപ്പും വെട്ടിപ്പും കള്ളക്കളികളും അറിയാതെ ആദ്യകാലത്ത് കച്ചവടം എല്ലാം നഷ്ടത്തിലായി….. ഒരുവേള ഇതൊക്കെ നിര്‍ത്തി പോയാലോന്നു പോലും തോന്നി… പക്ഷേ മുന്നിലുള്ള വഴി ,ശൂന്യതയായിരുന്നു…

ഒടുവില്‍ കാതില്‍ അവശേഷിച്ചിരുന്ന കമ്മലുകള്‍ ഊരി വിറ്റു …. അത് കാതില്‍ നിന്നും ഊരി മാറ്റുമ്പോള്‍ എന്തോ അമ്മയെ ഓര്‍മ്മവന്നു… ഒരുപാട് ഓമനിച്ചു സന്തോഷത്തോടെയാണ് അമ്മ തന്നെ ഒരുക്കി കൊണ്ടൂ നടന്നിരുന്നത്… ഓരോ ആഭരണങ്ങളും വാങ്ങുമ്പോള്‍ ജാനൂട്ടി ഇങ്ങട് വന്നേന്നു പറഞ്ഞു ചേര്‍ത്തു നിര്‍ത്തി അണിയിച്ചു നോക്കും… അപ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷത്തോളം മനോഹരമായ ഒരു കാഴ്ച താന്‍ വേറേ കണ്ടിട്ടിട്ടില്ല…

” താനെന്തിനാടോ ഇതിനും മാത്രം ആഭരണങ്ങള്‍ വാങ്ങുന്നത്..ആകെ ഒരു പെണ്‍തരിയല്ലേയുള്ളു….” അച്ഛന്റെ ചോദ്യത്തിന് പരിഭവം കലര്‍ന്ന ഒരു നോട്ടത്തോടെ അമ്മ പിറുപിറുക്കും..

” എന്റെ ജാനൂട്ടീന്റെ കല്യാണത്തിന് പൊന്നില്‍ പൊതിയണം…”

അമ്മയും അച്ഛനും നനവൂറുന്ന ,ഒരൂ ഓര്‍മ്മയാണ്….

ആ കമ്മല് വിറ്റ പണം കൊണ്ടാണ് രണ്ടാമത് ജീവിക്കാന്‍ ഇറങ്ങിയത്.. തോറ്റു മടങ്ങിയ അതേ തട്ടകത്തില്‍… ആദ്യത്തെ കുറെ ദിവസം മറ്റു കച്ചവടക്കാര്‍ എങ്ങനെയാണ് സാധനങ്ങള്‍ വാങ്ങുന്നത് എന്നു മാറി നിന്നു വീക്ഷിച്ചു… അവര്‍ വണ്ടിക്കാരൂമായി വാഗ്വാദത്തില്‍ ഏര്‍പെടുകയും വിലപേശി അവര്‍ക്കു ന്യായമായി തോന്നിയ വിലയില്‍ കച്ചവടം ഉറപ്പിക്കുന്നതും കണ്ടു…

അടുത്ത ദിവസം തന്നെ കണ്ടപ്പോള്‍ വണ്ടിക്കാരുടെ കണ്ണുകള്‍ തിളങ്ങുന്നത് കണ്ടിട്ടും കാണാത്ത മട്ടില്‍ അവരെ സമീപിച്ചു.. പഴയതു പോലെ അന്യായവിലയ്ക്ക് പച്ചക്കറി തരാമെന്നു പറഞ്ഞ അവരോട് നല്ല ,രീതിയില്‍ സംസാരിക്കേണ്ടി വന്നു…. അവര്‍ പച്ചക്കറി തന്നില്ലെങ്കില്‍ വേറേ വഴി നോക്കിക്കൊള്ളമെന്ന തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നു കണ്ട് വില കുറച്ചു പച്ചക്കറി തരാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു…..

അപ്പോഴും തന്റെ മാറ്റം അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ലെന്നു അവരുടെ നോക്കിലും വാക്കിലും വ്യക്തമായിരുന്നു… അതൊരു തുടക്കമായീരുന്നു… പിന്നീട് നിരന്തരം അവരോടൂം ചന്തയിലെ മറ്റു കച്ചവടക്കാരോടും തല്ലും വഴക്കും കൂടി ഒരു വിധം കച്ചവടം മുന്നോട്ടു കൊണ്ടു പോകുന്നു…..

ചന്തയിലെത്തിയപ്പോഴേക്കും മറ്റു കച്ചവടക്കാര്‍ സാധനങ്ങള്‍ എടുത്തു കഴിഞ്ഞിരുന്നു…. എന്നെ കണ്ടപ്പോള്‍ തന്നെ വണ്ടിക്കാരൂടെ മുഖം മങ്ങി…. അവരോട് കൂടുതല്‍ വിലപേശുന്നത് ഞാനായിരുന്നു….സാധനങ്ങള്‍ തീരാറായത് കൊണ്ട് വലിയ വിലപേശല്‍ നടത്തേണ്ടി വന്നില്ല.. സാധനങ്ങള്‍ എല്ലാം വാങ്ങി ചെറിയ രീതിയില്‍ തട്ടികൂട്ടിയ കടയില്‍ പെറുക്കി നിരത്തിയപ്പോഴാണ് സമാധാനമായത്‌…. ഇന്നു ചന്ത ദിവസം ആയതുകൊണ്ട് രാവിലെ തിരക്കാണ്…ആഴ്ചയില്‍ മൂന്നു ദിവസം ചന്തദിവസമാണ്… അന്നു തിരക്കു കുറച്ചു കൂടുതലായത് കൊണ്ട് കച്ചവടം പൊടി പൊടിക്കും… താന്‍ താമസിച്ചതു കൊണ്ട് പതിവുകാരൊക്കെ പോയോ എന്തോ…വേവലാതി പെട്ടു ചന്തയിലെക്ക് നോക്കുമ്പോഴാണ് ഒരു ശബ്ദം കേട്ടത്..

” പയറിന് എങ്ങനെയാ വില… ”

” കിലോക്ക് അറുപതേയുള്ളു… ഒരു കിലോ എടുക്കട്ടെ…. ” പ്രതീക്ഷയോടെ മുഖത്തേക്ക് നോക്കിയതും അടി കിട്ടിയതു പോലെയായിപ്പോയി….. അത് അഖിയുടെ അച്ഛനും അമ്മയും ആയിരുന്നു … തന്റെ സീനിയറായി പഠിച്ചിരുന്ന അഖിലിന്റെ ….

തന്റെ മുഖം കണ്ട് അവര്‍ സംശയത്തോടെ പരസ്പരം നോക്കുന്നുണ്ടായിരുന്നു….

” മോള് ജാനകി അല്ലേ….. ഗംഗാധരന്‍ മുതലാളിയുടെ മകള്‍… ”

” ഞാന്‍ ജാനകിയല്ല… നിങ്ങള്‍ക്ക് ആളുമാറിയതാകും… ” ഉള്ളിലുള്ള പതര്‍ച്ച മറച്ചു പിടിച്ചു കൊണ്ട് അവരെ അറിയാത്ത ഭാവം നടിച്ചു…. എന്നിട്ടും എന്തോ വിശ്വസിക്കാന്‍ മടിച്ചു അവര് അവിടെ ചുറ്റിപറ്റി നിന്നു….

” സാറേ……നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ വാങ്ങു… അല്ലെങ്കില്‍ ഇതിന്റെ മുന്നില്‍ നിന്നും ഒന്നു മാറി തരൂ..രാവിലെ തന്നെ കച്ചവടം മുടക്കല്ലേ…..”

എന്റെ പതിവ് പരിക്കന്‍ സ്വഭാവവും രൂപവും പുറത്തെടുത്തപ്പോള്‍ അവര്‍ ഇഷ്ടക്കേടോടെ പിന്‍മാറി…. അത് എനിക്ക് ചെറുതല്ലാത്ത ആശ്വാസം തന്നു…

തട്ടിയകറ്റുമ്പോഴും വീണ്ടും ആ പഴയ ഓര്‍മ്മകളുടെ തളളിക്കയറ്റം…. നാട്ടിലെ അറിയപെടുന്ന ചിട്ടിഫണ്ട് ഉടമയായിരുന്നു അച്ഛന്‍…തട്ടിപ്പും വെട്ടിപ്പും ഒന്നും അറിയാത്ത ഒരു പാവം…തന്റെ ജനനത്തോടെ അച്ഛന്റെ ഐശ്വര്യം കൂടീതേയുള്ളു…. രാജകുമാരിയെ പോലെയാ തന്നെ വളര്‍ത്തീതും…പാറുമുത്തശ്ശി അച്ഛന്റെ അമ്മയുടെ അനിയത്തിയാണ്….മുത്തശ്ശി ചന്തയില് പച്ചക്കറി വിറ്റാണ് ജീവിച്ചിരുന്നത്… വല്ലപ്പോഴും വീട്ടില് വന്നു വിശേഷങ്ങള്‍ അറിഞ്ഞു പോകും..മുത്തശ്ശിയുടെ ഭര്‍ത്താവും മോളും പണ്ടേ മരിച്ചു പോയതുകൊണ്ട് ഒറ്റയ്ക്ക് ആണ് താമസം…തങ്ങളും ഇടയ്ക്കിടെ മുത്തശ്ശിയുടെ അടുത്ത് പോയി വരും..അച്ഛന് അധികം ബന്ധുക്കളില്ല..ആകെ സഹകരിക്കുന്നത് പാറുമുത്തശ്ശിയോടാണ്…അമ്മയ്ക്ക് ഒത്തിരി ബന്‌ധുക്കളുണ്ടായിരുന്നു. അവരാണ് അച്ഛനെ ബിസിനസില്‍ സഹായിച്ചിരുന്നതും…

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സീനിയറായി അഖില്‍ പഠിച്ചിരുന്നത്…. അന്നേ അഖില്‍ അവന് തന്നോടുള്ള ഇഷ്ടം വെളിപ്പെടുത്തിയിരുന്നെങ്കിലും അതു കണ്ടഭാവം നടിച്ചില്ല…. അവനോട് ഇഷ്ടം ഉണ്ടായിരുന്നെങ്കിലും അതു മൂടീ വെച്ചാണ് നടന്നിരുന്നത്…..

ആ സമയത്താണ് ചിട്ടിഫണ്ട് പൊളിയുന്നത്… അമ്മയുടെ ബന്ധുക്കള്‍ തന്നെയാണ് അച്ഛനെ ചതിച്ചത്…. അച്ഛന് അത് സഹിക്കാന്‍ കഴിഞ്ഞില്ല.. ഒരു കുപ്പി വിഷത്തില്‍ അച്ഛനും അമ്മയും പരിഹാരം കണ്ടപ്പോള്‍ തന്നെ കൊല്ലാന്‍ തോന്നാത്തത് കൊണ്ട് ഒഴിവാക്കുകയായിരുന്നു…

എല്ലാം വിറ്റു പെറുക്കിയിട്ടും കടം തലയ്ക്ക് മീതേ നില്‍ക്കുമ്പോഴാണ് അഖില്‍ വീണ്ടും മുന്നിലെത്തിയത്…

” ഞാന്‍ തകര്‍ന്നു നില്‍ക്കുമ്പോള്‍ നിന്റെ മുന്നില്‍ മുട്ടു മടക്കുമെന്നു കരുതിയോ…… എങ്കില്‍ കേട്ടോ… ഈ ജന്മത്തില്‍ ഒരിക്കലും നിനക്ക് എന്നെ കിട്ടില്ല… എന്റെ വീഴ്ചയില്‍ ലാഭം കൊയ്യാന്‍ വന്നതല്ലേ നീ….. ”

അന്നത്തെ സങ്കടത്തിലും നിരാശയിലും വീണ്ടും എന്തൊക്കെയോ അവനെ പറഞ്ഞു… പിന്നെ ഒരിക്കലും അവനെ കണ്ടിട്ടില്ല…

അച്ഛനും അമ്മയും ഇല്ലാത്ത തന്നെ പാറുമുത്തശ്ശി ഏറ്റെടുത്തു…. മുത്തശ്ശിക്ക് വയ്യാതെ ആകുന്നിടത്തോളം തന്നെ പഠിപ്പിച്ചു…ഒരുവിധം ഡിഗ്രീ കംപ്ലീറ്റ് ചെയ്തു ജോലിക്ക് കുറേ ശ്രമിച്ചു… അപ്പോഴാണ് മുത്തശ്ശിക്ക് വയ്യാതെ ആകുന്നത്… അങ്ങനെയാണ് പച്ചക്കറി കച്ചവടത്തിന് ഇറങ്ങുന്നത്…ആദ്യത്തെ കാലിടറിന് ശേഷം ഒരു വിധം മെച്ചപെട്ടു…അച്ഛന്റെ കടങ്ങള്‍ ഒരുവിധം തീര്‍ത്തു…ഇപ്പോള്‍ ആറുവര്‍ഷമായി അവനെ കണ്ടിട്ട്.. അവര് എന്തായിരിക്കും ഇവിടെ…..അവനും കൂടെ കാണുമോ…അവന് ഒരു ചേട്ടനും ചേച്ചിയും ആയിരുന്നു ഉണ്ടായിരുന്നത്….അച്ഛനും അമ്മയും അവരോടൊപ്പമാണോ….??

നൂറായിരം സംശയങ്ങള്‍ ചോദ്യചിഹ്നമായി നിരന്നു..

താനെന്തിനാ ഇതൊക്കെ അറിയുന്നത്… അവരായി അവരുടെ പാടായി…. ദിശ തെറ്റി അലയുന്ന മനസ്സിനെ പിടിച്ചു കെട്ടാന്‍ വെറുതേ പാഴ്ശ്രമങ്ങള്‍ നടത്തികൊണ്ടിരുന്നൂ…

വൈകുന്നേരം വരെ ഇരുന്നിട്ടും അന്നു കാര്യമായ കച്ചവടം നടന്നില്ല….സന്ധ്യയോടെ സാധനങ്ങള്‍ പെറുക്കീ ഒതുക്കി കട അടയ്ക്കുമ്പോള്‍ വല്ലാത്ത നിരാശ തോന്നി….. മനസ്‌ നേരേ നില്‍ക്കുന്നില്ല…

” എന്താടീ ജാനകി…ഇന്നത്തെ നിന്റെ കച്ചവടം വെള്ളത്തിലായോ…പതിവുകാരെ ആരെയും കണ്ടില്ലല്ലോ……. നിന്റെ ഡിമാന്‍റ് കുറഞ്ഞോ…. ”

കടയും അടച്ചു ഇറങ്ങുമ്പോഴാണ് ചുമട്ടുകാരന്‍ സജുവും ആന്‍റണിയും കൂടി വഷളന്‍ ചിരിയോടെ അവളെ സമീപിച്ചത്…

” എന്റെ കച്ചവടം കൂടൂന്നതും കുറയുന്നതും അന്വേഷിച്ചു നീ ബുദ്ധിമുട്ടേണ്ടെന്നു പണ്ടേ ഞാന്‍ പറഞ്ഞതാണ്‌….. അന്നു തന്ന സമ്മാനത്തിന്റെ ചൂട് മറന്നോ സജുവേ… ”

മുഖത്തടിച്ചപോലെ മറുപടി കൊടുത്തപ്പോള്‍ അവന്റെ മുഖം ഇരുളുന്നത് കണ്ട് പുച്ഛഭാവത്തില്‍ അവനെയും നോക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ വണ്ടിയുടെ അടുത്തേക്ക് നടന്നു.. അവള്‍ സ്വയം നോക്കി കണ്ടപ്പോള്‍ അത്ഭുതം തോന്നി… മിണ്ടാപൂച്ചയായിരുന്ന പഴയ ജാനകിയില്‍ നിന്നും ഇന്നത്തെ ജാനകി എന്ന ചന്തപെണ്ണിലേക്കുള്ള മാറ്റം അത്ഭുതം തന്നെയായിരുന്നു…

വീട്ടിലെത്തിയപ്പോള്‍ മുത്തശ്ശി ചോറും നല്ല മീന്‍കറിയും ഉണ്ടാക്കി വെച്ചിരുന്നു.. കുളിച്ചു വന്നു അന്നത്തെ വിശേഷങ്ങള്‍ പറഞ്ഞു ചോറു കഴിച്ചു.. അഖിലിന്റെ അച്ഛനെയും അമ്മയെയും കണ്ടെന്നു പറഞ്ഞപ്പോള്‍ മുത്തശ്ശിയുടെ മുഖത്തു പ്രതീക്ഷയുടെ തിളക്കം…

പക്ഷേ അത്രയേറേ അപമാനിച്ചു വിട്ട തനിക്കല്ലേ അത് നിരാശയുടെ നറുദീപമായി തീരുമെന്ന് ,അറിയൂ…

അന്ന് എത്രയൊക്കെ ശ്രമിച്ചിട്ടും ഉറക്കം തിരിഞ്ഞു നോക്കിയതേയില്ല…..അമ്മയും അച്ഛനും അഖിലും ചിന്തകളില്‍ മാറി മാറി ,വന്നുകൊണ്ടിരുന്നു…

അടുത്ത രണ്ടു മൂന്നു ദിവസം അവളുടേ കണ്ണുകള്‍ ചുറ്റുപാടും ആരെയോ തിരഞ്ഞു കൊണ്ടിരുന്നു…. ചില സമയങ്ങളില്‍ ആശ്വാസത്തിന്റെ നിശ്വാസവും മറ്റു ചിലപ്പോള്‍ നിരാശയുടെ തേങ്ങലും ഉതിര്‍ത്തു കൊണ്ടിരുന്നു…

രണ്ടാഴ്ച കൊണ്ട് ജാനകി പഴയ ചന്തപെണ്ണായി…. അഖിലെന്ന അധ്യായത്തെ അവള്‍ മറവിക്ക് വിട്ടു കൊടുത്തു….

പതിവ് പോലെ സന്ധ്യക്ക് കട അടയ്ക്കാന്‍ തുടങ്ങുമ്പോഴാണ് കുറേയധികം ആളുകള്‍ സാധനം വാങ്ങാ നെത്തീത്…മറ്റു കടകള്‍ അടവായത് കൊണ്ട് എല്ലാവര്‍ക്കും സാധനങ്ങള്‍ നല്‍കി കട അടയ്ക്കുമ്പോള്‍ ഏറെ വൈകി….

സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം ചന്തയിലാകെ പടര്‍ന്നിരുന്നു….. വൈകുന്നേരം മഴയായത് കൊണ്ട് പതിവ് ,തട്ടുകടക്കാരോ അവരുടെ കസ്റ്റമേഴ്സോ ഇല്ല… വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് ആന്‍റണിയും സജുവും എവിടെ നിന്നോ ചീറി പാഞ്ഞു അവളുടേ മുന്നിലെത്തിയത്….

” ഇന്നെന്താ കൊച്ചമ്മ താമസിച്ചു പോയോ… ” ബൈക്ക് അവളുടെ വണ്ടിക്ക് മുന്നില്‍ നിര്‍ത്തീട്ടാണ് ചോദ്യം…

ചുറ്റുപാടുമുള്ള വിജനതയും ഇരുട്ടും അവളെ ചെറുതായി ഭയപെടുത്തി…പോരാത്തതിന് ഇരുവരും വൈകുന്നേരത്തെ പതിവ് മദ്യപാനം കഴിഞ്ഞു വരുന്ന വഴിയാണ്…ഇപ്പോള്‍ ഇടഞ്ഞു സംസാരിക്കുന്നത് അപകടമാണെന്ന് അവളുടെ ബുദ്ധി ഉപദേശിച്ചു കൊണ്ടിരുന്നു. ”സജു..വഴിമാറ്… സമയം ഒരുപാടായി…നമുക്ക് നാളെ സംസാരിക്കാം…” അവള്‍ ഒഴിഞ്ഞു മാറി….

”നിനക്ക് ചന്ത വര്‍ത്തമാനം അല്ലാതെ മര്യാദയ്ക്ക് കാര്യം പറയാനും അറിയാം…ല്ലേ..”

അവളെ അടിമുടി നോക്കീട്ട് തിരിഞ്ഞു ആന്‍റണിയെ നോക്കിയ സമയം നോക്കി വണ്ടി മുന്നോട്ട് നീക്കി അവരുടെ ബൈക്കിലൊരു ചവിട്ടു കൊടുത്തു അവള്‍…

അപ്രതീക്ഷിതമായ ചവിട്ടേറ്റ് ബൈക്കും അവരും താഴേക്ക് ചിതറിയ ഗ്യാപ്പില്‍ വണ്ടിയില്‍ കയറി അവള്‍ പാഞ്ഞു…

തിരിഞ്ഞു നോക്കാതെ നല്ല സ്പീഡില്‍ ആയിരുന്നു പോയത്…

വീട്ടിനടുത്തു എത്താറായപ്പോഴാണ് വയലുകളുടെ നടുവിലുള്ള റോഡില്‍ ഒരു ബൈക്ക് ക്രോസിന് വെച്ചിരിക്കുന്നത് കണ്ടത്… ആ വഴി മറ്റു ,വണ്ടികള്‍ വരാന്‍ സാധ്യത ഇല്ലാത്തതിനാല്‍ അവളുടേ നെറ്റി ചുളുങ്ങി… ഇത് തനിക്ക് ആരോ കെണി വെച്ചതുപോലെയുണ്ട്… തന്റെ വീട്ടിലേക്കുള്ള വഴിയാണ് ഇത്…

അവള്‍ സംശയത്തോടെ ഒന്നു തിരിഞ്ഞു നോക്കി..ഇനി സജുവെങ്ങാനും…

ഇവിടെ കിടന്നു അലറിയാല്‍ പോലും ആരും അറിയില്ല…. ഈ വഴി തന്റെ വീട്ടിലേക്കും പിന്നെ റബ്ബര്‍ തോട്ടത്തിലേക്കും ഉള്ളതാണ്…. വലിയ തോട്ടത്തിലേക്ക് പകല് മാത്രമേ ആള് വരുകയുള്ളു… മുത്തശ്ശിയും കേള്‍ക്കാന്‍ തരമില്ല..ഇവിടെ നിന്നും വീട്ടിലേക്ക് കുറേയേറേ ദൂരം കൂടിയുണ്ട്…. ചിന്തകള്‍ പലവിധം കാടുകയറി….

” ഭയപെടേണ്ട… തനിക്ക് ഞാന്‍ ശത്രു ആണെങ്കിലും എനിക്ക് താന് ഒരിക്കലും ശത്രുവല്ല……. ”

രക്ഷപെടാന്‍ ചുറ്റും നോക്കുമ്പോഴാണ് ഒരു പരിചിതസ്വരം…. എവിടെയോ കേട്ടു മറന്നത്. ….. അല്ല മനപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചത്…

അഖിലല്ലേ…

റോഡരുകിലെ ഒരു മൈല്‍ക്കുറ്റിയില്‍ ചാരി ഒരു രൂപം… നല്ല നിലാവ് ഉണ്ടായിട്ടും തനിക്ക് അഭിമുഖമായി നടന്നടുക്കുന്ന ആ മുഖത്ത് ഇരുള്…..

അതേ…..അവനാണ്….

കുറച്ചു ദിവസമായി തേടിയിരുന്ന ,എന്നാല്‍ കാണാന്‍ ആഗ്രഹിക്കാതെ ഇരുന്ന മുഖം… മനുഷ്യരുടെ മനസ്സ് എത്ര സങ്കീര്‍ണ്ണമാണ്‌.. ഒരേ സമയം ആഗ്രഹിക്കുകയും അവഗണിക്കുകയും ചെയ്യും…

‘ ഇനിയും എങ്ങനെ എന്നെ ആട്ടിപായിക്കണം എന്ന് ആലോചിക്കുകയാണോ.. ”

തൊട്ടു മുന്നിലെത്തിയ അവന്റെ ചോദ്യം എന്നെ ഞെട്ടിച്ചു.. അവന് എന്ത് ഉത്തരമാണ് നല്‍കുക…..

തന്റെ മൗനം കണ്ടിട്ടാകും അവന്‍ തിരികെ നടന്നു…

അവനെ തടയണം എന്നു ആഗ്രഹം തോന്നിയെങ്കിലും നിന്നിടത്തും നിന്നും അനങ്ങിയില്ല….

” ഞാനിങ്ങനെ മടങ്ങിപോകും എന്നു കരുതിയെങ്കില്‍ നിനക്ക് തെറ്റി ജാനകി…വര്‍ഷങ്ങള്‍ക്ക് മുന്നേ നിന്റെ സങ്കടം കണ്ടു മുന്‍പിന്‍ നോക്കാതെ നിന്റെ മുന്നില്‍ വന്ന അഖില്‍ അല്ല ഇത്.. ഇന്ന് എനിക്ക് മാന്യമായ ഒരു ജോലിയുണ്ട്… ഇവിടെ ബാങ്കില്‍ വര്‍ക്ക് ചെയ്യുന്നു…. നിന്റെ വീഴ്ചയില്‍ നിന്നും നീയും ഉയര്‍ത്തെഴുന്നേറ്റെല്ലോ…

അപ്പോള്‍ ഇനി എന്നോടൊപ്പം വരാലോ…

നിന്നെ തിരഞ്ഞു ഏറേ ഞാന്‍ നടന്നു… കഴിഞ്ഞ ആഴ്ച അമ്മയും അച്ഛനുമാണ് നിന്നെ കണ്ട കാര്യം പറഞ്ഞത്…നീ അവരുടെ മുന്നിലൂം നാടകം കളിച്ചതിനാല്‍ തിരിച്ചറിയാന്‍ വൈകി…..

ഇനിയും ഒഴിഞ്ഞു മാറാന്‍ നോക്കേണ്ട…മുത്തശ്ശിയെ കണ്ടു കാര്യങ്ങള്‍ സംസാരിച്ചാണ് ഞാന്‍ വരുന്നത്….”

തിരിഞ്ഞു നടന്ന അവന്‍ വീണ്ടൂം മുന്നിലെത്തി ഇതു പറയുമ്പോള്‍ മുന്നില്‍ നടക്കുന്നത് വിശ്വസിക്കാനാവാതെ നില്‍ക്കുകയായിരുന്നു ഞാന്‍….

എന്തു മറുപടി നല്‍കണമെന്ന് അറിയാതെ ഒന്നു ശങ്കിച്ചു…

” നിന്റെ മാന്യതയ്ക്ക് ഇപ്പോള്‍ ഈ ജാനകി തീരെ ചേരില്ല അഖില്‍….. ബാങ്ക് ഉദ്യേഗസ്ഥനായ നിനക്ക് ഈ ചന്തപെണ്ണി നേക്കാള്‍ നല്ല പെണ്ണിനെ കിട്ടും.. ഞാന്‍ ഇങ്ങനെ കഴിഞ്ഞു പൊയ്ക്കോളാം…. ”

നിറഞ്ഞു വന്ന കണ്ണുകളെ നിലാവെളിച്ചത്തില്‍ നിന്നും മറച്ചു ധൃതിയില്‍ വണ്ടീയില്‍ കയറിയ എനിക്കൂ മുന്നിലേക്ക് വീണ്ടും അവന്‍ ഇടിച്ചു കയറി…..

” നീ ജീവിക്കാന്‍ വേണ്ടീയല്ലേ പച്ചക്കറി കച്ചവടം തുടങ്ങീത്…. ഏതു ജോലിക്കും അതിന്റേതായ മാന്യതയുണ്ട്.. അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്ന അഭിമാനം തന്നെയാണ്….

ഇനി എന്തൊക്കെ തട്ടുമുട്ടു ന്യായം പറഞ്ഞാലും നിന്നെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല പെണ്ണേ… മുത്തശ്ശി പറഞ്ഞു എനിക്കു മനസ്സിലായതാണ് നിനക്ക് എന്നോടുള്ള സ്നേഹം…അപ്പോള്‍ പിന്നെ ഞാന്‍ പറഞ്ഞതു പോലെയല്ലേ കാര്യങ്ങള്‍…”

ഇനിയും എന്തു പറഞ്ഞു പ്രതിരോധിക്കുമെന്നു ഓര്‍ത്തു നിന്ന എന്റെ കൈയ്യില്‍ പിടിച്ചു അഖില്‍ വണ്ടിയില്‍ നിന്നും ഇറക്കി…

” ജാനകി പണ്ടും ഇപ്പോഴും നിന്നെ നീയായി കണ്ടു തന്നെയാ ഇഷ്ടപെട്ടത്.. അവിടെ നിന്റെ സാഹചര്യമോ പണമോ നോക്കീട്ടില്ല… ”

ആ വാക്കുകളിലെ ആത്മാര്‍ത്ഥത പണ്ടേ തിരീച്ചറിഞ്ഞതായത് കൊണ്ട് മറുത്തു ഒന്നും പറയാതെ ആ കൈകളില്‍ ഒന്നു കൂടി അമര്‍ത്തി പിടിച്ചു.. ഇനിയും കൈവിട്ടു പോകാത്ത വിധം…..

Leave a Reply

Your email address will not be published. Required fields are marked *