Story written by Nitya Dilshe
അമ്മക്ക് ഒരാളോട് പ്രണയമുണ്ടെന്നു അമ്മയുടെ അതേ ഓഫീസിലെ തന്നെ മീരാന്റി ആണ് എന്നെ വിളിച്ചു പറയുന്നത്..പെട്ടന്നത് കേട്ടപ്പോൾ കുറച്ചു നേരത്തേക്ക് ഞാൻ എവിടെയാണെന്നോ എന്താണെന്നോ അറിയാത്ത ഒരവസ്ഥ..ബോധത്തിലേക്കു തിരിച്ചു വന്നപ്പോൾ അമ്മയോടുള്ള ഇഷ്ടം മാഞ്ഞു അവിടെ വെറുപ്പ് വളരുന്നതറിഞ്ഞു..
കാർത്തിക് എന്റെ ജീവിതത്തിലേക്ക് വരുന്നത് വരെ , ഓർമവച്ച നാൾ തൊട്ടു ഞാനും അമ്മയും മാത്രമടങ്ങിയതായിരുന്നു എന്റെ ജീവിതം..എന്റെ ബാല്യത്തിൽ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു..
അച്ഛൻ വേറെ കല്യാണം കഴിച്ചു കുട്ടികളുമായി കഴിയുന്നു എന്നു ബന്ധുക്കളിൽ പലരുടെയും സംസാരത്തിൽ നിന്നും മനസ്സിലായിരുന്നു….അച്ഛനെ ഞാൻ ഓർത്തിരുന്നില്ല എന്നതാണ് സത്യം..അച്ഛനില്ലാത്ത വിഷമം അറിയിക്കാതെ തന്നെയാണ് ‘അമ്മ എന്നെ വളർത്തിയത്..എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ‘അമ്മ തന്നെയായിരുന്നു..
അമ്മ അറിയാത്ത ഒരു രഹസ്യവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..അതുകൊണ്ടു തന്നെ കാർത്തിക് എന്നെ പ്രപോസ് ചെയ്തപ്പോൾ അന്ന് തന്നെ അമ്മയോടതു പറയുകയും ചെയ്തിരുന്നു..
“നീയാദ്യം ജോലി ചെയ്ത് സ്വന്തം കാലിൽ നില്ക്കു..എന്നിട്ടാലോചിക്കാം ” എന്നേ ‘അമ്മ പറഞ്ഞുള്ളു…
പതിയെ എന്റെ മനസ്സിലും അവനോടുള്ള ഇഷ്ടം വളർന്നപ്പോൾ അമ്മതന്നെ അതു കണ്ടുപിടിച്ചു..അമ്മ തന്നെയാണ് അവനോടു സംസാരിച്ചതും കാര്യങ്ങൾ എല്ലാം തീരുമാനിച്ചതും..ആറുമാസം കഴിഞ്ഞുമതി വിവാഹം എന്നത് എന്റെയും അവന്റെയും ആഗ്രഹമായിരുന്നു..
“ഇനി ധൈര്യമായി ഞങ്ങളൊന്നു പ്രണയിച്ചോട്ടെ ” എന്നു പറഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ചു അമ്മ നെറുകയിൽ ഉമ്മവച്ചു…
” എന്റെ കണ്ണുകൾ നിങ്ങൾക്ക് ചുറ്റുമുണ്ട് ” എന്നൊരു സ്നേഹം നിറഞ്ഞ താക്കീതും..
ഓഫീസ് ടൈം കഴിഞ്ഞും വീട്ടിലേക്കു പോകാൻ തോന്നിയില്ല.ഫോൺ സൈലന്റ് ആക്കി വച്ചു….അമ്മയും കാർത്തിക്കും പലതവണ വിളിച്ചിരിക്കുന്നു…സ്ക്രീനിൽ ഞാനും അമ്മയും കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ വെറുപ്പ് ഒന്നുകൂടി കൂടി…
വീട്ടിലേക്കു ചെല്ലുമ്പോൾ ‘അമ്മ ഗേറ്റ് പൂട്ടി ധൃതിയിൽ പുറത്തേക്കിറങ്ങുകയാണ്…എന്നെ കണ്ടപ്പോൾ ആ മുഖം പ്രകാശിക്കുന്നത് കണ്ടു..”നന്ദൂട്ടി ..ലേറ്റ് ആവുമെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞൂടെ….ഫോൺ എടുക്കുന്നുമില്ല..മനുഷ്യൻ ഇവിടെ ആധി പിടിച്ചു ചത്തു..”
‘അമ്മ ആശ്വാസത്തോടെ ഗേറ്റ് തുറന്നു. തന്നു…ഫോൺ എടുത്ത് “മോളെത്തിട്ടോ..” എന്നു ആർക്കൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു..അക്കൂട്ടത്തിൽ ചിലപ്പോൾ ആ കാമുകനും ഉണ്ടായിരിക്കും..ഇങ്ങനെയൊരു മോളുള്ള കാര്യം അയാളോട് പറഞ്ഞിട്ടുണ്ടോ ആവോ..
അമ്മക്ക് മുഖം കൊടുക്കാതെ സ്കൂട്ടി പാർക് ചെയ്ത് റൂമിൽ ചെന്നു കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ‘അമ്മ റൂമിൽ വരുന്നതും ലൈറ്റ് ഇട്ടതും അടുത്തിരുന്നു തലയിൽ തലോടുന്നതും അറിഞ്ഞു..ഉറങ്ങിയപോലെ കണ്ണടച്ചു കിടന്നു..
“എന്തുപറ്റി മോളെ..എന്താണെങ്കിലും അമ്മയോട് പറയു..കാർത്തിയും ഒരുപാട് തവണ വിളിച്ചു ..നീ ഫോൺ എടുത്തില്ലെന്നു പറഞ്ഞു.. മോൾക്കെന്തുപറ്റി ?” കേട്ടതും അടക്കിവച്ച ദേഷ്യം മുഴുവൻ പുറത്തു ചാടി..തലോടിക്കൊണ്ടിരുന്ന കൈ എടുത്ത് വലിച്ചെറിഞ്ഞു ചാടി എണീറ്റു..
“നിങ്ങൾക്ക്..നിങ്ങൾക്ക് കെട്ടിക്കാറായ മോളുണ്ടെന്ന വല്ല ചിന്തയുമുണ്ടോ..”
ദേഷ്യം കൊണ്ടു അടിമുടി വിറച്ചപ്പോൾ ശബ്ദം നെഞ്ചിൽ തന്നെ കുടുങ്ങി പോകുന്നത് പോലെ തോന്നി…അമ്മ എന്നെ മിഴിച്ചുനോക്കി..എന്റെ അങ്ങനൊരു ഭാവം അമ്മക്ക് ആദ്യമായതിനാലാവും..
“ഈ മുറിയിൽ നിന്നൊന്നു ഇറങ്ങിപ്പോകു.. കുറച്ചു നേരം ഞാൻ സ്വസ്ഥാമായൊന്നു ഇരിക്കട്ടെ..”
‘അമ്മ ശിരസ്സ് കുനിച്ചു ഇറങ്ങിപോകുന്നത് കണ്ടു..
പിറ്റേന്ന് ഡ്രസ് ചെയ്ത് പുറത്തേക്കിറയപ്പോൾ എന്നെയും കാത്തു അമ്മ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നത് കണ്ടു..രാത്രി മുഴുവൻ കരഞ്ഞതിന്റെയാവും കണ്ണുകൾ ചുവന്നു വീർത്തിരിക്കുന്നു…
മുൻപ് അമ്മയുടെ കണ്ണൊന്നു നനഞ്ഞാൽ നെഞ്ചു പൊട്ടിയിരുന്ന എനിക്ക് ഇതു കണ്ട് അല്പം പോലും വിഷമം തോന്നുന്നില്ലെന്നു അത്ഭുതത്തോടെ തിരിച്ചറിഞ്ഞു..
അമ്മയോടുള്ള വെറുപ്പ് വീട്ടിൽ നിന്നും ഭക്ഷണം ഒഴിവാക്കിയും ഞാൻ എന്റെ പ്രതിഷേധം അറിയിച്ചു..അമ്മ പലപ്പോഴും സംസാരിക്കാൻ വന്നെങ്കിലും ആ മുഖത്തേക്ക് വാതിൽ കൊട്ടിയടക്കാനാണ് തോന്നിയത്..
നാട്ടിലുള്ള ചെറിയമ്മാവനെ വിളിച്ച് അടുത്ത മുഹൂർത്തത്തിൽ തന്നെ എന്റെ വിവാഹം ഒന്നു നടത്തിത്തരു എന്നു പറയുമ്പോൾ എത്രയും പെട്ടെന്ന് ആ വീട്ടിൽ നിന്ന് രക്ഷപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ..
കല്യാണത്തിന്റെ ചടങ്ങുകളിലോരോന്നിലും ഞാൻ എന്തെങ്കിലും പറയുമോ എന്നു ഭയന്നാവണം അടുത്തു വരാതെ മാറി നിന്നു കാണുന്ന അമ്മയുടെ ദയനീയ മുഖം കണ്ടപ്പോൾ എന്റെ മനസ്സിൽ ക്രൂരമായൊരു സംതൃപ്തിയായിരുന്നു..
കാർത്തിക്കിന്റെ വീട്ടിലെ മനോഹര നിമിഷങ്ങളിലൊന്നിലാണ് അമ്മക്ക് സുഖമില്ലെന്നു പറഞ്ഞു ചെറിയമ്മവന്റെ ഫോൺ വരുന്നത്..കേട്ടപ്പോൾ നെഞ്ചോന്നു പിടച്ചുവെങ്കിലും തൊട്ടടുത്ത നിമിഷം അതു വെറുപ്പുകൊണ്ടു മൂടിക്കളഞ്ഞു ഞാൻ..
മൈനർ അറ്റാക്കാണ് ഒന്നു വന്നു കാണു, എന്ന ചെറിയമ്മാവന്റെ നിർബദ്ധം കൂടിയപ്പോഴാണ് അമ്മയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയത്..
ICU വിൽ കിടക്കുന്ന അമ്മയെ കണ്ടപ്പോൾ ദൃഢമായിരുന്ന വെറുപ്പിന്റെ കണ്ണികകൾ നേർത്തില്ലാതാവുന്നത് അമ്പരപ്പോടെ ഞാനറിഞ്ഞു.ഈ കഴിഞ്ഞ ഒരാഴ്ചകൊണ്ടു അമ്മയാകെ മാറിയിരിക്കുന്നു…അമ്മക്ക് പെട്ടെന്ന് പ്രായം ബാധിച്ചപോലെ..വല്ലാതെ അവശയായിരിക്കുന്നു അമ്മ..
“നിന്റെ ‘അമ്മ ഇപ്പോഴും എന്ത് സുന്ദരിയാണ് ” എന്ന കൂട്ടുകാരുടെ വാക്കുകൾ ഓർത്തുപോയി ഞാനപ്പോൾ..
എന്നെ കണ്ടതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു..ചുണ്ടുകൾ വിറച്ചു.. കൈ ഉയർത്തി കവിളിൽ തലോടി..”നന്ദുട്ടിക്കു സുഖല്ലേ..” അവശതയാർന്ന സ്വരം കാതിൽ പതിച്ചു..”
അറിയാതെ എന്റെ ചുണ്ടുകൾ ആ നെറ്റിയിൽ പതിച്ചു..നെറ്റിയിൽ വീണ നീർതുള്ളികൾ കണ്ടപ്പോഴാണ് ഞാനും കരയുകയാണെന്നു മനസ്സിലായത്..
“നന്ദൂട്ടി വിഷമിക്കരുത്..അമ്മക്കൊന്നൂല്യ..” എന്നെന്റെ ചെവിയിൽ പറയുന്നത് കേട്ടു..
പുറത്തു നിന്ന ചെറിയമ്മാവന്റെ നെഞ്ചിലേക്ക് കരച്ചിലോടെ മുഖം അമർത്തുമ്പോൾ കേട്ടു..
“നന്ദൂ..നീ കേട്ടത് മാത്രമല്ല സത്യം..കുറെ നാൾ ആയി അയാൾക്ക് അങ്ങനെയൊരു ഇഷ്ടമുണ്ട് എന്നത് സത്യമാണ്..അയാൾ ഞങ്ങളോടും അതേക്കുറിച്ചു പറഞ്ഞിരുന്നു..അവൾ അതിനെക്കുറിച്ചു ചിന്തിച്ചുപോലുമില്ല.. നിന്നോടെല്ലാം പറയാമെന്നു പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല..അങ്ങനെയെങ്കിലും നിന്നെ പിരിഞ്ഞിരിക്കാൻ മനസ്സിനൊരു ധൈര്യം കിട്ടട്ടെ എന്നു പറഞ്ഞു വിലക്കുകയായിരുന്നു..നീ മാത്രമാണ് അവളുടെ ലോകം..”
ഞാൻ പഴയ നന്ദൂട്ടി ആയപ്പോൾ ‘അമ്മ വിചാരിച്ചതിനേക്കാൾ വേഗത്തിൽ പഴയ ഊർജം വീണ്ടെടുത്തു..
“‘അമ്മ റെഡിയാവു….ഇന്ന് നമുക്കൊരിടം വരെ പോകാനുണ്ട്..” എന്നു പറഞ്ഞപ്പോൾ ‘അമ്മ അമ്പരപ്പോടെ എന്നെ നോക്കി..
രജിസ്‌ട്രേഷൻ ഓഫീസിനു മുൻപിലെ ആളുകളെ കണ്ടപ്പോൾ ‘അമ്മ അപകടം മണത്തു..’അമ്മ വണ്ടിയിൽ നിന്നിറങ്ങാതെ സീറ്റിൽ തലവച്ചു കണ്ണുകളടച്ചു കിടന്നു..
അമ്മയുടെ അടുത്തുചെന്നിരുന്നു പതുക്കെ ആ കൈയ്യെടുത്ത് തലോടി..
“ഇത് അമ്മക്ക് വേണ്ടിയല്ല എനിക്ക് വേണ്ടിയാണ്..ഇനിയെങ്കിലും എനിക്കൊരച്ഛനെ വേണം..അമ്മയെ പൊന്നുപോലെ നോക്കുന്ന ഒരച്ഛൻ..അമ്മക്ക് ഇഷ്ടമില്ലെന്നറിഞ്ഞിട്ടും ഇത്രനാളും അമ്മയെ മനസ്സിൽ കൊണ്ടു നടന്ന ആ അച്ഛനേക്കാൾ മറ്റൊരാളെ കണ്ടെത്താനാവില്ല..എനിക്ക് വേണ്ടി ‘അമ്മ സമ്മതിക്കണം..”
അമ്മയും അച്ഛനും ചേർന്നെടുത്ത ആദ്യ ഫോട്ടോ ഞാൻ അയച്ചു കൊടുത്തത് മീരാന്റിക്കാണ്..ഒപ്പം എഴുതി..
“താങ്ക്സ് ആന്റി..എനിക്ക് ചില നല്ല ചിന്തകൾ നൽകിയതിന്..”
സ്നേഹത്തോടെ….Nitya Dilshe