അമ്മയുടെ മുഖത്ത് നോക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ അകത്തേക്കോടി കതകടച്ചിരുന്നു…

എഴുത്ത്: സിറിൾ കുണ്ടൂർ

അമ്മേ, ഇനിക്കിപ്പോ കല്ല്യാണം ഒന്നും വേണ്ട.

എന്താ മോളെ എന്തു പറ്റി.

ഓ, ഒന്നും പറ്റിട്ടല്ല. പ്രത്യേകിച്ച് ഒന്നും പറ്റാതിരിക്കാനാണ്.

ഞാനതു പറഞ്ഞപ്പോൾ അമ്മയുടെ മുഖമൊന്നു വാടിയെങ്കിലും, പിന്നെ അമ്മ അതെക്കുറിച്ചൊന്നും എന്നോടു ചോദിക്കാൻ നിന്നില്ല.

ഏതാണ്ടെക്കെ നിശ്ചയം വരെ എത്തിയതായിരുന്നു. അമ്മക്കും അമ്മാവനും ചെക്കനെ തന്നെ ബോധിച്ചതായി അവരുടെ സംസാരത്തിൽ നിന്നും മനസിലായി ,

ചെക്കൻ അമേരിക്കയിലാണെന്നും, അച്ചുനെ,അങ്ങോട്ടു കൊണ്ടു പോകുമെന്നെല്ലാം അമ്മയോട് അമ്മാവൻ എണ്ണി പറക്കി പറയന്നുണ്ടായിരുന്നു.

അപ്പോഴെല്ലാം അമ്മ തെക്കേ തൊടിയിലെ തുളസിൽ കണ്ണും നട്ട്, അച്ഛനോട് സംസാരിക്കാണെന്നു തോന്നി. അതെ അമ്മക്ക് വല്ലാതെ സങ്കടയിരിക്കുന്നു.

സങ്കടവും സന്തോഷവും പങ്കുവെക്കാനായി മാത്രമെ ,അച്ഛന്റെ ചാരുകസേരയുടെ താഴെ അമ്മ വന്നിരിക്കാറുള്ളു. അവിടെ ഇരുന്നാൽ അമ്മക്ക് അച്ഛനെ കാണാം.

അച്ഛന്റെ മരണശേഷം ഉള്ളതെല്ലാം വിറ്റു പറുക്കി എന്നെ പഠിപ്പിച്ചു വലുതാക്കി. പാവം, കുറെ കഷ്ടപാടുകൾ സഹിച്ചു എന്നോർക്കുമ്പോഴെല്ലാം ഞാൻ ഓടിച്ചെന്നു അമ്മയുടെ മടിയിൽ കിടക്കും, നനവ് പടരുന്ന മടിതട്ടിൽ ചൂട് പടരുമ്പോൾ അമ്മയുടെ കൈകൾ ശിരസ്സിൽ തലോടും,

തങ്കുനു വിഷമായല്ലേ. ചോദ്യം കേട്ട് ഒരു പക്ഷേ എന്നെയൊന്നു നോക്കുമായിരിക്കും. ഇതൊന്നും കാണാതെ ഞാൻ കമന്നു കിടക്കും.

നിന്റെ മനസിൽ ഇപ്പോഴും ആ പയ്യനാണല്ലേ,

ഉറപ്പായിരുന്നു അമ്മയുടെ ഈ ചോദ്യം. മറുപടി ഒന്നും തന്നെ പറയാതെ ഞാൻ അമ്മയെ നോക്കി പരാജയത്തിന്റെ ചിരിയോടെ അകത്തേക്കു നടന്നു.

ഒരുപക്ഷേ, അമ്മ എന്നെ അത്രക്കും സ്നേഹിക്കുന്നതുകൊണ്ടാകാം ഓർമ്മക്കുള്ളിലെ മയിൽ പീലി പോലെ ഞാനിന്നും സ്വന്തമാക്കാതെ,ഹൃദയത്തിൽ മാത്രം സൂക്ഷിച്ചു നടക്കുന്നത്.

അമ്മയും അമ്മാവനും തറപ്പിച്ചു പറഞ്ഞു നടക്കില്ലന്ന്, അമ്മയെ സങ്കടപ്പെടുത്തി ഒരു ജീവിതം എനിക്കും വേണ്ടന്നു തീരുമാനിച്ചാണ് ഞങ്ങൾ പിരിഞ്ഞതും. ഇപ്പോൾ അമ്മ വീണ്ടും ഓർമ്മിപ്പിച്ചു പുസ്തകതാളിലെ മയിൽപ്പീലിയെ .

ദിവസങ്ങൾക്ക് ശേഷം, വെറെ ഏതോ വലിയ ആലോചനയുമായി അമ്മാവനെത്തി.

വന്നപ്പാടെ വലിയ സന്തോഷത്തിൽ അമ്മയോടു പറയുന്നുണ്ടായിരുന്നു.

തങ്കം, ഇതു നടന്നാൽ അച്ചുന്റെ ഭാഗ്യമായിരിക്കും. എന്തുകൊണ്ടും രണ്ടാളും നന്നായി ചേരും.

എന്റെ അമ്മാവാ. അവരോട് വരണ്ടന്നു പറഞ്ഞേക്ക്. ഇവിടെ,പാലും ചായപ്പൊടിം ,പലഹാരൊന്നും വെറുതെ കിട്ടില്ലല്ലോ.എനിക്കിപ്പോൾ കല്ല്യാണം വേണ്ടാ.

അമ്മയുടെ മുഖത്ത് നോക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ അകത്തേക്കോടി. കതകടച്ചിരുന്നു.

കുറച്ചു കഴിഞ്ഞ് അമ്മ വന്നു കതകിൽ തട്ടി, വാതിൽ തുറന്നു അമ്മ ദേഷ്യത്തോടെ

എന്താ നിന്റെ ഉദ്ദേശം? ഇപ്പോ പറയണം. അവനെ മനസിൽ കൊണ്ടു നടന്നു ഞങ്ങളെ തോൽപ്പിക്കണം അല്ലേ.

അമ്മ ഇതുവരെ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. പക്ഷേ. ഇപ്പോ….

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ കരച്ചിൽ സഹിക്കാൻ കഴിയാഞ്ഞിട്ടായിരിക്കണം,അമ്മ വന്നു എന്റെ കെട്ടിപിടിച്ചു കരഞ്ഞു,

പതിനാലു വർഷം മുൻപ് അച്ഛൻ മരിക്കുമ്പോൾ എനിക്ക് അഞ്ച് വയസ് പ്രായം.അന്നാളിൽ അമ്മാവൻ പെങ്ങൾക്ക് നല്ല ആലോചനകൾ കൊണ്ടുവന്നതാ, അപ്പോഴെല്ലാം തെക്കെ തൊടിയിലേക്ക് നോക്കി എന്നെ കെട്ടിപിടിച്ചു കരയുന്നതിന്റെ ഉത്തരം കിട്ടിയത് അമ്മ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞു തുടങ്ങിയപ്പോഴാണ്.

എനിക്ക് വേണ്ടി എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച എന്റെ അമ്മയെ വിട്ടു പോകാൻ കഴിയാത്തോണ്ടാണമ്മേ ,ഞാൻ വിവാഹത്തിന് സമ്മതിക്കാത്തത്.

വന്ന വലിയ ആലോചനകൾ എല്ലാം എന്നെ പറ്റി മാത്രമേ പറയുന്നുണ്ടായിരുന്നൊള്ളു. എന്റെ അമ്മയെക്കുറിച്ച് ചിന്തിക്കാത്ത ഒരു ചെക്കനും ഇനിക്ക് വേണ്ട.

കരഞ്ഞുകൊണ്ടതു പറയുമ്പോഴും അമ്മ ഇറക്കി പിടിച്ചു പൊട്ടിക്കരയുന്നുണ്ടായിരുന്നു .

എല്ലാം കഴിഞ്ഞ് അമ്മ എന്റെ കണ്ണുകൾ തുടച്ചു.തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.

എന്റെ മോൾക്ക് പിന്നെ എങ്ങനെയുള്ള ചെക്കനെ വേണ്ടത്.

മുഖത്തൊരു കള്ള ചിരി വരുത്തി

ഒരു പാവപ്പെട്ട വീട്ടിലെ രണ്ടാൺ മക്കളിൽ മൂത്തവനെ മതി.

“അതെന്താ അങ്ങനെ

കൗതുകത്തോടെ ഉള്ള അമ്മയുടെ ചോദ്യത്തിന്

അമ്മേനേം, ഈ വീടും വിട്ട് എങ്ങോട്ടും പോകാതിരിക്കാൻ, അതാകുമ്പോൾ വീടുള്ളത് അനിയൻമാർക്കല്ലേ.. അപ്പോൾ പിന്നെ മാറി താമസിക്കേണ്ടി വരുന്നത് മൂത്ത മകനും… അന്നേരം ഞാനും എൻ്റെ ചെക്കനും ഇവിടെ അമ്മയോടൊപ്പം താമസിക്കും.

ഇതു കേട്ട് അമ്മ നിറകണ്ണുകളോടെ തെക്കുഭാഗത്തെ തുളസിയിലേക്ക് നോക്കി ചിരിച്ചു.

ഞാനും തുളസി ചെടിയിലേക്ക് നോക്കി. ചെറുകാറ്റിൽ ആടി ഉലയുമ്പോഴും അതിനുള്ളിൽ ഒരു സന്തോഷം

ശരിയാണ് ട്ടൊ അതിൽ സൂക്ഷിച്ചു നോക്കിയാൽ അച്ഛൻ ചിരിക്കുന്നത് കാണാം.

സിറിൾ കുണ്ടൂർ

Related Posts

Leave a Reply

Your email address will not be published. Required fields are marked *