അമ്മയുടെ സ്നേഹ സ്പര്ശങ്ങളും പെങ്ങന്മാരുടെ കളി തമാശകളും തീരാ നഷ്ടമായി മനസ്സിൽ…..

പ്രവാസി

എഴുത്ത്:-ശിവന്തിക ശിവ

“നീ ഇപ്രാവശ്യവും നാട്ടിലെക്കില്ലേ” നാട്ടിലേക്ക് ബാഗ് പാക്ക് ചെയ്തു കൊണ്ടിരിക്കെ റൂംമേറ്റിന്റെ വകയായിരുന്നു ചോദ്യം. കേട്ടു തഴമ്പിച്ചത് കൊണ്ടാവാം വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി മാത്രം കൊടുത്തു കൊണ്ട് അയാൾ തന്റെ കട്ടിലിലേക്കിരുന്നു.

മുൻപിലത്തെ ഷെൽഫിന്റെ നീളൻ കണ്ണാടിയിൽ അയാളുടെ രൂപവും മനസ്സും വ്യക്തമായ് കാണുന്നുണ്ടായിരുന്നു. കുറെ നേരം അയാൾ തന്റെ പ്രതിബിംബം നോക്കിയിരുന്നു.ഇടതൂർന്ന കറുത്ത ചുരുളൻ മുടിയുടെ സ്ഥാനത്ത് എണ്ണി പ്പെറുക്കാനെന്നപോലെ നര കയറിയ മുടിയിഴകൾ മാത്രം, വെളുത്തു തുടുത്തിരുന്ന കവിളുകൾ കണ്ണുതട്ടാതിരിക്കാൻ എന്നോണം കരുവാളിച്ചു നിൽക്കുന്നു. അത് നോക്കിക്കൊണ്ടിരിക്കെ അയാൾ ഭൂതകാലത്തിന്റെ ചവിട്ടു പടികൾ ഓരോന്നായി ഇറങ്ങിക്കൊണ്ടിരുന്നു.

നാട്ടിൻ പുറത്തെ നന്മകളും കുന്നോളം സ്വപ്നങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരൻ. മുഴു കുടിയനായ അച്ഛൻ, വീട് നോക്കാൻ കൂലിപ്പണിക്ക് പോകുന്ന അമ്മ,മൂന്നോ നാലോ വയസ്സിന്റെ വ്യത്യാസത്തിൽ തനിക്ക് താഴെയുള്ള മൂന്ന് പെങ്ങന്മാർ, അതായിരുന്നു അയാളുടെ കുടുംബം. കഷ്ടപ്പാടിനിടയിലും അയാൾ നന്നായ് പഠിച്ചു, ഒരുപാട് ഉയരങ്ങളിൽ എത്താൻ ആഗ്രഹിച്ചു. നല്ലൊരു ജോലിയും സന്തുഷ്ടമായ കുടുംബവും എന്നും നിറഞ്ഞു നിന്നൊരു സ്വപ്ന മായിരുന്നു.

പത്താംക്ലാസ്സിലെ അവസാന പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അയാൾ കണ്ടത് മുറ്റത്ത് വലിച്ചു കെട്ടിയ താർപായയും അങ്ങിങ്ങായി കൂടി നിൽക്കുന്ന പരിചിത മുഖങ്ങളായിരുന്നു. ഓടിച്ചെന്ന് വീട്ടിലേക്ക് കയറിയപ്പോഴാണ് അറിഞ്ഞത് ഏതോ പീടിക തിണ്ണയിൽ കുടിച് മരിച്ചു കിടന്ന തന്റെ അച്ഛനെ അവസാനമായി വന്നതായിരുന്നു അവരൊക്കെ.

ശവദാഹവും ചടങ്ങുകളും കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ അച്ഛന്റെ കടക്കാർ ഓരോരുത്തരായി വീടന്വേഷിച്ച് എത്തിത്തുടങ്ങി. ആ വരവുകൾ ഭീഷണികളായി മാറിയപ്പോൾ വേദനയുടെ മുറിവുണങ്ങുന്നതിനു മുന്നേ അമ്മ ജോലിക്കിറങ്ങി, കൂടെ ഞാനും.

പത്താം ക്ലാസ്സ്‌ റിസൾട്ട്‌ വന്നപ്പോൾ സ്കൂളിൽ മികച്ച മാർക് എനിക്കായിരുന്നു. എങ്കിലും അമ്മയുടെയും പെങ്ങന്മാരുടെയും ജീവിതം സുരക്ഷിതമാക്കാൻ അതുവരെ കണ്ട സ്വപ്നങ്ങളൊക്കെയും മാറ്റി വെക്കേണ്ടി വന്നു.

രാപ്പകൽ കഷ്ടപ്പെട്ടിട്ടും രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പറ്റാതിരുന്നപ്പോൾ ഇരുപതാം വയസിൽ പ്രവാസിയാവേണ്ടി വന്നു. താമസിച്ചിരുന്ന രണ്ടു സെന്റ് പുരയിടം പണയപ്പെടുത്തിയും പലിശക്ക് പണം വാങ്ങിയും കഷ്ടപ്പെടുന്നവന്റെ സ്വർഗമായ ഗൾഫിലേക്ക് വിമാനം കയറി.

കൊടും വെയിലത്തു അരവയർ നിറച്ച് അംബരചുംബികളെ പോലുള്ള കെട്ടിടങ്ങളിൽ ഒരു സര്ക്കസ് കലാകാരന്റെ വൈദഗ്ധ്യത്തോടെ ജോലി ചെയ്യുമ്പോൾ തെളിഞ്ഞു വരാറുള്ളത് അമ്മയുടെയും കുഞ്ഞു പെങ്ങന്മാരു ടെയും പുഞ്ചിരിക്കുന്ന മുഖമായിരുന്നു . ആ പുഞ്ചിരികൾക്ക് വേണ്ടി രാവും പകലും സ്വന്തം ആരോഗ്യം പോലും നോക്കാതെ കഷ്ടപ്പെടുകയായിരുന്നു പിന്നീടങ്ങോട്ട്.

രാവേറിയുള്ള ജോലിക്ക് ശേഷം റൂമിൽ കയറിവരുമ്പോൾ അമ്മയുടെ സ്നേഹ സ്പര്ശങ്ങളും പെങ്ങന്മാരുടെ കളി തമാശകളും തീരാ നഷ്ടമായി മനസ്സിൽ തറഞ്ഞു നിന്നു.

കൂടെയുണ്ടായിരുന്ന പലരിലും കണ്ടത് സ്വന്തം പ്രതിരൂപം തന്നെയായിരുന്നു. സമ്പാദനത്തിനെക്കാൾ ജീവിക്കാൻ വേണ്ടി വന്നവർ. ചിലർ സഹോദര ന്മാരായപ്പോൾ മറ്റു ചിലർ ഇതുവരെ കിട്ടാത്ത അച്ഛന്റെ സ്നേഹം പകർന്നു നൽകി. പല ദേശത്തു നിന്നും വന്നവർ ഒരു കൂരക്കു കീഴിൽ സന്തോഷവും സങ്കടവും പങ്കുവെച് ഒരൊറ്റ കുടുംബമായി കഴിഞ്ഞു കൂടി.

കഷ്ടപ്പാടും പ്രാരാബ്ധവും അവസാനിക്കാതെ വന്നപ്പോൾ പ്രവാസം അതിന്റെ യൗവ്വനം കടന്ന് വാർദ്ധക്യത്തിന്റെ പടിവാതിലിൽ എത്തി നിന്നു. ഒരു മെഴുതിരി പോൽ തന്റെ പ്രകാശം മുഴുവൻ ചുറ്റുമുള്ളവർക്ക് വേണ്ടി പരത്തിയപ്പോൾ, സ്വന്തം ജീവിതം മറന്നു പോയ പലരിൽ ഒരാളായി അയാൾ ഇന്നും പ്രവാസിയായി തുടരുന്നു, പൂർത്തിയാക്കാൻ പറ്റാത്ത ഒരുപിടി സ്വപ്നങ്ങളുമായി…

Leave a Reply

Your email address will not be published. Required fields are marked *