അമ്മയെ ഉപദേശിക്കാൻ പോയ ഞാൻ നിരീശ്വരവാദിയായി. പക്ഷെ ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസി തന്നെയാണ്. ആ ഈശ്വരൻ എന്റെ ഉള്ളിൽ തന്നെയുണ്ടെന്ന് വിശ്വസിക്കുന്ന വിശ്വാസി.

ആൾദൈവം

എഴുത്ത്:-ഗീതു അല്ലു

ഗീതേച്ചി ഒരു പതിനൊന്നു മണിയാകുമ്പോഴേക്കും റെഡി ആവണേ… ദേവി പതിനൊന്നരയ്ക്ക് എത്തുംന്നാ അറിഞ്ഞേ.അയലത്തെ രാധേടത്തീടെ സംസാരം കേട്ടാണ് ഞാൻ വായിച്ചുകൊണ്ടിരുന്ന പത്രത്തിൽ നിന്നും മുഖമുയർത്തി അമ്മയെ നോക്കിയത്. ഞാൻ ഒരുങ്ങി നിന്നോളാം എന്ന് മറുപടി പറഞ്ഞു അലക്കിയ തുണിയും വിരിച്ചിട്ട് അമ്മ അകത്തേക്ക് കയറി വന്നു.

ഇത് ദേവി വരുന്ന കാര്യമാ അമ്മേ രാധേടത്തി പറഞ്ഞത്. എന്റെ ആകാംഷ നിറഞ്ഞ ചോദ്യം കേട്ട് അമ്മയുടെ കണ്ണൊന്നു തള്ളി.ദേവി ഭുവനേശ്വരി മാതയുടെ കാര്യമാ അവള് പറഞ്ഞെ. അപ്പോഴാണ് ഞാനും അത് ഓർത്തത്. എനിക്കും ഇന്ന് അവിടെയാണ് ഡ്യൂട്ടി. പ്രശസ്ത ആൾ ദൈവം ദേവി ഭുവനേശ്വരി മാത അവരുടെ ജന്മ സ്ഥലം സന്ദർശിക്കാൻ വരുന്നു.അവരെ കാണാൻ ആഭ്യന്തര മന്ത്രിയും വരുന്നുണ്ട്. വകുപ്പ് മന്ത്രിക്കുള്ള പ്രൊട്ടക്ഷൻ കൊടുക്കലാണ് എന്റെ ഇന്നത്തെ ഡ്യൂട്ടി.

അതോർത്തതും ഞാൻ പെട്ടെന്ന് ജോലിക് പോകാൻ റെഡി ആയി. ഒരുങ്ങുമ്പോൾ മുഴുവൻ എന്റെ ചിന്ത ചീര വിൽപ്പനക്കാരി ഭവാനിയെ കുറിച്ചായിരുന്നു. എത്ര പെട്ടെന്നാണ് അവർ എല്ലാവരും വണങ്ങുന്ന ദേവി ഭുവനേശ്വരി മാതയായത്.എന്റെ ചെറുപ്പത്തിലേ വീട്ടിൽ ചീര വിൽക്കാൻ അവർ വരുമായിരുന്നു. അങ്ങനെ ഒരു ദിവസമാണ് അവർ ഒന്ന് തല കറങ്ങി വീണത്. ബോധം വീണ അവർ എന്തൊക്കെയോ പരസ്പര വിരുദ്ധമായി എന്തൊക്കെയോ പറഞ്ഞുവെന്നും ആൾക്കാർ അവർക്ക് ദൈവത്തിന്റെ വെളിപാടുണ്ടായതെന്നും ഒക്കെ പറഞ്ഞു.

പിന്നീട് വളരെ പെട്ടാനായിരുന്നു ഭാവാനി ഭുവനേശ്വരി ദേവിയായത്. അവരെ താണ് വണങ്ങാൻ സമൂഹത്തിന്റെ ഉന്നതങ്ങളിലുള്ളവർ മുതൽ താഴെക്കിടയിലുള്ളവർ വരെ മത്സരിച്ചു. അതിൽ എന്റെ അമ്മയും പെടും. ഒരു പോലീസുകാരന്റെ അമ്മ അവരെ വിശ്വസിക്കുന്നതിൽ എനിക്ക് അമർഷം ഉണ്ടായിരുന്നു. പറഞ്ഞിട്ടെന്താ ഫലം. അമ്മയെ ഉപദേശിക്കാൻ പോയ ഞാൻ നിരീശ്വരവാദിയായി. പക്ഷെ ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസി തന്നെയാണ്. ആ ഈശ്വരൻ എന്റെ ഉള്ളിൽ തന്നെയുണ്ടെന്ന് വിശ്വസിക്കുന്ന വിശ്വാസി. തത്വമസിയുടെ അർത്ഥം മനസ്സിലാക്കിയ ആൾ. ഒരുങ്ങി മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു പയ്യൻ നിൽക്കുന്നത് കണ്ടത്.

കീറിപറിഞ്ഞ ഒരു ബനിയനും അഴുക്കുപുരണ്ട ഒരു നിക്കറുമാണ് വേഷം. എന്നെ യൂണിഫോമിൽ കണ്ടിട്ട് ആണെന്ന് തോന്നുന്നു, അവൻ പേടിച്ചു നോക്കുന്നുണ്ടായിരുന്നു. അടുത്ത് വിളിച്ചു കാര്യം തിരക്കിയപ്പോൾ വിശക്കുന്നു, കഴിക്കാൻ എന്തെങ്കിലും കൊടുക്കുമോ എന്ന് തമിഴിൽ ചോദിച്ചു. അകത്തേക്ക് നോക്കി അമ്മയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ ദേഷ്യത്തോടെ വന്നു അവനെ ആട്ടി പായിക്കുന്നത് കണ്ടു. അവൻ പോയി എന്ന് കണ്ടതും എന്നോട് ചാടിക്കയറാൻ തുടങ്ങി.

“ഇതൊക്കെ വെറും കള്ള കൂട്ടങ്ങളാ.. പകൽ എന്തേലും ഒക്കെ പറഞ്ഞു വന്ന് വീട് നോക്കി വച്ചിട്ട് രാത്രി വന്നു കക്കും. ഇതൊക്കെ ഈ നാട് ഭരിക്കുന്ന അസിസ്റ്റന്റ് കമ്മിഷണർക്ക് പറഞ്ഞു തരേണ്ടി വരുന്നത് ഭയങ്കര കഷ്ട്ടമാ വിഷ്ണു “

ഇത്രയും പറഞ്ഞു ഒരു പുച്ഛത്തോടെ അമ്മ അകത്തേക്ക് കയറി പോയി. എന്റെ മനസ്സ് ആകെ ആസ്വസ്ഥമായി. വിശക്കുന്നവന് അന്നം കൊടുക്കുന്നവൻ ദൈവമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഇവിടിപ്പോ.. ഞാൻ ദേഷ്യത്തോടെ വണ്ടിയും എടുത്ത് പുറത്തേക്കിറങ്ങിയപ്പോൾ ആ പയ്യൻ റോഡിൽ കൂടി നടക്കുന്നത് കണ്ടു. അടുത്തുള്ള കടയിൽ നിന്നും ദോശയും ചമ്മന്തിയും വാങ്ങി അവനു നൽകുമ്പോൾ അവന്റെ കണ്ണിലുണ്ടായ തിളക്കത്തിൽ എനിക്ക് ഒന്ന് മനസ്സിലായി, അവന്റെ ഇപ്പോഴത്തെ ദൈവം ഞാനാണെന്ന്.

തിരക്കിട്ടു വന്നു ഡ്യൂട്ടിയിൽ ജോയിൻ ചെയ്ത് ആശ്രമത്തിലേക്ക് പോകുമ്പോഴേ കണ്ടു വഴിയിൽ മുഴുവൻ തിങ്ങി നിറഞ്ഞ ഭക്തജനങ്ങളെ. അൽപ്പ സമയത്തിനകം തന്നെ മന്ത്രി എത്തിയിരുന്നു. കയ്യിൽ ഒരു മാലയുമായി ദേവിയെ കാത്തു നിൽക്കുന്ന അയ്യാളെ കണ്ടപ്പോൾ തികഞ്ഞ പുച്ഛമാണ് തോന്നിയത്.കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴേക്കും വില കൂടിയ ഒരു കാരവാനിൽ ദേവി എത്തി. അവരുടെ കാലിലേക്ക് നടുവും കുത്തി വീണു നമസ്കരിക്കുന്ന മന്ത്രിയെ കണ്ടപ്പോൾ അറിയാതെ ചിരി പൊട്ടി.

സ്വീകരണവും ദർശനവും ഒക്കെ കഴിഞ്ഞ് ഒരുപാട് താമസിച്ചാണ് അന്ന് തിരിച്ചു വന്നത്. വീട്ടിൽ വന്നാൽ മുഴുവൻ അമ്മയുടെ വക ദേവീമാഹാതമ്യം മാത്രം. സഹികെടുമ്പോൾ അമ്മയെ ഒന്ന് ഉപദേശിച്ചു നോക്കും. അത് അവസാനം വഴക്കിൽ അവസാനിക്കും. ഇതൊക്കെ പതിവായി.അങ്ങനെ ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോഴാണ് ഒരു പെൺകുട്ടി കരഞ്ഞു തളർന്നു ഓടി മുറിയിലേക്ക് കയറി വന്നത്.മുടി ഒക്കെ പാറി പറന്നു കിടപ്പുണ്ട് ഉടുത്തിരിക്കുന്ന വെള്ള സാരി ഒക്കെ അഴുക്ക് പുരണ്ടു ഇരിക്കുകയാണ്. ഞാൻ അവളെ കസേരയിലേക്ക് ഇരുത്തി കുടിക്കാൻ വെള്ളം കൊടുത്തു.

അവൾ ഒന്ന് സമാധാനപ്പെട്ടെന്ന് തോന്നിയപ്പോൾ അവളോട് കാര്യം തിരക്കി. അവൾ ദേവി ഭുവനേശ്വരിയുടെ ആശ്രമത്തിലെ സ്വാമിനിയാണ്. അവിടെ വച്ചു അവളെ ആരോ ഉപദ്രവിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ടു ഓടി വരുന്ന വഴിയാണ്. പിന്നീട് അവളിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. മുകളിൽ നിന്നുള്ള ഉത്തരവും വാങ്ങി ആശ്രമത്തിലേക്ക് പോകുമ്പോൾ അമ്മയെ വിളിച്ചു അവിടേക്ക് വരാൻ ഞാൻ പറഞ്ഞിരുന്നു. അവിടെ എത്തുമ്പോൾ ആൾക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു. എല്ലാവരും ദേവിയുടെ പ്രഭാഷണം കേൾക്കുന്നു. പോലീസുകാരുടെ ഒരു കൂട്ടത്തെ കണ്ടു എല്ലാവരിലും ആകാംഷ നിറഞ്ഞു.

ജനങ്ങളെ എല്ലാം കണ്ട്രോൾ ചെയ്ത് ദേവിയെയും ശിഷ്യരെയും പോലീസ് കൺട്രോളിലാക്കി ഞങ്ങൾ അവിടെ സെർച്ച്‌ തുടങ്ങി. സെർച്ചിൽ ഞെട്ടിക്കുന്ന വിവരങ്ങാളാണ് ഞങ്ങൾക്ക് കിട്ടിയത്. അവയവ കച്ചവടത്തിന്റെയും പെൺവാണിഭത്തിന്റെയും ഭൂമി തട്ടിപ്പിന്റെയും മനുഷ്യ കടത്തിന്റെയും ഒക്കെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. ആ വിവരങ്ങൾ വച്ചു ദേവിയെയും പരിവാരങ്ങളെയും അറസ്റ്റ് ചെയ്യുമ്പോൾ അവിടെ കൂടിയിരുന്നവരിൽ അമ്പരപ്പ് നിറഞ്ഞു. കൂട്ടത്തിൽ നിന്ന അമ്മയെ നോക്കി ഞാൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു.

കുറെ ദിവസത്തേക്ക് മീഡിയ മുഴുവൻ ആൾ ദൈവം ദേവി ഭുവനേശ്വരിമാതയുടെ അറസ്റ്റ് ആഘോഷമാക്കി. ഉന്നതങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ പലരും ശ്രമിച്ചു. പക്ഷെ തെളിവുകൾ സ്ട്രോങ്ങ്‌ ആയതു കൊണ്ടു ആൾ ദൈവം ജയിലിൽ ആയി. എല്ലാം ഒന്ന് ഒതുങ്ങി വീട്ടിലേക്ക് കയറി വന്ന എന്നെ അമ്മ പിണക്കത്തോടെ നോക്കി. എന്താണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഞാൻ ദൈവകോപമാണ് വരുത്തി വച്ചിരിക്കുന്നത് എന്ന്.

ഒന്ന് ചിരിച്ചു കൊണ്ട് അമ്മയുടെ തോളിൽ കയ്യിട്ട് ഞാൻ പറഞ്ഞു, “അമ്മാ അവർ ദൈവമൊ അവതരാമോ ഒന്നുമല്ല.. സാധാരണ ഒരു സ്ത്രീ… ഒരിക്കൽ അവരെ എല്ലാവരും അവതാരമായി കണ്ട് ബഹുമാനിച്ചപ്പോൾ അവർക്ക് അതൊരു ലഹരിയായി. എല്ലാവരും അവരെ ബഹുമാനിക്കുഞ്ഞതും കണക്കില്ലാതെ പണം വന്നതും അവരെ അങ്ങനെ തന്നെ തുടരാൻ പ്രേരിപ്പിച്ചു. അത്രേയുള്ളൂ. പിന്നീട് അവരെ മുൻ നിർത്തി പല മാഫിയകളും വളർന്നു. നിങ്ങളെ പോലെയുള്ള പാവങ്ങൾ അവരുടെ കെണിയിൽ വീണു. അത്രേയുള്ളൂ.. അല്ലാതെ ദൈവം ഒരാൾക്ക് മാത്രമായിട്ട് അവതാരമാക്കാൻ ഉള്ള കഴിവൊന്നും കൊടുക്കില്ല. അങ്ങനെയാണെങ്കിൽ ദൈവം ഒരു പക്ഷേഭേദി ആയുപോകില്ലേ.”

ഞാൻ അകത്തേക്ക് കയറുമ്പോൾ കണ്ടിരുന്നു പൂജമുറിയിൽ നിന്നും ഭുവനേശ്വരി ദേവിയുടെ ഫോട്ടോ എടുത്ത് മുറ്റത്തേക്ക് കളയുന്ന അമ്മയെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *