അമ്മുവിന്റെ പേടിച്ച മുഖം കണ്ടപ്പോൾ ഉണ്ണിക്ക് ചിരി ആണ് വന്നത്.. വണ്ടി മുന്നോട്ട് പോകുമ്പോൾ അമ്മു പുറത്തേക്ക് ചുറ്റും നോക്കി, ശക്തമായ മഴ ആയത് കൊണ്ട്………

പെണ്ണുപിടിയൻ…

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

” നിനക്ക് ആ പെണ്ണു പി ടിയന്റെ ഓട്ടോയെ കിട്ടിയുള്ളോ… “

അമ്മു ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോൾ രാധാമണി അൽപ്പം ഒച്ചത്തിൽ ആണ് ചോദിച്ചത്. അമ്മു പേഴ്സിൽ നിന്ന് പൈസയെടുത്ത് ഉണ്ണിക്ക് കൊടുക്കുമ്പോൾ, ആ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം അവൾക്ക് ഇല്ലായിരുന്നു…

” ന്താ അമ്മേ ഇങ്ങനെ ഒക്കെ ആണോ പറയുന്നത്… അയ്യാൾ കേട്ടു അത്.. “

ഉണ്ണി തിരിച്ചു പോയ ശേഷം അമ്മു അമ്മയോട് അൽപ്പം ദേഷ്യത്തിൽ ആണ് അത് പറഞ്ഞത്..

” പിന്നല്ലാതെ നിനക്ക് വേറെ ആരെയും കിട്ടിയില്ലേ… കല്യാണപ്രായം ആയി നിൽക്കുന്ന പെണ്ണ് ആണ്, നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ അത് മതി… “

രാധാമണി അതും പറഞ്ഞു അകത്തേക്ക് കയറി..

” പിന്നെ ആ പെണ്ണിന്റെ അടുത്ത് പോകാത്ത ഏതേലും ആണുങ്ങൾ ഈ നാട്ടിൽ ഉണ്ടോ… പിന്നെ അന്ന് അങ്ങേര് പോയപ്പോൾ പകൽ മാന്യന്മാർ എല്ലാം കൂടി പൊക്കി പോലീസിനെയും പാത്രക്കാരെയും അറിയിച്ചു…. “

” നീ എന്തിനാ കണ്ടവന്മാർക്ക് വേണ്ടി വാദിക്കുന്നത്.. “

രാധാമണി ദേഷ്യത്തോടെ അമ്മുവിനെ നോക്കിയപ്പോൾ അമ്മു പിന്നെ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി..

അമ്മു സിറ്റിയിൽ ഒരു ഹോസ്പിറ്റലിലെ നേഴ്സ് ആണ്. മിക്കവാറും ഇറങ്ങുമ്പോൾ വൈകും, വീടിന്റെ അടുത്ത് കൂടി പോകുന്ന ലാസ്റ് ബസ്സ് കിട്ടാറില്ല അപ്പൊ എന്നും ആശ്രയം ഓട്ടോ ആണ്..

പതിവുപോലെ ഒരു ദിവസം ഇറങ്ങിയപ്പോൾ ശക്തമായ മഴയാണ്. ഓട്ടോ സ്റ്റാൻഡിലേക്ക് എത്തിയപ്പോൾ ഓട്ടോ ഒന്നുമില്ല അൽപ്പം കഴിഞ്ഞപ്പോൾ ഉണ്ണി വണ്ടിയും ആയി സ്റ്റാൻഡിൽ എത്തി. അമ്മു അതിൽ കയറാൻ മടിച്ചു, അമ്മ പറഞ്ഞത് പോലെ ഇനി അയ്യാൾ എന്തേലും ചെയ്താലോ മഴ ആയത് കൊണ്ട് ഒന്ന് വിളിച്ചാൽ പോലും ആരും കേൾക്കില്ല…

അമ്മു അടുത്ത ഏതേലും വണ്ടി വരുമെന്ന് പ്രതീക്ഷിച്ച് അൽപ്പനേരം കൂടി നിൽക്കാൻ തീരുമാനിച്ചു. മഴ വീണ്ടും ശക്തി പ്രാപിക്കുന്നത് അല്ലാതെ കുറയുന്നില്ല. അവൾ മടിച്ചു മടിച്ചു ഉണ്ണിയുടെ ഓട്ടോയ്ക്ക് അരികിലേക്ക് നടന്നു.

അമ്മു കയറിയപ്പോൾ കാറ്റടിച്ചു നനയാതെ ഇരിക്കാൻ ഉണ്ണി സൈഡിലെ ടർപ്പ വലിച്ചിട്ടു…

” അത് ഇടണ്ട അങ്ങനെ കിടന്നോട്ടെ… “

അമ്മുവിന്റെ ശബ്ദത്തിൽ ചെറിയ വിറയൽ ഉണ്ടായിരുന്നു.

” അത് ഇട്ടില്ലേൽ കാറ്റടിച്ചു മുഴുവൻ നനയും… “

“അത് സാരമില്ല… “

അമ്മുവിന്റെ പേടിച്ച മുഖം കണ്ടപ്പോൾ ഉണ്ണിക്ക് ചിരി ആണ് വന്നത്.. വണ്ടി മുന്നോട്ട് പോകുമ്പോൾ അമ്മു പുറത്തേക്ക് ചുറ്റും നോക്കി, ശക്തമായ മഴ ആയത് കൊണ്ട് റോഡിൽ ഒന്നും ആരുമില്ല. മുന്നോട്ട് ഉള്ള വഴി തന്നെ അവ്യക്തമാണ്

മുന്നോട്ട് ഓടി കൊണ്ടിരുന്ന ഓട്ടോ പെട്ടെന്ന് നിന്നപ്പോൾ അമ്മുവിന്റെ നെഞ്ചൊന്ന് ആളി.. രണ്ട് മൂന്ന് വട്ടം ഉണ്ണി വണ്ടി സ്റ്റാർട്ട്‌ ആക്കാൻ ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട്‌ ആയില്ല, അമ്മുവിൽ ഭയം കൂടി കൂടി വന്നു…

” അതെ വണ്ടി പണി മുടക്കി എന്നാ തോന്നുന്നേ.. ഞാൻ ഒരു കാര്യം ചെയ്യാം വേറെ ഒരു വണ്ടി വിളിച്ചു വിടാം… “

പേടിച്ചു ഓട്ടോയിൽ ഇരിക്കുന്ന അമ്മുവിനോട്‌ ഉണ്ണി പറഞ്ഞു..

” വേണ്ട ഇനി കുറച്ച് ദൂരമല്ലേ ഉള്ളു ഞാൻ നടന്നു പോയ്കോളാം.. “

” എന്നാൽ ഞാനും കൂടെ വരാം..”

” വേണ്ട ഞാൻ തനിച്ചു പോയ്കോളാം… “

അമ്മു വിറയലോടെ പറഞ്ഞ് ഓട്ടോയിൽ നിന്ന് ഇറങ്ങി ..

” ഈ പെരുമഴയിൽ പിന്നെ ഇയ്യാളെ തനിച്ചു വിടാനോ.. “

അത് പറഞ്ഞ് ഓട്ടോയിൽ നിന്ന് കുടയും എടുത്ത് അമ്മുവിനോപ്പം ഉണ്ണിയും നടന്നു.

” ഇയ്യാൾക് ന്താ എന്നെ പേടി ആണോ.. “

” ഏയ്‌ അങ്ങനെ ഒന്നുമില്ല.. “

ആ മഴയിലും അവളുടെ മൂക്കിൻ തുമ്പിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഷാൾ കൊണ്ട് തുടച്ച് അമ്മു ഉണ്ണിയെ നോക്കി..

” ഞാൻ അങ്ങനെ പെണ്ണു പി ടിയൻ ഒന്നുമല്ല, അന്ന് ഒരു പകൽമാന്യന്റെ അടുക്കലേക്ക് അവരെ കൊണ്ട് പോകാൻ ചെന്നത് ആണ്, ചെല്ലുമ്പോൾ വാതിൽ ചാരിയിട്ടെ ഉള്ളു, വിളിച്ചിട്ട് അനക്കമില്ലതൊണ്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി, അപ്പോഴേക്കും നാട്ടുകാർ വീട്‌ വളഞ്ഞു… പിന്നെ അടി ആയി, തെറി ആയി, ചേർത്ത് നിർത്തി ഫോട്ടോ എടുക്കൽ ആയി, പോലീസ് ആയി, കേസ് ആയി… “

ഉണ്ണി അത് പറഞ്ഞപ്പോൾ അമ്മു ഉണ്ണിയുടെ മുഖത്ത് തന്നെ നോക്കി നിൽക്കുക ആയിരുന്നു…

” ന്നാൽ പിന്നെ സത്യം എല്ലാവരോടും പറയാരുന്നില്ലേ.. “

” ഹ.. ഹ…. ആരോട് പറയാൻ, പറഞ്ഞാൽ ആരാ വിശ്വാസിക്കുക,ആദ്യമൊക്കെ എനിക്ക് സമൂഹത്തെ ഫേസ് ചെയ്യാൻ നാണക്കേട് ആയിരുന്നു, പിന്നെ പിന്നെ ശീലമായി ഇപ്പോൾ എന്നെ പെണ്ണു പി ടിയൻ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരി ആണ് വരുന്നത്.. ഇയ്യാൾക് അറിയോ നമ്മുടെ സമൂഹം മറ്റുള്ള വരുടെ ജീവിതത്തിൽ എന്താ നടക്കുന്നത് എന്നും നോക്കി ഇരിക്കുകയാണ്.. എന്തേലും ഒന്ന് കിട്ടിയാൽ അതിന്റ സത്യാവസ്ഥ മനസ്സിലാക്കാൻ പോലും നിൽക്കാതെ അത് നാട്ടിൽ പറഞ്ഞു പരത്തുന്നവർ ആണ് അതികവും… “

ഉണ്ണി പറഞ്ഞു നിർത്തിയപ്പോൾ അമ്മു ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു..

” പിന്നെ സ്വന്തമായി ഒരു ചീത്തപേരൊക്കെ ഉള്ളത് നല്ലതാ, അത് ഉണ്ടേൽ പിന്നെ ആരും ഒരുപാട് കൂട്ടുകൂടി ശല്യം ചെയ്യാൻ വരില്ല, സമൂഹത്തിൽ ആരെയും പേടിക്കാതെ ജീവിക്കാം, ആൾക്കാർ എന്ത് കരുതും എന്ത് പറയും എന്ന ചിന്ത ഇല്ലാതെ എന്തും ചെയ്യാം … “

അത് പറഞ്ഞു നടന്നപ്പോഴേക്കും അമ്മുവിന്റെ വീടിന്റെ അടുത്ത് എത്തി…

” ഇനി ഇയ്യാൾ പൊയ്ക്കോ എന്നെ കണ്ടിട്ട് ഇയ്യാളുടെ അമ്മ ചൂട് ആകണ്ട… “

അത് പറഞ്ഞ് ഉണ്ണി പുഞ്ചിരിയോടെ അവിടെ നിന്നു, അമ്മു ശരി എന്ന് തലയാട്ടി കൊണ്ട് വീട്ടിലേക്ക് നടന്നു.. വീട്ടിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ ഉണ്ണി തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു. ഇരുട്ടിന്റെ മറവിലേക്ക് പോകുന്ന ആ പെണ്ണു പി ടിയനെ നോക്കി അവൾ ഉമ്മറത്ത് തന്നെ നിന്നു….

Related Posts

Leave a Reply

Your email address will not be published. Required fields are marked *